ഡോ കെ എം ഫ്രാൻസിസ്
………………………………………
ഭാരതത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വാര്‍ധക്യത്തിലാണ്. ബുദ്ധിയും വിവേകവുമുള്ളവര്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് അധികാരത്തിന്‍റെ അപ്പക്കഷണം ഭുജിക്കുന്നവരാണ്. ലോക ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ട ഈ പാര്‍ട്ടിയുടെ കേരള ഘടകം സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ ലണ്ടന്‍ നഗരം സന്ദര്‍ശിച്ച് പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു. ക്രിസ്തുമതം യൂറോപ്പില്‍ ഇല്ലാതായി, പള്ളികള്‍ വില്‍ക്കപ്പെടുന്നു, സന്യാസിനികള്‍ തൊഴിലാളികളാണ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ “ലണ്ടന്‍ തീസിസ്”.
ലോകത്ത് കൊടുംപീഡനങ്ങള്‍ക്കിടയിലും ക്രിസ്തുമതം വളരുകയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കാണാനായില്ല. ലോകത്ത് കമ്മ്യൂണിസം ക്ഷയിച്ച് ക്ഷയിച്ച് ആര്‍ക്കും വേണ്ടാതായ കാര്യവും ഗോവിന്ദന്‍ മാഷ് അറിഞ്ഞിട്ടില്ല. സഖാക്കള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നതുകൊണ്ട് കേരളത്തില്‍ മാത്രം ഇപ്പോള്‍ കമ്മ്യൂണിസം കണികാണാനുള്ളതിനാലാണ് ഗോവിന്ദന്‍ മാഷ് ലണ്ടനില്‍ പോയത്. കമ്മ്യൂണിസം പിറന്നമണ്ണില്‍ ഇപ്പോള്‍ ആ തത്വസംഹിതയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നതാണ് സ്ഥിതി.
ലണ്ടന്‍ തീസിസില്‍ പൂരിപ്പിക്കാന്‍ ബാക്കിയുള്ള ഒരു വാചകമുണ്ട്. അവിടെയെല്ലാം ഇസ്ലാം അതിവേഗം വളരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഈ തീസിസ് കേരളത്തിലെ ഇസ്ലാം സമൂഹത്തിന്‍റെ വോട്ടു നേടാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണോ?
തങ്ങളുടെ പാര്‍ട്ടി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന് എതിരാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ‘ഷോ’ മാത്രമാണ് ഫാ. യൂജിന്‍ പെരേരക്കെതിരെയുള്ള ഭരണപക്ഷ മന്ത്രിമാരുടെ പ്രകടനം. ക്രൈസ്തവനായി ജനിച്ചു എന്നതിന്‍റെ പേരില്‍ ഭാരതമെമ്പാടും അനുഭവിക്കുന്ന പീഡനങ്ങളുടെ മറ്റൊരു രീതിയാണ് വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കണ്ടത്.
കന്യാസ്ത്രി മഠങ്ങളും
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും
ക്രിസ്തുമതത്തിന്‍റെ വികലമായ ഒരു വ്യാഖ്യാനം മാത്രമാണ് മാര്‍ക്സിയന്‍ കമ്മ്യൂണിസം. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ രണ്ടാം അധ്യായത്തില്‍ സൂചിപ്പിക്കുന്നപോലെ ‘അവര്‍ ആരും തന്നെ തങ്ങളുടെ വസ്തുക്കള്‍ സ്വന്തം എന്ന് കരുതിയില്ല’ എന്ന വചനത്തിന് യഥാര്‍ത്ഥ പതിപ്പ് കുടുംബങ്ങളാണ്. ഒരു വീട്ടില്‍ അധ്വാനിക്കുന്നത് അപ്പനും അമ്മയും ആണ്. അവരുടെ വീട്, അധ്വാനം, വരുമാനം മുഴുവനും പൊതുസ്വത്തായിട്ടാണ് മക്കള്‍ അനുഭവിക്കുന്നത്. വീടിന്‍റെ ഉടമസ്ഥാവകാശം മാതാപിതാക്കളുടേതാണെങ്കിലും അവര്‍ അവരുടെ വസ്തുക്കള്‍ സ്വന്തമാണെന്ന് കരുതാതെ എല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. ഇത്തരമൊരു ജീവിതത്തിന്‍റെ തുടര്‍ച്ചയാണ് സന്യാസ ഭവനങ്ങള്‍.
സ്ത്രീക്ക് പുരുഷനെ കൂടാതെ പൂര്‍ണതയുണ്ടെന്ന് തെളിയിക്കുന്ന ഇടങ്ങളാണ് കന്യാസ്ത്രീ മഠങ്ങള്‍. അവര്‍ സ്വന്തമായി അധ്വാനിക്കുന്നു, വരുമാനം രൂപപ്പെടുത്തുന്നു, മിനിമം ഉപഭോഗം ചെയ്യുന്നു, മിച്ചമുള്ള തുക മുഴുവനും സമൂഹ സേവനത്തിനായി മാറ്റിവയ്ക്കുന്നു. വിദ്യാലയങ്ങള്‍, ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നു. അവരില്‍ വക്കീല്‍മാര്‍ ഉണ്ട്, സാമൂഹികപ്രവര്‍ത്തകരുണ്ട്, കലാലയ അധ്യാപകരുണ്ട്, കവികളുണ്ട്, തത്വചിന്ത സംഭാവന ചെയ്യുന്നവരുണ്ട്, ശാസ്ത്രജ്ഞരുണ്ട്, ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ട്. ഇവരില്‍ പലരും രോഗികളെ ശുശ്രൂഷിക്കുന്നവരാണ്. കുഷ്ഠരോഗികളെ, എയ്ഡ്സ് രോഗികളെ, ആരുമില്ലാത്തവരെ, അനാഥരെ, വിധവകളെ സ്നേഹിക്കുന്നവരാണ്. ഭിന്നശേഷിക്കാരെ, ബുദ്ധി വൈകല്യം ഉള്ളവരെ, സ്വന്തമെന്ന പേരില്‍ സന്തോഷപൂര്‍വ്വം ശുശ്രൂഷിക്കുന്നവരാണ്. ഇതിനൊക്കെ അവര്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത് ക്രിസ്തുനാഥനില്‍ നിന്നാണ്. ഇവര്‍ക്ക് പലര്‍ക്കും വരുമാനമുണ്ട്. എന്നാല്‍ മിച്ചം മുഴുവന്‍ സമൂഹനന്മയ്ക്കായി ഉപയോഗിക്കുന്നു എന്ന കാരണത്താല്‍ ലോകത്തൊരിടത്തും ഇവരുടെ വരുമാനത്തെ നികുതി വരുമാനമായി കണക്കാക്കുന്നില്ല.
കുടുംബജീവിതത്തില്‍ മുടിയനായ പുത്രന്മാരുണ്ട്, മനോബലം കുറഞ്ഞവരുണ്ട്. ഇവരിലും അത്തരക്കാര്‍ കണ്ടേക്കാം. അത്തരം വ്യക്തിത്വങ്ങളെ ചൂണ്ടിക്കാണിച്ച് കന്യാസ്ത്രീ മഠങ്ങളെ അപഹസിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ സംഘടനകളും ശ്രമിക്കുന്നത്. ഇത് ചില മതവിഭാഗങ്ങളെ പ്രീണിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള വഴികളാണെന്ന് ആര്‍ക്കാണറിയാത്തത്.
കന്യാസ്ത്രീ മഠങ്ങളുടെ ഭരണഘടന ആയിരിക്കണം ഒരു രാജ്യത്തിന്‍റെ ഭരണഘടനയെന്ന് കാറല്‍മാര്‍ക്സ് എഴുതിവച്ചതാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ സോഷ്യലിസ്റ്റ് ഭരണക്രമം എന്ന ഭാഗം. പരിശുദ്ധാത്മാവിന്‍റെ സഹായമില്ലാതെ കുടുംബമോ രാഷ്ട്രമോ നിലനില്‍ക്കില്ലെന്ന കാര്യം കാറല്‍ മാര്‍ക്സ് മറന്നുപോയി. ഇതെല്ലാം വായിച്ചു മനസിലാക്കാനുള്ള തത്വശാസ്ത്ര സാക്ഷരതയുള്ള ആരും തന്നെ കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലാതായി!
മാര്‍പാപ്പയുടെ മുഖത്തുനോക്കി താങ്കള്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയാന്‍ ധൈര്യമുള്ള കന്യാസ്ത്രീകള്‍ ജീവിച്ചിരുന്നു. എന്നാല്‍ പിണറായി വിജയനെ പോലുള്ള ഭരണാധികാരിയുടെ മുഖത്തുനോക്കി താങ്കളുടെ ഭരണം പരാജയമാണെന്നു പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് ധൈര്യമുണ്ടോ? വ്യവസായ സംരംഭങ്ങള്‍ തകര്‍ക്കുന്ന സിഐടിയുക്കാരന്‍റെ മുഖത്തുനോക്കി മാനിഷാദ എന്ന് പറയാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് ധൈര്യമുണ്ടോ? വ്യാജ മാര്‍ക്ക് ലിസ്റ്റും പിന്‍വാതില്‍ നിയമനവും വ്യാജ രേഖകളും ഹാജരാക്കി ജോലി തേടുന്ന എസ്.എഫ്.ഐ. പ്രവര്‍ത്തകരോടും പാര്‍ട്ടി നേതാക്കളോടും നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് ശാസിക്കാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ? ലണ്ടനില്‍ അടച്ചുപൂട്ടുന്ന പള്ളികള്‍ ആണോ എന്ന് ഇന്ത്യ നേരിടുന്ന രാഷ്ട്രീയ പ്രശ്നം? ജനസംഖ്യയുടെ കുറവുകൊണ്ട് ചിലസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ ഇത്തരം സംഭവങ്ങള്‍ കണ്ടേക്കാം. അതൊരു ആഗോള പ്രതിഭാസമാണെന്ന് തെറ്റിദ്ധരിക്കുകയാണോ ഗോവിന്ദന്‍ മാഷ്?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെല്ലാം ശരി, പാര്‍ട്ടിക്കെതിരെ പറയുന്നത് തെറ്റ് എന്ന കമ്മ്യൂണിസ്റ്റ് ധാര്‍മിക മാനദണ്ഡമനുസരിച്ച് ഇതെല്ലാം ശരികളാണ്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും വര്‍ഗീയവാദികളുമായി കൂട്ടുചേരാം, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കൈക്കൂലി വാങ്ങാം, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്‍വാതില്‍ നിയമനം നടത്താം, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കോപ്പിയടിക്കാം, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ബന്ധുജന നിയമനം നടത്താം, പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി ചെയ്യാം എന്നീ പ്രയോഗങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നു. നിങ്ങള്‍ ഉപയോഗിക്കുന്ന ഈ മാര്‍ഗത്തിന്‍റെ അടിമകളായി ഈ രാജ്യം മാറുമ്പോള്‍ യുവജനങ്ങള്‍ കേരളം വിട്ട് ഓടിപ്പോകുന്നു.
ആത്മാര്‍ത്ഥതയുള്ള അണികളും അധാര്‍മികരായ നേതൃത്വവും
ലണ്ടന്‍ സന്ദര്‍ശിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ കാറല്‍ മാര്‍ക്സിന്‍റെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മാര്‍ക്സിന്‍റൈ സ്വകാര്യ ബൈബിള്‍ കണ്ടിട്ടുണ്ടോ? അതിലെ ഓരോ വചനവും വായിച്ച് മാര്‍ക്സിന്‍റെ തന്നെ ലിഖിതങ്ങള്‍ ആ ബൈബിളിലുണ്ട്. അദ്ദേഹത്തിന്‍റെ സ്വകാര്യ ബൈബിള്‍ കണ്ടിരുന്നുവെങ്കില്‍ താങ്കളും ഒരു ബൈബിള്‍ വാങ്ങി വായിക്കുമായിരുന്നു. സമൂഹത്തിന് നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോരയും നീരും ഊറ്റിക്കുടിച്ചിട്ടാണ് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് കൊട്ടാരങ്ങള്‍ നിര്‍മ്മിക്കുന്നത്.
നേതാക്കളും മക്കളും ശതകോടീശ്വരന്മാരായി മാറുമ്പോള്‍ കേരള ജനത കിറ്റിനായും പൊതിച്ചോറിനായും വരിനില്‍ക്കുന്നു. കത്തോലിക്കാ സഭയുടെ സാമൂഹിക സേവനങ്ങളെ വിമര്‍ശിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സും ഏംഗല്‍സും എഴുതി. “മുതലാളിമാരുടെ മനസാക്ഷിക്കടി മാറ്റാന്‍ കത്തോലിക്കാസഭ തെളിക്കുന്ന ഹന്നാന്‍ വെള്ളമാണ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍”. കേരളത്തിലെ മുതലാളിമാരുടെ മനസ്സസാക്ഷിക്കടി മാറ്റാനാണോ ഇടതുപക്ഷ സര്‍ക്കാര്‍ കിറ്റ് നല്‍കുന്നത്? അതിനായിട്ടാണോ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ചെയ്യുന്നത്?
കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ് ഇറക്കിയിട്ടുള്ള ഇലക്ഷന്‍ മാനിഫെസ്റ്റോകള്‍ പരിശോധിച്ചാല്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍, 50 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നീ വാചകങ്ങള്‍ കാണാം. ഇത്തരത്തിലുള്ള വാചകമടി നിര്‍ത്തി യാഥാര്‍ത്ഥ്യബോധമുള്ളവരാകുക. കാറല്‍മാര്‍ക്സ് ചെയ്തതുപോലെ ഒരു ബൈബിള്‍ വാങ്ങി സൂക്ഷിക്കുക, എന്നും വായിക്കുക. എല്ലാ പോളിറ്റ്ബ്യൂറോ മെമ്പര്‍മാര്‍ക്കും ബൈബിള്‍ വിതരണം ചെയ്യുക. അപ്പോള്‍ ബുദ്ധിതെളിയും, സമൂഹത്തിന്‍റെ വികാസത്തിനായി പുതുചിന്തകള്‍ ഉരുത്തിരിയും. മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന മന്ത്രിസഖാവിനും ഒരു നാടന്‍ ബൈബിള്‍ നല്‍കുക. അപ്പോള്‍ മനസിലാകും സ്വന്തം കുടുംബത്തേക്കാള്‍, പാര്‍ട്ടിയേക്കാള്‍ എളിയവരില്‍ ഒരുവന് നന്മ ചെയ്യുന്നവരാണ് രാജ്യസ്നേഹികള്‍ എന്ന്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ സംതൃപ്തിപ്പെട്ട് മിച്ചം മുഴുവന്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഉപയോഗിക്കുന്ന സന്യാസ ഭവനങ്ങളഉടെ മാതൃകയില്‍ ജീവിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകട്ടെ. സന്യാസസഭകള്‍ തകരുമ്പോള്‍ കമ്മ്യൂണിസ്റ്റ് ലക്ഷ്യം തകരുന്നുവെന്ന് പാര്‍ട്ടിക്കാരെ നിങ്ങള്‍ തിരിച്ചറിയുക.
(തൃശ്ശൂർ അതിരൂപതയുടെ പ്രസിദ്ധീകരണമായ “കത്തോലിക്കാ സഭ”യിൽ പ്രസിദ്ധീകരിച്ചത് )