Wednesday, November 6, 2024
No menu items!
Homeനസ്രാണി പൈതൃകം"സൂര്യനു വേണ്ടി ആരും രക്തസാക്ഷിയായിട്ടില്ല''

“സൂര്യനു വേണ്ടി ആരും രക്തസാക്ഷിയായിട്ടില്ല”

രണ്ടാം വത്തിക്കാൻ കൺസിൽ പ്രമാണരേഖയിൽ പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിച്ച ഡിക്രിയുടെ ആദ്യ ഖണ്ഡികയിൽ പൗരസ്ത്യസഭകളുടെ പൗരാണിക പാരമ്പര്യങ്ങളെ “പിതൃസ്വത്ത്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. “ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ (പിതൃസ്വത്ത്) അഭംഗമായും പൂർണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസ്സഭയുടെ ലക്ഷ്യം”

ആറാം ഖണ്ഡികയിൽ എടുത്തു പറയുന്നു “നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളർച്ചയ്ക്കു വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവുന്നതല്ല. അതിനാൽ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം”

ഖണ്ഡിക 12-ൽ പറയുന്ന ശ്രദ്ധേയമായ കാര്യം “പൗരസ്ത്യ സഭകളിൽ കാണുന്ന കൂദാശകളുടെ പരികർമ്മ രീതി അതിപുരാതനമാണ്. അതിനേ കൗൺസിൽ സ്ഥിരീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ അർപ്പിക്കുകയും പരികർമ്മം ചെയ്യുകയും ചെയ്യുന്ന വിധത്തെ കൗൺസിൽ അംഗീകരിച്ചുറപ്പിക്കുന്നു. ആവശ്യമെങ്കിൽ പരമ്പരാഗതമായ രീതി തന്നെ പുനഃസ്ഥാപിക്കണമെന്ന് കൗൺസിൽ ആഗ്രഹിക്കുന്നു” (1).

രണ്ടാം വത്തിക്കാൻ കൗൺസിലിനെ സംബന്ധിച്ച് പൗരസ്ത്യ സഭാ പാരമ്പര്യങ്ങളുടെ പുനഃസ്ഥാപനവും ആരാധനക്രമങ്ങളുടെ നവീകരണവും പരമപ്രധാനമായ സംഗതികളായിരുന്നു. പൗരാണികത മാത്രം അല്ലെങ്കിൽ നവീകരണ രീതി മാത്രം എന്ന നിലപാട് കൗൺസിൽ സ്വീകരിച്ചിട്ടില്ല.

പൗരസ്ത്യസഭകൾ തങ്ങളുടെ പൗരാണിക പിതൃസ്വത്തിനെ സംരക്ഷിക്കുന്നതോടൊപ്പം കാലാനുസ്യതമായ മാറ്റങ്ങൾ ഉൾക്കൊള്ളുകയും നടപ്പാക്കുകയും വേണം എന്നതായിരുന്നു കൗൺസിൽ നിലപാട്. ഇവിടെയാണ് സീറോ മലബാർ സഭയുടെ സിനഡ് നിർദ്ദേശിച്ചിരിക്കുന്ന വിശുദ്ധ കുർബാന രീതിയുടെ കാലിക പ്രസക്തി. സഭയുടെ ആരംഭം മുതൽ നിലനിന്നിരുന്ന അൾത്താര അഭിമുഖ ബലിയർപ്പണ രീതിയും നവീകരണത്തിൻ്റെ ഭാഗമായി പകുതിയിലേറെ സമയം ഉൾപ്പെടുന്ന ജനാഭിമുഖ രീതിയും “പൗരാണികതയുടെ പുനഃരുത്ഥാരണവും ആധുനികതയുടെ നവീകരണവും” ഉൾക്കൊള്ളണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ അനുശാസനത്തെ ശിരസ്സാ വഹിക്കുകയാണ്.

പുരോഹിതൻ ജനാഭിമുഖമായി നിന്നു വേണം ബലിയർപ്പിക്കേണ്ടത് എന്ന വാദം ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത് പ്രൊട്ടസ്റ്റൻ്റ് സഭകളുടെ തലതൊട്ടപ്പനായ മാർട്ടിൻ ലൂഥറാണ്. അൾത്താര അഭിമുഖ കുർബാന കിഴക്കിന് അഭിമുഖവും അതിനാൽ ഇത് സൂര്യാരാധനയുടെ ഭാഗവുമാണ് എന്നതായിരുന്നു ലൂഥറും ലൂഥറൻ ചിന്തകരും പ്രചരിപ്പിച്ചത്. എന്നാൽ സഭാപിതാവായിരുന്ന ജസ്റ്റിൻ മാർട്ടയറുടെ ഒരൊറ്റ ഉദ്ധരണി മാത്രംമതി ലൂഥറുടെ വാദം പൊളിക്കാൻ. “സൂര്യനിലുള്ള തൻ്റെ വിശ്വാസത്തേപ്രതി രക്തസാക്ഷിയാകാൻ ആരും തയ്യാറായിട്ടില്ല” എന്ന ജസ്റ്റിൻ്റെ വാദം ഇന്നും ശക്തമാണ്. അൾത്താര അഭിമുഖമായി (കിഴക്കിന് അഭിമുഖം) ബലിയർപ്പണം നടത്തിയിരുന്ന പേർഷ്യൻ സഭ സൂര്യനു വേണ്ടിയല്ല, ക്രിസ്തു വിശ്വാസ സംരക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് രക്തസാക്ഷി മകുടം ചൂടിയത്.

പേർഷ്യൻ രാജാക്കന്മാർ ക്രിസ്ത്യാനികളെ പീഡിപ്പിച്ചപ്പോൾ തങ്ങളുടെ ശത്രുവായ റോമാ സാമ്രാജ്യത്തേ അക്രമിക്കുന്നു എന്ന പ്രതീതിയാണ് അവർക്ക് ഉണ്ടായിരുന്നത്. ഷാപ്പൂർ (മൂന്നാം നൂറ്റാണ്ട് ) ഒന്നാമൻ്റെ കാലത്ത് വൈദികരും വിശ്വാസികളുമായ 16,000 പേർ രക്തസാക്ഷികളായി എന്നാണ് സഭ ചരിത്രകാരന്മാർ പറയുന്നത്.

AD 540 മുതൽ ആരംഭിച്ച മത പീഡന കാലത്ത് പള്ളികളും ആശ്രമങ്ങളും നശിപ്പിക്കപ്പെട്ടു, കാതോലിക്കയും സഭാ നേതാവുമായിരുന്ന മാർ ആബായെ നാടുകടത്തി. AD 608/609 മുതൽ 628 വരെ നടന്ന മത പീഡന കാലത്ത് നിരവധി സഭാ നേതാക്കൾ രക്തസാക്ഷികളായി (2)

റോമാ സാമ്രാജ്യത്തിനുള്ളിലും (ലത്തീൻ, ഗ്രീക്ക്, ബൈസൻ്റയിൻ) വെളിയിലുമായി (പേർഷ്യ) വിവിധ ഭാഷയിലും സംസ്കാരത്തിലും ദേശത്തിലും രൂപപ്പെട്ട ക്രൈസ്തവ സഭാമക്കൾ ആരാധനാലയത്തിൽ കൂടി വന്നതിന് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏക സത്യ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” അതിന് ഏറ്റവും ശ്രേഷ്ഠമായ അപ്പസ്തോലിക ഘടന അവർ സ്വീകരിച്ചു. പുരോഹിതർ അൾത്താര അഭിമുഖമായി നിന്നുകൊണ്ട് ജനത്തോടൊപ്പം ”യേശുക്രിസ്‌തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികൾ അര്‍പ്പിക്കുകയായിരുന്നു” ( 1 പത്രോസ് 2:4-10). ഇത് ദേവാലയത്തിൽ കടന്നു വരുന്ന ഓരോ വ്യക്തിയും ബലി അർപ്പകനാണെന്ന ബോധ്യം നൽകി.

കത്തോലിക്കാ സഭയിൽ 1970 കാലഘട്ടം വരെ അൾത്താര അഭിമുഖമായി നിന്നുള്ള വിശുദ്ധ കുർബാന ആയിരുന്ന അർപ്പിച്ചിരുന്നത്. അൾത്താര അഭിമുഖ ആരാധന അപ്പോസ്തൊലികവും ഇതിനെല്ലാം തിരുവെഴുത്തിൽ വാക്യവുമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. ഇത്തരം ചോദ്യം ഉന്നയിക്കുന്നവർക്ക് 8-ാം നൂറ്റാണ്ടിലെ സഭാപിതാവായിരുന്ന ജോൺ ഓഫ് ഡമാസ്കസിൻ്റെ മറുപടിയേ നൽകാനുള്ളൂ “പാരമ്പര്യങ്ങളിലൂടെ നമുക്ക് കൈമാറിക്കിട്ടിയവ അധികവും എഴുതപ്പെടാത്തവയാണ്”

1920കളിൽ മാത്രമാണ് ജർമൻ കത്തോലിക്കാ സഭയിൽ ജനാഭിമുഖ കുർബാനാ രീതി ആരംഭിക്കുന്നത്. കത്തോലിക്കാ സഭയോട് എല്ലാ അർത്ഥത്തിലും വിയോജിച്ചു നിന്ന ലൂഥർ പോലും തൻ്റെ ജീവിതകാലത്ത് ജനാഭിമുഖ കുർബാന രീതി നടപ്പാക്കിയിരുന്നില്ല. ദൈവജനത്തിനിടയിൽ വലിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിന് എന്നാണ് പറയപ്പെടുന്നത്. (3)

രണ്ടാം വത്തിക്കാൻ കൗൺസിൽ പൗരാണിക പാരമ്പര്യങ്ങളെ ഏറെ പുകഴ്ത്തുകയും അതിൻ്റെ പുനഃരുത്ഥാരണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം കാലികമായ നവീകരണങ്ങൾ ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെടുന്നു. കൗൺസിലിൻ്റെ ഈ നിർദ്ദേശത്തിൻ്റെ പരിപൂർണ്ണമായ അനുസരണമാണ് സീറോ മലബാർ സഭ നടപ്പിൽ വരുത്തിയിരിക്കുന്ന പുതിയ ആരാധനക്രമം. പൗരാണികതയും ആധുനികതയും സന്ധിക്കുന്ന ഈ രീതിയെ നിഷേധിക്കുന്നവർ ചരിത്രബോധമില്ലാത്ത പിടിവാശിക്കാർ മാത്രമാണ്.

………………………………………………………

(1) രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖ

(2) തിരുസ്സഭാ ചരിത്രം – ഡോ സേവ്യർ കൂടപ്പുഴ

(3) കിഴക്കിനഭിമുഖമോ ജനാഭി മുഖമോ ? ഫാ.ജോസഫ് കളത്തിൽ

പ്രസ്തുത ഗ്രന്ഥങ്ങളിൽ നിന്നുള്ള നിരവധി ഉദ്ധരണികൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments