Thursday, May 30, 2024
No menu items!
Homeത്രിത്വവിശ്വാസംനിഖ്യാ സൂന്നഹദോസും "ഹോമോ ഊസിയോസ് " പ്രഖ്യാപനവും

നിഖ്യാ സൂന്നഹദോസും “ഹോമോ ഊസിയോസ് ” പ്രഖ്യാപനവും

ത്രിത്വവിശ്വാസം… ഭാഗം 3

നീറോയുടെ കാലത്ത്, എ.ഡി 64ല്‍ റോമില്‍ ക്രൂരമായ വിധത്തില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടു. ഇക്കാലത്ത് റോമിലെ സഭയുടെ നേതൃത്വസ്ഥാനത്ത് അപ്പൊസ്തൊലനായ പത്രോസ് ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പീഡനത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍, റോമില്‍നിന്ന് പത്രോസ് ഒളിച്ചോടുകയാണ്. റോമിലെ പ്രസിദ്ധമായ ആപ്പിയന്‍ വഴിയിലൂടെ ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഇരുള്‍ വ്യാപിച്ചിരുന്ന ഒരു വെളുപ്പാന്‍കാലത്ത്, പത്രോസ് രക്ഷപ്പെടുകയാണ്. അപ്പോളതാ എതിര്‍ദിശയില്‍നിന്ന് ഒരു ആള്‍രൂപം. അടുത്തു വന്നപ്പോള്‍ പെട്ടെന്ന് പത്രോസിന് മനസ്സിലായി അത് തന്‍റെ, ദിവ്യനാഥനാണ്! ഉടനെ അദ്ദേഹം ഭയവിഹ്വലനായി ചോദിച്ചു: ഡൊമീനെ, ക്വോ വാഡിസ് ? (കര്‍ത്താവേ, അങ്ങ് എവിടേക്ക് പോകുന്നു?)
ദിവ്യരക്ഷകന്‍ പ്രത്യുത്തരിച്ചു “ഞാന്‍ റോമിലേക്ക് വീണ്ടും ക്രൂശിക്കപ്പെടുവാന്‍ വേണ്ടി പോകുന്നു!”

പുനഃരുത്ഥാനത്തിനു ശേഷം തന്‍റെ അജഗണത്തിന്‍റെ നേതൃത്വം ഏല്‍പ്പിച്ച് സ്വര്‍ഗ്ഗാരോഹണം ചെയ്ത ദിവ്യരക്ഷകന്‍, പീഡനത്തിൻ്റെ മധ്യത്തിൽ താന്‍ ഒളിച്ചോടുന്നതു കണ്ട് അവര്‍ക്കുവേണ്ടി വീണ്ടും കഷ്ടം സഹിക്കാനും ക്രൂശിക്കപ്പെടുവാനുമായി പോകുന്നു എന്നു തിരിച്ചറഞ്ഞ പത്രോസിന്, അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അദ്ദേഹം വിലാപത്തോടെ യേശുവിനെ മടക്കി അയച്ചു, എന്നിട്ട് തിരികെ റോമിലേക്ക് പോയി. അതിനുശേഷമുള്ള പ്രവര്‍ത്തനത്തിനിടയില്‍ അദ്ദേഹം പിടിക്കപ്പെട്ടു. തൻ്റെ ഗുരുവിനെപ്പോലെ ക്രൂശിക്കപ്പെടാൻ യോഗ്യതയില്ലെന്നു പറഞ്ഞ പത്രോസ് തലകീഴായി ക്രൂശിക്കപ്പെടുകയായിരുന്നുവത്രെ! “പത്രോസിന്‍റെ പ്രവൃത്തി” എന്ന അപ്പോക്രിഫാ ഗ്രന്ഥത്തില്‍ ഉള്ള ഒരു സംഭവമാണിത്. ബൈബിളിനു വെളിയില്‍, യേശുക്രിസ്തുവും പത്രോസും തമ്മില്‍ കണ്ടുമുട്ടിയ ഒരു രംഗമാണിത്. അപ്പോക്രിഫാ ഗ്രന്ഥത്തിന് അസ്പൃശ്യത കല്‍പ്പിച്ചാലും ഈ കഥയിലെ സന്ദേശം അതിമഹത്തരമാണ്.

വിശ്വാസത്തിനുവേണ്ടി, ദൈവജനത്തിനുവേണ്ടി ഏതുവിധ ക്രൂശീകരണത്തിനും തയാറായി നില്‍ക്കേണ്ടവനാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ എന്ന കാലാതിവര്‍ത്തിയായ സന്ദേശമാണ് ഇവിടെ ഉയരുന്നത്. ദൈവജനത്തിന് സമയോചിതമായി നേതൃത്വം നല്‍കാതെ സഭാനേതൃത്വം എവിടെയെല്ലാം ഒളിച്ചോടുകയും നിശ്ശബ്ദമായിരിക്കുകയും ചെയ്യുന്നുവോ അവിടെയെല്ലാം ക്രൂശിക്കപ്പെടുവാന്‍ ക്രിസ്തു കടന്നു വരുന്നു എന്നത് സുപ്രസിദ്ധമായ ഒരു ചിന്തയാണ്. വിശ്വാസപ്രതിസന്ധികളില്‍ അകപ്പെട്ട് ദൈവജനം എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെ തലകീഴായിപ്പോലും ക്രൂശിക്കപ്പെടുവാന്‍ തയാറാകേണ്ടവരാണ് ക്രൈസ്തവ സഭാ നേതൃത്വം. ഇതായിരുന്നു അപ്പൊസ്തൊലിക സഭ എല്ലാ നൂറ്റാണ്ടുകളിലും പിന്‍പറ്റിയ മാതൃക. സഭ പ്രതിസന്ധി നേരിടുമ്പോൾ നിശ്ശബ്ദരായിരിക്കുന്നവർ ആപ്പിയൻ പാതകളിലൂടെ പിൻതിരിഞ്ഞ് ഓടുന്ന ഭീരുക്കളാണെന്നതാണ് “പത്രോസിൻ്റെ നടപടികൾ” നൽകുന്ന പാഠം.

വാസ്തവത്തില്‍ പീഡനം രണ്ടുവിധം ഉണ്ട്. ശരീരികമായി പീഡിപ്പിച്ച് വിശ്വാസികളെ ക്രിസ്തുവിശ്വാസത്തില്‍നിന്ന് അകറ്റുന്നതായിരുന്നു സാത്താന്‍റെ ഒരു തന്ത്രമെങ്കില്‍ അവരില്‍ ദുരുപദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് രക്ഷാമാര്‍ഗ്ഗത്തില്‍നിന്നും നാശത്തിന്‍റെ മാര്‍ഗ്ഗത്തിലേക്ക് വഴിതിരിച്ചുവിടുക എന്നതായിരുന്നു മറ്റൊരു മാര്‍ഗ്ഗം. ഒരേ ലക്ഷ്യത്തിനുവേണ്ടിയുള്ള രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഏത് പ്രയോഗിച്ചാലും ശത്രു ലക്ഷ്യം കാണുന്നു. ഇതില്‍ ഏതിനു മുന്നിലും സധൈര്യം ദൈവജനത്തെ നയിക്കുന്നവര്‍ക്കു മാത്രമേ “ആത്മീയ നേതൃത്വം” എന്ന പേര്‍ യോജിക്കുകയുള്ളൂ. അല്ലാത്തവര്‍ എല്ലാം ചെന്നായ് വരുന്നതു കാണുമ്പോള്‍ ഓടിയൊളിക്കുന്ന കൂലിക്കാരാണ്. ആടുകളോടു സ്നേഹമില്ല, കൂലി മാത്രം കൊതിച്ചുകൊണ്ട്, ഇടയശുശ്രൂഷ ചെയ്യുന്നവര്‍. ചരിത്രത്തില്‍ ഇത്തരക്കാരും നിരവധിയാണ്.

സ്വന്തജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട്, ദൈവജനത്തിനു നേതൃത്വം നല്‍കുന്നവര്‍ നിവര്‍ന്നുനില്‍ക്കുന്ന ക്രിസ്തുസഭകളെ പിശാചിന് തോല്‍പിക്കാനാവില്ല എന്നത് ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട വസ്തുതയാണ്. എഫേസോസില്‍നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ അപ്പൊസ്തൊലനായ പൗലോസ് എടുത്തു പറയുന്ന കാര്യം നോക്കുക. “നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവു സ്വന്തം രക്തത്താല്‍
നേടിയെടുത്ത ദൈവത്തിന്‍െറ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. എന്‍െറ വേര്‍പാടിനുശേഷം ക്രൂരന്മാരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യന്മാരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. അതിനാല്‍, നിങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍” (അപ്പ പ്രവൃത്തി 20:28-31). ചരിത്രത്തിലുടനീളം, എല്ലാ നൂറ്റാണ്ടിലും എല്ലാ കാലഘട്ടത്തിലും നിവൃത്തിയായതും നിവൃത്തിയായിക്കൊണ്ടിരിക്കുന്നതുമായ ഒരു പ്രവചനമാണിത്. ക്രിസ്തുശിഷ്യന്മാരെ തങ്ങളുടെ ഉപദേശങ്ങളിലേക്ക് വലിച്ചുകൊണ്ടു പോവുക എന്നതാണ് ദുരുപദേഷ്ടാവിന്‍റെ ലക്ഷ്യം. അവിടെ പൗലോസിനെപ്പോലുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം അവര്‍ക്ക് ഭയം ജനിപ്പിക്കുന്നതായിരിക്കും. എന്നാല്‍, ആ വ്യക്തിയുടെ അഭാവത്തില്‍ കൊടിയ ചെന്നായ്ക്കള്‍ പ്രബലന്മാരാവുകയും കുറേപ്പേരേ തങ്ങളുടെ വഴിയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. ഇങ്ങനെയാണ് ദുരുപദേശങ്ങള്‍ വിശ്വാസസമൂഹത്തെ കീഴടക്കുന്നത്.

ദുരുപദേശങ്ങള്‍ സഭയ്ക്ക് ഉള്ളില്‍നിന്നാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍, സഭയ്ക്ക് വെളിയില്‍നിന്നുള്ള ആക്രമണകാരിയെ “ലോകം” ( the age) എന്നാണ് വിളിക്കുന്നത്. ലോകത്തിന്‍റെ സ്വാധീനത്തില്‍ ഉള്‍പ്പെട്ട് പൗലോസിന്‍റെ സന്തതസഹചാരിയായിരുന്ന ദേമാസു പോലും വ്യതിചലിച്ചത് 2 തിമോത്തി 4:10ല്‍ വായിക്കുന്നു. ”എന്തെന്നാല്‍, ഈ ലോകത്തോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു”. കരുതിയിരുന്നില്ലെങ്കില്‍ ലോകാസക്തിക്ക് ദൈവസഭയെ വേഗത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയും. ലോകത്തിന്‍റെ പ്രതാപം നശ്വരമാണെന്നും അനശ്വരമായ നിത്യതയുടെ ഭാഗമാണ് ദൈവസഭ എന്നതുമാണ് ബൈബിള്‍ ക്രിസ്റ്റ്യാനിറ്റി എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചത്. “ജീവനത്തിന്‍റെ പ്രതാപം” (1 യോഹന്നാന്‍ 4:16) (the boastful pride of life) എന്നു വിളിച്ചിരിക്കുന്നത് ‘മെസേജ് ബൈബിള്‍’ വിവര്‍ത്തനം ചെയ്തിരിക്കുന്നതാണ് കൂടുതല്‍ അര്‍ത്ഥഭംഗി നല്‍കുന്നത് “The boasting of what he has and does ” – തനിക്ക് ഉള്ളവയെക്കുറിച്ചും താന്‍ ചെയ്തുകൊണ്ടിരിക്കുന്നവയെക്കുറിച്ചും പ്രസിദ്ധം ചെയ്യുന്നത് ലോകമോഹമാണ്. യേശുവിനെ ക്രൂശിച്ച ലോകത്തോടുള്ള സൗഹൃദം, അതിന്‍റെ സുഖങ്ങളും മോഹങ്ങളും നല്‍കുന്ന ആശ്വാസം, അവിടെ പ്രസിദ്ധനാകാനും നേട്ടങ്ങളുണ്ടാക്കാനുമുള്ള ആഗ്രഹങ്ങള്‍… ഇതെല്ലാം ക്രിസ്തുവില്‍നിന്ന് ഒളിച്ചോടിയാല്‍ മാത്രമേ നേടാന്‍ കഴിയൂ. ദേമാസിനും ഇപ്രകാരം പ്രസിദ്ധം ചെയ്യാന്‍ കഴിയുന്ന എന്തോ ലഭിച്ചു. അതിന് ആ നിര്‍ഭാഗ്യവാന്‍ പൗലോസിനോടൊപ്പമുള്ള ശുശ്രൂഷപോലും വേണ്ടെന്നു വച്ചു! സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തില്‍നിന്ന് പുറത്തെ അന്ധകാരത്തിലേക്ക് എറിയപ്പെടുകയായിരുന്നു! ദേമാസിന്‍റെ ഈ മടക്കം ലോകത്തിന്‍റെ സ്വാധീനത്താലാണെന്ന് തിരിച്ചറിയാന്‍ പൗലോസിന് കഴിഞ്ഞു. പൗലോസിനുള്ള ഈ തിരിച്ചറിവാണ് ആത്മീയ നേതൃത്വത്തിന് വേണ്ടത്.

പത്രോസിനെപ്പോലെ ദൈവജനത്തിനു നേതൃത്വം നല്‍കുന്ന വേളയില്‍ തലകീഴായ് ക്രൂശിക്കപ്പെടുവാനും തയാറാകുന്നവരെയാണ് ആത്മീയനേതൃത്വം എന്നു വിളിക്കേണ്ടത്. ലോകമോഹികളാണ് സഭാ നേതൃത്വത്തിലേക്ക് വരുന്നതെങ്കില്‍ ഏതു സഭയും നശിക്കും. വെളിപ്പാടിലെ ഏഴു സഭകള്‍ക്കുമുള്ള ദൂതുകള്‍ വിശ്വാസികളുടെ മേല്‍ സമര്‍പ്പിക്കുന്ന പ്രസംഗകരുണ്ട്. എന്നാല്‍, അതെല്ലാം സഭാ നേതൃത്വത്തോടായിരുന്നു എന്നതാണ് വസ്തുത. ആധുനിക സഭാനേതൃത്വങ്ങള്‍ക്ക് ഇതെല്ലാം കേള്‍വിക്കാര്‍ക്ക് മാത്രം ബാധകമാകുന്ന പ്രസംഗവിഷയങ്ങളാണ്. സഭാനേതൃത്വം നിഷ്ക്രിയരായിരിക്കുന്ന ആത്മീയ പ്രതിസന്ധിക്കു നടുവിലും ഉടുപ്പു മലിനമാകാതെ സൂക്ഷിക്കുന്ന ന്യൂനപക്ഷത്തെ കര്‍ത്താവ് തിരിച്ചറിയുന്നു എന്നതാണ് എഴുതപ്പെട്ട ദൈവവചനസത്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നത്.

എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു കൂട്ടര്‍ അപ്പൊസ്തൊലനായ യോഹന്നാന്‍ ശുശ്രൂഷിച്ച സഭയില്‍ പോലും എഴുന്നേറ്റത് 1 യോഹന്നാന്‍ 2:18,19 വാക്യങ്ങളില്‍ വായിക്കുന്നു. “അവര്‍ നമുക്കുള്ളവരല്ല, നമുക്കുള്ളവരെങ്കില്‍ നമ്മുടെ കൂടെ പാര്‍ക്കുമായിരുന്നു”. അവര്‍ യോഹന്നാന്‍റെ ഉപദേശത്തിന് വിരുദ്ധമായി നിലകൊണ്ട് സഭയ്ക്ക് വെളിയിലേക്ക് പോയി. “ദുരുപദേഷ്ടാക്കന്മാര്‍ സഭയുടെ നടുവില്‍നിന്നായിരിക്കും എഴുന്നേല്‍ക്കുക” എന്നാണ് അപ്പൊസ്തൊലനായ പത്രോസും പറയുന്നത് (2 പത്രോസ് 2:1).
ഇതാണ് ദുരുപദേശത്തിന്‍റെ നിഗൂഢതയും പ്രത്യേകതയും.

യേശുകര്‍ത്താവിന്‍റെ വിശ്വസ്ത ശിഷ്യന്മാരും ദൈവസഭയെ വചനത്തില്‍ ഉറപ്പിക്കുവാനായി ദൈവാത്മാവ് ആക്കിവച്ചവരുമായ പത്രോസിനെയോ പൗലോസിനെയോ യോഹന്നാനെയോ പോലും അംഗീകരിക്കാതെ എതിര്‍ക്രിസ്തുവിന്‍റെ ഉപദേശവുമായി സഭയ്ക്ക് ഉള്ളില്‍നിന്ന് അവര്‍ പുറത്തുപോകുന്നു. അവിടെനിന്ന് അവര്‍ അവര്‍ സഭയ്ക്കെതിരേ പ്രവര്‍ത്തിക്കുന്നു.

ലോകം പുറമെനിന്ന് ആക്രമിക്കുകയും ദുരുപദേശം സഭയ്ക്ക് ഉളളില്‍നിന്ന് രൂപപ്പെടുകയും ചെയ്യുമ്പോള്‍ സ്ഥിതി ഏറെ ഗുരുതരമാണ്. അകത്തുനിന്നും പുറത്തുനിന്നും ആക്രമണമുണ്ടായാല്‍ ആരും സുരക്ഷതിരല്ല. അതിനാല്‍ ശരിയായ ക്രിസ്തുമാര്‍ഗ്ഗം ഏതെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ക്രിസ്തുവിശ്വാസിയുടെയും ഭാരിച്ച ഉത്തരവാദിത്വമാണ്. ദൈവവചനത്തിലുള്ള സ്ഥിരപരിചയവും ദൈവവചനത്തിലെ സത്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനുള്ള ആത്മബലവുമാണ് ദുരുപദേശങ്ങളെ ചെറുക്കുവാനുള്ള ആയുധങ്ങള്‍.

ക്രൈസ്തവസഭയുടെ ആരംഭകാലത്തു തന്നെ എതിര്‍ക്രിസ്തുവിന്‍റെ ആത്മാവു ബാധിച്ചവരും കൊടിയ ചെന്നായ്ക്കളും സഭയെ കീഴ്പ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. ഇത്തരം ഒരു ശ്രമത്തെക്കുറിച്ച് ഡോ. സേവ്യര്‍ കൂടപ്പുഴ “തിരുസ്സഭാ ചരിത്ര”ത്തില്‍ എഴുതിയ ഒരു ഭാഗം നോക്കുക:

“ആരിയസ് എന്നൊരു വൈദികന്‍ ഉന്നയിച്ച സിദ്ധാന്തമാണ് ആര്യനിസം. പുത്രന്‍റെ ദൈവികസ്വഭാവവും ദൈവിക വിശേഷണങ്ങളും വിശിഷ്യ നിത്യതയും ആരിയസ് നിഷേധിച്ചു. പുത്രന്‍ ദൈവവചനമാണ്. വചനം ദൈവത്തിന്‍റെ പ്രഥമ സൃഷ്ടിയും മറ്റെല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവുമാകുന്നു. പുത്രന് ദൈവസത്തയില്ല. തന്മൂലം പുത്രന്‍ ദൈവവുമല്ല. ദൈവം സൃഷ്ടിക്കപ്പെടാത്തവനും നിത്യനുമാണ്. തന്മൂലം ദൈവത്തില്‍നിന്നു ജനിച്ചുവെന്ന് സുവിശേഷങ്ങളില്‍ പറയുന്ന വചനം സത്യദൈവമാകുവാന്‍ വഴിയില്ല. വചനത്തിന് ദൈവത്തിന്‍റെയും ദൈവപുത്രന്‍റെയും സ്ഥാനം ലഭിക്കുന്നത് പ്രസാദവരത്തിലുള്ള ഭാഗഭാഗിത്വം വഴിയും ദത്തുപുത്രസ്ഥാനം വഴിയുമാണ്. ക്രിസ്തു ശ്രേഷ്ഠ സൃഷ്ടിയാകുന്നു. ഇതര സൃഷ്ടികള്‍ക്കെല്ലാം അതീതനും. എങ്കിലും അടിവുന്ന് നിത്യനല്ല. അവിടുത്തേക്ക് ആരംഭമുണ്ട്. പുത്രനില്ലാതിരുന്ന സമയമുണ്ടായിരുന്നു. ചുരുങ്ങിയപക്ഷം പിതാവില്‍നിന്നു വിഭിന്നമായ, വ്യക്തിയല്ലാതിരുന്ന സമയം. ദൈവമല്ലാത്ത ക്രിസ്തുവിന്‍റെ ദൈവജ്ഞാനം സമ്പൂര്‍ണ്ണമല്ല. വാസ്തവത്തില്‍ പുത്രന്‍ പാപമൊന്നും ചെയ്തിരുന്നില്ലെങ്കിലും പ്രകൃത്യാ അദ്ദേഹം പാപവിധേയനായിരുന്നു. തന്‍റെ സിദ്ധാന്തം തെളിയിക്കാനായി ആരിയസ് പല ന്യായങ്ങളും കൊണ്ടുവന്നു. “കര്‍ത്താവ് എന്നെ സൃഷ്ടിച്ചു ” (സുഭാഷിതങ്ങള്‍ 8:22), ”പിതാവ് എന്നേക്കാള്‍ വലിയനാകുന്നു” (യോഹ 14:28). ആദിയായ വേദവാക്യങ്ങള്‍ ആരിയസ് ഉദ്ധരിക്കുന്നു. പരിശുദ്ധാത്മാവ് പിതാവിനും പുത്രനും വിധേയനായി പ്രവര്‍ത്തിക്കുന്നു. ആത്മാവിന്‍റെ സ്ഥാനം പിതാവിന്‍റെയും പുത്രന്‍റെയും സ്ഥാനത്തേക്കാള്‍ താഴ്ന്നതാണ് “

“ആരിയസ് കുറേനാള്‍ അലക്സാണ്ട്രിയയില്‍ തന്‍റെ പ്രബോധനം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അവിടുത്തെ മെത്രാനായിരുന്ന അലക്സാണ്ടര്‍ ആരിയസിനെ എതിര്‍ത്തപ്പോള്‍ അദ്ദേഹം പലസ്തീനായിലെ കേസറിയ, ലീഡിയ, ടയര്‍, നിക്കോമേഡിയ എന്നിവടിങ്ങളിലെ മെത്രാന്മാരുടെ അടുക്കല്‍ അഭയം പ്രാപിച്ചു. അദ്ദേഹത്തിന്‍റെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകന്‍ കേസറിയായിലെ എവുസേബിയൂസും നിക്കോമേഡിയായിലെ എവുസേബിയൂസുമായിരുന്നു. അവര്‍ രണ്ട് കൗണ്‍സിലുകള്‍ വിളിച്ചുകൂട്ടി ആരിയസ് തെറ്റുകാരനല്ലെന് പ്രഖ്യാപിച്ചു. തന്‍റെ അഭിപ്രായങ്ങള്‍ സമാഹരിച്ചുകൊണ്ട് “താലിയ” എന്ന പേരില്‍ ആരിയസ് ഒരു കൃതി ആയിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. മെത്രാന്മാരില്‍ പലരും അദ്ദേഹത്തെ അനുകൂലിച്ചു. ആരിയസ് അലക്സാണ്ട്രിയയിലേക്ക് മടങ്ങി. ക്രൈസ്തവസമൂഹം രണ്ടായി പിളര്‍ന്നു”

“കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി രാജ്യത്തിന്‍റെ ആന്തരികസുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ വേണ്ടി തന്‍റെ സ്നേഹിതനായിരുന്ന ഹോസിയസ് എന്ന മെത്രാനേ മധ്യവര്‍ത്തിയായി നിയമിച്ചുകൊണ്ട് വാദപ്രതിവാദങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ശ്രമിച്ചു. അത് നിഷ്ഫലമാണെന്ന് കണ്ടപ്പോള്‍ ഒരു സാര്‍വ്വത്രിക സൂന്നഹദോസ് വിളിച്ചുകൂട്ടുവാന്‍ ചക്രവര്‍ത്തി തീരുമനിച്ചു. പില്‍ക്കാലത്ത് സഭാചരിത്രത്തില്‍ വിശ്വാസസത്യങ്ങളുടെ വിശകലനത്തിലും വികാസത്തിലും സര്‍വ്വപ്രാധാന്യമര്‍ഹിക്കുന്ന സാര്‍വ്വത്രിക കൗണ്‍സിലുകളുടെ ആരംഭം കുറിച്ച നിഖ്യാ സുന്നഹദോസിലേക്കു വഴിതുറന്ന സംഭവം ഇതാണ് ” (തിരുസ്സഭാ ചരിത്രം, ഡോ സേവ്യര്‍ കൂടപ്പുഴ, പേജ് 337-339. (Philip Schaff, History of Christian Church, Vol 3, VG De Clercq, Arianism, New Catholic Encyclopedia Vol 1 എന്നീ ഗ്രന്ഥങ്ങളും ഇതെ വിഷയങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.)

ക്രിസ്തുവര്‍ഷം 313ല്‍ ക്രിസ്തുവിശ്വാസികള്‍ക്ക് റോമാസാമ്രാജ്യത്തില്‍ സ്വതന്ത്രമായി തങ്ങളുടെ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് ജീവിക്കാനുള്ള അനുവാദം മഹാനായ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി അനുവദിച്ചു നല്‍കിയതോടെ ആരിയസ് വാദവും അതിനെ എതിര്‍ക്കുന്ന അപ്പൊസ്തൊലിക വിശ്വാസ സമൂഹവും തമ്മില്‍ ശക്തമായ വിവാദങ്ങള്‍ ഉണ്ടായി. തല്‍ഫലമായി റോമാസാമ്രാജ്യത്തില്‍ പലപ്പോഴും സാമൂഹിക ജീവിതം ദുസ്സഹയമായി. ചക്രവര്‍ത്തിക്കു താല്‍പര്യമുണ്ടായിരുന്ന ക്രൈസ്തവസമൂഹത്തില്‍ ഉയര്‍ന്ന വിഭാഗീയത അദ്ദേഹത്തെയും അസ്വസ്ഥനാക്കി. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്‍കൈയെടുത്ത് അന്നുണ്ടായിരുന്ന ആയിരത്തി എണ്ണൂറോളം സഭാ നേതാക്കളെ (ബിഷപ്പുമാര്‍) ക്ഷണിച്ച് സംയുക്ത സൂന്നഹദോസ് വിളിച്ചുകൂട്ടിയത്.

റോമാ സാമ്രാജ്യത്തിന്‍റെ കിഴക്കന്‍ പ്രവശ്യയായ ബൈസന്‍റൈന്‍ പ്രദേശങ്ങളില്‍നിന്ന് 314 ബിഷപ്പുമാരും പടിഞ്ഞാറന്‍ പ്രവശ്യയായ റോമില്‍നിന്ന് മാര്‍പാപ്പായുടെ പ്രതിനിധികളായി നാലുപേരും എത്തിച്ചേര്‍ന്നു (ഈ സംഖ്യ കൃത്യമല്ല). മൂന്നു മാസം നീണ്ടുനിന്ന നിഖ്യാ സൂന്നഹദോസില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ആഗോളക്രൈസ്തവ സഭയുടെ പൈതൃക വിശ്വാസമായി “യേശു എന്ന പുത്രന്‍ പിതാവിനോട് ഏക സാരാംശം (ഹോമോ ഊസിയോസ്) ഉള്ളവനാണ്” എന്ന് സൂന്നഹദോസ് പ്രഖ്യാപിച്ചു.

വാസ്തവത്തില്‍ ജെറുസലേം സഭ സ്നാനസമയത്ത് ഉപയോഗിച്ചിരുന്ന വിശ്വാസപ്രമാണത്തെ അധികരിച്ചുള്ള ചര്‍ച്ചയായിരുന്നു നിഖ്യയില്‍ നടന്നത്. ഇത് വിശ്വാസപ്രമാണ രൂപീകരണത്തിന്‍റെ ആദ്യപടി മാത്രമായിരുന്നു. വീണ്ടും എഡി 381ല്‍ ചേര്‍ന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കൗണ്‍സിലാണ് ഇന്നു കാണുന്ന വിശ്വാസപ്രമാണം കൂടുതല്‍ പൂര്‍ണ്ണതയുള്ളതാക്കിയത്. എന്നാല്‍, ആരിയസ് വാദത്തിന് ഗുരുതരമായ പ്രഹരമേല്‍പ്പിച്ച് യേശുക്രിസ്തു പിതാവിനോട് ഏകാസാരാംശമുളളവനാണ് (ഹോമോ ഊസിയോസ്) എന്ന പ്രഖ്യാപനമണ് നിഖ്യാ കൗണ്‍സിലിനെ ആഗോള ക്രൈസ്തവസഭാ ചരിത്രത്തില്‍ ശ്രദ്ധേയമാക്കിയത്.
(തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments