മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ക” അന്തര്‍ദേശീയ അക്ഷരോത്സവത്തില്‍ പ്രമുഖ മലയാളം കവി വി. മധുസൂദനന്‍ നായര്‍ മഹാകവി കുമാരനാശാന്‍റെ കവിതകള്‍ പാരായണം ചെയ്യുന്ന വീഡിയോ കണ്ടു. ആശാന്‍ കവിതകളിലെ ഭാവതീവ്രതയൊട്ടും കുറയാതെയാണ് മധുസൂദനന്‍ നായർ കവിതാലാപനം നിർവ്വഹിച്ചത്. “വീണപൂവ്” എന്ന പ്രസിദ്ധമായ ആശാന്‍ കവിതയുടെ ആലാപത്തിനുശേഷം അദ്ദേഹം പറഞ്ഞ വാചകം ഒരു മഹാകാവ്യത്തിന്‍റെ അന്തസ്സാരം ഉള്‍ക്കൊള്ളുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു “സ്നേഹമാണ് സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്ന ഏക ആകാശയാനം”
ലോകമതങ്ങളും അതിലെ ഭക്തരുമെല്ലാം സ്നേഹയാനത്തിലേറി സ്വര്‍ഗ്ഗയാത്ര ചെയ്യുവാന്‍ മത്സരിക്കുന്നവരുടെ കൂട്ടമായിരുന്നെങ്കില്‍ ഈ ലോകം എത്രയോ സുന്ദരമായിരുന്നേനെ! നിര്‍ഭാഗ്യവശാല്‍ സ്നേഹത്തിന്‍റെ മഹത്വം തിരിച്ചറിയാതെ സ്വര്‍ഗ്ഗയാത്രചെയ്യാന്‍ വെമ്പല്‍ക്കൊള്ളുന്ന മതങ്ങളും മതഭക്തരും ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്നു. അക്രമത്തിന് ആക്കംകൂട്ടുന്ന മതങ്ങളുണ്ട്, ഭീകരവാദത്തിന് ഒളിത്താവളമൊരുക്കുന്ന മതങ്ങളുണ്ട്, വെറുപ്പിന്‍റെ വക്താക്കളായ മതപ്രസംഗകരുണ്ട്… പരലോകത്തെ നോക്കിക്കെതിക്കുന്ന മതഭക്തര്‍ പലരും സഹജീവികളെ ഭയപ്പെടുത്തുന്നതിനും വെറുക്കുന്നതിനുമാണ് ഇന്നു മത്സരിക്കുന്നത്!
റോമില്‍ വത്തിക്കാന്‍ ചത്വരത്തിന്‍റെ വടക്കേ കോണില്‍ ഒരു ശില്‍പ്പമുണ്ട്. “Angels Unawares” -അറിയപ്പെടാത്ത ദൂതന്മാര്‍- എന്നാണതിന്‍റെ പേര്. 105-ാമത് ലോക കുടിയേറ്റ, അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് (World Migrant and Refugee Day) 2019 സെപ്റ്റംബറിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഈ ശിൽപം അനാഛാദനം ചെയ്തത്. ഒരു ചെറിയ ബോട്ടില്‍ തിങ്ങിനിറഞ്ഞുനിന്നു യാത്രചെയ്യുന്ന 140 അഭയാര്‍ത്ഥികളാണ് ഈ ശില്‍പ്പത്തിലുള്ളത്. ആഗോളതലത്തില്‍ രാഷ്ട്രീയ, മത, വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ അഭയാര്‍ത്ഥികളായിപ്പോകാന്‍ വിധിക്കപ്പെട്ടവരെയാണ് ഈ ശില്‍പ്പത്തില്‍ സ്മരിക്കുന്നത്. “ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുണ്ട് ” എന്നു ഹെബ്രായ ലേഖനത്തില്‍ (13:2) എഴുതിയിട്ടുണ്ട്. ഈ വചനമാണ് പ്രസ്തുത ശില്‍പ്പസൃഷ്ടിക്കു പശ്ചാത്തലമായത്.
സ്നേഹയാനത്തിലേറിയാണ് സ്വര്‍ഗ്ഗയാത്ര ചെയ്യേണ്ടതെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഫ്രാൻസിസ് മാര്‍പാപ്പാ മുന്‍കൈയെടുത്താണ് ഈ ശില്‍പ്പം ഇവിടെ സ്ഥാപിച്ചത്. ഉണ്ണിയേശുവിനെയെടുത്ത് അഭയാര്‍ത്ഥികളായി ജോസഫും മേരിയും ഈജിപ്തിലേക്ക് പലായനം ചെയ്തതിനെയും റോമാക്കാരുടെയും ഹിറ്റ്ലറുടെയും പീഡനത്തില്‍നിന്ന് രക്ഷനേടാന്‍ ലോകംമുഴുവന്‍ അലഞ്ഞ ഇസ്രായേല്‍ ജനത്തെയും സിറിയന്‍ അഭയാര്‍ത്ഥികളെയുമെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ശില്‍പ്പം.
അഭയാര്‍ത്ഥികളായി വരുന്നവരില്‍ ആരാലും തിരിച്ചറിയപ്പെടാത്ത ദൂതന്മാരുണ്ടെന്ന വചനത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് അഭയാര്‍ത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ യൂറോപ്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. മരണച്ചുഴിയില്‍ ആടിയുലയുന്ന ബോട്ടുകളില്‍ ഭാഗ്യംകൊണ്ടു മാത്രം യൂറോപ്പിന്‍റെ തീരംതൊട്ടവരിൽ പലരും പിന്നീട് മരണത്തിന്‍റെ ദുതന്മാരായി മാറി. അക്രമങ്ങളും ഭീകരതയുമായി ഇക്കൂട്ടരില്‍ പലരും യൂറോപ്പിന് തലവേദനസൃഷ്ടിക്കുമ്പോഴും അതിന്‍റെ പേരില്‍ മാര്‍പാപ്പാ വിമര്‍ശനം നേരിടുമ്പോഴും സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയ്ക്ക് സ്നേഹത്തിന്‍റെ യാനമേയുള്ളൂ എന്ന് സന്ദേശമാണ് ക്രൈസ്തവസഭ ധീരമായി പ്രഖ്യാപിക്കുന്നത്. ഈശോ പഠിപ്പിച്ച സ്നേഹത്തിന് സാക്ഷിയായതിന്‍റെ ഫലമായി ഇന്ന് യൂറോപ്പ് പീഡനമേല്‍ക്കുന്നു. പീഡനപർവ്വത്തിലും ശത്രുവിനെ സ്നേഹിക്കാതിരിക്കാന്‍ സഭയ്ക്കു കഴിയില്ല. പിതാവിന്‍റെ ഏകജാതനില്‍നിന്ന് സഭ ദര്‍ശിക്കുന്നതും അനുഭവിക്കുന്നതും സ്നേഹത്തിന്‍റെ പ്രമാണമാണ്.
ത്രിത്വാധിഷ്ഠിതമായ ക്രൈസ്തവ ദൈവവിശ്വാസം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ബിഷപ് കലിസ്റ്റസ് വെയര്‍ (Bishop Kallistos Ware) തെളിയിക്കുന്നത് ദൈവം സ്നേഹമാകുന്നു എന്ന വചനത്തെ ആസ്പമാക്കിയാണ്. സ്നേഹത്തിന്‍റെ മൂര്‍ത്തീരൂപമായി ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന് പ്രപഞ്ചത്തിൽ ഒരു ഒറ്റയാനായി നില്‍ക്കാന്‍ കഴിയില്ല. സൂര്യന്‍റെ കേന്ദ്രത്തില്‍നിന്ന് ചൂടും പ്രകാശവും ഊര്‍ജ്ജവും പുറപ്പെടുന്നതുപോലെ ദൈവികസത്തയില്‍നിന്നു ബഹിര്‍ഗമിക്കുന്നത് സംശുദ്ധമായ സ്നേഹമാണ്. “സത്തയില്‍ പിതാവിനോടു സമനായ പുത്രൻ” ഈ സ്നേഹത്തിന്‍റെ സാരാംശമാണ് മനുഷ്യാവതാരത്തില്‍ വെളിപ്പെടുത്തിയത്.
ദൈവം സ്നേഹം ആകുന്നു (1 യോഹ 4:7,8). ഈ സ്നേഹപ്രവാഹത്തിനു മറ്റൊന്നിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ മാത്രമേ അവിടെ സ്നേഹഗുണം നിലനിൽക്കുകയുള്ളൂ. സ്നേഹത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളില്‍ “ഞാനും നിങ്ങളും” (I and Thou) ഉണ്ടായിരിക്കണം. സ്നേഹത്തിന്‍റെ ചാലകശക്തി കൂട്ടായ്മയാണ്. നിത്യതയില്‍ ദൈവിക കൂട്ടായ്മയിലെ പങ്കുവയ്ക്കലില്‍ I and Thou ആയി നിലനിന്നത് മൂന്ന് വ്യക്തികളായിരുന്നു. “ഞാനും നിങ്ങളു”മായി നിലനില്‍ക്കുന്ന ദൈവിക ഏകത്വത്തെ സഭ വിളിച്ചത് “പരിശുദ്ധത്രിത്വം” എന്നാണ്. പിതാവായ ദൈവം പുത്രനെയും ആത്മാവിനെയും സ്നേഹത്തില്‍ അറിയുന്നു. പുത്രനായ ദൈവം പിതാവിനെയും ആത്മാവിനെയും സ്നേഹത്തില്‍ അറിയുന്നു, ആത്മാവായ ദൈവം പിതാവിനെയും പുത്രനെയും സ്നേഹത്തില്‍ അറിയുന്നു. മാര്‍ ബാബായി ക്രിസ്തുശാസ്ത്രത്തില്‍ പറയുന്നത് ദൈവമെന്ന മൂന്നു മഹാപ്രകാശങ്ങളെക്കുറിച്ചാണ്. “പ്രകാശം, പ്രകാശം, പ്രകാശം – മഹാപ്രകാശം” ഏകത്വത്തിൽ നിലകൊള്ളുന്ന മൂന്നു പ്രകാശങ്ങളാണ് ദൈവം. ത്രിത്വത്തിൽ നിന്നും സ്ഫുരണം ചെയ്യുന്നത് സ്നേഹത്തിൻ്റെ പ്രകാശമാണ്. സ്നേഹം, സ്നേഹം, സ്നേഹം -മഹാസ്നേഹമാണ് ത്രിത്വം.
തന്‍റെ സ്നേഹം തന്നില്‍തന്നെ നിലനിന്നാല്‍മതി, അത് പങ്കുവയ്ക്കേണ്ടതില്ലെന്ന് ആരു കരുതിയാലും അത് ആ വ്യക്തിത്വത്തിന്‍റെ മരണമാണെന്ന് ബിഷപ് കലിസ്റ്റസ് ഓര്‍മ്മിപ്പിക്കുന്നു. സ്വയത്തെ മാത്രമേ ഒരു വ്യക്തി സ്നേഹിക്കൂ എന്നു പറയുമ്പോള്‍ സ്നേഹത്തിന്‍റെ നിഷേധമാണവിടെ സംഭവിക്കുന്നത്. ഈ അവസ്ഥയെയാണ് ഇരുട്ടെന്നും നരകമെന്നും വിളിക്കുന്നത്. ദൈവത്തില്‍ ബഹുത്വമുണ്ടാകുമ്പോള്‍ സ്നേഹം പങ്കുവയ്ക്കപ്പെടുന്നു. പങ്കുവയ്ക്കപ്പെടുന്ന സ്നേഹത്തിനു മാത്രമേ ശാശ്വതമായി നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അപ്പോള്‍ മാത്രമേ ദൈവം സ്നേഹമാകുന്നു എന്ന ദൈവവചനത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളൂ.
“എന്‍റെ പിതാവിന്‍റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു” എന്നാണ് ഈശോമശിഹാ പറഞ്ഞത് (യോഹ 8:38). പിതാവിന്‍റെ സന്നിധിയില്‍ ദൃശ്യവേദ്യമായ സ്നേഹത്തിന്‍റെ പ്രതിഫലനമായിരുന്നു പിതാവിന്‍റെ ഏകജാതനിൽ (യോഹ 1:14) ശിഷ്യന്മാര്‍ കണ്ട മഹത്വം. പിതാ, പുത്ര, പരിശുദ്ധാത്മാവായ ത്രീയേകദൈവത്തിന്‍റെ അതിപരിശുദ്ധമായ സ്നേഹക്കൂട്ടായ്മയാണ് നിത്യത. ഈശോ മശിഹാ മനുഷ്യനു വെളിപ്പെടുത്തിയത് നിത്യതയില്‍ താന്‍ അനുഭവിച്ചുകൊണ്ടിരുന്ന സനാതനസ്നേഹത്തിന്‍റെ ഒരംശമായിരുന്നു.
ത്രിത്വത്തിലെ മറ്റൊരു സവിശേഷഗുണം ഈശോ വെളിപ്പെടുത്തിയത് നോക്കുക. പ്രപഞ്ചസൃഷ്ടാവ് ഭൂമിയില്‍ മനുഷ്യരുടെ ഇടയില്‍ അറിയപ്പെട്ടത് “ദാസന്‍ – Servant എന്ന പേരിലായിരുന്നു. മനുഷ്യവംശത്തിനായി കഷ്ടതയേറ്റ ദാസന്‍. ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസൻ്റെ രൂപം സ്വീകരിച്ചു എന്നത് ക്രിസ്തുപ്രകൃതിയുടെ മഹത്തായ പ്രത്യേകതയായി തിരുവചനം എടുത്തുപറയുന്നു (ഫിലി 2:6-8). തിരുസ്സഭയെന്ന തന്‍റെ ശരീരത്തെ പരിപാലിച്ചു നടത്താന്‍ ഈശോമശിഹാ അയച്ചത് ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവും അറിയപ്പെടുന്നത് സഹായകന്‍ – Helper എന്നാണ് (യോഹ 14:26). ദാസത്വം (servanthood) എന്നത് ത്രിത്വദൈവത്തിലെ മഹനീയമായ സ്വഭാവമാണ്. ത്രിത്വത്തില്‍ പരിലസിക്കുന്ന ഈ ദാസബോധം സഭയും ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ കത്തോലിക്കാ സഭയാണ്. മറ്റ് പല ക്രൈസ്തവ സഭകളും സംഘടനകളും ക്രൈസ്തവികതയെ ലോകത്തില്‍ അവതരിപ്പിക്കുന്നത് ചാരിറ്റിയിലൂടെയാണ്.
ത്രിത്വവിശ്വാസത്തെ പിന്‍പറ്റുന്നവര്‍ക്ക് ദീനാനുകമ്പയില്‍ മുഴുകാതിരിക്കാന്‍ കഴിയില്ല. വാസ്തവത്തില്‍ സഭയിലൂടെ വെളിപ്പെട്ട ത്രിത്വവിശ്വാസത്തിന്‍റെ പ്രതിഫലനങ്ങളാണ് ഓരോ ചാരിറ്റബിള്‍ സംഘടനയിലൂടെയും വെളിവാകുന്നത്. പരിശുദ്ധ ത്രിത്വവിശ്വാസത്തിലൂടെയേ മനുഷ്യസമൂഹത്തിന് മുന്നേറുവാന്‍ കഴിയൂ എന്നതിന്‍റെ ചരിത്രസാക്ഷ്യമാണ് രണ്ടായിരം വര്‍ഷമായി മനുഷ്യവംശത്തോടൊപ്പം സഞ്ചരിക്കുന്ന ക്രൈസ്തവസഭ ഉയര്‍ത്തിപ്പിടിക്കുന്ന ഉപവി പ്രസ്ഥാനങ്ങൾ. സഭയുടെ ചാരിറ്റബിള്‍ സ്വഭാവത്തെ ഇന്നു പലരും മാതൃകയാക്കുന്നുണ്ട്.
പരിശുദ്ധ ത്രിത്വത്തെ ധ്യാനിക്കുന്നതിനെയാണ് സഭാപിതാവായ മാര്‍ അത്തനേഷ്യസ് ദൈവശാസ്ത്രമെന്നു വിളിച്ചത്. ത്രിത്വത്തില്‍ ദൈവശാസ്ത്രം പൂര്‍ണ്ണമാണെന്ന് അത്തനേഷ്യസ് പിതാവ് പഠിപ്പിച്ചു. “എല്ലാ ദൈവശാസ്ത്രവും ത്രിത്വത്തില്‍നിന്ന് ആരംഭിക്കുന്നതും ത്രിത്വത്തിലേക്കു നയിക്കുന്നതുമായിരിക്കണം. ത്രിത്വാത്മകമാണ് എന്നു പറയുന്നതുകൊണ്ടു തന്നെ ദൈവശാസ്ത്രം മിശിഹാകേന്ദ്രീകൃതവും റൂഹാകേന്ദ്രീകൃതവുമാണ്. ദൈവശാസ്ത്രത്തിനു പറയുവാനുള്ളത് പിതാവിനെക്കുറിച്ചും ഈശോയെക്കുറിച്ചും റൂഹായെക്കുറിച്ചുമാണ്” (ദൈവശാസ്ത്രത്തിന് ഒരു ആമുഖം, ഡോ ജോസഫ് കല്ലറങ്ങാട്ട്, സിസ്റ്റര്‍ സോഫി റോസ്, പേജ് 64). ക്രൈസ്തവദൈവശാസ്ത്രം ത്രിത്വകേന്ദ്രീകൃതമാണ്. ആരാധനാ ജീവിതത്തിലും വ്യക്തിജീവിതത്തിലും നിലനില്‍ക്കുന്ന ത്രിത്വവിശ്വാസമാണ് സഭയുടെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിന്മേലാണ് സഭയുടെ സ്നേഹസാമ്രാജ്യം നിലനില്‍ക്കുന്നത്. ഈ അടിസ്ഥാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന എന്തെങ്കിലും സഭയുടെ മാനുഷികനേതൃത്വത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു തെറ്റെന്നു മനസ്സിലാക്കുവാനും തിരുത്തുവാനും ക്ഷമചോദിക്കേണ്ടിടത്ത് ക്ഷമചോദിക്കുവാനും സഭയെ പ്രേരിപ്പിച്ചത് ക്രിസ്തുവിന്‍റെ സ്നേഹം സഭയെ നിര്‍ബന്ധിക്കുന്നതുകൊണ്ടാണ്.
സ്നേഹത്തിനും ഉപവിക്കും പ്രാധാന്യം നല്‍കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞോ അറിയാതെയോ ത്രിത്വവിശ്വാസത്തിന്‍റെ ഭാഗമാണ്. സ്നേഹരഥമേറി സഞ്ചരിക്കുന്നവരേ സ്വര്‍ഗ്ഗത്തിൻ്റെ തീരത്ത് എത്തിച്ചേരുകയുള്ളൂ എന്നതാണ് ത്രിത്വത്തിൻ്റെ തിരുനാളിൻ്റെ സന്ദേശം.
See insights
All reactions:
33George Kallivayalil, Mathews Mathew and 31 others