പ്രിയ സുഹൃത്തേ,
കേരളത്തിന്‍റെ സമകാലീന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). പ്രസ്തുത പാര്‍ട്ടിയുടെ നയങ്ങളിലും പരിപാടികളിലും ചില തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിക്കാനാണ് ഈ കത്ത് എഴുതുന്നത്. ഇത് താങ്കളുടെ പാര്‍ട്ടി സാധാരണക്കാരനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനോ പാര്‍ട്ടി നേതൃത്വത്തിനെ വിലയിടിച്ചു കാണിക്കാനോ വേണ്ടിയുള്ളതല്ല. പ്രത്യുത കേരളത്തെ വികസനത്തിലേക്ക് നയിക്കുമെന്ന് പാര്‍ട്ടി ധരിച്ചിരുന്ന ചില കാഴ്ചപ്പാടുകള്‍ തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനാണ്.
ഒന്നാമതായി കമ്മ്യൂണിസ്റ്റ് താത്വിക ആചാര്യന്മാരായിരുന്ന മാര്‍ക്സും എംഗല്‍സും കമ്മ്യൂണിസത്തെ ചില അടിസ്ഥാന തത്വങ്ങളിലാണ് വികസിപ്പിച്ചെടുത്തത്. അതില്‍ പ്രധാനമായത് വൈരുദ്ധ്യാത്മക ഭൗതികവാദം, സ്വകാര്യ സ്വത്തിന്‍റെ നിര്‍മാര്‍ജനം, വര്‍ഗ സമരം, ഉത്പാദന ഉപകരണങ്ങളുടെ പൊതു ഉടമസ്ഥത മുതലായവയാണ്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയം എന്നത് വൈരുദ്ധ്യാത്മക ഭൗതികവാദവും മതനിഷേധവുമാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ മതം തുല്യം വര്‍ഗീയത എന്ന നിലപാടാണ് നാളിതുവരെ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ താങ്കള്‍ തന്നെ ഈ നിലപാടുകള്‍ പ്രായോഗികമല്ല എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സിപിഎം മതത്തിന് എതിരല്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും താങ്കള്‍ പ്രസ്താവിച്ചതുതന്നെ കമ്മ്യൂണിസത്തിന് എതിരാണെന്ന് അറിയുന്നുണ്ടോ? ഇത്തരമൊരു പ്രഖ്യാപനത്തിന്‍റെ ആത്മാര്‍ത്ഥതയെ ഞങ്ങള്‍ സംശയിക്കുന്നു. കാരണം മതവിമര്‍ശനമാണ് യഥാര്‍ത്ഥ സാമൂഹിക വിമര്‍ശനമെന്നും ദൈവത്തില്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപിക്കുന്തോറും മനുഷ്യത്വം ഇല്ലാതാകുമെന്നും മാര്‍ക്സ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല കത്തോലിക്കാ സഭയെ ഇല്ലാതാക്കിയാലാണ് ഫ്യൂഡലിസം ഇല്ലാതാകുക എന്ന് എംഗല്‍സും പ്രഖ്യാപിക്കുന്നു. ഇന്ത്യന്‍ ഫ്യൂഡലിസത്തിന്‍റെ കാരണമായി മതത്തെ ചൂണ്ടിക്കാണിക്കാന്‍ ഇനിയും മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള പാര്‍ട്ടി അംഗങ്ങള്‍ കത്തോലിക്കാ സഭ തുല്യം ഫ്യൂഡലിസം എന്ന് ആവര്‍ത്തിക്കുന്നു കത്തോലിക്കാ സഭയെ ഒഴികെ മറ്റു മതങ്ങളെ വിമര്‍ശിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ അലംഭാവം കാണിക്കുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ ഖുര്‍ആന്‍ ഇറക്കുമതി ചെയ്തത് പുരോഗമന പരവും അന്തരിച്ച ശ്രീ മത്തായി ചാക്കോ എന്ന മുന്‍ നിയമസഭാസമാജികന്‍ അന്ത്യകൂദാശ സ്വീകരിച്ചത് അധോഗമനവുമാകുന്ന ഇരട്ടത്താപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കണം. വോട്ടുബാങ്ക് മാത്രം നോക്കി ചില മതവിഭാഗങ്ങളെ സംതൃപ്തിപ്പെടുത്തുന്നത് തെറ്റാണ്.
രണ്ടാമതായി മാര്‍ക്സും എംഗല്‍സും ഉന്നയിച്ചത് അവര്‍ ജീവിച്ച കാലഘട്ടത്തിലെ ചില പ്രശ്നങ്ങള്‍ മാത്രമാണെന്ന് മനസിലാക്കണം. അവയെ എല്ലാ കാലഘട്ടത്തിലും എല്ലാ സ്ഥലത്തേക്കും പ്രയോഗിക്കേണ്ട സത്യങ്ങള്‍ എന്ന് മനസ്സിലാക്കുന്നത് തെറ്റാണ്. ലോകമെമ്പാടും നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകര്‍ന്നടിഞ്ഞു. എന്തിനേറെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ തകര്‍ച്ച തികച്ചും പ്രത്യയശാസ്ത്രപരമാണ്. പ്രായോഗികമല്ലാത്തത് ശാസ്ത്രീയമല്ല എന്ന എംഗല്‍സിന്‍റെ വാദംതന്നെ മാര്‍ക്സിസം പരാജയമാണ് എന്നതിന് തെളിവാണ്.
ഇത്തരം ഒരു പരാജയമാണ് കേരള സംസ്ഥാനവും നേരിടുന്നത്. വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചയ്ക്ക് പാര്‍ട്ടി തന്നെയാണ് പ്രധാന ഉത്തരവാദികള്‍. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ സംവിധാനവും ഉന്നത വിദ്യാഭ്യാസ സംവിധാനവും പാര്‍ട്ടിക്ക് അനുകൂലമായ അണികളെ സൃഷ്ടിക്കുക എന്നതിനപ്പുറം ക്രിയാത്മകമായ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെയാണ് ഭാവി ശോഭനമാക്കാന്‍ എന്നു കരുതുന്ന വിദ്യാര്‍ഥികള്‍ കേരളം ഉപേക്ഷിച്ചു പോകുന്നത്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ട്രാക്ടറും ടില്ലറും കമ്പ്യൂട്ടറും മറ്റു സാങ്കേതികവിദ്യകളും രൂപം കൊള്ളുന്നതിനെ നിങ്ങള്‍ എതിര്‍ത്തു. സ്വകാര്യ യൂണിവേഴ്സിറ്റികളും സ്വാശ്രയ കോളേജുകളും എതിര്‍ക്കുകയും തടയുകയും ചെയ്തു. ഇവയെല്ലാം ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്.
ഏറെ കൊട്ടിഘോഷിക്കുന്ന കേരള മോഡലിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. ഇവിടെയുള്ള ക്രൈസ്തവരുടെ പാത പിന്തുടര്‍ന്നുകൊണ്ട് വ്യത്യസ്ത സമുദായ സംഘടനകള്‍ കോടാനുകോടി രൂപയുടെ സ്വകാര്യ മൂലധനം പ്രാഥമിക ഉന്നത വിദ്യാഭ്യാസത്തിന് നിക്ഷേപിച്ചതാണ് കേരളത്തില്‍ വിദ്യാഭ്യാസ നിലവാരം ഉയരാന്‍ കാരണം. മാത്രമല്ല, കത്തോലിക്ക സമുദായം ആതുര ശുശ്രൂഷാരംഗത്ത് നടത്തിയ മുതല്‍മുടക്ക് കേരളത്തിന്‍റെ ആരോഗ്യനിലവാരത്തിന്‍റെ അടിത്തറയാണ്. നേഴ്സിങ് എന്ന മേഖല ക്രൈസ്തവ സംഭാവനയാണെന്ന കാര്യം ഓര്‍ക്കുന്നതും നന്ന്. ഇനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാണ് ഇതിന്‍റെ പിതൃത്വം എങ്കില്‍ അവര്‍ ഭരിച്ച മറ്റു സംസ്ഥാനങ്ങളിലും മറ്റു ലോകരാജ്യങ്ങളിലും എന്തുകൊണ്ട് ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് വ്യാഖ്യാനിക്കാന്‍ കഴിയണം. അതുകൊണ്ട് ചരിത്രം നല്‍കുന്ന പാഠം ഉള്‍ക്കൊണ്ട് മാര്‍ക്സും എംഗല്‍സും മുന്നോട്ടുവച്ച പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വിപ്ലവബോധം.
മൂന്നാമതായി, മുതലാളി തൊഴിലാളി എന്നീ വര്‍ഗങ്ങളുടെ സംഘട്ടനമാണ് മനുഷ്യ പുരോഗതിയുടെ ചാലകശക്തി എന്ന മാനിഫെസ്റ്റോയുടെ കണ്ടെത്തല്‍ തെറ്റാണ്. ഞങ്ങളുടെ മുന്‍ മാര്‍പാപ്പയായ വിശുദ്ധ ലിയോ പതിമൂന്നാമന്‍ തന്‍റെ ‘റേരും നൊവാരും’ (1891) എന്ന അപ്പസ്തോലിക ഗ്രന്ഥത്തില്‍ തൊഴിലാളി മുതലാളി ഐക്യമാണ് പുരോഗതിയുടെ സ്രോതസ്സ് എന്ന് ചൂണ്ടിക്കാണിക്കുന്നു. വര്‍ഗസമരം കേരളത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ചതുകൊണ്ട് ഇവിടത്തെ വ്യവസായവും കൃഷിയും നശിച്ചുവെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. ഇന്ന് സര്‍ക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഉല്‍പാദന മേഖലയുടെ തകര്‍ച്ചയാണ്. കഴിഞ്ഞ തലമുറയിലെ വിദ്യാസമ്പന്നരും സംസ്കാരിക ബോധമുള്ളവരും അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അധ്വാനിച്ച് സമ്പാദിച്ച പണമായിരുന്നു കേരള ജനതയുടെ വരുമാന സ്രോതസ്. അതില്ലായിരുന്നെങ്കില്‍ കേരളം ബീഹാറിനേക്കാള്‍ പിന്നില്‍ പോകുമായിരുന്നു. പ്രവാസികള്‍ നല്‍കുന്ന വിദേശ വരുമാനമാണ് നമ്മുടെ സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തിന്‍റെ വലിയ സ്രോതസ്സായി നിലകൊള്ളുന്നത്. എന്തുകൊണ്ട് കര്‍ണാടകത്തിലും തമിഴ്നാട്ടിലും സാമ്പത്തിക പ്രതിസന്ധി ഇല്ലാതായി? അവരുടെ കാര്‍ഷിക വ്യവസായ അടിത്തറയാണ് അതിനു കാരണം. അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് വര്‍ഗസമര സിദ്ധാന്തം ഉപേക്ഷിച്ച് വര്‍ഗഐക്യ സിദ്ധാന്തം സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബഹുജന പ്രക്ഷോഭം നടത്തിയാല്‍ വിലക്കയറ്റം തടയാന്‍ കഴിയില്ല. ഒന്നുകില്‍ ഉപഭോഗം കുറയണം അല്ലെങ്കില്‍ ഉല്‍പാദനം കൂടണം. ഉല്‍പാദനം കൂടണമെങ്കില്‍ ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കണം. ആധുനിക സാങ്കേതികവിദ്യയ്ക്കും ഉല്‍പാദന വര്‍ദ്ധനവിനും മാത്രമേ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് തിരിച്ചറിയുക. മാറ്റുവിന്‍ നിങ്ങളുടെ ചട്ടങ്ങളെ അല്ലെങ്കില്‍ ചരിത്രം അവയെ മാറ്റും എന്ന് മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. ചരിത്രത്തിന് സ്വയം ഒരു നിയമമുണ്ട്, ആ നിയമം അപകടകരമാണ്
നാലാമതായി മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന മറ്റൊരു വിഡ്ഢിത്തമാണ് സ്വകാര്യ സ്വത്തിന്‍റെ നിര്‍മാര്‍ജനം. വ്യക്തിക്കു സ്വകാര്യസ്വത്ത് പാടില്ലെങ്കിലും പാര്‍ട്ടിക്ക് സ്വകാര്യസ്വത്താകാം! എല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയാല്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിക്കും എന്ന് വൃഥാ സ്വപ്നം കാണുന്നു. ഇത്തരമൊരു ചിന്തയ്ക്ക് യാതൊരു ശാസ്ത്രീയമോ പ്രായോഗികമോ ആയ പിന്തുണയില്ല. ജനാധിപത്യവും സ്വാതന്ത്ര്യവും നിലനിര്‍ത്തണമെങ്കില്‍ സ്വകാര്യ സ്വത്ത് ഒരു മുന്‍ ഉപാധിയാണ്. സ്വകാര്യ സ്വത്ത് ഉണ്ടായതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും താനേ രൂപം കൊള്ളില്ല. എന്നാല്‍ സ്വകാര്യ സ്വത്ത് ഇല്ലാതെ സ്വാതന്ത്ര്യവും ജനാധിപത്യവും രൂപം കൊള്ളില്ല. എല്ലാ സമ്പത്തും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഇച്ഛയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ പ്രജകള്‍ക്ക് കഴിയൂ. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നഷ്ടപ്പെട്ടത്
മാത്രമല്ല കേരളത്തിന്‍റെ പ്രത്യേക അവസ്ഥയില്‍ സ്വകാര്യ മൂലധനം പാടെ അപ്രത്യക്ഷമായിരിക്കുന്നു. വ്യവസായം തുടങ്ങാനുള്ള സാഹചര്യം കേരളത്തിലുണ്ട്. എന്നാല്‍ സംരംഭകരെ ഭയം വേട്ടയാടുന്നു. പ്രതീക്ഷയാണ് സാഹസത്തിന് മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഭയം സാഹസത്തില്‍ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുന്നു. സാഹസികരായ വ്യക്തികള്‍ തങ്ങളുടെ മിച്ചം വ്യവസായ മൂലധനമായി മാറ്റുവാന്‍ കേരളത്തില്‍ ഭയപ്പെടുന്നു. ഈ ഭയം സൃഷ്ടിച്ചത് ആരാണെന്ന് സ്വയം ആത്മശോധന ചെയ്യാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു ഭയം പ്രതീക്ഷയെ ഇല്ലാതാക്കുമ്പോള്‍ മൂലധനം സ്വരൂപിക്കാനുള്ള സാഹസികര്‍ കേരളത്തിന് വെളിയിലേക്ക് ചേക്കേറുന്നു.
അതുകൊണ്ട് സ്വകാര്യ മൂലധന സ്വരൂപണം പാപമാണെന്ന മാര്‍ക്സിസ്റ്റ് വേദപ്രമാണം ചവറ്റുകുട്ടയില്‍ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്വകാര്യ-പൊതുസംരംഭങ്ങളുടെ മത്സരത്തിലൂടെ മാത്രമേ രാഷ്ട്രക്ഷേമം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന ലിയോ മാര്‍പാപ്പയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടെ ആവര്‍ത്തിക്കുന്നു. അതുകൊണ്ട് വര്‍ഗ സമര സിദ്ധാന്തവും സ്വകാര്യ മൂലധനത്തോടുള്ള വെറുപ്പും ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു
സ്നേഹപൂര്‍വ്വം
ഡോക്ടര്‍ കെ.എം. ഫ്രാന്‍സിസ്
അല്‍മായ കമ്മീഷന്‍ സെക്രട്ടറി