Saturday, July 27, 2024
No menu items!
Homeപ്രതികരണംഎംപറര്‍ ഇമ്മാനുവേല്‍ എന്ന കുടുംബം കലക്കികള്‍ (ഭാഗം 3)

എംപറര്‍ ഇമ്മാനുവേല്‍ എന്ന കുടുംബം കലക്കികള്‍ (ഭാഗം 3)

എംപറര്‍ ഇമ്മാനുവേല്‍ സംഘത്തെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം – കുടുംബം കലക്കികള്‍. ദൈവം യോജിപ്പിച്ച കുടുംബബന്ധത്തെ മനുഷ്യന്‍ വേര്‍പെടുത്തരുത് എന്നതാണ് വിശുദ്ധ പ്രമാണം. എന്നാല്‍, എംപററില്‍ ചേരുവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ചാല്‍ പിന്നെ അവര്‍ക്ക് കുടുംബം വേണ്ട. ഭാര്യയെ ഉപേക്ഷിച്ചും ഭര്‍ത്താവിനെ ഉപേക്ഷിച്ചും മക്കളെ ഉപേക്ഷിച്ചുമായി നിരവധിപേരാണ് ഈ കള്‍ട്ട് സംഘത്തില്‍ ചേര്‍ന്നിരിക്കുന്നത്. പങ്കാളികള്‍ ഒരാള്‍ മാത്രമേ ഇവരോടു ആഭിമുഖ്യം കാണിക്കുന്നുള്ളൂ എങ്കില്‍ ആ കുടുംബത്തിന്‍റെ കാര്യം അതീവ ദയനീയമാണ്. കുടുംബവഴക്കും അടിപിടിയും നിത്യസംഭവമാണ്. പങ്കാളിയെ ഉപദേശിച്ചു നോക്കുന്നു, ഭയപ്പെടുത്തി നോക്കുന്നു, ഉപദ്രവിച്ചു നോക്കുന്നു, ശപിച്ചു നോക്കുന്നു. ഒടുവില്‍ വീടുവിട്ട് ഇറങ്ങുന്നു. ഇങ്ങനെ പല ഘട്ടങ്ങളായി പല മുറകള്‍ പ്രയോഗിച്ചാണ് എംപറര്‍ ഇമ്മാനുവേല്‍ എന്ന സാമ്രാജ്യം വളര്‍ത്തിയത്.

വാസ്തവത്തില്‍ അനേകായിരം കുടുംബങ്ങളുടെ കണ്ണീരിലാണ് ഈ കള്‍ട്ട് പ്രസ്ഥാനം വളര്‍ന്നിരിക്കുന്നത്. തങ്ങളുടെ സംഘത്തിലുള്ളവരേ മാത്രമേ സ്നേഹിക്കാന്‍ പാടുള്ളൂ എന്നതാണ് ഉപദേശം. ഇതിനു വെളിയിലുള്ളത് ഭര്‍ത്താവോ ഭാര്യയോ മക്കളോ ആണെങ്കില്‍ പോലും അവരെ “സാത്താന്‍റെ ആള്‍” എന്ന് കണ്ട് വെറുക്കണം എന്ന ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബ ബന്ധങ്ങള്‍ വേര്‍പിരിയുന്നത്.

ജോസ്മി എന്ന വീട്ടമ്മ (ഇവരുടെ യഥാര്‍ത്ഥ പേരല്ല). പാരമ്പര്യ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച് നല്ല വിദ്യാഭ്യാസം നേടി വിദേശത്ത് ജോലി ചെയ്തിരിക്കുമ്പോള്‍ വിവാഹം. ഭര്‍ത്താവ് വിദേശത്ത് എന്‍ജിനീയര്‍. വിവാഹശേഷം മൂന്നാമത്തെ കുട്ടി ഉണ്ടായതോടെ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലം അവര്‍ കേരളത്തിലേക്ക് താമസം മാറ്റി, ഭര്‍ത്താവ് വിദേശത്ത് തുടര്‍ന്നു. അസുഖം മാറാനായി ചികിത്സയോടൊപ്പം കരിസ്മാറ്റിക് ധ്യാനത്തിലും പങ്കെടുത്തു. രോഗം മാറാന്‍ മറ്റൊരു ധ്യാനകേന്ദ്രം ഉണ്ടെന്നു പറഞ്ഞ് അവിടെയും ധ്യാനം കൂടി, അത് എംപററിലെ ധ്യാനമായിരുന്നു. രോഗം മാറിയില്ലെങ്കിലും മനസ്സ് മാറി. വീണ്ടും ഏതാനും ധ്യാനം കൂടി, ധ്യാനത്തിന് അടിമയായി, ഭര്‍ത്താവിനെ പുതിയ ധ്യാനകേന്ദ്രത്തെയും അവിടുത്തെ പഠിപ്പിക്കലുകളെയും അറിയിച്ചു. ജോലി രാജിവച്ച് വരുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം കൂട്ടാക്കിയില്ല. കുട്ടികളെ ഭര്‍ത്താവിന്‍റെ കുടുംബത്തെ ഏല്‍പ്പിച്ച് എംപറര്‍ സംഘത്തില്‍ ചേര്‍ന്നു. അപൂര്‍വ്വമായി കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇവരുടെ കൂട്ടത്തില്‍ ചേരുന്നു. ഇതു പോലെ കുടുംബബന്ധത്തിന് കനത്ത ക്ഷതം ഏല്‍പ്പിച്ചുകൊണ്ടാണ് മഹാഭൂരിപക്ഷവും സീയോനിലെത്തിയിരിക്കുന്നത്. ഇങ്ങനെ എത്രയോ കഥകള്‍!

സ്ത്രീകളുടെ അതിരുകടന്ന ആത്മീയതാ പ്രകടനം കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന പ്രവണതയാണ്. ആദ്യകാലങ്ങളില്‍ കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുത്ത് നിരവധി സ്ത്രീകള്‍ക്ക് മനോനില തെറ്റിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. താമസിച്ചുള്ള ധ്യാനത്തില്‍ പങ്കെടുത്ത്, സമാപനദിവസം ആകുമ്പോള്‍ മടങ്ങിപ്പോകാന്‍ കഴിയാത്ത ഒരു മനസ്സ് രൂപപ്പെടുന്നു എന്നത് കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പൊതുവെ കാണപ്പെടുന്ന മാനസികാവസ്ഥയാണ്. അടുത്ത ധ്യാനത്തിനുള്ള സീറ്റും പറഞ്ഞുവച്ചിട്ടായിരിക്കും പലരും പിരിഞ്ഞുപോകുന്നത്. വളരെ ലോലഹൃദയരായ സ്ത്രീകള്‍ തങ്ങളുടെ സ്വര്‍ണ്ണമാലയും വളയും മറ്റും സ്തോത്രക്കാഴ്ച പാത്രത്തിലേക്ക് ഊരിനല്‍കുകയും പതിവാണ്. കരിസ്മാറ്റിക് ധ്യാനങ്ങളില്‍ സ്ത്രീകള്‍ എത്രമേല്‍ ഉന്മാദാവസ്ഥയിലേക്ക് എത്തിച്ചേരുമോ അത്രമേല്‍ ധ്യാനംവിജയിക്കും എന്ന തന്ത്രം പല ധ്യാനഗുരുക്കന്മാരും മനസിലാക്കിയിരുന്നു. വാസ്തവത്തില്‍ ഈ തന്ത്രം അല്‍പ്പം കൂടി ഉയര്‍ന്ന ഡോസില്‍ പ്രയോഗിച്ചുകൊണ്ടാണ് ജോസഫ് പൊന്നാറ, എംപറര്‍ ഇമ്മാനുവേലിന് അടിത്തറയിടുന്നത്. ഇന്നും സ്ത്രീകളുടെ അകമഴിഞ്ഞ പിന്തുണയാണ് എംപറര്‍ ഇമ്മാനുവേല്‍ തഴച്ചുനില്‍ക്കാന്‍ കാരണമായത്. സ്വത്ത് എല്ലാം വിറ്റ്, ബാങ്ക് അക്കൗണ്ടുകളെല്ലാം കാലിയാക്കി കുടുംബമായി എംപററില്‍ വന്നിട്ട്, നാളുകള്‍ക്ക് ശേഷം കുടുംബനാഥന് എംപററോട് വിരക്തി തോന്നി പുറത്തു പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പണം തിരിച്ചു ചോദിച്ചാല്‍, എംപറര്‍ നേതൃത്വം മുമ്പോടു വയ്ക്കുന്ന ഒരു ഉപാധിയുണ്ട്. കുടുംബനാഥയും സമ്മതിച്ചാല്‍ പണം തിരിച്ചു തരാം എന്നത്. കുടുംബനാഥ ജീവനുണ്ടെങ്കില്‍ ഇതിന് സമ്മതിക്കില്ല. ഒടുവില്‍ അമ്മയും മക്കളും സീയോനിലും അച്ചായന്‍ സീയോനിനു വെളിയിലേക്കും പോകുന്നു. ഇങ്ങനെ ഒരുമിച്ചു ചേര്‍ന്ന കുടുംബങ്ങളെ എങ്ങനെയെങ്കിലും നശിപ്പിച്ചതില്‍ നേതൃത്വം ചാരിതാര്‍ത്ഥ്യമടയുന്നു.

കരിസ്മാറ്റിക് ധ്യാനങ്ങളിൽ സത്യസുവിശേഷം പ്രസംഗിച്ചിടത്തെല്ലാം വ്യക്തികളില്‍ പാപബോധവും തുടര്‍ന്ന് മാനസാന്തരവും ഉണ്ടായിട്ടുണ്ട്. അനേകം മദ്യപാനികള്‍ രക്ഷപ്പെട്ടു, തകര്‍ന്ന കുടുംബങ്ങള്‍ യോജിച്ചു, കുടുംബപ്രാര്‍ത്ഥനകള്‍ ശക്തമായി, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ രൂപംകൊണ്ടു. ആകെ ഒരു ഉണര്‍വ്വ് കത്തോലിക്കാ സഭയില്‍ അനുഭവപ്പെട്ടു. കരിസ്മാറ്റിക് ധ്യാനത്തിലൂടെ അനേകായിരം കുടുംബങ്ങളെ ക്രിസ്തീയ സ്നേഹത്തിലും ഐക്യത്തിലും നിലനിര്‍ത്തുവാനും, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായി സഭാംഗങ്ങളെ ഒരുമിച്ചു നിര്‍ത്തുവാനും സാധിച്ചു. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ കാര്യം, കത്തോലിക്കാ സഭയിലുള്ളവരും കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുത്തവരുമായ വ്യക്തികളാണ് എംപറര്‍ സംഘത്തിലേക്ക് വളരെയേറെ ആകര്‍ഷിക്കപ്പെട്ടത് എന്നതാണ്. എന്താണ് ഇതിന് കാരണം? ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ ചൂണ്ടിക്കാണിക്കാം. പ്രധാനമായി, കരിസമാറ്റിക് ധ്യാനത്തില്‍ കടന്നുകൂടിയ തെറ്റായ ചില പ്രവണതകളാണ് കരിസ്മാറ്റിക്കുകളെ എംപറര്‍ ഇമ്മാനുവേലില്‍ എത്തിച്ചേരാന്‍ കാരണമായത്. അതില്‍ പ്രധാനപ്പെട്ടത് മരിയന്‍ധ്യാനവും അതിരുകടന്ന മരിയഭക്തിയുമായിരുന്നു. കരിസ്മാറ്റിക് ദൈവശാസ്ത്രത്തിന്‍റെ പരിധിയില്‍ വരാത്ത ഒന്നായിരുന്നു മരിയന്‍ധ്യാനം.

ആദ്യകാല കരിസ്മാറ്റിക് ധ്യാനങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഒരു കൊന്തനമസ്കാരം ഉണ്ടാവുക പതിവായിരുന്നു. എന്നാല്‍, കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പെന്‍റക്കൊസ്റ്റല്‍ സഭകളിലേക്ക് പോകുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ അതില്‍ വലിയ മാറ്റങ്ങളാണ് പിന്നീട് വരുത്തിയത്. ഈ മാറ്റത്തിന് മരിയഭക്തിയെയാണ് കരിസ്മാറ്റിക് ധ്യാനസംഘങ്ങള്‍ ഉപയോഗിച്ചത്.

മാര്‍പാപ്പ ആയിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ 2002 ഒക്ടോബറില്‍ പ്രഖ്യാപിച്ച “പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍” ആഗോള കത്തോലിക്കാ സഭയില്‍ കൊന്തയുടെയും മരിയഭക്തിയുടെയും ചക്രവാളം കൂടുതല്‍ വിസ്തൃതമാക്കി. സുറുയാനി കത്തോലിക്കരുടെ വികാരമായ മരിയഭക്തി ഇതിലൂടെ ഏറെ വ്യാപിച്ചു. “സന്തോഷത്തിന്‍റെയും”, “ദുഃഖത്തിന്‍റെയും”, “മഹിമയുടെയും” രഹസ്യങ്ങള്‍ ധ്യാനിച്ച് കൊന്ത ചൊല്ലിയിരുന്നവര്‍ക്ക് “പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍” വളരെ പുതുമയും ഉത്തേജനവും നല്‍കി.

2002 മുതല്‍ മരിയന്‍ ധ്യാനങ്ങളും പ്രകാശത്തിന്‍റെ രഹസ്യങ്ങളുടെ പേരിലുള്ള നിരവധി ചര്‍ച്ചകളും പഠനങ്ങളും കേരളത്തില്‍ നടന്നു. ഇതിനോടനുബന്ധിച്ചാണ് ജോസഫ് പൊന്നാറയുടെ നേതൃത്വത്തില്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തോടു വിയോജിപ്പുള്ള ചില വൈദികരുടെയും പ്രസംഗകരുടെയും നേതൃത്വത്തില്‍ പ്രകാശത്തിന്‍റെ രഹസ്യങ്ങളെ ധ്യാനിക്കുന്ന കരിസ്മാറ്റിക് ധ്യാനം രൂപംകൊള്ളുന്നത്. ഈ ധ്യാനത്തിന് വലിയ പ്രചാചരണം നല്‍കുകയും ഇതില്‍ ആയിരക്കണക്കിന് കത്തോലിക്കര്‍ പങ്കെടുക്കയും ചെയ്തു. പൊന്നാറയുടെ പ്രസംഗശൈലിയും കൂദാശകള്‍ പരികര്‍മം ചെയ്യുവാനുള്ള വൈദികരുടെ സാന്നിധ്യവും എല്ലാം ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ചു. മൂരിയാട്ട് സംഘടിപ്പിച്ച പ്രകാശത്തിന്‍റെ രഹസ്യങ്ങളെ ധ്യാനിക്കുന്ന കരിസ്മാറ്റിക് ധ്യാനത്തിലൂടെയായിരുന്നു എംപറര്‍ ഇമ്മാനുവേല്‍ സംഘത്തിന് അടിത്തറയിടുവാനുള്ള മൂലധനം പൊന്നാറയ്ക്ക് ലഭിക്കുന്നത്. ഇദ്ദേഹത്തോടുകൂടെ തൃശൂര്‍ ജില്ലയിലെയും എറണാകുളം ജില്ലയിലെയും പ്രബലരായ കത്തോലിക്കാ കുടുംബങ്ങളും ഉണ്ടായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും വക്കീലന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു. തൃശൂര്‍, എറണാകുളം, ഇരിങ്ങാലക്കുട, കോട്ടപ്പുറം എന്നീ രൂപതകളുടെ ഏതാണ്ട് മധ്യത്തില്‍ ആരംഭിച്ച ഈ ധ്യാനകേന്ദ്രം പോട്ടെയെയും ഡിവൈന്‍ ധ്യാനകേന്ദ്രത്തെയും ബഹുദൂരം പിന്നിലാക്കി. മൂരിയാട് സെന്‍റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍നിന്ന് ആരും എംപറർ സംഘത്തിൽ ചേര്‍ന്നിട്ടില്ല എന്നാണ് പറയുന്നതെങ്കിലും ഇരിഞ്ഞാലക്കുട മെത്രായനായിരുന്ന മാര്‍ ജയിംസ് പഴയാറ്റിലിന്‍റെ കുടുംബത്തില്‍നിന്ന് തന്നെ പലരും ഈ സംഘത്തോടൊപ്പം ചേര്‍ന്നു.

കൂടുതല്‍ ജനങ്ങള്‍ തന്‍റെ പക്ഷത്ത് ആയതോടെ പൊന്നാറ തന്‍റെ ദുരുപദേശങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുത്തു. കത്തോലിക്കാ സഭയെ ഭള്ളുപറഞ്ഞ് ജനങ്ങളെ പൂര്‍ണ്ണമായും സഭയ്ക്ക് എതിരാക്കുവാനും എല്ലാ പ്രസംഗങ്ങളിലും അയാള്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. സാത്താന്‍റെ ഏറ്റവും വലിയ വിഹാരരംഗമാണ് കത്തോലിക്കാ സഭയെന്നും അതില്‍നിന്ന് പുറത്തുപോകേണ്ടതുണ്ട് എന്നും അയാള്‍ പഠിപ്പിച്ചു. തങ്ങളുടെ മുഖ്യശത്രു കത്തോലിക്കാസഭയാണെന്നും എംപറര്‍ ഇമ്മാനുവേലിനു വെളിയിലുള്ളവരെല്ലാം ഒരുപോലെ വെറുക്കപ്പെടേണ്ടവരുമാണ് എന്നൊരു ഉപദേശവും ഉണ്ടായി. എംപറര്‍ ഇമ്മാനുവേലിന്‍റെ ആസ്ഥാനമായ സീയോന്‍റെ മതിൽ കെട്ടുകള്‍ക്ക് ഉള്ളിലുള്ളവര്‍ മാത്രമേ അന്തിമമായി രക്ഷപ്പെടുകയുള്ളൂവെന്നും അതിന് വെളിയിലുള്ളവരെല്ലാം നശിച്ചുപോകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. കുറഞ്ഞകാലത്തേക്കേ ഇനി ഭൂമി നിലനിൽക്കൂ. എല്ലാവരും നശിക്കാന്‍ പോകുന്നു, സീയോന്‍ മതിലിനുള്ളില്‍ ഉള്ളവരും തങ്ങളുടെ പഠിപ്പിക്കലുകള്‍ അംഗീകരിക്കുന്നവരും മരിക്കില്ല… ഇങ്ങനെ പോകുന്നു സ്വപ്നലോകത്തെ ഈ ബാലഭാസ്കരന്മാരുടെ ചിന്തകള്‍.

ജോസഫ് പൊന്നാറ പറഞ്ഞിരുന്നത് താന്‍ സ്നാപകയോഹന്നാന്‍റെയും ഏശയ്യായുടെയും അവതാരം ആയിരുന്നു എന്നാണ്. ഈ ബോധ്യം ജനങ്ങളില്‍ പടര്‍ത്താന്‍ കഴിഞ്ഞൂ എന്നതാണ് അയാളുടെ അകാലത്തിലുള്ള നിര്യാണത്തിനു ശേഷവും ഈ സംഘം പൂര്‍ണ്ണമായും നശിച്ചുപോകാതെ നിലനിന്നതിന് കാരണം. മരിച്ച ജോസഫ് പൊന്നാറ ഉയിര്‍ക്കുമെന്നുള്ള വിശ്വാസവും അദ്ദേഹത്തിന്‍റെ ഉയര്‍പ്പിനായുള്ള പ്രാര്‍ത്ഥനകളും ഇപ്പോള്‍ എംപറര്‍ സംഘത്തില്‍ സജീവമായി നിലനില്‍ക്കുന്നു. എംപറര്‍ ഇമ്മാനുവേലിന്‍റെ എല്ലാ അടിസ്ഥാന ഉപദേശങ്ങളും പൊന്നാറയുടെ വെറും തോന്നലുകളായിരുന്നു. ബൈബിള്‍ വായിക്കാത്തവരും അറിയാത്തവരുമായ എല്ലാ അണികളും അദ്ദേഹം പറയുന്നത് വേദവാക്യമായി കരുതി. ആരും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തയാറായില്ല. സംഘാംഗങ്ങള്‍ തമ്മില്‍ തമ്മില്‍ ഇവിടുത്തെ ഉപദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല, ഒന്നും എഴുതിയെടുക്കാന്‍ പാടില്ല, വീഡിയോ റിക്കോര്‍ഡ് ചെയ്യാനോ ഫോട്ടോ എടുക്കാനോ പാടില്ല എന്നിങ്ങനെ വളരെ കര്‍ശനമായ നിയമങ്ങളായിരുന്നു പൊന്നാറ നടപ്പാക്കിയത്. അതിനാല്‍ ഇവരുടെ പഠിപ്പിക്കലുകള്‍ പുറംലോകത്തേക്ക് എത്തിയില്ല. ഇതെല്ലാം ഉറപ്പുവരുത്താന്‍ ചാരന്മാര്‍ എല്ലായിടത്തും ഉണ്ടായിരുന്നു. പൊന്നാറയുടെ പഠിപ്പിക്കലുകളെ ചോദ്യം ചെയ്ത ഒരു യുവാവിനോട് “നിന്‍റെ കാല് തല്ലിയൊടിച്ച് ഇവിടെയിടും” എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ ഒരു വ്യക്തിയുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി ആളുകളെ കൂടെനിര്‍ത്തുക എന്നത് ഇവരുടെ പതിവു രീതി മാത്രമായിരുന്നുവത്രെ.

പൊന്നാറയുടെ പ്രസംഗങ്ങളെ മൂന്നു വ്യത്യസ്ത വാക്കുകള്‍കൊണ്ടാണ് ഒരു വ്യക്തി വിശേഷിപ്പിച്ചത്. അത് ”വഞ്ചന, കള്ളപ്രവചനം, നുണ”. ഈ മൂന്നു തന്ത്രങ്ങളും ആവിഷ്കരിച്ചുള്ള പ്രസംഗങ്ങളിലൂടെയാണ് അയാള്‍ എംപറര്‍ സാമ്രാജ്യം വളര്‍ത്തിയത്. തമിഴ്നാട്ടിലുള്ള ഒരു കൊടിയ ദുരുപദേശക സംഘത്തോടു അയാള്‍ ചേര്‍ന്ന് ധ്യാനിച്ചതുമുതലാണ് ഈ ബാധ പൊന്നാറയിലും പ്രവേശിച്ചതത്രെ. ഇമ്മാനുവേല്‍ ജനിച്ചുവെന്നും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും ഉടന്‍ പൊതുലോകത്ത് പ്രത്യക്ഷപ്പെടുമെന്നുമാണ് ഈ തമിഴ് സംഘത്തിന്‍റെ വിശ്വാസം. ഈ ഉപദേശങ്ങളോടുകൂടെ തന്‍റെ വ്യാജങ്ങളും കൂട്ടിച്ചേര്‍ത്തപ്പോള്‍ എംപറര്‍ ഇമ്മാനുവേല്‍ എന്ന അന്ത്യകാല ദുരുപദേശ സംഘം രൂപപ്പെട്ടു.

തമിഴ്നാട്ടില്‍ എമ്മാനുവേല്‍ ജനിച്ചുവെന്ന് അവകാശപ്പെടുന്നുവെങ്കില്‍ മൂരിയാട്ട് മറിയം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞാണ് മൂരിയാട്ട് സംഘം തങ്ങളുടെ പ്രബോധനം ബലപ്പെടുത്തിയത്. “മറിയത്തിൻ്റെ ജീവിക്കുന്ന സാന്നിധ്യമുള്ള ഇടം” ആണ് മൂരിയാട്ടെ സീയോൻ എന്ന പ്രചാരണം ശക്തമായതാണ് മരിയഭക്തരായ കത്തോലിക്കർ ഈ കെണിയിലേക്ക് ഇടംവലം നോക്കാതെ എടുത്തു ചാടാൻ കാരണമായത് എന്നാണ് ഈ തന്ത്രത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വ്യക്തി പറഞ്ഞത്.

സ്ഥാപകന്‍റെ അകാലത്തിലുള്ള മരണം സംഘാംഗങ്ങളെ ശക്തമായി ഉലച്ചുകളഞ്ഞു. അതിന്‍റെ ഫലമായി രൂപപ്പെട്ട അന്തഃഛിദ്രം ഏറെ വലുതായി. പൊന്നാറ മരിച്ചില്ലായിരുന്നു എങ്കില്‍ കത്തോലിക്കാ സഭയിലെ പകുതിയോളം ആളുകള്‍ ഇന്ന് എംപറര്‍ ഇമ്മാനുവേലില്‍ എത്തിച്ചേരുമായിരുന്നു എന്നാണ് അതില്‍നിന്ന് പുറത്തുപോന്ന ഒരു വ്യക്തി പറഞ്ഞത്. ” സീയോനിൽ ധ്യാനം കൂടാന്‍ പോകാത്ത കത്തോലിക്കര്‍ മാത്രമാണ് കത്തോലിക്കാ സഭയില്‍ ഇന്ന് നിലനില്‍ക്കുന്നത്, അവിടെ ധ്യാനം കൂടാൻ പോയവരെല്ലാം ഒരുപ്പോക്ക് പോയി” എന്നാണ് ഒരു വ്യക്തി പറഞ്ഞത്. “ആളുകളെ മസ്തിഷ്കപ്രക്ഷാളനം നടത്തി കൂടെച്ചേര്‍ക്കാനും കൂടെച്ചേര്‍ന്നവരുടെ സ്വത്തുക്കള്‍ സീയോനില്‍ എത്തിക്കാനും അയാള്‍ക്ക് വലിയൊരു കഴിവ് ഉണ്ടായിരുന്നു. ഇന്നും കത്തോലിക്കരെ തെരഞ്ഞുപിടിച്ച് തങ്ങളുടെ സംഘത്തില്‍ എത്തിക്കാനാണ് ഇവര്‍ പരിശ്രമിക്കുന്നത്. അതിനായി പല രാജ്യങ്ങളിലും കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്” അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ലോകത്ത് ഉണ്ടാകുന്ന എല്ലാ സംഭവങ്ങളെയും തങ്ങളുടെ നിലനില്‍പ്പിനായി വളച്ചൊടിച്ച് പഠിപ്പിക്കുന്ന ശൈലിയായിരുന്നു പൊന്നാറയുടേത്. ഇതേ പാതയാണ് ഇന്നുള്ളവരും പിന്‍പറ്റുന്നത്. പ്രളയവും കൊറോണ വ്യാപനവും വരെ, അന്ത്യകാല സംഭവമായി പ്രചരിപ്പിച്ചു. എന്നാല്‍ അതോടൊപ്പം കാലികമായി പഠിപ്പിക്കലുകള്‍ക്ക് മാറ്റം വരുത്താനും ഇപ്പോഴുള്ള നേതൃത്വം തയാറെടുക്കുന്നു. പെസഹാ, ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ചതും ഇതില്‍ അംഗങ്ങളായ സിനിമാ നടന്മാര്‍ വീണ്ടും സിനിമാ അഭിനയത്തിന് പോകുന്നതും മാവേലിയായി വേഷമിട്ടതും എല്ലാം കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സംഘം തയാറാകുന്നു എന്നതിന്‍റെ സൂചനകളാണത്രെ.

“മരിക്കില്ല” എന്ന് പറഞ്ഞു നടന്ന സ്ഥാപക നേതാവ് മരിച്ചു, അന്തേവാസികളായ പ്രായമായവരും രോഗികളും ഇവിടെ മരിക്കുന്നു. ഇവരുടെ വിശ്വാസിയായിരുന്ന ഒരു സൈനികന്‍ തീവ്രദാവികളുടെ ആക്രമണത്തില്‍ മരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയകാലത്ത് സീയോന്‍ ആസ്ഥാനത്തേക്ക് പ്രളയജലം ഇരച്ചുകയറി. പ്രളയജലം സീയോനില്‍ കയറിയ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നവര്‍ക്കുമേല്‍ ശാപം ഉണ്ടാകുമെന്ന് ഭയപ്പെടുത്തി. ഇതെല്ലാം കണ്ട് എംപറര്‍ ഇമ്മാനുവേല്‍ ഒരു വ്യാജസംഘമാണെന്ന് ഇതിനുള്ളിലുള്ള നിരവധിപേര്‍ തിരിച്ചറിഞ്ഞു. ഇത്തരക്കാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെയെല്ലാം ഭയപ്പെടുത്തി നിശ്ശബ്ദനാക്കുവാനാണ് എംപറര്‍ സംഘം ഇന്ന് ശ്രമിക്കുന്നത്.

ആഭ്യന്തരസംഘര്‍ഷങ്ങള്‍ കൊണ്ട് ദിനംതോറും കലുഷിതമായിക്കൊണ്ടിരിക്കുന്ന കത്തോലിക്കാ സഭയ്ക്ക് എംപറര്‍ സംഘം കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കുടുംബം തകര്‍ത്ത് മുന്നേറുന്ന ഈ കള്‍ട്ട് സംഘങ്ങള്‍ക്കെതിരേ നാനാകോണില്‍നിന്നും പരാതി ഉയര്‍ന്നിട്ടും കുടുംബജീവിതത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന കത്തോലിക്കാ സഭയുടെ നിശ്ശബ്ദത ഏറെ ഭയാനകമാണ് എന്ന് പറയാതെ വയ്യ. സഭാവിശ്വാസികളുടെ സംഘടനകളും ഫെയ്സ് ബുക്ക് കൂട്ടായ്മകളും കാണിക്കുന്ന താല്‍പര്യം പോലും സഭാനേതൃത്വത്തിന് ഇല്ല എന്നത് എംപറര്‍ ഇമ്മാനുവേല്‍ എന്ന നിഗൂഡസംഘത്തിന്‍റെ പ്രവര്‍ത്തനത്തേക്കാള്‍ കത്തോലിക്കാ സഭാ നേതൃത്വത്തിൻ്റെ നിശ്ശബ്ദതയെ നിഗൂഡമാക്കുന്നു

(അവസാനിച്ചു).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments