Sunday, May 26, 2024
No menu items!
Homeത്രിത്വവിശ്വാസംവിഷലിപ്തവാദങ്ങള്‍ക്ക് യോഹന്നാന്‍റെ മറുപടിയും മാതൃകയും

വിഷലിപ്തവാദങ്ങള്‍ക്ക് യോഹന്നാന്‍റെ മറുപടിയും മാതൃകയും

ത്രിത്വവിശ്വാസം – രണ്ട്

ചരിത്രം സമാനതകളില്ലാതെ ആവര്‍ത്തിക്കുന്നു എന്നതാണ് നിഖ്യാ സൂന്നഹദോസിന്‍റെ ചരിത്രപരതയും ഇന്ന് മലയാളി പെന്‍റക്കൊസ്റ്റ് സമൂഹത്തില്‍ ഉയരുന്ന ദുരുപദേശങ്ങളുടെ വ്യാപനവും വ്യക്തമാക്കുന്നത്. ജെറുസലേമില്‍ യഹൂദന്മാരില്‍നിന്നു വന്ന ആദ്യകാല ക്രിസ്തുവിശ്വാസികളും സുറിയാനി ത്രിത്വവിശ്വാസ പാരമ്പര്യത്തില്‍നിന്നു വന്ന മലയാളി പെന്‍റക്കൊസ്റ്റ് വിശ്വാസികളും ഈ ആവര്‍ത്തിക്കുന്ന ചരിത്ര നാടകത്തിലെ സമാനതകളേറെയുള്ള കഥാപാത്രങ്ങളായി നിലക്കൊള്ളുന്നു. രണ്ട് കാലഘട്ടങ്ങളിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ ചരിത്രപരമായ അകലമുണ്ടെങ്കിലും ദൈവശാസ്ത്രപരമായി നേരിടുന്ന വെല്ലുവിളികളും അതുയര്‍ത്തുന്ന പ്രതിസന്ധികളും ഒരുപോലെയുള്ളതാണ്.

ക്രൈസ്തവസഭാ ചരിത്രത്തില്‍ സഭകള്‍ തമ്മില്‍ ഉപദേശ വിഷയങ്ങളുടെയും മേൽക്കോയ്മകളുടെയും പേരിൽ വേര്‍പിരിഞ്ഞ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ പാരമ്പര്യ സഭകളില്‍നിന്ന് നിരവധി ആത്മീയമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം ഘട്ടങ്ങളിലെല്ലാം പരിശുദ്ധ ത്രിത്വവിശ്വാസം ക്രൈസ്തവികതയുടെ പൊതുവിശ്വാസമായി സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ യഹോവയുടെ സാക്ഷികളും മോര്‍മണ്‍സും കടന്നുവരുന്നതുവരെ ത്രിത്വവിശ്വാസം എവിടെയും ചോദ്യം ചെയ്യപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തതായി കേട്ടുകേള്‍വിപോലും ഇല്ല.

പതിനാലാം നൂറ്റാണ്ടു മുതല്‍ ഓട്ടോമാന്‍ സാമ്രാജ്യം (Ottoman Empire) ക്രിസ്റ്റ്യന്‍ യൂറോപ്പില്‍ വിവിധ അധിനിവേശങ്ങള്‍ നടത്തി മതപ്രചാരണം നടത്തിയെങ്കിലും കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ യൂറോപ്പ് ഒന്നടങ്കം അതിനെ അതിജീവിച്ചു. ഈ സംഘര്‍ഷത്തിന്‍റെ മറവില്‍ ഇസ്ലാമതം യൂറോപ്പില്‍ പ്രചരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവെങ്കിലും വിശ്വാസസംബന്ധിയായ ആശയങ്ങള്‍ക്ക് യൂറോപ്പിനെ കീഴടക്കാന്‍ കഴിയാതിരുന്നത് കത്തോലിക്കാ സഭയും വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളും അടിയുറച്ചുനിന്ന ത്രീത്വ വിശ്വാസത്തിലും സഭാന്തര ബന്ധങ്ങളിലൂടെയും ആയിരുന്നു. ഇസ്ലാമിക അധിനിവേശത്തിനായി ഘോരമായ ആക്രമണങ്ങള്‍ തുര്‍ക്കികള്‍ യൂറോപ്പില്‍ അഴിച്ചുവിട്ടതിന്‍റെ ഫലമായി ജീവരക്ഷയ്ക്കായി കിഴക്കന്‍ യൂറോപ്പില്‍ ചിലയിടങ്ങളിലെങ്കിലും ജനങ്ങള്‍ക്ക് ഇസ്ലാംമതം സ്വീകരിക്കേണ്ടി വന്നു. എന്നാല്‍ അതിന്‍റെ നൂറിരട്ടി ക്രൈസ്തവര്‍ പരിശുദ്ധ ത്രീയേകത്വ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന അര്‍മീനിയന്‍ കൂട്ടക്കൊലയില്‍ പതിനഞ്ച് ലക്ഷം ആളുകള്‍ക്ക് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെടേണ്ടതായി വന്നു. ഇതില്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സുകാരും അര്‍മീനിയന്‍ കത്തോലിക്കരും അര്‍മീനിയന്‍ പ്രൊട്ടസ്റ്റന്‍റുകാരും അര്‍മീനിയന്‍ അപ്പൊസ്റ്റൊലിക് സഭാംഗങ്ങളും ഉണ്ടായിരുന്നു.

ദൈവശാസ്ത്രവിഷയങ്ങളില്‍ കാതാലായ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാനപരമായി ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന ഘടകം ത്രീയേകത്വ വിശ്വാസമാണ് എന്നതായിരുന്നു കഴിഞ്ഞ 20 നൂറ്റാണ്ടുകള്‍ സാക്ഷിക്കുന്നത്.
വിവിധ വിഷയങ്ങളില്‍ സഭകള്‍ തമ്മില്‍ കാതലായ വ്യത്യാസങ്ങള്‍ നിലനിന്നപ്പോഴും ത്രിത്വാധിഷ്ഠിതമായി ക്രൈസ്തവസഭകള്‍ ഉയര്‍ത്തിപ്പിടിച്ച ‘അതിവിശുദ്ധ വിശ്വാസം’ ഏത് ആത്മീയ പ്രതിസന്ധിയെയും അതിജീവിക്കാന്‍ കഴിയുമെന്ന വലിയ സന്ദേശമാണ് നല്‍കുന്നത്. ക്രൈസ്തവ ചരിത്രത്തില്‍ ഉയര്‍ന്നുകേട്ട ഈ അതിജീവനത്തിന്‍റെ സന്ദേശം ഏറ്റെടുത്ത് സകല ത്രിത്വ വിശ്വാസികളായ ക്രൈസ്തവരും ഒന്നിച്ചു നില്‍ക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.

ക്രൈസ്തവസഭാ ചരിത്രത്തില്‍ ആദ്യത്തെ സൂന്നഹദോസ് അപ്പൊസ്തൊല പ്രവൃത്തി 15ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ജെറുസലേം കൗണ്‍സില്‍ ആയിരുന്നു. കാലികമായി ഉയര്‍ന്ന വിശ്വാസവിഷയങ്ങളെ സഭാനേതൃത്വം ദൈവവചനത്തിന്‍റെ പരിധിക്കുള്ളില്‍നിന്ന് പരിഹരിച്ചതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ജറുസലേം കൗണ്‍സില്‍. ആദിമസഭ ഇക്കാലയളവില്‍ നേരിട്ട പ്രതിസന്ധി മോശയുടെ നിയമങ്ങള്‍ക്ക് ക്രൈസ്തവസഭയില്‍ എത്രമേല്‍ കടന്നുകയറാം എന്നതിലുള്ള തര്‍ക്കമായിരുന്നു. പരീശപക്ഷത്തില്‍നിന്ന് ക്രിസ്തുവില്‍ വിശ്വസിച്ചവര്‍ നിര്‍ദ്ദേശിച്ചത്, പരിഛേദനയും മോശൈക ന്യായപ്രമാണവും ക്രിസ്തുവിശ്വാസത്തില്‍ തുടര്‍ന്നും ആചരിക്കണമെന്നായിരുന്നു. പൗലോസും ബര്‍ണബാസും ഇതിന് വിരുദ്ധമായും പഠിപ്പിച്ചു. ഇരുപക്ഷത്തും പ്രബലമായി നില്‍ക്കുന്ന ഈ രണ്ട് ചിന്തകള്‍ ഉയര്‍ത്തിയ പ്രതിസന്ധി പരിഹരിക്കാന്‍ അവര്‍ സമ്മേളിച്ചു. ഒടുവില്‍ “വിഗ്രഹാര്‍പ്പിതം, ശ്വാസംമുട്ടി ചത്തത്, രക്തം, പരസംഗം” എന്നിവ വര്‍ജ്ജിക്കണം എന്ന തീരുമാനം എടുത്ത് പ്രശ്നം പരിഹരിച്ചു. എന്നാല്‍, എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ ദൈവത്വം, മനുഷ്യത്വം, ത്രീത്വം എന്നീ വിഷയങ്ങള്‍ ഇവര്‍ ചര്‍ച്ച ചെയ്യാതിരുന്നത്? അന്നേ ഇവര്‍ ത്രീയേകത്വ വിഷയത്തില്‍ ഒരു വാക്യമെങ്കിലും എഴുതിവച്ചിരുന്നെങ്കില്‍, ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നെങ്കില്‍ തുടര്‍ന്നു വരുന്ന നൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികള്‍ ഈ വിഷയത്തിൻ്റെ പേരിൽ ഇത്രമേല്‍ സംഘര്‍ഷഭരിതമായി മുന്നോട്ടു നീങ്ങേണ്ടി വരില്ലായിരുന്നു. എന്നാല്‍ അപ്രകാരം അവരെ പരിശുദ്ധാത്മാവ് എന്തുകൊണ്ട് ഹേമിച്ചില്ല എന്ന് ന്യായമായും ചോദിക്കാം. ഇതിന് രണ്ട് സാധ്യതകളാണ് ഞാന്‍ കാണുന്നത്.

ഒന്നാമതായി യേശുക്രിസ്തുവിനെ നേരിട്ടു കണ്ട്, കൂടെ വസിച്ച ഒരു തലമുറയ്ക്ക് അവിടുത്തെ ദൈവത്വത്തിലോ ദൈവത്വത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ത്രിത്വബോധ്യങ്ങളിലോ സംശയമില്ലായിരുന്നു. യേശുക്രിസ്തുവിന്‍റെ “മഹിമകണ്ട സാക്ഷികളായ ” പത്രോസും യാക്കോബും യോഹന്നാനും ഉള്‍പ്പെട്ട വലിയൊരു വിശ്വാസ സമൂഹത്തിന് മാറ്റാരുടെയും സാക്ഷ്യം ആവശ്യമില്ലായിരുന്നു. അകാലജാതനായ പൗലോസിനും ഈ വെളിപ്പാട് ഉണ്ടായിരുന്നു. “ഈ മനുഷ്യന്‍ നിയമവിരുദ്ധമായരീതിയില്‍ ദൈവാരാധന നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു” (അപ്പ പ്രവൃത്തികള്‍ 18:13) എന്നതായിരുന്നു പൗലോസിനെതിരേ യഹൂദര്‍ ആരോപിച്ച കുറ്റം. എന്തായിരുന്നു യഹൂദന്‍റെ ദൃഷ്ടിയില്‍ നിയമവിരുദ്ധമായ ആരാധന? വാക്യം 18:5ല്‍ വായിക്കുന്നത് “യേശുതന്നെയാണ് ക്രിസ്തു എന്ന് യഹൂദനെ ബോധ്യപ്പെടുത്താനും” അതേത്തുടര്‍ന്ന് യേശുവിനെ ആരാധിക്കുവാനും പൗലോസ് ആഹ്വാനം ചെയ്തതായിരുന്നു കുറ്റം. പരിശുദ്ധ ത്രീത്വത്തിലെ വചനമായ ദൈവം, “ദൈവത്തിന്‍റെ സര്‍വ്വസമ്പൂര്‍ണ്ണതയുമായി വെളിപ്പെട്ടതാണ് യേശുക്രിസ്തു” (കൊളോ 2:9) എന്ന ശക്തമായ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവിനെ ആരാധിക്കാന്‍ പൗലോസ് ആവശ്യപ്പെട്ടതാണ് യഹൂദരെ കോപാകുലരാക്കിയതത്രെ! ഇവിടെയെല്ലാം നാം കാണുന്നത് ജറുസലേം കൗണ്‍സിലില്‍ സമ്മേളിച്ചവര്‍ക്ക് യേശുക്രിസ്തുവിലോ ത്രിത്വവിശ്വാസത്തിലോ യാതൊരു സംശയവും ഇല്ലായിരുന്നു എന്നതാണ്.

യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരും ആദ്യകാല ക്രൈസ്തവരും എല്ലാവരും യഹൂദന്മാരും യഹൂദമതനിയമങ്ങളില്‍ ആഴമേറിയ അറിവുള്ളവരും ആയിരുന്നു. ഇവരുടെ ഇന്നത്തെ പതിപ്പായ മെസിയാനിക് യഹൂദന്മാര്‍ക്കും ത്രിത്വവിഷയത്തില്‍ യാതൊരു സംശയവുമില്ല എന്നത് ത്രിത്വവിഷയത്തിലുള്ള അവരുടെ പഠനങ്ങളെ വിലയിരുത്തിയപ്പോള്‍ എനിക്ക് മനസ്സിലായ സംഗതിയാണ്.

രണ്ടാമതായി, “നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു”. (ജെറമിയ 29:31) ഇതാണ് പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുന്നവരോടുള്ള ദൈവിക ഉടമ്പടി. തന്നെ പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്നവര്‍ താന്‍ ആയിരിക്കുന്നതുപോലെ അവര്‍ക്കു മനസ്സിലാകും എന്ന ദൈവിക വാഗ്ദത്തം ഉള്ളതിനാല്‍, ദൈവാന്വേഷണത്തിലുള്ള മനുഷ്യന്‍റെ തൃഷ്ണ ശമിക്കാതിരിക്കാന്‍ ദൈവം സ്വയം മറഞ്ഞിരിക്കുന്നു. എന്നാല്‍ മറഞ്ഞിരിക്കുന്ന ദൈവം അന്വേഷകനില്‍നിന്ന് വിദൂരസ്ഥനല്ല എന്ന വസ്തുതയും അരോയോപ്പാഗയിലെ പൗലോസിന്‍റെ പ്രസംഗത്തില്‍ വായിക്കുന്നു. “ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍ വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല”. ഈ സത്യം തിരിച്ചറിഞ്ഞ്, ദൈവാന്വേഷണം നടത്തുന്നവര്‍ക്ക് ദൈവത്തിന്‍റെ സമ്പൂര്‍ണ്ണതയായ ”പിതാവും പുത്രനും പരിശുദ്ധാതമാവും” എന്ന മര്‍മ്മം വെളിപ്പെടും എന്നതിനാലായിരിക്കണം ജെറുസലേം കൗണ്‍സിലില്‍ ദൈവത്തെക്കുറിച്ചുള്ള ചര്‍ച്ച പരിശുദ്ധാത്മാവ് അനുവദിക്കാതിരുന്നത് എന്ന് ന്യായമായും കരുതാം. വിദൂരസ്ഥനാണെങ്കിലും സമീപസ്തനുമാണ് ദൈവം എന്ന് ജെറമിയാ പ്രവചനത്തിലുള്ള അറിവും (23:23) അപ്പൊസ്തൊലന്മാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നിരിക്കും.

എന്നാല്‍, അപ്പൊസ്തൊലന്മാരുടെ കാലം കഴിയുന്നതിനു മുന്നമേ വിജാതീയരില്‍നിന്ന് യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെക്കുറിച്ച് വിവിധങ്ങളായ ചോദ്യങ്ങള്‍ ഉയര്‍ന്നു. അപ്പൊസ്തൊലനായ യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം തന്‍റെ ജീവിതകാലത്തില്‍ ഉയര്‍ന്ന പാഷണ്ഡതകള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള മറുപടിയായിരുന്നു എന്ന് സഭാപിതാവായ ഐറേനിയസ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി സഭാചരിത്രകാരനായ കാള്‍ ബാവുസ്
(Baus Karl, From the Apostolic Community to Constantine, Vol 1 London, 1965, p 156) രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുമശിഹായുടെ വിശുദ്ധ അപ്പൊസ്തൊലന്മാരില്‍ അവശേഷിച്ച യോഹന്നാന്‍ അപ്പൊസ്തൊലന്‍ അന്ന് സഭയുടെ അവസാനത്തെ വാക്കായിരുന്നു. അദ്ദേഹം മാത്രം മതിയായിരുന്നു അക്കാലഘട്ടത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെ നേരിടാന്‍.
യോഹന്നാന്‍റെ ജീവിതകാലത്ത് ഉയര്‍ന്നുകേട്ട ഒരു ദുരുപദേശമായിരുന്നു ഡോസെറ്റിസം. യേശു ജഡത്തില്‍ വെളിപ്പെട്ടില്ല, നമുക്ക് തോന്നിയതായിരുന്നു എന്ന വാദമായിരുന്നു ഇത്. ഇന്നത്തെ വണ്‍നെസ് വാദത്തിന്‍റെ മറ്റൊരു രൂപമായിരുന്നു ഇത്. ഈ വിഷലിപ്തവാദത്തെ ഖണ്ഡിച്ച് യോഹന്നാന്‍ എഴുതി “നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെന സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നതു തന്നെ” (1 യോഹന്നാന്‍ 5:9). ഈ വചനത്തില്‍ വണ്‍നെസ് വാദങ്ങള്‍ കത്തിയമരുന്ന കാഴ്ചയാണ് നാം കാണുന്നതും. പിതാവിനോടു കൂടെയിരുന്ന ദൈവപുത്രനെ നേരിട്ട് കേട്ടവനും സ്വന്തകണ്ണുകള്‍കൊണ്ട് കണ്ടവനും കൈകൊണ്ടു തൊട്ടവനും ആയിരുന്ന യോഹന്നാന്‍ (1 യോഹന്നാന്‍ 1:1) തന്‍റെ വാര്‍ദ്ധക്യത്തിലാണ് ഡോസെറ്റിസം, വണ്‍നെസ് പോലുള്ള വിഷലിപ്ത ചിന്തകളെ അദ്ദേഹം വെട്ടിവീഴ്ത്തിയത്.

യോഹന്നാന്‍ തന്‍റെ അവസാനകാലത്ത് നേരിട്ട മറ്റൊരു ദുരുപദേശമായിരുന്നു -യേശുവും ക്രിസ്തുവം -രണ്ട് വ്യക്തികള്‍ ആയിരുന്നുവെന്നുള്ള വാദം. സെറിന്തൂസ് എന്ന ജ്ഞാനവാദിയായിരുന്നു ഈ ചിന്ത പടര്‍ത്തിയത്. യോര്‍ദ്ദാനിലെ സ്നാനസമയത്ത് വരികയും ക്രൂശുമരണത്തിനു മുമ്പ് വിട്ടുപോവുകയും ചെയ്ത ദൈവത്വമായിരുന്നു ‘ക്രിസ്തു’വെന്നും, മനുഷ്യനായി ജനിച്ചതും മരിച്ചതും ‘യേശു’വായിരുന്നു എന്നുമുള്ളതായിരുന്നു സെറിന്തൂസ് വാദം. ഇതിനെ ഖണ്ഡിച്ചുകൊണ്ട് യോഹന്നാന്‍ എഴുതി “ദൈവപുത്രന്‍ വന്നുവെന്നും സത്യദൈവത്തെ അറിയുവാന്‍ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു. നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1 യോഹന്നാന്‍ 5:20). യേശുക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യത്വവും നിഷേധിക്കുന്നവരും ത്രിത്വനിഷേധികളുമായവര്‍ക്കും ഈ രണ്ട് വാക്യങ്ങളിലൂടെ മറുപടി നല്‍കി അവരെ നിഷ്പ്രഭരാക്കിയ ശേഷമാണ് യോഹന്നാന്‍ അപ്പൊസ്തൊലന്‍ മഹത്വത്തിലേക്ക് എടുക്കപ്പെട്ടത്.

യോഹന്നാന്‍ അപ്പൊസ്തൊലന്‍റെ മരണശേഷം അപ്പൊസ്തൊല പിതാക്കന്മാര്‍ സഭയെ നയിച്ച കാലഘട്ടമാണ് ക്രൈസ്തവചരിത്രത്തില്‍ പിന്നീട് കാണുന്നത്. ഈ കാലഘട്ടങ്ങളില്‍ വിവിധ ദുരുപദേശങ്ങള്‍ കടന്നുവന്നൂവെങ്കിലും സുവിശേഷഗ്രന്ഥങ്ങളുടെയും പൗലോസിന്‍റെ ലേഖനങ്ങളുടെയും അടിസ്ഥാനത്തില്‍ സത്യോപദേശത്തിനെതിരേയുള്ള വെല്ലുവിളികളെ സഭ പ്രതിരോധിച്ചു.
ക്രൈസ്തവികതയില്‍ എക്കാലത്തും ഉയര്‍ന്നുവന്ന പാഷണ്ഡതകള്‍ പൊതുവേ മശിഹായിലുള്ള ഭിന്നവിശ്വാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. മശിഹായുടെ പഠിപ്പിക്കലുകളോ ചരിത്രത്തിലെ തന്‍റെ സാന്നിധ്യമോ ക്രൂശീകരണമോ ഒന്നും ആരും ചോദ്യം ചെയ്തില്ല. സാംസ്കാരികമായി റോമാ സാമ്രാജ്യത്തിനുള്ള അഭ്യുന്നതിയും തീഷ്ണതനിറഞ്ഞ യഹൂദ മതാത്മകതയും സജീവമായി നിലനിന്നിരുന്ന കാലത്തായിരുന്നു യേശുക്രിസ്തുവിന്‍റെ ജീവിതം. അതിനാല്‍ ചരിത്രത്തിലെ ക്രിസ്തു ഒരു ചരിത്രപുരഷനായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍, ബൈബിളിലെ ക്രിസ്തുവിലായിരുന്നു ഭിന്നവിശ്വാസങ്ങള്‍ ഉടലെടുത്തത്.

യോഹന്നാന്‍റെയും പൗലോസിന്‍റെയും കാലശേഷം രൂപപ്പെട്ട ഭിന്നവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടത് എബിയോണൈറ്റിസം, പലവിധങ്ങളായ ജ്ഞാനവാദങ്ങള്‍, മാനിക്കേയിസം, മൊണാര്‍ക്കിയനിസം, ഡൈനാമിക് മൊണാര്‍ക്കിയനിസം, മോഡലിസ്റ്റ് മൊണാര്‍ക്കിയനിസം, സബോര്‍ഡിനേഷനിസം, ആര്യനിസം, അപ്പോളിനാരിസം, നെസ്റ്റോറിയനിസം എന്നിവയായിരുന്നു.
യോഹന്നാന്‍റെ കാലഘട്ടത്തോടെ ക്രിസ്തുമാര്‍ഗ്ഗത്തിലൈ ശ്രദ്ധേയ വിഷയങ്ങളായ ത്രിത്വം, രക്ഷ, ദൈവരാജ്യം, ദൈവസഭ, എന്നീ വിഷയങ്ങളെ സംബന്ധിച്ച വെളിപ്പാടുകള്‍ അവസാനിച്ചുവെങ്കിലും വെളിപ്പെട്ട വിശ്വാസസത്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു.

വാസ്തവത്തില്‍, വെളിപ്പെട്ട വചനത്തിന് വിരുദ്ധമായി ഉയര്‍ന്നുവന്ന വാദഗതികളുടെ അടിസ്ഥാനത്തില്‍ വെളിപ്പെട്ട വചനത്തിന്‍റെ പരിധിയില്‍നിന്നുകൊണ്ട് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കേണ്ട ബാധ്യത സഭാനേതൃത്വത്തിന് വന്നു ചേര്‍ന്നു. ഇപ്രകാരം ഉയര്‍ന്ന വെല്ലുവിളികള്‍ക്ക് യോഹന്നാനെയോ പൗലോസിനെയോ പോലെ സ്വര്‍ഗ്ഗീയവെളിപ്പാടുകളുടെ തീവ്രദര്‍ശനങ്ങളുള്ള ഒരു സര്‍വ്വസമ്മതന്‍ ഇല്ലാതിരുന്നതിനാല്‍ സഭ ഒന്നടങ്കം ചേര്‍ന്ന് സര്‍വ്വസമ്മതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വന്നു. അതോടൊപ്പം കാലികമായ വെല്ലുവിളികളെ എഴുതപ്പെട്ട വചനത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കേണ്ടതും വ്യക്തമാക്കേണ്ടതുമായ ബാധ്യതയും സഭാനേതൃത്വങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്രകാരം കാലികമായി നേരിട്ട വെല്ലുവിളികളെ പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു എ.ഡി 325ല്‍ ഇന്നത്തെ തുര്‍ക്കിയിലുള്ള നിഖ്യായിയല്‍ (ഇന്നത്തെ ഇസ്നിക് പട്ടണം) മേയ് മാസം മുതല്‍ ഓഗസ്റ്റു വരെ സൂന്നഹദോസ് ചേർന്നത്. പാഷണ്‍ഡതകളെ വെട്ടിനിരത്തുവാനുള്ള അപ്പൊസ്തൊലിക തീഷ്ണതയായിരുന്ന നിഖ്യാ സൂന്നഹദോസിലേക്കു വഴിതുറന്നത്. വാസ്തവത്തിൽ, അപ്പൊസ്തൊലന്മാരായ പത്രോസും പൗലോസും യാക്കോബും യോഹന്നാനും യൂദയും കാണിച്ചുതന്ന മാതൃക പിൻപറ്റിയുള്ള ഒരു കൗൺസിൽ ആയിരുന്നു നിഖ്യാ കൗൺസിൽ. (തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments