ത്രിത്വവിശ്വാസം- ഭാഗം 6
“ദൈവത്തെ ആരോടു നിങ്ങള്‍ തുലനം ചെയ്യും? അവിടുത്തോടു സാദൃശ്യമുള്ള രൂപമേത്?” (ഏശയ്യ 40:18)
ദൈവാസ്തിത്വ സങ്കീർണതകളെ, വെളിപ്പെട്ട ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ നിര്‍വ്വചിക്കാന്‍ സഭ എന്നും ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം, ഈ നിർവ്വചനങ്ങൾ ത്രിയേകത്വ വിശ്വാസത്തിലാണ് എത്തിച്ചേർന്നത് എന്നാണ് ചരിത്രം. ത്രിത്വ വിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ ”നിർവ്വചിക്കാൻ എളുപ്പവും വിശ്വസിക്കാന്‍ പ്രയാസവും” എന്നണ് പൊതുവെ സംസാരം. വാസ്തവത്തിൽ മനുഷ്യ മസ്തിഷ്കത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത നിലയിൽ ദൈവത്തിലുള്ള ഈ സങ്കീർണ്ണതയും ആശയക്കുഴപ്പവും തന്നെയാണ് ‘ത്രീത്വവിശ്വാസം’ പൂർണ്ണമായും ശരിയാണ് എന്നതിനുള്ള തെളിവും. മനുഷ്യന് പൂർണമായും മനസിലാക്കാൻ കഴിയുന്ന ദൈവം ദൈവമല്ല! ഈ യഥാർത്ഥ്യത്തെ അംഗീകരിക്കാതെ സ്വന്തം നിലയിൽ ദൈവത്തെ സൃഷ്ടിച്ച് പല കൾട്ട് ഗ്രൂപ്പുകളും തൃപ്തിയടയുന്നു.
യേശുക്രിസ്തുവിന്‍റെ ദൈവത്വം, മനുഷ്യത്വം, ത്രീയേകത്വം തുടങ്ങി വിശദീകരിക്കാനും ബോധ്യപ്പെടുവാനും ബോധ്യപ്പെടുത്താനും പ്രയാസം നേരിടുന്ന എല്ലാ ബൈബിള്‍ പ്രസ്താവനകളെയും “വിശ്വാസസത്യം” എന്നു വിളിക്കുന്നു. ഉദാഹരണത്തിന്, “അടുത്തുകൂടാത്ത പ്രകാശത്തില്‍ വസിക്കുന്ന ദൈവം” (1 തിമോത്തി 6:16) ഓരോ വിശ്വാസിയിലും വസിക്കുന്നു എന്നതാണ് ബൈബിള്‍ അധിഷ്ഠിതമായ വിശ്വാസം. (എഫേ 3:17, കൊളോ 1:27,) “അടുത്തു കൂടാത്ത പ്രകാശത്തില്‍ വസിക്കുന്നവന്‍” ഉള്ളില്‍ വസിച്ചിട്ടും ആരിലും പ്രകൃത്യാതീമായ പ്രകാശം കാണുന്നില്ല. ഇത് എങ്ങനെ വിശദമാക്കും? ദൈവം നമ്മുടെ ഉള്ളില്‍ വസിക്കുന്നു എന്നത് നാം വിശ്വസിക്കുന്നു. ഇതൊരു വിശ്വാസസത്യമാണ്. ഇപ്രകാരം വിശ്വാസിക്കേണ്ട നിരവധി സത്യങ്ങളുടെ സംയുക്തമാണ് ക്രിസ്തീയ വിശ്വാസം. “വിശ്വാസം എന്നതു… കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രായര്‍ 11:1). കാണപ്പെടാത്തവ ഉണ്ട്, അതു വിശ്വസിക്കേണ്ടതാണ് എന്ന് ദൈവവചനം ആവശ്യപ്പെടുന്നതിനാല്‍ അതില്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു.
വിശ്വാസസത്യങ്ങളില്‍ നിലനില്‍ക്കുക എന്നതാണ് പ്രധാനം. വസ്തുതകളെ തെളിയിച്ചെടുത്ത്, തെളിവിന്‍റെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളുന്നതല്ല വിശ്വാസത്തിന് ആധാരം. വിശ്വസിക്കേണ്ടതായ എല്ലാ വെളിപ്പെട്ട സത്യങ്ങളും നിങ്ങൾ വിശ്വസിച്ച് അതിൽ “നിലനിൽക്കുന്നുവോ എന്ന് പരിശോധിച്ചറിയുവിൻ” ( 2 കൊരി 13:5) എന്നാണ് വചനം ആവര്യപ്പെടുന്നത്.
ദൈവം ത്രീയേകത്വത്തില്‍ സ്ഥിതനായിരിക്കുന്നു എന്നത് തെളിയിക്കുവാനുള്ള ശ്രമമായിരുന്നില്ല നിഖ്യയിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലും നടന്നത്. ദൈവവചന പണ്‍ഡിതന്മാരായ സഭാപിതാക്കന്മാര്‍ ദിവസങ്ങളോളം വിശദമായ ചര്‍ച്ചകളും സംവാദങ്ങളും നടത്തി, അതിനൊടുവില്‍ “ത്രിത്വം” വിശ്വസിക്കേണ്ട ഒരു സത്യമാണ് എന്ന നിഗമത്തിലെത്തുകയായിരുന്നു. ഒരു ക്രിസ്തുവിശ്വാസി, യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയിലേക്ക് വളരുമ്പോള്‍ അതിന്‍റെ അടിസ്ഥാനം ത്രീയേകത്വ വിശ്വാസമാണെന്നുള്ള പ്രഖ്യാപനമായിരുന്നു നിഖ്യാ -കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസില്‍ രൂപപ്പെട്ടത്. ആ വിശ്വാസപ്രഖ്യാപനം ഇപ്രകാരമായിരുന്നു.
“പിതാവായ സര്‍വ്വശക്തനായ; ആകാശത്തിന്‍റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ; സകലത്തിന്‍റെയും സൃഷ്ടാവുമായ സത്യ ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.
ദൈവത്തിന്‍റെ ഏകപുത്രനും സര്‍വ്വലോകങ്ങള്‍ക്കും മുമ്പ് പിതാവില്‍നിന്നു ജനിച്ചവനും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും ജനിച്ചവനും സൃഷ്ടിയല്ലാത്തവനും; തത്വത്തില്‍ പിതാവിനോട് ഏകത്വം ഉള്ളവനും സകലസൃഷ്ടിക്കും മുഖാന്തരമായവനും; മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി; സ്വര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങി; വിശുദ്ധ റൂഹായാല്‍ വിശുദ്ധ കന്യകമറിയാമില്‍നിന്നും ജഡമെടുത്ത് മനുഷ്യനായി; പൊന്തിയൂസ് പീലാത്തോസിന്‍റെ നാളുകളില്‍; ഞങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടു; തിരുഹിതപ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്; സ്വര്‍ഗ്ഗത്തിലേക്ക് കരേറി, തന്‍റെ പിതാവിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നവനും അവസാനമില്ലാത്ത രാജത്വമുള്ളവനും; ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍; തന്‍റെ മഹാപ്രഭാവത്തോടെ വരുവാനിരിക്കുന്നവനുമായ; യേശുമശിഹാ ആയ ഏക കര്‍ത്താവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.
സകലത്തെയും ജീവിപ്പിക്കുന്ന കര്‍ത്താവും പിതാവില്‍നിന്ന് പുറപ്പെട്ട്; പിതാവിനോടും പുത്രനോടുംകൂടെ വന്ദിക്കപ്പെട്ട് സ്തുതിക്കപ്പെടുന്നവനും; നബിയന്മാരും ശ്ലീഹന്മാരും മുഖാന്തരം സംസാരിച്ചവനുമായ; ജീവനും വിശുദ്ധിയുമുള്ള ഏക റൂഹായിലും കാതോലികവും ശ്ലൈഹികവുമായ ഏക വിശുദ്ധ സഭയിലും ഞങ്ങള്‍ വിശ്വസിക്കുന്നു”
AD 325 ൽ നിഖ്യായിലും 381 ൽ കോണ്‍സ്റ്റാന്‍റീനോപ്പിള്ളിലുമായി രൂപപ്പെട്ട വിശ്വാസപ്രമാണത്തിൻ്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍, ത്രീത്വവിശ്വാസം എന്നത് ഏഴ് പ്രധാന സത്യങ്ങളില്‍ നിലനില്‍ക്കുന്നു :
“1 ദൈവം ഏകനാണ്, ദൈവത്തില്‍ പിതാവ് പുത്രന്‍ ആത്മാവ് എന്നിങ്ങനെ മൂന്നു ആത്മരൂപികളായ വ്യക്തികള്‍ ഉണ്ട്. 2 പിതാവ് ദൈവം 3 പുത്രന്‍ ദൈവം 4 പരിശുദ്ധാത്മാവ് ദൈവം. 5 പിതാവ്, പുത്രനോ പരിശുദ്ധാത്മാവോ അല്ല. 6 പുത്രന്‍, പിതാവോ പരിശുദ്ധാത്മാവോ അല്ല. 7 പരിശുദ്ധാത്മാവ്, പിതാവോ പുത്രനോ അല്ല”.
ദൈവം ഏകനായിരിക്കുമ്പോള്‍ തന്നെ ദൈവത്തില്‍ ബഹുത്വവും, ബഹുത്വമെന്നത് വ്യതിരക്ത വ്യക്തിത്വങ്ങളാണെന്നും, വ്യതിരക്ത വ്യക്തിത്വത്തില്‍ ആയിരിക്കുമ്പോള്‍തന്നെ അവര്‍ ഏകത്വത്തിലാണെന്നുമാണ് ഈ ഏഴ് വിവിധ വിശ്വാസസത്യങ്ങള്‍ വ്യക്തമാക്കുന്നത്.
ത്രിത്വം എന്ന വിശ്വാസസത്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഏറെ ചര്‍ച്ചകളും തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിലെ പ്രസ്താവനകള്‍ കഴിഞ്ഞ 16 നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസത്തെ പല നിലയില്‍ സ്വാധീനിച്ചു. ക്രൈസ്തവ വിശ്വാസത്തിലെ എല്ലാ അനുബന്ധ ദൈവശാസ്ത്ര ചിന്താസരണികളും ഉറവെടുത്തത് ഈ വിശ്വാസബോധ്യങ്ങളില്‍ നിന്നും ആയിരുന്നു. ത്രീയേക വിശ്വാസമെന്ന ഉറപ്പുള്ള പാറയില്‍ ക്രൈസ്തവ ദൈവശാസാത്രത്തെ കൂടുതല്‍ മികവാര്‍ന്ന ബോധ്യങ്ങളിലേക്ക് നയിച്ച പ്രൊട്ടസ്റ്റന്‍റ് ദൈവശാസ്ത്രജ്ഞന്മാരും പ്രൊട്ടസ്റ്റന്‍റ് സഭകളുടെ പ്രാരംഭപ്രവര്‍ത്തകരും നിഖ്യാ വിശ്വാസപ്രമാണത്തെ തങ്ങളുടെ സഭയുടെ വിശ്വാസപ്രമാണമായി സ്വീകരിച്ചിരുന്നില്ല എങ്കിലും ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയില്ല. നവീകരണകാലം മുതല്‍ പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ വിവിധ കാലഘട്ടങ്ങളില്‍ ചരിത്രപരമായ വിവിധ വേര്‍പിരിയലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ത്രിത്വവിശ്വാസം ചോദ്യംചെയ്യപ്പെട്ടിരുന്നില്ല. ഈ സഭകളുടെയെല്ലാം ദൈവശാസ്ത്ര വിചിന്തനങ്ങളുടെ വളര്‍ച്ചയും വ്യാപനവും ഉണ്ടായത് ത്രിത്വ വിശ്വാസത്തിന്മേൽ ആയിരുന്നു. ചുരുക്കത്തില്‍, നിഖ്യാ വിശ്വാസപ്രമാണത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചില്ല എങ്കിലും വിശ്വാസപ്രമാണം അടിവരയിട്ട “ത്രിത്വവിശ്വാസം” വചനാധിഷ്ഠിതവും കുറ്റമറ്റതുമായിരുന്നു എന്ന പ്രഖ്യാപനവുമായിരുന്നു പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍നിന്നും ഉയര്‍ന്നത്.
എന്നാല്‍ ഇതിന്‍റെ മറുവശവും ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ വിശ്വാസപ്രമാണത്തിന്‍റെ പേരില്‍ തന്നെ വിവിധ ക്രൈസ്തവ സഭകള്‍ വേര്‍പിരിയുകയും ഇതിലെ ചില പ്രസ്താവനകളെ ഉപജീവിച്ചുകൊണ്ടും സാധാരണ വിശ്വാസികളുടെ അജ്ഞതയെ മുതലെടുത്തുകൊണ്ടും ദുരുപദേശസംഘങ്ങള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്. വണ്‍നെസ്, യഹോവയുടെ സാക്ഷികള്‍, മോര്‍മണ്‍സ് എന്നിങ്ങനെ പ്രധാനപ്പെട്ട ദുരുപദേശകരെല്ലാം നിഖ്യാ വിശ്വാസപ്രമാണത്തിനു മുന്നില്‍ ‘ചുവപ്പുകണ്ട കാളയെപ്പോലെ’ വിറളിപിടിക്കുന്നതും കാണാം.
യഥാര്‍ത്ഥത്തില്‍, ഓരോ കാലഘട്ടത്തിലും ദുരുപദേശങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു സഭാനേതൃത്വങ്ങള്‍, ബൈബിള്‍ അധിഷ്ഠിതമായി സത്യോപദേശങ്ങള്‍ രൂപപ്പെടുത്തിയത്. ദുരുപദേശകര്‍ വാദങ്ങള്‍ ഉയര്‍ത്തുമ്പോഴുള്ള ഖണ്ഡനങ്ങളായി സ്ഥാപിതമായതാണ് ഇന്നു കാണുന്ന സത്യോപദേശങ്ങള്‍ പലതും. വാസ്തവത്തില്‍, ദുരുപദേശകര്‍ സത്യോപദേശ രൂപീകരണത്തിനു കാരണക്കാരായി വര്‍ത്തിക്കുന്നു എന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്!
ആദിമസഭ നേരിട്ട ദുരുപദേശങ്ങളുടെ പ്രതിരോധമായിട്ടായിരുന്നു സത്യോപദേശ പ്രഖ്യാപനം നിഖ്യാ -കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സൂന്നഹദോസില്‍നിന്നും വിശ്വാസപ്രമാണത്തിന്‍റെ രൂപത്തില്‍ രൂപപ്പെട്ടതു പോലും!
കര്‍ത്താവായ യേശുക്രിസ്തുവിനെ ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ 16 നൂറ്റാണ്ടുകള്‍ ലോകചരിത്രത്തില്‍ ദൈവശാസ്ത്രജ്ഞന്മാരും തത്വചിന്തകന്മാരും ഏറെ വടംവലികള്‍ നടത്തിയതും അടുത്തിടപഴകിയതും സഹകരിച്ചു പ്രവര്‍ത്തിച്ചതും ഈ വിശ്വാസപ്രമാണത്തിന്മേലായിരുന്നു. ഇന്നും സുവിശേഷാധിഷ്ഠിത ലക്ഷ്യങ്ങളോടെ മുന്നേറുന്ന ക്രിസ്റ്റ്യാനിറ്റിയെ ദൈവശാസ്ത്ര വിചിന്തനങ്ങളില്‍ ദിനംതോറും ചലിപ്പിച്ചു നിര്‍ത്തുന്നതിനുള്ള നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ പങ്ക് നിസ്തുല്യമാണ്. അതോടൊപ്പം അടിസ്ഥാനപരമായി വിപരീത സ്വഭാവമുള്ള സഭാകൂട്ടായ്മകള്‍ തമ്മില്‍ പോലും ഐക്യത്തോടെ സംഗമിക്കാനുള്ള പൊതുവേദിയും നിഖ്യാ വിശ്വാസപ്രമാണം ആധികാരികമായി പ്രഖ്യാപിക്കുന്ന പരിശുദ്ധത്രീയേകത്വ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്.
നിഖ്യാ വിശ്വാപ്രമാണം ഏതെല്ലാം വിഷയങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു എന്നതും ഇവിടെ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസപ്രമാണം സഭയുടേതല്ല, വിശ്വാസിയുടേതാണ്. ക്രിസ്തുവിശ്വാസിയായ ഓരോ വ്യക്തിക്കും വേണ്ടി സഭ ഉണ്ടാക്കിയതാണ് വിശ്വാസപ്രമാണം. വിശുദ്ധ തിരുവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശ്വാസപ്രമാണം തയാറാക്കിയിരിക്കുന്നത്. അതിനാല്‍ വിശ്വാസപ്രമാണത്തിലെ പ്രസ്താവനയ്ക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും ബൈബിളിനെതിരേ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി കാണേണ്ടിയിരിക്കുന്നു. അത്തരം ചില ചോദ്യങ്ങളും വിമര്‍ശനങ്ങളും നോക്കാം.
പ്രധാനമായും നിഖ്യാ വിശ്വാസപ്രമാണത്തിനെതിരേ മൂന്നു ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഒന്നാമതായി ഉയരുന്ന ആരോപണം “ത്രിത്വത്തെ മൂന്ന് വിവിധ ഖണ്ഡികകളിലായി പ്രഖ്യാപിച്ചുകൊണ്ട് ത്രീത്വം സ്ഥാപിക്കാന്‍ ശ്രമിച്ചു” എന്നതാണ്. പിതാവിനെക്കുറിച്ച് ആദ്യത്തെ ഖണ്ഡികയില്‍ വിശദീകരിച്ച് വിരാമം ഇട്ട ശേഷം പുത്രനെക്കുറിച്ച് ദീര്‍ഘമായി വിശദീകരിക്കുന്നു. ഒടുവില്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് കാര്യമായ വിവരണങ്ങളില്ലാതെ ഒന്നു പരാമര്‍ശിച്ച് കടന്നു പോകുന്നു. ഇതിനാല്‍ നിഖ്യാ വിശ്വാസപ്രമാണത്തില്‍ ത്രിത്വത്തിന്‍റെ ഐക്യം ശക്തമായി അവതരിപ്പിച്ചില്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
രണ്ടാമതായി, യേശുക്രിസ്തുവിനെക്കുറിച്ച് “ജനിച്ചവനും സൃഷ്ടിയല്ലാത്തവനും” (begotten, not made) എന്ന പരാമര്‍ശം നൂറ്റാണ്ടുകളായി ആശയക്കുഴപ്പത്തിന് കാരണമാവുകയും ഈ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തില്‍ സകല ദുരുപദേശങ്ങളും തലയുയര്‍ത്തി എന്ന വാദവുമുണ്ട്.
മൂന്നാമ്മതായി, പരിശുദ്ധാത്മാവിനെക്കുറിച്ച് “പിതാവില്‍നിന്ന് പുറപ്പെട്ട്” എന്ന് പ്രസ്താവനയുടെ (Filioque clause)
അടിസ്ഥാനത്തില്‍ ഉയര്‍ന്നിരിക്കുന്ന വിവിദാം. ഈ മൂന്നു വിവാദങ്ങള്‍ വളരെ ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്രമേല്‍ വിവാദപരമല്ലാത്ത പ്രസ്താവനകളും ഇതിലുണ്ട്. ഉദാഹരണത്തിന് സര്‍വ്വലോകങ്ങള്‍ക്കും മുമ്പ് പിതാവില്‍നിന്നു ജനിച്ചവനും (…begotten of the Father before all world/ all ages) എന്നത്. ഈ പ്രസ്താവനയ്ക്ക് ബൈബിള്‍ വാക്യം ലഭ്യമല്ല എന്നതും ഈ ലഘു വിവാവദത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. (1 പത്രോസ് 1:20ല്‍ “അവന്‍ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവന്‍” എന്നുണ്ടെങ്കിലും സര്‍വ്വലോകങ്ങള്‍ക്കും മുമ്പ് പിതാവില്‍നിന്ന് ജനിച്ചവന്‍ എന്ന പരാമര്‍ശം ഇല്ല!
നിഖ്യാ വിശ്വാസപ്രമാണത്തിന് എതിരായി ഉയര്‍ന്നിരിക്കുന്ന എല്ലാ പ്രസ്താവനകളെയും തുടര്‍ന്നുള്ള ലേഖനത്തില്‍ പരിശോധിക്കാം