Wednesday, November 6, 2024
No menu items!
Homeനസ്രാണി പൈതൃകംതോമാസ്ളീഹായ്ക്കു മുമ്പേ യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ?

തോമാസ്ളീഹായ്ക്കു മുമ്പേ യേശുക്രിസ്തു ഭാരതത്തിൽ വന്നിരുന്നോ?

യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ? ക്രിസ്തുശിഷ്യനായ തോമസ് ഇന്ത്യയില്‍ വന്നുവെങ്കില്‍ അതിനു മുമ്പേ അദ്ദേഹത്തിന്‍റെ ഗുരു ഇന്ത്യയില്‍ വന്നുകാണുമെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. ഇന്ത്യയില്‍ വന്ന യേശുക്രിസ്തു ഇവിടെ നിന്ന് വേദങ്ങളും യോഗയും പഠിച്ച് മുപ്പതാം വയസില്‍ മടങ്ങിപ്പോയത്രെ. യേശുക്രിസ്തുവിന്‍റെ ഇന്ത്യന്‍ ജീവിതവും അവിടുത്തെ പഠിപ്പിക്കലുകളില്‍ ഹിന്ദുവേദങ്ങളുടെ സ്വാധീനവുമുണ്ടെന്ന് ഇക്കൂട്ടര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന ഒരു വ്യക്തി നടത്തുന്ന പ്രഭാഷണത്തിന്‍റെ വീഡിയോ എനിക്ക് ഒരു ഫെയ്സ് ബുക്ക് സുഹൃത്ത് അയച്ചു തന്നിരുന്നു. ഈ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ലേഖനം.

1894ല്‍ റഷ്യക്കാരനായ ഡോക്ടര്‍ നിക്കോളാസ് നോട്ടോവിച്ച് എഴുതിയ The Unknown Life of Christ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതുമുതല്‍ യേശുക്രിസ്തുവിന്‍റെ ഇന്ത്യന്‍ ജീവിതവുമായി ബന്ധപ്പെട്ടുള്ള നൂറുകൂട്ടം ചോദ്യങ്ങള്‍ പലരും ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലും അഫ്ഘാനിസ്ഥാനിലും ടിബറ്റിലുമായി ഡോക്ടര്‍ നോട്ടോവിച്ച് വര്‍ഷങ്ങളോളം യാത്രചെയ്തിരുന്നുവെന്നും ഈ യാത്രയില്‍ ജമ്മു കാശ്മീരില്‍ ലഡാക്കിലെ ലേയിലുള്ള ഹെമിസ് ബുദ്ധമതാശ്രമത്തില്‍വച്ച് യേശുക്രിസ്തുവിന്‍റെ അജ്ഞാതകാലങ്ങളെക്കുറിച്ചു പാലി ഭാഷയിലുള്ള രഹസ്യരേഖകള്‍ കണ്ടുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഹെമിസ് ആശ്രമത്തില്‍ നിന്ന് ലഭിച്ച അറിവുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് താന്‍ ” The Unknown Life of Christ ” എന്ന പുസ്തകം എഴുതിയത് എന്നുമായിരുന്നു ഡോ നിക്കോളാസ് അവകാശപ്പെട്ടത്. ഹെമിസ് ആശ്രമത്തിലെ നിരവധി ബുദ്ധ സന്യാസിമാര്‍, യേശുക്രിസ്തു ഹെമിസ് ആശ്രമത്തില്‍ വന്നിരുന്നു എന്ന് ഇന്നും വിശ്വസിക്കുന്നവരാണത്രെ. എന്നാല്‍ നിക്കോളാസ് നോട്ടോവിച്ചിന്‍റെ കണ്ടെത്തലുകളുടെ പുറകെ പോയ ബ്രിട്ടീഷ് നോവലിസ്റ്റ് മാര്‍സെല്‍ തെറോ 2017ല്‍, ”ദി ടെലിഗ്രാഫ് ” പത്രത്തില്‍ എഴുതിയ കോളത്തില്‍ നോട്ടോവിച്ചിന്‍റെ കണ്ടെത്തലുകള്‍ എല്ലാം നിഷേധിച്ച് രംഗത്തു വന്നിരുന്നു. ഹെമിസ് ആശ്രമത്തിന്‍റെ ഉന്നതനേതൃത്വം ഇത്തരം കഥകള്‍ തള്ളിക്കളയുന്നു എന്നും മാര്‍സെല്‍ തെറോ വ്യക്തമാക്കുന്നു.

യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ പന്ത്രണ്ട് വയസിനും മുപ്പതു വയസിനും ഇടയിലുള്ള പതിനെട്ടു അജ്ഞാത വര്‍ഷങ്ങളില്‍ എന്തു സംഭവിച്ചു എന്നറിയാനുള്ള ജിജ്ഞാസ സുവിശേഷം എഴുതിയ കാലഘട്ടം മുതലേ എല്ലാവരിലും ഉണ്ടായിട്ടുണ്ട്. ലൂക്കോസ് എഴുതിയ സുവിശേഷം രണ്ടാം അധ്യായത്തിന്‍റെ ഒടുവില്‍, യേശു “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു” എന്ന് എഴുതിയ ശേഷം മൂന്നാം അധ്യായത്തില്‍ ഒന്നാം വാക്യം മുതല്‍ മുപ്പത് വയസുള്ള യേശുവിനെക്കുറിച്ചാണ് വിവരിക്കുന്നത്. ഈ രണ്ട് അധ്യായങ്ങള്‍ക്ക് മധ്യേ പതിനെട്ട് വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ പതിനെട്ടു വര്‍ഷങ്ങളില്‍ യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതാണ് എല്ലാവരെയും അന്വേഷണ കുതുകികളാക്കുന്നത്. യേശുക്രിസ്തു ഈ കാലഘട്ടങ്ങളിൽ ഇന്ത്യയിൽ ആയിരുന്നുവെന്നും ഹെമിസ് ബുദ്ധമത ആശ്രമത്തില്‍ ബുദ്ധമത തത്വങ്ങള്‍ പഠിക്കുകയായിരുന്നു എന്നാണ് നിക്കോളാസ് നോട്ടോവിച്ച് എഴുതിയത്. മുപ്പതാമത്തെ വയസില്‍ പലസ്തീനില്‍ മടങ്ങിയെത്തിയ യേശു പരസ്യജീവിതം ആരംഭിച്ചുവെന്നാണ് നോട്ടോവിച്ച് തിയറി പറയുന്നത്.

1952ല്‍ മറ്റൊരു റഷ്യന്‍ ശാസ്ത്രജ്ഞനും തത്വജ്ഞാനിയുമായിരുന്ന നിക്കോളാസ് റോറിച്ച് നടത്തിയ പഠനങ്ങളില്‍ യേശുക്രിസ്തു ഇന്ത്യയിലെ വരാണസി, ബനാറസ് തുടങ്ങിയ പല നഗരങ്ങളിലും സഞ്ചരിച്ചിരുന്നതായി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പഠനം നടത്തിയ ജര്‍മന്‍ ചിന്തകന്‍ ഹോള്‍ഗെര്‍ കെര്‍സ്റ്റന്‍ എഴുതിയ Jesus Lived in India എന്ന ഗ്രന്ഥത്തിലും ക്രിസ്തുവിന്‍റെ ഇന്ത്യന്‍ ബന്ധം വളരെ ശക്തമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിന് ഇന്ത്യയുമായുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു ഇസ്ലാമിക വിഭാഗമാണ് അഹമ്മദിയ മുസ്ലിംകള്‍. “ഇസ്ലാമിക് അഹമ്മദിയ മൂവ്മെന്‍റ്” എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ ഹസറത് മിര്‍സാ ഗുലാം അഹമ്മദ് പഠിപ്പിച്ചത് ക്രിസ്തു രണ്ട് പ്രാവശ്യം ഇന്ത്യയില്‍ വന്നിരുന്നു എന്നാണ്. മുപ്പതാം വയസില്‍ ഇന്ത്യയില്‍ നിന്ന് പലസ്തീനില്‍ പോയി, അവിടെ വച്ച് ക്രൂശിക്കപ്പെടുവാന്‍ പിടിക്കപ്പെട്ടപ്പോള്‍ കുരിശില്‍ തന്‍റെ മുഖച്ഛായയുള്ള ശിഷ്യനെ വിട്ടുകൊടുത്ത് യേശു അവിടുന്ന് രക്ഷപ്പെട്ടുവത്രെ. തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില്‍ വന്ന് കുടുംബജീവിതം ആരംഭിച്ച യേശു, അവിടെ മരിച്ച് അവിടെത്തന്നെ അടക്കപ്പെട്ടു എന്നാണ് അഹമ്മദീയ വിശ്വാസം. ഈ വിശ്വാസം പരിപോഷിപ്പിക്കുന്നതിന് കാശ്മീരിലെ യേശുക്രിസ്തുവിന്‍റേതെന്ന പേരില്‍ ഒരു കല്ലറയുണ്ട്. അഹമ്മദീയ മുസ്ലീംകള്‍ക്ക് അതൊരു തീര്‍ത്ഥാടനകേന്ദ്രമാണ്.

യേശുക്രിസ്തുവിന്‍റേതെന്ന് പറയപ്പെടുന്ന ഈ കല്ലറ മധ്യകാല ഇസ്ലാമിക പ്രഭാഷകനായിരുന്ന യൂസഫ് അസാഫിന്‍റെ കല്ലറയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. തങ്ങളുടെ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിന് ഈ കല്ലറക്കു ചുറ്റുപാടുമുള്ള കച്ചവടക്കാര്‍ നടത്തിയ കുപ്രചാരണമായിരുന്നു ഇത് യേശുക്രിസ്തുവിന്‍റെ കല്ലറയാണ് എന്ന കഥ! കാലാന്തരത്തില്‍ ഈ പ്രചാരണം വിജയിച്ചു എന്നു പറയാം. ഇന്നും കാശ്മീരില്‍ ക്രിസ്തുവിന്‍റെ കല്ലറ ഉണ്ട് എന്ന് വിശ്വസിക്കുന്ന മുസ്ലീംകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഖുറാനിലെ ഈസായുടെ കല്ലറ എന്ന അര്‍ത്ഥത്തില്‍ കാശ്മീരിലെ കല്ലറയെ കാണുന്ന മുസ്ലിംകള്‍ നിരവധിയാണ്. ആ അര്‍ത്ഥത്തില്‍ അത് ശരിയായിരിക്കും. എന്നാല്‍ ഇത് ബൈബിളിലെ ക്രിസ്തുവിന്‍റെ കല്ലറയാണെന്ന വാദഗതി എവിടെയും വിലപ്പോകില്ല. ക്രിസ്തുസംഭവങ്ങള്‍ “ലോകത്തിന്‍റെ ഒരു കോണില്‍ നടന്നതല്ല” (അപ്പസ്തൊല പ്രവൃത്തി 26:26), ലോകത്തിന്‍റെ മധ്യത്തില്‍ നടന്നതാണ് എന്ന് അഗ്രിപ്പാവിനോടും ഫെസ്തോസിനോടും വാദിക്കുമ്പോള്‍ അപ്പസ്തൊലനായ പൗലോസ് വ്യക്തമായി പറയുന്നു. ക്രിസ്തുവിന്‍റെ ജനനവും ജീവിതവും മരണവും വിവരിക്കുന്നതിന് റോമന്‍ ഭരണകൂടവും ബൈബിള്‍ എഴുത്തുകാരും ക്രൈസ്തവ, യഹൂദ ചരിത്രകാരന്മാരുമെല്ലാം ഒരുപോലെ യോജിക്കുന്നവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്ക കേന്ദ്രമായുള്ള ചര്‍ച്ച് യൂണിവേഴ്സല്‍ ആന്‍ഡ് ട്രയാംഫന്‍റ് (Church Universal and Triumphant) എന്ന ക്രൈസ്തവ വിഭാഗം പഠിപ്പിക്കുന്നത് യേശുക്രിസ്തു കാശ്മീരില്‍ ജീവിച്ചിരുന്നു എന്നു തന്നെയാണ്. എന്നാല്‍ അവിടെവച്ച് യേശുക്രിസ്തു മരിച്ചു എന്ന് അവര്‍ വിശ്വസിക്കുന്നില്ല.

യേശുക്രിസ്തു ഇംഗ്ലണ്ട് സന്ദര്‍ശിച്ചിരുന്നു, അമേരിക്കയില്‍ വന്നിരുന്നു എന്നൊക്കെ വാദിക്കുന്നവരും ഉണ്ട്. തന്‍റെ അമ്മാവനും തകരക്കച്ചവടക്കാരനുമായിരുന്ന (Tin merchant) അരിമത്യാക്കാരന്‍ ജോസഫിനോടൊപ്പം ക്രിസ്തു ഇംഗ്ലണ്ടിലും അമേരിക്കയിലും വന്നിരുന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ കഥയ്ക്ക് ഏറെ പിന്‍ബലം ലഭിച്ചത് ഇംഗ്ലീഷ് കവിയായിരുന്ന വില്യം ബ്ലെയ്ക് (William Blake) എഴുതിയ ‘ജറുസലേം’ എന്ന പേരിലുള്ള ഭക്തിഗാനങ്ങളിലൂടെ ആയിരുന്നു.

“And did those feet in ancient time

Walk upon England’s mountains green?

And was the holy Lamb of God

On England’s pleasant pastures seen?”

ദൈവത്തിന്‍റെ കുഞ്ഞാടായ നിത്യനായവന്‍ ഇംഗ്ലണ്ടിലെ ഹരിതസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന മലമ്പ്രദേശങ്ങളിലും ശാന്തസുരഭിലമായ ഇംഗ്ലീഷ് പുല്‍പ്പുറങ്ങളിലും പദമൂന്നിയിരുന്നോ? കഴിഞ്ഞ നൂറ്റാണ്ടുകളിലെ ആംഗ്ലിക്കന്മാരും വെസ്ലിയന്‍സും പ്യൂരിട്ടന്‍സും ക്വാക്കേഴ്സുമെല്ലാം സ്വര്‍ഗ്ഗീയ അനുഭൂതികളിലേക്ക് ആഴ്ന്നിറങ്ങുവാന്‍ ബ്ലെയ്ക്കിന്‍റെ പാട്ടുകളിലേ ചോദ്യങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ട്. ക്രിസ്തു ഇംഗ്ലണ്ടില്‍ വന്നിരുന്നു എന്നുതന്നെ അവര്‍ വിശ്വസിച്ചു. ഇന്നും ഈ പാട്ടിന് ഇംഗ്ലീഷ് ക്ലാസിക്കല്‍ സംഗീതലോകത്ത് ഏറെ പ്രചാരമുണ്ട്.

സ്വാമി വിവേകാനന്ദന്‍ അംഗമായിരുന്ന ശ്രീ രാമകൃഷ്ണ മഠം സ്ഥാപിതമായത് ഒരു ക്രിസ്തുമസ് ദിനത്തിലായിരുന്നു. മഠത്തിന്‍റെ സ്ഥാപകനായ ശ്രീ രാമകൃഷ്ണ പരമഹംസര്‍ക്ക് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത ഉണ്ടായതായി അദ്ദേഹം വിശ്വസിച്ചിരുന്നു. ദൈവം മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തു എന്ന് സ്വാമി രാമകൃഷ്ണ പരമഹംസര്‍ വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിൻ്റെ ശിഷ്യനായ സ്വാമി വിവേകാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കിയിരുന്നു. ശ്രീരാമകൃഷ്ണ മഠത്തിലെ ക്രിസ്തുമസ് ആഘോഷം ഏറെ പ്രസിദ്ധമാണ്. പുല്‍ക്കൂടും നക്ഷത്രവും തിരുപ്പിറവിയുടെ വിവിധ ഡിസ്പ്ലേകളും ഒരു ക്രൈസ്തവ ആരാധനാലയത്തെപ്പോലെയാണ് ശ്രീ രാമകൃഷ്ണ മഠം ആഘോഷിക്കുന്നത്.

വരാണസിയിലും കാശിയിലും ഹിമാലയസാനുക്കളിലും ക്രിസ്തുവിനെ ധ്യാനിച്ചിരുന്ന സന്യാസിമാരെ കണ്ടുമുട്ടിയതായി സാധു സുന്ദര്‍സിംഗിന്‍റെ എഴുത്തുകളില്‍ പല സന്ദര്‍ഭങ്ങളിലും വായിക്കാന്‍ കഴിയും. ക്രിസ്റ്റ്യന്‍ മിസ്റ്റിസിസത്തിന്‍റെ ഈ നൂറ്റാണ്ടിലെ ഉത്തമോദാഹരണമായിരുന്ന സാധു സുന്ദര്‍സിംഗ് ക്രിസ്തുവിന്‍റെ നിരവധി രഹസ്യശിഷ്യന്മാരെ ഇന്ത്യാ, ടിബറ്റ് പ്രദേശങ്ങളില്‍ കണ്ടുമുട്ടിയതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഭാരതത്തിലെ ഹിന്ദു ആത്മീയതയുമായി ക്രിസ്റ്റ്യാനിറ്റിക്ക് നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. ഹൈന്ദവ ആത്മീയതയില്‍ ആകൃഷ്ടരായി അതിലേക്ക് ആഴ്ന്നിറങ്ങിയ നിരവധി ക്രൈസ്തവരേയും ഇതിനോടകമുള്ള ഇന്ത്യന്‍ ക്രൈസ്തവചരിത്രത്തില്‍ കാണാന്‍ കഴിയും. ഈ നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍നിന്ന് വന്ന് ഇന്ത്യയില്‍ ജീവിച്ച മരിച്ച ബീഡ്ഗ്രിഫ്ത് എന്ന ഇംഗ്ലീഷ് വൈദികന്‍ (സ്വാമി ദയാനന്ദ), ഡോ റെയ്മണ്ട് പണിക്കര്‍, ഡോ ഈശാനന്ദ് വേമ്പേനി എന്നിവരുടെ എഴുത്തുകളും പഠനങ്ങളും ഹിന്ദുവേദങ്ങളിലെ ക്രിസ്തുവിനേത്തേടിയുള്ള യാത്രയുടെ വിവരണങ്ങളായിരുന്നു.

വേദങ്ങളിലെ പ്രജാപതി യേശുക്രിസ്തുവാണെന്ന വാദം ഉന്നയിച്ച് ഇന്ത്യയിലെ ബ്രദറൺ, പെൻ്റക്കൊസ്റ്റൽസ് തുടങ്ങി എല്ലാ വിഭാഗം സഭകളും ഒരു കാലത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വാദം ഇപ്പോൾ എല്ലാവരും ഒരുപോലെ ഉപേക്ഷിച്ചതായാണ് കാണുന്നത്

ഹിന്ദുത്വത്തോട് ഏറെ ചേര്‍ന്നുനിന്നുകൊണ്ട് ക്രൈസ്തവികതയെ നിര്‍വ്വഹിചിക്കാനും ക്രിസ്തുവിനെ പിന്‍പറ്റുവാനുമുള്ള ഒരു തീഷ്ണത ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകളിലുമുണ്ട്.

ഇതില്‍ ഡോ. റെയ്മണ്ട് പണിക്കരുടെ പങ്ക് ഏറെ വലുതാണ്. The Unknown Christ of Hinduism എന്ന ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ഡോ. പണിക്കര്‍ എഴുതിയ വരികൾ ഹൈന്ദവാധിഷ്ഠിതമായുള്ള തന്‍റെ ക്രിസ്തുവിശ്വാസത്തിന്‍റെ പ്രതിഫലനമായിരുന്നു എന്ന് നിസ്സംശയം പറയാം “…the Son has inspired not only the prophets but also the sages of Hinduism” (Raimundo Panikkar, The Unknown Christ of Hinduism, Orbis Books, New York) ഹെബ്രായര്‍ 1:1-2 വാക്യങ്ങളെ ആസ്പദമാക്കിയാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിയത് എന്ന് വിവരിക്കുന്നുണ്ട്. ഇന്ത്യന്‍ ഹിന്ദുത്വവുമായി ക്രൈസ്തവരെ ബന്ധിപ്പിക്കുന്നതിനും റെയ്മണ്ട് പണിക്കര്‍ തീവ്രശ്രമങ്ങളാണ് നടത്തിയത്. (ഈ വിഷയം പിന്നീടൊരിക്കല്‍ ചര്‍ച്ചയ്ക്കെടുക്കാം)

ഇന്ത്യയുമായി യേശുക്രിസ്തുവിന് ചരിത്രപരമായി നിലനില്‍ക്കുന്ന ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ഹിന്ദു- ക്രൈസ്തവ പണ്ഡിതന്മാരും ഈ വിഷയത്തില്‍ തല്‍പരകക്ഷികളായ മുസ്ലിം, യഹൂദ ചിന്തകന്മാരും പല നിലകളിലും ശ്രമിക്കുന്നുണ്ട്. തോമായ്ക്ക് എഡി 52ല്‍ ഇന്ത്യയില്‍ വരാന്‍ കഴിഞ്ഞെങ്കില്‍ തോമായുടെ ഗുരു എന്തുകൊണ്ടും ഇന്ത്യയില്‍ വന്നിരുന്നു എന്ന കേവല യുക്തിയുടെ മാത്രം അടിസ്ഥാനത്തില്‍ ഈ വിഷയത്തെ സമീപിക്കുന്ന സാധാരണക്കാരും ഉണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല എന്ന പ്രതിവാദം ഉന്നയിച്ച് ഈ വാദഗതിയെ തള്ളിക്കളയുകയാണ് പതിവായി നാം ചെയ്യുക. എന്നാല്‍ യഹൂദ മതജീവിതവും ക്രിസ്തുമൊഴികളും കൂട്ടിച്ചേര്‍ത്ത് ഈ വിഷയത്തെ സമീപിച്ചാല്‍ യേശുക്രിസ്തുവിന്‍റെ ഇന്ത്യന്‍ ജീവിതം വെറും നിറംപിടിപ്പിച്ച കെട്ടുകഥ എന്നു മാത്രമേ മനസ്സിലാക്കുവാന്‍ കഴിയുകയൂള്ളൂ.

യേശുവിൻ്റെ പരസ്യ ജീവിതകാലത്തെ പ്രഭാഷണങ്ങളിൽ ബൈബിളിലെ പല പഴയനിയമയ സംഭവങ്ങളും വ്യക്തികളും കടന്നു വരുന്നുണ്ട്; എങ്കിലും ഒരിക്കൽപ്പേലും ഭാരതമോ ഇവിടുത്തെ ആത്മീയതയുടെ എന്തെങ്കിലും പരാമർശമോ വ്യക്തികളോ സ്ഥലങ്ങളോ ഒന്നും കടന്നു വരുന്നില്ല! 12 വയസു മുതൽ 30 വയസു വരെ പൗരാണിക ഇന്ത്യൻ ആത്മീയസാഹചര്യത്തിൽ ജീവിച്ചവ്യക്തി, പ്രതീകാത്മകമായിട്ടാണങ്കിലും തൻ്റെ ശരീരവും രക്തവും ശിഷ്യന്മാർക്ക് ഭക്ഷണ- പാനീയമായി നൽകമെന്ന് ചിന്തിക്കുകകൂടി അസാധ്യമാണ്!

“നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും?” (യോഹന്നാന്‍ 8:46). യേശുക്രിസ്തുവിന് തന്നേക്കുറിച്ചുള്ള വിവിധങ്ങളായ പ്രസ്താവനകളില്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണിത്. “തന്നില്‍ പാപമുണ്ട് എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ” എന്ന് യേശു പരസ്യമായി യഹൂദസമൂഹത്തെ വെല്ലുവിളിക്കുന്ന സന്ദര്‍ഭമാണിത്. ഈ വെല്ലുവിളി, യഹൂദമതനിയമങ്ങളുടെ അടിസ്ഥാനത്തില്‍ അത്ര നിസ്സാരമായി തള്ളിക്കളയാന്‍ കഴിയാത്ത വെല്ലുവിളി തന്നെയാണ്. പതിനെട്ട് വര്‍ഷങ്ങളോളം ദേശാടനവും അജ്ഞാതജീവിതവും നയിച്ച്, ഒടുവില്‍ മുപ്പതാം വയസില്‍ സ്വദേശത്ത് വന്നിട്ട് ഒരുവന്‍ തന്‍റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികള്‍ നടത്തിയാല്‍ ആ സമൂഹത്തിന് അത് തീര്‍ച്ചയായും ചോദ്യം ചെയ്യാൻ കഴിയുമായിരുന്നു. “കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ താങ്കളുടെ അജ്ഞാതകാലം ഞങ്ങള്‍ക്ക് അറിയില്ലല്ലോ, അപ്പോള്‍, താന്‍ പാപിയോ വിശുദ്ധനോ എന്ന് എങ്ങനെ തെളിയിക്കാന്‍ കഴിയും” എന്ന ന്യായമായൊരു മറുചോദ്യം പ്രതിയോഗികൾക്ക് ഇവിടെ ഉന്നയിക്കാമായിരുന്നു. എന്നാല്‍ ആരും ഇപ്രകാരമൊരു ചോദ്യം ചോദിച്ചില്ല എന്നു മാത്രമല്ല ദിനംതോറും യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതുമാണ് തുടര്‍ന്ന് സുവിശേഷങ്ങളില്‍ വായിക്കുന്നത്.

ആവര്‍ത്തനപുസ്തകത്തില്‍ വായിക്കുന്നത്, മാതാപിതാക്കളെ അനുസരിക്കാതെ സ്വന്തഇഷ്ടപ്രകാരം ജീവിക്കുന്നവനെ കല്ലെറിഞ്ഞു കൊല്ലണം എന്നതായിരുന്നു മോശെയുടെ നിയമം (ആവര്‍ത്തനം 21:18). മാതാപിതാക്കള്‍ക്ക് കീഴടങ്ങി ജീവിക്കാതെ പന്ത്രണ്ട് വയസുമുതല്‍ ദേശാടനം നടത്തി തിരിച്ചുവരുന്നവനെ മാതാപിതാക്കള്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിയിരുന്നു. ഇപ്രകാരമൊരു അവസ്ഥയും യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. അവിടുന്ന് നസറത്തിലെ വീട്ടില്‍ മുപ്പതു വയസുവരെയും മാതാപിതാക്കള്‍ക്ക് കീഴടങ്ങിത്തന്നെ ജീവിക്കുകയായിരുന്നു.

പരസ്യജീവിതകാലത്ത് തന്‍റെ പിതൃനഗരമായ നസറെത്തിലെ സിനഗോഗില്‍ യേശുക്രിസ്തു പ്രസംഗിച്ചപ്പോള്‍ യഹൂദര്‍ പരസ്പരം ചോദിച്ചത് “ഇവന്‍ മറിയത്തിന്‍റെ മകനായ തച്ചന്‍ അല്ലയോ” (മത്തായി 13:55, മര്‍ക്കോസ് 6:3) എന്നായിരുന്നു. അജ്ഞാതദേശങ്ങളില്‍ ഒരു ദേശാടനക്കാരനായി അലഞ്ഞവന് വന്നാലുടന്‍ തുറക്കപ്പെടുന്ന വേദികളായിരുന്നില്ല യഹൂദ സിനഗോഗുകള്‍. തങ്ങള്‍ക്ക് എറെ സുപരിചിതനായി ജീവിക്കുന്ന വെറുമൊരു ആശാരിച്ചെറുക്കൻ്റെ ആത്മീയ വിഷയങ്ങളിലുള്ള ആഴമേറിയ അറിവിലാണ് അവര്‍ ആശ്ചര്യപ്പെട്ടത്.

ഹെരോദാവിന്‍റെ ദേവാലയം പോലും പൊളിച്ചുകളഞ്ഞാല്‍ മൂന്നുദിവസംകൊണ്ട് നിര്‍മിച്ചു തരുവാന്‍ മാത്രം തന്‍റെ തൊഴിലില്‍ പരിജ്ഞാനമുള്ള തച്ചനായിരുന്നു യേശുക്രിസ്തു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ്, ഹെരോദ രാജാവ് 46 വര്‍ഷങ്ങള്‍കൊണ്ട് പണികഴിപ്പിച്ച ദേവാലയം മൂന്നുദിവസം കൊണ്ട് നിനക്ക് എങ്ങനെ നിര്‍മിക്കാന്‍ കഴിയും എന്ന് യഹൂദപണ്ഡിതന്മാര്‍ ചോദിച്ചത്. അവിടുത്തെ കഴിവില്‍ യഹൂദര്‍ക്ക് സംശയം ഇല്ലായിരുന്നു, എന്നാല്‍ വെറും മൂന്നു ദിവസംകൊണ്ട് അതിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്നതായിരുന്നു അവരുടെ സംശയം. ഇന്ത്യയില്‍ ബുദ്ധിസവും ഹഠയോഗവും പഠിച്ചു ആശ്രമജീവിതം നയിച്ച് ജീവിച്ച ഒരു വ്യക്തിക്ക് വെറുമൊരു വാദത്തിനുവേണ്ടി പോലും ഇപ്രകാരമൊരു മറുചോദ്യം ഉന്നയിക്കാനുള്ള ത്രാണി ഉണ്ടാകില്ല.

തന്‍റെ ജീവിതകാലത്ത് ഒരിക്കല്‍പോലും യേശുക്രിസ്തു പലസ്തീന്‍ നാടിന് വെളിയില്‍ പോയിട്ടില്ല എന്നാണ് ചരിത്രവും ബൈബിളും ബൈബിള്‍ പണ്ഡിതന്മാരും ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നത്. കെട്ടിച്ചമച്ച കഥകള്‍കൊണ്ട് രൂപപ്പെടുത്താവുന്നതല്ല യേശുക്രിസ്തുവിന്‍റെ ജീവചരിത്രം. എന്നാല്‍ അവിടുന്ന് ലോകത്തിലുള്ള സകല വംശങ്ങളെയും ഗോത്രങ്ങളെയും ജാതികളെയും സംസ്കാരങ്ങളെയും സ്വാധീനിച്ചു; ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങളായി അവിടുന്ന് മനുഷ്യവംശത്തില്‍ ഒരു സംസാരവിഷയമായി നിലകൊള്ളുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments