Thursday, May 30, 2024
No menu items!
Homeപ്രതികരണംഈ ധാർമികവിഷയത്തിൽ നിശ്ശബ്ദനായിരിക്കാൻ കഴിയുന്നില്ല

ഈ ധാർമികവിഷയത്തിൽ നിശ്ശബ്ദനായിരിക്കാൻ കഴിയുന്നില്ല


ഈ ധാർമിക വിഷയത്തിൽ പ്രതികരിക്കാതെ, നിശ്ശബ്ദനായിരിക്കാൻ കഴിയുന്നില്ല. വിഷയം മറ്റൊന്നുമല്ല, കോട്ടയം മണർകാട് സെൻ്റ് മേരീസ് പളളിയുമായി ബന്ധപ്പെട്ട് വ്യവഹാരങ്ങൾക്കൊടുവിൽ വന്നിരിക്കുന്ന കോടതി വിധി! ഇതുമായി ബന്ധപ്പെട്ട പത്രവാർത്ത വായിച്ചപ്പോൾ മുതലാണ് വേദനിപ്പിക്കുന്ന ചില ചിന്തകൾ വലിയ ഭാരമായി അനുഭവപ്പെട്ടത്.

“യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓർത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീംകോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികൾ ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്” (മാതൃഭൂമി 18/09/20).

മറ്റൊരു കാര്യം കൂടി മാതൃഭൂമി വാർത്തയിലുണ്ട് “യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ് (മണർകാട് പള്ളി). മറുവിഭാഗക്കാർ ഒരാളുപോലുമില്ല. മാർത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണർകാട് പള്ളി. എന്നാൽ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടർന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണർകാട് പള്ളിക്കുള്ളത് ”

ചുരുക്കത്തിൽ, മണർകാട് പളളിയിൽ ഓർത്തഡോക്സ് വിഭാഗക്കാരായി അധികം പേർ ഇല്ലെങ്കിലും 1934 ലെ സഭാ ഭരണഘടന പ്രകാരം, പളളി ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്നർത്ഥം! സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിൽ കോടതി വിധിച്ച നീതിപൂർവ്വകമായ ഒരു വിധിയാണിത്. കോടതിയിൽ നിയമവും ന്യായവും തെളിവുകളും പരിഗണിച്ച് ഒടുവിൽ നീതിയാണ് വെളിപ്പെടുക. കോടതിവിധിയിലൂടെ ആരാധനാലയം നഷ്ടപ്പെട്ട് 2000 യാക്കോബായ കുടുംബങ്ങൾ പുറത്തായി. ഇവർക്ക് കൂട്ടായ്മ കൂടുവാൻ ഇടമില്ലാതെ തെരുവിൽ അലഞ്ഞാലും നീതി മുഖപക്ഷമില്ലാതെ നടപ്പാക്കുന്ന ഇന്ത്യൻ നീതിപീഠത്തിന് അഭിനന്ദനങ്ങൾ! കൂടാതെ, യാക്കോബായ വിഭാഗത്തിന് അപ്പീലുമായി പോകാമെന്ന അവസരമുള്ളതിനാൽ ഇനിയും തങ്ങളുടെ ഭാഗം വാദിച്ച് പള്ളി തിരിച്ചുപിടിക്കാൻ അവസരമുണ്ട് എന്നത് സ്പഷ്ടമാണ്. യക്കോബായ വിഭാഗത്തിന് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു!

ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ കരുണ വറ്റാത്ത ആരെങ്കിലും ഉണ്ടെന്നുള്ള വിചാരത്തിൽ അവരോട് ഒരു ചോദ്യം ചോദിക്കട്ടെ – ക്രൈസ്തവ ധാർമിക ബോധത്തിൻ്റെ അംശമെങ്കിലും നിങ്ങളുടെ ഹൃദയത്തിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ ഈ പള്ളി നിങ്ങൾക്ക് ഉപാധികൾ ഏതുമില്ലാതെ യാക്കോബായ വിഭാഗത്തിന് വിട്ടുകൊടുത്തു കൂടെ ? 1934 ലെ ഭരണഘടന പ്രകാരം ന്യായമായും നിങ്ങൾക്ക് അവകാശപ്പെട്ടതെന്ന് കോടതി വിധിച്ച ഈ പള്ളി നിങ്ങളുടെ സ്വന്ത സഹോദരങ്ങൾക്ക് ഒരു ഔദാര്യമായിട്ടെങ്കിലും വിട്ടുകൊടുത്തു ക്രൈസ്തവ സ്നേഹത്തിന് ഒരു സാക്ഷ്യമായി നിലനിന്നുകൂടെ ?

“എല്ലാം നിയമാനുസൃതമാണ്‌; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല”
(1 കോറിന്തോസ്‌ 10 :23). അതെ, ഇതാണ് നിങ്ങൾ തിരിച്ചറിയേണ്ട സത്യം, എല്ലാം നിയമാനുസൃതമായിട്ട് കിട്ടേണ്ടതാണെങ്കിലും തുടർന്നുള്ള ചരിത്രഗതിയിൽ ഇവയൊന്നും പ്രയോജനകരമായിത്തീരും എന്ന് കരുതരുത്. നാം സേവിക്കുന്നതും ആരാധിക്കുന്നതും കരുണാമയനായ ദൈവത്തെയാണ്. യാഗത്തിൻ്റെ കളിഷ്ടതയെക്കാൾ കരുണയുടെ ആർദ്രതയിൽ പ്രസാദിക്കുന്ന ദൈവത്തെയാണ് ബൈബിൾ വെളിപ്പെടുത്തുന്നത്. ”ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക” (മത്തായി 9 :13). അതെ, കരുണയുടെ അർത്ഥതലങ്ങൾ പഠിച്ച് കരുണ പ്രകടിപ്പിച്ച്, അവനിൽ നിന്നും കരുണ കാംഷിക്കുവാനാണ് ക്രിസ്തു പഠിപ്പിച്ചത് (ഹൊബാ 4:16)

ദൈവത്തിൻ്റെ നീതിക്കു മുന്നിൽ ആർക്കും നിൽക്കാൻ കഴിയില്ല; അവിടുത്തെ കരുണ മാത്രമാണ് നമുക്ക് ആശ്രയം. കരുണവറ്റിയ ന്യായാധിപനായി ദൈവത്തെ സങ്കൽപ്പിച്ചാൽ മനുഷ്യവംശത്തിൽ ആർക്ക് സ്വർഗീയാനന്ദത്തിൽ പ്രവേശിക്കാൻ കഴിയും ? ഹൃദയത്തിൽ “കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും” (മത്തായി 5 : 7). ക്രിസ്തുവിൻ്റെ കൃപാസനം പോലും കരുണ തേടുന്നവരുടെ അഭയസ്ഥാനമാണ്.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ തർക്കവിഷയത്തിൽ സഭയുടെ ഭരണഘടനയോ കോടതി വിധിയോ അല്ല, ഓർത്തഡോക്സ് സഭ ക്രൈസ്തവ വിശ്വാസത്തിൻ്റെ ഭാഗമായിട്ട് നിലനിൽക്കുന്നവരാണ് എന്ന് കരുതുന്നുവെങ്കിൽ പ്രധാനപ്പെട്ടതായി കാണേണ്ടത്; ദൈവവചനത്തെയും അതിൽ പ്രതിപാദിച്ചിരിക്കുന്ന കരുണയുടെ ഉപദേശത്തിനുമാണ് നിങ്ങൾ പ്രഥമസ്ഥനം നൽകേണ്ടത്. ക്രൈസ്തവികത എക്കാലത്തും കരുണയുടെ മൂർത്തീഭാവത്തോടെ ദുർബലൻ്റെ പക്ഷത്താണ് ചരിത്രത്തിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെ കരുണ കാണിക്കാനുള്ള അവസരമാണ് ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് കൈവന്നിരിക്കുന്നത്.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘട്ടനങ്ങളുടെയും പോർവിളികളുടെയും ചരിത്രം കേരള ക്രൈസ്തവ സമൂഹത്തിനുണ്ട്. ചരിത്രത്തിലെ ചില ദശാസന്ധികളിൽ ചിലർ കത്തോലിക്കരായും ചിലർ യാക്കോബായരായും ചിലർ ഓർത്തഡോക്സുകാരായും മാറ്റപ്പെട്ടു. ചിലർ സിഎസ്ഐയും ചിലർ മാർതോമാക്കാരായും അറിയപ്പെട്ടു. പുറകോട്ട് സഞ്ചരിച്ച് ചരിത്രഗതിയെ വഴിതിരിച്ചുവിടാനാവാത്ത നിസ്സഹായരാണ് നമ്മൾ. ഈ യാഥാർത്ഥും ഇരുപക്ഷവും തിരിച്ചറിയണം. നൂറ്റാണ്ടുകളായി ഇരുവിഭാഗവും കുത്തിവച്ച അമിതമായ സഭാ ചരിത്രബോധവും ചരിത്രഗതിവിഗതികളിലെ പരിണാമ പ്രക്രിയകളിൽ നേരിട്ട നീതിനിഷേധങ്ങളുടെ നാൾവഴികളും പലരെയും കാലാന്തരത്തിൽ ബദ്ധശത്രുക്കളാക്കി മാറ്റി. അടിസ്ഥാനപരമായി ഒരേ ലക്ഷ്യത്തിലേക്ക് ഗമിക്കുന്നവർ ഇത്രമേൽ ശത്രുക്കളായി മാറിയ സന്ദർഭങ്ങൾ ലോക ചരിത്രത്തിൽ തന്നെ ഉണ്ടാകില്ല. “നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നായിരിക്കേണ്ടതിന്” എന്ന് ആഗ്രഹിച്ചവൻ്റെ പേരിൽ ഇത്രമേൽ വിഘടിച്ചവരെക്കുറിച്ച് ആഗോള ക്രൈസ്തവ സമൂഹത്തിൽ കേട്ടുകേൾവി പോലും ഉണ്ടാകില്ല. ഇതിനെല്ലാം കോപ്പുകൂട്ടി, കുട്ടിക്കുരങ്ങന്മാരേക്കൊണ്ട് ചുടുചോർ മാന്തിക്കുന്ന ളോഹ ധാരികളായ ചില ചെന്നായ്ക്കളാണ് ഇന്ന് സഭാ സ്വത്ത് തർക്കവിഷയത്തിൽ ശാപഗ്രസ്ഥർ എന്ന് ദുഃഖത്തോടെയേ പറയാൻ കഴിയുന്നുള്ളൂ! ക്ഷമിക്കാനറിയാത്ത ഈ നീചന്മാർ ജനിക്കാതിരുന്നെങ്കിൽ അവർക്കത് ഗുണമായേനെ എന്ന് ആത്മാർത്ഥമായി ചിന്തിച്ചു പോകുന്നു. മദ്ബഹയിൽ നിൽക്കുമ്പോൾ ”കുറ്റംകൂടാതെയും ലജ്ജകൂടാതെയും” കാണപ്പെടാൻ കേഴുന്നവർ മദ്ബഹയിൽ നിന്ന് വെളിയിലിറങ്ങിയാൽ സാത്താൻ്റെ പ്രതിപുരുഷന്മാരായി മാറിയതിൻ്റെ തെളിവാണ് പതിറ്റാണ്ടുകളായി നിലനിന്ന ഈ സ്വത്ത് തർക്ക കേസുകളും പരിണിത ഫലങ്ങളും. ഇതല്ലേ സത്യം ?

നീതിയുടെ പക്ഷം ഉയർന്നു നിന്നതിൻ്റെ പേരിൽ, സാങ്കേതികമായി ചില ശരികൾ തങ്ങളുടെ പക്ഷത്ത് ഉണ്ടായതിൻ്റെ പേരിൽ ഇന്ന് യാക്കോബായ പക്ഷം കടന്നുപോകുന്ന അരക്ഷിതാവസ്ഥയിൽ അവർക്ക് ആശ്വാസം പകരാൻ ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്കു മാത്രമേ കഴിയൂ. അതിനായി നിങ്ങൾക്ക് ചെയ്യാവുന്നത് എല്ലാം ചെയ്യുക. ദൈവഭയുള്ള ഓർത്തഡോക്സ് സഹോദരങ്ങൾ അതിനായി മുൻകൈയെടുക്കുക.

പ്രാർത്ഥനാലയം നഷ്ടപ്പെട്ട് യാക്കോബായ വിഭാഗം കേരള സമൂഹത്തിൽ അഭയാർത്ഥികളായി അലയുന്നത് കാണുവാൻ ഇടവരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അവർക്ക് ഈ ഗതികേട് സംഭവിക്കാതിരിക്കാൻ ഓർത്തഡോക്സ് സമൂഹത്തിൽ നിന്നും ശക്തന്മാരായ വ്യക്തികൾ മുന്നോട്ടു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments