Thursday, May 30, 2024
No menu items!
Homeചിന്തകൾയേശുക്രിസ്തുവിൻ്റെ പുനഃരാഗമനവും ക്രൈസ്തവ വിശ്വാസവും

യേശുക്രിസ്തുവിൻ്റെ പുനഃരാഗമനവും ക്രൈസ്തവ വിശ്വാസവും

“നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍” കൊറിന്തോസ് സഭയോടുള്ള പൗലോസിന്‍റെ അന്തിമ ആഹ്വാനം ഇപ്രകാരമായിരുന്നു. (2 കൊറി 13:5). ക്രിസ്തുസംഭവങ്ങള്‍ നടന്നിട്ട് ഏതാണ്ട് കാല്‍ നൂറ്റാണ്ടിനുള്ളില്‍, എഡി 50-കളില്‍ പൗലോസ്, തന്‍റെ രണ്ടാം മിഷനറിയാത്രയില്‍ സ്ഥാപിച്ചതാണ് കൊറിന്തിലെ സഭ. കാല്‍നൂറ്റാണ്ടു മുമ്പു നടന്ന രക്ഷാകരസംഭവങ്ങളെ അംഗീകരിച്ചാല്‍ മാത്രംമതി, അവർക്ക് വിശ്വാസത്തിൽ നിലനിൽക്കാമായിരുന്നു. “വിശുദ്ധലിഖിതങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാം നാള്‍ ഉയര്‍പ്പിക്കപ്പെടുകയും ചെയ്തു” (1 കൊരി 15) എന്നുള്ള സുവിശേഷ പ്രബോധനത്തിന് ദൃക്സാക്ഷികളായവരെ സംബന്ധിച്ച് വിശ്വസിക്കാന്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല. എല്ലാം കണ്മുന്നില്‍ നിറവേറിയ ചരിത്രസംഭവങ്ങള്‍. ഈ പശ്ചാത്തലത്തില്‍ ജീവിച്ച വ്യക്തികളോടാണ് “നിങ്ങള്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍” എന്നു പൗലോസ് ആവശ്യപ്പെടുന്നത്.

എഡി 50കളില്‍ ചേര്‍ന്ന ആദ്യത്തെ ജെറുസലേം കൗണ്‍സില്‍ (അപ്പ പ്രവൃത്തികള്‍ 15) അപ്പൊസ്തൊല പ്രമുഖരുടെ നേതൃത്വത്തില്‍ കൂടിച്ചേര്‍ന്നപ്പോള്‍ ക്രിസ്തുവിജ്ഞാനീയം സംബന്ധിയായി പ്രത്യേകിച്ച് പ്രസ്താവനകൾ യാതൊന്നും അവര്‍ക്ക് നടത്തേണ്ടതായി വന്നില്ല. പരിശുദ്ധത്രീത്വത്തില്‍ ഒരുവനായ വചനമായ ദൈവം മനുഷ്യാവതാരം ചെയ്തതും അവിടുന്ന് നിത്യദൈവമായിരിക്കെ പരിപൂര്‍ണ്ണ മനുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു എന്നിങ്ങനെയുള്ള വിഷയങ്ങളിലൊന്നും സംശയമില്ലാത്ത അപ്പൊസ്തൊലന്മാരുടെ സാന്നിധ്യം നിറഞ്ഞുനിന്ന ആദിമസഭയിലെ അംഗങ്ങള്‍ക്ക് ഈശോമശിഹായെ സംബന്ധിച്ച് എന്തെങ്കിലും അവിശ്വാസം രൂപപ്പെടുകയെന്നത് അസാധ്യമായ കാര്യമായിരുന്നു. അത്രമേല്‍ അവരുടെ കണ്‍മുന്നില്‍ നടന്ന വസ്തുതകളായിരുന്നുവല്ലോ ക്രിസ്തുവില്‍ നിറവേറിയ രക്ഷാകരസംഭവങ്ങള്‍. ഇപ്രകാരമൊരു കാലഘട്ടത്തിലാണ് നിങ്ങള്‍ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ പൗലോസ് ആവശ്യപ്പെടുന്നത്. “ക്രിസ്തുവിന്‍റെ മഹത്വം കണ്ട സാക്ഷികളെന്ന” ശക്തമായ അവബോധമായിരുന്നു (2 പത്രോസ് 1:16) ആദിമസഭയുടെ കരുത്ത്.

ക്രിസ്തുസംഭവങ്ങള്‍ക്കു ശേഷം ഇപ്പോള്‍ രണ്ടായിരം കൊല്ലം പിന്നിട്ടിരിക്കുന്നു. ക്രിസ്തുവിജ്ഞാനീയവും ഇതര ദൈവശാസ്ത്ര ശാഖകളും ഈ നൂറ്റാണ്ടിലും ഏറെ കരുത്താർജ്ജിച്ച് നില്‍ക്കുന്നു. 21 നൂറ്റാണ്ടുകളിലൂടെയുള്ള ക്രൈസ്തവ ദൈവശാസ്ത്ര വികാസപരിണാമങ്ങളുടെ എല്ലാവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടുള്ള തലമുറയാണ് ഇന്നുള്ളത്. ആദിമസഭയ്ക്ക് അജ്ഞാതമായ പല അറിവുകളും ഇന്ന് വർത്തമാനകാല സഭ ആര്‍ജ്ജിച്ചെടുത്തിരിക്കുന്നു. ക്രിസ്തുസംബന്ധിയായി ലോകം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിഖ്യായിലും കോണ്‍സ്റ്റാന്‍ഡിനോപ്പിളിലം എഫേസോസിലുമായി സമ്മേളിച്ച സൂന്നഹദോസുകള്‍ വ്യക്തതവരുത്തുകയും സഭ ആ വിശ്വാസ പ്രഖ്യാറ്റങ്ങൾ അനുദിനം ഏറ്റുചൊല്ലുകയും ചെയ്യുന്നു. ത്രിത്വവിശ്വാസികളായ ഇന്നത്തെ സാധാരണ ക്രൈസ്തവരില്‍ പോലും ആദിമസഭയ്ക്ക് തുല്യമായ വിശ്വാസബോധ്യങ്ങള്‍ പാരമ്പര്യ ആചാരങ്ങളുടെയും വിശ്വാസപ്രമാണത്തിന്‍റെയും രൂപത്തില്‍ രൂഢമൂലമായിരിക്കുന്നു. സഭ ലോകത്തിന്‍റെ പ്രകാശമായി മനുഷ്യവര്‍ഗ്ഗത്തിന്‍റെ സമൂലമായ നവീകരണത്തിനും വിമോചനത്തിനുമായി പ്രവര്‍ത്തിച്ച് മുന്നേറുന്നു. നിത്യജീവന്‍റെ സുവിശേഷം ലോകത്തിന്‍റെ അറ്റത്തോളം എത്തിക്കാൻ യത്നിച്ചു കൊണ്ട് സത്യവിശ്വാസത്തിനുവേണ്ടി രക്തസാക്ഷിളാകാന്‍ പോലും മടിക്കാത്ത വിധത്തില്‍ അനേകായിരം മിഷനറിമാര്‍ ഇന്നുണ്ട്. ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ച് സുവിശേഷസന്ദേശം ലോകത്തില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ കാലത്തും പൗലോസിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ നമ്മെ ഉണർത്തേണ്ടതുണ്ട് ”നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍”

ക്രിസ്തുവിശ്വാസത്തിന് ആധാരമായി നില്‍ക്കുന്ന സംഗതി എന്താണ്?

ഭൂതകാല ക്രിസ്തുസംഭവങ്ങളോ ഭാവികാലത്ത് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളോ?

ഈശോമശിഹായില്‍ പൂര്‍വ്വകാലത്ത് സംഭവിച്ച രക്ഷാകരസംഭവങ്ങൾ വിശ്വാസത്തിന്‍റെ ഭാഗമെന്നതോടൊപ്പം അത് ചരിത്രത്തിന്‍റെ ഭാഗംകൂടിയാണ്. ചരിത്രസംഭവങ്ങളെ വിശ്വസിക്കുക എന്നതിനേക്കാള്‍ അംഗീകരിക്കുക മാത്രം മതി. “യേശു ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ് “. ഈ വസ്തുത ലോകത്തിന് ചോദ്യംചെയ്യാന്‍ കഴിയാത്തവിധം ചരിത്രബന്ധിയാണ്. “പൊന്തിയൂസ് പീലാത്തോസിന്റെ നാളുകളിൽ; ഞങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ട്; കഷ്ടതയനുഭവിച്ച് മരിച്ച് അടക്കപ്പെട്ട്…” എന്ന നിഖ്യാ വിശ്വാസ പ്രമാണത്തിലെ പ്രസ്താവനയിലൂടെ ക്രിസ്തുസംഭവങ്ങളെ പിതാക്കന്മാർ ചരിത്രത്തോട് ചേർത്ത് ആണിയടിച്ച് ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഒരു ചരിത്ര യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്ന ലാഘവത്തോടെ ക്രിസ്തുവില്‍ നിറവേറിയ ഭൂതകാല രക്ഷാകരസംഭവങ്ങളെ ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നു. എന്നാൽ ഈ ചരിത്രയാഥാര്‍ത്ഥ്യത്തിൽ ഉൾക്കൊള്ളുന്ന ആത്മീയ അർത്ഥം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ അനേകരും കൂട്ടാക്കുന്നില്ല എന്നുമാത്രം.

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്” (ഹെബ്രാ 11:1). ദൈവവചനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതും ഇതുവരെ സംഭവിച്ചിട്ടില്ലാത്തതുമായ കാര്യങ്ങള്‍ സംഭവിക്കും എന്നതാണ് വിശ്വാസത്തിന് ആധാരമായിരിക്കുന്ന സംഗതികൾ. ഇവിടെയാണ് യേശുക്രിസ്തുവിന്‍റെ രണ്ടാം വരവില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള ജീവിതം ക്രിസ്തുവിശ്വാസത്തിന്‍റെ കേന്ദ്രമായി മാറുന്നത്.

“അവന്‍ ആകാശത്തിലേക്കു പോകുന്നത് അവര്‍ നോക്കിനില്‍ക്കുമ്പോള്‍, വെള്ളവസ്ത്രം ധരിച്ച രണ്ടുപേര്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു : അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെതന്നെ തിരിച്ചുവരും” (അപ്പ പ്രവൃത്തി 1:10,11)

“ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും, ആമേന്‍” (വെളിപ്പാട് 1:7).

ആദത്തില്‍നിന്ന് ഏഴാംതലമുറക്കാരനായ ഹെനോക്ക് പ്രവചിച്ചതായി യൂദാ ലേഖനത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ് “കണ്ടാലും, കര്‍ത്താവ് തന്‍െറ വിശുദ്ധരുടെ പതിനായിരങ്ങളോടുകൂടെ ആഗതനാകുന്നു” (വാക്യം 14).

ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ അവിടുത്തെ രണ്ടാമത്തെ വരവുവരെയുള്ള കാലഘട്ടം എല്ലാ ക്രിസ്തുവിശ്വാസികള്‍ക്കും ഏറെ വെല്ലുവിളി നിറഞ്ഞ കാലയളവുതന്നെയാണ്. ഓരോ കാലഘട്ടത്തിലെയും വിശ്വാസികള്‍ തങ്ങളുടെ കാലഘട്ടത്തിനു യോഗ്യമായ വിധത്തില്‍ ഈ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. ശാരീരിക പീഡനത്തിൻ്റെ മധ്യേ ഈ വെല്ലുവിളി നേരിട്ടവരും ബൗദ്ധികതലത്തില്‍ ഈ വെല്ലുവിളി നേരിട്ടവരുമുണ്ട്. 20-ാം നൂറ്റാണ്ടില്‍ ശക്തിയാര്‍ജ്ജിച്ച ഭൗതിക, നാസ്തികവാദവും 21-ാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക വിപ്ലവവും സംയുക്തമായി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ക്രൈസ്തവസമൂഹം നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ഭൗതികം ആത്മീയത്തിന്മേല്‍ ഇന്ന് എല്ലാമേഖലകളിലും അധീശത്വം സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. ഭൗതികലോകത്തിന്‍റെ അതിപ്രസരം ഇത്രമേല്‍ ശക്തയാര്‍ജ്ജിക്കുന്ന ലോകത്തില്‍ ഈശോമശിഹായുടെ മഹത്വപ്രത്യക്ഷത (പരൂസിയ) എന്നത് ഒരു വിശ്വാസയാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളാന്‍ കഴിയുക എന്നതാണ് ഇന്ന് വിശ്വാസത്തിന് ആധാരമായിരിക്കേണ്ടത്. ഇവിടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി തന്‍റെ വിശ്വാസം പരിശോധിക്കേണ്ടത്.

“മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” എന്നത് ഈശോ മശിഹാ നേരിട്ടു ചോദിച്ച ചോദ്യമാണ് (ലൂക്കോസ് 18:8). ഇത് ക്രൈസ്തവര്‍ക്ക് എക്കാലത്തെയും വലിയ വെല്ലിവിളി ഉയര്‍ത്തുന്ന വചനമാണ്. കാലം എത്ര മുന്നോട്ടു പോയാലും ചരിത്രരേഖകളെ അടിസ്ഥാനപ്പെടുത്തി ക്രിസ്തുസംഭവങ്ങളെ അംഗീകരിക്കുന്ന ഒരുവിഭാഗം ആളുകള്‍ എക്കാലത്തും ഭൂമുഖത്തുണ്ടായിരിക്കും. എന്നാല്‍, ഭൗതികലോകത്തിന്‍റെ അതിപ്രസരംമൂലം ക്രിസ്തുവിന്‍റെ പുനഃരാഗമനം സംഭവിക്കില്ല എന്നു കരുതിയിരിക്കുന്നവരായിരിക്കും എണ്ണത്തില്‍ പെരുകുന്നത്. ഇവിടെയാണ് മനുഷ്യപുത്രന്‍ വരുമ്പോള്‍ വിശ്വാസം കണ്ടെത്തുമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. മനുഷ്യപുത്രന്‍ വരുമെന്ന് വിശ്വസിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമായിരിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.

യേശുക്രിസ്തുവിന്‍റെ പുനഃരാഗമനം എന്ന ഭാവികാല യാഥാര്‍ത്ഥ്യത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവസഭയുടെ വിശ്വാസത്തിന്‍റെ ഉറവിടമാകേണ്ടത്. “എപ്പിഫെനി” ഒരു ചരിത്രയാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ”പരൂസിയ” ഒരു ഭാവികാല സംഭവമായിരിക്കും. “എസ്കത്തോളജി എന്നത് മശിഹായുടെ മഹത്വമേറിയ ആഗമനവുമായി (പരൂസിയ) ബന്ധപ്പെട്ടതാണ്. ആധുനികദൈവശാസ്ത്രത്തില്‍ യുഗാന്ത്യോന്മുഖ വീക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കത്തോലിക്കാ സഭ തീര്‍ത്ഥാടകസഭയാണ്. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി എല്ലാവരും തീര്‍ത്ഥാടനം ചെയ്തുകൊണ്ടിരിക്കുന്നു. ആയതിനാല്‍ ക്രൈസ്തവ അസ്ഥിത്വംതന്നെ യുഗാന്ത്യോന്മുഖമാണ്. സ്വര്‍ഗ്ഗീയജെറുസലേമിനെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന സമൂഹമാണ് സഭ” (ബിഷപ് ഡോ ജോസഫ് കല്ലറങ്ങാട്ട്, യുഗാന്ത്യോന്മുഖ ദൈവശാസ്ത്രം, catholicmalayalam.org)

“ക്രിസ്തുവിന്‍റെ രണ്ടാം വരവിനു മുമ്പ് സഭ ഒരു അന്തിമപരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അത് പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചു കുലുക്കും” അന്തിമ പരീക്ഷയുടെ തീവ്രതയിൽ പരൂസിയ സംഭവിക്കും എന്നതിൽ വിശ്വാസം നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (675).

“ഞങ്ങളുടെ കര്‍ത്താവേ നിന്‍റെ മരണത്തെ ഞങ്ങള്‍ ഓര്‍ക്കുകയും നിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ഞങ്ങള്‍ ഏറ്റുപറയുകുയും നിന്‍റെ രണ്ടാമത്തെ എഴുന്നള്ളത്തിനായി ഞങ്ങള്‍ നോക്കിപ്പാര്‍ക്കുകയും ചെയ്യുന്നു” ( ഓർത്തഡോക്സ് സുറിയാനി ക്രസ്ത്യാനികളുടെ വിശുദ്ധ കുര്‍ബാനക്രമം പേജ്108) എന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ തക്സായിലുള്ളത്.

“ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിൻ്റെ പരിമളം ഞങ്ങളിൽ വീശുകയും അങ്ങയുടെ സത്യത്തിൻ്റെ ജ്ഞാനം ഞങ്ങളുടെ ആത്മാക്കളെ പ്രകാശിപ്പിക്കുകയും ചെയ്യുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും പ്രത്യക്ഷനാകുന്ന അങ്ങയുടെ തിരുക്കുമാരനെ സ്വീകരിക്കാൻ ഞങ്ങൾക്ക് ഇടയാകട്ടെ” സീറോ മലബാർ സഭയുടെ ആരാധനയിൽ പ്രാർത്ഥിക്കുന്നു.

പരൂസിയാ ബോധം സഭയെ അന്തര്‍മുഖരാക്കി സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്മാറി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നില്ല. സഭയുടെ രണ്ടായിരം കൊല്ലത്തെ ചരിത്രത്തില്‍ ക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷതയുടെ ശക്തമായ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭൗതികലോകത്തിന്‍റെ വ്യവഹാരങ്ങളില്‍ സഭ ഇടപെട്ടതും തന്‍റെ ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കുന്നതും. “പരൂസിയയില്‍ അടിയുറച്ച് വിശ്വസിക്കുകയും ശക്തമായി പഠിപ്പിക്കുകയും ചെയ്ത പൗലോസ് അപ്പൊസ്തൊലന്‍ വളരെ ഉത്സാഹിയായ സുവിശേഷകനായിരുന്നു” എന്നാണ് ഡോ. ഡി ബാബു പോൾ നിരീക്ഷിക്കുന്നത്. ദൈവരാജ്യത്തിന്‍റെ നീതിയുടെ പ്രചാരകനായിരുന്ന പൗലോസ്, തന്‍റെ ലേഖനങ്ങളില്‍ വിവരിച്ച നീതിബോധമാണ് പിന്നീട് പല ലോകക്രമത്തിനും അടിസ്ഥാനമായതു തന്നെ. പൗലോസ് എഴുതിയ റോമാലേഖനം 13-ാം അധ്യായം ഈ വസ്തുതകള്‍ സാക്ഷിക്കുന്നു.

ഈശോമശിഹായുടെ മഹത്വപ്രത്യക്ഷതയുടെ വെളിച്ചത്തില്‍ ലോകത്തെയും ലോകസംഭവങ്ങളെയും കാണുമ്പോഴാണ് ഇന്നുള്ള രാഷ്ട്രീയ, സാമൂഹിക സംഭവങ്ങള്‍ ഏതുദിശയിലേക്കാണ് നീങ്ങുന്നത് എന്നത് വ്യക്തമാകുന്നത്. ക്രിസ്തുവിശ്വാസത്തിൻ്റെ പേരിൽ നേരിടേണ്ടി വരുന്ന പീഡനങ്ങളും മതതീവ്രവാദവും സോഷ്യല്‍മീഡിയയിലെ സംഘർഷങ്ങളും പ്രകൃതിയിലും രാഷ്ടീയമണ്ഡലങ്ങളിലും ഉയരുന്ന ഭീഷണികളും മാരകരോഗങ്ങളുടെ വ്യാപനവുമെല്ലാം ഈശോ മശിഹായുടെ മഹത്വപ്രത്യക്ഷതയിലുള്ള നമ്മുടെ പ്രത്യാശ വർദ്ധിക്കാനുള്ള സംഭവങ്ങളായിരിക്കട്ടെ. “അവന്‍െറ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ?” (2 പത്രോസ് 3:3) എന്ന ചോദ്യം നമ്മിൽ ഉയരുന്ന വേളകളിലാണ് വാസ്തവമായി നാം വിശ്വാസത്തില്‍ നില്‍ക്കുന്നുവോ എന്ന് പരിശോധിക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments