Saturday, July 27, 2024
No menu items!
Homeപ്രതികരണംആവിഷ്കര സ്വാതന്ത്ര്യമെന്നത് ആക്ഷേപിക്കാനുള്ള ലൈസൻസല്ല

ആവിഷ്കര സ്വാതന്ത്ര്യമെന്നത് ആക്ഷേപിക്കാനുള്ള ലൈസൻസല്ല

”എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും”

“കേരളം ഭ്രാന്താലയമാണ്” – ഇതായിരുന്നു ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന പരിതാപകരമായ സാമൂഹികവ്യവസ്ഥതി നേരിട്ടുകണ്ട സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ജാതീയമായ ഉച്ചനീചത്വങ്ങള്‍കൊണ്ട് ചിത്തഭ്രമം ബാധിച്ച ഒരു സമൂഹത്തെ വരച്ചുകാണിക്കാന്‍ ഇതിനെക്കാൾ മെച്ചപ്പെട്ട ഒരു പരാമര്‍ശം വിവേകാനന്ദ സ്വാമികള്‍ക്ക് അസാധ്യമായിരുന്നു. ജ്ഞാനിയും ലോകസഞ്ചാരിയുമായ അദ്ദേഹത്തെ ഈ പരാമര്‍ശത്തിന്‍റെ പേരില്‍ ആരും ഇന്നുവരെ വിമര്‍ശിച്ചിട്ടില്ല എന്നതിൽനിന്ന് അന്നത്തെ കേരള സമൂഹത്തിൻ്റെ അവസ്ഥ ഏതാണ്ട് വ്യക്തമാണ്.

ഒരു നൂറ്റാണ്ടു മുമ്പ് വലിയൊരു ഭ്രാന്താലയമായിരുന്നു കേരളമെങ്കില്‍ ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്; സംസ്കാരികമായി ഏറെ പുരോഗതി പ്രാപിച്ച ഒരു സമൂഹമായി നമ്മള്‍ അറിയപ്പെടുന്നു. ഒന്നാംകിട രാജ്യങ്ങളിലെ ഉന്നതരോടൊപ്പം വേദിപങ്കിടുന്നവരും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരുമാണ് ഇന്ന് മലയാളിസമൂഹം. വിദ്യാഭ്യാസരംഗത്ത് ഏതൊരു ജനതയോടും മത്സരിക്കാന്‍ കഴിയുംവിധം പ്രാഗത്ഭ്യം തെളിയിച്ചവരും ലോകം ഇന്ന് എത്തിനില്‍ക്കുന്ന എല്ലാ മാനവിക, മതേതര മൂല്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ പ്രാപ്തിയുള്ളവരുമാണ് മലയാളികള്‍. ഒരുകാലത്ത് ഭ്രാന്താലയമെന്ന് പഴികേട്ട ഒരു ജനസമൂഹത്തില്‍ ഇത്രവേഗം ഒരു പരിണാമം സംഭവിച്ചുവെങ്കില്‍ അതിന് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ചത് ക്രൈസ്തവസഭയും അതിലെ അസംഖ്യം പുരോഹിതരും സന്യസ്തരുമാണെന്ന വസ്തുത സാമാന്യബോധമുള്ള ആര്‍ക്കും നിഷേധിക്കാനാവില്ല. റോഡുകളും ആശുപത്രികളും ആതുരാലയങ്ങളും വിദ്യാലയങ്ങളുമായി അവര്‍ കേരളസമൂഹത്തിന് ദിശാബോധം നല്‍കി. “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു” എന്ന ക്രിസ്തുമൊഴികളെ സ്വജീവിതത്തിലേക്ക് ആവാഹിച്ചുകൊണ്ട് കേരളത്തെ കൂടുതല്‍ പ്രകാശമാനമാക്കുവാന്‍, സുന്ദരമാക്കുവാന്‍, മലയാളിയെ വിശ്വമാനവനാക്കുവാന്‍ അവര്‍ തങ്ങളുടെ സമ്പൂര്‍ണ്ണജീവിതമാണ് സമര്‍പ്പിച്ചത്.

*ദുഃഖകരമായ കാഴ്ച*

മലയാളിസമൂഹം എക്കാലവും കടപ്പെട്ടിരിക്കുന്ന ഈ ന്യൂനപക്ഷം ഇന്ന് സമൂഹത്തില്‍ അവഹേളിതരായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ദുഃഖകരമാണ്, വേദനാജനകമാണ്. കേരളസമൂഹത്തില്‍ ക്രൈസ്തവസഭയുടെ ത്യാഗോജ്ജ്വലമായ പ്രവൃത്തികള്‍ മറച്ചുവയ്ക്കേണ്ടത് പലരുടെയും നിലനില്‍പ്പിന് ഇന്ന് ആവശ്യമാണ്. അതിനാല്‍ ക്രൈസ്തവ സഭയെയും ക്രൈസ്തവ പൗരോഹിത്യത്തെയും സന്യാസത്തെയുമെല്ലാം പൊതുസമൂഹത്തില്‍ അവഹേളിക്കാനും വ്യക്തഹത്യ നടത്തുവാനും എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളോടു നിരന്തരം സംവദിക്കുന്ന കലകളെയും സിനിമയെയും നാടകത്തെയുമെല്ലാം അതിനായി അവര്‍ ഉപയോഗിക്കുന്നു.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മറവില്‍ “കക്കുകളി” എന്നൊരു നാടകം സൃഷ്ടിച്ച്, അതിലൂടെ ക്രൈസ്തവ സന്യസ്തരെ അവഹേളിക്കുവാനാണ് പുരോഗമന സാംസ്കാരിക സമൂഹം എന്നു പറഞ്ഞ് ഒരുപറ്റം ദുഷ്ടന്മാര്‍ ശ്രമിക്കുന്നത്. ഒരു പരിഷ്കൃതസമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്തരം പരിഹാസങ്ങള്‍. നീചവും പ്രാകൃതവുമാണിത്. ഇതിനെയൊക്കെ കലയെന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ ഭാഗമെന്നും പറഞ്ഞ് വാഴ്ത്തിപ്പാടാന്‍ സുബോധം നഷ്ടപ്പെട്ട ഒരുപറ്റം ആളുകള്‍ക്കു മാത്രമേ കഴിയുകയുള്ളൂ.

കേരളത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് ജീവിതം സമര്‍പ്പിച്ച ബഹുമാനപ്പെട്ട കന്യാസ്ത്രീകളെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കുന്ന ഈ സംസ്കാരശൂന്യര്‍ കേരളചരിത്രത്തില്‍ ക്രൈസ്തവ സന്യസ്തരുടെ സംഭാവനകള്‍ എന്തൊക്കെയെന്ന് പരിശോധിച്ചുനോക്കട്ടെ, അപ്പോളറിയാം, അക്ഷരവെളിച്ചവും ആതുരശുശ്രൂഷയുമായി ഭ്രാന്തന്‍ കേരളത്തെ സാംസ്കാരികസമ്പന്നരുടെ കേളീരംഗമായി മാറ്റിയെടുക്കുന്നതില്‍ ഈ മാന്യവനിതകള്‍ വഹിച്ച പങ്ക് എത്രമേല്‍ വലുതായിരുന്നു എന്ന വസ്തുത.

കമ്യൂണിസ്റ്റ് ഭ്രാന്ത് തലയ്ക്കുപിടിച്ച ഒരുകൂട്ടം ആളുകള്‍ കലാകാരന്മാര്‍ എന്ന പേരില്‍ ആള്‍ബലവും പണക്കൊഴുപ്പുമായി എതിര്‍നില്‍ക്കുമ്പോള്‍, നിയമപാലകരും നിയമവ്യവസ്ഥയും മാധ്യമങ്ങളും ഇവരെ പിന്തുണയ്ക്കുമ്പോള്‍, ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നൊരു ചോദ്യമാണ് ഉയരുന്നത്.

*കരുത്തുറ്റ പ്രാർത്ഥന*

പ്രബലരായ ശത്രുസൈന്യത്തിനു മുന്നില്‍ നിന്നുകൊണ്ട് ദാവീദിന്‍റെ പിന്‍ഗാമിയായ ആസാ നടത്തിയ ഒരു പ്രാര്‍ത്ഥനയാണ് ഇവിടെ എടുത്തുപറയാനുള്ളത്. 2 ദിനവൃത്താന്തം 14:11-ല്‍ ആ പ്രാര്‍ത്ഥന രേഖപ്പെടുത്തിയിട്ടുണ്ട്: “കര്‍ത്താവേ, ബലവാനെതിരേ ബലഹീനനെ സഹായിക്കാന്‍ അവിടുന്നല്ലാതെ മറ്റാരുമില്ല. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നു; ഞങ്ങളെ സഹായിക്കണമേ! കര്‍ത്താവേ, അവിടുന്നാണു ഞങ്ങളുടെ ദൈവം; അങ്ങേക്കെതിരേ മര്‍ത്യന്‍ പ്രബലനാകരുതേ!…” ഈ പ്രാര്‍ത്ഥനയുടെ ശക്തിയോടെ ആവിഷ്കാര സ്വാതന്ത്യത്തിൻ്റെ പേരു പറഞ്ഞ് നിങ്ങളെ ആക്ഷേപിക്കുന്ന പൈശാചികസംഘത്തെ നേരിടുക. ഒരു വഴിയായി വന്നവരെല്ലാം പലവഴിയായി ചിന്നിച്ചിതറി ഓടുന്നത് നമുക്കു കാണാനാകും.

എല്ലാറ്റിനുമുപരിയായി, മലയിലെ പ്രസംഗവേളയില്‍ യേശുനാഥന്‍ നമുക്കു മുന്നറിയിപ്പായി നല്‍കിയ ഒരു വചനം കൂടി സ്മരിച്ചുകൊള്ളുക. ”എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ളാദിക്കുവിന്‍; സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5:11)

ലോകത്തിന് നന്മചെയ്യുന്നതിനായി വിളിക്കപ്പെട്ടവരും ഇറങ്ങിത്തിരിച്ചവരുമാണ് നിങ്ങള്‍. ഇരുളിന്‍റെ ശക്തികള്‍ ഇതിനെതിരേ ഉറഞ്ഞുതുള്ളിക്കൊണ്ടിരിക്കും, “യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു” (തീത്തോസ് 2:14). ഈ വചനം സ്മരിക്കുക, ക്രിസ്തുനാഥന്‍റെ പീഡാനുഭവങ്ങളെ ധ്യാനിക്കുന്ന ഈ വേളയില്‍ പ്രിയ സന്യസ്തരേ, നിങ്ങള്‍ ഭഗ്നാശരാകാതെ ഭാഗ്യകരമായ പ്രത്യാശയോടെ മുന്നോട്ടു നീങ്ങുക…!!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments