Saturday, July 27, 2024
No menu items!
Homeചിന്തകൾജീവൻ്റെ വകഭേദങ്ങൾ

ജീവൻ്റെ വകഭേദങ്ങൾ

“ആളുകൾ കണ്ടു കണ്ടാണു സർ, കടലുകൾ ഇത്ര വലുതായത്” എന്നു കെ.ജി ശങ്കരപ്പിള്ള എഴുതിയത് തലതിരിഞ്ഞ ഒരു യുക്തിവിചാരമായിരുന്നില്ല. വിജനമായ കടൽത്തീരത്തുകൂടി ഏകനായി പ്രഭാതസവാരി നടത്തണം; കാണുംതോറും കടൽ വലുതാകുന്നതു കാണാം.

ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഇംഗ്ലണ്ടിൻ്റെ തെക്ക് പടിഞ്ഞാറുള്ള മൈൻഹെഡ് കടൽ തീരത്തുകൂടി ഞാൻ വെളുപ്പാൻ കാലത്ത് നടക്കുകയായിരുന്നു. വേനൽക്കാലമായതിനാൽ സൂര്യൻ നേരത്തെ ഉദിച്ചിരുന്നു, വെളിച്ചത്തിൻ്റെ ഉത്സവമാണ് എല്ലായിടത്തും. വേലിയിറക്കത്തെത്തുടർന്ന് കടൽ അകലേക്ക് പിൻവലിഞ്ഞിരിക്കുന്നു. കടലിൻ്റെ മണള്ള തണുത്ത കാറ്റ്, കണ്ണെത്താ ദൂരത്തോളം ചെളി നിറഞ്ഞ വിസ്തൃതമായ കടൽത്തിട്ട. ചെളിയിൽ കൊത്തിപ്പെറുക്കി നടക്കുന്ന വിവിധയിനം നീർക്കിളികൾ, ഒച്ചപ്പാടുകൾ…

ഹൃദയം സങ്കീർത്തനങ്ങളാൽ നിറയുന്നു. മധുരഗായകനായ ദാവീദിനൊപ്പം പാടണമെന്നുണ്ട് “കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു;അങ്ങയുടെ അദ്‌ഭുതപ്രവൃത്തി കണ്ട്‌ ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു” (92:4). സങ്കീർത്തനങ്ങൾ ആനന്ദഗീതങ്ങളായി പാടുവാനുള്ളവയാണെങ്കിലും നമുക്ക് സങ്കീർത്തനങ്ങളെ പറയാനല്ലേ കഴിയുന്നുള്ളു ! സങ്കീർത്തനങ്ങളെ മലയാള ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയവർ അവയെ പാട്ടുകളിലേക്ക് ആവാഹിച്ചില്ല. ഗദ്യശൈലിയാണ് പരിഭാഷകർ നൽകിയത്. പാക്കിസ്ഥാനി ക്രിസ്ത്യാനികൾ ഉറുദുവിൽ സങ്കീർത്തനം പാടുന്നത് കേട്ടിട്ടുണ്ട്. നൂറ്റമ്പത് സങ്കീർത്തനങ്ങളെയും മനോഹരമായി അവർ പാടും. അവരുടെ ഭക്തിയുടെ ഉറവിടം തന്നെ സങ്കീർത്തനങ്ങളാണ്. വേദനയിലും പീഡനങ്ങളിലും അവർ തബലയും ധോലക്കും കൊട്ടി സങ്കീർത്തനങ്ങൾ പാടി ആശ്വസിക്കുന്നു.

Then sings my soul,

my Savior God to Thee

How great Thou art,

how great Thou art

ഞാനും ഉറക്കെ പാടി, ദൈവമല്ലാതെ വേറെയാരും കേൾക്കാനില്ല.

സങ്കീർത്തനങ്ങളുടെ മഹനീയത ഉൾക്കൊണ്ട് കാൾ ബോബെർഗ് (Carl Boberg) സ്വീഡിഷ് ഭാഷയിൽ എഴുതിയ വരികളാണിവ. സ്റ്റുവർട്ട് ഹൈൻ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ ഈ ഗാനം ബില്ലി ഗ്രഹാം ക്രൂസേഡുകളിലൂടെ പ്രസിദ്ധമായി. അർത്ഥമറിഞ്ഞു പാടിയാൽ പദ്മോസിൻ്റെ ഏകാന്തതയിലെ യോഹന്നാനെപ്പോലെ ആത്മാനുഭൂതിയിലേക്ക് നമ്മെ കൈപിടിച്ചുയർത്താൻ പര്യാപ്തമാണ് ഈ ഗാനത്തിൻ്റെ ആശയതലം.

Oh Lord, my God

When I, in awesome wonder

Consider all the worlds Thy hands have made

I see the stars, I hear the rolling thunder

Thy power throughout the universe displayed…

കടൽത്തിട്ടയിൽ പറക്കുംതളിക പോലൊരു വസ്തു, അടുത്തുചെന്ന് നോക്കി; ജല്ലിഫിഷാണ്. വേലിയേറ്റത്തിൽ കരയിൽ കുടുങ്ങിയതാണ്. കടൽ ഉൾവലിഞ്ഞപ്പോൾ തിരിച്ചിറങ്ങാൻ കഴിയാതെ പോയ നിർഭാഗ്യവാൻ.

ഇവയിൽ അപകടകാരികളുണ്ട്. ചൈനക്കാരും ജപ്പാൻകാരും ചിലയിനങ്ങളെ തിന്നാറുണ്ടത്രെ. ഉണക്കി സൂക്ഷിച്ച് വച്ച്, പിന്നീട് വറുത്ത് തിന്നുന്നവരുമുണ്ട്.

കടൽ ജീവിയാണെങ്കിലും ജെല്ലി ഫിഷിന് കണ്ണില്ല, മൂക്കില്ല, തലച്ചോറില്ല, അസ്ഥികൂടമില്ല, രക്തമോ ഹൃദയമോ ഇല്ല; എങ്കിലും ചുറ്റുപാടുകളോട് പ്രതികരിക്കാൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രം.

50 മുതൽ 70 കോടി വർഷങ്ങളായി ഈ ഗ്രഹത്തിലെ കടൽവെള്ളത്തിൽ അന്തേവാസികളാണെന്നാണ് പറയപ്പെടുന്നത്. പരിണമിച്ച് മറ്റെന്തങ്കിലും ജീവിവർഗ്ഗം ആയിത്തീരാൻ കഴിയാതെപോയ നിർഭാഗ്യജന്മങ്ങൾ! വേലിയേറ്റത്തിൽ കരയിൽ പെട്ടുപോയ എത്രയോ പൂർവികർ ഈ ജല്ലി ഫിഷിനും ഉണ്ടായിരുന്നു കാണും! അതിജീവനത്തിനായി കാലുകൾ രൂപപ്പെട്ടില്ല, നീന്തിത്തുടിക്കാൻ ചിറകുകളില്ല; കരയിൽ പെട്ടുപോയാൽ ബെഥസ്ഥാ കുളക്കടവിലെ ദീനക്കാരേപ്പോലെ വേലിയേറ്റം കാത്തു കഴിയേണ്ട ഗതികേടാണ്. ജീവിക്കാൻ തുടങ്ങിയിട്ട് എഴുപത് കോടി കൊല്ലങ്ങൾ പിന്നിട്ടിരിക്കുന്നു! മുജ്ജന്മസുകൃതം ഇത്രമേൽ ഇല്ലാതെ പോയ മറ്റൊരു ഹതഭാഗ്യജന്മം ജീവിലോകത്തുണ്ടോ ? എന്തുകൊണ്ട് ജെല്ലി ഫിഷിനെ മാത്രം പരിണാമം ബാധിച്ചില്ല ? മാമത്തിന് തുമ്പിക്കൈ നീണ്ട അനിവാര്യതയും ജിറാഫിന് കഴുത്തു നീണ്ടതിന്നു പിന്നിലുള്ള അതിജീവനസിദ്ധാന്തവും ഇതേവരെ ജെല്ലി ഫിഷിനെ അനുഗ്രഹിച്ചിട്ടില്ല.

സൃഷ്ടാവിൻ്റെ കൈകൾ ഇല്ലായിരുന്നുവെങ്കിൽ ഈ ഭൂമിയിലുളള എല്ലാ ജീവജാലങ്ങളും ജെല്ലിഫിഷിൻ്റെ വകഭേദങ്ങളെപ്പോലെ കണ്ണില്ലാതെ ചെവിയില്ലാതെ തലച്ചോറും വായും ഇല്ലാതെ കടലിലും കരയിലുമായി പാടപിടിച്ച് കിടന്നേനെ. ഒന്നിനു മുകളിൽ ഒന്നായി അവർ വളർന്നു വ്യാപിക്കുമായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളില്ല, കാലാവസ്ഥാ വ്യതിയാനം ഇല്ല! നിത്യ കാലത്തോളം ഭൂമി ഗ്രീൻ പ്ലാനെറ്റായി നിത്യയൗവ്വനത്തിൽ തുടർന്നേനെ! എന്തു ചെയ്യാം മനുഷ്യൻ ഉണ്ടായി പോയല്ലോ. ഭൂമിയുടെ യൗവ്വനം വീണ്ടെടുക്കാൻ ഒരുവഴി മാത്രമേയുള്ളൂ എന്നാണ് VHEMT എന്ന അമേരിക്കൻ സംഘടന (The Voluntary Human Extinction Movement) പറയുന്നത്. തലമുറകളെ ജനിപ്പിക്കാതെ മനുഷ്യൻ സ്വയം ഭൂമുഖത്തു നിന്ന് പിന്മാറുക. കുഞ്ഞുങ്ങൾ ജനിക്കാതെ സാവധാനം ലോകം വൃദ്ധന്മാരേ കൊണ്ട് നിറയുന്നു. ഒടുവിൽ അവസാനത്തെ ഇലയും പൊഴിഞ്ഞു വീണ്, കടൽ തീരത്തിൻ്റെ വിജനതയിൽ ഒറ്റപ്പെട്ട ജെല്ലി ഫിഷിനെപ്പോലെ ഈച്ചയ്ക്കും പുഴുവിനും ഭക്ഷണമായിത്തീരുന്നു! സാംസ്കാരികമായി ഔന്നദ്ധ്യം പ്രാപിക്കുന്തോറും മനുഷ്യൻ, മനുഷ്യ വിരുദ്ധനാകുന്നു!

ഭൂമി ഈ മഹാപ്രപഞ്ചത്തിലെ open air museum ആണെന്നു ഒരു സുവിശേഷകൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ജീവൻ്റെ വകഭേദങ്ങളെ സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിന് മുന്നിൽ ജീവനെ തുറന്നു പ്രദർശിപ്പിച്ചിരിക്കുന്നു. ഏകകോശ ജീവി മുതൽ കാട്ടാനകളും നീലത്തിമിംഗലങ്ങളും വരെ ഇതിലുണ്ട്. തലച്ചോറും ഹൃദയവും അസ്ഥികൂടവുമില്ലാത്ത ജെല്ലിഫിഷ് മുതൽ എല്ലാം തികഞ്ഞ മനുഷ്യനും ഇക്കൂട്ടത്തിലുണ്ട്.

ജീവൻ എന്ന പ്രതിഭാസത്തെ ജീവിവർഗ്ഗത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ സൃഷ്ടാവിൻ്റെ മഹാത്ഭുതങ്ങളാണ് ഈ ഭൂമി നിറയെ. യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നതു പോലും ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായിരുന്നു. കേവല മനുഷ്യജീവനെ നിത്യജീവനായി (eternal life) പ്രഖ്യാപിക്കുകയായിരുന്നു ക്രിസ്തു. അതുവരെ മനുഷ്യന് അജ്ഞാതമായ ഒരു ജീവാവസ്ഥയായിരുന്നു നിത്യജീവൻ. ക്രിസ്തുവിൽ നിന്ന് മനുഷ്യൻ കേട്ട സദ്വാർത്ത നിത്യജീവനെക്കുറിച്ചായിരുന്നു.

സമയത്തിരകളിൽ ഒഴുകി മറയാൻ കാത്തിരിക്കുന്ന നരജന്മങ്ങളെ മധുര ഗായകനെപ്പോലെ ആനന്ദഗാനം പാടാൻ അവൻ പ്രാപ്തനാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments