Saturday, July 27, 2024
No menu items!
Homeചിന്തകൾസ്വീകാര്യമാകുന്ന യാഗാർപ്പണങ്ങൾ

സ്വീകാര്യമാകുന്ന യാഗാർപ്പണങ്ങൾ

സകലത്തിൻ്റെയും സൃഷ്ടാവായ ദൈവത്തിന് തങ്ങളുടെ അധ്വാനഫലങ്ങൾ അർപ്പിച്ചുകൊണ്ട് ആരാധിച്ച സഹോദരങ്ങളായിരുന്നു കയീനും ആബേലും. പൗരോഹിത്യ യാഗങ്ങളിലെ ഫലപ്രാപ്തിയുടെ കാലാതിവർത്തിയായ ദൃഷ്ടാന്തങ്ങളായി ഇവർ രണ്ടു പേരും ഇന്നും നിലകൊള്ളുന്നു.

ഉൽപ്പത്തി പുസ്തകം നാലാം അധ്യായത്തിലാണ് ബൈബിൾ ചരിത്രത്തിലെ ആദ്യ ബലിയർപ്പണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ദൈവം പ്രസാദിക്കുന്ന ബലിയും ദൈവം നിരസിക്കുന്ന ബലിയും എന്നിങ്ങനെ രണ്ടുവിധ ബലികളുണ്ടെന്ന് കയീൻ-ആബേൽ സഹോദരങ്ങളുടെ ബലിയർപ്പണത്തെ ആസ്പദമാക്കി തിരുവെഴുത്ത് സാക്ഷ്യപ്പെടുത്തുന്നു.

”’വിശ്വാസം മൂലം ആബേല്‍ കായീന്റേതിനെക്കാള്‍ ശ്രേഷ്‌ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പിച്ച കാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്ഷ്യം നല്‍കി” (ഹെബ്രായര്‍ 11:4).

ആബേൽ മൃഗബലി അർപ്പിച്ചതിനാലാണ് അയാളുടെ ബലി ദൈവത്തിന് സ്വീകാര്യമായതെന്നും കയീൻ കാർഷികോത്പന്നങ്ങൾ അർപ്പിച്ചതിനാലാണ് ദൈവം അതിൽ പ്രസാദിക്കാതിരുന്നതെന്നും പറയുന്നവരുണ്ട്. ആട്ടിടയൻ തൻ്റെ ആട്ടിൻകൂട്ടത്തിൽ നിന്നും കർഷകൻ തൻ്റെ കാർഷികോത്പന്നങ്ങളിൽ നിന്നും ശേഖരിച്ചവ സമർപ്പിച്ചുകൊണ്ട് ദൈവത്തെ ആരാധിച്ചു; ഇതിൽ കാർഷികോത്പന്നങ്ങൾ അർപ്പിച്ച ആൾ മാത്രം തെറ്റുകാരനാകുന്നത് എങ്ങനെ ?

യാഗാർപ്പണത്തിന് മൃഗബലി പോലെ സ്വീകാര്യമാണ് ധാന്യബലിയുമെന്ന് ലേവ്യ 2:6; 6:14; 7:9,10; 10:12,13 എന്നീ അധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇവർ യാഗാർപ്പണത്തിനായി തെരഞ്ഞെടുത്ത വസ്തുക്കൾ ആയിരുന്നില്ല ബലിയുടെ സ്വീകാര്യതയ്ക്കോ അസ്വീകാര്യതയ്ക്കോ കാരണമായതെന്ന് സ്പഷ്ടമാണ്. അപ്പോൾ കയീൻ്റെ യാഗം നിരസിക്കപ്പെടാനും ആബേലിൻ്റെ യാഗം സ്വീകരിക്കപ്പെടാനും എന്തായിരുന്നു കാരണം ?

യാഗം അർപ്പിക്കുന്ന വ്യക്തിയാണ് യാഗത്തിൻ്റെ സ്വീകാര്യതയുടെ അടിസ്ഥാന ഘടകമെന്ന് തിരുവെഴുത്തു പറയുന്നു! “ആബേലിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും” ദൈവം പ്രസാദിച്ചു. എന്നാല്‍ “കയീനിലും അവന്റെ കാഴ്‌ച വസ്‌തുക്കളിലും” അവിടുന്നു പ്രസാദിച്ചില്ല (ഉല്‍പത്തി 4:4-5).

ആബേൽ എന്ന വ്യക്തിയുടെ ജീവിതത്തിൽ ദൈവം പ്രസാദിച്ചതിനാലാണ് അയാൾ അർപ്പിച്ച ബലിയും സ്വീകാര്യമായത്. ആബേലിൻ്റെ ജീവിതത്തിൻ്റെ സ്വീകാര്യതയായിരുന്നു അയാളുടെ ബലിയുടെ സ്വീകാര്യതയുടെ പ്രധാന ഘടകം. കയീൻ്റെ ജീവിതം അസ്വീകാര്യമായിരുന്നതിനാൽ അയാളുടെ ബലിയും നിരാകരിക്കപ്പെട്ടു.

ബലിയർപ്പകൻ്റെ ജീവിതമാണ് ബലി വസ്തുവിനേക്കാളും ബലിവേദിയിൽ മുഖ്യഘടകമെന്ന് ഇവിടെ വ്യക്തമാകുന്നു.

“ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന് സ്വർഗ്ഗം സാക്ഷ്യപ്പെടുത്തുന്ന രണ്ട് സന്ദർഭങ്ങൾ ഈശോ മശിഹായുടെ ജീവിതത്തിൽ കാണാം. 30 വയസ്സുവരെ നസറത്തിലെ മരപ്പണിശാലയിൽ ഒരു തച്ചനായി അവിടുന്ന് സ്വകാര്യ ജീവിതം നയിച്ചു. കാലസമ്പൂർണ്ണതയിൽ ദൈവം മനുഷ്യനായി സ്ത്രീയിൽ നിന്നു ഭൂജാതനായതുപോലെ, കാലസമ്പൂർണ്ണതയിൽ യോർദ്ദാൻ നദിയിൽ വച്ച് അവിടുന്ന് ലോകത്തിന് വെളിപ്പെട്ടു. യോഹന്നാനിൽ നിന്ന് യോർദ്ദാൻ നദിയിൽ വച്ചു സ്നാനം സ്വീകരിച്ചയുടൻ സ്വർഗ്ഗം പ്രഖ്യാപിച്ചു “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്തായി 3:17). ഈശോമശിഹായുടെ സ്വകാര്യ ജീവിതം സ്വീകാര്യമാണെന്നു സ്വർഗ്ഗം സാക്ഷ്യപ്പെടുത്തി.

സുവിശേഷത്തിലെ തൊണ്ണൂറു ശതമാനം പ്രതിപാദ്യങ്ങളും ഈശോ മശിഹായുടെ പരസ്യ ജീവിതത്തിൻ്റെ ദൃക്സാക്ഷി വിവരണങ്ങളാണ്.

പരസ്യജീവിതത്തിൻ്റെ പരിസമാപ്തിയിൽ, താബോർ (?) മലമുകളിൽ വച്ച് രൂപാന്തരീകരണം സംഭവിക്കുന്ന വേളയിൽ “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന സാക്ഷ്യം സ്വർഗ്ഗത്തിൽ നിന്നു വീണ്ടും ഉണ്ടാകുന്നുവെന്ന് മത്തായി 17:5-ൽ വായിക്കുന്നു.

യാഗാർപ്പകൻ്റെ രഹസ്യവും പരസ്യവുമായ ജീവിതം ദൈവമുമ്പാകെ വിലയേറിയതാണെന്ന വസ്തുതയാണ് യേശുവിൻ്റെയും ആബേലിൻ്റെയും ജീവിതം നൽകുന്ന സാക്ഷ്യം.

മെൽക്കിസദേക്കിൻ്റെ ക്രമപ്രകാരം നിത്യപുരോഹിതനായ ക്രിസ്തുവിൻ്റെ ജീവിതത്തിൻ്റെ സ്വീകാര്യതയും (ഹെബ്രാ 4:15) ദൈവത്തിൻ്റെ കുഞ്ഞാടായ ക്രിസ്തുവിൻ്റെ നിഷ്കന്മഷ ജീവിതവും (1പത്രോസ് 1:19) ഒരു പോലെ സ്വീകാര്യമായതാണ് കാൽവരിയാഗം മറ്റേതൊരു യാഗത്തേയും അപേക്ഷിച്ച് അനന്യമായത്.

തൻ്റെ ബലിജീവിതത്തിൽ ക്രിസ്തു തൻ്റെ സന്തോഷത്തിന് യാതൊരു സ്ഥാനവും നൽകിയില്ല. “ക്രിസ്‌തു തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല” (റോമാ 15:3).

ബലിയർപ്പണത്തിൻ്റെ ലക്ഷ്യം സ്വയം സംപ്രീതനാകുന്നതിലല്ല, സകലത്തിൻ്റെയും നാഥനായ ദൈവത്തെ പ്രസാദിപ്പിക്കുന്നതിലാണ്. ഈ മഹനീയ യാഥാർത്ഥ്യമാണ് ക്രിസ്തുവും ആബേലും തങ്ങളുടെ ജീവിതത്തിലൂടെ വ്യക്തമാക്കിയത്.

തനിക്കോ ബലിയർപ്പണത്തിൽ പങ്കാളികളാകുന്നവർക്കോ സന്തോഷിക്കാൻ കഴിയുന്നില്ല എന്ന പരാതിയാണ് ചില പുരോഹിതർ ഇപ്പോൾ ഉയർത്തുന്നത്.

യാഗവേദി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ വേദിയല്ല; സമർപ്പണത്തിൻ്റെയും സ്വയം പരിത്യാഗത്തിൻ്റയും ഉറവിടമാണ്. സ്വയം പ്രസാദിക്കുന്നതിനും മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നതിനും വേണ്ടിയർപ്പിക്കുന്ന ബലികൾ കയീൻ്റെ ബലിയർപ്പണത്തിൻ്റെ പുനഃരാവിഷ്കാരങ്ങളാണ്.

“ഞങ്ങളുടെ കർത്താവേ, വിശ്വാസപൂർവ്വം ഞങ്ങൾ സ്വീകരിച്ച ദിവ്യരഹസ്യങ്ങൾ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കു കാരണമാകട്ടെ.

യുഗങ്ങളുടെ രാജാവായ മിശിഹായേ, നീ ദാസൻ്റെയും സ്രഷ്ടാവിൻ്റെയും സാദൃശ്യമാകുന്നു. നിന്നിൽ

വിശ്വസിച്ച സകലരുടെയും കറകളും കടങ്ങളും നിൻ്റെ ശരീരരക്തങ്ങളാൽ നിർമാർജ്ജനം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. നീ മഹത്വപൂർണ്ണനായി

പ്രത്യക്ഷപ്പെടുമ്പോൾ മനോവിശ്വാസത്തോടെ

നിന്നെ എതിരേൽക്കവാനും സ്വർഗ്ഗീയ ഗണങ്ങളോടു കൂടെ നിന്നെ സ്തുതിക്കുവാനും ഞങ്ങളെ

യോഗ്യരാക്കേണമേ. ആമേൻ!

(സീറോ മലബാർ വിശുദ്ധ കുർബാന തക്സാ, പേജ് 69)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments