Thursday, May 30, 2024
No menu items!
Homeപ്രതികരണംഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവും എം.വി. ഗോവിന്ദൻ്റെ പ്രസംഗവും

ഇംഗ്ലണ്ടിലെ ക്രൈസ്തവ സമൂഹവും എം.വി. ഗോവിന്ദൻ്റെ പ്രസംഗവും

“ഇംഗ്ലണ്ടിലെ വൈദികര്‍ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുകയാണ്” എന്നൊരു പരാമര്‍ശം സിപിഐ-എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയതായി വായിക്കാന്‍ കഴിഞ്ഞു. കൂടാതെ, കന്യാസ്ത്രീകളുടെ സേവനം തൊഴിലാണെന്നും നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകുന്നില്ല, പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു തുടങ്ങിയ പ്രസ്താവനകളും അദ്ദേഹം നടത്തിയതായി കണ്ടു. ഇതില്‍ ഏറെ ശ്രദ്ധനേടിയ ഒരു കാര്യം “അച്ചന്മാര്‍ അവിടെ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് സമരം നടത്തുന്നു” എന്നു പറഞ്ഞതാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമായ ഒരു പ്രസ്താവനയാണെന്ന് ആദ്യമേ പറയട്ടെ.

വൈദികര്‍ക്ക് ശമ്പളവര്‍ദ്ധന

ലോകത്തിലുള്ള എല്ലാ പ്രധാനപ്പെട്ട ക്രൈസ്തവ സഭകളും ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിന്‍റെ ഔദ്യോഗിക സഭ എന്നറിയപ്പെടുന്നത് ആംഗ്ലിക്കന്‍ സഭയാണ്. ഈ സഭയിലെ വൈദികര്‍ക്ക് വര്‍ഷംതോറും ആനുപാതികമായ ശമ്പളവര്‍ദ്ധന സഭ നല്‍കാറുണ്ട്. ഇക്കൊല്ലം അഞ്ച് ശതമാനം വര്‍ദ്ധനയാണ് നല്‍കിയത്, ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ 9.5% ശമ്പളവര്‍ദ്ധന വേണമെന്നാണ് വൈദികരും ദേവാലയങ്ങളിലെ വിവിധ ജോലിക്കാരും ആവശ്യപ്പെട്ടത്. ഇതിനായി “ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് റെമ്യൂണറേഷന്‍ കമ്മിറ്റി” വൈദികപ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയില്‍ “യുണൈറ്റ്” എന്ന പേരിലുള്ള രാഷ്ട്രീയാതീതമായി പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനയും പങ്കാളികളാകും എന്ന വാര്‍ത്തയുണ്ടായിരുന്നു. ഈ ചര്‍ച്ചയെക്കൊടുവില്‍ റെമ്യൂണറേഷന്‍ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ നടക്കുന്ന ജനറല്‍ സിനഡ് ചര്‍ച്ച ചെയ്യും. ഈ വാര്‍ത്തയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ വളച്ചൊടിച്ച് സമരം നടത്തുന്നു എന്നാക്കി മാറ്റിയത്.

ഇംഗ്ലണ്ടില്‍ മാത്രം പത്ത് ബില്യണിലേറെ പൗണ്ടിൻ്റെ സ്വത്തുക്കളും വിവിധ മേഖകളില്‍ നിക്ഷേപങ്ങളുമുള്ള ഒരു സഭയാണ് ആംഗ്ലിക്കന്‍ സഭ. അംഗസംഖ്യ കുറഞ്ഞുവെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ല. വൈദികരുടെയും മറ്റ് ജോലിക്കാരുടെയും ശമ്പളം കൂടാതെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ വര്‍ഷം മൂന്നു മില്യണ്‍ പൗണ്ട് അധികം സാമ്പത്തിക സഹായമായി നല്‍കിയിരുന്നു. കൂടാതെ, ദേവാലയങ്ങളുടെ വൈദ്യുതി, ഗ്യാസ് ബില്ലുകള്‍ക്കായി മറ്റൊരു പതിനഞ്ച് മില്യണും നല്‍കിയിരുന്നനുവെന്ന് “ഗാര്‍ഡിയന്‍” ദിനപ്പത്രംറിപ്പോര്‍ട്ട് ചെയ്തിരുന്നു.

കന്യാസ്ത്രീകളുടെ സേവനം തൊഴില്‍പോലെയായിരിക്കുകയാണ് എന്ന അദ്ദേഹത്തിന്‍റെ കണ്ടെത്തലും വസ്തുതാവിരുദ്ധമാണ്. ആത്മീയജീവിതത്തിനും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് ഓരോ കന്യാസ്ത്രീയും മഠത്തില്‍ ചേരുന്നത്. കൃത്യനിഷ്ഠയുള്ള ജീവിതചര്യയുടെ ഭാഗമാണ് സാമൂഹികസേവനവും. ഇതിനെ തൊഴിലായി ഗോവിന്ദന്‍ മാസ്റ്റര്‍ തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു പ്രസ്താവനയ്ക്ക് കാരണം.

2011ലെ സെന്‍സസും ചില വസ്തുതകളും

2021ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ജനസംഖ്യയുടെ 46.2% ക്രൈസ്തവരാണ്. മുസ്ലിംകള്‍ 6.5 ശതമാനവും ഹിന്ദുക്കള്‍ 1.7%, യഹൂദര്‍ .5%, സിഖ് .9%, മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ .6%, മതമില്ലാത്തവര്‍ 37.2%. ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം, 2011ലെ സെന്‍സസിനെ അപേക്ഷിച്ച് 2021ലെ സെന്‍സസ് വെളിപ്പെടുത്തുന്നത് ക്രൈസ്തവരുടെ എണ്ണത്തില്‍ 13.1 ശതമാനത്തിന്‍റെ കുറവുണ്ടായി എന്നാണ്.

സഭയിലെ അംഗങ്ങളുടെ എണ്ണത്തല്‍ കാര്യമായ കുറവുണ്ടാകുമ്പോഴും സുവിശേഷീകരണ രംഗത്ത് പുതിയ പ്രവര്‍ത്തനങ്ങളുമായി ആംഗ്ലിക്കന്‍ സഭ മുന്നേറുന്നു. ഇതിലൂടെ ആംഗ്ലിക്കന്‍ സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍ വളരെ ആശാവഹമാണ്.

ഇംഗ്ലണ്ടിലും വെയില്‍സിലും ചര്‍ച്ചില്‍ വരുന്നവരുടെയും അംഗങ്ങളാകുന്നവരുടെയും കുറവുണ്ടായതോടെ ആംഗ്ലിക്കന്‍ കമ്യൂണിയനില്‍ ഉള്‍പ്പെടുന്ന അല്‍മായരും വൈദികരും ഉള്‍പ്പെടെയുള്ളവർ വിവിധ ചാരിറ്റബിള്‍ സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റബിള്‍ സംഘടനയാണ് “ബി.ആര്‍.എഫ്”. അംഗങ്ങളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ആംഗ്ലിക്കന്‍ സഭയുടെ ദേവാലയങ്ങള്‍ ഇവര്‍ ഏറ്റെടുത്ത് അവിടെ ”മെസ്സി ചര്‍ച്ച്” (Messy Church)

എന്ന പേരില്‍ ഒരു പുതിയ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 2004 മുതല്‍ ആരംഭിച്ച മെസ്സി ചര്‍ച്ച്, 2019 ഓടെ 2,800 സഭകളാണ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് “ദി ഗ്രിഗോറി സെന്‍റര്‍ ഫോര്‍ ചര്‍ച്ച് മെള്‍ട്ടിപ്ലിക്കേഷ”ന്‍റെ കണക്കുകളില്‍ വ്യക്തമാക്കുന്നു. കുട്ടികളുടെയും യുവജനങ്ങളുടെയും കുടുംബങ്ങളുടെയും ഇടയില്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്ന ഒരു മിഷന്‍ സംഘമാണ് മെസ്സി ചര്‍ച്ച്. ആഴചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ പതിവായി കൂട്ടായ്മകൂടി ഈ വ്യക്തികളെയും കുടുംബങ്ങളെയും ക്രൈസ്തവസഭയോടു ചേര്‍ത്തുനിര്‍ത്തുക എന്ന ദൗത്യമാണ് ഈ സുവിശേഷീകരണ മുന്നേറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ രൂപപ്പെട്ട മറ്റൊരു പ്രസ്ഥാനമാണ് “ഫ്രഷ് എക്സ്പ്രഷന്‍ മൂവ്മെന്‍റ്”. ഓരോ ആഴ്ചയിലും ഓരോ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിവീതം ഈ പ്രസ്ഥാനത്തിന്‍റെ കീഴില്‍ രൂപപ്പെടുന്നു എന്നാണ് ഇതിന്‍റെ ലീഡര്‍ ജോണി ബേക്കര്‍ പറയുന്നത്. (അവലംബം: ദി ഗ്രിഗോറി സെന്‍റര്‍ ഫോര്‍ ചര്‍ച്ച് മെള്‍ട്ടിപ്ലിക്കേഷന്‍) ആംഗ്ലിക്കന്‍ സഭയുടെ പത്ത് രൂപതകളില്‍ മാത്രം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഫ്രഷ് എക്സ്പ്രഷന്‍ മൂവ്മെന്‍റിലൂടെ ഒരു ആംഗ്ലിക്കന്‍ രൂപതയ്ക്ക് തുല്യമായ ജനങ്ങളാണ് പുതുതായി ക്രൈസ്തവവിശ്വാസത്തില്‍ രൂപപ്പെട്ടത് എന്നായിരുന്നു.

പരമ്പരാഗത രീതിയിലുള്ള ആംഗ്ലിക്കന്‍ സഭയുടെ ബ്രഹ്മാണ്ഡ ദേവാലയങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിയുമ്പോള്‍, മറുവശത്ത് ചെറിയ സമൂഹങ്ങളായി മെസ്സി ചര്‍ച്ച് രൂപത്തിലും ഫ്രഷ് എക്സ്പ്രഷന്‍ മൂവ്മെന്‍റ് രീതിയിലും സഭ വളരുന്നു എന്നാണ് ആംഗ്ലിക്കന്‍ സഭ വ്യക്തമാക്കുന്നത്. പഴയ ദേവാലയങ്ങള്‍ ഇടിച്ചുപൊളിച്ചു കളയുകയും അംഗങ്ങള്‍ കുറവുള്ള വിരലിൽ എണ്ണാവുന്ന ദേവാലയങ്ങൾ കഴിഞ്ഞ കാലങ്ങളില്‍ ഇതരമതസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ദേവാലയങ്ങള്‍ ഇതര മതവിഭാഗങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന പതിവ് രീതിയില്‍നിന്ന് ഇതിനോടകം സഭ പിന്മാറി എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ആളൊഴിഞ്ഞ ആരാധനാലയങ്ങളെ ഏറ്റെടുക്കുന്നത് സഭയില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ സുവിശേഷീകരണ പ്രസ്ഥാനങ്ങളാണ്. അടുത്ത ഒരു തലമുറയോടെ ഇംഗ്ലണ്ടില്‍നിന്ന് ആംഗ്ലിക്കന്‍ സഭ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന പ്രവചനങ്ങളെയെല്ലാം പരാജയപ്പെടുത്തി ആംഗ്ലിക്കന്‍ സഭയില്‍ വളർച്ചയുടെ പുതുനാമ്പുകള്‍ തളിര്‍ക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.

ആംഗ്ലിക്കന്‍ സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍

ആംഗ്ലിക്കന്‍ സഭയില്‍ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കിലും ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായി സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന സഭയാണിത്. ആംഗ്ലിക്കന്‍ സഭകളെല്ലാം ചേര്‍ന്ന് ദേശീയതലത്തില്‍ നടത്തുന്ന “ലൗ യുവര്‍ നൈബര്‍” മാസംതോറും പത്തുലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. കൂടാതെ സമൂഹത്തില്‍ സാമ്പത്തികമായി കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതു മുതല്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമപ്രവണതകള്‍ക്ക് എതിരേപോലും സഭയുടെ വിവിധ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ഓരോ ആംഗ്ലിക്കന്‍ ദേവാലയങ്ങളിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും അഭയാര്‍ത്ഥികളായവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നത് കാണാം. കൂടാതെ, ലോക്കല്‍ സിറ്റി കൗണ്‍സിലുകളുമായി ചേര്‍ന്ന് ദേവാലയങ്ങളില്‍ സൗജന്യ നിയമസഹായം നല്‍കുകയും അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ഇംഗ്ലീഷ് ക്ലാസുകള്‍ നടത്തുകയും ചെയ്ത് സമൂഹത്തില്‍ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിയാണ് ഓരോ ആംഗ്ലിക്കന്‍ ദേവാലയവും ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്നത്. 2016ല്‍ മാത്രം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 47 മില്യണ്‍ പൗണ്‍ട് (ഏകദേശം 470 കോടി രൂപ) ആണ് നല്‍കിയത്.

ഇംഗ്ലണ്ടിലെ നാല് പ്രൈമറി സ്കൂളുകളില്‍ ഒന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ മാനേജ്മെന്‍റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡറി സ്കൂളുകളില്‍ 1/16 ഉം ആംഗ്ലിക്കന്‍സിന്‍റേതാണ്.

വിശ്വാസം ഉപേക്ഷിക്കുന്ന യുവജനങ്ങള്‍, അടിസ്ഥാന കാരണങ്ങൾ

ഇംഗ്ലണ്ടിലെ എല്ലാ വിഭാഗം ക്രൈസ്തവ സഭകളിലും യുവജനങ്ങളുടെ എണ്ണം കുറയുന്നു എന്നത് വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. സഭയില്‍ യുവജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് ഭാവിയില്‍ ക്രൈസ്തവസഭയ്ക്ക് വലിയ ഭീഷണിയാകുമെന്നു കരുതി ആകുലരാകുന്നവരും ആധുനിക തലമുറയ്ക്ക് മതകാര്യങ്ങളില്‍ വലിയ താല്‍പര്യമില്ല എന്നതില്‍ സന്തോഷിക്കുന്നവരുമുണ്ട്. എന്തുകൊണ്ടാണ് യുവജനങ്ങള്‍ ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് അകലുന്നത്? ക്രൈസ്തവ വിശ്വാസത്തിന്‍റെ യുക്തിരാഹിത്യമോ അതില്‍ അടങ്ങിയിരിക്കുന്ന അപ്രായോഗികതയോ അല്ല സഭയിൽ നിന്നും അകന്നുപോകാൻ അനേകരേയും പ്രേരിപ്പിച്ച ഘടകം. വര്‍ദ്ധിച്ചുവരുന്ന നിരീശ്വരവാദമോ യുക്തിവാദമോ ഭൗതീകവാദമോ മാത്രമല്ല യുവജനങ്ങളെ സഭയില്‍നിന്നും അകറ്റിയതിനു പിന്നിലുള്ള ചരിത്രപരമായ ഘടകങ്ങൾ. ഇത് അല്‍പ്പം കൂടി ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.

ലോകത്തില്‍ ആദ്യമായി സണ്‍ഡേസ്കൂള്‍ ആരംഭിക്കുന്നത് 1751ല്‍ ഇംഗ്ലണ്ടിലാണ്. ഇതിലൂടെ ആംഗ്ലിക്കന്‍ സമൂഹം ക്രൈസ്തവ വിശ്വാസസംബന്ധിയായി ഏറെ മുന്നേറ്റമുണ്ടാക്കി. ബൈബിള്‍ പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷ, ഗണിതം, ക്രിസ്ത്യന്‍ ജീവിതരീതിയും മൂല്യങ്ങളുമെല്ലാം ഈ പഠനത്തിന്‍റെ ഭാഗമായിരുന്നു. ബാപ്റ്റിസ്റ്റ് സഭയുടെ കീഴില്‍ രൂപീകരിച്ച “സണ്‍ഡേ സ്കൂള്‍ സൊസൈറ്റി”യില്‍ ഒരുകാലത്ത് 40,000 സണ്‍ഡേസ്കൂളുകള്‍ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറിനും പതിനാലിനും ഇടയിലുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇക്കാലത്ത് ക്രൈസ്തവികതയില്‍ ആഴപ്പെട്ടത്. മാഞ്ചസ്റ്ററില്‍ മാത്രം അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു എന്നാണ് ‘ക്രിസ്റ്റ്യാനിറ്റി” മാഗസിന്‍റെ 2010ലെ രേഖകളില്‍ പറയുന്നത്. ഇതിന്‍റെ പരിണിതഫലമായിരുന്നു വിവിധ ലോകരാജ്യങ്ങളിലേക്ക് കടന്നുപോയ ഇംഗ്ലീഷ് മിഷനറിമാര്‍.

രണ്ട് നൂറ്റാണ്ടിലേറെ വളരെ ശക്തമായി പ്രവര്‍ത്തിച്ച സണ്‍ഡേസ്കൂള്‍ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്‍റെ ഒടുവിലോടെ ക്രമേണ നാമാവശേഷമായി. 1970 ഓടെ ഇംഗ്ലണ്ടിലെ അവസാനത്തെ സണ്‍ഡേസ്കൂളും അടച്ചുപൂട്ടി, ഇപ്പോള്‍ ക്രൈസ്തവ സഭകളുടെ കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം അല്‍പ്പസ്വല്‍പ്പം മതവിദ്യാഭ്യാസം നല്‍കുന്ന രീതി തുടര്‍ന്നു. ആംഗ്ലിക്കന്‍, കാത്തലിക് സഭയുടെ പ്രൈമറി സ്കൂളുകളില്‍ ബൈബിള്‍ കഥകളും ക്രൈസ്തവമൂല്യങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സണ്‍ഡേസ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് സഭ വ്യതിചലിച്ചത് ആംഗ്ലിക്കന്‍ സഭയെ ഏറെ തളര്‍ത്തി. ഇതിന്‍റെ ഫലമായി ക്രൈസ്തവ വിശ്വാസസംഹിതകളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ഒരു തലമുറ രാജ്യത്ത് രൂപപ്പെട്ടു. ഇത് യുവജനങ്ങളെ ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകറ്റിയ പ്രധാന സംഗതിയാണെന്ന് നിസ്സംശയം പറയാം.

രണ്ടാമതായി, 13 വയസു മുതല്‍ കുട്ടികള്‍ക്ക് പാര്‍ട്ടൈം ജോലി ചെയ്യാമെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ കുട്ടിത്തൊഴിലാളികളും മുതിര്‍ന്ന വിദ്യാര്‍ത്ഥികളുമെല്ലാം കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ തൊഴിലിനായി പോകുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഈ രീതി ഇന്നൊരു സംസ്കാരമായി വളര്‍ന്നിരിക്കുന്നു. അതിനാല്‍ ഞായറാഴ്ചയെ ഒരു തൊഴില്‍ ദിനമായി മനസ്സിലാക്കിയ ഒരു തലമുറയാണ് ഇംഗ്ലണ്ടില്‍ ഇന്നുള്ളത്. കൂടാതെ, ശനി, ഞായര്‍ ദിവസങ്ങളില്‍ സജീവമാകുന്ന മൈതാനങ്ങള്‍ യുവജനതയെ ക്രിക്കറ്റ്, ഫുട്ബോള്‍ ഗെയിമുകളിലേക്ക് ആകര്‍ഷിച്ചു. ഫുട്ബോള്‍/ക്രിക്കറ്റ് മാച്ചുകളും പരിശീലനവുമെല്ലാം ഞായറാഴചകളില്‍ പതിവായി നടക്കുന്നു. ഇങ്ങനെ ഞായറാഴ്ചയെ തൊഴിലിനും വിനോദത്തിനുമായി മാറ്റിവച്ച ഒരു സംസ്കാരവും ആരാധനാലയങ്ങളിൽ അംഗസംഖ്യ കുറയുന്നതിനു കാരണമായി (തുടരും)

(10/7 ന് ദീപികയിൽ പ്രസിദ്ധീകരിച്ചത്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments