Saturday, July 27, 2024
No menu items!
Homeത്രിത്വവിശ്വാസംപരിശുദ്ധ ത്രിയേകത്വം: ചരിത്രവും വിശ്വാസവും സംവാദങ്ങളും

പരിശുദ്ധ ത്രിയേകത്വം: ചരിത്രവും വിശ്വാസവും സംവാദങ്ങളും

ത്രിത്വവിശ്വാസം ആമുഖം

അറിയുന്തോറും സങ്കീര്‍ണ്ണതയുടെ ആഴം വര്‍ദ്ധിക്കുന്ന ബൈബിള്‍ വിഷയമാണ് പരിശുദ്ധ ത്രിയേകത്വത്തെ സംബന്ധിച്ചുള്ളത്. ക്രൈസ്തവസഭ ഈ ഭൂമുഖത്ത് തന്‍റെ ദൗത്യം ആരംഭിച്ചതുമുതല്‍ സഭാതനയരിലെ പ്രധാനികളെല്ലാവരും വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുള്ള വിഷയമാണിത്. അതിനായി വിവിധ നിലകളിലുള്ള ഉദാഹരണങ്ങളും സാദൃശ്യങ്ങളും അവര്‍ അവതരിപ്പിച്ചു. എന്താണ് ത്രീയേകത്വം ? പരിമിതിയുള്ള സുറിയാനി ഭാഷയില്‍നിന്നും പരിമിധിയില്ലാത്ത ഗ്രീക്കിലേക്കു വന്നിട്ടും വിശാലമായ ഇംഗ്ലീഷില്‍ പരിശ്രമിച്ചിട്ടും ഉത്തരങ്ങളെ നിരന്തരം തോല്‍പിച്ചുകൊണ്ട് ചോദ്യം ജൈത്രയാത്ര തുടരുന്നു.

എന്താണ് ത്രിത്വം അഥവാ ത്രിയേകത്വം? ആരെല്ലാം അഴിക്കാന്‍ ശ്രമിച്ചാലും കുരുക്ക് ഏറെ മുറുകുന്നതല്ലാതെ ഈ വിഷയത്തിന് വ്യക്തത വരുത്തുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ വിഷയത്തെ വിവിധ കോണുകളില്‍നിന്ന് ദര്‍ശിച്ചവരില്‍ സമാനചിന്താഗതിക്കാര്‍ ചേര്‍ന്ന് മൊണാര്‍ക്കിയനിസം, ഡൈനാമിക് മൊണാര്‍ക്കിയനിസം, മോഡലിസ്റ്റിക് മൊണാര്‍ക്കിയനിസം, സബോര്‍ഡിനേഷനിസം, യൂണിറ്റേറിയനിസം, ആര്യനിസം… എന്നിങ്ങനെ നിരവധി ഇസങ്ങളും അനുബന്ധ ഇസങ്ങളും രൂപപ്പെടുത്തി. കഴിഞ്ഞ രണ്ടായിരം വർഷങ്ങളിലൂടെയുള്ള ക്രൈസ്തവചരിത്ര ഭൂമികയില്‍ ഈ ഇസങ്ങളെല്ലാം വിസ്മൃതിയിലാണ്ടുവെങ്കിലും “പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം” എന്ന അര്‍ഥത്തില്‍ വിശുദ്ധ ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന പരിശുദ്ധത്രിയേകത്വം (ട്രിനിറ്റി) എന്ന വിശ്വാസബോധ്യം സവിശേഷമായി നിലകൊള്ളുന്നു.

വിശുദ്ധ ബൈബിളില്‍ എവിടെയും കാണപ്പെടാത്തതും എന്നാല്‍ ക്രിസ്തുവിശ്വാസത്തില്‍ എല്ലായിത്തും നിറഞ്ഞുനില്‍ക്കുന്നതുമാണ് ട്രിനിറ്റി എന്ന പദവും അതിനോട് അനുബന്ധിച്ചുള്ള ചിന്തകളും. എന്നാല്‍തന്നെ, ഈ വിഷയത്തെ ഒരു ഗണിതശാസ്ത്ര പ്രഹേളികയെപ്പോലെ (mathematical conundrum) കാണുന്നവരും തത്വശാസാത്രജ്ഞര്‍ക്കു മാത്രം മനസ്സിലാകുന്ന വിഷയമായിട്ടോ (phylosophical jargon) അനുദിനജീവിതത്തെ ബാധിക്കാത്ത റോക്കറ്റ് സയന്‍സായി വീക്ഷിക്കുന്നവരുമുണ്ട്.

എക്കാലത്തെയും ഒരു വിസ്മയവ്യക്തിത്വമായി ക്രൈസ്‌തവചിന്തകന്മാർ വീക്ഷിക്കുന്ന അഗസ്തീനോസ് പറഞ്ഞ ഒരു പ്രസ്താവനയില്‍ ത്രിത്വത്തിന്‍റെ അര്‍ത്ഥം തേടിയിറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പും പ്രോത്സാഹവനവുണ്ട്. “ബൈബിളിലെ മറ്റേതൊരു വിഷയത്തേക്കാളും തെറ്റുസംഭവിക്കാനും അതിലൂടെ അപകടത്തില്‍പെടാന്‍ ഇടയുള്ളതുമായ വിഷയം, ഏറെ കഠിനാധ്വാനം ചെയ്യേണ്ട വിഷയം, ഉത്തരം കണ്ടെത്തിയാല്‍ ഏറെ ലാഭമുള്ള വിഷയം” എന്നാണ്.

കൊടുംകാറ്റ് വീശിയടിക്കുമ്പോൾ, ഇരുവശവും കീഴ്ക്കാംതൂക്കായ ഗർത്തങ്ങൾക്കു മധ്യേയുള്ള മലമ്പാതയിലൂടെ ഒരുവന്‍ യാത്ര ചെയ്യുന്നതിനെയാണ് ട്രിനിറ്റി വിഷയത്തില്‍ ഇടപെടുന്ന വ്യക്തിയെക്കുറിച്ച് ഡോ റോബര്‍ട്ട് ലത്താം (Dr Robert Letham) വിശേഷിപ്പിക്കുന്നത്. അല്‍പ്പമൊരു ബാലന്‍സ് തെറ്റിയാല്‍ അഗാധഗര്‍ത്തത്തില്‍ പതിക്കുന്നതുപോലെ, സൂക്ഷിച്ച് ട്രിനിറ്റി വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ അബദ്ധം സംഭവിക്കും എന്നാണ് ഈ വിഷയത്തിൽ ഏറെ പഠനം നടത്തിയ Dr ലത്താം പ്രസ്താവിക്കുന്നത്.

വാസ്തവത്തില്‍ ട്രിനിറ്റി വിഷയം കൈകാര്യം ചെയ്തിട്ടുള്ളവര്‍ എക്കാലത്തും ആരോപണവിധേയരായിട്ടുണ്ട്. ആയതിനാല്‍, ട്രിനിറ്റി വിഷയത്തില്‍ ഏറെ അറിവുള്ളവര്‍പോലും പൊതുവില്‍ അഭിപ്രായം പറയാന്‍ മടിക്കുന്ന വിഷയമാണ് ദൈവികത്രിത്വം എന്നത്.

ട്രിനിറ്റി വിഷയത്തില്‍ അഗസ്റ്റിന്‍റേതായ മറ്റൊരു പ്രസ്താവന ഇപ്രകാരമാണ് “ചിന്തയിലെയും വിശ്വാസത്തിലെയും ഏറെ അപകടംപിടിച്ച ഒരു ഇടമാണ് ത്രിത്വവിശ്വാസ വിഷയം. ഈ വിഷയത്തിന്‍റെ ഇരുവശങ്ങളിലുമായി ദുരുപദേശം എന്നത് വളരെ സമീപസ്തമായി നില്‍ക്കുന്നു. ദൈവത്തെക്കുറിച്ചുള്ള തെറ്റായ ധാരണ നമ്മുടെ ആരാധനയെയും ശുശ്രൂഷയെയും വഴിതിരിച്ചുവിടുകയും അതിനെ മലീമസമാക്കുകയും ചെയ്യും, അതിലൂടെ സഭയുടെ സാക്ഷ്യവും സഭാമക്കളുടെ ജീവിതവും സമാധാനവും കൂട്ടായ്മയും കൂടാതെ, നമ്മുടെ ചുറ്റുപാടുകളുടെ ക്ഷേമവും തകര്‍ക്കും”

പ്രൊട്ടസ്റ്റന്‍റ് തിയോളജിയനായിരുന്ന ജോണ്‍ കാല്‍വിന്‍ പറഞ്ഞത് “ട്രിനിറ്റി എന്നത് ഒരു ദൈവികമര്‍മ്മമാണ്. അതിനെ അന്വേഷിക്കുന്നതിനേക്കാള്‍ അതിനെ ആരാധിക്കുകയാണ് വേണ്ടത്. ഇതിന്‍റെ പഠനം ഏറെ കഠിനമാണ്, കാരണം ഈ പഠനത്തില്‍ നമുക്ക് ഉപരിയായ മഹത്തരമായ ഒരു വിഷയത്തെയാണ് നാം പഠിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ അപര്യാപ്തതയെക്കുറിച്ച് വ്യക്തമായി തിരിച്ചറിഞ്ഞുവേണം ഈ വിഷയത്തെ സമീപിക്കാൻ”

പ്രമുഖ തിയോളജിയനായിരുന്ന കാള്‍ ബാത്ത് (Karl Barth) വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് ട്രിനിറ്റിയെ സംബന്ധിച്ച് നടത്തിയത് “നമ്മള്‍ ചിന്തിക്കുന്നതും പറയുന്നതുമല്ല കൃത്യമായതെന്നും ശാശ്വതമായി കൃത്യമായിരിക്കുന്നത് നാം ഏതു കൃത്യതയെക്കുറിച്ചാണോ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത്, അതു മാത്രമായിരിക്കും” (Correctness belongs exclusively to that about which we have thought and spoken, not to what we have thought and spoken) എന്നുമാണ്.

പരിശുദ്ധ ത്രീയേകത്വം എന്ന വിഷയത്തെ സമീപിച്ചവരെല്ലാം തങ്ങളുടെ മുഴങ്കാലുകള്‍മടക്കി കുമ്പിട്ട് ആരാധിക്കുക മാത്രം ചെയ്ത അതിശ്രേഷ്ഠമായ വിഷയമായിരുന്നു അത് . ഈ വിഷയത്തെക്കുറിച്ച് എന്തു പറയുന്നതും ഭയഭക്തിയോടെ മാത്രമായിരിക്കണമെന്ന ചിന്തമാത്രമേ ഏതൊരു വിശ്വാസിയിലും ഉണ്ടാകാന്‍ പാടുള്ളൂ.

ത്രിയേകദൈവത്തെക്കുറിച്ചുള്ള പഠനത്തില്‍ അപകടം സംഭവിക്കാം എന്ന് പണ്ഡിതശ്രേഷ്ഠന്മാര്‍ പറയാന്‍ എന്താണ് കാരണം? ദൈവം വ്യക്തമായി വെളിപ്പെടുത്താത്ത ഒരു മര്‍മ്മമായി വിശുദ്ധ ബൈബിളില്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണ് ദൈവികതയും പരിശുദ്ധത്രിത്വവും എന്നതാണ് കാരണം. ദൈവം, തന്നെ സംബന്ധിക്കുന്ന മുഴുവന്‍ കാര്യങ്ങളും മനുഷ്യന് വെളിപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ “വിശ്വാസം എന്നതൊഴിച്ച് മറ്റൊരു ചാവിയുംകൊണ്ട് ഈ രഹസ്യത്തിന്‍റെ കവാടം തുറക്കാന്‍ കഴിയില്ല” എന്നാണ് ‘വേദശബ്ദരത്നാകര’ത്തില്‍ മുന്‍ കേരള ചീഫ് സെക്രട്ടറിയായിരുന്ന യശഃശ്ശരീരനായ ഡി ബാബു പോള്‍ പറഞ്ഞിരിക്കുന്നത്.

ക്രിസ്തീയ വിശ്വാസ വിഷയങ്ങളില്‍ “പൂര്‍ണ്ണശക്തിയോടെ ” വിശ്വസിക്കേണ്ട വിഷയമാണ് അനാദിനിത്യത മുതല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവത്തിന്‍റെ ത്രിത്വാധിഷ്ഠിതമായ സംയോജിതാവസ്ഥ. ഈ അതിനിഗൂഡമായ വിഷയത്തിന്മേല്‍ അഭിപ്രായവും തങ്ങളുടെ തോന്നലുകളും പറഞ്ഞ് ആദിമകാല പ്ലാറ്റോണിസ്റ്റ് ചിന്തകന്മാര്‍ രംഗപ്രവേശം ചെയ്തതോടെയാണ് ക്രൈസ്തവലോകത്ത് ട്രിനിറ്റി വിപ്ലവം ആരംഭിക്കുന്നത്. സങ്കീര്‍ണ്ണമായ ഈ സൃഷ്ടപ്രപഞ്ചത്തിന്‍റെ ആരംഭകാരണമായ മഹാദൈവം മനുഷ്യബുദ്ധിക്ക് അതീതനായി അതിസങ്കീര്‍ണ്ണമായ വിധത്തില്‍ സ്ഥിതിതനായിരിക്കുമ്പോള്‍, ബുദ്ധിക്ക് എത്തിപ്പിടിക്കാനാവാത്ത വന്‍കാര്യങ്ങളെ മനുഷ്യന്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതാണ് ക്രൈസ്തവലോകത്തിലെ ഈ ആശയക്കുഴപ്പത്തിന് വഴിമരുന്നിട്ടത്. എന്നാല്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു കാര്യം, ബൈബിളിലെ ദൈവത്തെ അന്വേഷിക്കുന്നവര്‍ സ്വാഭാവികമായി ദൈവികതയിലെ ത്രിത്വത്തില്‍ എത്തിച്ചേരും എന്നതാണ്. അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള പ്രിന്‍സിട്ടണ്‍ തിയോളജിക്കല്‍ സെമിനാരിയുടെ മുന്‍ പ്രിന്‍സിപ്പലും പ്രിസ്ബിറ്റേറിയന്‍ തിയോളജിയനുമായിരുന്ന ഡോ ചാള്‍സ് ഹോഡ്ജ് (Dr Charles Hodge) ബൈബിളിലെ ദൈവത്വത്തെയും ദൈവാവസ്ഥയെയും കുറിച്ച് ഇരുനൂറ്റിയമ്പത് പേജുകള്‍ എഴുതിയിട്ടും ഒടുവില്‍ അദ്ദേഹത്തിന് ദൈവത്വത്തെ ത്രിത്വത്തില്‍ ഉള്‍ക്കൊള്ളേണ്ടതായി വന്നു!

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യ ദൈവം ത്രിത്വാധിഷ്ഠിതമായിരിക്കുമ്പോഴും ഏകമാണെന്നും ഏകമായിരിക്കുമ്പോഴും ത്രിത്വമാണെന്നുമുള്ള ഈ സങ്കീര്‍ണ്ണതയാണ് വാസ്തവത്തില്‍ ക്രിസ്തുവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ദൈവകതയുടെ ഉത്കൃഷ്ടത. ഒരു കേവല വിഷയത്തെ സമീപിക്കുന്ന ലാഘവത്തോടെ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും അത് സാധ്യമാവുകയും ചെയ്താല്‍ അത് മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവമല്ല എന്ന് സ്പഷ്ടമാണ്. അടുത്തറിയുന്തോറും ഈ പ്രപഞ്ചം നമ്മെ വിസ്മയിപ്പിക്കുന്നുവെങ്കില്‍, അടുത്തറിയുന്തോറും ദൈവത്തിന്‍റെ സൃഷ്ടിയിലെ ഒരു ഏകകോശ ജീവിപോലും ഈ വിസ്മയം വര്‍ദ്ധിപ്പിക്കുന്നുവെങ്കില്‍, ഇതിന്‍റെ സൃഷ്ടാവു മാത്രം ഒരു കൊക്കോക്കോള ക്യാനിലെ (cococola can) ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെപ്പോലെ സുഗ്രാഹ്യമായിരിക്കണം എന്ന നിര്‍ബന്ധമാണ് ദൈവത്തെ പരിജ്ഞാനത്തില്‍ ഗ്രഹിക്കാന്‍ പലര്‍ക്കും തടസമായി നില്‍ക്കുന്നത്. “ദൈവത്തെ ദൈവമെന്ന് ഓര്‍ത്ത് മഹത്വീകരിക്കാന്‍” കൂട്ടാക്കാതെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിപ്പോയവരുടെ അബദ്ധസങ്കല്‍പ്പങ്ങളാണ് പലപ്പോഴും മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പ്പങ്ങള്‍. ഈ സങ്കല്‍പ്പങ്ങളുടെ വഴിയേ മഹാദൈവത്തെ ഗ്രഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് പലപ്പോഴും പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവം എന്നത് ഇടര്‍ച്ചക്കല്ലാകുന്നത്. അതോടൊപ്പം, ബൈബിള്‍ വിവരിക്കുന്ന പ്രപഞ്ചസൃഷ്ടാവായ ദൈവത്തെ ഉള്‍ക്കൊള്ളാന്‍ മനുഷ്യനുള്ള അപര്യാപ്തതയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ അപര്യാപ്തതാബോധത്തില്‍നിന്നു മാത്രമേ വാസ്തവമായി ദൈവാരാധനപോലും സംഭവിക്കുകയുള്ളൂ.

അഗസ്റ്റിനും അക്വിനസും ഉള്‍പ്പെടെ ഒന്നാം നൂറ്റാണ്ടു മുതല്‍ ചിന്തകന്മാരുടെ ഒരു വലിയ പടതന്നെ തത്വശാസ്ത്ര അടിത്തറയില്‍ സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളിലേക്ക് ദൈവശാസ്ത്രമെന്ന ബാബേല്‍ഗോപുരം പണിതുകൊണ്ട് ദൈവികതയെ സ്പര്‍ശിക്കാന്‍ ശക്തമായ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും യഥാര്‍ത്ഥ ബാബേൽ ഗോപുരത്തിനു നേരിട്ട അവസ്ഥ അവര്‍ക്കും നേരിട്ടു. പാതിവഴിയില്‍ പണി ഉപേക്ഷിക്കേണ്ടി വന്നു! കാരണമെന്താണെന്നറിയാമോ? ഭാഷ! ദൈവശാസ്ത്രവും തത്വശാസ്ത്രവും കൂട്ടിനുണ്ടെങ്കിലും ഭാഷയുടെ പരിമിതിയെ മറികടന്ന് ത്രിത്വാധിഷ്ഠിത ദൈവികതയെ വിവരിക്കാന്‍ കഴിയാതെയാണ് അവരുടെയെല്ലാം നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ടിവന്നത്. നൂറ്റാണ്ടുകള്‍കൊണ്ട് പരിണമിച്ച് സമുന്നതമായെങ്കിലും ഇന്നും ഏതൊരു ലോകഭാഷയും ത്രിത്വവിഷയത്തില്‍ ഈ പരിമിതിവൃത്തത്തിനുള്ളില്‍ ഞെരുങ്ങുന്നതു കാണാം.

തിരുസ്സഭാ ചരിത്രത്തില്‍ ഡോ സേവ്യര്‍ കൂടപ്പുഴ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചരിത്രസംഭവം ശ്രദ്ധിക്കുക. നിഖ്യാ സൂന്നഹദോസ് അവസാനിപ്പിച്ചുകൊണ്ടുള്ള വിശ്വാസപ്രമാണ പ്രകാരം യേശുക്രിസ്തുവിന്‍റെ ദൈവത്വം സംബന്ധിച്ച് മെത്രാന്‍സമിതി എടുത്ത പ്രസ്താവന ഇപ്രകാരമാണ് “ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോടു തുല്യനും സ്വര്‍ഗ്ഗത്തിലേയും ഭൂമിയിലേയും സകലത്തിന്‍റെയും സൃഷ്ടാവുമാണ് അവിടുന്ന് ” ഇനി തിരുസ്സഭാ ചരിത്രം പേജ് 339ലും 342ലും പറഞ്ഞിരിക്കുന്നത് നോക്കുക. “ഈജിപ്റ്റിലെയും പാശ്ചാത്യരാജ്യങ്ങളിലെയും മെത്രാന്മാര്‍ക്ക് ഇതിനേപ്പറ്റി പൂര്‍ണ്ണസംതൃപ്തിയാണ് ഉണ്ടായിരുന്നത്. ഗ്രീക്ക് പിതാക്കന്മാര്‍ക്ക് ഇതിനെപ്പറ്റി തികഞ്ഞ സംതൃപ്തിയാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞുകൂട. (“സാരാംശത്തിൽ” എന്നതിന്‍റെ ലാറ്റിന്‍ വാക്കായ Homoosian ഗ്രീക്കില്‍ തത്തുല്യപദമായി homoousios ആണ് ഉപയോഗിക്കുന്നത്. (ഇംഗ്ലീഷില്‍ of same substance)) സാരാംശത്തില്‍ പിതാവിനോടു തുല്യന്‍ എന്നതില്‍ “സാരാശം” എന്നതിന്‍റെ വിവക്ഷ ലത്തീന്‍ മൂലത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ സമാന്തരമായ ഗ്രീക്ക് പദത്തിന്‍റെ വിവക്ഷയെക്കുറിച്ച് വിഭിന്നാഭിപ്രായങ്ങള്‍ സാധ്യമായിരുന്നു. പിതാവിന്‍റെയും പുത്രന്‍റെയും ഭിന്നവ്യക്തിത്വങ്ങളെ നിഷേധിക്കുന്ന സൂചന അവര്‍ അതില്‍ ദര്‍ശിച്ചു”. പിതാവിന്‍റെ അതേ സാരാംശമായി പുത്രനെ ലാറ്റിന്‍ ഭാഷയില്‍ ദര്‍ശിച്ചപ്പോള്‍ ഗ്രീക്കില്‍ പിതാവിന്‍റെ അതേ പ്രകൃതി (nature) എന്ന അര്‍ത്ഥമാണ് homoousioൽ കൈവന്നത്. ആശയത്തിലുള്ള ഈ വ്യത്യാസം പിന്നീട് വലിയ കോളിളക്കങ്ങളാണ് ഗ്രീക്ക് -ലത്തീന്‍ സഭകളില്‍ പിന്നീട് ഉണ്ടായത്. പ്രമുഖ ക്രൈസ്തവചരിത്രകാരനായ ഡോ തോമസ് പി നീലും (Dr Thomas P Neill, History of the Church) ഈ സംഭവം തന്‍റെ സഭാചരിത്ര ഗ്രന്ഥത്തല്‍ വിവരിക്കുന്നുണ്ട്.

വാസ്തവത്തില്‍ ദൈവികതയെ വിശദീകരിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും നിര്‍വ്വചിക്കുന്നതിനും ഭാഷ ഒരു വലിയ പ്രശ്നമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു വേണം ഈ വിഷയത്തെ ആരും സമീപിക്കാന്‍ എന്ന് ഈ സംഭവം നമ്മെ ഓര്‍മപ്പെടുത്തുന്നു. പശ്ചാത്തലം മറ്റൊന്നാണെങ്കിലും, ഭാഷയുടെ ധാരാളിത്തവും ചിന്തകളുടെ മഹാപ്രപഞ്ചത്തെയും കൊണ്ടുനടന്ന അഗസ്തീനോസിന്‍റെ ഒരു പ്രസ്താവനയാണ് ട്രിനിറ്റി വിഷയത്തിലും നമുക്ക് മാര്‍ഗ്ഗദര്‍ശിയാകേണ്ടത് “അത് എന്താണെന്ന് ചോദിക്കാതിരുന്നാല്‍ എനിക്ക് പറയാന്‍ അറിയാം, എന്താണെന്ന് പറഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടാല്‍ എനിക്ക് പറയാന്‍ അറിഞ്ഞുകൂട”

യേശുക്രിസ്തു പിതാവിനെ (ദൈവത്തെ) വെളിപ്പെടുത്തിയെങ്കിലും ആ വെളിപ്പെടുത്തലുകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു അംശം മാത്രമായിരുന്നു എന്നത് ദൈവികതയെ സമീപിക്കുന്ന ഓരോ വ്യക്തിയും മനസ്സിലാക്കണം. മനുഷ്യനെ ആരേക്കാളും നന്നായി മനസ്സിലാക്കിയവന്‍, മനുഷ്യന്‍റെ പരിമിധി ശരിക്കും തിരിച്ചറിഞ്ഞുകൊണ്ടാണ് (യോഹന്നാന്‍ 2:25) ഭൂമിയിലുള്ളത് പറഞ്ഞിട്ട് അത് വിശ്വസിക്കാന്‍ കഴിയാത്തവരോട് സ്വര്‍ഗ്ഗത്തിലുള്ളത് പൂര്‍ണ്ണമായി പറയാതിരുന്നത് (യോഹന്നാന്‍ 3:12) എന്നതും വലിയൊരു തിരിച്ചറിവിലേക്ക് നമ്മെ നയിക്കും..
ദൈവികതയെക്കുറിച്ച് മനുഷ്യന് വ്യക്തമായി വിവരിച്ചുകൊടുക്കാന്‍ ശരിയായ സ്രോതസ്സായിരുന്ന യേശുക്രിസ്തു, അതിനെക്കുറിച്ച് പൂര്‍ണ്ണമായി വ്യക്തമാക്കിയില്ലെങ്കിലും തന്‍റെ പഠിപ്പിക്കലുകളില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം പകല്‍പോലെ വെളിപ്പെട്ടിരുന്നു എന്ന വസ്തുത അംഗീകരിക്കാതെ ആര്‍ക്കും മുന്നോട്ടു പോകാനാകില്ല.

എന്തുകൊണ്ട് പഴയനിയമത്തില്‍ ത്രിത്വചിന്ത രൂപപ്പെട്ടില്ല എന്നൊരു ചോദ്യം ഉയരാറുണ്ട്. ഇതിന് പൊതുവെ നല്‍കുന്ന രണ്ടു തരം മറുപടികളാണ്. ഒന്ന്, ബഹുദൈവാരാധികളും വിഗ്രഹാരാധികളുമായവരുടെ ലോകത്തില്‍ ഏകദൈവവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനാണ് ദൈവം ഇസ്രായേല്‍ ജനത്തെ തെരഞ്ഞെടുത്തത്. അവിടെ ത്രിത്വം ബഹുദൈവവിശ്വാസമായി തെറ്റിദ്ധരിക്കപ്പെടാന്‍ വലിയ സാധ്യതയുണ്ട്. രണ്ടാമതായി, ത്രിത്വവിശ്വാസം ഉയര്‍ത്തുന്ന സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളാന്‍ തക്ക കരുത്തും പക്വതയുമുള്ള സമൂഹമോ കാലഘട്ടമോ ആയിരുന്നില്ല പഴയനിയമ കാലഘട്ടം. ആചാരബന്ധിതമായി മാത്രം നിലനിന്ന യഹൂദസമൂഹത്തില്‍ ത്രിത്വചിന്ത ബഹുദൈവവിശ്വാസമായി തെറ്റദ്ധരിക്കാന്‍ സാധ്യത ഏറെയായിരുന്നു എന്നു കരുതുന്നവരും ഉണ്ട്.

20 നൂറ്റാണ്ടുകളായി യഹൂദസമൂഹത്തില്‍ നിലനിന്നിരുന്ന ഏകദൈവവിശ്വാസത്തില്‍ പരിശീലിപ്പിക്കപ്പെട്ട പൗലോസും പത്രോസും യോഹന്നാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനായാസമായി ത്രിത്വാധിഷ്ഠിതമായ ദൈവികതയെ ക്രൈസ്തവികതയില്‍ അവതരിപ്പിക്കാന്‍ മടിയില്ലാതിരുന്നു എന്നത് വളരെ ചിന്തനീയമായ കാര്യമാണ്. യേശുക്രിസ്തുവില്‍ മഹാദൈവത്തെ ദര്‍ശിച്ചുകൊണ്ട് പൗലോസ് എഴുതിയ ലേഖനങ്ങള്‍ ത്രിത്വവിശ്വാസത്തിന്‍റെ അടിത്തറയായി മാറിയെങ്കില്‍, അതെഴുതിയ വ്യക്തിയുടെ പൂര്‍വ്വകാല ജീവിതപശ്ചാത്തലവും വിഷയത്തിന്‍റെ പ്രത്യേകതയും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഗമാലിയേലിന്‍റെ ശിഷ്യന് ത്രിത്വവിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞൂ എന്നത് നിസ്സാരമല്ല എന്ന് സാരം.
ത്രിത്വവിഷയത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ പ്രകടമാക്കുന്നതിലെ വൈഷമ്യത്തേക്കാളുപരി അത് മനുഷ്യന്‍ അറിയേണ്ട ആവശ്യമില്ല എന്ന ബോധ്യമായിരിക്കാം ത്രിത്വവിഷയത്തില്‍ അവര്‍ അഭിപ്രായം പറയാന്‍ മെനക്കെടാതിരുന്നത് എന്നോ, ദൈവവചന രചനയ്ക്കായി അവരില്‍ പ്രചോദനം നടത്തിയ പരിശുദ്ധാത്മാവ് ഹേമിക്കാതിരുന്നതിനാലാണ് അവര്‍ അതിന് മുതിരാതിരുന്നത് എന്നോ കരുതുന്നതില്‍ തെറ്റില്ല.

പരിശുദ്ധ ത്രിയേകത്വം എന്ന മാര്‍മികമായ വെളിപ്പാട് യേശുക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യത്വവും എന്ന വിഷഷയത്തില്‍നിന്നുമാണ് രൂപംകൊള്ളുന്നത്. സ്വര്‍ഗ്ഗത്തിലിരിക്കുന്ന പിതാവും ഭൂമിയില്‍ നടക്കുന്ന പുത്രനും ഇവര്‍ക്കു മധ്യേ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാമാവും തമ്മിലുള്ള ബന്ധവും, മനുഷ്യാവതാരത്തിനും അതിനു ശേഷവും പിതാവും പുത്രനും ആയിരിക്കുന്ന ദൈവികാവസ്ഥയുടെ സ്ഥാനക്രമവുമെല്ലാം ആദിമകാല സഭാപിതാക്കന്മാര്‍ എന്ന പ്ലാറ്റോണിസ്റ്റ് തത്വജ്ഞാനികള്‍ ചര്‍ച്ചാവിഷയമാക്കി. എന്നാല്‍ ഇതിലും രസകരമായ കാര്യമുള്ളത്, യേശുക്രിസ്തുവിന്‍റെ ദൈവത്വം എന്നതിലുപരി യേശുവിന്‍റെ അമ്മയായ മറിയത്തിന്‍റെ ദൈവമാതൃത്വം എന്ന വിഷയത്തില്‍ ആരംഭിച്ച ചര്‍ച്ചകളും സംവാദങ്ങളും വളര്‍ന്നാണ് അത് ത്രിത്വസംവാദമായി വളര്‍ന്നത് എന്നതാണ്. ആ കാലത്ത് അത് നടന്നില്ലായിരുന്നുവെങ്കില്‍ പിന്നീടുള്ള ഏതെങ്കിലും നൂറ്റാണ്ടുകളില്‍ അത് നടക്കുമായിരുന്നു എന്നത് സ്പഷ്ടമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്നമേ ആരംഭിച്ചുവെങ്കിലും ആര്‍ക്കും പിടികൊടക്കാതെ വിഷയം ആദിമനൂറ്റാണ്ടിനു തുല്യമായ നിലയില്‍ ഇന്നും നിലനില്‍ക്കുന്നു എന്നത് പരിശുദ്ധ ത്രിയേകത്വം എന്ന വിഷയം മനുഷ്യമസ്തിഷ്കത്തിന് പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല എന്ന ബോധ്യമാണ് നമ്മില്‍ ഉയര്‍ത്തുന്നത്
(തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments