Saturday, July 27, 2024
No menu items!
Homeനസ്രാണി പൈതൃകംതോമാ സാന്നിധ്യം: തെളിവുകള്‍വിളിച്ചുപറയുന്നത് എന്തെന്നാല്‍...

തോമാ സാന്നിധ്യം: തെളിവുകള്‍വിളിച്ചുപറയുന്നത് എന്തെന്നാല്‍…

ഇന്ത്യന്‍ ക്രിസ്ത്യാനിയുടെ ഇന്നലെകള്‍ -2

മാര്‍ തോമാസ്ലീഹായുടെ ഭാരതപ്രവേശനത്തെ നിഷേധിക്കേണ്ടത് ചിലരുടെ നിലനില്‍പ്പിന് ആവശ്യമാണെങ്കില്‍ അത് സ്ഥാപിച്ചെടുക്കുമ്പോഴാണ് ചിലരുടെ അസ്തിത്വത്തിന് ഉറപ്പ് കൂടുന്നത്. അനുകൂലികളുടെയും പ്രതികൂലികളുടെയും മധ്യത്തില്‍ “സാൻ്റ്വിച്ച് ഫില്ലിംഗ്” പോലെ അമര്‍ന്നുപോവുകയാണ് സെന്‍റ് തോമസിന്‍റെ ചരിത്രപരത. വാസ്തവത്തില്‍ തോമാസ്ലീഹാ ഇന്ത്യയില്‍ വന്നിരുന്നോ?

ചരിത്രഗാഥകള്‍ എഴുതാന്‍ താല്‍പര്യമില്ലാതെ ഭാരതക്രൈസ്തവര്‍ അലസാരായിപ്പോയതിനാലോ, വേണ്ടുംവിധം ചരിത്രം എഴുതിവയ്ക്കാതിരുന്നതിനാലോ, വ്യക്തമായി എഴുതിവച്ച ചരിത്രരേഖകള്‍ നശിപ്പിച്ചു കളഞ്ഞതിനാലോ ആയിരിക്കാം പൂര്‍വ്വകാലവ്യക്തതകള്‍ നഷ്ടപ്പെട്ട് ചരിത്രാവശിഷ്ടങ്ങളെ മാത്രം നമുക്ക് ഇന്ന് ആശ്രയിക്കേണ്ടി വരുന്നത്. വ്യക്തമായി എഴുതപ്പെട്ട ചരിത്രത്തെളിവുകളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത നിറയ്ക്കുവാന്‍ കുഴിച്ചെടുക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ക്കും സാഹചര്യത്തെളിവുകള്‍ക്കും നാടോടിപ്പാട്ടുകള്‍ക്കും ഐതിഹ്യകഥകള്‍ക്കും കഴിയില്ല. എന്നാല്‍തന്നെ തോമാസ്ലീഹായുടെ ഭാരതാഗമനത്തെയും ജീവിതത്തെയും പ്രവര്‍ത്തികളെയും സാധൂകരിക്കാൻ ചരിത്രത്തിന്‍റെ കൈയൊപ്പുകള്‍ പതിഞ്ഞ നിരവധി തെളിവുകള്‍ ഹാജരാക്കുവാന്‍ ഇന്നും നമുക്ക് കഴിയും.

“മാര്‍ത്തോമ്മാ ക്രിസ്ത്യാനികൾ” എന്ന സംജ്ഞയോടുകൂടിയ ഒരു വലിയ ക്രൈസ്തവസമൂഹം ഇന്നാട്ടില്‍ ഉണ്ടെന്നുള്ളതുതന്നെ അപ്പൊസ്തൊലന്‍റെ ഭാരതപ്രേഷിതത്വത്തെ വിളിച്ചറിയിക്കുന്നു. ക്രൈസ്തവരും അക്രൈസ്തവരും ഭാരതത്തിലെ ക്രിസ്തുമതത്തിന്‍റെ പ്രാചീനതയെ സമ്മതിക്കുന്നുണ്ട്. തോമ്മാസ്ലീഹാ കപ്പലിറങ്ങിയ തുറമുഖവും സ്ഥാപിച്ച പള്ളികളും പ്രാര്‍ത്ഥിച്ച മലയും മരിച്ചടക്കപ്പെട്ട കബറിടവും ഇന്നും സംപൂജ്യമായി കരുതപ്പെടുന്നു. അദ്ദേഹത്തിന്‍റെ പാദസ്പര്‍ശനത്താല്‍ പരിപാവനമായിത്തീര്‍ന്നിട്ടുള്ള ഒട്ടേറ സ്ഥലങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വിശുദ്ധ ശ്ലീഹായാല്‍ വൈദികസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ള പകലോമറ്റം, ശങ്കരപുരി തുടങ്ങിയ അതിപുരാതന കുടുംബങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. തോമ്മാസ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്ന പുരാതന പാട്ടുകള്‍ ഇപ്പോഴും ആലപിക്കപ്പെടുന്നുണ്ട്. കൂടാതെ പ്രാചീനകാലം മുതല്‍തന്നെ ഇന്നാട്ടില്‍നിന്നും വിദേശത്തുനിന്നുമുള്ള ഒട്ടനേകംപേര്‍ മൈലാപ്പൂരിലുള്ള വിശുദ്ധ തോമ്മാസ്ലീഹായുടെ ശവകുടീരം സന്ദര്‍ശിക്കുകയും നേര്‍ച്ചകാഴച്കള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ മറ്റൊരിടത്തും ഇതുവരെയും തോമാസ്ലീഹായുടെ കബറിടം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. മേല്‍പ്പറഞ്ഞവെയെല്ലാം തോമ്മാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ ദ്യോതിപ്പിക്കുന്നവയാണ്” (തിരുസ്സഭാചരിത്രം, ഡോ സേവ്യര്‍ കൂടപ്പുഴ, പേജ് 163,164)

തോമ്മാസ്ലീഹായുടെ ഭാരത പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് “തിരുസ്സഭാചരിത്ര”ത്തില്‍ വായിക്കാന്‍ കഴിയുന്ന മറ്റ് ചില തെളിവുകള്‍ ഇവയാണ്:

1 റമ്പാന്‍ പാട്ട് – ശ്ലീഹായുടെ ശിഷ്യനായിരുന്നു എന്ന് കരുതുന്ന നിരണത്തെ മാളിയേക്കല്‍ തോമ്മാ റമ്പാന്‍ എഴുതിയ റമ്പാന്‍ പാട്ടില്‍, തോമാസ്ലീഹായുടെ ഭാരതത്തിലെ പ്രവര്‍ത്തനവും ദേവാലയസ്ഥാപനവും രക്തസാക്ഷി മരണവും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

2. മാര്‍ഗ്ഗംകളിപ്പാട്ട് – കേരളക്രൈസ്തവരുടെ പുരാതന പാട്ടുകളില്‍ സുപ്രധാനമാണ് മാര്‍ഗ്ഗംകളിപ്പാട്ട്. ഈ പാട്ടിലും തോമാസ്ലീഹാ മൈലാപ്പൂരില്‍ രക്തസാക്ഷിയായതായി വിവരിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂന്നഹദോസിന്‍റെ സൂത്രധാരന്‍ മെനേസിസ് മെത്രാപ്പോലീത്തായ്ക്ക് അങ്കമാലിയില്‍ സ്വീകരണം കൊടുത്തപ്പോള്‍ തോമ്മാസ്ലീഹായുടെ അപദാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പാട്ടോടെ മാര്‍ഗ്ഗംകളി അവതരിപ്പിച്ചതായി പോര്‍ച്ചുഗീസ് ചരിത്രകാരനായ ഗുവെയാ “ജോര്‍ണാദ” എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

3. വീരടിയാന്‍ പാട്ട് – തോമ്മാസ്ലീഹായുടെ വരവും പ്രവര്‍ത്തനങ്ങളും പാട്ടുകളായി വീരടിയാന്മാര്‍ (ക്രൈസ്തവ പാണന്മാര്‍) വീടുകള്‍ തോറും പാടിനടന്നിരുന്നു. എഡി 52 തോമാസ്ലീഹാ കേരളത്തില്‍ സത്യവേദം പ്രചരിപ്പിച്ചു എന്നാണ് വീരടിയാന്‍ പാട്ടിന്‍റെ ഉള്ളടക്കം.

തോമാസ്ലീഹായുടെ മൈലാപ്പൂരിലുള്ള കബറിടം അദ്ദേഹത്തിന്‍റെ ഭാരതപ്രവേശനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ തെളിവുകളാണ് നല്‍കുന്നത്. (അവലംബം: തിരുസ്സഭാ ചരിത്രം)

1. എഡി ആറാം നൂറ്റാണ്ടില്‍ സിറിയാ സ്വദേശിയായ തെയദോര്‍ എന്ന സന്യാസി മൈലാപ്പൂരിലെത്തി തോമാസ്ലീഹായുടെ ശവകുടീരം വണങ്ങുകയുണ്ടായി. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ട് ആധാരമാക്കി ടൂര്‍സിലെ മെത്രാനായിരുന്ന വി ഗ്രിഗറി ഇന്ത്യയിലുള്ള വി തോമാസ്ലീഹായുടെ ആശ്രമത്തെക്കുറിച്ച് തന്‍റെ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

2. എഡി 883 ല്‍ ആംഗ്ലോസാക്സണ്‍ ക്രോണിക്കിളില്‍ ഇംഗ്ലണ്ടിലെ ആല്‍ഫ്രഡ് രാജാവ് തോമാസ്ലീഹായുടെ കബറിടത്തില്‍ സമര്‍പ്പിക്കുന്നതിന് അനവധി കാഴ്ചവസ്തുക്കള്‍ അയച്ചുകൊടുത്തുവെന്ന് പറയുന്നുണ്ട്.

3. ഒമ്പതാം നൂറ്റാണ്ടില്‍ സുലൈമാന്‍ എന്നൊരു മുസ്ലീം വ്യാപാരി ഇന്ത്യയിലെത്തുകയും മൈലാപ്പൂരിലെ വിശുദ്ധ തോമ്മായുടെ കബറിടം സന്ദര്‍ശിക്കുകയും അതിന് മാര്‍ത്തോമ്മായുടെ ഭവനം (ബത്തൂമ്മാ ബേസ് തോമ്മാ) എന്ന പേര് വിളിക്കുകയും ചെയ്തു

4. എഡി 1222ല്‍ മെസോപ്പൊട്ടേമിയായിലെ ബസറ നഗരത്തിന്‍റെ മെത്രാനായിന്നു മാര്‍ സോളമന്‍റെ പുസ്തകത്തില്‍ “ഇന്ത്യക്കാരുടെ പട്ടണമായ മഹലൂഫില്‍ (മൈലാപ്പൂരില്‍) വിശുദ്ധ സ്ലീഹാ അടക്കപ്പെട്ടിരിക്കുന്നു”വെന്ന് എഴുതിയിട്ടുണ്ട്.

5. 1292ല്‍ മാര്‍ക്കോപ്പോളോ എന്ന വെനീഷ്യന്‍ സഞ്ചാരി മൈലാപ്പൂരിലെ കബറിടം സന്ദര്‍ശിച്ചതായി രേഖകളുണ്ട്.

6. ഇറ്റാലിയന്‍ ഫ്രാന്‍സിസ്കന്‍ വൈദികനായിരുന്ന ഒടെറിക് 1324/25 കാലത്ത് മൈലാപ്പൂരില്‍ തോമാസ്ലീഹായുടെ കബറിടം സന്ദര്‍ശിച്ചു.

7. എഡി 1340ല്‍ ആമ്മർ എന്ന അറബി ചരിത്രകാരന്‍ തോമ്മാസ്ലീഹായുടെ മൈലാപ്പൂരിലെ കബറിടം സന്ദര്‍ശിച്ചതായി രേഖകളുണ്ട്.

8.മാര്‍പ്പാപ്പായുടെ പ്രതിനിധിയായി 1349ല്‍ മൈലാപ്പൂര്‍ സന്ദര്‍ശിച്ച ജോണ്‍ മരിഞ്ഞോളിയുടെ വിവരണത്തില്‍ രക്തസാക്ഷിയായ തോമാസ്ലീഹായുടെ “രക്തം വീണ മണ്ണും അദ്ദേഹത്തിന്‍റെ ഭൗതികശീരരത്തോടൊപ്പം അടക്കം ചെയ്ത”തായി രേഖപ്പെടുത്തിയിട്ടുണ്ട്.

9. എഡി1425ല്‍ നിക്കോളോ ഡെ കൊന്തി എന്ന ഇറ്റാലിയന്‍ വ്യാപാരി മൈലാപ്പൂര്‍ സന്ദര്‍ശിച്ച് ”മനേഹരമായ ദേവാലയത്തില്‍ തോമ്മാസ്ലീഹായുടെ കബറിടം” ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

10. കേരളത്തില്‍ വന്ന പോര്‍ച്ചുഗീസുകാര്‍ 1523 ജൂണ്‍ രണ്ടിന് തോമ്മാസ്ലീഹായുടെ മൈലാപ്പൂരിലെ കബറിടം തുറന്നപ്പോള്‍ “മണ്ണുനിറച്ച ഒരു കുടവും ഒരു തലയോടിന്‍റെ ചില ഭാഗങ്ങളും കുറച്ച് അസ്ഥികളും ഇരുമ്പുകൊണ്ടുള്ള കുന്തത്തിന്‍റെ അഗ്രവും” കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.

11. ചിരിത്രപരമായി ലഭ്യമായിരിക്കുന്ന മറ്റൊരു തെളിവ്, മൈലാപ്പൂരില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ പോണ്ടിച്ചേരിയിലെ അരിക്കമേട് എന്ന സ്ഥലത്തെ റോമന്‍ കച്ചവടകേന്ദ്രം നിര്‍മിക്കാന്‍ ഉപയോഗിച്ച ഇഷ്ടികയും തോമ്മാസ്ലീഹായുടെ കബറിടം നിര്‍മിക്കാന്‍ ഉപയോഗിച്ച ഇഷ്ടികയും ഒരേ നീളവും വീതിയും ഉള്ളവയായിരുന്നു എന്നതാണ്. രണ്ടാം നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയിരിക്കുന്ന ഇഷ്ടികകള്‍ ഇതിലും ചെറുതായിരുന്നു എന്നതും മാര്‍തോമാ സ്ലീഹായുടെ ശവകുടീരത്തിന് ഒന്നാം നൂറ്റാണ്ടു മുതല്‍ പഴക്കമുണ്ട് എന്നതിന് തെളിവാണ്.

തിരുന്നാളുകളിലും പ്രാര്‍ത്ഥനകളിലും നിറഞ്ഞുനില്‍ക്കുന്ന തോമ്മാസ്ലീഹായുടെ ചരിത്രപരമായ സാന്നിധ്യം മറ്റ് തെളിവുകളോടൊപ്പം ഒത്തുപോകുന്നവയാണ്.

1. എല്ലാവര്‍ഷവും ജൂലൈ 3-ന് ഭാരതക്രൈസ്തവര്‍ തോമ്മാസ്ലീഹായുടെ ചരമദിനമായി അനുസ്മരിക്കുന്ന “ദുക്റാന” തിരുനാളിന് എട്ടുദിവസത്തെ പ്രാര്‍ത്ഥനകളാണ് നടത്തുന്നത്. തോമാസ്ലീഹായുടെ മരണവുമായി ബന്ധപ്പെട്ട യാതൊരു തിരുനാളുകളും ഇന്ത്യയ്ക്ക് വെളിയില്‍ എവിടെയും ആചരിക്കുന്നില്ല. ഇതില്‍ ആറാം ദിനത്തിലെ ജപത്തില്‍ “ഇന്ത്യാരാജ്യത്ത് ശൂലത്താല്‍ മരിച്ച വിശുദ്ധ തോമ്മായേ…” എന്ന് കാണാം.

2. റോമന്‍ കാനോന്‍ ജപത്തില്‍ തോമ്മാശ്ലീഹായുടെ പൗരസ്ത്യദേശത്തെ പ്രേഷിതപ്രവര്‍ത്തനെത്തപ്പറ്റി പറയുന്നത് “ഗലീലി ദേശവാസിയും ദീദിമൂസ് എന്ന അപരനാമമനുള്ളവനുമായ വിശുദ്ധ തോമ്മാസ്ലീഹാ പല രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ഒടുവില്‍ അദ്ദേഹം ഇന്ത്യയിലേക്ക് പോവുകയും ആ രാജ്യക്കാര്‍ക്ക് ക്രിസ്തുമതജ്ഞാനം നല്‍കുകയും ചെയ്തു. അവിടുത്തെ ഒരു ഭരണകര്‍ത്താവ് അദ്ദേഹത്തെ കൊലയ്ക്ക് വിധിക്കുകയും അദ്ദേഹം കലാമിന എന്ന സ്ഥലത്ത് വച്ച് അസ്ത്രപ്രയോഗത്താല്‍ വേദസാക്ഷിയായി മരിക്കുകയും ചെയ്തു

3. സുറിയാനി കാനോന്‍ ജപത്തില്‍ തേമ്മാസ്ലീഹായുടെ തിരുനാളിന് ചൊല്ലുന്ന ചില ഭാഗങ്ങള്‍ ഇപ്രകാരമാണ് “പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ തോമ്മാശ്ലീഹാ ഇന്ത്യയിലേക്ക് വരികയും അനവധി ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ശിഷ്യരാവുകയും ചെയ്തു. തോമാസ്ലീഹായില്‍നിന്ന് സത്യോപദേശത്തിന്‍റെ വെളിച്ചം ഇന്ത്യയില്‍ സര്‍വ്വത്ര വ്യാപിച്ചു… അദ്ദേഹം ജീവിതാന്ത്യത്തില്‍ കുന്തത്താല്‍ കുത്തപ്പെടുകയും രക്തസാക്ഷിമകുടം പ്രാപിക്കുകയും ചെയ്തു”.

4. ഗ്രീക്ക് സഭയിലെ ഒരു തക്സായില്‍ “പാത്ഥ്യര്‍, മേദിയര്‍, പേര്‍ഷ്യര്‍, ഭാരതീയര്‍ എന്നിവരോടു മാര്‍തോമ്മാസ്ലീഹാ ദൈവവചനം പ്രസംഗിച്ചുവെന്നും അദ്ദേഹത്തിന്‍റെ അത്ഭുതകൃത്യങ്ങളാല്‍ ആകൃഷ്ടരായ അനേകര്‍ ക്രൈസ്തവവിശ്വാസ വെളിച്ചത്തിലേക്ക് വന്നുവെന്നും ഒരു ഇന്ത്യന്‍ രാജാവിനാല്‍ അദ്ദേഹം വധിക്കപ്പെട്ടുവെന്നും” രേഖപ്പെടുത്തിയിരിക്കുന്നു.

5.നെസ്തോറിയന്‍ സഭയിലെ പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ മാര്‍തോമാ സ്ലീഹായുടെ സ്മരണദിനത്തിലെ ഒരു പ്രാര്‍ത്ഥനയില്‍ അദ്ദേഹം “ഇന്ത്യയില്‍വച്ച് ശൂലപ്രയോഗത്താല്‍ വധിക്കപ്പെടുകടയും തിരുശേഷിപ്പുകള്‍ എഡേസ്സായിലേക്ക് കൊണ്ടുപോവുകയും ചെയ്തു” എന്ന് പ്രസ്താവിക്കുന്നു.

തോമാസ്ലീഹായുടെ ഭാരതപ്രവേശനത്തെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചും വിവിധ സഭകളുടെ പ്രാര്‍ത്ഥനകളിലും അനുസ്മരണശുശ്രൂഷകളിലും അനിഷേധ്യമായ തെളിവുകളാണ് നമുക്കുള്ളത്. ഇതിനോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന ചില തെളിവുകളാണ് സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തോമാസ്ലീഹായുമായി ബന്ധപ്പെട്ട ചില വിവരണങ്ങള്‍.

1. വി ഗ്രിഗറി നസ്യാന്‍സന്‍ (എ.ഡി 329-390), അപ്പസ്തൊലന്മാര്‍ സുവിശേഷ പ്രവര്‍ത്തനങ്ങക്കായി തെരഞ്ഞെടുത്തത് തങ്ങള്‍ക്ക് തികച്ചും അജ്ഞാതമായിരുന്ന ദേശങ്ങളായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഇപ്രകാരം എഴുതുന്നു “മനുഷ്യരുടെ അറിവില്ലായ്മ നീക്കുന്നതിനു വേണ്ടി സുവിശേഷപ്രചാരണത്തിനായി ഇറങ്ങിപ്പുറപ്പെട്ട അപ്പസ്തൊലന്മാര്‍ മിക്ക രാജ്യങ്ങളിലും അപരിചിതരായിരുന്നില്ലേ? പത്രോസ് ജൂതയായുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുറജാതിക്കാരുമായി പൗലോസിന് എന്താണ് പൊതുവായി ഉണ്ടായിരുന്നത് ? ലൂക്കയ്ക്ക് അക്കായിയുമായും അന്ത്രയോസിന് എപ്പിറസുമായും യോഹന്നാന് എഫേസൂസുമായും തോമ്മായ്ക്ക് ഇന്ത്യയുമായും മാര്‍ക്കോസിന് ഇറ്റലിയുമായും എന്ത് ബന്ധമാണ് ഉണ്ടായിരുന്നത്?”

2. നാലാം നൂറ്റാണ്ടിലെ വിശുദ്ധ എഫ്രേം (എഡി 373) തോമ്മാശ്ലീഹായെ സ്തുതിച്ചുകൊണ്ട് ഇങ്ങനെ പാടുന്നു; “സൂര്യരശ്മിപോലെ വലിയ ഗോളത്തില്‍നിന്നും പുറപ്പെടുന്നവനേ, നീ ഭാഗ്യവാന്‍, നിന്‍റെ അനുഗ്രഹീത ഗമനമാകുന്ന പ്രഭാതം ഇന്ത്യയുടെ അന്ധകാരം മാറ്റുന്നു, പന്ത്രണ്ടില്‍ ഒരുവനായ വലിയ ദീപമേ കുരിശില്‍നിന്നുള്ള തൈലത്താല്‍ നിറഞ്ഞവനായി ഇന്ത്യയുടെ ഇരുട്ടുനിറഞ്ഞ നിശയെ ദീപംകൊണ്ട് നീ നിറയ്ക്കുന്നു”. വിശുദ്ധ തോമാസ്ലീഹായുടെ തിരുശ്ശേഷിപ്പുകള്‍ ഒരു വ്യാപാരി എഡേസ്സയിലേക്ക് കൊണ്ടുവന്നതിനേപ്പറ്റി വിശുദ്ധ എഫ്രയിം പറയുന്നു: “അയാള്‍ (വ്യാപാരി) പലപ്രാവശ്യം ഇന്ത്യയിലേക്ക് പോകുകയും തിരിച്ചുവരികയും ചെയ്തതില്‍ അയാള്‍ അവിടെ കണ്ടിട്ടുള്ള സകലദ്രവ്യങ്ങളും അങ്ങേ അസ്ഥികളോടു താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ വെറും മലിനവസ്തുക്കളായി മാത്രമേ അയാള്‍ പരിഗണിച്ചുള്ളൂ”.

3. നാലാം നൂറ്റണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ജെറോം (എഡി 342-420) പ്രസ്താവിക്കുന്നു “മശിഹാ എല്ലാ ദേശങ്ങളിലും വസിക്കുന്നു. തോമ്മായോടുകൂടെ ഇന്ത്യയിലും പത്രോസിനോടുകൂടെ റോമായിലും പൗലോസിനോടുകൂടെ ഇല്ലിരിക്കമിലും വസിക്കുന്നു”.

4. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി (എഡി 595) എഴുതുന്നത് “ഭാരതത്തില്‍ മാര്‍ തോമാ സ്ലീഹായൂടെ പ്രഥമ വിശ്രമസങ്കേതത്തില്‍ ഒരു സന്യാസാശ്രമവും വിസ്തൃതവും മനോഹരവുമായ ഒരു ദേവാലയമുണ്ട്” എന്നാണ്.

5. ഏഴാം നൂറ്റാണ്ടിലെ വിശുദ്ധ ഇസിദോര്‍ രേഖപ്പെടുത്തിയിരിക്കുന്നത് “തോമ്മാസ്ലീഹാ കുന്തത്താല്‍ കുത്തപ്പെട്ട് ഇന്ത്യയിലെ ഒരു പട്ടണമായ കലാമിനായില്‍ വച്ച് മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു” എന്നാണ്.

എത്യോപ്യയിലോ അറേബ്യയിലോ അറിയപ്പെട്ടിരുന്ന ഇന്ത്യയിലാണ് തോമാ ചെന്നതും പ്രവര്‍ത്തിച്ചത് എന്നും സഭാപിതാക്കന്മാര്‍ തെറ്റിദ്ധരിച്ചുകാണും എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ സഭാപിതാക്കന്മാര്‍ക്ക് ഇന്നത്തെ നമ്മുടെ ഭാരത ഭൂപ്രദേശത്തേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. വിശുദ്ധ ജെറോമും വിശുദ്ധ അംമ്പ്രയോസും ഭാരതത്തില്‍ മാത്രം നടപ്പിലുരുന്ന ബ്രാഹ്മണാചാരങ്ങളെക്കുറിച്ചും സതിയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. ജെറോമിന്‍റെ എഴുത്തുകളില്‍ ബുദ്ധമതക്കാരേപ്പറ്റിയും ഇന്ത്യയില്‍ മാത്രം ഉണ്ടായിരുന്ന ബ്രാഹ്മിണരെപ്പറ്റിയും കാണാം. വിശുദ്ധ അംമ്പ്രയോസിന്‍റെ എഴുത്തുകളില്‍ ഗംഗാനദിയെക്കുറിച്ചും മുസരീസ് പട്ടണത്തെക്കുറിച്ചും (കൊടുങ്ങല്ലൂര്‍) പ്രതിപാദിക്കുന്നുണ്ട്. സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറിയപ്പെട്ടിരുന്ന കേരളവും കച്ചവടകേന്ദ്രമായ കൊടുങ്ങല്ലൂരും (മുസരീസ് പട്ടണം) ബിസി 1000-നു മുമ്പേ പടിഞ്ഞാറന്‍ നാടുകള്‍ക്കും മധ്യപൂര്‍വ്വദേശത്തിനും അറിവുള്ള ഇടം തന്നെയായിരുന്നു.

മാര്‍തോമാ സ്ലീഹാ കെട്ടുകഥകളില്‍ നിറഞ്ഞുനിന്ന സാങ്കല്‍പ്പിക കഥാപാത്രമല്ല, യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനും ഭാരതത്തില്‍ ക്രിസ്തുവിന്‍റെ സാക്ഷിയായി കടന്നുവന്നവനുമാണ്. ഇത് നിഷേധിക്കാനാവാത്ത ചരിത്രം തന്നെയാണ്. (തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments