ന്യുനപക്ഷ വകുപ്പിൽ നടമാടികൊണ്ടിരുന്ന കൊടിയ വിവേചനം ആയ
80:20 (മുസ്ലിം:മറ്റ് മത ന്യുനപക്ഷങ്ങൾ) എന്ന അനുപാതം ഹൈക്കോടതി റദ്ധാക്കി; എന്താണ് ഇതിന് പിന്നിൽ?
അമൽ സിറിയക്ക് ജോസ്
1992-ൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നു. 2006-ൽ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയവും പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലുടനീളം വിവിധ സംസ്ഥാനങ്ങൾക്കു കീഴിൽ ന്യൂനപക്ഷ ക്ഷേമത്തിനായി വകുപ്പുകളും നിലവിലുണ്ട്. ഇതിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും വർഷാവർഷം തുക വകയിരുത്തുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ വിചിത്രവും പക്ഷപാതപരവും അനീതിപരവുമായ പ്രവണതകളും പ്രവർത്തനങ്ങളുമാണു കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നിലവിൽ നടപ്പിലാക്കുന്നത്.
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന്യൂനപക്ഷ പദവി കൊടുത്തിട്ടുള്ളൂ. ക്രിസ്ത്യൻ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളാണവ. ഈ ആറ് വിഭാഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ന്യൂനപക്ഷ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കും. ഇതിൽ കേരളത്തിൽ പ്രധാനമായും ഉള്ളതു ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളാണ്. ഭരണഘടന പ്രാബല്യത്തിൽ വന്നതു മുതൽ ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങളുണ്ട്. പ്രധാനമായും ഇതു ലക്ഷ്യം വയ്ക്കുന്നതു ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണമാണ്. ഭൂരിപക്ഷ കടന്നുകയറ്റം മൂലം ഈ ചെറുവിഭാഗങ്ങളുടെ മൂല്യങ്ങളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും നശിപ്പിക്കപ്പെടാതിരിക്കാനും അവർ അവരുടെ മൂല്യങ്ങളിൽ ഇവിടെ നിലനിൽക്കാനും അവ വളർത്താനുമുള്ള സാഹചര്യമാണ് അവകാശമായി ലഭ്യമാക്കിയിട്ടുള്ളത്.
80:20
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെല്ലാം പ്രത്യേകിച്ചു ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, യുവജനങ്ങൾക്കായുള്ള പിഎസ്സി, ബാങ്ക്, റെയിൽവേ തുടങ്ങിയവയിലേക്കുള്ള മത്സരപരീക്ഷകൾക്കുള്ള സൗജന്യ കോച്ചിംഗ് സെന്ററുകൾ അനുവദിക്കുന്നതിലും അവിടെ പ്രവേശനം നൽകുന്ന കുട്ടികളുടെ എണ്ണത്തിലും തുടങ്ങി മറ്റു പദ്ധതികൾ എല്ലാം അനുവദിക്കുന്നത് 80:20 എന്ന അനുപാതത്തിലാണ്.
അതായത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി, സിക്ക് തുടങ്ങിയ അഞ്ച് മത വിഭാഗങ്ങൾക്കും ആയിട്ടാണ്. ഇത് കേരളത്തിൽ മാത്രം സ്വീകരിക്കുന്ന അനുപാതമാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേന്ദ്രസർക്കാരിലും ഇത്തരത്തിലുള്ള ഒരു അനുപാതം ഒരു പദ്ധതികളിലും സ്വീകരിച്ചിട്ടില്ല. കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ മാത്രം ആണ് ഈ അനുപാതം സ്വീകരിച്ചിരിക്കുന്നത്.
ക്രിസ്ത്യൻ നാമധാരികളുടെ പേരിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകളായ മദർ തെരേസ സ്കോളർഷിപ്പ്, ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് തുടങ്ങിയവ പോലും 80:20 (മുസ്ലിം: മറ്റ് മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണു നൽകുന്നത്.
80:20 അനുപാതം വന്ന വഴി
2008 നവംബർ ആറിന് മുസ്ലിം പെൺകുട്ടികൾക്കായി സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപ്പെന്റ് ലഭ്യമാക്കുന്ന മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് എന്ന പദ്ധതി കോളജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു ലഭ്യമാക്കാൻ കേരള സർക്കാരിന്റെ പൊതുഭരണ (ന്യൂനപക്ഷ സെൽ) വകുപ്പിൽനിന്ന് ഉത്തരവായി. 2009 മുതൽ കൊടുക്കാൻ തുടങ്ങിയ ഈ സ്കോളർഷിപ്പിൽ മുൻകാല പ്രാബല്യംകൊണ്ടുവരികയും 2008 മുതൽ അർഹരായ കുട്ടികളെ ഉൾപ്പെടുത്തുകയുമുണ്ടായി. 2011 ജനുവരി ഒന്നിന് കേരളത്തിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിക്കപ്പെട്ടു.
ഇതിനോട് അനുബന്ധമായി പ്രസ്തുത മുസ്ലിം ഗേൾസ് സ്കോളർഷിപ്പ് പദ്ധതി കോളജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലേക്കു മാറ്റപ്പെട്ടു. ഇതു ശ്രദ്ധയിൽപ്പെട്ട വിവിധ ന്യൂനപക്ഷ വിഭാഗങ്ങളും ചില ജനപ്രതിനിധികളും മറ്റു ന്യൂനപക്ഷങ്ങളെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചതിന്റെ ഭാഗമായി 2011 ഫെബ്രുവരി 22-ന് പ്രസ്തുത പദ്ധതിയിൽ 20 ശതമാനം ലത്തീൻ/പരിവർത്തിത ക്രിസ്ത്യാനികൾക്കുമായി അനുവദിക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക സർക്കാർ അനുവദിക്കുകയും പുതിയ പുതിയ ക്ഷേമപദ്ധതികൾ നടപ്പിൽ വരുകയും ചെയ്തു. എന്നാൽ വളരെ കൗശലപൂർവം ഒരു പ്രത്യേക സ്കോളർഷിപ്പിനു മാത്രമായി സ്വീകരിച്ച 80:20 അനുപാതം മറ്റു പദ്ധതികളിലേക്കു ഭരണാധികാരികളും ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തവരും നടപ്പിലാക്കി. ഈ അനുപാതം പലതരത്തിലാണു മാറ്റപ്പെട്ടത്.
2011 ഫെബ്രുവരി 22-ന് ഒരു പദ്ധതിയിൽ 80:20 (മുസ്ലിം: ലത്തീൻ/പരിവർത്തിത ക്രിസ്ത്യൻ) എന്നായിരുന്നെങ്കിൽ 2013 ജൂലൈ നാലിന് ഇറങ്ങിയ കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പദ്ധതിയുടെ സർക്കാർ ഉത്തരവിൽ 80:20 (മുസ്ലിം: ക്രിസ്ത്യൻ) എന്നായി പിന്നീട്. 2015 ജൂൺ എട്ടിന് ഇറങ്ങിയ ഐടിഐ വിദ്യാർഥികൾക്കുള്ള ഫീ-റീബോൾഡ്മെന്റ് പദ്ധതിയുടെ സർക്കാർ ഉത്തരവിൽ 80:20 (മുസ്ലിം: മറ്റ് മതന്യൂനപക്ഷങ്ങൾ) എന്ന തലത്തിലേക്കു രഹസ്യ സ്വഭാവത്തോടെ നടപ്പിലാക്കുകയാണുണ്ടായത്. ഉദ്യോഗസ്ഥരുടെ അറിവോടെതന്നെ ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളെ വളരെ തന്ത്രപൂർവം കവർന്നെടുത്തു കൊള്ളമുതൽ ആസ്വദിക്കുന്ന വകുപ്പായി നാം നികുതികൊടുത്തു വളർത്തുന്ന ഒരു സർക്കാർ വകുപ്പ് മാറ്റപ്പെട്ടതു കേരളചരിത്രത്തിലെ തന്നെ കറുത്ത ഒരു അധ്യായമാണ്.
“ഒരു-മറ്റൊരു”വിലെ ക്രൈസ്തവ പ്രേമം
ഒരിക്കലും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ പങ്കാളിത്തം ഉണ്ടാകാതിരിക്കാനും സാധിക്കുമെങ്കിൽ ഒരാൾപോലും ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഉണ്ടാകാതിരിക്കാനുമായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നിയമസഭയിൽ പാസാക്കിയെടുത്ത ഭേദഗതി ബിൽ ആണ് ‘ഒരു- മറ്റൊരു’ വിഷയം.
സിവിൽ കോടതിക്കു സമാനമായ അധികാരമുള്ള ന്യൂനപക്ഷ കമ്മീഷനിൽ മൂന്ന് അംഗങ്ങളാണുള്ളത്. 2014-ലെ ന്യൂനപക്ഷ കമ്മീഷൻ ആക്ട് പ്രകാരം മൂന്ന് അംഗങ്ങളിൽ ചെയർമാൻ ‘ഒരു’ വിഭാഗത്തിൽനിന്നാണെങ്കിൽ അടുത്ത അംഗം ‘മറ്റൊരു’ വിഭാഗത്തിൽനിന്ന് ആയിരിക്കണമെന്നും മൂന്നാമത്തെ അംഗം ഒരു വനിത ആയിരിക്കണം എന്നുമായിരുന്നു കമ്മീഷൻ തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. എന്നാൽ ഇതിൽ തിരുത്തൽ വരുത്തി ചെയർമാൻ ‘ഒരു’ വിഭാഗത്തിൽനിന്നാണെങ്കിൽ അടുത്ത അംഗം ‘മറ്റൊരു’വിഭാഗത്തിൽ നിന്നായിരിക്കണം എന്നതു മാറ്റി ‘ഒരു’ വിഭാഗത്തിൽനിന്നാക്കി. അതായത് ‘another’ എന്ന് എഴുതിയിരിക്കുന്നതിനെ ‘a’ ആക്കി മാറ്റി ഭേദഗതി ബിൽ പാസാക്കി. അങ്ങനെ നിലവിൽ ചെയർമാനും അടുത്ത അംഗവും മുസ്ലിം വിഭാഗത്തിൽനിന്നാണ്, വനിതാ പ്രതിനിധി അംഗമായി ഒരു ക്രിസ്ത്യൻ അംഗം പേരിനുണ്ട് എന്നു പറയാം. അടുത്തതവണ ക്രിസ്ത്യൻ പ്രാതിനിധ്യം സംശയത്തിന്റെ നിഴലിലാണ്.
നിലവിൽ സിവിൽ കോടതിക്കു സമാനമായ അധികാരമുള്ള ഈ കമ്മീഷന് വരുംനാളുകളിൽ കൂടുതൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്ന സംവിധാനമായി മാറാൻ സാധ്യതയുണ്ട്. അപ്പോൾ തത്പരകക്ഷികൾക്കു ക്രിസ്ത്യൻ പ്രാതിനിധ്യം ഒരു വിലങ്ങുതടിയായി മാറാതിരിക്കാനുള്ള നിഗൂഢ ശ്രമത്തിന്റെ ഭാഗമാണോ ‘മറ്റൊരു-ഒരു’ മാറ്റം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
*അവഗണിക്കപ്പെടുന്ന പരാതികൾ*
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ കമ്മീഷൻ കണ്ടില്ലെന്നു നടിക്കുകയാണ്. 80:20 സംബന്ധിച്ചും, ന്യൂനപക്ഷ വകുപ്പിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനെപ്പറ്റിയും ക്രിസ്ത്യാനികൾ നേരിടുന്ന വിവിധ വിഷയങ്ങളെപ്പറ്റിയും കൊടുത്തിട്ടുള്ള പരാതികളിൽ ഒരു പരിഹാരനടപടിയും സ്വീകരിച്ചിട്ടില്ല. മാത്രമല്ല, ഒന്നരവർഷം മുൻമ്പ്, ഒമ്പത് ജില്ലകളിൽ അതായത് 2019 ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വിഷയത്തിന്മേലുള്ള സിറ്റിംഗുകളിൽ വിവിധ ക്രിസ്ത്യൻ സഭാ, സംഘടനാ, സമുദായ അംഗങ്ങളിൽനിന്നു കൈപ്പറ്റിയ നിവേദനങ്ങളും പരാതികളും റിപ്പോർട്ടുകളും ക്രോഡീകരിച്ചുള്ള കമ്മീഷന്റെ റിപ്പോർട്ട് ഒരുവർഷം കഴിഞ്ഞിട്ടും സർക്കാരിന്റെ മുമ്പിൽ സമർപ്പിച്ചിട്ടുമില്ല.
2020 ജനുവരിയിൽത്തന്നെ റിപ്പോർട്ടിന്റെ കരട് രൂപം കമ്മീഷൻ അംഗം തയാറാക്കിയതായിട്ടാണ് ആ നാളുകളിൽ അറിയാൻ സാധിച്ചത്. അത് രണ്ടാമത്തെ അംഗത്തിന്റെയും ചെയർമാന്റെയും വിലയിരുത്തലുകൾക്കു ശേഷം ചർച്ച ചെയ്തു സർക്കാരിൽ സമർപ്പിക്കപ്പെടും എന്നുള്ള അറിവ് ലഭിച്ചതുമാണ്. എന്നാൽ, കൊറോണയുടെ പേരുപറഞ്ഞ് തുടർനടപടികൾ എടുക്കാൻ വൈകിപ്പിക്കുകയും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ നിലവിൽ നിയമിച്ചിട്ടുണ്ടല്ലോ എന്ന മുടന്തൻ ന്യായം പറഞ്ഞ് കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിലേക്കു സമർപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ചെയർമാൻ എത്തിച്ചേർന്നിരിക്കുകയാണ്. 80:20 , മറ്റൊരു-ഒരു, ന്യൂനപക്ഷ ഫണ്ട് തിരിമറി, ക്രിസ്ത്യൻ പിന്നാക്കാവസ്ഥ എല്ലാം ഉൾപ്പെടെ ഈ റിപ്പോർട്ട് സർക്കാരിലേക്കു സമർപ്പിച്ചാൽ സ്വന്തം സമുദായം അനർഹമായി നേടുന്ന ആനുകൂല്യങ്ങൾക്കുമേൽ ഒരു ചോദ്യചിഹ്നമായി ഇതു മാറുമോ എന്ന ഭയമാണോ ചെയർമാനുള്ളത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ക്രിസ്ത്യാനികളുടെ ക്ഷേമത്തിനുവേണ്ടിക്കൂടി പ്രത്യേകമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ വകുപ്പ് ക്രിസ്ത്യാനിക്ക് എതിരേ പ്രവർത്തിക്കുന്നതു ഭീതിയുളവാക്കുന്നു. ഇങ്ങനെയെങ്കിൽ ഒന്നുറപ്പാണ്. വരും നാളുകളിൽ ഇനിയും ക്രിസ്ത്യാനികൾക്ക് എതിരായുള്ള നിലപാടുകൾ ഈ വകുപ്പിൽനിന്നു വരും. ഇതുണ്ടാവാതിരിക്കാൻ ആദ്യപടിയെന്നവണ്ണം ഈ വകുപ്പിൽ തുല്യമായ ക്രിസ്ത്യൻ പങ്കാളിത്തം സർക്കാർ ഉറപ്പുവരുത്തണം.
ക്രിസ്ത്യൻ പ്രാതിനിധ്യം
ന്യൂനപക്ഷ ക്ഷേമവകുപ്പ്-മന്ത്രി, സെക്രട്ടറി, ഡയറക്ടർ, ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ-ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ന്യൂനപക്ഷ കമ്മീഷൻ-ചെയർമാൻ തുടങ്ങിയ ഉന്നത പദവികളിലൊന്നും ഒരു ക്രിസ്ത്യൻ പ്രതിനിധിപോലും ഇല്ല. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ആറ് ഡയറക്ടർമാർ ഉള്ളതിൽ ക്രിസ്ത്യൻ പങ്കാളികൾ വെറും രണ്ടുപേർ മാത്രം എന്ന് കോർപറേഷൻ വെബ്സൈറ്റിൽനിന്നുതന്നെ അറിയാം. ന്യൂനപക്ഷ കമ്മീഷനിലാകട്ടെ പേരിനൊരു വനിതാ പ്രതിനിധി മാത്രം. ന്യൂനപക്ഷ വകുപ്പിൽ താത്കാലിക ജീവനക്കാരിൽ സിംഹഭാഗവും മുസ്ലിം സമുദായ അംഗങ്ങളാണ് എന്നതു വളരെ ശ്രദ്ധേയമാണ്. സ്ഥിര ജീവനക്കാരിലും ക്രിസ്ത്യൻ പങ്കാളിത്തം വളരെ ചുരുക്കമാണ്.
ന്യൂനപക്ഷ ഫണ്ട്
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ പൊതുവായ പദ്ധതികളിൽ അനധികൃതമായി 80:20 അനുപാതം സ്വീകരിക്കുകയും മുസ്ലിം വിഭാഗത്തിനായി പ്രത്യേക പദ്ധതികൾ നടപ്പിൽ വരുത്തുകയും ക്രിസ്ത്യൻ തുടങ്ങി മറ്റ് ന്യൂനപക്ഷങ്ങൾക്കായി പ്രത്യേക പദ്ധതികൾ ഒന്നും വിഭാവനം ചെയ്യാതിരിക്കുകയും ചെയ്യുന്നതുവഴി വർഷാവർഷം ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കുന്ന കോടിക്കണക്കിനു രൂപ വരുന്ന സർക്കാർ ഫണ്ടിന്റെ 90 ശതമാനത്തിൽ അധികവും മുസ്ലിം സമുദായ അംഗങ്ങളുടെ കൈകളിലേക്കാണ് എത്തിച്ചേരുന്നത്.
കേന്ദ്രസർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നു
കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ പദ്ധതികൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്പോൾ സംസ്ഥാന സർക്കാരിനും അതിൽ തുല്യപങ്കാളിത്തം ലഭിക്കുന്നു. എവിടെ, എങ്ങനെ എന്നതിൽ ഉത്തരം സംസ്ഥാന സർക്കാരിന്റെതാണ്. ന്യൂനപക്ഷ സമുദായ അംഗങ്ങൾ 20-25 ശതമാനത്തിൽ അധികമുള്ള പ്രദേശം തെരഞ്ഞെടുത്ത് കോടിക്കണക്കിനു രൂപ നൽകി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ). കേരളത്തിൽ പത്തനംതിട്ട ജില്ലയെ ഒഴിവാക്കി ബാക്കി പതിമൂന്നു ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ തുക വകയിരുത്തുന്നു. ഇതിനായി ഓരോ ജില്ലയിൽനിന്നു മൂന്നുപേരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിൽ മൊത്തം 39 അംഗങ്ങൾ ഉള്ളതിൽ 30 അംഗങ്ങൾ മുസ്ലിം വിഭാഗത്തിൽനിന്നാണ്. ഏഴ് അംഗങ്ങൾ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന്. പിന്നെയുള്ള രണ്ട് അംഗങ്ങൾ സിക്ക്, ജൈന വിഭാഗങ്ങളിൽനിന്നുമാണ്. ഇടുക്കി ജില്ല ഉൾപ്പെടെ എട്ട് ജില്ലകളിൽ ക്രിസ്ത്യൻ പ്രതിനിധികൾ ഇല്ല. കോട്ടയം ജില്ലയിൽനിന്ന് ആകെ തെരഞ്ഞെടുത്ത പ്രദേശം ഈരാറ്റുപേട്ടയാണ്. മലപ്പുറം ജില്ലയിൽനിന്ന് 25 പ്രദേശങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പിഎംജെവൈകെ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി മദ്രസ സ്ഥാപനങ്ങൾ പണിയാനും മദ്രസയോട് അനുബന്ധ ക്ലാസ് മുറികളും ഹാളുകളും പണിയാനുംവരെ പ്രസ്തുത ഫണ്ട് ഉപയോഗപ്പെടുത്തുന്നു. എന്നാൽ ക്രിസ്ത്യൻ മേഖലകളിൽ ഇത്തരത്തിൽ ഒന്നും നൽകുന്നതായി കാണുന്നില്ല എന്നത് ഇരട്ട നീതിയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ എങ്ങനെ?
കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാം ന്യൂനപക്ഷ ക്ഷേമവകുപ്പുണ്ട്. അവിടെ ധാരാളം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ 1993-ൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചു. നിലവിൽ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ സംസ്ഥാന വഖഫ് ബോർഡ്, ഉറുദു അക്കാദമി, സർവേ കമ്മീഷണർ വഖഫ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എന്നിവ കൂടാതെ ക്രിസ്ത്യാനികൾക്കായി സംസ്ഥാന ക്രിസ്ത്യൻ (ന്യൂനപക്ഷ) ധനകാര്യ കോർപറേഷനും വകുപ്പിന്റെ കീഴിലുണ്ട്. അതുവഴി ക്രിസ്ത്യൻ കുട്ടികൾക്കു ട്യൂഷൻ ഫീ റീ ഇന്പേഴ്സ്മെന്റ്, സ്വയംതൊഴിലിനു ധനസഹായം, തൊഴിൽ പരിശീലനവും തൊഴിലും, പള്ളി പണിയാനും പുനരുദ്ധാരണത്തിനും സഹായങ്ങൾ, പള്ളിക്കൂടങ്ങൾ, വൃദ്ധസദനങ്ങൾ, ഹാളുകൾ തുടങ്ങിയവ പണിയാനും സാന്പത്തിക സഹായം, ക്രിസ്ത്യൻ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് സെന്ററുകൾ, മത്സര പരീക്ഷാപരിശീലന പരിപാടികൾ, യുവാക്കൾക്കു ബോധവത്കരണ പരിപാടികൾ, ക്രിസ്ത്യൻ സംസ്കാരം പരിപോഷിപ്പിക്കാൻ സഹായങ്ങൾ, ക്രിസ്ത്യൻ സമൂഹവിവാഹ സഹായങ്ങൾ, വിശുദ്ധനാട് തീർഥാടനത്തിനു സബ്സിഡി തുടങ്ങിയ നിരവധി പദ്ധതികൾ ക്രിസ്ത്യൻ സമുദായത്തിനായി നൽകുന്നു.
കർണാടക സർക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന്റെ കീഴിൽ ക്രിസ്ത്യൻ വികസന ഫണ്ട് എന്ന പേരിൽ പള്ളികൾ പണിയാനും പുനരുദ്ധാരണത്തിനും വികസനത്തിനും ധനസഹായം, ഹാളുകൾ അനാഥ മന്ദിരങ്ങൾ വൃദ്ധസദനങ്ങൾ എന്നിവ പണിയാനും സാന്പത്തിക സഹായം, നൈപുണ്യ വികസന പരിപാടികൾ, ജിഎൻഎം ആൻഡ് ബിഎസ്സി നഴ്സിംഗ് ട്രെയിനിംഗ്, ക്രിസ്ത്യൻ വിദ്യാർഥികൾക്കായി മറ്റു പ്രോത്സാഹന പദ്ധതികളും സർക്കാർ നൽകുന്നു. ഇതുപോലെ തമിഴ്നാട് സർക്കാരും പള്ളികളുടെ പുനരുദ്ധാരണത്തിനും മറ്റും സഹായങ്ങളും ജറുസലേം തീർഥാടനത്തിനു പ്രത്യേക സഹായങ്ങളും ക്രിസ്ത്യൻ സമൂഹത്തിനായി നൽകുന്നു. എന്തുകൊണ്ട് 2011 സെൻസസ് പ്രകാരം 18 ശതമാനമുള്ള ക്രിസ്ത്യൻ സമൂഹത്തിനായി പ്രത്യേക പദ്ധതികൾ ഒന്നുംതന്നെ കേരളസർക്കാർ വിഭാവനം ചെയ്യുന്നില്ല. മാത്രമല്ല, പൊതുവായ പദ്ധതികളിൽ ഈ കാട്ടുനീതി നടപ്പിലാക്കിവരികയും ചെയ്യുന്നു.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്നു എന്ന വ്യാജേന ഫണ്ട് കൈപ്പറ്റുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ അടിയന്തരമായി സർക്കാർ ഇടപെടണം. ക്രിസ്ത്യാനികൾക്കു തുല്യ പങ്കാളിത്തം നൽകണം. തുല്യ ഫണ്ടുതന്നെ ക്രിസ്ത്യൻ സമൂഹത്തിനും വകയിരുത്തണം. ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്പോൾ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷങ്ങളെയാണ് അധികമായി പരിഗണിക്കേണ്ടത്. മാത്രമല്ല, കാലങ്ങളായി കടുത്ത അനീതിപരമായ വിവേചനം നേരിട്ട ക്രിസ്ത്യൻ സമൂഹത്തിനു പ്രത്യേകമായ പദ്ധതികൾ അടിയന്തരമായി സർക്കാർ വിഭാവനം ചെയ്യുകയും അവ കൃത്യമായി ക്രിസ്ത്യൻ സമൂഹത്തിനു ലഭ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. സർക്കാർ ഈ അസംഘടിത ദുർബല പിന്നാക്ക സമൂഹത്തെ കൈവിടരുത്.