Thursday, May 30, 2024
No menu items!
Homeനസ്രാണി പൈതൃകംപൗരോഹിത്യത്തിൻ്റെ സുവർണ്ണ പ്രഭയിൽ ആലഞ്ചേരി പിതാവ്

പൗരോഹിത്യത്തിൻ്റെ സുവർണ്ണ പ്രഭയിൽ ആലഞ്ചേരി പിതാവ്

പൗരസ്ത്യ സുറിയാനി സഭയുടെ അപ്പോസ്തൊലിക വിശ്വാസത്തിലും പാരമ്പര്യ ബോധ്യങ്ങളിലും പങ്കാളികളായി പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സീറോ മലബാർ സഭയുടെ അമരക്കാരൻ കർദ്ദിനാൾ മാർ ആലഞ്ചേരി ഗീവർഗീസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ്ണജൂബിലി നിറവിൽ. 1972 ഡിസംബർ 18ന് ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയൻ മാർ ആൻ്റണി പടിയറ പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് അദ്ദേഹം പ്രഥമ ദിവ്യബലി അർപ്പിച്ചിട്ട് അമ്പതാണ്ടുകൾ തികയുന്നു!

മധ്യതിരുവിതാംകൂറിലെ

ഒരു സാധാരണ കർഷക കുടുംബത്തിൽ ആലഞ്ചേരിൽ ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ പതിനൊന്നു മക്കളിൽ ആറാമനായിട്ട് 1945 ഏപ്രിൽ 19-നാണ് അദ്ദേഹം ജനിക്കുന്നത്. പുരോഹിത ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവനാണ് താനെന്ന ആന്തരിക ശബ്ദം പത്താം ക്ലാസ് പഠനകാലത്ത് ബാലനായ ജോർജ് തിരിച്ചറിഞ്ഞിരുന്നു. പൗരോഹിത്യം തെരഞ്ഞെടുത്ത ജ്യേഷ്ഠസഹോദരൻ ഫാ ജോസ് ആലഞ്ചേരിയുടെ വിശ്വാസ ജീവിതവും ഏറെ സ്വാധീനിച്ചിരുന്നു. പുരോഹിത ശുശ്രൂഷ ഏറ്റെടുത്ത് ഒരു സന്യാസ സഭയിൽ ചേരുവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.

സെന്റ ബർക്കുമാൻസ് ഹൈസ്കൂളിൽ നിന്ന് ഒന്നാമനായി പത്താം ക്ലാസ് പാസ്സായ സമർത്ഥനായ വിദ്യാർത്ഥി ഒരു സന്യാസ സഭയിലേക്ക് പോകുന്നുവെന്ന് ഇടവക വികാരിയിലൂടെ ചങ്ങനാശേരി അതിരൂപതയുടെ അന്നത്തെ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ മാർ മാത്യു കാവുകാട്ട് പിതാവ് അറിഞ്ഞു. മാർ കാവുകാട്ട് തിരുമേനിയുടെ പ്രത്യേക നിർദേശത്താൽ അതിരൂപതയുടെ സെമിനാരിയിൽ വൈദീക പരിശീലനത്തിന് ചേരുവാൻ പിന്നീട് ബാലനായ ജോർജ് അയയ്ക്കപ്പെട്ടു.

പ്രീ യൂണിവേഴ്സിറ്റിക്കു ശേഷം തുടർ വിദ്യാഭാസത്തിനു മേലധികാരികളുടെ നിർദേശം സ്വീകരിച്ച അദ്ദേഹം ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജിൽ ബിഎ ഇക്കണോമിക്സിനു ചേർന്നു. കേരള സർവ്വകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെയാണ് അദ്ദേഹം ബാച്ച്ലർ ബിരുദം നേടിയത്. പിന്നീട് ആലുവാ മംഗലപ്പുഴ സെമിനാരിയിൽ പൗരോഹിത്യ പരിശീലനം തുടർന്ന അദ്ദേഹം, 1972 ഡിസംബർ മാസം 18-ന് മാർ ആന്റണി പടിയറ പിതാവിൽ നിന്നാണ് അപ്പോസ്തൊലിക കൈവയ്പ്പിലൂടെ ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചത്.

തനിക്കും തന്റെ ജനത്തിനുമായി ശുശ്രൂഷ ചെയ്യുവാൻ ദൈവം പ്രത്യേകമായി വിളിച്ചു വേർതിരിച്ച് അഭിഷേകം ചെയ്തവനാണ് പുരോഹിതൻ. ദൈവദത്തമായ തന്റെ വിളിയോടും പൗരോഹിത്യത്തിലേക്കുള്ള തൻ്റെ തെരഞ്ഞെടുപ്പിനോടും വിശ്വസ്ഥത പുലർത്തി ദൈവവചനത്തിൻ്റെയും വിശുദ്ധപാരമ്പര്യങ്ങളുടെയും പ്രബോധനങ്ങളിൽ നിലനിന്ന് ലോകത്തിൽ ക്രിസ്തുവിൻ്റെ പ്രകാശം പ്രതിഫലിപ്പിക്കുക എന്നതാണ് പുരോഹിത ധർമ്മം. തന്റെ പുത്രന്റെ സഹനത്തിലും ശുശ്രൂഷയിലും പങ്കാളിയാകാൻ വിളിക്കപ്പെട്ട ഓരോ പുരോഹിതനും ഈശോ മശിഹായുടെ രക്ഷാകര സംഭവങ്ങളുടെ വർത്തമാനകാല സാക്ഷ്യങ്ങളാണ്. പൗരോഹിത്യ ശുശ്രൂഷയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന സീറോ മലബാർ സഭയുടെ തലവൻ മാർ ജോർജ്‌ ആലഞ്ചേരി പിതാവിന്റെ ജീവിതം ദൈവവിളിയുടെ സാക്ഷ്യവും ശുശ്രൂഷാജീവിതത്തിൻ്റെ വിശുദ്ധിയും പരിശുദ്ധാത്മ നിയോഗങ്ങളുടെ ഉത്തരവാദിത്വബോധം ഉയർത്തിപ്പിടിക്കുന്നതുമായ ജീവിത സാക്ഷ്യമാണ്.

ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലെ സഹവികാരിയായി നിയമിതനായ ജോർജ്‌ അച്ചൻ മനുഷ്യനെ നവീകരിക്കുവാൻ സഹായിക്കുന്ന വചനപ്രഘോഷണങ്ങളിലൂടെ ഈശോയുടെ ശുശ്രൂഷയിൽ ദൈവജനത്തിന്റെ പരിചാരകനായി. കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് അധികം അകലെയല്ലാത്ത ജനറൽ ആശുപത്രിയിലെ രോഗികളെ സന്ദർശിക്കുവാനും അവരേ ആശ്വസിപ്പിക്കുവാനും ആരുമില്ലാത്തവരുടെ അത്മീയ ശുശ്രൂഷയ്ക്കും മൃതസംസ്കാരത്തിനും കൂടെയുണ്ടായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവരുമായി ആയുഷ്ക്കാല ബന്ധം സ്ഥാപിക്കുന്ന ജോർജ്‌ അച്ചൻ കത്തിഡ്രൽ ഇടവകയിലെ എല്ലാ ഇടവകാംഗങ്ങളുടെയും കുടുംബാംഗമായി മാറി.

കത്തീഡ്രൽ ഇടവകയിലെ ശുശ്രൂഷക്കുശേഷം ജോർജച്ചൻ നിയോഗിക്കപ്പെട്ടത് ചങ്ങാനാശേരി അതിരൂപതയുടെ മതബോധന കേന്ദ്രമായ “സന്ദേശനിലയ”ത്തിന്റെ ചുമതലയിലേക്കാണ്. സന്ദേശനിലയത്തിലെ സേവനത്തിനു ശേഷം എറണാകുളത്തുള്ള കത്തോലിക്കാ സഭകളുടെ സംയുക്ത സ്ഥാപനമായ പി.ഒ.സിയിൽ അദ്ദേഹം നിയമിതനായി. ഭാരത കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളെയും അറിയുവാനും, സഭയിലെ മെത്രാന്മാരോടും വൈദീകരോടും അൽമായ നേതാക്കളോടും അടുത്തിടപഴകുവാനും സ്നേഹബന്ധങ്ങൾ വളർത്തുവാനും ഈ ശുശ്രൂഷാകാലം ജോർജച്ചനെ ഏറെ സഹായിച്ചു. ഒരു പുരോഹിതൻ എന്ന നിലയിൽ ഭാവിയിലുള്ള ഉന്നതമായ ശുശ്രൂഷകൾക്കായി ദൈവം അദ്ദേഹത്തെ ഒരുക്കുന്ന പരിശീലനക്കളരിയായിരുന്നു പി.ഒ.സി നൽകിയ അറിവും അനുഭവങ്ങളും.

പി.ഒ.സിയിലെ ശുശ്രൂഷാവേളയിലും ഫാദർ ജോർജ്‌ ആലഞ്ചേരി ഒരു പുരോഹിതൻ എന്ന നിലയിൽ തന്റെ ശുശ്രൂഷ ആവശ്യപ്പെടുന്നിടത്തെല്ലാം എപ്പോഴും ഓടിയെത്തുമായിരുന്നു. ഒരിക്കൽ ഒരു വിശ്വാസി വന്ന് തൻ്റെ അപ്പച്ചന് രോഗീലേപനം നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തന്റെ ഒരു സഹോദരൻ വൈദീകൻ ആണെന്നും ബാംഗ്ലൂരിൽ സേവനം ചെയ്യുന്ന അദ്ദേഹം എത്തിച്ചേരും മുമ്പേ ഒരു പക്ഷേ അപ്പന് എന്തെങ്കിലും സംഭവിച്ചാലോ എന്നു കരുതിയാണ് താൻ എത്തിയതെന്നും ആഗതൻ അറിയിച്ചു. ആ വ്യക്തിയോടൊപ്പം ഉടൻതന്നെ പുറപ്പെട്ട ജോർജച്ചൻ ആ വന്ദ്യവയോധികന് അന്ത്യകൂദാശകൾ നൽകി. അതിന് ശേഷം അദ്ദേഹത്തിൻ്റെ അരികിലിരുന്ന് ജോർജച്ചൻ ദൈവവചനത്തിൽ നിന്നും ക്രിസ്തീയ പ്രത്യാശയേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ പിതാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ബാംഗ്ലൂരിൽ നിന്നെത്തിയ വൈദീകന് തന്റെ അപ്പന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളെപ്പറ്റി അറിഞ്ഞപ്പോൾ അതിയായ സന്തോഷവും ആശ്വാസവും ഉണ്ടായതായി പിന്നീട് ജോർജ് അച്ചനേ അറിയിച്ചു. ആ വൈദീകനാണ് പിൽക്കാലത്തു സീറോ മലബാർ സഭയെ നയിക്കുവാൻ നിയോഗം ലഭിച്ച മാർ വർക്കി വിതയത്തിൽ. അഭിവന്ദ്യ മാർ വർക്കി വിതയത്തിൽ പിതാവിന്റ് പിൻഗാമിയായി ഈ സഭയെ നയിക്കുവാൻ ദൈവം നിയോഗിച്ചത് അഭിവന്ദ്യ മാർ ജോർജ്‌ ആലഞ്ചേരി പിതാവിനെ ആയിരുന്നു. ദൈവീകനടത്തിപ്പുകളിലെ വിസ്മയകരവും സീറോ മലബാർ സഭയുടെ ആധുനിക ചരിത്രത്തിലേ സവിശേഷവുമായ ഒരു സംഭവമായി നമുക്കിതിനേ ദർശിക്കാൻ കഴിയും.

പി.ഒ.സിയിലെ ശുശ്രൂഷക്കു ശേഷം ജോർജച്ചനെ മേലധികാരികൾ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുവാനായി ഫ്രാൻസിൽ പാരീസിലുള്ള സോർബോൺ സർവ്വകലാശാലയിലേക്ക് അയച്ചു. അവിടെ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം നാലു വർഷങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തിയ ജോർജ്‌ ആലഞ്ചേരി അച്ചൻ പി.ഒ.സിയുടെ ഡയറക്ടറായി നിയമിതനായി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിച്ച 1987 -ലെ മരിയൻ വർഷാചരണം സംസ്ഥാന തലത്തിൽ എറണാകുളത്തു വച്ചു കത്തോലിക്കാ സഭയിലെ മൂന്നു റീത്തുകളും ചേർന്ന് സംഘടിപ്പിച്ചപ്പോൾ മുഖ്യസംഘാടകനായി പിന്നണിയിൽ പ്രവർത്തിക്കാൻ ജോർജ്‌ അച്ചൻ ഉണ്ടായിരുന്നു. ഇപ്പോൾ കൊച്ചി രൂപതയുടെ മെത്രാൻ ആയിരിക്കുന്ന ഡോ. ജോസഫ് കരിയിൽ പിതാവും ഇക്കാലഘട്ടത്തിൽ പി.ഒ.സിയിൽ ജോർജച്ചന്റെ കൂടെ സേവനം ചെയ്തിരുന്നു. ഈ സമയത്തുതന്നെ ജോർജച്ചൻ വടവാതൂരിലുള്ള പൗരസ്ത്യ വിദ്യാപീഠത്തിൽ അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് പി.ഒ.സിയുടെ ചുമതല അവസാനിച്ചപ്പോൾ അച്ചൻ വടവാതൂർ വിദ്യാപീഠത്തിലെ മുഴുവൻ സമയ അധ്യാപകനായി നിയമിതനായി.

വടവാതൂർ സെമിനാരിയിലെ അധ്യാപകനായിരിക്കെ ജോർജച്ചൻ 1993-ൽ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിക്കപ്പെട്ടു. ഈ ശുശ്രൂഷയിൽ തുടരുമ്പോളാണ് 1996 ഡിസംബറിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ തെക്കൻ ഭാഗങ്ങൾ വിഭജിച്ചു തമിഴ്നാട്ടിലെ തക്കല ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചത്. ആ രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോർജ്‌ ആലഞ്ചേരി 1997 ഫെബ്രുവരിയിൽ അഭിഷിക്തനായി.

കേരളത്തിൽ നിന്നുള്ള കുടിയേറ്റ കർഷകരും തദ്ദേശിയരായ വിശ്വാസികളും ഉൾപ്പെട്ട തക്കല രൂപതയ്ക്കു സ്വന്തമായി ദേവാലയങ്ങൾ പോലും നാമമാത്രമായിരുന്നു. ഇടവക സമൂഹങ്ങളുടെ രൂപീകരണവും, ദേവാലയങ്ങളിൽ സേവനം ചെയ്യുന്നതിനായി വൈദീകരെയും തേടിപ്പിടിച്ച് അദ്ദേഹം പുതിയ രൂപതയുടെ ആത്മീയ വളർച്ചക്ക് അടിസ്ഥാനമിട്ടു. ലോകമെമ്പാടുമുള്ള സ്നേഹിതരുടെ സഹായവും തന്റെ സഹശുശ്രൂഷകരായ വൈദീകരുടെയും വിശ്വാസികളുടെയും സഹകരണവും ഒരു രൂപതക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തുവാൻ അദ്ദേഹത്തെ ശക്തിപ്പെടുത്തി. എല്ലാ വർഷവും മുടങ്ങാതെ നടത്തിയ ബൈബിൾ കൺവൻഷനിലൂടെ ഈശോയെപ്പറ്റി കൂടുതൽ വ്യക്തികൾ അറിയുവാൻ അവസരമൊരുക്കി. പരിശുദ്ധാത്മാവു നടത്തിയ വഴികളിലൂടെ തക്കല രൂപതയെ നയിച്ച ആലഞ്ചേരി മെത്രാന്റെ ശുശ്രൂഷ പതിനഞ്ച് വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് മാർ വർക്കി വിതയത്തിൽ പിതാവ് കാലം ചെയ്തത്. ഇതിനേ തുടർന്നു ചേർന്ന സീറോ മലബാർ സിനഡാണ് ആലഞ്ചേരി പിതാവിനെ സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പായി 2012 മെയ് 24-ന് തെരെഞ്ഞെടുത്തത്.

സീറോ മലബാർ സഭയിലെ ആദ്യത്തെ കർദ്ദിനാൾ ആയിരുന്ന മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ കാലഘട്ടത്തിനു ശേഷം 1992-ലാണ് സഭയെ സ്വയംഭരണാവകാശമുള്ള മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി പരിശുദ്ധ സിംഹാസനം ഉയർത്തിയത്. എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന കർദ്ദിനാൾ മാർ ആന്റണി പടിയറ സഭയുടെ ആദ്യത്തെ മേജർ ആർച്ചു ബിഷപ്പായി നിയമിതാനായി. മേജർ ആർച്ചു ബിഷപ്പിന്റെ ആസ്ഥാന രൂപത എന്ന നിലയിൽ എറണാകുളം -അങ്കമാലി അതിരൂപത നാമകരണം ചെയ്യപ്പെട്ടു. പിന്നീട് 1996-ൽ അനാരോഗ്യത്തെ തുടർന്ന് പടിയറ പിതാവ് സ്ഥാനം ഒഴിഞ്ഞപ്പോൾ അതിരൂപതയുടെ ഭരണ നിർവഹണത്തിന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ വർക്കി വിതയത്തിൽ നിയമിതനായി. അഭിവന്ദ്യ പടിയറ പിതാവ് 2000 മാർച്ച് 23ന് കാലം ചെയ്തതിനേ തുടർന്ന് മാർ വർക്കി വിതയത്തിൽ പിതാവ് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പും എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി നിയമിതനായി.

സീറോ മലബാർ സഭ ഒരു സ്വയാധികാര സഭയായി മാറിയതിനാൽ എറണാകുളം -അങ്കമാലി അതിരൂപതയുടെ മേലധ്യക്ഷന്മാർ രൂപതയ്ക്ക് പുറത്ത് നിന്ന് നിയമിക്കപ്പെടുവാൻ ഇടയായി. തങ്ങളുടെ രൂപതയുടെ ഭരണത്തിൽ പുറമെനിന്നുള്ള മെത്രാന്മാർ ഇടപെടേണ്ട എന്നൊരു അലിഖിത നിയമം ഈ രൂപതയിലെ പുരോഹിതർ വച്ചുപുലർത്തിയെന്ന് തോന്നുന്നു. ഇപ്രകാരമുള്ള ഇടുങ്ങിയചിന്തകൾ മാർ ആന്റണി പടിയറ പിതാവിന്റെ കാലത്തും മാർ വർക്കി വിതയത്തിൽ പിതാവിന്റെ കാലത്തും അവരുടെ പ്രവർത്തന സ്വാതന്ത്ര്യത്തിന് പരിമിതികൾ സൃഷ്ട്ടിച്ചിട്ടുണ്ട്. ഇത്തരമൊരു അന്തരീക്ഷത്തിലേക്കാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പായി തെരെഞ്ഞെടുക്കപ്പെട്ട മാർ ജോർജ്‌ ആലഞ്ചേരി പിതാവ് എറണാകുളം – അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്.

1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്ത് അർപ്പിച്ച സീറോ മലബാർ സഭയുടെ പരിഷ്കരിച്ച ദിവ്യബലിയുടെ ക്രമത്തിൽ കൂടുതൽ ചർച്ചകൾ ആരംഭിക്കുകയും 1992-ൽ നിലവിൽ വന്ന സഭയുടെ സിനഡ് ഈ വിഷയത്തിലുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. 1992-ൽ സിനഡ് ഒരു ഏകീകൃത കുർബാന എന്ന ആശയത്തിൽ എത്തിയെങ്കിലും, ചില രൂപതകളിലെ പുരോഹിതന്മാരുടെ എതിർപ്പിനെ തുടർന്ന് മെത്രന്മാർ കാനോനിക ഒഴിവ് നൽകി. തുടർന്ന് വീണ്ടും ഒരു ഏകീകൃത ദിവ്യബലി ക്രമത്തിനായി സഭാ സിനഡ് പരിശ്രമങ്ങൾ ആരംഭിച്ചു. 2012-ൽ ആലഞ്ചേരി പിതാവ് മേജർ ആർച്ചു ബിഷപ്പായതിനു ശേഷം ഈ ചർച്ചകൾ സജീവമാകുകയും 2015-ഓടുകൂടി സഭയിൽ ഏകീകൃത കുർബാന അംഗീകരിക്കപ്പെടും എന്നും ഉറപ്പായി. എറണാകുളത്തെ ഒരു വൈദീകൻ ‘മംഗളം’ ദിനപത്രത്തിൽ 2015-ൽ “സീറോ മലബാർ സഭക്ക് രണ്ട് രീതിയിലുള്ള കുർബാനക്രമം അഭികാമ്യം” എന്ന ലേഖനം എഴുതിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കാൻ കഴിയും.

ആലഞ്ചേരി പിതാവ് സഭാധ്യക്ഷനും അതിരൂപതയുടെ അധ്യക്ഷനുമായി തുടർന്നാൽ താൻ വിചാരിച്ചതൊന്നും നടപ്പാവില്ല എന്നുള്ള ഈ പുരോഹിതന്റെ ചിന്തയാണ് ഒരു കേവല വസ്തു വിൽപ്പനയെ “ഭൂമി വിവാദമാക്കി” ആലഞ്ചേരി പിതാവിനെ രാജിവെപ്പിക്കാനും വ്യാജരേഖ നിർമ്മാണത്തിലേക്കും മറ്റും എത്തിച്ചത്. (ഈ വിഷയങ്ങളെപ്പറ്റി കൂടുതൽ അറിയുവാൻ കമന്റ് ബോക്സിലുള്ള ലിങ്കുകൾ ക്ലിക് ചെയ്യുക).

“ഭൂമി വിവാദം” ഈ പുരോഹിതൻ ഉയർത്തികൊണ്ട് വരുവാൻ പരിശ്രമിച്ചപ്പോൾ സുബോധമുള്ള മറ്റൊരു വൈദീകൻ “ഇതിന്റെ ആവശ്യം ഉണ്ടോ?” എന്ന് ഈ പുരോഹിതനോട് ചോദിച്ചിരുന്നു.

എന്നാൽ ഇന്ന്, വിവാദങ്ങൾ തുടങ്ങി അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ സഭ ഒരു സത്യം തിരിച്ചറിയുന്നു; ഈശോയുടെ കുരിശിലെ ബലി പൂർത്തിയാക്കുവാൻ യൂദാസിന്റെ ചുംബനം അനിവാര്യമായിരുന്നതുപോലെ എറണാകുളത്തെ പുരോഹിത വിമതരുടെ കാപട്യങ്ങൾ വെളിപ്പെടുവാനും അതിലൂടെ സഭയെ വിശുദ്ധീകരിക്കുവാനും ദൈവം ഇടയാക്കിയ ഒരു നിമിത്തമായിരുന്നു ഭൂമി വിവാദം.

ഒറ്റുകാരന്റെ കപടചുംബനത്തിനും ക്രൂശീകരണത്തിനും ഇടയിൽ ഈശോമശിഹാ കടന്നു പോയ പീഡനങ്ങളുടെ വഴിത്താരകളിൽ സഞ്ചരിച്ചുകൊണ്ട് തോമാക്കുന്നിലെ താപസനും ആ സഹനങ്ങളിൽ നിശബ്ദമായ തേങ്ങലുകളുമായി ദിവ്യബലിയർപ്പണത്തിൻ്റെ അമ്പതാം വാർഷികത്തിൽ പങ്കുചേരുകയാണ്. അദ്ദേഹത്തിൻ്റെ സഹനങ്ങൾ സീറോ മലബാർ സഭക്ക് മുഴുവൻ അനുഗ്രഹമായി മാറും എന്നതിൽ സംശയമില്ല.

തന്റെ പൗരോഹിത്യ വിളിയോടും നിയോഗങ്ങളോടും വിശ്വസ്തനായി നിന്നുകൊണ്ട് സഹനത്തിൻ്റെ പാതയിൽ സാക്ഷ്യം നൽകുന്ന ആലഞ്ചേരി പിതാവിന് പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി വേളയിൽ പ്രാർത്ഥനാ മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments