Sunday, May 26, 2024
No menu items!
Homeത്രിത്വവിശ്വാസംരക്ഷാകരസംഭവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ത്രീത്വം

രക്ഷാകരസംഭവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ത്രീത്വം

ത്രിത്വവിശ്വാസം – ഭാഗം 8

ഇസ്രായേലിനോട് രക്ഷയെക്കുറിച്ച് ആദ്യമായി പറഞ്ഞത് മോശെ ആയിരുന്നു. ഉല്‍പ്പത്തി 14:13 മോശ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട, ഉറച്ചുനില്‍ക്കുവിന്‍, യഹോവ ഇന്നു നിങ്ങള്‍ക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിന്‍. നിങ്ങള്‍ ഇന്നു കണ്ട മുസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല”. മിസ്രയീമ്യര്‍ക്കുമേല്‍ രാഷ്ട്രീയവിജയം നേടിത്തന്നുകൊണ്ട്, തന്‍റെ ജനത്തെ രക്ഷിച്ച് പാലും തേനും ഒഴുകുന്ന കനാനിലേക്ക് എത്തിക്കുന്ന ദൈവം ബലമേറിയവനാണ്. അവന്‍ കൂടെയുണ്ടെങ്കില്‍ സകലതും കീഴടക്കാന്‍ കഴിയും. മോശെയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ജനം ആ ശക്തനായ ദൈവത്തിന്‍റെ പ്രവൃത്തി കണ്ടു. കടല്‍ജലം മതിലായി ഇരുവശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്നു! അതിനു നടുവിലുള്ള ഉണങ്ങിയ നിലത്തിലൂടെ നടന്നു മറുകരയിലെത്തിയവര്‍ രക്ഷയുടെ വക്താക്കളായി. മരുഭൂമിയില്‍ മന്നയും കാടപ്പക്ഷിയെയും തിന്നു തൃപ്തരായവര്‍ തലമുറകള്‍ക്കുവേണ്ടി ആരാധനാലയത്തില്‍ മന്നയിട്ടുവച്ച പൊന്‍പാത്രം സൂക്ഷിച്ച് തങ്ങളുടെ രക്ഷകന്‍റെ ശക്തിയെ മഹത്വപ്പെടുത്തി.

തുടര്‍ന്നിങ്ങോട്ടുള്ള നൂറ്റാണ്ടുകളിലെല്ലാം കര്‍ത്താവ് തങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യമായിരുന്നു യഹൂദന്‍റെ സംസാരവിഷയം. ചരിത്രത്തിലുടനീളമുള്ള ഇസ്രായേല്‍ പ്രവാചകന്മാര്‍ രക്ഷയുടെ പ്രവാചകന്മാരായിരുന്നു. സീയോന്‍ പര്‍വ്വതങ്ങളില്‍ നിന്ന് രക്ഷയെ പ്രസിദ്ധമാക്കുന്ന സുവാര്‍ത്താദൂതന്‍റെ പാദങ്ങള്‍ സുന്ദരപാദങ്ങളായി അവര്‍ കണക്കാക്കി (ഏശയ്യ 52:8). സമ്പൂര്‍ണ്ണമായ രക്ഷയുടെ സന്തോഷവും രാഷ്ട്രീയ സ്വാതന്ത്ര്യത്താല്‍ സമാധാനവും വഴിഞ്ഞൊഴുകുന്ന ഭൂപ്പരപ്പായി അവര്‍ ഇസ്രായേലിനെ കണ്ടുകൊണ്ട് സ്വപ്നങ്ങള്‍ നെയ്തു. പ്രവാചകപ്രഭുവായ ഏശയ്യാവ് പ്രവചിച്ചു “ഇതാ, ദൈവമാണ് എന്‍െറ രക്ഷ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കും; ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്‍െറ ബലവും എന്‍െറ ഗാനവും ആണ്. അവിടുന്ന് എന്‍െറ രക്ഷയായിരിക്കുന്നു” (ഏശയ്യ 12:2).

യഹോവയാല്‍ വീണ്ടെടുക്കപ്പെട്ട് സമാധാനവും ഐശ്യര്യവും നിറഞ്ഞൊഴുകുന്ന യഥാസ്ഥാനപ്പെട്ട സീയോനെക്കുറിച്ച് ദാവീദ് തന്‍റെ കിന്നരവാദ്യത്തോടെയുള്ള സങ്കീര്‍ത്തനങ്ങളിലും പാടി. കര്‍ത്താവു സീയോനില്‍നിന്നു തന്‍െറ അധികാരത്തിന്‍െറ ചെങ്കോല്‍ അയയ്ക്കുന്നതും ശത്രുക്കളുടെ മധ്യത്തില്‍ വാഴുന്നതും അവര്‍ ചേര്‍ന്നു പാടി. എന്നാല്‍ രാഷ്ട്രത്തിന്‍റെ യഥാസ്ഥാപനം പ്രത്യാശിച്ചു പാടിയവര്‍ക്ക് നേരിടേണ്ടിവന്നത് പ്രവാസവും പീഡനങ്ങളും തകര്‍ച്ചകളുമായിരുന്നു! പ്രവാസ കാലങ്ങള്‍ സമ്മാനിച്ച വ്യഥകളില്‍ യഹൂദര്‍ ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു, അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ തങ്ങളുടെ കിന്നരം തൂക്കിയിട്ട്, സീയോനെയോര്‍ത്തു കരഞ്ഞു! സീയോന്‍ ഗീതങ്ങള്‍ രക്ഷയുടെയും സന്തോഷത്തിന്‍റെയും ഗീതങ്ങളാണ്. അത് പീഡകന് ആസ്വദിക്കാനുള്ളതല്ല. അത് രക്ഷിതഗണത്തിന്‍റെ ആമോദമാണ്. പീഡകനുമുന്നില്‍ അവര്‍ പാടാതെ കണ്ണീര്‍പൊഴിച്ചു!

ദാവീദിന്‍റെ കാലത്തെ സമ്പല്‍സമൃദ്ധിയും ജോഷ്വായുടെ കാലത്തെ വീര്യവും ഏലിയാവിന്‍റെ കാലത്തെ പ്രവാചകമഹിമയും പരാക്രമശാലിയായ ഗിദെയോന്‍റെ പ്രാഗത്ഭ്യവുമുള്ളവര്‍ തിരിച്ചുവരുന്നത് അവര്‍ ഓരോ പ്രവാസങ്ങളിലും പ്രതീക്ഷിച്ചു. പ്രവാസവും അധിനിവേശവും അവരുടെ സ്വപ്നങ്ങളെ തളര്‍ത്തിയില്ല. യഹൂദന് സീയോന്‍ ഒരു വികാരമായിരുന്നു, അവളെ ആരെല്ലാം കീഴടക്കിയാലും തങ്ങളുടെ രക്ഷയുടെ പാറയായ യഹോവ രക്ഷയുടെ കരം നീട്ടും എന്ന് അവര്‍ പ്രത്യാശിച്ചു. ജെറുസലേമിനെ ആരെല്ലാം കീഴടക്കിയാലും അവളെ സ്നേഹിക്കുക, അവളെ വിലമതിക്കാത്തവന്‍റെ നാവ് അവന്‍റെ അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ! വീണ്ടെടുപ്പുകാരനും യഥാസ്ഥാനപ്പെടുത്തുന്നവുമായ യഹോവ ഇസ്രായേലിന് ശാശ്വതസമാധാനം നല്‍കുന്ന രക്ഷയുടെ മഹത്തായദിനങ്ങളായിരുന്നു അവരുടെ ഹൃദയം നിറയെ!

നൂറ്റാണ്ടുകള്‍ കഴിഞ്ഞു, റോമാ സാമ്രാജ്യത്തിന്‍റെ അധിനിവേശത്തോടെ രാഷ്ട്രീയപരമായി രാജ്യം വീണ്ടെടുക്കപ്പെടുമെന്നുള്ള സ്വപ്നങ്ങള്‍ക്ക് യഹൂദന്‍ അവധികൊടുത്തു. റോമന്‍ കൈസര്‍ക്ക് കരം കൊടുത്ത്, സ്വന്തദേശത്ത് ഒരു പരദേശിയേപ്പോലെ, ഈജിപ്റ്റിലെ പ്രവാസത്തില്‍ പിതാക്കന്മാരേപ്പോലെ റോമിനോട് കൂറും വിധേയത്വം അവര്‍ പ്രഖ്യാപിച്ചു. “ഞങ്ങള്‍ക്ക് കൈസറല്ലാത് മറ്റൊരു രാജാവില്ല” (യോഹന്നാന്‍ 19:15) എന്നു മഹാപുരോഹിതന്മാര്‍ വരെ പറയുന്ന അധഃപതനത്തിലേക്ക് രാഷ്ട്രം കൂപ്പുകുത്തി. രാഷ്ട്രീയമായ രക്ഷ വിദൂരമാണെന്ന് യഹൂദന്‍ തിരിച്ചറിഞ്ഞു. പ്രകൃത്യാതീത അത്ഭുതങ്ങളൊന്നും നടക്കില്ലെന്ന് സദൂക്യര്‍ പാണന്മാരെപ്പോലെ പാടിനടന്നു. മലാക്കിക്കു ശേഷം നാനൂറു വര്‍ഷക്കാലത്തിനുള്ളില്‍ ബെഥെസ്താ കുളത്തില്‍ ദൂതനിറങ്ങി വെള്ളം കലക്കുന്നതു മാത്രമായിരുന്നു ജനങ്ങള്‍ കണ്ടിരുന്ന അത്ഭുതം. ശാശ്വതമായ രക്ഷയുടെ പ്രവചനങ്ങളെ കൈപ്പത്തിയോളം വലിപ്പത്തിലെങ്കിലും പ്രത്യാശയുടെ ചക്രവാളത്തില്‍ അവര്‍ പ്രതീക്ഷിച്ചു; കാണാനായില്ല. യൂദയാരാഷ്ട്രം മുഴുവന്‍ ആത്മീയമായി വരണ്ടു കിടന്നു. മോശയുടെ നേതൃത്വത്തില്‍ ചെങ്കടല്‍ പിളര്‍ന്ന സംഭവുവും സീനായ് മരുഭൂമിയിലെ മന്നയും കാടപ്പക്ഷിയും കാര്‍മ്മേലില്‍ ഇറങ്ങിയ തീയും എല്ലാം അവര്‍ ഇതിഹാസകഥകളെപ്പോലെയും ആചാരമെന്നപോലെയും വായിച്ചും ഉരുവിട്ടുംകൊണ്ടിരുന്നു.

കാലത്തിന്‍റെ തികവില്‍ ദൈവം തന്‍റെ ദൂതനെ നസറത്തിലെ കന്യകയുടെ അടുക്കലേക്ക് അയച്ചു, അവളോട് മംഗളവാര്‍ത്ത പറഞ്ഞു. പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും, അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ നിഴലിടും ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും (ലൂക്ക് 1:35). ദൈവപുത്രന്‍, “തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കും. അതുകൊണ്ട് നീ അവന് യേശു എന്ന് പേര്‍ വിളിക്കണം” (മത്തായി 1:21). യഹൂദന്‍ രക്ഷയെ മറുന്നുവെങ്കിലും പിതാക്കന്മാരോടു പറഞ്ഞ വാഗ്ദത്തം നിവര്‍ത്തിക്കുന്നതില്‍ ദൈവത്തിന് മറവിയില്ലായിരുന്നു. കാലത്തിന്‍റെ സമ്പൂര്‍ണ്ണതയ്ക്കായി അവിടുന്ന അക്ഷമനായി കാത്തിരുന്നു. “ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണേണ്ടതുണ്ട്” (ഏശയ്യ 52:10). രക്ഷ യഹൂദന് മാത്രം അവകാശപ്പെട്ടതല്ല. സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷമാണ് ദൈവം വാഗ്ദത്തം ചെയ്ത രക്ഷ. അത് കടന്നുവരുന്നതിന് യഹൂദന്‍ ഒരു മാധ്യമമായിരുന്നു. ദൈവത്തിന്‍റെ രക്ഷ എന്നത് ദാവീദിന്‍റെ നാളുകളിലേക്കുള്ള മടങ്ങിപ്പോക്കായി സ്വപ്നം കണ്ടിരുന്നവര്‍ക്ക്, പാപത്തില്‍നിന്നുള്ള രക്ഷയാണ് ദൈവം വാഗ്ദത്തം ചെയ്തത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ വീണ്ടും പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. പാപം മോചിക്കുന്നവനാണ് ദൈവം (സങ്കീര്‍ത്തനം 103:3) എന്ന് യഹൂദന് അറിയാം. എന്നാല്‍ പാപത്തില്‍നിന്ന് രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗമാണ് ദൈവികപദ്ധതിയില്‍ രക്ഷയുടെ പ്രത്യേകത എന്ന് യാഥാര്‍ത്ഥ്യം യഹൂദന് മനസ്സിലായില്ല. ദാവീദിന്‍റെ ആരോഹണഗീതങ്ങളില്‍ “അകൃത്യങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിനെക്കുറിച്ച് ” പാടുന്നുണ്ട് (സങ്കീര്‍ത്തനം 130:8). എന്നാല്‍ അര്‍ത്ഥമറിയാതെ പാടുന്ന എത്രയോ പാട്ടുകള്‍! രക്ഷയെക്കുറിച്ചുള്ള മര്‍മ്മപ്രധാനമായ പ്രവചനം അവര്‍ അവഗണിച്ച് രാഷ്ട്രീയരക്ഷയെ നോക്കിപ്പാര്‍ത്തപ്പോള്‍, ദൈവികപദ്ധതിയെ ആയിരുന്നു അവര്‍ തെറ്റിദ്ധരിച്ചത്!

കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍, ദൈവം വാഗ്ദത്തം ചെയ്ത രക്ഷ നിവര്‍ത്തിക്കുവാന്‍ വചനമായ ദൈവം മനുഷ്യനായി വന്നു, മനുഷ്യരുടെ ഇടയില്‍ പാര്‍ത്തു (യോഹന്നാന്‍ 1:14). ദൈവം മനുഷ്യന് വാഗ്ദത്തം ചെയ്ത രക്ഷയുടെ എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയാകുന്നതിന് മനുഷ്യന്‍ ദൃക്സാക്ഷിയാകണമായിരുന്നു. മനുഷ്യചരിത്രത്തില്‍ അത് കാണപ്പെടണമായിരുന്നു. അതിനാല്‍ “വചനം” മനുഷ്യനായി അവതരിക്കുകയും മനുഷ്യനായി ജീവിക്കുകയും ചെയ്തു. പീഡാസഹനത്തലൂടെയും കുരിശുമരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും സ്വര്‍ഗ്ഗാരോഹണത്തിലൂടെയും രക്ഷയുടെ പ്രവചനങ്ങള്‍ വചനം പൂര്‍ത്തീകരിച്ചു. അതിന് സ്വര്‍ഗ്ഗവാസികളും ദൃക്സാക്ഷികളായിരുന്നു. അവര്‍ അത് വിളിച്ചു പറഞ്ഞു “രക്ഷ എന്നത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം” (വെളിപ്പാട് 7:10). രക്ഷ ദൈവത്തിന്‍റേതാണ്. അതില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും പങ്കാളിയാണ് (റോമ 8:11, എഫേസ്യര്‍ 1:20).

മനുഷ്യനെ, പാപത്തിന്‍റെയും സാത്താന്‍റെയും മരണഭയത്തിന്‍റെയും അടിമത്വത്തില്‍നിന്ന് വിടുവിച്ച്, അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരെ ജീവിപ്പിക്കുന്നതായിരുന്നു ദൈവം വിവക്ഷിച്ച രക്ഷ. എവിടെയെല്ലാം ബന്ധിതരുണ്ടോ അവര്‍ക്കെല്ലാം വിമോചനവും എവിടെയെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരുണ്ടോ അവര്‍ക്കെല്ലാം സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നതായിരുന്നു ദൈവത്തിന്‍റെ രക്ഷ. ഈ രക്ഷയുടെ ദൂത് ലോകത്തിന്‍റെ അറ്റത്തേളം എത്തിക്കേണ്ട ദൗത്യമായിരുന്നു യഹൂദന് ഉണ്ടായിരുന്നത് (ഏശയ്യ 49:6). ഏദെനിലെ മനുഷ്യന്‍റെ വീഴ്ച മുതല്‍ അബ്രഹാമിനെ വിളിച്ചതും യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ ചരിത്രവും, വചനം മാംസമായി നമ്മുടെ ഇടയില്‍ പാര്‍ത്തതും മനുഷ്യവംശത്തിന്‍റെ രക്ഷാകര പദ്ധതിയുടെ വിവിധ ഘട്ടങ്ങളായിരുന്നു. വാസ്തവത്തില്‍ സകലജനത്തിനും വേണ്ടിയുള്ള മഹാസന്തോഷമായിരുന്നു ദൈവത്തിന്‍റെ രക്ഷണ്യപദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കര്‍ത്താവിന് അര്‍പ്പിക്കുവാനായി ജോസഫും മേരിയും വന്നപ്പോള്‍ വൃദ്ധനായ ശിമയോന്‍ പറയുന്നു “ജാതികള്‍ക്ക് വെളിപ്പെടാനുള്ള പ്രകാശവും നിന്‍റെ ജനമായ ഇസ്രായേലിന്‍റെ മഹത്വവുമായി നീ സകലജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷ എന്‍റെ കണ്ണു കണ്ടുവല്ലോ!” (ലൂക്ക് 2:30-32). ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയുടെ ഫലമായി മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പില്‍ നിന്നുകൊണ്ട് “രക്ഷ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനമെന്നു” ജയഘോഷം മുഴക്കുമ്പോള്‍ സര്‍വ്വജനത്തിന്‍റെയും മഹാസന്തോഷത്തിന്‍റെ ജയഭേരിയായിരുന്നു ദൈവസിംഹാസനത്തിനു മുന്നില്‍ ഉയര്‍ന്നുകേട്ടത്.

“ദൈവത്തിന്‍റെ രക്ഷ എന്നത് ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും രക്ഷ”യാണ് എന്ന അതിമഹത്തായ സത്യമാണ് ക്രിസ്തുവിജ്ഞാനീയത്തിലെ രക്ഷാശാസ്ത്രത്തെ ശ്രദ്ധേയമാക്കുന്നത്. ദൈവകുഞ്ഞാട് എന്ന് വിളിക്കപ്പെടുന്ന കര്‍ത്താവായ യേശുക്രിസ്തു “സിംഹാസനത്തിനു മുധ്യേ ഉള്ള കുഞ്ഞാട് ” The Lamb in the centre of the Throne ആണ് (വെളിപ്പാട് 7:17). രക്ഷാപദ്ധതിയുടെ മധ്യത്തിലും ലോകത്തിന്‍റെ പാപം ചുമക്കുന്ന ഈ കുഞ്ഞാടാണ് വെളിപ്പെട്ടിരിക്കുന്നത്.
ഉസിയാ രാജാവ് മരിച്ച ആണ്ടില്‍ ഏശയ്യാവും സിംഹാസനത്തിനു മധ്യത്തില്‍ കര്‍ത്താവ് ഇരിക്കുന്നതു കണ്ടു എന്ന് ഏശയ്യാ 6:1ല്‍ വായിക്കുന്നു. “ഒരുത്തനോട് ഒരുത്തന്‍ സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. സര്‍വ്വഭൂമിയും അവന്‍റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്നു എന്ന് ആര്‍ത്തു പറഞ്ഞു: (ഏശയ്യ 6:3). ഈ ദര്‍ശനത്തില്‍ ഏശയ്യാവ് കണ്ടത് ആരേയാണെന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് നോക്കുക. യോഹന്നാന്‍ 12:41ല്‍ വായിക്കുന്നു. “ഏശയ്യാവ് അവന്‍റെ തേജസ് കണ്ട് അവനെക്കുറിച്ച് സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത് ” (Isaiah said this because he saw Jesus’s glory and spoke about him – NIV). ഏശയ്യാവ് യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിനിനു മുമ്പുള്ള ദര്‍ശനമായിരുന്നു ലഭിച്ചത്! സൈന്യങ്ങളുടെ യഹോവ എന്ന് സെറാഫുകള്‍ (ഏശയ്യ 6:1-10) ആര്‍ത്തു പറയുമ്പോള്‍ സിംഹാസനത്തില്‍ വചനമായ ദൈവമായിരുന്നു.

ദൈവസിംഹാസനത്തില്‍ ഇരുന്നവനും (ഏശയ്യ 6:3) സിംഹാസനത്തിന്‍റെ മധ്യത്തില്‍ നില്‍ക്കുന്നവനുമായ (വെളിപ്പാട് 7:17) ദൈവമാണ് മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത്. അവിടുന്ന ദൈവസിംഹാസനത്തിന് മധ്യത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ, സിംഹാസനത്തില്‍ ഇരിക്കുന്നവനായി (വെളിപ്പാട് 4:2, 10, ) പിതാവിനെയും കാണുന്നു. പിതാവിന്‍റെ മടിയിലുരുന്ന ദൈവംതന്നെയായ പുത്രന്‍ അവിടുത്തെ വെളിപ്പെടുത്തി (യോഹ 1:18). ദൈവസിംഹാസനത്തിന് മധ്യത്തിലും ദൈവസിംഹാസനത്തിലുമായി പുത്രനായ ദൈവം വിവിധ സന്ദര്‍ഭങ്ങളില്‍ വെളിപ്പെട്ടുനില്‍ക്കുന്നതിന്‍റെ ചിത്രമാണ് പിതാവിന്‍റെ മടിയിലിരുന്ന പുത്രനിലുള്ളത്!

ദൈവസിംഹാസനത്തില്‍ പരിശുദ്ധാത്മാവിനെ കാണുന്നില്ല, ദൈവത്തെ മനുഷ്യന് വെളിപ്പെടുത്തുന്ന അതിവിശിഷ്ടമായ ശുശ്രൂഷയാണ് പരിശുദ്ധാത്മാവ് നിര്‍വ്വഹിക്കുന്നത്. ”പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുന്നത്” പരിശുദ്ധാത്മാവിലാണ് (യോഹന്നാന്‍ 16:8). പരിശുദ്ധാത്മാവില്‍ മാത്രമേ പിതാവിനെയും പുത്രനെയും അറിയുവാന്‍ കഴിയുകയുള്ളൂ. പരിശുദ്ധാത്മാവായ ദൈവം ഇടപെട്ടുകൊണ്ടിരിക്കുന്ന ശുശ്രൂഷാ മണ്ഡലത്തിന്‍റെ പ്രത്യേകത മൂലമാണ് അവിടുത്തെ ദൈവസിംഹാസനത്തിനു മുന്നില്‍ കാണാത്തത്. അന്ധതമസ് വ്യാപരിക്കുന്ന രൂപരഹിതവും ശൂന്യവുമായ ലോകത്തെ (ഉല്‍പ്പത്തി 1:1) ദൈവോന്മുഖമായി പരിവര്‍ത്തന വിധേയമാക്കുന്ന അനിതരസാധാരണമായ ഉദ്യോഗത്തിലാണ് പരിശുദ്ധാത്മാവ് ഏര്‍പ്പെട്ടിരിക്കുന്നത്. പരിശുദ്ധത്രീത്വത്തെ ആരാധിക്കുമ്പോള്‍ മാത്രമേ പരിശുദ്ധാത്മാവും ആരാധിക്കപ്പെടുകയുള്ളൂ. പരിശുദ്ധത്രീത്വത്തെ ആരാധിക്കുമ്പോഴാണ് രക്ഷയുടെ സമ്പൂര്‍ണ്ണത അനുഭവപ്പെടുന്നത്. രക്ഷിക്കപ്പെട്ടവരുടെ സ്വാഭാവിക പ്രതികരണമാണ് ത്രിത്വാധിഷ്ഠിതമായ ആരാധന. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനമായ രക്ഷ പരിശുദ്ധാതമാവില്‍ ആസ്വദിച്ചുള്ള ജീവിതത്തെയാണ് സത്യാരാധന (റോമ 12:1) എന്നു വിളിക്കുന്നത്.

യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ആശയം, മനുഷ്യന്‍, പ്രവാചകന്‍, കുട്ടിദൈവം, മിഖായേല്‍ മാലാഖ എന്നൊക്കെ വിളിക്കുന്നവര്‍ ദൈവവചനത്തെക്കുറിച്ചുള്ള അജ്ഞതയുടെ കൊടുമുടിയില്‍ കുടിപാര്‍ക്കുന്നവരോ ദുരുപദേശം മനഃപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ ആണ്. എന്നാല്‍, ദൈവസിംഹാസനത്തില്‍ ഇരിക്കുന്നവനും, ദൈവസിംഹാസനത്തിനു മധ്യേ നില്‍ക്കുന്നവനായ ദൈവകുഞ്ഞാടിനെ അംഗീകരിക്കാതെയുള്ള ഏതൊരു ഉപദേശവും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും നിത്യരക്ഷയെ ബാധിക്കുമെന്ന് ഭയത്തോടെ ചൂണ്ടിക്കാണിക്കട്ടെ. ”ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും” (റോമ 10:9). പിതാവിനോടൊത്ത്, കര്‍ത്താവായി ദൈവസിംഹാസനത്തിലും അറുക്കപ്പെട്ട കുഞ്ഞാടായി ദൈവസിംഹാസനത്തിന് മധ്യത്തിലും വെളിപ്പെട്ടിരിക്കുന്നവനാണ് കുരിശില്‍ മരിച്ചത്. അവന്‍ മനുഷ്യാവതാരം ചെയ്ത വചനമായിരുന്നുവെന്നും ഭൂമിയില്‍ മനുഷ്യനായി ജീവിച്ച്, പീലാത്തോസിന്‍റെ കാലത്ത് പീഡകളേറ്റ് ക്രൂശിക്കപ്പെട്ടു മരിച്ചു, മൂന്നാംനാള്‍ ദൈവം അവനെ പരിശുദ്ധാതമാവിനാല്‍ ഉയിര്‍പ്പിച്ചു (1 കൊരി 15:2-4) എന്നതില്‍ കുറഞ്ഞുള്ള ഏതൊരു വിശ്വാസവും അങ്ങേയറ്റം ദുരുപദേശമാണ് എന്നതിന് യാതൊരു സംശയവുമില്ല.

യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുമ്പോള്‍, സ്നാനപ്പെടുമ്പോള്‍, ജീവിതത്തെ ആരാധനയായി സമര്‍പ്പിച്ച് ജീവിക്കുമ്പോള്‍ എല്ലാം പരിശുദ്ധത്രീത്വമാണ് മഹത്വപ്പെടുന്നത്. പരിശുദ്ധ ത്രീത്വത്തെ നിഷേധിക്കുമ്പോള്‍ ദൈവത്തെത്തതന്നെയാണ് നിഷേധിക്കുന്നത്. ദൈവത്തെ നിഷേധിച്ച് രക്ഷപ്രാപിക്കാനാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments