Monday, December 2, 2024
No menu items!
Homeപ്രതികരണംകുരിശുമല കുരിശുവഹിച്ചു കയറേണ്ടതുണ്ടോ?

കുരിശുമല കുരിശുവഹിച്ചു കയറേണ്ടതുണ്ടോ?

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും കാണാം. ഈ രണ്ടു ചിത്രങ്ങളെയും അതിനുള്ള പശ്ചാത്തലത്തെയും വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തുവന്നത്. ദുഃഖവെള്ളി ആചരണങ്ങളെ പരിഹസിക്കുവാനാണ് ചില സഭാവിരോധികള്‍ ഈ ചിത്രങ്ങളെ ഉപയോഗിച്ചത്.

പീഡാനുഭവ വെള്ളിയില്‍ ഈശോമശിഹായുടെ കഷ്ടതകളെ ചിത്രീകരിച്ചുകൊണ്ടു കുറെ പ്രച്ഛന്നവേഷക്കാര്‍ തെരുവുകളില്‍ കുരിശിന്‍റെ വഴികള്‍ നടത്തുന്ന ഒരു വീഡിയോയും ഈ സമയത്ത് ഏറെ പ്രചരിച്ചിരുന്നു. റോമന്‍ പടയാളികളുടെ വേഷഭൂഷാധികള്‍ അണിഞ്ഞവരില്‍നിന്ന് കഠിനമായ പീഡനങ്ങളേറ്റു ചോരയൊലിപ്പിച്ചു നീങ്ങുന്ന ഒരു ക്രിസ്തുവേഷധാരിയുമുണ്ട് ഈ വീഡിയോയില്‍. വാസ്തവത്തില്‍ “പാഷന്‍ ഷോകള്‍” (the passion shows) കേരളത്തില്‍ അത്രമേല്‍ പ്രചാരത്തിലില്ല. എന്നാല്‍ ദുഃഖവെള്ളിയിലെ കുരിശിന്‍റെ വഴിയെ ഏറെ “ഭക്തിസാന്ദ്രമാക്കുവാന്‍” ഇത്തരം ഷോകള്‍ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് കേരളത്തിലുള്ള എല്ലാ പള്ളികളിലും ഇത്തരം ഷോകള്‍ അരങ്ങേറാനുള്ള വലിയ സാധ്യതകളാണു ഇനിയങ്ങോട്ടു കാണുന്നത്. പള്ളികള്‍ ഇതിനു തയ്യാറാകാത്ത സ്ഥലങ്ങളില്‍ പണപ്പിരിവിന്‍റെ സാധ്യതകള്‍ മനസ്സിലാക്കി പ്രാദേശിക ക്ലബ്ബുകള്‍ ക്രിസ്തുമസ് കരോളുകള്‍ പോലെ ഇത്തരം പ്രച്ഛന്നവേഷ കലാപരിപാടികളുമായി സമീപഭാവിയില്‍ രംഗത്തു വരുമെന്നതില്‍ സംശയമില്ല.

പെസഹായും ദുഃഖവെള്ളിയും

ഈശോമശിഹായുടെ മനുഷ്യാവതാര കാലത്തിന്‍റെ അവസാന ആഴ്ചയായ പീഡാനുഭവവാരം സംഘര്‍ഷഭരിതവും വേദനാജനകവുമായിരുന്നു. മനുഷ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവങ്ങളാണ് പെസഹാദിനത്തെ തുടര്‍ന്ന് അരങ്ങേറിയത്. എന്നാല്‍ ഈ ദിനങ്ങളുടെ കച്ചവടമൂല്യം തിരിച്ചറിഞ്ഞുകൊണ്ട്, മനുഷ്യനെ ഏറെ വൈകാരികമായി ചലിപ്പിക്കാനും അതിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കാനും പല സിനിമാനിര്‍മ്മാതാക്കളും രംഗത്തുവന്നു. ”പാഷന്‍ ഓഫ് ദ ക്രൈസ്റ്റു” പോലെ വലിയ സാമ്പത്തികനേട്ടം കൊയ്ത സിനിമകളെല്ലാം ക്രിസ്തുവന്‍റെ ശാരീരിക പീഡനങ്ങളെ വിറ്റ് പണമാക്കുകയായിരുന്നു.

പീഡാനുഭവ വാരത്തില്‍ നിരവധി സംഭവങ്ങള്‍ ഈശോമശിഹായുടെ ജീവിതത്തില്‍ ഉണ്ടായെങ്കിലും പെസഹായിലെ തിരുവത്താഴ ശുശ്രൂഷയെ മാത്രം അനുകരിക്കാനാണ് ഈശോമശിഹാ ആവശ്യപ്പെട്ടത്. “എൻ്റെറ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍ (ലൂക്ക 22: 19). അതിനാല്‍ അന്തിമപെസഹായെ അതിപരിശുദ്ധമായ വിധത്തില്‍ അപ്രകാരം തന്നെ ആചരിക്കുവാനാണ് പൗലോസ് സ്ലീഹായും സഭയെ പഠിപ്പിച്ചത് (1 കൊരി 11:23 -32). ഈ കല്‍പ്പന ഏറ്റവും പരിപാവനതയോടെ അപ്പസ്തൊലിക സഭ കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളായി അവിരാമം ആചരിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ പെസഹായ്ക്കു ശേഷം സംഭവിച്ചതൊന്നും അപ്രകാരം അനുകരിക്കാന്‍ ഈശോ ആവശ്യപ്പെടുന്നില്ല. ഇത് ഈശോമശിഹായ്ക്ക് മാത്രം ചെയ്യുവാനുള്ളതും ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതുമാണ്. രാഷ്ട്രീയ, മത വിചാരണകൾ നേരിട്ട ദിവ്യരക്ഷകന്‍, വിധിയുടെ ഭാഗമായി കുരിശുചുമന്നു ഗാഗുല്‍ത്തായിലേക്ക് പോയതും അവിടെ ക്രൂശിക്കപ്പെട്ടതും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുമെല്ലാം തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസസമൂഹത്തിൻ്റെ ഓര്‍മ്മയാചരണങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതാണ്.

കാല്‍വരിയില്‍ സംഭവിച്ചത് രക്തം ചൊരിഞ്ഞുള്ള ബലിയര്‍പ്പണമായിരുന്നു. ദൈവത്തിന്‍റെ കുഞ്ഞാടായ ഈശോമശിഹാ മാനവകുലത്തിനു മുഴുവനുംവേണ്ടി സ്വയം ബലിവസ്തുവും പുരോഹിതനുമായി. ദൈവത്തിന്‍റെ കുഞ്ഞാടായവന്‍ കാല്‍വരിയില്‍ യാഗമാക്കപ്പെട്ടത് ഭൂമിയില്‍ ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധത്തിലാണ്. മനുഷ്യവംശത്തിനുവേണ്ടി എന്നെന്നേക്കുമായി ഏകയാഗമാണ് കാല്‍വരിയല്‍ അര്‍പ്പിക്കപ്പെട്ടത്. പാപമോചനത്തിനായി രക്തംചൊരിഞ്ഞുകൊണ്ട് ഇനിയൊരു ബലിയും അവശേഷിക്കുന്നില്ല. ക്രിസ്തുവിന്‍റെ പീഡനങ്ങളും കാല്‍വരിയും എന്നെന്നേക്കുമായി, ഒരിക്കലായി അര്‍പ്പിക്കപ്പെട്ടതാണ്, അത് പൂര്‍ണ്ണമാണ് (ഹെബ്രാ 7:27), അത് വേദനാജനകമാണ്, രക്തമയമാണ്.

ഈശോമശിഹാ തന്‍റെ ശിഷ്യന്മാരോടൊത്ത് ആചരിച്ച അന്തിമ പെസഹാ കാല്‍വരി യാഗത്തിന്‍റെ നിഴലില്‍ സംഭവിച്ചതും രക്തരഹിതവുമായ ബലിര്‍പ്പണമായിരുന്നു. സഭയുടെ ഭാഗമായ വിശ്വാസികൾ നിത്യരക്ഷയുടെ മഹത്വം മറക്കാതിരിക്കാന്‍ സഭയില്‍ ഇത് എന്നെന്നും ആചരിക്കുവാനാണ് ഈശോമശിഹാ കല്‍പ്പിച്ചത്. താന്‍ കടന്നുപോയ രക്ഷാകരസംഭവങ്ങള്‍ സഭയില്‍ നിരന്തരം ഓര്‍മ്മിക്കപ്പെടുന്നതോടൊപ്പം ജനകോടികളിലേക്ക് തന്‍റെ ശരീര-രക്തങ്ങളിലൂടെ നിത്യജീവന്‍ പകരപ്പെടുന്നതിനും വേണ്ടിയാണ് രക്തരഹിത യാഗമായ പെസഹാ ആചരണത്തെ അപ്രകാരം തന്നെ അനുകരിക്കാനും ആവര്‍ത്തിക്കുവാനും ഈശോമശിഹാ ആവശ്യപ്പെട്ടത്. രക്തരൂക്ഷിതമായ കാല്‍വരിയുടെ രക്തരഹിതമായ നിഴലായിരുന്ന പെസഹായാചരണം ഈശോമശിഹായുടെ രണ്ടാമത്തെ ആഗമനം വരെ സഭ അപ്രകാരംതന്നെ തുടരുകയും ചെയ്യും.

കാല്‍വരിക്കു ശേഷം എന്താണ് സംഭവിക്കേണ്ടത് എന്ന് പത്രോസ് സ്ലീഹാ എഴുതുന്നു: “നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്” (1 പത്രോസ് 2:24). ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ദിനംതോറും പാപത്തിന് മരിക്കുകയും നീതിക്കായി ജീവിക്കുകയും ചെയ്യുമ്പോഴാണ് ക്രിസ്തു കുരിശിലേറിയതിന്‍റെ പ്രായോഗികത ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ നിറവേറുന്നത്. ദുഃഖവെള്ളിയാഴ്ച അനുസ്മരണത്തിലൂടെ പാപത്തിനു മരിക്കേണ്ടതിന്‍റെയും നീതിക്കു ജീവിക്കേണ്ടതിന്‍റെയും ഓര്‍മ്മപുതുക്കലാണ് സംഭവിക്കേണ്ടത്.

മുഴുവന്‍ മനുഷ്യവംശത്തിനുവേണ്ടി സമാതനകളില്ലാത്ത പീഡനങ്ങളിലൂടെയാണ് ഈശോമശിഹാ കടന്നുപോയത്. മനുഷ്യമനസ്സിനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം വേദനാജനകമായിരുന്നു അവിടുന്നു നേരിട്ട പീഡനങ്ങള്‍. ദൈവപുത്രന്‍റെ ദുഃഖവെള്ളിയെ പ്രച്ഛന്നവേഷങ്ങളിലൂടെ അനുകരിക്കുന്നവര്‍ അതിന്‍റെ തീവ്രത ലഘൂകരിക്കുകയാണ് ചെയ്യുന്നത്. ദുഃഖവെള്ളിയെ അനുകരിച്ചുകൊണ്ട് റോമന്‍ പടയാളികളുടെ വേഷംകെട്ടിയ കുറേപ്പേര്‍ ഒരു ക്രിസ്തുവേഷധാരിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും അഭിനയിച്ചുകൊണ്ട് തെരുവുകളെ സ്തംഭിപ്പിച്ചു നീങ്ങുന്നത് ക്രിസ്തുസംഭവങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്. ഇതൊന്നും ഒരിക്കലും ദൈവവചനത്തിലെ വ്യവസ്ഥകളോടു ചേര്‍ന്നു പോകുന്നില്ല.

കുരിശുമല കുരിശുവഹിച്ചു കയറേണ്ടതുണ്ടോ?

ഭാരമുള്ള കുരിശു വഹിച്ചുകൊണ്ട് ഒറ്റയ്ക്കും കൂട്ടായും വ്യക്തികള്‍ മലകയറുന്നതിലൂടെ എന്ത് ആത്മീയ നേട്ടമാണ് ഉണ്ടാകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കണം. കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല. ഭാരമുള്ള കുരിശും വഹിച്ചുകൊണ്ട് മലമുകളിലെത്തുമ്പോള്‍ അനുഭവപ്പെടുന്ന ശാരീരിക വിവശതകള്‍ക്കനുസരിച്ച് ആത്മീയഫലങ്ങളും വര്‍ദ്ധിക്കുമെന്നോ അനുഗ്രങ്ങള്‍ ലഭിക്കുമെന്നോ ഉള്ളതെല്ലാം തിരുത്തേണ്ട ധാരണകളാണ്. ദിവസങ്ങളോളം കാല്‍നടയായി തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്രചെയ്ത് ആത്മീയാനുഗ്രങ്ങള്‍ കരസ്ഥമാക്കാമെന്ന ചിലരുടെ ചിന്തകള്‍ ക്രൈസ്തവികതയുടെ ഭാഗമല്ല.

സ്വന്തശരീരത്തെ ദണ്ഡിപ്പിച്ചുകൊണ്ട് ആത്മീയാനുഭവങ്ങള്‍ സ്വായത്തമാക്കാമെന്നുള്ളത് പ്രാകൃതമതങ്ങളില്‍ കാണപ്പെടുന്ന ആചാരമാണ്. ഇത്തരം ആചാരങ്ങളെ സഭയിലേക്ക് വലിച്ചുകൊണ്ടുവരുന്ന ചില ക്രൈസ്തവ വിശ്വാസികളുടെ പരിശ്രമങ്ങളെ സഭാനേതൃത്വം ഇടപെട്ട് തടയേണ്ടതുണ്ട്. “ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ” (എഫേ 5:29). ക്രിസ്തുവിന്‍റെ ആലയമായി വചനം വ്യക്തത വരുത്തിയിരിക്കുന്ന വിശ്വാസിയുടെ ശീരരത്തെ നശിപ്പിക്കുന്നതും ദണ്ഡിപ്പിക്കുന്നതുമായ ഇത്തരം ഭക്തിപ്രകടനങ്ങള്‍ സഭയുടെ ‘മനുഷ്യനെ’ക്കുറിച്ചുള്ള പഠിപ്പിക്കലുകള്‍ക്ക് എതിരാണ് (സിസിസി 358). തീവ്രമായ ഭക്തിയുടെ പേരില്‍ ആത്മനിന്ദയും ആത്മപീഡനവും (കൊളോ 2:23) നടത്തുന്ന ഭക്തിയഭ്യാസങ്ങള്‍ നിരുത്സാഹപ്പെടുത്തുകയും തടയുകയും ചെയ്യേണ്ടതുണ്ട്

ഈ ഭൂമിയില്‍ മനുഷ്യന് അനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആത്മീയാനുഭവമാണ് വിശുദ്ധകുര്‍ബാന. ഈ ഭൂപ്പരപ്പില്‍ നമുക്കു പ്രതീക്ഷിക്കാന്‍ കഴിയുന്ന ആത്മീയാനുഗ്രഹത്തിന്‍റെയും ആത്മീയാനുഭവത്തിന്‍റെയും പരകോടിയിലാണ് ദിവ്യബലിയുടെ സ്ഥാനം. തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കു പ്രത്യേകിച്ച് കാല്‍നടയായി യാത്രചെയ്താല്‍ വലിയ പുണ്യങ്ങള്‍ നേടാമെന്നു ചിലര്‍ കരുതുന്നതു വലിയ അജ്ഞതയാണ്. തൊട്ടടുത്തുള്ള ദേവാലയത്തിലേക്ക് വിശുദ്ധ കുര്‍ബായനക്ക് സഞ്ചരിക്കുന്നതിനേക്കാള്‍ വലിയ പുണ്യമൊന്നും ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലും ലഭിക്കുമെന്നു കരുതാനാവില്ല. വലിയ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ധ്യാനകേന്ദ്രങ്ങളിലേക്കും ഓടേണ്ടതില്ല, വിശുദ്ധ കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ഈശോമശിഹായുടെ ശരീരവും രക്തവുമായി മാറുന്നതിനേക്കാള്‍ വലിയൊരത്ഭുതവും നമുക്കെവിടെയും പ്രതീക്ഷിക്കാനില്ല.

വിശ്വാസികള്‍ കാണിച്ചുകൂട്ടുന്ന അജ്ഞതയ്ക്ക് കൂട്ടുനില്‍ക്കാതെ ഇത്തരം ദുഷ്പ്രവണതകള്‍ വളര്‍ന്നു പ്രബലപ്പെടും മുമ്പുതന്നെ അവയെ തിരുത്തുവാന്‍ സഭാനേതൃത്വം തയ്യാറാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments