മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനുഷ്യര്‍ ഏതെങ്കിലും വിധത്തിലുള്ള ബലിയര്‍പ്പണങ്ങളില്‍ വ്യാപൃതരായിരുന്നു എന്ന് കാണാന്‍ കഴിയും. ഇഷ്ടിക, കവിത, മതിലുകള്‍ എന്നിവയുടെ നിര്‍മാണത്തിന് മുമ്പുതന്നേ, തന്നേക്കാള്‍ ഉന്നതമായ ഏതോ ഒരു ശക്തിയുടെ നേര്‍ക്കുള്ള ആദരംകൊണ്ടോ ഭയംകൊണ്ടോ ചരിത്രാതീതകാലം മുതലേ മനുഷ്യന്‍ ബലിയര്‍പ്പിച്ചിരന്നു.
മനുഷ്യാതീതമായി പരിലസിക്കുന്ന പരമസത്തയുടെ പ്രകൃതി കൂടുതല്‍ വ്യക്തമായതോടെ ബലിയര്‍പ്പണത്തിന്‍റെ സ്വഭാവവും മാറിത്തുടങ്ങി. ദൈവപ്രസാദത്തിനായി ധാന്യബലികളും മൃഗബലികളും നരബലികളുമെല്ലാം അര്‍പ്പിച്ചുകൊണ്ടിരുന്ന മനുഷ്യചരിത്രത്തിലേക്ക് പരമസത്തയായ ദൈവം മനുഷ്യനായി രംഗപ്രവേശം ചെയ്യുകയും സ്വയം ബലിയായിത്തീരകയും ചെയ്തു. “എല്ലാം പൂര്‍ത്തിയായി” എന്ന് കുരിശില്‍ കിടന്നുള്ള അവിടുത്തെ മൊഴി, ദൈവപ്രസാദത്തിനായി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല എന്ന പ്രഖ്യാപനംകൂടിയായിരുന്നു. “ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മ്മയായട്ടാണ്” ക്രൈസ്തവസഭകള്‍ ദിവ്യബലി അര്‍പ്പിക്കുന്നത്. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, ലിറ്റര്‍ജി, ആമുഖം, ധർമാരാം കോളജ് ബാംഗളൂർ, 1968)
വിശുദ്ധ ബലി അര്‍പ്പിക്കുന്നത് ജനാഭിമുഖമോ അള്‍ത്താരയ്ക്ക് അഭിമുഖമോ ഇതു രണ്ടും ചേര്‍ന്നുള്ളതോ എന്ന തര്‍ക്കം വലിയ ചര്‍ച്ചകളിലേക്കു നീങ്ങുമ്പോള്‍, ബലിയര്‍പ്പണ രീതിക്ക് നിദാനമായി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ അരനൂറ്റാണ്ടു മുമ്പ് പുറപ്പെടുവിച്ച ചരിത്രപരതയും ബലിയര്‍പ്പണത്തെക്കുറച്ചുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ഒരു പുനര്‍വായന നടത്തിയതാണ് ഈ ലേഖനത്തിതല്‍ പ്രതിപാദിക്കുന്നത്.
പൗരസ്ത്യ സഭകളെക്കുറിച്ചുള്ള ചരിത്ര പ്രതിപാദ്യങ്ങളുടെ ആമുഖത്തില്‍ പ്രമാണരേഖ പറയുന്ന ചില വിവരണങ്ങള്‍ നോക്കുക:
“ശ്ലീഹന്മാരുടെ കാലത്തുതന്നെ തിരുസ്സഭ പലസ്തീനായുടെ അതിര്‍ത്തികളെ ഭേദിച്ച് അയല്‍പ്രദേശങ്ങളിലേക്കും സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. ക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളിലും വിശ്വാസവിഷയങ്ങളിലും ഐക്യരൂപ്യം ഉണ്ടായിരുന്നുവെങ്കിലും ആരാധനക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും ഭരണരീതികളിലും, ശിക്ഷണനിയമങ്ങളിലും, വിശ്വാസവിഷയങ്ങളെ വിശദീകരിക്കുന്ന രീതികളിലും വ്യത്യാസം ദൃശ്യമാകുന്നുണ്ട്
ആദിമസഭയുടെ കാലത്ത് രൂപപ്പെട്ട ചില സഭാസമൂഹങ്ങള്‍ അയല്‍പ്രദേശങ്ങളിലും തങ്ങളുടെ സ്വാധീനം ചെലുത്തി തങ്ങളുടെ ഭരണാതിര്‍ത്തികള്‍ വ്യാപിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നു. അലക്സാണ്ട്രിയന്‍ സഭ ഈജിപ്തിലും അന്ത്യോക്യന്‍ സഭ സിറിയയിലും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സഭ ഗ്രീസ്, ഏഷ്യാമൈനര്‍, തുടങ്ങിയ സ്ഥലങ്ങളിലും റോമാസഭ യൂറോപ്പ് മുഴുവനിലും ആഫ്രിക്കയുടെ പല ഭാഗങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.
നാലാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ റോമാസാമ്രാജ്യം രണ്ട് വ്യവസ്ഥാപിത ഭാഗങ്ങളായി തിരിഞ്ഞതോടെ പാശ്ചാത്യരാജ്യത്തെ സഭയെ “പാശ്ചാത്യസഭ”യെന്നും പൗരസ്ത്യദേശത്തിലെ സഭകളെ “പൗരസ്ത്യസഭകള്‍” എന്നും വിളിച്ചു തുടങ്ങി. ഈ അവസരത്തില്‍ പൗരസ്ത്യസഭയില്‍ രണ്ട് പ്രാദേശിക സഭകള്‍, അന്ത്യോക്യന്‍ സഭയുടെയും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സഭയുടെയും കീഴില്‍ തങ്ങളുടെ വ്യത്യസ്തമായ ആരാധനാക്രമത്തോടുകൂടി രൂപമെടുത്തു. അങ്ങനെ അഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും അഞ്ച് പ്രാദേശികസഭകളായി പൗരസ്ത്യസഭകളെ കാണാന്‍ കഴിഞ്ഞു. അവയാണ് കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സഭ, അലസ്കാണ്ട്രിയന്‍ സഭ, അന്ത്യോക്യന്‍ സഭ, കല്‍ദായ സഭ, അര്‍മ്മീനിയന്‍ സഭ എന്നിവ”
“ഇന്ത്യയിലെ പൗരസ്ത്യ കത്തോലിക്കര്‍ തോമാസ്ലീഹായില്‍നിന്ന് സുവിശേഷം സ്വീകരിച്ചു. അവരാണ് “മാര്‍ത്തോമാ ക്രിസ്ത്യാനികള്‍”. പേര്‍ഷ്യന്‍ സഭയമായി ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ബന്ധംവഴി പേര്‍ഷ്യന്‍ അഥവാ കല്‍ദായ റീത്ത് ഇവിടെ രൂപമെടുത്തു. 17-ാം നൂറ്റാണ്ടിലുണ്ടായ പിളര്‍പ്പിനെതുടര്‍ന്ന് ഒരു വിഭാഗം യാക്കോബായ വിശ്വാസം സ്വീകരിച്ച് അന്ത്യോക്യന്‍ റീത്ത് ആശ്ലേഷിച്ചു. ഇതില്‍നിന്ന് ഒരു ചെറിയ വിഭാഗം 1931ല്‍ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു, അവരാണ് അന്ത്യോക്യന്‍ ആരാധനാരീതി പിന്‍പറ്റുന്ന “സീറോ മലങ്കര റീത്ത് “.
“വിവിധ റീത്തുകള്‍ സഭയുടെ ഐക്യത്തിന് വിലങ്ങുതടിയല്ല, ഭൂഷണമാണെ”ന്നാണ് രണ്ടാം വത്തിക്കാന്‍ പ്രമാണരേഖയുടെ പ്രഖ്യാപനം (പേജ് 155). പൗരസ്ത്യസഭകളില്‍ കാണുന്നതാണ് പാത്രിയാര്‍ക്കീസ് സ്ഥാനം. പാശ്ചാത്യസഭകളില്‍നിന്ന് വ്യത്യസ്തമായ ഒരു ആരാധനക്രമം പൗരസ്ത്യ സഭകള്‍ക്കുണ്ട്. ക്രിസ്തുവിന്‍റെ ജീവിതം സമഗ്രമായി വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പൗരസ്ത്യസഭകളില്‍ തിരുക്കര്‍മ്മ വത്സരത്തെ പത്ത് കാലങ്ങളായി തിരിച്ചിട്ടുണ്ട്.
പൗരസ്ത്യസഭകളെ സംബന്ധിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനന്‍റെ ഡിക്രിയില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍:
“പൗരസ്ത്യസഭകളുടെ പൗരാണികത്വം ഒരു പ്രത്യേകസ്ഥാനം അവര്‍ക്ക് നല്‍കുന്നുണ്ട്. സഭാപിതാക്കന്മാരിലൂടെ കൈവന്ന അപ്പസ്തോലിക പാരമ്പര്യം അവരില്‍ പ്രശേഭിക്കുന്നുണ്ട്. ഈ പാരമ്പര്യമാവട്ടെ, സാര്‍വ്വത്രികസഭയുടെ ദൈവാവിഷ്കൃതവും അവിഭാജ്യവുമായ പിതൃസ്വത്തിൻ്റെ ഒരു ഭാഗമാണ്. അതിനാല്‍ പൗരസ്ത്യസഭയുടെ കാര്യത്തില്‍ പരിശുദ്ധ സൂന്നഹദോസിന് അതിയായ താല്‍പര്യമാണുള്ളത്. പ്രസ്തുത സഭകള്‍ ഈ പാരമ്പര്യത്തിന്‍റെ സജീവസാക്ഷികളാണല്ലോ. അവ വളര്‍ന്ന് വികസിക്കാനും അതോടൊപ്പം അവയില്‍ നിക്ഷിപ്തമായിരിക്കന്ന ദൗത്യം നവമായ അപ്പസ്തോലിക ചൈതന്യത്തോടെ പൂര്‍ണ്ണമാക്കുവാനും ഈ സൂന്നഹദോസ് ആഗ്രഹിക്കുന്നു” (ഖണ്ഡിക 1)
ഓരോ പ്രാദേശികസഭയുടെയും പാരമ്പര്യങ്ങളെ പൂര്‍ണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസ്സഭയുടെ ലക്ഷ്യം. പൗരസ്ത്യസഭകളിലെ പൗരാണിക പാരമ്പര്യങ്ങളെ “ആധ്യാത്മിക പിതൃസ്വത്ത്” എന്നാണ് കൗൺസിൽ വിശേഷിപ്പിക്കുന്നത്. (പേജ് 158) സഭയുടെ പൗരാണിക പാരമ്പര്യമനുസരിച്ച് പൗരസ്ത്യസഭകളിലെ പാത്രിയാര്‍ക്കീസുമാര്‍ക്ക് പ്രത്യേക ബഹുമതിയുണ്ട്. കാരണം അവരോരുത്തരും അവരവരുടെ ഭരണാതിര്‍ത്തിക്കുള്ളില്‍ അതിന്‍റെ പിതാവും ശിരസ്സുമാണ്. (പേജ് 159)
ആരാധനാ രീതിയുടെ പേരില്‍ വിവാദം ഉയരുമ്പോള്‍ പ്രമാണരേഖ ഉയര്‍ത്തുന്ന ഏറെ ശ്രദ്ധേയമായ ഒരു പ്രഖ്യാനം നോക്കുക: “പൗരസ്ത്യസഭകളില്‍ കാണുന്ന കൂദാശകളുടെ പരികര്‍മ്മരീതി അതിപുരാതനമാണ്. അതിനെ കൗണ്‍സില്‍ സ്ഥിരീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ അവ അര്‍പ്പിക്കുകയും പരികര്‍മ്മം ചെയ്യുകയും ചെയ്യുന്ന വിധത്തെ കൗണ്‍സില്‍ അംഗീകരിച്ച ഉറപ്പിക്കുന്നു” (പേജ് 116).
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ അള്‍ത്താരയ്ക്ക് അഭിമുഖമായിരുന്നു കത്തോലിക്കാ സഭയുടെ ലാറ്റിന്‍ ഉള്‍പ്പെടെയുള്ള എല്ലാ റീത്തുകളിലും സീറോമലബാര്‍ സഭയിലും കുര്‍ബാന അര്‍പ്പിച്ചിരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലന് ശേഷമാണ് ദൈവജനത്തിന് കൂടുതല്‍ പങ്കാളിത്തം ഉണ്ടാകുവാന്‍ വേണ്ടിയുള്ള വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായി ജനാഭിമുഖ കുര്‍ബാന രീതിയും പ്രാദേശിക ഭാഷയിലുള്ള തക്സാകളും അവലംബിക്കുന്നത്. എന്നാല്‍ രണ്ടാം വത്തിക്കാൻ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ പൗരാണിക പാരമ്പര്യങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പദവികള്‍ വച്ചുകൊണ്ട് തങ്ങളുടെ പൗരാണിക ആരാധനാരീതി പുനഃസ്ഥാപിക്കാന്‍ സീറോ മലബാർ സഭയിൽ പതിറ്റാണ്ടുകളായി ശ്രമങ്ങള്‍ നടന്നിരുന്നു.
ഭാരതസഭ അതിന്‍റെ ആധ്യാത്മിക ഉറവിടങ്ങളിലേക്കും പൗരാണിക പൈതൃക ആരാധനാരീതിയിലേക്കും മടങ്ങിപ്പോകണമെന്ന വലിയൊരു താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ പരിശ്രമങ്ങള്‍ ആരംഭിച്ചു. ക്ഷയിച്ചുകൊണ്ടിരുന്ന സുറിയാനി പാരമ്പര്യം വീണ്ടെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ക്ക് വലിയ ഉത്സാഹമായിരുന്നു ഈ നീക്കം. ഇതിന് റോമാസഭയുടെ അംഗീകാരം ലഭിക്കുകയും 1987ല്‍ കേരളം സന്ദര്‍ശിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ കോട്ടയം നാഗമ്പടം മൈതാനത്ത് സീറോമലബാര്‍ സഭയുടെ പൗരാണിക പാരമ്പര്യരീതിയില്‍ അൾത്താരയ്ക്ക് അഭിമുഖമായി നിന്നു ബലിയര്‍പ്പിച്ചുകൊണ്ട് “ഭാരതസഭയുടെ ആധ്യാത്മിക പിതൃസ്വത്ത്” എന്നറിയപ്പെടുന്ന അൾത്താരയ്ക്ക് അഭിമുഖമായി നിന്നുകൊണ്ടുള്ള ആരാധനാരീതി പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, 1992ല്‍ ഒരു സ്വതന്ത്രസഭയായി സീറോമലബാര്‍ സഭയെ റോം ഉയര്‍ത്തുകയും ഒരു പാത്രിയാര്‍ക്കീസന് തുല്യമായ പദവികളോടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി അംഗീകരിക്കുകയും ചെയ്തു.
“നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യസഭകളും അറിഞ്ഞിരിക്കണമെന്നും ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ലെന്നും അതിനാല്‍ ഏറ്റവും വിശ്വാസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍ തന്നെ അനുസരിക്കണമെന്നും ” പ്രമാണരേഖ പ്രത്യേകം പറുയന്നു (പേജ് 158).
കുര്‍ബാന സഭയുടെ ആരാധനയാണ്. സ്വര്‍ഗ്ഗീയ ജെറുസലേമില്‍ ആചരിക്കപ്പെടുന്ന ആ ആരാധനയുടെ ഒരു മുന്നാസ്വാദനമത്രെ ഈ ഭൗമികമായ ആരാധന. ആ വിശുദ്ധനഗരമാണ് തീര്‍ത്ഥാടകരായ നമ്മുടെ യാത്രാലക്ഷ്യം. അവിടെയാണ് വിശുദ്ധസ്ഥലത്തെയും സാക്ഷാല്‍ ആരാധനാസ്ഥലമായ കൂടാരത്തിലെയും ആചാര്യനായ ക്രിസ്തു പിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നത്. അവിടെ സ്വര്‍ഗ്ഗീയസൈന്യനിരയോടു ചേര്‍ന്ന് നാഥന് പുകഴ്ചയുടെ കീർത്തനം നാം ആലപിക്കുന്നു. നമ്മുടെ ജീവന്‍തന്നെയായ ഈശോശിഹാ പുനരാഗമിക്കുകയും മഹത്വത്തില്‍ നാം അവിടുത്തോടുകൂടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതുവരെ നമ്മുടെ രക്ഷകനും നാഥനുമായ ഈശോമശിഹായെ നാം കാത്തിരിക്കുന്നു. (പേജ് 118)
“എന്‍റെ ഓര്‍മ്മയ്ക്കായി ഇപ്രകാരം ചെയ്യുവിന്‍” എന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടുന്ന് തന്‍റെ ശിഷ്യന്മാരേ ഏല്‍പ്പിച്ച പെസഹാരഹസ്യം ആഘോഷിക്കാന്‍ സമ്മേളിക്കുന്നതില്‍നിന്ന് സഭ ഒരിക്കലും പിന്‍വാങ്ങിയിരുന്നില്ല. ദിവ്യബലി അര്‍പ്പിച്ചും ക്രിസ്തുവിനെപ്പറ്റി പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍ വായിച്ചുമാണ് അത് നിര്‍വ്വഹിച്ചിരുന്നത്. ക്രിസ്തുവിന്‍റെ പെസഹായും തുടര്‍ന്നുള്ള പീഡാസഹനവും മരണവും ഉത്ഥാനവും സ്മരിക്കുന്ന ക്രിസ്തുസംഭവങ്ങളാണ് എല്ലാ ക്രൈസ്തവസഭകളും പ്രഘോഷിക്കുന്നത്. ക്രൈസ്തവ ആരാധനയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുന്ന ഈ സംഭവങ്ങളുടെ സ്മരണാവേദിയില്‍ “പരിവര്‍ത്തനാതീതമായ ദൈവസ്ഥാപിത ഘടകങ്ങളുണ്ട്, പരിവര്‍ത്തനവിധേയമായ മാനുഷിക ഘടകങ്ങളുമുണ്ട് ” (പേജ് 122) എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രത്യേകം എടുത്തു പറയുന്നു.
വിശുദ്ധഗ്രന്ഥപാരായണവും അപ്പവീഞ്ഞുകളുടെ പരികര്‍മ്മവും അതില്‍ നിര്‍ലീനമായിരിക്കുന്ന ആത്മീയരഹസ്യങ്ങളുടെ പശ്ചാത്തലത്തില്‍ “പരിവര്‍ത്തനാതീതമായ
ദൈവസ്ഥാപിത ഘടകങ്ങളായി” കണക്കാക്കുന്നു. തുടര്‍ന്നുള്ള പ്രതിപാദ്യം കുര്‍ബാനയുടെ പേരില്‍ വിവാദം ഉയരുന്ന ഇക്കാലത്ത് വളരെ ശ്രദ്ധേയമാണ്. പരിവര്‍ത്തനവിധേയമായവയില്‍ “ആരാധനക്രമത്തിന്‍റെ ആന്തരികഭാവത്തോടു പൊരുത്തപ്പെടാത്തതോ യോജിക്കാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതും വരുത്തേണ്ടതുമാണ്”. (പേജ് 122, പാരഗ്രാഫ് 21).
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഈ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാരതസഭയില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആരാധന രീതികള്‍ കുറഞ്ഞൊരു കാലത്തേക്ക് മാറ്റൊരു രീതിയിലേക്ക് മാറിയെങ്കിലും “ആരാധനക്രമത്തിന്‍റെ ആന്തരികഭാവത്തോടു പൊരുത്തപ്പെടാത്തതോ യോജിക്കാത്തതോ ആയി എന്തെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ് ” എന്ന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ മാറ്റുവാന്‍ സാധിക്കും.
ആര്‍ക്കാണ് ആരാധനക്രമത്തിന് മാറ്റം വരുത്താന്‍ അധികാരമുള്ളത് എന്ന് പൊതുനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. 1. ആരാധനക്രമത്തിന്‍റെ നിയന്ത്രണം തിരുസ്സഭാധികാരികളെ മാത്രം, അതായയത് പരിശുദ്ധ സിംഹാസനത്തെയും നിയമം അനുവദിക്കുന്നുവെങ്കില്‍ മെത്രാനേയും ആശ്രയിച്ചിരിക്കുന്നു. 2. നിയമദത്തമായ അംഗീകരമുപയോഗിച്ചു നിശ്ചിത പരിധിക്കുള്ളില്‍ നിയമാനുസാരം സ്ഥാപിതമായ മെത്രാന്മാരുടെ പ്രാദേശികസംഘങ്ങള്‍ക്കും ആരാധനസംബന്ധമായ നിയമനിര്‍മ്മാണം നടത്താവുന്നതാണ്. 3. തന്മൂലം മറ്റാര്‍ക്കും, ഒരു വൈദികനുപോലും സ്വന്ത അധികാരത്താല്‍ ആരാധനക്രമത്തില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവന്നതല്ല.
“അടുത്തടുത്ത പ്രദേശങ്ങളില്‍ നിലവിലിരിക്കുന്ന ഒരേ റീത്തുകളില്‍ അനുഷ്ഠാനവിധികളില്‍ ഗണ്യമായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ കഴിയുന്നിടത്തോളം അവ പരിഹരിക്കാന്‍ ശ്രമിക്കണ”മെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. “ഒരേ റീത്തില്‍ തന്നെയുള്ള അയല്‍ രൂപതകളിലെ ആരാധനക്രമത്തിലെ കര്‍മ്മവിധികളെക്കുറിച്ചാണ് കൗണ്‍സില്‍ പ്രതിപാദിക്കുന്നത്” എന്ന് ഇതിന്‍റെ ഫൂട് നോട്ടില്‍ പ്രത്യേകം വിശദീകരിക്കുന്നുണ്ട്. (പേജ് 124, ഫൂട് നോട്ട് ജി)
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ സീറോ മലബാർ റീത്തില്‍ ഒരേ രീതിയിലുള്ള ആരാധന നടപ്പാക്കേണ്ടതുണ്ട്. അൾത്താര അഭിമുഖം വേണമെന്നും ജനാഭിമുഖം വേണമെന്നും രണ്ടു പക്ഷമുളളതിനാൽ ഇരുപക്ഷത്തിൻ്റെയും അഭിപ്രായങ്ങൾ പരിഗണിച്ച് ആവിഷ്കരിച്ചിരിക്കുന്ന പുതിയ കുർബാന രീതി സംബന്ധിച്ച് മെത്രാൻ സമിതി തീരുമാനമെടുത്തിരിക്കുന്നു. ഈ സിനഡ് തീരുമാനത്തോട് ഒരു വിധത്തിലും വിയോജിക്കാൻ വൈദികർക്കോ അൽമായർക്കോ അവസരം ഇല്ല എന്നതാണ് യാഥാർത്ഥ്യം.