Thursday, May 30, 2024
No menu items!
Homeചർച്ചഎം.എം. അക്ബറെ കൊമ്പുകുത്തിച്ച ക്രൈസ്തവ സംവാദകൻ

എം.എം. അക്ബറെ കൊമ്പുകുത്തിച്ച ക്രൈസ്തവ സംവാദകൻ

റവ.ഡോ. ജോണ്‍സണ്‍ തേക്കടയില്‍ – കൊൽക്കത്തയിൽ മദർ തെരേസയോടൊപ്പം പ്രവര്‍ത്തിച്ച് സാമൂഹികപ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രം മനസ്സിലാക്കിയ സാമൂഹിക പ്രവർത്തകൻ, സി.എസ്.ഐ മോഡറേറ്ററും സെറാമ്പൂർ യൂണിവേർസിറ്റി പ്രസിഡൻ്റുമായിരുന്ന റവ ഡോ. ജെ.ഡബ്ള്യൂ ഗ്ളാഡ്സനിൽ നിന്ന് അജപാലന ശുശ്രൂഷയിൽ പരിശീലനം ലഭിച്ച വൈദികൻ, ഹൈദരാബാദിലുള്ള ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇസ്ളാമിക ദൈവശാസ്ത്രത്തെ ആഴത്തിൽ മനസ്സിലാക്കിയ സംവാദകൻ… അദ്ദേഹത്തിനു വിശേഷണങ്ങൾ നിരവധിയാണ്.

ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുധവും, സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി മലബാർ മേഖലയിലെ ജനങ്ങളുടെ ആത്മീകവും, സാമൂഹികവുമായ സമഗ്ര പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഈ വൈദീകൻ “ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ”യിലെ ഒരു പട്ടക്കാരനാണ്. “മലബാർ ബൈബിൾ ഫെലോഷിപ്പി”നോടെ ചേർന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ താമസിച്ച് പ്രവർത്തിക്കുന്നു. എല്ലാ ക്രിസ്തീയ സഭകളുടെയും കൂട്ടായ്മയായ “എക്ളേസ്യ യുണൈറ്റഡ് ഫോറം” എന്ന സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ സഭൈക്യ പ്രവർത്തനങ്ങൾക്ക് മുമ്പന്തിയിൽ നിൽക്കുന്ന റവ. ജോൺസൺ തേക്കടയിലുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ.

❓ ഒരു വൈദികനായിരിക്കുമ്പോള്‍ തന്നെ സാമൂഹികപ്രവര്‍ത്തകനായും ഇസ്ലാം – ക്രൈസ്തവ സംവാദകനായും അറിയപ്പെടുന്ന വ്യക്തിയാണല്ലോ അങ്ങ്. വ്യത്യസ്തങ്ങളായ ഈ മൂന്നു മേഖലകളിലും പ്രവര്‍ത്തിക്കണം എന്നത് ഒരു ജീവിതാഭിലാഷമായിരുന്നോ ?

♦️പത്തനംതിട്ട തുമ്പമണില്‍നിന്നും മലബാറിലേക്ക് തൊഴിൽ സംബന്ധമായി കുടിയേറിയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഞാൻ ഒരു പട്ടക്കാരനാകുവാൻ വീട്ടുകാർക്ക് താൽപര്യം ഉണ്ടെന്നറിഞ്ഞിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ അൾത്താര ബാലനായിരിക്കുമ്പോഴാണ് വൈദികനാകാനുള്ള ആഗ്രഹം എന്നിലും ഉടലെടുക്കുന്നത്. 1983ല്‍ ചുങ്കത്തറ മാർത്തോമ കോളജില്‍ പഠിക്കുമ്പോഴാണ് “യൂണിയൻ ഓഫ് ഇവാഞ്ചലിക്കൽ സ്റ്റുഡൻ്റ്സ് ഓഫ് ഇന്ത്യ” എന്നാരു സംഘടനയുടെ ഒരു മീറ്റിംഗിൽ പങ്കെടുത്തത്. അവിടെവെച്ച് എൻ്റെ പാപമോചനത്തിനായി ക്രൂശിതനായ യേശു കർത്താവിലെ രക്ഷയെ വ്യക്തിപരമായി മനസ്സിലാക്കാൻ ഇടയായി. പിറ്റേവർഷം തിരുവല്ല കോളജിൽ നടന്ന ഒരു മിഷൻ കോൺഫറൻസിൽ വെച്ച് പൂർണ്ണസമയ പ്രേഷിത പ്രവർത്തനത്തിനായി സ്വയം സമര്‍പ്പിച്ചു. കലാലയ വിദ്യാഭ്യാസാനന്തരം “മദ്രാസ് ബൈബിള്‍ സെമിനാരിയില്‍” ചേര്‍ന്നു. സെമിനാരി പഠനത്തിൻെറ ഭാഗമായ പ്രാക്ടിക്കൽ പരിശീലനത്തിനായി “എവരി കമ്യൂണിറ്റി ഫോര്‍ ക്രൈസ്റ്റ് ” എന്ന പ്രസ്ഥാനത്തിൽ പ്രവര്‍ത്തിക്കുവാൻ കൊൽക്കത്തയിലേക്ക് എന്നെ അയച്ചു. അവിടെ വെച്ച് “ബ്രദേഴ്സ് ഓഫ് ചാരിറ്റി”യോട് ചേർന്നുള്ള പ്രവർത്തനത്തിൽ മദര്‍ തെരേസയെ അടുത്തറിയുവാൻ ഭാഗ്യം ലഭിച്ചു. ദിവ്യ സ്നേഹത്തിൽ ഊന്നിയുള്ള സാമൂഹികപ്രവര്‍ത്തനത്തിലൂടെ ജനകോടികളെ ആകര്‍ഷിച്ച മദറിനോടൊപ്പമുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹികപ്രവര്‍ത്തനത്തെക്കുറിച്ച് എനിക്കൊരു ദിശാബോധം തന്നത്. തുടർന്ന് ദൈവശാസ്ത്ര പഠനത്തിൻ്റെ ഭാഗമായി ഉപരിപഠനം നടത്തുമ്പോൾ പട്ടത്വം സ്വീകരിച്ച് മലബാർ മേഖലയിൽ മലബാർ ബൈബിൾ ഫെലോഷിപ്പിനോടൊപ്പം പ്രവർത്തനം ആരംഭിച്ചു.

മലപ്പുറം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കുശവ, ഗോത്ര വിഭാഗങ്ങളിലെ സഹോദരങ്ങളുടെ ഉന്നമനത്തിനായി അവരോടൊപ്പം പ്രവർത്തിക്കുമ്പോൾ തന്നെ എയിഡ്സ് ബോധവൽക്കരണ രംഗത്തും പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇക്കാലത്ത് എയിഡ്സ് ബോധവൽക്കരണത്തിനായി രണ്ടു നാടകങ്ങൾ രചിച്ച് തലശ്ശേരി അതിരൂപതയുടെ അംഗീകാരത്തോടെ എല്ലാ സ്കൂളുകളിലും അവതരിപ്പിക്കുകയും ചെയ്തു. അത് പിന്നീട് റേഡിയോ എഫ്.എം ബാൻ്റും ബ്രോഡ്കാസ്റ്റ് ചെയ്തു. ഇക്കാലയളവിൽ കണ്ണൂർ ജില്ലയിലെ എക്യൂമിനിക്കൽ പ്രവർത്തനങ്ങൾക്ക് അഭിവന്ദ്യ മാർ ജോർജ് വലിയമറ്റം പിതാവിൻ്റെയും മാർ വർഗീസ് ചക്കാലക്കൽ പിതാവിൻ്റെയും ആശീർവാദമുണ്ടായിരുന്ന്. തുടർന്ന് കണ്ണൂർ ജില്ലയിലെ പാനൂർ മേഖലയിൽ രാഷ്ട്രീയ കെലപാതകങ്ങൾ ഉണ്ടായപ്പോൾ അവിടെ സ്നേഹസംഗമ കൂട്ടായ്മകൾ നടത്തിയതും ഈ കാലയളവിൽ ആയിരുന്നു.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി കുടുംബങ്ങൾ ക്രിസ്തുവിൻ്റെ നിത്യരക്ഷയെ സ്വായത്തമാക്കി ക്രൈസ്തവ വിശ്വാസത്തിൻ്റെ ഭാഗമായി. ഇതിൻ്റെ പരിണിത ഫലമായി, ഒറീസയിലെ മിഷനറി റവ. ഗ്രഹാം സ്റ്റ്ൻസിനെയും പിഞ്ചോമനകളായ ഫിലിപ്പിനെയും, തിമൊത്തിയെയും ചുട്ടുകരിച്ചതിൻ്റെ പിറ്റേന്ന് എന്നെയും എൻ്റെ വിദ്യാർഥികളെയും കൊല്ലുവാൻ സുവിശേഷ വിരോധികൾ സംഘടിച്ചു, വടകരയിൽ വച്ച് എൻ്റെ മൂന്നു വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടൂ. എന്നെ എങ്ങനെയും കൊല്ലും എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻ്റെ ബിഷപ്പും അന്നത്തെ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന ഡോ. എസ്രാ സർഗുണം ഇവിടെ വരികയും ഞങ്ങളുടെ കളിയിക്കാവിളയിലുള്ള ഇ.സി.ഐ. തിയോളജികൽ സെമിനാരിയുടെ പ്രിന്‍സിപ്പലായി എന്നെ നിയമിക്കുകയും ചെയ്തു. അപ്പോഴേക്കും എം.എ സോഷ്യോളജിയും, എംഫിലും എം.റ്റി.എച്ചും. പി.എച്ച്ഡിയും പൂർത്തിയാക്കിയിരുന്നു. അവിടെ സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടത്. മലബാർ ബൈബിൾ ഫെലോഷിപ്പ് സ്ഥാപക പ്രസിഡൻ്റായിരുന്ന ബഹു. റവ പി.പി. തോമസ് അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചപ്പോൾ സഭ എന്നെ മലബാറിലേക്ക് അയച്ചു. അന്നു മുതൽ ഇവിടെ പ്രവർത്തിക്കുന്നു.

❓ സാമൂഹിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് എതെങ്കിലും അംഗീകാരം ലഭിച്ചിട്ടുണ്ടോ ?

♦️സാമൂഹിക മേഖലയിൽ എൻ്റെ പ്രവർത്തനങ്ങൾ പലനിലയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത എന്നെ ബാങ്കോക്കിൽ നടന്ന യു.എൻ.ഡി.പി (യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെൻ്റ് പ്രോജക്ട്) കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത 5 അംഗങ്ങളിൽ ഒരാളായി അയച്ചു. അവിടെ ഞാൻ അവതരിപ്പിച്ച പ്രബന്ധം ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു എന്നത് ദൈവനാമ മഹത്വത്തിനായി പറയട്ടെ. ഇപ്പോഴും നിരവധി സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.

❓ എന്തൊക്കെ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടപ്പാക്കിയത് ?

♦️സാമൂഹികക്ഷേമ രംഗങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആദിവാസി മേഖലകളിലുള്‍പ്പെടെ സർക്കാരിനോട് ചേർന്നു പ്രവര്‍ത്തിക്കുന്നു. ആദിവാസികള്‍ക്ക് നാടിനോടു ചേര്‍ന്നുള്ള കാടുകളില്‍ വീടു നിര്‍മിച്ച് അവരെ പുനരധിവസിപ്പിക്കുക എന്നൊരു പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. കൂടാതെ കാര്‍ഷിക മേഖലകളിലും പാറമടകളിലെ അസംഘടിത തൊഴിലാളികളുടെ ഇടയിലും പ്രവര്‍ത്തനങ്ങളുണ്ട്. വിദ്യാഭ്യാസം, വിവിധ തൊഴില്‍മേഖലകൾ, വിദേശത്തുള്ളവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലകൾ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവര്‍ത്തിക്കുന്നുണ്ട്. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് വാടക നല്‍കിയും, ചികിത്സ, നഴ്സിംഗ് പഠനസഹായം എന്നിവ നല്‍കിയും സാമൂഹികസേവനം നിർവ്വഹിക്കുന്നു. അഞ്ചുപേര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം ലഭിച്ചിട്ടുണ്ട്. വീടുവയ്ക്കാനുള്ള പണം ഇതുവരെ ലഭിച്ചിട്ടില്ല. അതിനായി സഹായം ലഭിക്കുന്നതിനനുസരിച്ച് വീടുകള്‍ വച്ചു നല്‍കും.
ഇവയ്ക്കു പുറമെ മലബാര്‍ മേഖലയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍, പേഴ്സണല്‍ കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, ഡീഅഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.

❓അച്ചനെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ അറിയപ്പെടുന്നതിനേക്കാള്‍ ക്രിസ്ത്യന്‍ – ഇസ്ലാമിക സംവാദമേഖലയിലാണല്ലോ ഏറെ കാണപ്പെടുന്നത്. എങ്ങനെയായിരുന്നു ഈ മേഖലയില്‍ എത്തിച്ചേര്‍ന്നത്?

♦️ ജനാബ് എം.എം. അക്ബര്‍ സാഹിബ് ഏറെ തിളങ്ങിനിന്ന 2000 മുതലുള്ള കാലയളവില്‍ “സ്നേഹസംവാദം” എന്ന പേരിൽ ജനങ്ങളെ വിളിച്ചുകൂട്ടി അവിടെ ക്രൈസ്തവ പുരോഹിതന്മാരേയും മറ്റും ക്ഷണിച്ച് വേദിയിലിരുത്തി ബൈബിളിനെയും ക്രൈസ്തവ ദൈവശാസ്ത്ര വിഷയങ്ങളെയും അദ്ദേഹം ഏറെ പരിഹസിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇത് എന്‍റെ ശ്രദ്ധയില്‍പെട്ടപ്പോള്‍ അക്ബറുടെ വാദങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ എനിക്ക് അറിവുണ്ടായിരുന്നു. കൂടാതെ ഞാൻ “ഹെൻട്രി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ” നിന്ന് ഇസ്ളാമിക വിഷയങ്ങളിൽ ഹയർ സ്റ്റഡി നടത്തിയിട്ടുമുണ്ട്.

ബാല്യം മുതൽ എൻ്റെ ഭൂരിഭാഗം സുഹൃത്തുക്കളും പരിചയക്കാരും അയൽ വാസകളുമെല്ലാം മുസ്ലിം മത വിശ്വാസികളായിരുന്നു. എന്നാൽ അക്കാലത്ത് അക്ബറുടെ ആശയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന ചിലർ ക്രിസ്തീയതയെ അവഹേളിക്കുകയും, തൽഫലമായി സാമൂഹിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തു. അപ്പോൾ ഇസ്ലാമതത്തില്‍നിന്നും ക്രിസ്തുവിശ്വാസം സ്വീകരിച്ച് മലബാറില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ അലവിയുമായി എനിക്ക് ഉണ്ടായിരുന്ന ബന്ധം കൂടുതൽ ഉറപ്പിച്ചു. കൂടാതെ ഇസ്ലാമില്‍നിന്ന് ക്രിസ്തുവിശ്വാസം സ്വീകരിച്ച അസ്ഗര്‍ അലി ഉത്തർപ്രദേശിൽ നിന്നും നിലമ്പൂരില്‍ വരികയും ഇസ്ലാമിക ദൈവശാസ്ത്രവും ഖുറാനും ഹദീസുകളും മറ്റ് ഗ്രന്ഥങ്ങളെക്കുറിച്ചും ആഴത്തില്‍ പഠിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

ഫാദര്‍ അലവിയില്‍നിന്നും അസ്ഗര്‍ അലിയില്‍നിന്നും ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിക വിഷയങ്ങള്‍ പൊതുവേദികളിൽ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്നു പഠിച്ചു. തുടർന്ന് “നിച്ച് ഓഫ് ട്രൂത്ത് ” എന്ന എം.എം. അക്ബറിൻ്റെ സംഘാടനയുടെ ആവശ്യപ്രകാരം അവരുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചു. അങ്ങനെ 2008 മേയ് 24ന് അക്ബറുമായി സംവാദത്തിന് തീയ്യതി നിശ്ചയിച്ചു. “ഖുറാനിലെ വഹി ദൈവികമോ? ബൈബിള്‍ ദൈവനിശ്വാസീയമോ?” എന്നതായിരുന്നു വിഷയം.

സംവാദത്തിന് മുന്നോടിയായി നടന്ന തയ്യാറെടുപ്പിനിടയിലാണ് ഇ.എ. ജബ്ബാര്‍ മാഷ്, അനില്‍ കുമാര്‍ അയ്യപ്പന്‍, ഡോ ഹുസൈന്‍, ഖുറാനില്‍ പി.എച്ച്.ഡി കഴിഞ്ഞ “ഡയറ്റി”ൻ്റെ ഡയറക്ടർ ആയി വിരമിച്ച ഡോ ഹനീഫ ഫറോക്ക്, അലി കാപ്പാട് തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ഫാ. അലവിയുടെ ബിശാരയിൽ വെച്ച് പരിചയപ്പെടുന്നത്. ഇവരെല്ലാം അക്ബറോടു സംവാദിക്കാന്‍ വേണ്ട പ്രസന്‍റേഷനുകള്‍ തയാറാക്കാന്‍ എന്നെ സഹായിച്ചു. ഖുറാനെക്കുറിച്ചുള്ള എന്‍റെ പ്രസന്‍റേഷനുകള്‍ എല്ലാം വളരെ ശക്തമാണെന്ന് തിരിച്ചറിഞ്ഞ എം.എം. അക്ബറും ടീമും സംവാദത്തിന് വരാതെ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറി.

സംവാദത്തിന് ക്ഷണിച്ചുകൊണ്ട് ഞാന്‍ അക്ബറിന് തുടരെ കത്തുകള്‍ എഴിതിക്കൊണ്ടിരുന്നു. ഒടുവില്‍ സഹികെട്ട് അക്ബര്‍, സംവാദ വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് സാഗര്‍ ഹോട്ടലില്‍ ഒത്തുകൂടാൻ തയ്യാറാണെന്ന് അറിയിച്ചു. വിവിധ ക്രൈസ്തവ സഭകളില്‍നിന്നുമുള്ള ഞങ്ങള്‍ 11 പേരും അക്ബർ സാഹിബിൻ്റെ പക്ഷത്തുനിന്ന് ഒമ്പതു ആളുകളും വന്നു. സംവാദത്തിൻ്റെ വിഷയം, ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ എന്നിവ ചർച്ചയായപ്പോൾ ഇബ്നു ഇഷാക്ക്, ഇബ്നു ഇഷാം എന്ന ആദ്യകാല ഇസ്ലാമിക പണ്ഡിതരുടെ ഗ്രന്ഥമായ ”സീറത്തുല്‍ റസൂല്‍” (റസൂലിന്‍റെ ജീവചരിത്രം) എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി സംസാരിക്കാൻ പാടില്ല എന്ന് അക്ബറും ആളുകളും ആവശ്യപ്പെട്ടു. ഖുറാനും രണ്ട് ഹദീസുകളും കൂടാതെ മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളോ ഹദീസുകളോ പാടില്ല എന്നും അവർ വാദിച്ചു. വിഷയത്തിന്‍റെ തലക്കെട്ട് തീരുമാനിക്കാൻ തന്നെ ചര്‍ച്ച മണിക്കൂറുകളോളം നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ സംവാദത്തിന് തയ്യാറാകാതെ അവർ രണ്ടാമതും രക്ഷപ്പെട്ടു. അതിനു ശേഷം ഞാനും ബ്രദര്‍ ജെറി തോമസും ചേർന്ന് ആദ്യ സംവാദം കോഴിക്കോട് നടത്തി. പിന്നീട് ”സാക്ഷി അപ്പോളജറ്റിക്സിൻ്റെ” ആവിർഭാവവും, ആ സംഘടനയുടെ നേതൃത്വത്തിൽ നിരവധി ഡീബേറ്റുകയും കേരളത്തിൽ നടത്തി.

2011ല്‍ മലബാറില്‍ എടക്കരയിൽ നടത്തിയ സമ്മേളനത്തിന് മുഹമ്മദ് ഈസയും കൂട്ടരും വന്ന് വലിയ ബഹളമുണ്ടാക്കി മീറ്റിംഗ് അലങ്കോലമാക്കാൻ ശ്രമിച്ചു, എന്നാൽ നല്ലവരായ മുസ്ലിം, ഹൈന്ദവ സഹോദരങ്ങൾ അതു തടയുകയും അവരെ താക്കീത് നൽകി വിടുകയും ചെയ്തു. എന്നാല്‍ ക്രൈസ്തവ പക്ഷത്തു നിന്നുള്ള പ്രതിരോധം ശക്തമായതോടെ എം.എം. അക്ബര്‍ “സ്നേഹസംവാദം” എന്ന സംവാദതന്ത്രങ്ങളില്‍ നിന്ന് പിന്മാറുന്ന കാഴ്ചയാണ് തുടർന്നു കണ്ടത്.

❓ ഇസ്ലാം _ ക്രൈസ്തവ സംവാധകൻ എന്ന നിലയില്‍ എന്തെങ്കിലും പ്രതികൂലങ്ങള്‍ അങ്ങ് നേരിടുന്നുണ്ടോ?

♦️വാസ്തവത്തില്‍ എനിക്ക് ശത്രുക്കളില്ല. എല്ലാവരും മിത്രങ്ങളാണ്. ചുറ്റുപാടുകളിലെല്ലാം എന്നെ അറിയുന്ന മുസ്ലിം സഹോദരങ്ങളാണ്. ഞാൻ ഒരിക്കലും ഇസ്ലാമിനെ വിമർശിക്കാറില്ല. അവരുടെ ആധികാരിക ഗ്രന്ഥത്തിൽ പറയുന്ന കാര്യങ്ങളെ കൃത്യമായും വ്യക്തമായും അവതരിപ്പിക്കുന്നു. അക്ബറുടെ സംവാദങ്ങൾ ക്രൈസ്തവ – മുസ്ളിം സാഹോദര്യം തകർക്കുന്നു എന്നു കണ്ടാണ് ഇതിനും തയ്യാറായത്. മുസ്ലിം സഹോദരങ്ങൾ എപ്പോഴും നന്മ ആഗ്രഹിക്കുന്നവരും, പുണ്യകർമ്മമാണ് ശ്രേഷ്ഠം എന്നു വിശ്വസിക്കുന്നവരുമാണ്. കൂടാതെ എൻ്റെ ഭാഷ്യം സ്നേഹത്തിൻ്റെയും ആദരവിൻ്റെയും, നന്മയുടെയും, രക്ഷയുടേതുമാണ്. ആരും നശിച്ചു പോകാതെ എല്ലാവരും രക്ഷാനുഭവം ഉള്ളവർ ആകണം എന്ന് സത്യസുവിശേഷം നമ്മൾ അറിയിക്കുന്നത് മുസ്ലിം സഹോദരങ്ങൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അവരുടെ വേദികളിൽ പ്രസംഗത്തിനായി എന്നെ സന്തോഷത്തോടെ ക്ഷണിക്കാറുണ്ട്. ഈ ആഴ്ചയും എന്നെ ക്ഷണിച്ചിട്ടുണ്ട്.

❓ കേരളത്തില്‍ പണ്ടെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ വ്യാപനം നടക്കുന്നുണ്ടല്ലോ, ഈ മേഖലയിൽ അങ്ങയുടെ പ്രവർത്തനങ്ങൾ ഏന്തെല്ലാമാണ് ?

♦️കേരളത്തിലെ ലഹരിവ്യാപനത്തിന്‍റെ ഗുരുതരാവസ്ഥ നേരിട്ടു കാണുന്ന ഒരു വ്യക്തിയാണ് ഞാന്‍. നമ്മുടെ അനേകം കുട്ടികള്‍ ഇന്ന് ലഹരിക്ക് അടികമളാണ്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് 2016ല്‍ ഒരു ഡീ അഡിക്ഷന്‍ സെന്‍റര്‍ ആരംഭിച്ചത്. ഇതിനായി കേരള പോലീസിലെയും എക്സൈസിലെയും ഉദ്യോഗസ്ഥരുടെ സഹായങ്ങളും ലഭിക്കുന്നുണ്ട്. 250 ഓളം പേര്‍ക്ക് താമസിക്കാനുള്ള വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൈക്യാട്രിസ്റ്റ് സിസ്റ്റര്‍ ഡോ ഷാന്‍റി മരിയ, ഡോ പ്രവീണ, ഡോ ബഞ്ചമിന്‍ ജോര്‍ജ്, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍, എക്സൈസ് ഓഫീസര്‍മാരായ റെജി തോമസ്, വര്‍ഗീസ് ചുങ്കത്തറ തുടങ്ങിയവരും കൂടെയുണ്ട്. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സുനില്‍ പുളിക്കന്‍, മനോജ് പറേട്ട് എന്നിവരും ഡീ അഡിക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട് ചെറുപ്രായം മുതൽ മദ്യം കഴിച്ചുതുടങ്ങുന്ന ആദിവാസി മേഖലകളിലെ കുട്ടികളെയും മദ്യത്തിന് അടിമകളായ 9,10 വയസുള്ള കുട്ടികളെയും ഈ സെന്‍ററില്‍ ചികിത്സനല്‍കി സാധാരണജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

വര്‍ഷത്തില്‍ പല പ്രാവശ്യങ്ങളിലായി ഞങ്ങളുടെ ഡീ അഡിക്ഷന്‍ സെന്‍ററില്‍ നാഷണല്‍ ഡിഫന്‍സ് റെസ്ക്യൂ ടീമും ഇലക്ഷനോട് അനുബന്ധിച്ച് ബി.എസ്.എഫ് ഫോഴ്സും താമസിക്കാന്‍ വരാറുണ്ട്. ഇവരുടെ താമസത്തിന് സെന്‍റര്‍ സൗജന്യമായിട്ടാണ് വിട്ടുനല്‍കാറുള്ളത്.

❓ ഈ മാസം അഞ്ചാം തീയ്യതി തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അങ്ങ് പ്രസംഗിച്ചതു കണ്ടു. ഏതു സംഘടനയുടെ നേതൃത്വത്തിലായിരുന്നു അച്ചന്‍ അവിടെ പങ്കെടുത്തത്

♦️ എക്ലേസ്യ യുണൈറ്റഡ് ഫോറം (ഇ.യു. ഫോറം) എന്നൊരു സംഘടന എല്ലാ ക്രൈസ്തവ സമൂഹത്തിന്‍റെയും സമഗ്രമായ കൂട്ടായ്മയും വളര്‍ച്ചയും ഉദ്ദേശിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നു. ആ സംഘടനയുടെ ചെയർമാൻ എന്ന നിലയിലാണ് അവിടെ ഞാൻ പ്രസംഗിച്ചത്.

❓ എക്ലേസ്യാ യുണൈറ്റഡ് ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു വിവരിക്കാമോ?

♦️ക്രൈസ്തവസഭയെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടുകയും സഭാവ്യത്യാസമില്ലാതെ എല്ലാവരേയും ഒരുമിപ്പിച്ച് നിര്‍ത്തി ക്രൈസ്തവ സമൂഹത്തിന്‍റെ പൊതുവായ നന്മയ്ക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ഇ.യു.ഫോറം ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ സഭകളുടെയും പങ്കാളിത്തത്തോടെയാണ് ഇ.യു. ഫോറം പ്രവര്‍ത്തിക്കുന്നത്. സംഘടനയ്ക്ക് പ്രധാനമായും മൂന്ന് ഘടകങ്ങളുണ്ട്. ബോര്‍ഡ് ഓഫ് ഗവേണേഴ്സ്, അഡ്വൈസറി ബോര്‍ഡ്, എക്സിക്യൂട്ടീവ് ബോർഡ് എന്നവയാണ് ഈ ഘടകങ്ങള്‍. കേരളത്തിലെ പല ജില്ലകളിലും വയനാട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ജില്ലാ കമ്മിറ്റികള്‍ നലവില്‍ വന്നു. ബാക്കി ജില്ലകളില്‍ പ്രവര്‍ത്തനം എത്രയും വേഗം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങൾ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments