കേരളത്തിൽ അടിമക്കച്ചവടം നിരോധിച്ചിട്ട് 165 വർഷം!
ജൂണ്‍ 23, 27 തീയതികള്‍ കേരളത്തെ സംബന്ധിച്ച് വളരെ ശ്രദ്ധേയമായ രണ്ട് ദിവസങ്ങളാണ്. ഈ ദിനങ്ങളുടെ ചരിത്രപരത പലരും തിരിച്ചറിഞ്ഞിട്ടില്ല എന്നു വേണം കരുതാന്‍. “കേരള”ത്തിന്‍റെ പൗരാണിക രൂപമായി ചരിത്രത്തില്‍ അറിയപ്പെട്ടിരുന്ന കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ അടിമത്തം നിരോധിച്ചത് 1855ല്‍ യഥാക്രമം ഈ തീയതികളിലായിരുന്നു. കേരളത്തിന്‍റെ സാമൂഹികചരിത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങളുടെ പെരുമ്പറ മുഴങ്ങിത്തുടങ്ങിയത് ഈ ദിവസങ്ങളിലായിരുന്നു. അടിക്കാനും കൊല്ലാനും വരെ അധികാരമുള്ള ഉടമ, തന്‍റെ ആലയിലെ മാടിനെപ്പോലെ നൂറ്റാണ്ടുകളായി മനുഷ്യനെ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. ലോകം മുഴുവന്‍ നിലനിന്നിരുന്ന ഈ ലജ്ജാകരമായ സമ്പ്രദായത്തെ 1855-ാമാണ്ടില്‍ മലയാളമണ്ണില്‍ ബ്രട്ടീഷ് മിഷനറിമാരുടെ നേതൃത്വത്തില്‍ അന്ത്യം കുറിച്ചിട്ട് ഈ വര്‍ഷം (ജൂണ്‍ 23, 2020) 165 കൊല്ലം തികയുന്നു.
മനുഷ്യ ചരിത്രത്തില്‍ അടിമത്തത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള പരാമര്‍ശം ബിസി 1760ലെ ഹമ്മൂറാബി കോഡില്‍ തുടങ്ങുന്നു. തുടര്‍ന്നിങ്ങോട്ടുള്ള എല്ലാ ലോക സംസ്കാരങ്ങളിലും അടിമകളെയും അടിമത്തത്തെയും കുറിച്ചുള്ള സംഭവങ്ങളുടെ വിവരണങ്ങള്‍ കാണാം. മധ്യകാലത്ത് ലോകജനസംഖ്യയില്‍ മൂന്നിലൊന്നുപേരും അടിമകളായിരുന്നു എന്നാണ് കണക്കാക്കുന്നത്. 1807ല്‍ “സ്ലേവ് ട്രേഡ് ആക്ട്” പാസാക്കി ബ്രിട്ടന്‍ തങ്ങളുടെ കോളനിരാജ്യങ്ങളില്‍ ഉള്‍പ്പെടെ അടിമത്വം നിരോധിക്കുന്നതു വരെ, നിരോധിക്കപ്പെടേണ്ട ഒന്നാണ് അടിമത്വം എന്നത് പല ജനസമൂഹങ്ങളും അറിഞ്ഞിരുന്നില്ല. 1843ല്‍ ബ്രിട്ടന്‍ പാസാക്കിയ “ഇന്ത്യന്‍ സ്ലേവറി ആക്ടാണ്” ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള ബ്രിട്ടീഷ് ഇന്ത്യയില്‍ അടിമത്വം കുറ്റകരമാക്കിയത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും (സി.എം.എസ്), ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) സംയുക്തമായി അടിമത്വം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 1847 മാര്‍ച്ച് ഒമ്പതിന് ഉത്രം തിരുന്നാള്‍ മാര്‍ത്താണ്‍ഡവര്‍മ്മയ്ക്ക് നിവേദനം നല്‍കി. ഈ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂര്‍ സംസ്ഥാനം അടിമത്വം നിരോധിക്കുന്നത്.
“കേരളത്തില്‍ ഹിന്ദു സാമൂഹിക ഘടനയുടെ ഭാഗമായി നിലനിന്നതായിരുന്നു അടിമത്വം. ഹിന്ദുസാമൂഹിക ഘടനയുടെ ഭാഗമായിരുന്ന നസ്രാണി -സുറിയാനി ക്രിസ്ത്യാനികളും ഇതിന്‍റെ ഗുണഭോക്താക്കളായിരുന്നു. മൃഗങ്ങളേക്കാള്‍ ഒട്ടും ഭേദപ്പെട്ട പരിഗണന അടിമകള്‍ക്ക് ലഭിച്ചിരുന്നില്ല. ചന്തയില്‍ അവരെ വിലപേശി വാങ്ങാം. ഒരു അടിമയുടെ മകനും അടിമതന്നെ. അങ്ങനെ ജന്മിപരമ്പരകള്‍ എന്നപോലതന്നെ അടിമകളുടെ പരമ്പരയും അനുസ്യൂതം തുടര്‍ന്നു. ലോകാവസാനം വരെ അതങ്ങനെ തുടരുമെന്ന് ജന്മിമാരും അവര്‍ക്കുവേണ്ടി ഭരണം നടത്തിയവരും വെറുതെ വ്യാമോഹിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക അംഗീകാരമുള്ള സംവിധാനമായിരുന്നു അടിമത്വം. ക്ലേശകരമായ കൃഷിപ്പണി അടിമകളാണ് ചെയ്തത്” (ക്രിസ്തുമതത്തിന് ഒരു കൈപ്പുസ്തകം, പേജ് 340, ബോബി തോമസ്, DC Books, Kottayam).
“സര്‍ക്കാരിനും അടമികളുണ്ടായിരുന്ന 1847ല്‍ സര്‍ക്കാരിന് 15,000 അടിമകള്‍ ഉണ്ടായിരുന്നു. അവരെ സ്വകാര്യ മുതലാളിമാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവര്‍ സര്‍ക്കാരിന് വില കൊടുക്കുകയും അടിമയ്ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അനുസരണക്കേട് കാണിക്കുന്ന അടിമകളെ പ്രഹരിക്കുവാനും ശിക്ഷാഭയമില്ലാതെ കൊല്ലുവാനും അധികാരമുണ്ടായിരുന്നു, എല്ലാ അടിമകളെയും നിയമപരമായി വില്‍ക്കാമായിരുന്നു”
(നായര്‍ മേധാവിത്തത്തിന്‍റെ പതനം, റോബിന്‍ ജെഫ്രി). കേരളചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെയാണ് ഈ ഗ്രന്ഥം വിവരിക്കുന്നത്.
“ഒളിച്ചോടാനുള്ള ഏത് ശ്രമവും ഭീകരമായ മരണത്തിലായിരുന്നു കലാശിച്ചിരുന്നത്. ഒരിക്കല്‍ ഒരു സിറിയന്‍ ക്രിസ്ത്യാനിയുടെ അടിമ യജമാനനില്‍നിന്ന് ഒളിച്ചോടി. അവന്‍ മറ്റ് ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട് ഒരു ക്രിസ്ത്യാനി ആയിത്തീരുകയും തന്‍റെ യജമാനന്‍റെ അരികില്‍ തിരികെച്ചെന്ന് ഒരു നല്ല അടിമയായി കഴിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തിരികയെത്തിയെ അവനെ യജമാനന്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനം മൂലം മൂന്നാമത്തെ ദിവസം അവന്‍ മരിച്ചു. യജമാനനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അടിമകളെ ചില സ്ഥലങ്ങളില്‍ ചിത്രവധം ചെയ്താണ് കൊന്നിരുന്നത്”
(കേരളത്തിലെ പ്രൊട്ടസ്റ്റന്‍റ് മതവും ബഹുജനപ്രസ്ഥാനങ്ങളും, റവ.ഡോ. ജെ.ഡബ്ല്യൂ ഗ്ലാഡ്സ്റ്റന്‍).
“കോട്ടയം തിരുന്നക്കര ക്ഷേത്രത്തിന്‍റ കിഴക്കുഭാഗത്തായി ഒരു കല്ല് (ചീങ്ക) ഇരുമ്പുവളയത്തിനുള്ളില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ തിരുന്നക്കര മൈതാനം ഒരു അടിമച്ചന്തയായിരുന്നു എന്ന വസ്തുത പലര്‍ക്കും അറിയില്ല. കയ്യാലയ്ക്കകം ചന്ത എന്നായിരുന്നു പേര്‍. എല്ലാ മലയാളമാസവും 12നും 28നും ആയിരുന്നു ചന്ത. തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെളിച്ചുകൊണ്ടുവരുന്ന അടിമകളെ ഇവിടെ വരിവരിയായി നിര്‍ത്തും. ഈ നിര അങ്ങ് കാരാപ്പുഴവരെ നീണ്ടിരുന്നു. തോളില്‍ ഇടിച്ചും തള്ളിയും കാലില്‍ ചവിട്ടി പുറകോട്ടു തള്ളിയും കുനിച്ചും നിവര്‍ത്തിയും അടിമയുടെ കായബലം പരിശോധിക്കും. തുടര്‍ന്ന് കന്നുകാലി കണക്കെ വില പേശി വിലപറഞ്ഞ് കച്ചവടം ഉറപ്പിക്കും. അറവുമാട് കണക്കെ കൂട്ടിക്കെട്ടി പുതിയ യജമാനന്‍റെ ലാവണത്തിലേക്ക്. ദമ്പതികളായ അടിമകളെ ഒരുമിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്തിരുന്നില്ല. അവിടെ ഉയര്‍ന്നിരുന്ന തേങ്ങല്‍ ഏത് ശിലാഹൃദയവും അലിയിപ്പിക്കുന്നതായിരിക്കും” (ഫെയ്സ് ബുക്ക് പോസ്റ്റ്, ആയിഷ കുറ്റിപ്പുറം)
അടിമക്കച്ചവടം നിലനിന്നിരുന്ന കാലത്ത് ”അടിമ ” എന്ന് മുദ്രകുത്തിയ ഒരു മനുഷ്യന്‍റെ ജീവിതം കേരളത്തിൽ എത്രമേല്‍ ഭീകരമായിരുന്നു എന്നതിന്‍റെ ഒരു നേര്‍ചിത്രമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നവ. രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെയുള്ള കേരളത്തിന്‍റെ പൂര്‍വ്വകാലചരിത്രത്തിലെ ഈ ഭീകര കാലഘട്ടത്തെ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ വളരെ കുറച്ചാണ്.
കേരളം നേരിട്ട മറ്റൊരു സാമൂഹിക ദുരാചാരമായിരുന്നു മാറിടം മറച്ച് പൊതുസ്ഥലങ്ങളില്‍ പോകുവാന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു എന്നത്. മാറ് മറച്ച് പുറത്തിറങ്ങിയ സ്ത്രീകളുടെ ജാക്കറ്റുകള്‍ വലിച്ചുകീറി. മാറു മറച്ചതിന്‍റെ പേരില്‍ സ്ത്രീകളെ മരത്തില്‍ കെട്ടിത്തൂക്കുകയും അവരുടെ ജാക്കറ്റുകള്‍ കത്തിച്ചുകളയുകയും ചെയ്തു. ചാന്നാര്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അനുവാദമില്ലെന്ന് 1829 ഫെബ്രുവരി മൂന്നിന് തിരുവതാംകൂര്‍ മഹാറാണി ഗൗരി പാര്‍വ്വതി ഭായിയുടെ വിളംബരം ഉണ്ടായി. അടിമത്തവും മാറുമറയ്ക്കാന്‍ അവകാശമില്ലാത്ത ഒരുവിഭാഗം സ്ത്രീകളും തൊട്ടുകൂടായ്മയും എല്ലാം ചേര്‍ന്ന ഒരു ഭ്രാന്താലയമായിരുന്നു 19ാം നൂറ്റാണ്ടിലെ കേരളം. നിയമം മൂലം ഇത്തരം അനാചാരങ്ങളെ ഇല്ലായ്മ ചെയ്തിരുന്നുവെങ്കിലും അതിന്‍റെ വ്യാഥി പൂര്‍ണ്ണമായും കേരളസമൂഹത്തെ വിട്ടുമാറിയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ കൗതുകകരമായ ഒരു വിശേഷണമാണ് നല്‍കിയത്. “കേരളം ഒരു ഭ്രാന്താലയമാണ്” (a lunatic asylum). ഭ്രാന്തമായ ഉച്ചനീചത്വങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥ കടന്നുപോയെങ്കിലും അതിന്‍റെ ദുര്‍ഗ്ഗന്ധം പിന്നീട് പല പതിറ്റാണ്ടുകളും കേരളസമൂഹത്തില്‍ തങ്ങിനിന്നിരുന്നു. ഇന്നും ജാതി ചിന്തയുടെ പിടിയില്‍നിന്നും പൂര്‍ണ്ണമായും വിമുക്തമാകാന്‍ കഴിയാത്ത എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്! ഇവര്‍ എല്ലാ മതങ്ങളിലും രാഷ്ടീയ പാർട്ടികളിലുമുണ്ട് എന്നതാണ് വസ്തുത. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിയമം മൂലം അടിവേര് അറുത്തുമാറ്റിയ അടിമത്തം എന്ന വിഷവൃക്ഷത്തിന്‍റെ നശിക്കാത്ത ചില വേരുകള്‍ ഇന്നും പല രൂപത്തിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.
ഭയത്തില്‍നിന്നുമാണ് അടിമത്തം ആരംഭിക്കുന്നത്. ശരീരമോ മനസ്സോ ഈ ലോകത്തിലോ പരലോകത്തിലോ പീഡിപ്പിക്കപ്പെടുമെന്ന ഭയം ആണ് ഓരോ മനുഷ്യനെയും അടിമത്വത്തിലേക്ക് നയിക്കുന്നത്. ഭയമാണ് ഗുരുതരമായ അടിമത്വം എന്ന യാഥാര്‍ത്ഥ്യം ഏതൊരു ഇന്ത്യക്കാരനേക്കാളും മനസ്സിലാക്കിയ വ്യക്തിയായിരുന്നു മഹാകവി രവീന്ദ്രനാഥ ടാഗോര്‍. അദ്ദേഹം ‘ഗീതാഞ്ജലി’യില്‍ അത് പ്രതിപാദിച്ചിട്ടുമുണ്ട്. ഭയത്തില്‍നിന്നും വിമുക്തമായ മനസ്സുള്ളവര്‍ തല ഉയര്‍ത്തിനില്‍ക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ സ്വര്‍ഗ്ഗത്തിലേക്ക് തന്‍റെ രാജ്യം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന നല്ല നാളുകളെ ദര്‍ശിച്ചുകൊണ്ട് അതിനായുള്ള പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം ഗീതാഞ്ജലി എഴുതി തീര്‍ക്കുന്നത്. ഭയരഹിത ഇന്ത്യന്‍ സമൂഹം എന്നത് ഇന്നും നമുക്ക് മരീചികയായി നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം.
ഭയരാഹിത്യം നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥം വിശുദ്ധ ബൈബിളാണ്. “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹ 8:32). മനുഷ്യവംശത്തോടുള്ള യേശുക്രിസ്തുവിന്‍റെ ഇടപെടലുകളെല്ലാം ഈ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളായിരുന്നു. മനുഷ്യന്‍റെ ഏറ്റവും വലിയ ഭയം മരണഭയമാണ്. മരണത്തെ ഭയമില്ലാത്തവന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ് സാക്ഷാല്‍ സ്വാതന്ത്ര്യം. യേശുക്രിസ്തു തന്‍റെ കാല്‍വരി യാഗത്തിലൂടെ മനുഷ്യവംശത്തിന് അവകാശമായി നല്‍കിയതും ഈ സ്വാതന്ത്ര്യമാണ്. യേശുക്രിസ്തു ഭൂമിയില്‍ മനുഷ്യാവതാരം ചെയ്തിലെ ഒരു കാര്യം “മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച് മരണ ഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ്” (ഹെബ്രായര്‍ 2:15)
മരണഭയത്തില്‍ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടുക എന്നതിനേക്കാള്‍ വലിയ അടിമത്തം എന്താണ് ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാകാനുള്ളത്? നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ അനേകായിരങ്ങള്‍ ജീവിക്കുന്നു എന്നതാണ് വസ്തുത. നരകത്തെ ചൂണ്ടിക്കാണിച്ചു ഭയപ്പെടുത്തിയും സ്വര്‍ഗ്ഗത്തെ ചൂണ്ടിക്കാണിച്ച് മോഹിപ്പിച്ചുമുള്ള ഒരു ക്രിസ്തീയതയാണ് ഇന്ന് എങ്ങും കേള്‍ക്കുന്നത്. എന്നാല്‍, യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍, മരണഭയത്തില്‍നിന്ന് സ്വതന്ത്രരായവരാണ് യഥാര്‍ത്ഥ ക്രിസ്തീയതയുടെ ഭാഗമായിരിക്കുന്നത്.
ബൈബിള്‍ പ്രഘോഷിക്കുന്നത് സാക്ഷാല്‍ സ്വാതന്ത്ര്യമാണ്. മതങ്ങള്‍ എപ്പോഴും പാരതന്ത്ര്യം വിഭാവനം ചെയ്യുമ്പോള്‍ ബൈബിളിലെ ക്രിസ്തു എല്ലായ്പ്പോഴും സ്വാതന്ത്ര്യം കല്‍പ്പിച്ചു നല്‍കുന്നവനാണ്. ക്രിസ്തുവിനെ അറിയുന്തോറും സത്യത്തെയാണ് അടുത്തറിയുന്നത്. ക്രിസ്തുവാകുന്ന സത്യത്തെ അറിയുന്തോറും ഓരോ വ്യക്തിയിലും സ്വാതന്ത്ര്യമാണ് അനുഭവപ്പെടുന്നത്. വിശ്വാസികളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാത്ത ക്രിസ്തീയത അടിമത്വത്തിന്‍റെ മറ്റൊരു മുഖമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ലോകത്തില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും ചൂണ്ടിക്കാണിച്ച് അനുയായികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്തി സാമ്രാജ്യം പണിയുന്നവര്‍ ആധുനികയുഗത്തിലെ അടിമക്കച്ചവടക്കാരാണ്. മനഃസാക്ഷിയില്ലാത്ത ഇത്തരം അടിമക്കച്ചടവടക്കാര്‍ ഓരോ മനുഷ്യന്‍റെയും ജന്മാവകാശമായ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നത്. ക്രൈസ്തവികതയുടെ ഓരം ചേര്‍ന്ന് സഞ്ചരിക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന ഒരു വിഭാഗം ആളുകൾ ആണ് വിശ്വാസികളെ ഭയത്തിന്‍റെ അടിമകളാക്കി നിലനിര്‍ത്തി, അതിലൂടെ അവരെ ചൂഷണം ചെയ്യുന്നത്.
ഭയത്തെ ഒരു ദുരാത്മാവായിട്ടാണ് വിശുദ്ധ ബൈബിള്‍ പ്രതിപാദിച്ചിരിക്കുന്നത്. തിമോത്തിക്ക് ലേഖനമെഴുതുമ്പോള്‍ പൗലോസ് പറയുന്നു ഭയത്തിന്‍റെ ആത്മാവിനെ അല്ല ദൈവം നമുക്ക് നല്‍കിയത്; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആത്മാവിനെയാണ് (2 തിമോത്തി 1:7). ഭയം എന്നത് ഒരുവനില്‍ അടിമത്വബോധം സൃഷ്ടിക്കുന്ന ദുരാത്മാവാണ്. ഈ ദുരാത്മാവിനെ യഥേഷ്ടം ഉപയോഗിച്ചുകൊണ്ടാണ് ലോകത്തിലുള്ള എല്ലാ കള്‍ട്ട് വിഭാഗങ്ങളും തങ്ങളുടെ സാമ്രാജ്യം പണിയുന്നത്. പ്രാണഭയത്തിന് അടിമപ്പെട്ടവനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി എന്തും ചെയ്യാം എന്ന തന്ത്രം പയറ്റുന്ന ആധുനിക അടിമക്കച്ചവടക്കാര്‍ ബൈബിളിനെ തങ്ങളുടെ തന്ത്രങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനുള്ള പുസ്തകമായി ഉപയോഗിക്കുന്നു. വാസ്തവമായി സ്വാതന്ത്ര്യം പ്രഘോഷിക്കുന്ന ഒരു ഗ്രന്ഥത്തെ ഉപയോഗിച്ചുകൊണ്ട് അടിമക്കച്ചവടത്തിന് വഴിതേടുന്നിടം ഒരിക്കലും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമേഖലയല്ല. ഇത്തരം ഇടങ്ങള്‍ പൈശാചികതയുടെ കേളീരംഗമാണ്.
മരണത്തിന്‍റെ അധികാരിയായിരുന്നുകൊണ്ട് ജീവിതകാലം മുഴുവന്‍ മനുഷ്യവംശത്തെ അടിമത്തിത്തില്‍ നിലനിര്‍ത്തിയ സാത്താന്‍റെ തന്ത്രങ്ങള്‍ പയറ്റുന്നവരെ തിരിച്ചറിയാന്‍ വൈകുന്നവര്‍ അടിമത്തത്തിന്‍റെ ആഴങ്ങളിലേക്കാണ് നീങ്ങുന്നത്. ഒരു മടക്കം അസാധ്യമാകുന്ന വിധമുള്ള ആഴങ്ങളിലേക്കാണ് ഇവര്‍ നീങ്ങുന്നത് എന്ന ദുഃഖമാണ് ഇത്തരം സംഘങ്ങളില്‍ അകപ്പെട്ടവരെ കാണുമ്പോള്‍ ഉണ്ടാകുന്നത്.
തന്നെ ഭയപ്പെടുത്തി അടിമയാക്കിയിരിക്കുകയാണെന്നും ഈ അടിമത്തിത്തില്‍നിന്ന് പുറത്തുകടക്കണമെന്നും അടിമകള്‍ ആഗ്രഹിക്കുമ്പോള്‍ അവരെ രക്ഷിക്കുവാന്‍ സാക്ഷാല്‍ സ്വാതന്ത്ര്യത്തിന്‍റെ വക്താവായ യേശുക്രിസ്തുവിന് ഇന്നും സാധിക്കും എന്നതാണ് ഈ കാലഘട്ടത്തിന്‍റെ സദ്വാര്‍ത്ത. തന്നെ ബന്ധിച്ചിട്ടിരിക്കുന്ന ഭയത്തിന്‍റെ ചങ്ങലയെ പ്രണയിച്ചുകൊണ്ട് അടിമത്തത്തെ ആസ്വദിച്ച് ജീവിക്കുന്നവര്‍ ഭയത്തിന്‍റെ കൂടുതല്‍ കൂടുതല്‍ ഡോസുകള്‍ തേടിപ്പോകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇത്തരം അടിമച്ചന്തകൾ അടച്ചുപൂട്ടി അവിടെ ബന്ധിതരായി കഴിയുന്നവരുടെ മോചനത്തിനായി നമുക്ക് ശക്തമായി പ്രാര്‍ത്ഥിക്കാം. ദൈവം അവരെ വിടുവിക്കട്ടെ.
………………………………………………………
ചിത്രം: കേരളത്തിലെ അടിമക്കച്ചവടത്തെക്കുറിച്ച് പഠനം നടത്തിയ അടൂർ കെ.കെ രാമച്ചൻ നായരുടെ ” Slavery in Kerala” എന്ന ഗ്രന്ഥത്തിൻ്റെ കവർ ചിത്രം