Saturday, July 27, 2024
No menu items!
Homeത്രിത്വവിശ്വാസംവിശ്വാസപ്രമാണം: കാലഘട്ടത്തിന്‍റെ അനിവാര്യത

വിശ്വാസപ്രമാണം: കാലഘട്ടത്തിന്‍റെ അനിവാര്യത

ത്രിത്വവിശ്വാസം -ഭാഗം നാല്

വിശ്വാസപ്രമാണം എന്നത് തികച്ചും അപ്പൊസ്തൊലികമായ ഒരു ആശയമാണ്. ക്രൈസ്തവ വിശ്വാസവിഷയങ്ങളുടെ നാനാവിധ പ്രഖ്യാപനങ്ങളെയും അര്‍ഥഗാംഭീര്യം നിറഞ്ഞുനില്‍ക്കുന്ന ഏതാനും വാക്കുകളില്‍ ഒതുക്കി, അത് ഒറ്റയ്ക്കും കൂട്ടമായും, പരസ്യമായും രഹസ്യമായും പ്രഖ്യാപിച്ചുകൊണ്ട്, ജീവിതയാനം ഒരു സമുദ്രയാനത്തെയെന്ന പോലെ, വെളിപ്പെട്ട തിരുവചനസത്യങ്ങളില്‍ നങ്കൂരമിട്ടുകൊണ്ട്, ഉപദേശങ്ങളുടെ നാനാകാറ്റിനാല്‍ ആഞ്ഞടിക്കുന്ന തിരകളില്‍ ഒഴുകിനീങ്ങാതെ സ്ഥിരപ്പെടുവാനും ആഴ്ന്നിറങ്ങുവാനുമുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗമായിട്ടായിരുന്നു അപ്പൊസ്തൊലന്മാര്‍ വിശ്വാസപ്രമാണത്തെ കണ്ടത്. വിശ്വാസപ്രമാണങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വിശ്വാസസംരക്ഷണത്തിനായുള്ള നിരവധി പരിശ്രമങ്ങള്‍ ക്രൈസ്തവചരിത്രത്തില്‍, അതിന്‍റെ ആരംഭം മുതലേ നമുക്കു കാണാം. വിശുദ്ധ ബൈബിള്‍ ഈ വിശ്വാസപ്രഖ്യാപനങ്ങളുടെയെല്ലാം ബ്രഹത്തായ രൂപമാണെങ്കില്‍, അതിന്‍റെ സംക്ഷിപ്തവും സൂക്ഷ്മഘടനയെയുമാണ് വിശ്വാസപ്രമാണം എന്നു വിളിക്കുന്നത്.

പഴയനിയമത്തിലും പുതിയ നിയമത്തിലുമായി വിശാലമായി കിടക്കുന്നതാണ് ക്രിസ്തുവിജ്ഞാനീയം. ഈ ബ്രഹത്തായ വിജ്ഞാനത്തെ “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രുനായ ക്രിസ്തു” എന്ന് ക്രോഡീകരിക്കാനുള്ള സ്വര്‍ഗ്ഗീയജ്ഞാനമായിരുന്നു പത്രോസിന് ലഭിച്ചത്. എന്നാല്‍ ഈ വചനത്തെ വീണ്ടും ഒരു സൂക്ഷ്മബിന്ദുവില്‍ കേന്ദ്രീകരിക്കുകയായിരുന്നു പൗലോസ് തന്‍റെ ലേഖനത്തില്‍ നിവര്‍ത്തിച്ചത്. “യേശുക്രിസ്തു കര്‍ത്താവ്”. (ഫിലി 2:11, റോമ 10:9, 1 കൊരി 12:3). പൗലോസിന്‍റെയും പത്രോസിൻ്റെയും ഈ പ്രഖ്യാപനങ്ങൾ വിശ്വാസപ്രമാണം എന്നതിന്‍റെ ഏറ്റവും ലളിതമായ രൂപമായി ചൂണ്ടിക്കാണിക്കുന്നു, പുതിയനിയമത്തില്‍ നിരവധിയായ ഇത്തരം വിശ്വാസപ്രഖ്യാപനങ്ങള്‍ കാണാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍ പറയാം. “എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു” (1 തിമോത്തി 2:5). മറ്റൊരു വിശ്വാസപ്രഖ്യാപനമാണ് “അവന്‍ ജഡത്തില്‍ വെളിപ്പെട്ടു, ആത്മാവില്‍ നീതീകരിക്കപ്പെട്ടു, ദൂതന്മാര്‍ക്ക് പ്രത്യക്ഷനായി, ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു, ലോകത്തില്‍ വിശ്വസിക്കപ്പെട്ടു, തേജസില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാംവണ്ണം വലിയതാകുന്നു” (1 തിമോത്തി 3:16).

ചിതറിക്കിടക്കുന്ന അടിസ്ഥാന ബോധ്യങ്ങളുടെ ക്രോഡീകരണമാണ് വിശ്വാസപ്രമാണങ്ങളില്‍ കാണുക.
പൗലോസിന്‍റെ ഒന്ന് കൊരിന്ത്യ ലേഖനം 15-ാം അധ്യായം 3-7 വരെയുള്ള വാക്യങ്ങള്‍ നോക്കുക. “എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക് ഏല്‍പിച്ചുതന്നു. വിശുദ്ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. അവന്‍ കേപ്പായ്ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. പിന്നീട് അവന്‍ യാക്കോബിനും, തുടര്‍ന്ന് മറ്റെല്ലാ അപ്പസ്തോലന്‍മാര്‍ക്കും കാണപ്പെട്ടു”. ജെറുസലേമിലെ ആദിമകാല അപ്പൊസ്തൊല സമൂഹത്തിന്‍റെയും ആദ്യകാല ക്രിസ്തുഭക്തന്മാരുടെയും അനുഭവങ്ങളില്‍നിന്നും സാക്ഷ്യങ്ങളില്‍നിന്നും രൂപപ്പെട്ട പ്രഖ്യാപനമായിരുന്നു കൊരിന്ത്യലേഖനത്തിലെ ഈ വാക്യം.
തിരുവചനത്തില്‍ ചിതറിക്കിടക്കുന്നതും എന്നാല്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതും വിശ്വസിക്കേണ്ടതുമായ ഇത്തരം പ്രഖ്യാപനങ്ങളെ ക്രോഡീകരിച്ചിരിക്കുന്നതാണ് വിശ്വാസപ്രമാണം. വിശ്വാസപ്രമാണം എന്നത് വിശ്വാസസത്യങ്ങളുടെ പരസ്യ പ്രഖ്യാപനമാണ്. ഇത്തരം വിശ്വാസബോധ്യങ്ങള്‍ എല്ലായ്പ്പോഴും ഒരു വിശ്വാസിയില്‍നിന്നും ഉയരേണ്ടതാണ്, അതിനാല്‍ വിശ്വാസപ്രമാണം എന്നത് ലളിതവും ഹൃദിസ്ഥമാക്കേണ്ടതും അനുനിമിഷയും പ്രസ്താവിക്കേണ്ടതുമായ സ്വയാവബോധമാണ്. “ഞാന്‍ എന്നെ അറിയുന്നപോലെ, എന്‍റെ വിശ്വാസത്തെയും അറിയണം” എന്നതിനാലാണ് വിശ്വാസപ്രമാണം അത്യന്താപേക്ഷിതമായിരിക്കുന്നത്.

ക്രൈസ്തവ സഭാ ചരിത്രത്തില്‍ പ്രചുരപ്രചാരം നിറഞ്ഞ വിശ്വാസപ്രമാണമായി ‘നിഖ്യാ വിശ്വാസപ്രമാണം’ നിലകൊള്ളുമ്പോഴും ഇത് ചരിത്രത്തില്‍ ആദ്യമായി രൂപംകൊണ്ട
വിശ്വാസപ്രമാണമല്ല എന്നതാണ് സത്യം. തിരുവചനത്തിലെ വിശ്വാസപ്രഖ്യാനങ്ങളെ ക്രോഡീകരിച്ച് ആദ്യമായി വിശ്വാസപ്രമാണം തയാറാക്കിയത് യേശുക്രിസ്തുവിന്‍റെ അപ്പൊസ്തൊലന്മാരായിരുന്നു എന്നതാണ് പാരമ്പര്യ വിശ്വാസം. ഇവര്‍ ജെറുസലേമിനു വെളിയിലേക്ക് സുവിശേഷദൗത്യവുമായി പോകുന്നതിനു മുന്നമേ വിശ്വാസപ്രമാണം തയാറാക്കിയിരുന്നു എന്നാണ് കരുതുന്നത്. പന്ത്രണ്ട് അപ്പൊസ്തൊലന്മാരും ചേര്‍ന്ന്, ഓരോ അപ്പൊസ്തൊലനും ഓരോ പ്രഖ്യാപനം എന്ന വിധത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് എഴുതിയുണ്ടാക്കിയ പാരമ്പര്യ വിശ്വാസമാണ് അപ്പൊസ്തൊലന്മാരുടെ / ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിനുള്ളത്. അത് ഇപ്രകാരമാണ്:

“1സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. 2അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമശിഹായിലും വിശ്വസിക്കുന്നു. 3ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കന്യകാമറിയത്തില്‍നിന്ന് പിറന്നു, 4പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരിശിന്മേല്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, 5പാതാളങ്ങളില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്ത് 6സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി സര്‍വ്വശക്തനായ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കുന്നു. 7അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. 8പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. 9വിശുദ്ധവും സാര്‍വത്രികവുമായ സഭയിലും പുണ്യവാളന്മാരുടെ ഐക്യത്തിലും 10പാപങ്ങളുടെ മോചനത്തിലും 11ശരീരത്തിന്‍റെ ഉയിര്‍പ്പിലും 12നിത്യമായ ജീവിതത്തിലും വിശ്വസിക്കുന്നു, ആമേന്‍!”

ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തെക്കുറിച്ച് എ.ഡി 390ല്‍ മിലന്‍ മെത്രാനായിരുന്ന മാര്‍ അംബ്രോസിന്‍റെ എഴുത്തുകളില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍, ഏതാണ്ട് ആയിരം വര്‍ഷത്തോളം ഈ വിശ്വാസപ്രമാണത്തിന് കാര്യമായ അംഗീകാരം ലഭിച്ചിരുന്നില്ല എങ്കിലും 11-ാം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്സ് സഭകളുമായി കത്തോലിക്കാ സഭയ്ക്ക് ഉണ്ടായ ഭിന്നിപ്പ് രൂക്ഷമായതോടെ കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തിൽ അപ്പൊസ്തൊലിക വിശ്വാസപ്രമാണം ചൊല്ലുവാന്‍ തുടങ്ങി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നിഖ്യാ വിശ്വാസപ്രമാണത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നാലാം നൂറ്റാണ്ടുമുതല്‍ കിഴക്ക് – പടിഞ്ഞാറ് സഭകളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. ഈ അസ്വസ്ഥത കൂടുതല്‍ പ്രകടമായതിനെ തുടര്‍ന്നാണ് ലാറ്റിന്‍ സഭകള്‍ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തെ സ്വീകരിച്ചത്. തുടര്‍ന്ന്, ലാറ്റിന്‍ (കാത്തലിക്) സഭയില്‍നിന്ന് രൂപംകൊണ്ട ആംഗ്ലിക്കന്‍ സഭ, വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകള്‍, കിഴക്കന്‍ സഭകളിലെ ചില പ്രത്യേക പ്രവശ്യയിലുള്ള സഭകളെല്ലാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തെ അംഗീകരിച്ചു. (ശ്ലീഹന്മാരുടെ വിശ്വാസപ്രമാണവും നിഖ്യാ വിശ്വാസപ്രമാണവും തമ്മിലുള്ള താരതമ്യ പഠനം തുടര്‍ന്നുള്ള ലേഖനങ്ങളില്‍)

നാലാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരില്‍ ഏറെ പ്രസിദ്ധനായിരുന്ന മാര്‍ അംബ്രോസ് ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തെ അംഗീകരിച്ചിരുന്നു എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമായിട്ടാണ് ലാറ്റിന്‍ സഭകള്‍ കണക്കാക്കുന്നത്. ജെറുസലേമിലെ അപ്പൊസ്തൊലന്മാര്‍ സ്നാനത്തിന്‍റെ സമയത്തും തിരുവത്താഴത്തിനു മുമ്പായും വിശ്വാസപ്രമാണം ചൊല്ലിയിരുന്നു. വിശ്വാസപ്രമാണങ്ങളെ മൂന്നു ചോദ്യങ്ങളായി സ്നാനത്തിന് മുമ്പ്, സ്നാനാര്‍ത്ഥിയോടു പരസ്യമായി ചോദിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവില്‍, “ഇതാകുന്നു ഞങ്ങളുടെ വിശ്വാസം, ഇതാകുന്നു സഭയുടെ വിശ്വാസം, ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഇത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”. അപ്പോള്‍ എല്ലാവരും ഒരുമിച്ച് “ആമേന്‍ ” പറയും.

വാസ്തവത്തില്‍ വിശ്വാസപ്രമാണം എന്നത് തികച്ചും അപ്പൊസ്തൊലികമായ ഒരു ചിന്തയാണ്. അപ്പൊസ്തൊലന്മാരുടെ വിശ്വാസപ്രമാണത്തെ പിന്‍പറ്റി നിരവധി സഭകളും വ്യക്തികളും തങ്ങളുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസപ്രമാണങ്ങള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ കാലഘട്ടത്തിനു മുമ്പും പിമ്പുമായി കുറഞ്ഞത് പത്തോളം വിശ്വാസപ്രമാണങ്ങളെങ്കിലും നിലവില്‍ വന്നിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കേസറിയായിലെ എവുസേബിയസും നിക്കോമേദിയയിലെ എവുസേബിയസും വിശ്വാസപ്രമാണങ്ങള്‍ തയാറാക്കിയത് നിഖ്യാ സൂന്നഹദോസിനു മുമ്പുള്ള കാലഘട്ടത്തിലാണ്. നിഖ്യാ സൂന്നഹദോസിനു ശേഷമാണ്, ഇതിനോടു വിയോജിപ്പുള്ളവര്‍ ചേര്‍ന്ന് അന്ത്യോഖ്യന്‍ വിശ്വാസപ്രമാണം എഴുതിയുണ്ടാക്കിയത്. എഡി 447ല്‍ സ്പെയിനിലെ ബിഷപ്പായിരുന്ന മാര്‍ പാസ്റ്റര്‍, നിഖ്യാ വിശ്വാസപ്രമാണത്തില്‍ മാറ്റം വരുത്തി ഉപയോഗിച്ചിരുന്നതായും (തിരുസ്സഭാ ചരിത്രം) കാണുന്നു. നിഖ്യാ വിശ്വാസപ്രമാണ രൂപീകരണത്തിന് നേതൃത്വം നല്‍കിയ മാര്‍ അത്തനാസിയോസിന്‍റെ പേരില്‍ “അത്തനേഷ്യന്‍ ക്രീഡ്” എന്നൊരു വിശ്വാസപ്രമാണവും നിലവിലുണ്ട് (അതേക്കുറിച്ച് അടുത്ത ലേഖനത്തില്‍ എഴുതാം)

അപ്പൊസ്തൊലന്മാരുടെ വിശ്വാസപ്രമാണം മുതല്‍ ചരിത്രത്തില്‍ തയാറാക്കിയിട്ടുള്ള എല്ലാ വിശ്വാസപ്രമാണങ്ങളിലും പൊതുവെ കാണപ്പെടുന്ന ഒരു കാര്യം, അവരെല്ലാവരും ത്രിത്വവിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടാണ് ക്രൈസ്തവ വിശ്വാസത്തെ പ്രഖ്യാപിച്ചിട്ടുള്ളത് എന്നതാണ്. ത്രിത്വവിശ്വാസം നിഷേധിച്ചുകൊണ്ടുള്ള ഒരു വിശ്വാസപ്രമാണവും ക്രൈസ്തവസമുഹങ്ങളില്‍ എവിടെയും രൂപപ്പെട്ടിട്ടില്ല. “ത്രിത്വവിശ്വാസം തെളിയിക്കുക ” എന്ന ലക്ഷ്യത്തോടെ ആരും വിശ്വാസപ്രമാണങ്ങളുടെ രൂപീകരണത്തെ സമീപിച്ചിട്ടില്ല. “ത്രിത്വവിശ്വസം എന്നത് തികച്ചും അപ്പൊസ്തൊലികവും അത് വിശ്വാസസത്യവും വിശ്വസിക്കേണ്ടതുമാണെന്ന പ്രഖ്യാപനങ്ങളായിരുന്നു എല്ലാ വിശ്വസപ്രമാണങ്ങളും”. എല്ലാ കാലഘട്ടങ്ങളിലും ത്രിത്വവിശ്വാസത്തിന്‍റെ പ്രഖ്യാപനങ്ങളുടെ ഭാഗമായിട്ടായിരുന്നു വിശ്വാസപ്രമാണങ്ങള്‍ തയാറാക്കേണ്ടി വന്നത്. എന്നാല്‍, ത്രിത്വവിശ്വാസം പ്രബലമായിരുന്നപ്പോഴും യേശുക്രിസ്തുവിന്‍റെ ദൈവത്വം, മനുഷ്യത്വം എന്നിവയിലും അതിന്‍റെ വ്യാഖ്യാനങ്ങളിലും ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു എന്നതു മറച്ചുവയ്ക്കുന്നില്ല.

വിശ്വാസപ്രമാണങ്ങളിലെ മറ്റൊരു സമാനത, പ്രബലമായി നിലനില്‍ക്കുന്ന വിശ്വാസപ്രഖ്യാപനങ്ങളില്‍ എല്ലാം “പന്തിയോസ് പീലാത്തോസി”ന്‍റെ കാലഘട്ടത്തിലാണ് ക്രിസ്തുസംഭവങ്ങള്‍ നിറവേറിയത് എന്നതു അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ്. ക്രൈസ്തവികതയുടെ ചരിത്രപരതയെ വ്യക്തമായി ലോകചരിത്രത്തില്‍ അടയാളപ്പെടുത്തുന്നു എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. യേശുക്രിസ്തുവിന്‍റെ ജനനത്തെയും ജീവിതത്തെയും മരണത്തെയും നിരാകരിക്കുന്നവന്‍ ലോകചരിത്രത്തെത്തന്നെയാണ് നിരാകരിക്കുന്നത് എന്നതിനാല്‍ സാമാന്യബുദ്ധിയുള്ള ചരിത്രകാരന്മാർ ആരും ക്രിസ്തു ജനിച്ചിരുന്നില്ല എന്ന് പറഞ്ഞിട്ടില്ല.

ക്രൈസ്തവ സഭകള്‍ രൂപപ്പെടുത്തുന്ന വിശ്വാസപ്രമാണങ്ങളിലെ പ്രഖ്യാപനങ്ങള്‍ കാലാനുസൃതമായി മാറ്റത്തിന് വിധേയമാകുന്നവയാണ് എന്നതും വിശ്വാസപ്രമാണങ്ങളുടെ ചരിത്രത്തിലെ ഒരു ശ്രദ്ധേയമായ വസ്തുതയാണ്. പ്രധാന അര്‍ത്ഥത്തിനും വസ്തുതകള്‍ക്കും മാറ്റം വരുന്ന രീതിയിലും വാരാത്ത രീതിയിലും വിശ്വാസപ്രമാണങ്ങളെ കാലാകാലങ്ങളില്‍ പരിഷ്കരിച്ചിട്ടുണ്ട്. വിശ്വാസപ്രമാണത്തെ മാറ്റമില്ലാത്ത ദൈവവചനമായിട്ടല്ല നാം സമീപിക്കേണ്ടത്. മാറ്റമില്ലാത്ത ദൈവവചന സത്യങ്ങളെ ക്രോഡീകരിച്ചിരിക്കുകയാണ് വിശ്വാസപ്രമാണത്തില്‍. അതിന് ഉപയോഗിക്കുന്ന ഭാഷയ്ക്കും അര്‍ത്ഥത്തിനും പ്രമുഖസ്ഥാനമുണ്ട്. ഭാഷയില്‍ പദങ്ങളുടെ അര്‍ത്ഥം മാറുമ്പോള്‍, കൂടുതല്‍ സംസ്കരിക്കപ്പെട്ട പദങ്ങള്‍ ലഭ്യമാകുമ്പോള്‍, വചനസത്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമ്പോള്‍ വിശ്വാസപ്രമാണങ്ങളില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തിലെ പദങ്ങളെ വരെ പിന്നീട് മാറ്റിയെഴുതാന്‍ ലാറ്റിന്‍, ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് സഭകള്‍ തയാറായിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്.

ദൈവികതയെ വ്യാഖ്യാനിക്കുവാന്‍ അക്ഷരങ്ങളും അര്‍ത്ഥങ്ങളുമായി സമീപിക്കുമ്പോള്‍ എല്ലാ ഭാഷകളിലെയും വാക്കുകളും അവയുടെ ആന്തരികാര്‍ത്ഥങ്ങളും ദുര്‍ബലമാകുന്നു എന്ന യാഥാര്‍ത്ഥ്യം ചരിത്രത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസപ്രമാണ രചിയിതാക്കളും ഒരു പോലെ നേരിട്ട പ്രതിസന്ധി ആയിരുന്നു. അക്ഷരങ്ങള്‍ക്കോ അതിലെ അര്‍ത്ഥ ഘടനയ്ക്കോ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കീര്‍ണ്ണമാണ് വിശുദ്ധ ബൈബിള്‍ വെളിപ്പെടുത്തുന്ന “ദൈവം” എന്നത് എല്ലാ ഭാഷകളും ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണ്. ദൈവികതയിലെ ഈ സങ്കീര്‍ണ്ണതയെ വ്യാഖ്യാനിക്കുന്നതില്‍ അതത് ഭാഷയുടെ പരിമിതികള്‍ പലപ്പോഴും ആശയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ നിഖ്യാ വിശ്വാസപ്രമാണം പോലും ഈ പ്രതിസന്ധിയെ നേരിട്ടിട്ടുണ്ട്, ഇന്നും നേരിട്ടുകൊണ്ടിരിക്കുന്നു.

ദൈവത്വവും മനുഷ്യത്വവും നിറഞ്ഞുനില്‍ക്കുന്ന ഒരു വ്യക്തിത്വമായി യേശുക്രിസ്തുവിനെ വിവരിക്കുന്നതില്‍ സുവിശേഷങ്ങളില്‍ എഴുത്തുകാര്‍ യാതൊരു ‘ടെന്‍ഷനു’മെടുക്കുന്നില്ല എന്ന സവിശേഷമായ ഒരു നിരീക്ഷണം ക്രിസ്തുവിജ്ഞാനീയ പണ്‍ഡിതനായ ഡോ ഡൊണാള്‍ഡ് ഗോത്രി നടത്തുന്നുണ്ട്. മനുഷ്യാതീതനായി നിലകൊള്ളുമ്പോള്‍ തന്നെ മനുഷ്യനോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിനെ സുവിശേഷങ്ങള്‍ പരിചയപ്പെടുത്തുന്നു. അവിടെ സുവിശേഷ രചയിതാക്കൾ കാണിക്കുന്ന ആ ശാന്തത, പക്ഷേ വിശ്വാസപ്രമാണങ്ങളുടെ രൂപീകരണത്തില്‍ കാണുന്നില്ല എന്നത്, സുവിശേഷരചനയിലെ അമാനികുഷ കരങ്ങളുടെ സാന്നിധ്യത്തിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്.

സമാന്തരസുവിശേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, യോഹന്നാന്‍ എന്ന ക്രിസ്തുശിഷ്യന്‍ തന്‍റെ സുവിശേഷത്തില്‍ ദൈവവും മനുഷ്യനുമായ ഒരു വ്യക്തിയെ വരച്ചുകാണിക്കുന്നതില്‍ വച്ചുപുലർത്തുന്ന ശാന്തത, വിശ്വാസപ്രമാണ രൂപീകരണത്തില്‍ ഉള്‍പ്പെട്ട മഹാപണ്ഡിതന്മാരായ ആരില്‍നിന്നും കാണുവാന്‍ കഴിയുന്നില്ല എന്നതും നാം തിരിച്ചറിയണം.
മാനുഷികമായ നേരിടുന്ന നിരവധി പരിമിതികളില്‍നിന്നുകൊണ്ടു മാത്രമേ വിശ്വാസപ്രമാണം രൂപപ്പെടുത്താന്‍ കഴിയുകയുള്ളൂ. വിശ്വാസപ്രമാണം ഒരു അനാവശ്യമാണ് എന്നല്ല ഇതിനര്‍ത്ഥം. ദൈവവചനത്തിൽ വ്യക്തമായി വെളിപ്പെട്ട സത്യത്തിൻ്റെ അടിസ്ഥാനത്തില്‍ ആത്യന്തികമായി വിശ്വസിക്കേണ്ടവയെ അടുക്കും ചിട്ടയോടും കൂടി ചേര്‍ത്തുവച്ച് മനസ്സിലാക്കുന്നത് വിശ്വാസബോധ്യങ്ങളിലുള്ള ആഴമേറിയ പരികര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്. (തുടരും) 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments