Saturday, July 27, 2024
No menu items!
Homeചിന്തകൾമഹാസന്തോഷം നൽകുന്നവൻ്റെ ഓർമ്മച്ചിത്രങ്ങൾ

മഹാസന്തോഷം നൽകുന്നവൻ്റെ ഓർമ്മച്ചിത്രങ്ങൾ

നന്മയെ പ്രത്യാശിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ നാശകരങ്ങളായ കാര്യങ്ങളെ ഭാവനയില്‍ കണ്ട് അതു ജനിപ്പിക്കുന്ന ഭയത്തിൽ അഭിരമിക്കുക എന്നത് പലർക്കും ലഹരിയാണ്. എല്ലാവിധത്തിലും കോവിഡ്കാലം ഇവർക്കെല്ലാം ആഘോഷത്തിൻ്റെ കാലമായിരുന്നു. ലോകം അവസാനിക്കാന്‍ പോകുന്നു, മനുഷ്യവംശം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നു, കൊടിയ ദാരിദ്ര്യവും പട്ടിണിയും ഉണ്ടാകാന്‍ പോകുന്നു, കോവിഡ് 19നെക്കാള്‍ ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ വരുവാന്‍ പോകുന്നു… ചിലർ ദുരന്തങ്ങളെ ഹൃദയത്തിൽ താലോലിച്ചു, അവർ ദുരന്തങ്ങളെ സ്വപ്നം കണ്ട് ഉറങ്ങുകയും ദുരന്തങ്ങളെ പ്രതീക്ഷിച്ച് ഉണരുകയും ചെയ്യുന്നു.

അന്യഗ്രഹജീവികള്‍ വന്നു മനുഷ്യവംശത്തെ നശിപ്പിക്കുന്നതും ഉല്‍ക്കപ്രവാഹങ്ങളാൽ ഭൂഗോളം തീപ്പന്തമായി നിന്നു കത്തുന്നതും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ലണ്ടന്‍, ന്യൂയോര്‍ക്ക് പട്ടണങ്ങള്‍ മഹാപ്രളയത്തില്‍ മുങ്ങുന്നതുമെല്ലാം ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഇറങ്ങിയിരുന്നു. മനുഷ്യഭാവന കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഇത്തരം നേരംപോക്കുകൾ പലരെയും ഭയത്തിന് അടിമകളാക്കിയിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം പിൻതള്ളിയാണ് കോവിഡ് ഉയർത്തിയ യഥാർത്ഥ മരണഭയം മനുഷ്യൻ്റെ ഭാവി പ്രത്യാശയ്ക്കുമേൽ കരിനിഴൽ പരത്തിയത്. ഇറ്റലിയിൽ ദിവസേന ആയിരത്തോളം പേർ മരിക്കുന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പല രാജ്യങ്ങളും ഈ പകർച്ചവ്യാധിയുടെ പിടിയിലമരുകയായിരുന്നു!

ഇംഗ്ലണ്ടിലെ വേനല്‍കാലത്തിന്‍റെ ആരംഭത്തിലായിരുന്നു സർക്കാർ ആദ്യത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പ്രതിവിധിയില്ലാത്ത രോഗം ജനലക്ഷങ്ങളെ ബാധിക്കുന്നു, അനേകായിരങ്ങൾ ശ്വാസകോശം ദുർബലമായി ശ്വാസംമുട്ടി മരിക്കുന്നു. പേടിപ്പിക്കന്ന വാർത്തകളാണ് ചുറ്റിലും കേൾക്കുന്നത്. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ദിവസേന പെരുകുന്നു. കോവിഡ് ബാധയിൽ മനുഷ്യനെല്ലാം മരിക്കുമെന്നും മൃഗങ്ങൾ മാത്രം അവശേഷിക്കുമെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകത്തെ ഉദ്ധരിച്ച് കഥകൾ എങ്ങും പ്രചരിക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ റോഡുകളും പാർക്കുകളും ശൂന്യമായി. തിരക്കുപിടിച്ച പട്ടണം ശൂന്യമായിക്കിടക്കുന്നു!

ലോക് ഡൗൺ കാലത്ത് വെയില്‍ ചൂടുപിടിക്കുമ്പോള്‍ എന്നും ഞാന്‍ നടക്കാന്‍ പോകുമായിരുന്നു. അത് അനുവദനീയമായിരുന്നു. യാത്രാമധ്യേ റോഡുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരെയും ഞാന്‍ ഏറെ നേരം നോക്കി നില്‍ക്കുമായിരുന്നു. കോവിഡ് രോഗബാധയും മരണങ്ങളും ഭയാനകമായ നുണക്കഥകളും ഏറെ പ്രചരിക്കുമ്പോള്‍ റോഡ് നിര്‍മാണത്തിൽ ഏർപ്പെട്ടിരുന്നവർ എനിക്ക് ഏറെ പ്രതീക്ഷനല്‍കിയവരാണ്. പകര്‍ച്ചവ്യാധിയുടെ ഭയാനകതകള്‍ നിലനില്‍ക്കുന്ന ഈ കാലത്തിനപ്പുറത്തും യാത്രചെയ്യാന്‍ മനുഷ്യന്‍ ഉണ്ടാകുമെന്നായിരുന്നു അവര്‍ ഉദ്ഘോഷിച്ചത്. പുതിയ വീടുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടു, ആ കൂരകള്‍ക്കു കീഴില്‍ അന്തിയുറങ്ങാന്‍ കുടുംബങ്ങള്‍ അവശേഷിക്കുമെന്ന് അവര്‍ നിശ്ശബ്ദമായി പ്രഖ്യാപിക്കുകയായിരുന്നു.

ഒരിക്കൽ ഒരു സ്ട്രോബറി ഫാമിൻ്റെ അരികിലൂടെ കടന്നുപോകുമ്പോൾ, തൻ്റെ കൃഷിയിടത്തില്‍ വിളഞ്ഞു പഴുത്തു പാകമാകുന്ന സ്ട്രോബറികള്‍ “ജൂണ്‍ പത്തുമുതല്‍ വില്‍പ്പന ആരംഭിക്കും” എന്ന് പരസ്യബോര്‍ഡ് റോഡരികില്‍ നാട്ടിനിർത്താൻ ശ്രമിക്കുന്ന ഒരു കര്‍ഷകനെ കണ്ടു. ഇംഗ്ലണ്ടിൽ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഏപ്രില്‍മാസത്തില്‍ ഏറെ പ്രത്യാശ നൽകിയ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹത്തിൻ്റെ വിശാലമായ സ്ട്രോബറി പാടത്തു വരുന്നവർക്ക്, ജൂൺ പത്തുമുതൽ ആവശ്യംപോലെ സ്ട്രോബറി പറിച്ചെടുത്ത് തൂക്കത്തിനനുസരിച്ച് പണം നൽകി വീട്ടിൽ കൊണ്ടുപോകാം! മഹാമാരിയാൽ എവിടെയും മരണം വിളയാടുമ്പോഴും സ്ട്രോബറി പാടത്ത് വിളവെടുപ്പിനായി കടന്നുവരാൻ മനുഷ്യൻ അവശേഷിക്കും എന്ന ഉറപ്പുനൽകുന്ന ബോർഡായിരുന്നു ആ കർഷകൻ റോഡരികിൽ ഉയർത്തിയത് എന്നു തോന്നി!

“Every child comes with the message that God is not yet discouraged of man” മനുഷ്യനില്‍ പ്രതീക്ഷ കൈവിടാതെ ദൈവം അവനെ എന്നും പ്രോത്സാഹിപ്പിക്കുന്നു എന്ന സന്ദേശത്തോടെയാണ് ഈ ഭൂമിയില്‍ ഓരോ കുഞ്ഞും പിറക്കുന്നത് എന്നായിരുന്നു മഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ വിശ്വാസം. നാളെയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ മനുഷ്യവംശത്തില്‍ വ്യാപരിക്കുമ്പോഴും ഇക്കാലങ്ങളിൽ പിറന്ന കുഞ്ഞുങ്ങളെല്ലാം ഭയന്നിരിക്കുന്ന ഓരോ മനുഷ്യനും പ്രതീക്ഷ നല്‍കിയ പുതുനാമ്പുകളായിരുന്നു. കൊറോണക്കാലത്തു പിറന്നുവീണ് പിള്ളക്കച്ചകള്‍ പുതച്ചുകിടക്കുന്ന ഓരോ കുഞ്ഞിന്‍റെയും ഫെയ്സ് ബുക്ക് ഫോട്ടോയിലും ഞാന്‍ ലൈക്ക് ചെയ്തു. കൊറോണയുടെ അനിശ്ചിതാവസ്ഥയ്ക്ക് അപ്പുറത്തേക്ക് പ്രതീക്ഷനല്‍കുന്ന ദൈവിക സന്ദേശവാഹകരായിരുന്നു ഇക്കാലയളവില്‍ പിറന്നുവീണ ഓരോ കുഞ്ഞും എന്ന് മഹാകവി ടഗോറിനെ പ്പോലെ ഞാനും വിശ്വസിക്കുന്നു! സൃഷ്ടാവായ ദൈവം മനുഷ്യവംശത്തിൽ ഇപ്പോഴും പ്രതീക്ഷയർപ്പിച്ചിട്ടുണ്ട്! വളരെ ആശ്വാസം നൽകുന്ന ചിന്തയാണിത്.

“സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍െറ സദ്വാര്‍ത്ത”യുമായിട്ടാണ് ദൈവം മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്നാണ് ദൈവവചനമായ ബൈബിൾ പ്രസ്താവിക്കുന്നത്. ദൈവം മനുഷ്യ മക്കളോടൊത്ത് ജീവിക്കാന്‍ വന്ന മഹാഭാഗ്യത്തെയാണ് ആഗമനകാലത്ത് സ്മരിക്കുന്നത്. ഇവിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്. ദൈവം മനുഷ്യനായി ഭൂമിയില്‍ പിറന്നില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ മനുഷ്യചരിത്രത്തില്‍ എന്തു സംഭവിക്കുമായിരുന്നു? ഇതിൻ്റെ ഉത്തരം കിട്ടണമെങ്കിൽ യേശുക്രിസ്തുവിനെയും ക്രിസ്തുസഭയെയും ക്രൈസ്തവ വിശ്വാസ, ധാർമിക ബോധത്തെയും ഭൂമുഖത്തുനിന്ന് എടുത്തു മാറ്റുക, ബാക്കി എന്തൊക്കെ ഇവിടെ അവശേഷിക്കും എന്നു അന്വേഷിച്ചാൽ മതി!

“യേശുക്രിസ്തു ജനിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോകം റഷ്യന്‍ തുന്ദ്ര (Russian Tundra) പോലെ കരുണയില്ലാതെ ജനവാസയോഗ്യമല്ലാത്തതും മനുഷ്യത്വമില്ലാതെ തണുത്തുറഞ്ഞതുമായി കാണപ്പെടുമായിരുന്നു” യേശുക്രിസ്തു ഭൂമിയില്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ എന്തായിരിക്കും കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ മനുഷ്യവംശത്തിൻ്റെ അവസ്ഥ എന്ന അന്വേഷണത്തിനൊടുവില്‍ അമേരിക്കന്‍ സുവിശേഷ പ്രസംഗകന്‍ ഡി ജയിംസ് കെന്നഡി എത്തിച്ചേര്‍ന്നത് ഇപ്രകാരമൊരു നിഗമനത്തിലായിരുന്നു.

ദൈവം മനുഷ്യനായി ജനിച്ചില്ലായിരുന്നുവെങ്കില്‍ ലോകത്തിന്‍റെ ഗതി എന്താകുമായിരുന്നു എന്നത് 21-ാം നൂറ്റാണ്ടിലെ ഭൗതികപുരോഗതിയുടെ മധ്യേയിരുന്ന് ചിന്തിച്ചാല്‍ ഉത്തരം കിട്ടിയെന്നുവരില്ല. എല്ലാം സ്വയംഭൂവായി എന്ന നിഗമനത്തിന് ആള്‍ബലം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, യേശുക്രിസ്തു ഈ ലോകത്തിന് നല്‍കിയത് എന്തൊക്കെ എന്നത് വസ്തുനിഷ്ടമായ പഠനത്തിന് വിധേയമാക്കിയാല്‍ മാത്രമേ പുതിയ തലമുറയ്ക്ക് ബോധ്യം വരികയുള്ളൂ.

ഹെരോദാ രാജാവു മുതല്‍ നിരവധി രാജാക്കന്മാരും ഭരണാധികാരികളും, യേശുക്രിസ്തു ജനിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് കൊതിച്ചവരാണ്. ചരിത്രത്തില്‍ ഇപ്രകാരം കുറേപേരുണ്ട്. “ദൈവം മരിച്ചു” എന്ന് പ്രഖ്യാപിച്ച ജര്‍മന്‍ ചിന്തകന്‍ നീഷെയും ലക്ഷക്കണക്കിന് യഹൂദന്മാരുടെ മരണത്തിന് കാരണക്കാരനായ അഡോള്‍ഫ് ഹിറ്റ്ലറുമെല്ലാം ഇങ്ങനെ ആഗ്രഹിച്ചവരാണ്. യഹൂദന്മാരെ കൊന്നൊടുക്കിയ ശേഷം ക്രിസ്റ്റ്യാനിറ്റിയെ വേരോടെ യൂറോപ്പില്‍നിന്ന് പിഴുതെറിയണം എന്ന വലിയ ലക്ഷ്യങ്ങളായിരുന്നു ഹിറ്റ്ലര്‍ക്ക് ഉണ്ടായിരുന്നത്. അത്രമേല്‍ അയാള്‍ ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും വെറുത്തിരുന്നു. എന്നാല്‍, ഫലത്തില്‍ ഹിറ്റ്ലറെ ലോകം മുഴുവന്‍ വെറുത്തു, അയാളുടെ ബന്ധുക്കള്‍പോലും ഹിറ്റ്ലറുമായി തങ്ങള്‍ക്കുള്ള രക്തബന്ധം തിരിച്ചറിയുന്ന രേഖകളും കുടുംബപ്പേരുകളും എല്ലാം നിയമപരമായി തിരുത്തി പുതിയ പേര് സ്വീകരിച്ചു. ക്രിസ്തുവിനോടുള്ള വെറുപ്പിനാൽ, റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയും എല്ലാം തങ്ങളുടെ കഴിവിന്‍റെ പരമാവധി ക്രൈസ്തവരെ കൊന്നൊടുക്കി.

ഫ്രഞ്ച് ഫിലോസഫര്‍ ആയിരുന്ന വോള്‍ട്ടയര്‍ പറഞ്ഞത് “എന്‍റെ മരണശേഷം നൂറു വര്‍ഷത്തിനുള്ളില്‍ ബൈബിള്‍ ഒരു മ്യൂസിയത്തില്‍ മാത്രം അവശേഷിക്കുന്ന ഗ്രന്ഥമാകു”മെന്നായിരുന്നു. എന്നാല്‍ കൗതുകകരമായ ഒരു കാര്യം സംഭവിച്ചു, ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി വോള്‍ട്ടയറുടെ പാരിസിലുള്ള വീടു വിലക്കു വാങ്ങി അവിടെ ബൈബിള്‍ അച്ചടി ആരംഭിച്ചു. ക്രിസ്തുവിരോധികള്‍ സൃഷ്ടിച്ച ഉന്മൂലനസിദ്ധാന്തങ്ങളുടെ ചരിത്രത്തില്‍ ഇങ്ങനെ രസകരമായ പലതും കാണാം.

നസറത്തിലെ തച്ചന്‍റെ മകനായി അറിയപ്പെട്ട മുപ്പത്തിമൂന്നുകാരന്‍ ലോകത്തിന് നല്‍കിയത് എന്തായിരുന്നു? ഇതിന് ഒരു ഉത്തരമേയുള്ളൂ. അവിടുന്ന് സകലത്തെയും പുതുക്കിപ്പിണിതു. “കാണുക, ഇതാ ഞാന്‍ എല്ലാം പുതുക്കുന്നു” (വെളിപ്പാട് 21:5). മനുഷ്യവര്‍ഗ്ഗം അന്നോളം കാണാത്ത പലതും അവിടുത്തെ സ്വാധീനത്തില്‍ ലോകത്തില്‍ ഉടലെടുത്തു. നിലവില്‍ ഉണ്ടായിരുന്നവ നവീകരിക്കപ്പെട്ടു. അവിടുത്തെ സ്പര്‍ശം ഏതൊരു മേഖലയില്‍ ഉണ്ടായിട്ടുണ്ടോ അവിടം മാറ്റത്തിനു വിധേയമായി. മനുഷ്യനില്‍, കുടുംബത്തില്‍, സമൂഹത്തില്‍, ലോകക്രമത്തില്‍, വ്യവസ്ഥിതികളില്‍, വിദ്യാഭ്യാസമേഖലയില്‍, ആരോഗ്യരംഗത്ത്… സകലത്തെയും നവീകരിച്ചുകൊണ്ട് 20 നൂറ്റാണ്ടുകള്‍ മനുഷ്യചരിത്രത്തില്‍ കടന്നുപോയി. അവനെ സ്വീകരിക്കുന്ന ഏതൊരുവനും അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന സകലരും ദൈവമക്കളായി മാറുന്ന അത്ഭുതവും നൂറ്റാണ്ടുകളായി മനുഷ്യവംശത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ക്രിസ്ത്യാനികളെ ഇല്ലാതാക്കിയാല്‍, ക്രൈസ്തവസഭയെ ദുര്‍ബലമാക്കിയാല്‍ എന്തൊക്കെയോ നേടിയെടുക്കാമെന്നാണ് ഇന്ന് കുറെയധികം ആളുകള്‍ ചിന്തിക്കുന്നത്. ഇതിനായി ഒറ്റയ്ക്കും കൂട്ടായും പലരും ശ്രമിക്കുന്നു. പല രാജ്യങ്ങളും അന്തര്‍ദേശീയ സംഘടനകളും ഇതിനായി കോടികൾ മുടക്കി പരിശ്രമിക്കുന്നു. റഷ്യന്‍ തുന്ദ്രപോലെ കരുണവറ്റി ജനവാസയോഗ്യമല്ലാതെയും മനുഷ്യത്വമില്ലാതെ തണുത്തുറഞ്ഞതുമായി ഒരു ലോകത്തെ പണിതെടുക്കുവാനുള്ള പടപ്പുറപ്പാടിലാണ് ഇന്ന് പലരും.

“കരുണ” എന്നത് ഒരു ദൈവികഗുണമാണ്. മനുഷ്യനായി പിറന്ന ദൈവം, തന്‍റെ പരസ്യജീവിതകാലത്ത് ആവശ്യപ്പെട്ടത് “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക” എന്നായിരുന്നു. കരുണയുടെ പര്യായമായിരുന്നു യേശുക്രിസ്തുവിന്‍റെ ജീവിതം. ക്രിസ്തുവില്‍ ദൈവശാസ്ത്രം മാത്രം തെരയുന്നവര്‍ കാണാതെപോകുന്നത് ഈ കരുണയുടെയും അനുകമ്പയുടെയും നിര്‍വ്വചനങ്ങളാണ്. ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ല, ദൈവത്തിന് പുത്രന്‍ ഉണ്ടാകില്ല എന്നൊക്കെ വാദിച്ച് ജയിക്കാന്‍ പെടാപ്പാടുപെടുന്നവര്‍ പലരും കരുണവറ്റിയ പൊട്ടക്കിണറുകളാണ്.

യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍ ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചും നരകത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും മാത്രമായിരുന്നില്ല. അതിനൊപ്പം തന്നെ മനുഷ്യനെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും മനുഷ്യന്‍റെ സാമൂഹികജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തിലെ സത്യസന്ധത, നീതിബോധം, സ്നേഹം, ക്ഷമ, സമാധാനം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങളെക്കുറിച്ച് അവിടുന്ന് പ്രബോധിപ്പിച്ചു. ലോകത്തില്‍ ഇന്ന് രൂപപ്പെട്ട ഒരു തത്വചിന്തയ്ക്കും പുരോഗമനചിന്തകന്മാര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍ സകലമനുഷ്യന്‍റെയും ജീവിതത്തില്‍ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ക്രിസ്തുദര്‍ശനങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനം ഉണ്ടെന്ന് കാണാം. ലോകത്തിലെ മുഴുവന്‍ മനുഷ്യവംശത്തിന്‍റെയും നിലനില്‍പ്പിന് ആധാരമായി മനുഷ്യചിന്തയില്‍, സംസ്കാരത്തില്‍ എല്ലാം വിപ്ലവാത്മാകമായ സ്വാധീനം ചെലുത്തിയ നിസ്തുല്യ വ്യക്തിത്വമായിരുന്നു ആ നസറായന്‍!

വെറുപ്പിന്‍റെ ലോകത്ത് വ്യവസ്ഥയില്ലാത്ത സ്നേഹത്തെക്കുറിച്ചും സ്വാര്‍ത്ഥതയുടെ ലോകത്തില്‍ നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്നും പ്രതികാരവാഞ്ജയുടെ ലോകത്തില്‍ ഏഴ് എഴുപത് വട്ടം ക്ഷമിക്കുക എന്നിങ്ങനെ നിസ്തുല്യമായിരുന്നു ക്രിസ്തുമൊഴികള്‍. യേശുക്രിസ്തു ഇതു പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍, കുറെപ്പേരെങ്കിലും ഇത് അന്വർത്ഥമാക്കി ജീവിച്ചില്ലായിരുന്നു എങ്കിൽ ലോകം എത്രമേല്‍ ക്രൂരവും പൈശാചികവും സ്വാര്‍ത്ഥവുമായി ഇന്ന് കാണപ്പെടുമായിരുന്നു!

ലോകത്തിന്‍റെ പ്രകാശമായി അവതരിച്ചവന്‍റെ പ്രകാശമാണ് ലോകത്തെ വാസ്തവമായി പ്രകാശപൂരിതമാക്കിയത്. ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളായി ശോഭമങ്ങാത ആ സ്വര്‍ഗ്ഗീയപ്രകാശം മധ്യാഹ്നസൂര്യനെപ്പോലെ ജ്വലിച്ചുപ്രകാശിക്കുകയും അനേകായിരങ്ങളുടെ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവനിലെ ജീവനാണ് ജനലക്ഷങ്ങളെ ഇരുളില്‍ പ്രകാശിക്കുമാറാക്കിയത്. അന്ധതമസ്സിനുപോലും കീഴടക്കാനാവാത്ത പ്രകാശമായവനിൽ നിന്നും (യോഹ 1:4,5) പ്രതിഫലിച്ച വെളിച്ചമാണ് ക്രിസ്തുവിൽ ലോകം കണ്ടത്. അന്ധകാരത്തില്‍ കഴിഞ്ഞവർക്കുമേൽ ഉദിച്ച പ്രകാശവും മരണത്തിന്‍െറ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കുമേല്‍ പ്രത്യാശയുടെ പ്രകാശദീപ്തിയുമായിരുന്നു നസറായന്‍.

ജയിംസ് അലന്‍ ഫ്രാന്‍സിസ് “ഒരു ഏകാകിയുടെ ജീവിതം” എന്ന കവിതയില്‍ എഴുതി “ലോകചരിത്രത്തില്‍ ഇന്നുവരെ അണിനിരന്ന സൈന്യങ്ങളെയും നാവികപ്പടയെയും ഇതുവരെ ഭരിച്ച രാജാക്കന്മാരേയും സമ്മേളിച്ച ഭരണാധിപന്മാരേയും എല്ലാം ഒന്നിച്ചു ചേര്‍ത്തുവച്ചാലും അവര്‍ക്കൊന്നും ഈ ഏകാകിയുടെ ജീവിതത്തിന് എന്നപോലെ ഈ ഭൂമുഖത്ത് മനുഷ്യജീവിതങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല”. (All the armies that ever marched, all the navies that ever sailed, all the parliaments that ever sat, all the kings that ever reigned–put together–have not affected the life of man on this earth as much as that one, solitary life) ഇത്രമേല്‍ സ്വാധീനശക്തിയുള്ള ഒരു മനുഷ്യന്‍ വെറും മനുഷ്യനായിരുന്നോ? ദൈവമായിരുന്നോ? അതോ ദൈവവും മനുഷ്യനുമായിരുന്നോ? ഈ ചോദ്യത്തിന് ഉത്തരം തേടിയവര്‍ അനേകായിരങ്ങളാണ്. “നരവംശശാസ്ത്രം നൽകുന്ന മനുഷ്യപ്രകൃതത്തിന്‍റെ ഒരു സൂത്രവാക്യത്തിലും ഒതുങ്ങാത്ത മനുഷ്യന്‍” എന്നു പറഞ്ഞ ഡോ. ഡൊണാള്‍ഡ് ഗോത്രിയെപ്പോലെയും, “മനുഷ്യനായിരുന്നു എന്നാല്‍ കേവല മനുഷ്യനേക്കാള്‍ ഉയര്‍ന്നവനുമായിരുന്നു” എന്നു മനസ്സിലാക്കിയ എഫ്.എഫ് ബ്രൂസിനെപ്പോലെയും ”ദൈവത്തിന്‍റെ നിഗൂഡജ്ഞാനത്തിന്‍റെ വെളിപ്പാട്” എന്നു പറഞ്ഞ് സെന്‍റ് പോളിനെപ്പോലെയും ക്രിസ്തുവില്‍ വിസ്മയിച്ചവരും വിസ്മയങ്ങളുടെ ബാഹുല്യത്താല്‍ നിശ്ശബ്ദമായി അവിടുത്തെ മുമ്പാകെ കൂപ്പുകൈകളുമായി നിന്നവരും അനേകരാണ്. എല്ലാവരിലും ഒരുപോലെ പ്രത്യാശയുടെ വെളിച്ചം നൽകി രണ്ടായിരം കൊല്ലമായി നസറായൻ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments