ബൈബിള്‍ വചനങ്ങള്‍ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് കേരളത്തില്‍ നിന്നും മൂവ്വായിരം മുതല്‍ അയ്യായിരം കത്തോലിക്കാ കുടുംബങ്ങളെ സ്വാധീനിച്ച് തങ്ങളുടെ സംഘത്തില്‍ ചേര്‍ത്ത് വഴിയാധാരമാക്കിക്കൊണ്ട് ‘എംപറര്‍ ഇമ്മാനുവേല്‍’ എന്ന കള്‍ട്ട് പ്രസ്ഥാനം തഴച്ചു വളരുന്നു. ഈ അന്ത്യകാല ദുരുപദേശക സംഘത്തിനെതിരേ കാര്യമായി പ്രതിരോധം തീര്‍ക്കാനാവാതെ കത്തോലിക്കാ സഭ തളരുന്ന കാഴ്ചയാണ് കാണുന്നത്. കത്തോലിക്കാ സഭയിൽ വൈദികരുടെയും കന്യാസ്ത്രീകളുടെയും പേരിലുള്ള ലൈംഗിക വിഷയങ്ങളിലെയും അതിരൂപതയുടെ സ്വത്ത് തര്‍ക്കത്തിന്‍റെയും പേരില്‍ വിഭാഗീയത വര്‍ദ്ധിക്കുന്തോറും എംപറര്‍ ഇമ്മാനുവേല്‍ കള്‍ട്ട് ഗ്രൂപ്പ് അതിനെയെല്ലാം തങ്ങളുടെ പ്രചാരത്തിനും അതിലൂടെ കത്തോലിക്കാ സഭയിലെ അംഗങ്ങളെ തങ്ങളുടെ കൂടെ കൂട്ടുന്നതിനും ഉപയോഗിക്കുന്നു.
എംപറർ ഇമ്മാനുവേൽ സംഘം തങ്ങളുടെ കള്‍ട്ട് സ്വഭാവം മറച്ചു വയ്ക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടും സുവിശേഷ കണ്‍വന്‍ഷനുകള്‍ പ്രമുഖ നഗരങ്ങളില്‍ സംഘടിപ്പിച്ചും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഒരുകാലത്ത് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്‍ററില്‍ പ്രസംഗകായിരുന്ന ജോസഫ് പൊന്നാറ എന്ന ഇടുക്കി സ്വദേശിയായ ചിത്രകലാ അധ്യാപകനാണ് എംപറര്‍ ഇമ്മാനുവേല്‍ ദുരുപദേശക സംഘത്തിന്‍റെ സ്ഥാപകന്‍. തമിഴ്നാട്ടിലുള്ള മറ്റൊരു ദുരുപദേശക സംഘത്തോടൊപ്പം ചേര്‍ന്ന് അവരുടെ പഠിപ്പിക്കലുകളില്‍ ആകൃഷ്ടനായാണ് ജോസഫ് പൊന്നാറയ്ക്ക് “എംപറര്‍ ഇമ്മാനുവേല്‍ ” എന്ന ഗ്രൂപ്പ് സ്ഥാപിക്കാനുള്ള ആശയം ലഭിക്കുന്നത്.
അദ്ദേഹത്തോടു കൂടെ, കത്തോലിക്കാ സഭയില്‍നിന്ന് പല കാരണങ്ങളാൽ പുറത്താക്കപ്പെട്ട ചില വൈദികരും ചേര്‍ന്നു.
ബൈബിള്‍ വചനങ്ങള്‍ വളച്ചൊടിച്ചുകൊണ്ട് ഇവര്‍ തങ്ങളുടെ ഭ്രാന്തൻ ആശയങ്ങൾ സ്ഥാപിക്കുകയും ബൈബിള്‍ വചനങ്ങളില്‍ യാതൊരു അറിവുമില്ലാത്ത കത്തോലിക്കാ വിശ്വാസികളെ എളുപ്പം ഈ ചതിക്കുഴികളില്‍ വീഴ്ത്തുകയും ചെയ്യുന്നു. ഇവർ വിശ്വസിക്കുന്ന ഒരു “ഇമ്മാനുവേല്‍” ഉടന്‍ വെളിപ്പെടുന്നതാകയാല്‍ ഇനി സ്വത്ത് ആവശ്യമില്ലെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നു. അതിനാല്‍ വിശ്വാസികള്‍ സ്വത്ത് വിറ്റ് തൃശ്ശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള മൂരിയാട്ടെ ഓഫീസിന് കൈമാറുന്നു. ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇവര്‍ക്ക് ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. മൂരിയാട്ട് എംപറര്‍ ഇമ്മാനുവേല്‍ ആസ്ഥാനത്തോടു ചുറ്റുമുള്ള പ്രദേശങ്ങള്‍ വിലയ്ക്ക് വാങ്ങി അവിടെ വീടുകള്‍ “സീയോന്‍ കോളനികള്‍” എന്ന പേരില്‍ നിര്‍മിച്ച് തങ്ങളുടെ കൂടെ വന്നിരിക്കുന്നവര്‍ക്ക് താമസിക്കാന്‍ ഇടം ഒരുക്കുന്നു. ഇങ്ങനെ സ്വത്ത് വിറ്റ് ദൂരെസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ ഇവിടെ പണിതിട്ടിരിക്കുന്ന വീടുകള്‍ വാങ്ങി താമസിക്കുന്നു.
വിദേശങ്ങളില്‍നിന്ന് നിരവധി പേര്‍ ജോലിയെല്ലാം ഉപേക്ഷിച്ചാണ് ഈ സംഘത്തോടു ചേര്‍ന്നിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഇവരുടെ കോര്‍ഡിനേറ്റര്‍മാര്‍ ആളുകളെ സംഘത്തില്‍ ചേര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകാവസാനം അടുത്തുവെന്നും യേശുക്രിസ്തു ഭൂമിയില്‍ ഇമ്മാനുവേല്‍ എന്ന പേരില്‍ വീണ്ടും ജനിച്ചിരിക്കുന്നുവെന്നും ഉടനെ പ്രത്യക്ഷപ്പെടുമെന്നും ഈ ദുരപദേശക സംഘം പഠിപ്പിക്കുന്നു. ഇമ്മാനുവേല്‍ പരസ്യമായി വെളിപ്പടുമ്പോള്‍ മൂരിയാട്ട് സീയോന്‍ സംഘത്തോടുകൂടെ ചേര്‍ന്നു നില്‍ക്കാത്ത സകലരെയും നശിപ്പിക്കുമെന്നും ഉപദേശിക്കുന്നു. ഈ ഭയമാണ് പലരും ഇവരുടെ കൂടെ കൂടാൻ കാരണം.
ദൈവം ആദ്യം പിശാചിനെ സൃഷ്ടിച്ചുവെന്നും പിന്നെ മറിയത്തെ ‘ജ്ഞാനം’ എന്ന പേരില്‍ സൃഷ്ടിച്ചുവെന്നും മറിയത്തില്‍ നിന്ന് ഇമ്മാനുവേല്‍ ജനിച്ചുവെന്നും ഇവര്‍ പഠിപ്പിക്കുന്നു. ദൈവം മനുഷ്യനെപ്പോലെ കാണപ്പെടുന്നവനാണ് എന്നാണ് ഇവരുടെ വാദം. പരിശുദ്ധാത്മാവ് മല്‍ക്കിസദേക്കാണത്രെ. ജോസഫ് പൊന്നാറ എഴുതിയുണ്ടാക്കിയ സ്വന്തമായ പ്രാര്‍ത്ഥനയും വിശ്വാസപ്രമാണവും കൊന്തനമസ്കാരത്തിനുള്ള രഹസ്യങ്ങളും ലുത്തിനിയയും പാട്ടുകളും കുര്‍ബാനരീതിയും ആണ് ഇവർക്ക് ഉള്ളത്.
കേരളത്തിലുള്ള എല്ലാ കരിസ്മാറ്റിക് ധ്യാനങ്ങളെയും പോലെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന താമസിച്ചുള്ള കരിസ്മാറ്റിക് ധ്യാനം എന്ന പേരിലാണ് തുടക്കം. കരിസ്മാറ്റിക് ധ്യാനം എന്ന ചിന്തയിലാണ് കത്തോലിക്കാ വിശ്വാസികള്‍ ഇവരുടെ വലയില്‍ ആദ്യമെ കുരുങ്ങുന്നത്. ഈ ധ്യാനം കഴിയുന്നതോടെ സീയോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘത്തോട് താല്‍പര്യം വര്‍ദ്ധിക്കുന്നു. രണ്ടും മൂന്നും ധ്യാനങ്ങള്‍ കൂടി കൂടുന്നതോടെ പൂര്‍ണ്ണമായും ഇവരുടെ അടിമയാകുന്നു.
ഈ സംഘത്തില്‍ ചേരുന്നതോടെ വീടും സ്വത്തും എല്ലാം വിറ്റ് ഇവരുടെ ആസ്ഥാനമായ മൂരിയാട്ട് സീയോന്‍ കോളനിയില്‍ താമസിക്കുവാനുള്ള പ്രേരണ ശക്തമാകും. ഇങ്ങനെ മൂരിയാട്ട് താമസം തുടങ്ങിയാല്‍ പിന്നെ രക്ഷപ്പെടല്‍ അസാധ്യമാകും. അഥവാ പുറത്തു പോയാല്‍ തന്നെ മുഴുവന്‍ സ്വത്തും സമ്പാദ്യവും നഷ്ടപ്പെട്ടിരിക്കും. സമ്പത്ത് നഷ്ടമായിട്ടും പുറത്തു പോയവരും സമ്പത്ത് നഷ്ടപ്പെട്ടതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്തവരും ഉണ്ട്.
കേരളത്തിലും കേരളത്തിനു പുറത്തും ഇന്ത്യയ്ക്ക് വെളിയിലുമുള്ള നൂറുകണക്കിന് കത്തോലിക്കാ കുടുംബങ്ങളെയാണ് ഇവര്‍ അന്ത്യകാലസംഭവങ്ങളുടെ പേരുപറഞ്ഞ് വളഞ്ഞുപിടിച്ചിരിക്കുന്നത്. കരിസ്മാറ്റിക് ധ്യാനങ്ങളുടെ സ്വാധീനശക്തിയില്‍ പെട്ടവരും ദൈവവചനത്തിന്‍റെ അടിസ്ഥാനപരമായ ഉപദേശങ്ങളെക്കുറിച്ചു യാതൊരു അറിവില്ലാത്തവരുമായ വ്യക്തികളെ നോട്ടമിട്ടാണ് എംപറര്‍ ഗ്രൂപ്പുകള്‍ വലവീശുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് ആദ്യമായി വരുന്ന കത്തോലിക്കാ വിശ്വാസിയെ പെട്ടെന്നു വളയ്ക്കുവാന്‍ കഴിയുന്ന വിധത്തില്‍ യേശുക്രിസ്തുവിന്‍റെയും മറിയത്തിന്‍റെയും ചിത്രങ്ങളും കത്തോലിക്കാ ദേവാലയങ്ങളുടെ മദ്ബഹയും ധ്യാനകേന്ദ്രങ്ങളുടെ പശ്ചാത്തലവുമെല്ലാം വിദഗ്ധമായി രൂപപ്പെടുത്തിയാണ് ഇവര്‍ ജനങ്ങളെ സ്വാധീനിക്കുന്നത്. പി.ഒ.സി ബൈബിളും വൈദികരും കുര്‍ബാനയും കൊന്തനമസ്കാരവും എല്ലാം ഒരു കത്തോലിക്കനെ എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. ഈ സ്വാധീനവലയത്തില്‍ അകപ്പെട്ടാല്‍ പിന്നെ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
കത്തോലിക്കാ സഭാ നേതൃത്വത്തിന് ഈ സംഘത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലും അവര്‍ അപകടകരമായ നിശ്ശബ്ദതയാണ് ഇപ്പോള്‍ പുലര്‍ത്തിപ്പോരുന്നത്. കുറെ നാളുകള്‍ക്ക് മുമ്പ് കത്തോലിക്കാ സഭ ഇവര്‍ക്കെതിരേ ചില പ്രചാരണങ്ങള്‍ ഇടവക തലത്തില്‍ നടത്തിയിരുന്നുവെങ്കിലും പിന്നീട് നിശ്ശബ്ദമാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സംഘത്തെക്കുറിച്ച് അറിവില്ലാത്ത ആയിരക്കണക്കിന് കത്തോലിക്കാ സഭാംഗങ്ങള്‍ ആണ് ഇവരുടെ വലയില്‍ വീണിരിക്കുന്നത്.
എംപറര്‍ ഇമ്മാനുവേലില്‍ ചേര്‍ന്നതിലൂടെ കുടുംബജീവിതം തകരുന്നവരുടെ കഥകള്‍ നിരവധിയാണ്. ഭാര്യയ്ക്കോ ഭര്‍ത്താവിനോ ഈ സംഘത്തോട് ആകര്‍ഷണം തോന്നുകയും പങ്കാളി അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്താല്‍ കുടുംബന്ധം ഉപേക്ഷിച്ചുപോലും ഈ സംഘത്തില്‍ ചേരുവാനുള്ള താല്‍പര്യമാണ് ഇവരുടെ സ്വാധീനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക്. അത്രമേല്‍ ദുരുപദേശ ആശയങ്ങള്‍ വ്യക്തികളെ സ്വാധീനിക്കുന്നു.
സ്ഥാപകനായ ജോസഫ് പൊന്നാറ 2017ല്‍ മരിച്ചപ്പോള്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വലിയ വിശ്വാസമായിരുന്നു ഇതിലെ അംഗങ്ങള്‍ക്ക്. എന്നാല്‍ അയാള്‍ ഉയിര്‍ക്കാതായതോടെ അങ്കലാപ്പിലായ വിശ്വാസികളെ ആശ്വസിപ്പിക്കാന്‍ അയാള്‍ ഉയിര്‍ത്തെഴുന്നേറ്റ്, ഏശയ്യാവായി ഇപ്പോള്‍ രഹസ്യമായി ജീവിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്നുണ്ട്. ഇമ്മാനുവേലും മറിയവും മോശയും ഏശയ്യാവും സ്നാപക യോഹന്നാനും എല്ലാം ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്നും ഉടനെ പരസ്യമായി പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവര്‍ പറയുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ ജനുവരി മാസം നടത്തുന്ന ‘കൂടാരത്തിരുന്നാൾ’ ഉല്‍സവത്തിന് വിദേശങ്ങളിൽ നിന്നടക്കമുള്ള ഇവരുടെ അണികളെല്ലാം ഒത്തുചേരും. മറിയത്തിന്‍റെ ജന്മദിനം ‘കുലീനത്തിരുനാള്‍’ എന്ന പേരിലും ഉത്സവം നടക്കാറുണ്ട്. കോവിഡ് രോഗത്താല്‍ ലോകത്ത് ജനങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗം മരിച്ചുപോകുമെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മൂരിയാട്ട് സീയോനിലുള്ളവർ മാത്രം ഒടുവിൽ അവശേഷിക്കുമെന്നാണ് വിശ്വാസം.
ഇവരുടെ സ്വാധിനത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ സംഘടിതമായി ഇപ്പോള്‍, ഇവരാല്‍ സ്വാധീനിക്കുന്നവരെ പിന്മാറ്റുവാന്‍ ശ്രമിക്കുന്നുണ്ട്. ഭീഷണിയും ദുരാരോപണങ്ങളും ഉയര്‍ത്തി അവരെയെല്ലാം നിശ്ശബ്ദരാക്കുവാന്‍ കിങ്കരന്മാര്‍ എല്ലായിടങ്ങളിലുമുണ്ട്. ഇവര്‍ക്കെതിരേ നിരവധി പേര്‍ പത്രമാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും പ്രതികരിച്ചിട്ടും സംഘം ദിനംതോറും വളരുകയാണ്. കത്തോലിക്കാ സഭാ നേതൃത്വത്തിന്‍റെ നിശ്ശബ്ദതയില്‍, അവരുടെ പിന്തുണ ഉണ്ട് എന്ന തോന്നലാണ് പൊതുവില്‍ ഉയരുന്നത്. കത്തോലിക്കാ സഭ ധ്യാനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ധ്യാനത്തോടുള്ള ജനങ്ങളുടെ താല്‍പര്യത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ് എംപറര്‍ ഇമ്മാനുവേല്‍ പോലുള്ള സംഘങ്ങള്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ വളരാന്‍ കാരണമാകുന്നത്.
അയ്യായിരത്തിനടുത്ത് കുടുംബങ്ങളില്‍നിന്നുമായി 25,000 ല്‍ ഏറെ ആളുകള്‍ ഈ സംഘത്തോടു ചേര്‍ന്നിട്ടും “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന ഭാവത്തിലാണ് കത്തോലിക്കാ സഭാ നേതൃത്വം. പുരോഹിതന്മാരുടെയും സന്യസിനികളുടെയും പേരിലുള്ള ആരോപണങ്ങള്‍ രംഗം കൊഴുപ്പിച്ചു നിൽക്കുന്നതിനാല്‍ ഇത്തരം പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ സഭയ്ക്ക് കഴിയാതെ തളര്‍ന്നിരിക്കുകയാണ് എന്നു വേണം കരുതാന്‍.
എംപറര്‍ ഇമ്മാനുവേല്‍ എന്തുകൊണ്ട് കത്തോലിക്കരേ ഇത്രമേല്‍ സ്വാധീനിക്കുന്നു? അടുത്ത ലേഖനത്തില്‍ വായിക്കുക.