Tuesday, October 15, 2024
No menu items!
Homeചർച്ചക്രൈസ്തവസഭയും രാഷ്ട്രീയവും: രാഷ്ട്രീയത്തിന്‍റെ ദൈവശാസ്ത്രം

ക്രൈസ്തവസഭയും രാഷ്ട്രീയവും: രാഷ്ട്രീയത്തിന്‍റെ ദൈവശാസ്ത്രം


കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി മനുഷ്യചരിത്രത്തോടൊപ്പം സഞ്ചരിക്കുന്ന വിശ്വാസ തിരുസംഘമാണ് ക്രൈസ്തവസഭ. നിരവധി സാമ്രാജ്യങ്ങളുടെയും സാമ്രാട്ടുകളുടെയും ഉദയത്തിനും അസ്തമയത്തിനും ക്രൈസ്തവസഭ സാക്ഷിയായിട്ടുണ്ട്. സാമ്രാജ്യങ്ങള്‍ മനുഷ്യമഹാസമുദ്രത്തില്‍ വിലയംപ്രാപിക്കുന്നതും അവിടെനിന്നും പുതിയ രാജ്യങ്ങള്‍ ഉടലെടുക്കുന്നതും പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ രൂപപ്പെടുന്നതും കണ്ടിട്ടുണ്ട്. യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യവംശത്തെ തകര്‍ക്കുമ്പോഴും ദുരിതമനുഭവിക്കുന്നവരോടൊപ്പം ക്രൈസ്തവസഭയും ഉണ്ടായിരുന്നു. നിലംപരിശായ തകര്‍ച്ചകളില്‍നിന്ന് ജനസമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും പുത്തന്‍ നാഗരികത പണിയപ്പെടുന്നതും സഭ കണ്ടു; അവര്‍ക്ക് പ്രോത്സാഹനവുമായി സഭ ഒപ്പം നിന്നു. രണ്ട് സഹസ്രാബ്ദങ്ങളായി ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ മനുഷ്യവംശത്തിനുമേല്‍ സ്വാധീനശക്തിയായും തിരുത്തല്‍ ശക്തിയായും വഴികാട്ടിയായും നിലകൊള്ളുമ്പോഴും സ്വാഭാവികമായി ഒരു ചോദ്യം ഉയരും – ക്രൈസ്തവസഭകള്‍ക്ക് പ്രാദേശിക രാഷ്ട്രീയത്തോടുള്ള നിലപാടുകള്‍ എന്താണ്?

സഭാമക്കളെ ഭൗമികജീവിതത്തോടുള്ള ബന്ധത്തില്‍ “തീര്‍ത്ഥാടകസമൂഹമെന്ന്” കത്തോലിക്കാ ഓര്‍ത്തഡോക്സ് സഭകളും “നാം ഭൂമിയില്‍ അന്യരും പരദേശികളുമാണെന്ന്” പ്രൊട്ടസ്റ്റന്‍റുകളും “നാം ഈ ലോകത്തിന് അനുരൂപരാകരുത്” എന്ന് പെന്‍റക്കൊസ്റ്റുകളും നിര്‍വ്വചിക്കുന്നു. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളോടുും രാഷ്ട്രീയ ഇടപാടുകളോടുമുള്ള സഭയുടെ ദർശനങ്ങൾക്ക് ക്രൈസ്തവ സമൂഹത്തില്‍ പോലും വേണ്ട പ്രചാരം ലഭിച്ചിട്ടില്ല. രാഷ്ട്രീയം പാപമാണെന്നു കുരുതുന്നവര്‍ പോലും ക്രൈസ്തവരില്‍ ഉണ്ട് എന്നതാണ് യാഥാർത്ഥും. ഈ തെറ്റിദ്ധാരണകളുടെ പുറത്ത് ഉയരുന്ന കുറേ ചോദ്യങ്ങളുണ്ട്. ഒരു ക്രിസ്ത്യാനിക്ക് താന്‍ ജീവിച്ചിരിക്കുന്ന രാജ്യത്തിന്‍റെ രാഷ്ട്രീയരംഗങ്ങളില്‍ എത്രമേല്‍ ഇടപെടാന്‍ കഴിയും? ക്രൈസ്തവസഭയ്ക്ക് ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടോ? മതത്തിന് രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ എങ്ങനെയാണ് ക്രൈസ്തവസഭ മനസ്സിലാക്കിയിരിക്കുന്നതും നിര്‍വ്വചിക്കുന്നതും? ക്രൈസ്തവ പുരോഹിതന്മാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതും അഭിപ്രായം പറയുന്നതും ശരിയാണോ? വോട്ടു ചെയ്തു കഴിയുന്നതോടെ ക്രിസ്ത്യാനിയുടെ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം അവസാനിച്ചോ?

ഇത്തരം ചോദ്യങ്ങളിലൊന്നും ആശങ്കയില്ലാത്ത ആയിരക്കണക്കിന് ക്രൈസ്തവര്‍ നിലവില്‍ എല്ലാ രാജ്യങ്ങളിലും രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ തന്നെ നിരവധി പുരോഹിതന്മാരും സന്യാസിനികളും അൽമായരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ രാഷ്ട്രീയ, സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിച്ചതും ക്രൈസ്തവസമൂഹത്തിന്‍റെ ശബ്ദമായി നിന്നിരുന്നതും നമുക്കറിയാം. ഫാദര്‍ വടക്കനെപ്പോലെ സഭയിലും രാഷ്ട്രീയത്തിലും ഒരുപോലെ നിറഞ്ഞു നിന്ന വ്യക്തികള്‍ വെട്ടിത്തുറന്ന പാതയില്‍ പിന്നീട് അധികംപേര്‍ സഞ്ചരിച്ചില്ല. വടക്കനച്ചനു മൂക്കുകയറിടാന്‍ സഭ ശ്രമിച്ചുവെങ്കിലും അദ്ദേഹം കുലുങ്ങിയില്ല. സഭ വിലക്കിയിട്ടും പൊതുവേദിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ ധൈര്യം കാണിച്ചാണ് അദ്ദേഹം ക്രൈസ്തവ വിശ്വാസത്തോടുള്ള തന്‍റെ കൂറും സമൂഹത്തോടുള്ള തന്‍റെ പ്രതിബദ്ധതയും പ്രഖ്യാപിച്ചത്.

1983ല്‍ കര്‍ണാടകത്തില്‍ ധാര്‍വാര്‍ അസംബ്ലി സീറ്റില്‍നിന്ന് വിജയിച്ച മലയാളിയായ ഫാദര്‍ പി. ജേക്കബ് ആയിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിയമനിര്‍മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പുരോഹിതന്‍. അദ്ദേഹം ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ച് ജയിച്ചത്. 2001ല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി വയനാട് ജില്ലയിലെ ബത്തേരി നിയോജകമണ്‍ഡലത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വൈദികന്‍ ഫാദര്‍ മത്തായി നൂറനാല്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. യു.ഡിഎഫിന്‍റെ ഉറച്ച സീറ്റായ ബത്തേരിയില്‍ ഫാദര്‍ നൂറനാല്‍ പരാജയപ്പെടുവാനുള്ള ഒരു കാരണം, ഓര്‍ത്തഡോക്സ് സഭയില്‍തന്നെ ഒരു വിഭാഗം അദ്ദേഹത്തിനെതിരേ പരസ്യമായി രംഗത്തു വന്നതും ആയിരുന്നു. വൈദികന്‍ സ്ഥാനാര്‍ത്ഥിയാകാനോ നിയമസഭാംഗമാകുവാനോ പാടില്ല എന്ന അലിഘിതനിയമം നിലനില്‍ക്കുന്നതിനാല്‍, കോണ്‍ഗ്രസിന്‍റെ പിന്‍ബലത്തോടെയായിരുന്നു ഒരുപറ്റം ഓര്‍ത്തഡോക്സുകാര്‍ അദ്ദേഹത്തിനെതിരേ രംഗത്തു വന്നത് എന്നാണ് പറയപ്പെടുന്നത്.

ഫാദര്‍ വടക്കനെപ്പോലെയോ ഫാദര്‍ പി ജേക്കബിനെപ്പോലെയൊേ ഫാദര്‍ നൂറനാലിനെപ്പോലെയെ “മാനവസേവയെ മാധവസേവ” യായി കണക്കാക്കുവാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന ക്രൈസ്തവ പുരോഹിതരും സന്യസ്തരും നിരവധിപ്പേരുണ്ട്. കല്‍ക്കട്ടയിലെ മദര്‍ തെരേസ, ഇറ്റലിയില്‍ നിന്നും കണ്ണൂര്‍ തീരദേശത്ത് പ്രവര്‍ത്തിച്ച് മണ്‍മറഞ്ഞ ഫാദര്‍ സൂക്കോള്‍, കേരളത്തില്‍ മദ്യവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ തോമസ് തൈത്തോട്ടം, ഫാ ചാണ്ടി കുരിശുംമൂട്ടില്‍, കേരള മത്സ്യത്തൊഴിലാളി ശാക്തീകരണത്തിന് നേതൃത്വം നല്‍കിയ ഫാ തോമസ് കോച്ചേരി, സിസ്റ്റര്‍ ആലീസ്, വയനാട് ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഫാ ജോര്‍ജ് കഴിക്കച്ചാലില്‍… ഇവിടെ പേര്‍ എഴുതാന്‍ മാത്രം അറിയപ്പെടാതെ സമൂഹത്തില്‍ ഉപ്പായും വെളിച്ചമായും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ലോകത്തെമ്പാടുമുണ്ട്.

രാഷ്ട്രീയത്തോടും സാമൂഹികപ്രവര്‍ത്തനങ്ങളോടുമുള്ള ക്രൈസ്തവനിലപാടുകള്‍ പുരോഹിത നേതൃത്വത്തിന് വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സാധാരണ വിശ്വാസികള്‍ ഈ വിഷയത്തില്‍ വേണ്ടത്ര അറിവുള്ളവരല്ല. അതിനാല്‍ “രാഷ്ട്രീയത്തിന്‍റെ ദൈവശാസ്ത്രം” ഇന്ന് പഠനവിധേയമാക്കേണ്ടിയിരിക്കുന്നു, ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ക്രൈസ്തവ സഭകളും വിശ്വാസികളും ഭൗമിക തീര്‍ത്ഥാടന മുന്നേറ്റങ്ങളുടെ പുരോഗതി കണക്കാക്കേണ്ടത് തങ്ങളുടെ രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ട ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ടായിരിക്കണം. വോട്ടു ചെയ്യുന്നതിലൂടെ പൗരന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വ്വഹിച്ചു എന്നു ചിന്തിക്കുമ്പോള്‍ തന്നെ ക്രൈസ്തവന്‍ എന്ന നിലയില്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട് എന്ന അടിസ്ഥാനബോധ്യം നഷ്ടമായതാണ് ക്രൈസ്തവസമൂഹം ഇന്ത്യയില്‍ നേരിടുന്ന പല സാമൂഹിക പ്രതിസന്ധികളുടെയും ആക്കം വര്‍ദ്ധിപ്പിക്കുന്നത്.

ക്രൈസ്തവന്‍റെ രാഷ്ട്രീയാബോധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ “രാഷ്ട്രീയം” എന്നതിന്‍റെ ആനുകാലിക അര്‍ത്ഥമാണ് നമ്മെ വിഷമവൃത്തത്തിലാക്കുന്നത്. രാഷ്ട്രീയം എന്നതിന് സംഘടിതമായി നേടിയെടുക്കാനുള്ള ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരിക്കണം. ഈ ലക്ഷ്യപ്രാപ്തിക്കായി രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയും പ്രകടനപത്രികയും, ഇലക്ഷന്‍ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളും റാലികളും ചുവരെഴുത്തുകളും വരെ നാം ചിന്തിക്കുന്നു. ഇലക്ഷനും ബാലറ്റുപേപ്പറും വോട്ടും വിജയപരാജയങ്ങളും എല്ലാം രാഷ്ട്രീയത്തിലുണ്ട്. പ്രഖ്യാപിതലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വിപ്ലവവും ചിലപ്പോള്‍ സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും വരെ ഉണ്ടാകും. എതിരാളികളോടും വ്യവസ്ഥിതികളോടുമുള്ള മത്സരവും പോരാട്ടവും ഒഴിച്ചുകൂടാന്‍ കഴിയില്ല… ഇപ്രകാരം വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഒരു ചിത്രമാണ് ‘രാഷ്ട്രീയം’ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സില്‍ മിന്നിമറയുക. എന്നാല്‍ ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ക്രൈസ്തവ സഭ കടന്നുവന്ന കാലഘട്ടങ്ങളിലെല്ലാം ലോകം നേരിട്ട സാമൂഹിക വിഷയങ്ങളുടെ പേരില്‍ ഉയര്‍ന്ന ചോദ്യങ്ങളായിരുന്നു സഭയുടെ രാഷ്ട്രീയമനഃസാക്ഷിയെ നിയന്ത്രിച്ചത്. കാലികവും സാമൂഹികവുമായ പ്രശ്നങ്ങളോ പ്രതിസന്ധികളോ ആയിരുന്നു സഭയുടെ രാഷ്ട്രീയ അജണ്ട തീരുമാനിച്ചത്. ജസ്റ്റിന്‍ മാര്‍ട്ടയര്‍ മുതല്‍ മിലാനിലെ ആംബ്രോസും ഹിപ്പോയിലെ അഗസ്റ്റിനുമെല്ലാം ഇത്തരം സാമൂഹിക വിഷയങ്ങളെ നേരിട്ട സഭാപിതാക്കന്മാരായിരുന്നു. കാലികമായി ഉയരുന്ന വിഷയങ്ങള്‍ക്ക് സമൂഹത്തിന്‍റെ പൊതു താല്‍പര്യങ്ങള്‍ക്കുവേണ്ടി എടുത്ത ഉറച്ച തീരുമാനങ്ങളായിരുന്നു സഭയെ ഇതര രഷ്ട്രീയ ചിന്താഗതികളിൽ നിന്നും വ്യത്യസ്തമാക്കിയത്. ഭരണാധികാരികള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ ആശയത്തിനോ ഏതെങ്കിലും മതത്തിനോ അനുകുലമായോ പ്രതികൂലമായോ ഉള്ള തീരുമാനങ്ങളായിരുന്നില്ല ഇവയൊന്നും. മനുഷ്യവംശത്തിന്‍റെ പൊതുവായ നന്മയ്ക്കുവേണ്ടിയായിരുന്നു സഭ ചിന്തിച്ചതും പ്രതികരിച്ചതും.

അമരാവതിയിലും നിലമ്പൂരിലും കൊട്ടിയൂരിലും ഉണ്ടായ കുടിയിറക്കിനെതിരേയും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ലൗജിഹാദിനോടുള്ള സമീപനവും രാഷ്ട്രീയത്തിനോ മതത്തിനോ എതിരായുള്ള നിലപാടുകളായി ക്രൈസ്തവസഭകള്‍ കരുതുന്നില്ല. 1957ലെ വിമോചനസമരം പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കമ്യൂണിസത്തിനും എതിരേ ആണെന്നത് അന്ധമായ ക്രൈസ്തവവിരോധം വച്ചുപുലര്‍ത്തുന്ന കമ്യൂണിസ്റ്റുകളുടെ കുപ്രചാരണം മാത്രമായിരുന്നു എന്നതാണ് വസ്തുത. 2009ല്‍, വിമോചനസമരത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ കത്തോലിക്കാ സഭ പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ വിമോചനസമരത്തിന് വഴിതെളിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

ക്രൈസ്തവസഭയുടെ അടിസ്ഥാനപരമായ രാഷ്ട്രീയ അജണ്ടയുടെ പേരാണ് വിദ്യാഭ്യാസം! അറിവിന്‍റെ വെളിച്ചം ലോകസമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരും എന്നതായിരുന്നു ക്രൈസ്തവബോധ്യം. രക്തരൂക്ഷിത വിപ്ലവമുന്നേറ്റങ്ങളും വാളു ചൂണ്ടിയുള്ള മതപ്രചാരണങ്ങളും കണ്ട ലോകത്തില്‍ അക്ഷരങ്ങളും വാക്കുകളും സൃഷ്ടിച്ച അറിവിന്‍റെ വിപ്ലവമാണ് മനുഷ്യപുരോഗതിയുടെ ഉറവിടമായി മാറിയത് എന്നതിന് ഇന്നുവരെയുള്ള ചരിത്രം സാക്ഷിയാണ്. ക്രൈസ്തവസഭ അതിന്‍റെ ഏറ്റവും ശൈശവാവസ്ഥയില്‍തന്നെ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരുന്നു എന്നതാണ് സത്യം. കോണ്‍സ്റ്റന്‍റൈന്‍ ഒന്നാമന്‍റെ ഉപദേശകനായിരുന്ന ക്രിസ്റ്റ്യന്‍ അപ്പോളജിസ്റ്റ് ലാക്റ്റാന്‍റിയസ് (എഡി 250-325) മുതല്‍ ഈ രാഷ്ട്രീയലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്നു. രാജാക്കന്മാരേയും രാജകുടുംബാംഗങ്ങളെയും ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് പരിശീലിപ്പിക്കുവാനായി രാജകുടുംബങ്ങളിലെയും പ്രഭുകുടുംബങ്ങളിലെയും വ്യക്തികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയായിരുന്നു സഭ സ്റ്റേറ്റിന്‍റെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. “എങ്ങനെ ഭരിക്കണം എന്നതായിരുന്നില്ല സഭ പഠിപ്പിച്ചത്, എപ്രകാരം ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്വം നിറവേറ്റി രാജ്യധര്‍മ്മത്തില്‍ പങ്കാളികളാകാം എന്നതായിരുന്നു സഭ പഠിപ്പിച്ചത്. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തെ സംയോജിപ്പിച്ചുകൊണ്ട് ലോകത്തിന് പ്രകാശമാവുക എന്ന രാഷ്ട്രീയമാണ് ക്രൈസ്തവസഭയുടെ രാഷ്ട്രീയത്തിന്‍റെ നിസ്തുല്യത” (The Political Theology of Augustine, Thomas Aquinas and Reinhold Niebuhr, Essays in political theology and Christian Realism. By Tsoncho Tsorchev)

രാജകൊട്ടാരത്തിനുള്ളിലുള്ള വിദ്യാഭ്യാസമ്പന്നരായ രാജകുടുംബാംഗങ്ങളിലൂടെ മാത്രമേ ഏകാധിപത്യപ്രവണതകളില്‍ നിന്നും അധികാരവികേന്ദ്രീകരണ സമ്പ്രദായത്തിലേക്ക് രാഷ്ട്രം നീങ്ങുകയുള്ളൂ എന്നതായിരുന്നു ആദിമക്രൈസ്തവസഭാ നേതൃത്വങ്ങള്‍ മനസ്സിലാക്കിയത്. ജനങ്ങളെ സ്വാതന്ത്ര്യം, വിപ്ലവം, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍, ബോധവാന്മാരാക്കുകയും പിന്നീട് അവരെ സംഘടിപ്പിച്ച് സ്റ്റേറ്റിനെതിരേ പടനയിച്ച് വ്യവസ്ഥിതികളെ മാറ്റിമറിക്കാം എന്ന കുതന്ത്രം ക്രൈസ്തവ സഭ ഒരു കാലത്തും പിന്‍പറ്റിയ മാര്‍ഗ്ഗമായിരുന്നില്ല. ഓരോ മനുഷ്യനും മൂല്യവത്തായ ദൈവസൃഷ്ടിയാണ് എന്ന ബോധ്യം പകര്‍ന്നു നല്‍കി മനുഷ്യനെ അടിസ്ഥാനപരമായ രൂപാന്തരത്തിലേക്ക് നയിക്കുക എന്നതായിരുന്നു ക്രൈസ്തവസഭയുടെ രാഷ്ട്രീയ അജണ്ട.

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടോ നേതാവിനോടോ പ്രത്യയശാസ്ത്രത്തോടെ കൂറോ കൂറില്ലായമയോ പ്രകടിപ്പിച്ചുകൊണ്ട് സ്റ്റേറ്റില്‍ കലാപമുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന “പൊളിറ്റിക്കല്‍ ക്രിസ്റ്റ്യാനിറ്റി” എന്ന അജണ്ട ക്രൈസ്തവ ചരിത്രത്തില്‍ ലോകത്തില്‍ എവിടെയും കാണില്ല. സമൂഹത്തിലെ ഏറ്റവും ചെറിയവന്‍റെ പക്ഷം എന്നതായിരുന്നു ക്രൈസ്തവികത ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ അജണ്ടയിലെ കാതലായ പ്രകടനപത്രിക. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് സകല മനുഷ്യനും സൃഷ്ടിക്കപ്പെട്ടത് എന്ന വചനത്തിന്‍റെ വക്താക്കളും അതിനായി പ്രവര്‍ത്തിച്ചവരുമായിരുന്നു ക്രൈസ്തവസമൂഹം. “എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്” എന്ന ക്രിസ്തുമൊഴികള്‍ ക്രൈസ്തവസഭയുടെ രാഷ്ട്രീയത്തിന് ദിശാബോധം നല്‍കിയ ആഹ്വാനമാണ്.

ലോകത്തില്‍ ജനിക്കുന്നതിനു മുമ്പേ മാതൃഗര്‍ഭപാത്രത്തില്‍ വച്ച് കൊല്ലപ്പെടുന്ന ഭ്രൂണാവസ്ഥയിലുള്ള മനുഷ്യശിശു മുതലുള്ള ഏറ്റവും ചെറിയവനു വേണ്ടി ശബ്ദിക്കുന്നതും അവന്‍റെ പക്ഷം ചേരുന്നതുമായ രാഷ്ട്രീയമാണ് ക്രൈസ്തവസഭ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. അനാഥരും വിധവകളും അംഗവൈകല്യം വന്നവരും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരും നിര്‍ദ്ധനരും രോഗികളും എല്ലാം എക്കാലത്തും എല്ലാ രാജ്യങ്ങളിലും ക്രൈസ്തവ സഭയുടെ രാഷ്ട്രീയ അജണ്ടയിലെ പ്രധാന ഘടകങ്ങളായിരുന്നു. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തോടുള്ള മാര്‍പാപ്പായുടെ സമീപനവും ഇന്ത്യന്‍ പൗരത്വബില്ലിനോടുളള ഭാരത ക്രൈസ്തവസഭകളുടെ നിലപാടുകളും ക്രൈസ്തവരില്‍നിന്നു തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും ദൈവവചനത്തിന്‍റെ പ്രബോധനങ്ങളുടെയും ദൈവശാസ്ത്ര വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ശക്തമായ നിലപാടുകളായിരുന്നു ഇവയൊക്കെ.

നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും പക്ഷത്തു നിലയുറപ്പിച്ചതിന്‍റെയും പേരില്‍ യൂറോപ്യന്‍ ക്രൈസ്തവര്‍ക്ക് ഏറെ നഷ്ടങ്ങള്‍ സംഭവിച്ചു; നന്മചെയ്തതിന്‍റെ പേരില്‍ നേരിട്ട നഷ്ടങ്ങളും ദുരിതങ്ങളും ആയിരുന്നു അവയൊക്കെ. “ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവന്‍ പീഡ സഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്ജിക്കാതിരിക്കട്ടെ” (1 പത്രോസ് 4:16).

അക്രമവും ദുഷ്ടതയും കുതന്ത്രങ്ങളും പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ സ്മരിക്കപ്പെടുന്നവരേക്കാള്‍ നീതിയുടെ പക്ഷത്ത് നിലനിന്ന് വിസ്മൃതിയില്‍ മറയുന്നിതില്‍ പോലും ആനന്ദം കണ്ടെത്തുന്ന ക്രൈസ്തവ മനോഭാവത്തെ ആര്‍ക്കും ഇല്ലായ്മ ചെയ്യാനാകില്ല എന്ന് ക്രൈസ്തവസഭ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് 21-ാം നൂറ്റാണ്ടിലും ക്രിസ്റ്റ്യാനിറ്റി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമുദ്രാവാക്യം. (തുടരും)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments