Tuesday, October 15, 2024
No menu items!
Homeനസ്രാണി പൈതൃകംചില തോമ്മാക്കഥകൾ

ചില തോമ്മാക്കഥകൾ

ഇന്ത്യന്‍ ക്രിസ്ത്യാനിയുടെ ഇന്നലെകള്‍ -1


”സംശയിക്കുന്ന തോമ” എന്നത് ആലങ്കാരികമായി പറയുന്നതാണെങ്കിലും “തോമായെ സംശയിക്കുന്നതിന്‍റെ” ചിത്രമാണ് ഇരുപത് നൂറ്റാണ്ടുകളായുള്ള ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ ചരിത്രത്തില്‍ പടര്‍ന്നുകിടക്കുന്നത്. ക്രിസ്തുശിഷ്യനായ തോമാ ഭാരതത്തില്‍ വന്നിരുന്നോ? ഇന്ത്യന്‍ ക്രിസ്ത്യാനിറ്റിയില്‍ തോമാശ്ലീഹായ്ക്ക് എന്തെങ്കിലും റോള്‍ ഉണ്ടായിരുന്നോ? തോമാശ്ലീഹാ വന്നുവെന്നതിന് നൂറ്റൊന്നു തെളിവുകള്‍ നിരത്തിയാലും “തോമായുടെ നടപടികൾ” എന്ന പുസ്തകം, അദ്ദേഹം എഴുതിയതല്ലെങ്കില്‍ക്കൂടി അദ്ദേഹത്തെ വെറുമൊരു ഭാവനാസൃഷ്ടിയാക്കുന്നു. അതിനാൽ ഇന്ത്യയിലെ തോമായെ കെട്ടുകഥകളിലെ കഥാപാത്രമായിട്ടാണ് പലരും ധരിച്ചിരിക്കുന്നത്. കഥകളിലെ തോമായും ചരിത്രത്തിലെ തോമായും രണ്ടു വ്യക്തികളാണ് എന്നതാണ് വസ്തുത.

ക്രിസ്തുശിഷ്യനായിരുന്ന തോമായ്ക്കുമേല്‍ പലപ്പോഴും ഭാവനാസൃഷ്ടിയായ തോമാ പ്രബലനാകാറുണ്ട്, ചിലപ്പോള്‍ തിരിച്ചും സംഭവിക്കും. നൂറ്റാണ്ടുകളായി തോമായ്ക്കുമേല്‍ തോമാ നടത്തുന്ന അധിനിവേശങ്ങളാണ് ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ക്രിസ്ത്യാനികള്‍ തോമായെ വ്യാഖ്യാനിക്കുന്നു. ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ മൂപ്പിളമ തര്‍ക്കങ്ങളുടെ മധ്യസ്ഥനും അവസാന വാക്കുമാണ് തോമാ. തങ്ങളുടെ വംശവൃക്ഷം തോമായില്‍ വേരാഴ്ത്തി നില്‍ക്കുന്നു എന്ന് തെളിയിക്കുന്നതോടെ തങ്ങളുടെ ക്രിസ്ത്യന്‍ തായ് വഴികള്‍ ഭദ്രമാണെന്ന് പലരും കരുതുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നസറാണി സഭകള്‍ തമ്മിലുണ്ടായിട്ടുള്ള എല്ലാ അന്തഃസംഘര്‍ഷങ്ങളിലും വ്യവഹാരങ്ങളിലും തോമാ ഒരു കക്ഷിയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍നിന്നും ഒന്നാം നൂറ്റാണ്ടിലേ തോമായിലേക്കുള്ള മാര്‍ഗ്ഗത്തേയാണ് പലരും ക്രിസ്തുമാര്‍ഗ്ഗമായി ഇന്ന് കണക്കാക്കുന്നതുപോലും. “തോമായാണ് ക്രിസ്തു” എന്ന് ധരിച്ചിരുന്ന നസറാണി ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ ഇന്നും തോമാ ഒരു നിര്‍ണായക ശക്തിതന്നെയാണ് എന്നതാണ് സത്യം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തോമായും അദ്ദേഹത്തിന്‍റെ ചരിത്രപരതയും പട്ടത്വവും പിന്തുടര്‍ച്ചയും ചിലരുടെ ഉറക്കം കെടുത്തുന്നു സംഗതികളാണ്. ചിലര്‍ക്ക് തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിനായി തോമാ അധികാരവും ചെങ്കോലും സിംഹാസനവും ഉള്ളവനാണ്. എന്നാല്‍ മറ്റുചിലര്‍ തോമായെ സ്ഥാനവസ്ത്രങ്ങളില്ലാതെ, നിസ്സംഗനായി നിര്‍ത്തിയിരിക്കുന്നു; അവരുടെ നിലനില്‍പ്പിനിയി തോമാ അങ്ങനെ നിര്‍ഗുണനായി
നില്‍ക്കേണ്ടവനാണ്. ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയില്‍ അധികാരത്തിനും പദവികള്‍ക്കും വേണ്ടി തര്‍ക്കങ്ങള്‍ മുറുകുമ്പോഴെല്ലാം തോമാ നൂറ്റാണ്ടുകളായി അവതരിച്ചു കൊണ്ടേയിരിക്കുന്നു.

മാര്‍തോമാ കേരളത്തില്‍ വന്നിരുന്നോ എന്നു ചോദിക്കുമ്പോള്‍ ഇന്ന് ”സംശയിക്കുന്ന തോമാമാരുടെ” എണ്ണം ഏറിവരികയാണ്. അതിനാല്‍, ഭാരതവും തോമ്മായും എന്ന വിഷയം നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു.

ചരിത്രത്തിലും തോമ്മായുണ്ട്, കഥകളിലും തോമ്മായുണ്ട്. ചരിത്രത്തിലേ തോമ്മായെ തപ്പിയിറങ്ങുന്ന പലരും കഥകളിലെ തോമ്മായിലാണ് എത്തിച്ചേരുന്നത്. ഇല്ലാക്കഥകളിലൂടെ പ്രസിദ്ധനായ തോമായെയും ചരിത്രപിൻബലത്തിൽ ആഢ്യത്വമുറപ്പിച്ച തോമായെയും തിരിച്ചറിഞ്ഞുകൊണ്ടുവേണം ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ ഇന്നലെകളെ പരിശോധിക്കാന്‍. ഈ ലേഖനത്തില്‍ കഥകളിലും ഐതിഹ്യങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന തോമായെ നമുക്ക് കണ്ടുമുട്ടാം.

മാര്‍ തോമാ സ്ലീഹായുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില ഐതിഹ്യകഥകളുണ്ട്. ബൈബിളിനു വെളിയില്‍ തോമായെ നാം കണ്ടുമുട്ടുന്നത് “തോമായുടെ നടപടികള്‍” എന്ന ഗ്രന്ഥത്തിലാണ്. തോമാ എന്നു പറഞ്ഞാല്‍ “ഇരട്ട” എന്നാണ് അര്‍ത്ഥം. ഗ്രീക്ക് ഭാഷയില്‍ “ദീദിമോസ്” എന്നും പറയും. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് യൂദാ എന്നായിരുന്നു എന്നാണ് സുറിയാനി പാരമ്പര്യ വിശ്വാസം. ഒമ്പതു ഭാഗങ്ങളായാണ് തോമായുടെ നടപടികള്‍ എഴുതിയിട്ടുള്ളത്. ഒന്നാം ഭാഗത്തില്‍, ശിഷ്യന്മാര്‍ ഒന്നിച്ചു ചേര്‍ന്ന് ആരെല്ലാം ഏതെല്ലാം രാജ്യങ്ങളില്‍ സുവിശേഷം പറയാന്‍ പോകണമെന്ന് നറുക്കിടുന്നതും തോമായ്ക്ക് ഇന്ത്യയിലേക്കു പോകാന്‍ ചീട്ടു വീഴുന്നതും കാണാം. അദ്ദേഹം പോകാന്‍ മടിച്ചു, എന്നാല്‍ ക്രിസ്തു തോമായ്ക്ക് സ്വപ്നത്തില്‍ പ്രത്യക്ഷനായി പോകാന്‍ പറഞ്ഞു, വീണ്ടും തോമാ മടിച്ചിരന്നപ്പോള്‍ ക്രിസ്തു ഹബ്ബാന്‍ എന്ന ഇന്ത്യന്‍ വ്യാപാരിക്കു പ്രത്യക്ഷനായി തോമായെക്കുറിച്ച് സൂചന നല്‍കി, അയാള്‍ ഒരു തച്ചനെ തേടി നടക്കുകയായിരുന്നുവത്രെ. ഹബ്ബാന്‍ തോമായെ കണ്ടെത്തി, തന്‍റെ ആവശ്യം അറിയിച്ചു. തോമാ അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് പോയി. ഇന്ത്യയിലെത്തിയ തോമാ, കപ്പലിറങ്ങിയിടത്ത് ഒരു രാജകുടുംബത്തിന്‍റെ വിവാഹം നടക്കുന്നതു കണ്ടു, രാജകുമാരനെയും രാജകുമാരിയെയും ആദ്യമായി മാനസാന്തരപ്പെടുത്തി ക്രിസ്ത്യാനകളാക്കി. തോമായുടെ സംഭവബഹുലമായ കഥ ഇവിടെ ആരംഭിക്കുന്നു!

തോമായുടെ ഇന്ത്യാപ്രവേശനത്തിന് പറയപ്പെടുന്ന മറ്റൊരു കഥ പ്രകാരം, ഇന്നത്തെ ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്തോ -പാര്‍ത്തിയന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാവായിരുന്ന ഗുണ്ടഫോറസ് ഒന്നാമന് (എഡി 19-46 -അവലംബം: വിക്കിപ്പീഡിയ) കൊട്ടാരം നിര്‍മിക്കാന്‍ വേണ്ടി തോമാ ഇന്ത്യയിലെത്തുന്നു. “ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് രാജാവ് കൊട്ടാരം പണിയുവാനാവശ്യമായ പണം നല്‍കി. ഏതാനും നാളുകള്‍ക്കു ശേഷം രാജാവ് തന്‍റെ സ്നേഹിതരോട് തന്‍റെ പണിതുകൊണ്ടിരിക്കുന്ന കൊട്ടാരത്തേക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഒരു കൊട്ടാരവും അവിടെ അയാള്‍ പണിതിട്ടില്ല. യാതൊന്നും അയാള്‍ ചെയ്തിട്ടില്ല. എന്നാല്‍ അയാള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിനടക്കുകയും സാധുക്കള്‍ക്ക് ദാനം കൊടുക്കുകയും ഒരു പുതിയ ദൈവത്തെപ്പറ്റി പഠിപ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും അങ്ങനെ പല കാര്യങ്ങള്‍ ചെയ്യുകയുമായിരുന്നു. അയാള്‍ ഒരു മന്ത്രവാദിയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എന്നാല്‍ അയാളുടെ ദീനനുകമ്പയും യാതൊരു പ്രതിഫലവും പറ്റാതുള്ള രോഗശാന്തി നല്‍കലും അയാളുടെ താപസജീവിതവും ഭക്തിയും അയാള്‍ ഒന്നുകില്‍ ഒരു മാന്ത്രികനാണ് അല്ലെങ്കില്‍ പുതിയ ദൈവത്തിന്‍റെ അപ്പൊസ്തൊലനാണ് എന്നു ചിന്തിക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിക്കുന്നു. അയാള്‍ കൂടുതല്‍ ഉപവസിക്കുകയും കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഉപ്പുകൂട്ടി അപ്പം കഴിക്കുന്നു. വെള്ളമാണ് കുടിക്കുന്നത്. ഒരു വസ്ത്രം മാത്രമേ ധരിക്കുന്നുള്ളൂ. സ്വന്തം ആവശ്യത്തിനുവേണ്ടി ആരില്‍നിന്നും യാതൊന്നും സ്വീകരിക്കുന്നില്ല. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു…. ( Acts of Thomas, Brill Publications, P 74)

തോമാ തനിക്ക് കൊട്ടാരം പണിതില്ല എന്നറിഞ്ഞ രാജാവ് കോപിച്ചു, തോമായെ തടവിലാക്കി. ഇതിനിടയില്‍ രാജാവിന്‍റെ സഹോദരന്‍ മരിച്ചു, അല്‍പം കഴിഞ്ഞ് അയാള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. രാജാവിനുവേണ്ടി തോമാ സ്വര്‍ഗ്ഗത്തില്‍ നിര്‍മിച്ചിരിക്കുന്ന കൊട്ടാരം താന്‍ കണ്ടുവെന്ന് അയാള്‍ പറഞ്ഞു. ഇതറിഞ്ഞ രാജാവ് തോമായെ മോചിപ്പിച്ചു, അദ്ദേഹവും രാജ്യവുമെല്ലാം ക്രിസ്തുമതം സ്വീകരിച്ചു, ഇതാണ് മറ്റൊരു ഐതിഹ്യം. തോമാ വെള്ളം കൈക്കമ്പിളിൽ കോരിയെടുത്ത് ആകാശത്തില്‍ നിലനിര്‍ത്തി കുറെ നമ്പൂതിരിമാരെ അമ്പരപ്പെടുത്തിയെന്നും അതില്‍ കുറേപ്പേരെ ക്രിസ്ത്യാനികളാക്കി എന്നൊരു ഐതിഹ്യകഥയും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇവരാണത്രേ ആദ്യമായി ക്രിസ്ത്യാനികളായ കേരളത്തിലെ ആദ്യ നമ്പൂതിരി കുടുംബങ്ങള്‍!

തോമാ അറേബ്യയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും അവിടെയെത്തിയ കച്ചവടക്കാര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ഗോണ്ടഫോറസ് രാജാവിന് വിറ്റുവെന്നും അങ്ങനെയാണ് അദ്ദേഹം ഇന്ത്യയില്‍ വന്നത് എന്ന മറ്റൊരു കഥയും പ്രചാരത്തിലുണ്ട്.

തോമായുമായി പറഞ്ഞു കേള്‍ക്കാറുള്ള മറ്റൊരു ഐതിഹ്യം മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണവുമായി ബന്ധപ്പെട്ടാണ്. യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനു ശേഷമുള്ള ആദ്യത്തെ പ്രത്യക്ഷതയ്ക്ക് തോമാ സാക്ഷിയായിരുന്നില്ല (യോഹ 20:24-29). എന്നാല്‍ ഇതിനു സാക്ഷികളായവര്‍ അത് തോമായോടു പറഞ്ഞപ്പോള്‍ അദ്ദേഹം അത് അവിശ്വസിച്ചു. അങ്ങനെ തോമാ, “സംശയിക്കുന്ന തോമാ”യായി അറിയപ്പെട്ടു തുടങ്ങി. അതുപോലെ, യേശുവിന്‍റെ അമ്മയായ കന്യകാമറിയം ഉടലോടെ സ്വര്‍ഗ്ഗാരോപണം ചെയ്യുപ്പെടുമ്പോള്‍ മറ്റ് ശിഷ്യന്മാര്‍ എല്ലാവരും ജറുസലേമില്‍ ഉണ്ടായിരുന്നു, എന്നാല്‍ “കാണാതെ വിശ്വസിക്കില്ല” എന്നതില്‍ ശാഠ്യം പിടിക്കുന്ന തോമാ ആ സമയത്ത് ഇന്ത്യയിലെ വേലയില്‍ വ്യാപൃതനായിരുന്നുവത്രെ. അത്ഭുതകരമായി തോമായെ പരിശുദ്ധാത്മാവ് ആകാശമാര്‍ഗ്ഗേ ഒലിവുമലയിലേക്കു കൊണ്ടുപോയി, യാത്രാമധ്യേ അദ്ദേഹം ഒലിവുമലയിലേക്ക് അടുക്കാറാകുമ്പോള്‍ മറിയം സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടിരുന്നു. താന്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുന്നത് കാണാതെ തോമാ വിശ്വസിക്കില്ല എന്നു ഉറപ്പുള്ള മറിയം, തന്‍റെ അരക്കച്ച അദ്ദേഹത്തിന് താഴേക്ക് ഇട്ടുകൊടുത്തു. മറിയത്തിന്‍റെ ഈ അരക്കച്ച ലഭിച്ച തോമാ, മറിയത്തിൻ്റെ ഉടലോടെയുളള സ്വർഗ്ഗ പ്രവേശനം യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിച്ചു. മറ്റ് ശിഷ്യന്മാര്‍ക്കും ഇതെല്ലാം പൂര്‍ണ്ണമായും വിശ്വാസിക്കുന്നതിന് ഈ അരക്കച്ച കാരണമായി. ഈ അരക്കച്ച ഇന്നും ഇറ്റലിയില്‍ ഒരു തിരുശേഷിപ്പായി ഫ്ളോറന്‍സില്‍ ഒരു ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

തോമായുടെ നടപടികള്‍ ഏറെ കാല്‍പനികമായിട്ടാണ് വിരചിതമായിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലാണ് ഇത് എഴുതിയതെന്നും അല്ല, രണ്ടാം നൂറ്റാണ്ടിലാണെന്നും അഞ്ചാം നൂറ്റാണ്ടിലാണെന്നും വാദിക്കുന്നവരുണ്ട്. തോമാ എ.ഡി 52ല്‍ ചേരരാജ്യ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു എന്നാണ് പാരമ്പര്യവിശ്വാസം.

“കൊടുങ്ങല്ലൂര്‍ ഭഗവതിയും സെന്‍റ് തോമസും തങ്ങളുടെ മതങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി പരസ്പരം തര്‍ക്കുന്നതിന്‍റെ ഒരു കഥയുണ്ട്. തര്‍ക്കം രൂക്ഷമായപ്പോള്‍ സംസാരം നിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നിയ ഭഗവതി നദിയില്‍ ചാടി നീന്തി ക്ഷേത്രത്തിലേക്കു കടന്നു. സെന്‍റ് തോമസും പുറകെ പിന്തുടര്‍ന്നു. ഭഗവതി ക്ഷേത്രത്തിലേക്ക് കടന്നു. ക്ഷേത്രവാതില്‍ അടയ്ക്കാതിരിക്കാനായി സെന്‍റ് തോമസ് അവിടെ കാലു വച്ചു. അങ്ങനെ രണ്ടുപേരും ക്ഷേത്രവാതിലില്‍ കല്ലായി മാറും വരെ അങ്ങനെ നിന്നു. കൊടുങ്ങല്ലൂരില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ കഥ അനന്തകൃഷ്ണയ്യര്‍ Cochin Tribes and Castes എന്ന കൃതിയില്‍ 1920ല്‍ രേഖപ്പെടുത്തി” (ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിന് ഒരു കൈപ്പുസ്തകം, ബോബി തോമസ്, ഡി.സി. ബുക്സ്)

തോമസിന്‍റെ വരവുപോലെ തന്നെയാണ് അദ്ദേഹത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദവും. എ.ഡി 72ലാണ് തോമാ മരിച്ചവര്‍ഷമായി കണക്കാക്കുന്നത്. മയിലിനെ വേട്ടയാടിയ ഒരു വേടന്‍റെ ഉന്നംതെറ്റി പാഞ്ഞ അമ്പേറ്റ് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്നതാണ് പാരമ്പര്യവിശ്വാസം. എന്നാല്‍, പ്രാര്‍ത്ഥനാനിരതനായിരുന്ന തോമായെ ഒരു ബ്രാഹ്മണന്‍ കുന്തംകൊണ്ട് കുത്തിക്കൊന്നുവെന്നും രാജാവിന്‍റെ പടയാളികള്‍ അദ്ദേഹത്തെ കുന്തത്തിന് കുത്തിക്കൊന്നു എന്നും തോമായുടേത് സ്വാഭാവികമരണമായിരുന്നു എന്നും പറയപ്പെടുന്നു. തോമായുടെ മരണം ഏതുവിധം ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കബറിടം മദ്രാസില്‍ മൈലാപ്പൂരിലാണ് എന്നതിനാണ് പാരമ്പര്യ വിശ്വാസവും ചരിത്രത്തെളിവുകളും പിന്തുണയ്ക്കുന്നത്.

തോമായുടെ വരവും ജീവിതവും മരണവും കാല്‍പ്പനിക കഥകളുടെ അകമ്പടിയോടെയേ പറഞ്ഞു കേള്‍ക്കാറുള്ളൂ. എഴുതപ്പെട്ട സംഭവങ്ങളേക്കാള്‍ എഴുതപ്പെടാത്ത കഥകളിലെ തോമായ്ക്കാണ് ഏറെ പ്രചാരം ലഭിച്ചത്. അതിനാല്‍, തോമായുടെ പേരില്‍ കഥകള്‍ക്കുമേല്‍ കഥകളുണ്ടാക്കുന്നിതല്‍ പലരും മത്സരിച്ചു. തോമായുടെ പാദം പതിഞ്ഞ മണ്ണ് എന്ന് വിശ്വസിക്കുന്ന മലയാറ്റൂരില്‍ അദ്ദേഹത്തിന്‍റെ പാദം പതിഞ്ഞിരിക്കുന്ന പാറയും ദാഹജലത്തിനായി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ താനേ ഉറവെടുത്ത കിണറും കാണാം. വാസ്തവത്തില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ എഴുതപ്പെട്ട കഥകള്‍പോലെയാണ് തോമായുടെ ജീവിതവും കഥകളും പ്രചരിച്ചത്. ഐതിഹ്യമാലയിലെ ഒരു മുത്തായി പലരും തോമാക്കഥകളെയും ധരിച്ചു. തോമായെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യകഥകള്‍ ഏറെ പ്രചരിച്ചതിനാല്‍ അദ്ദേഹം പലപ്പോഴും സംശയത്തിന്‍റെ നിഴലിലായി, അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായിരിക്കും ഇന്ത്യയില്‍ വന്നതും പ്രവര്‍ത്തിച്ചതും എന്ന് കരുതുന്നവരുണ്ട്. ഇന്ത്യ എന്നത് ഇന്ന് അറിയപ്പെടുന്ന ഇന്ത്യയല്ല എന്നു കരുതുന്നവരും ഉണ്ട്. എന്നാല്‍, ഒന്നാം നൂറ്റാണ്ടിനു മുമ്പു തന്നെ കേരളത്തില്‍ യഹൂദന്മാരുടെ സാന്നിധ്യവും വിദേശരാജ്യങ്ങളുമായി കേരളത്തിനുള്ള കച്ചവടബന്ധങ്ങളും തോമായുടെ വരവിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കഥകളും ഐതിഹ്യങ്ങളും എന്തുതന്നെ ആയാലും ചരിത്ര പരിശോധനയില്‍ കാണുന്നത് എഡി 52ല്‍ ഇന്ത്യയില്‍ വന്ന്, 72ല്‍ അദ്ദേഹം മരിച്ചു എന്നാണ്. എന്നാല്‍ ഇതിനോടകം അദ്ദേഹം ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു എന്ന കഥയും പ്രചരിക്കുന്നുണ്ട്. ഒരു പള്ളിയോ, അങ്ങേയറ്റം രണ്ട് പള്ളികളോ പണിയാനുള്ള സാധ്യതകളേ കാണുന്നുള്ളൂ. സമയവും സാമഗ്രികളും ആവശ്യത്തിന് ലഭ്യമല്ലാത്ത കാലത്ത് വാസ്തുശില്‍പ ഭംഗിയുള്ള ഏഴരപ്പള്ളികള്‍ അദ്ദേഹം ഇന്ത്യയിലെ തന്‍റെ ചുരുങ്ങിയ ജീവിതകാലത്ത് നിര്‍മ്മിച്ചു എന്ന് വിശ്വസിക്കുക പ്രയാസമാണ്. എന്നാല്‍, “ഏഴരപ്പളളികൾ”
എന്നാൽ ഏഴോ അതിലധികമോ ഇടങ്ങളില്‍ ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു എന്നു വിശ്വസിക്കുക എളുപ്പമാണ്.
ഹിന്ദു വിശ്വാസ പ്രകാരം ” ഏഴരപ്പൊന്നാന പുറത്ത് എഴുന്നള്ളുന്ന ഏറ്റുമാനൂരപ്പൻ മകൻ ” എന്ന സങ്കൽപത്തോട് കിടപിടിക്കുന്നതാണ് തോമായുടെ ഏഴരപ്പളളി കഥ എന്നും കരുതാം.

കഥകൾ എന്തു തന്നെ ആയിരുന്നാലും 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യന്‍ സുവിശേഷീകരണത്തിന് തുടക്കം കുറിച്ച അപ്പസ്തൊലനായ തോമാ, ഇന്ത്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ മുഖമുദ്രയും അവിഭാജ്യ ഘടകവുമാണ്. തോമാ ഒരു തുടക്കം മാത്രമായിരുന്നു, അദ്ദേഹത്തിനു ശേഷം നിരവധി തോമാമാര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ക്രിസ്തുസന്ദേശവുമയി വന്നെത്തിയിട്ടുണ്ട്. കര്‍ത്താവീശോ മശിഹായുടെ ശിഷ്യനായ തോമാസ്ലീഹായാണ് ഇന്ത്യന്‍ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. കഥകളില്‍ പ്രചരിക്കുന്ന തോമായേക്കാള്‍ വിശ്വാസയോഗ്യനാണ് ചരിത്രത്തിലെ തോമാസ്ലീഹാ. അദ്ദേഹത്തെക്കുറിച്ചുള്ള ചരിത്രവസ്തുതകള്‍ അടുത്ത ലേഖനത്തില്‍ പരിശോധിക്കാം (തുടരും).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments