Saturday, July 27, 2024
No menu items!
Homeചിന്തകൾ''മനുഷ്യാവതാരത്തിൻ്റെ യഥാർത്ഥ ലക്ഷ്യമായിരുന്നു പന്തക്കുസ്താ"

”മനുഷ്യാവതാരത്തിൻ്റെ യഥാർത്ഥ ലക്ഷ്യമായിരുന്നു പന്തക്കുസ്താ”

ശിഷ്യസമൂഹത്തില്‍ നിരന്തരം വസിക്കാനുള്ള ദൗത്യവുമായി പരിശുദ്ധ ത്രിത്വത്തില്‍ നിന്നും റൂഹാദ്ക്കുദ്ശ ആഗമിച്ചതും ഈശോമശിഹായുടെ ആത്മീയശരീരമായി പരിശുദ്ധസഭ ഭൂമുഖത്ത് ആവിര്‍ഭവിച്ചതുമായ രണ്ട് മഹാസംഭവങ്ങളാണ് പുതിയനിയമ പന്തക്കുസ്തായെ ശ്രദ്ധേയമാക്കുന്നത്. പന്തക്കുസ്താദിനം മുതല്‍ ആര്‍ക്കും വേര്‍പെടുത്താനാവാത്തവിധം ബന്ധിതമായി പരിശുദ്ധാത്മാവും സഭയും മനുഷ്യവംശത്തോടൊപ്പം സഞ്ചരിക്കുന്നു. സഭാപിതാവായ ഐറേനിയസ് ഈ ബന്ധത്തെക്കുറിച്ചു പറഞ്ഞത് “സഭ എവിടെയാണോ, അവിടെയാണ് പരിശുദ്ധാത്മാവ്, പരിശുദ്ധാത്മാവ് എവിടെയാണോ അവിടെയാണ് സഭ” എന്നായിരുന്നു.

ഉല്‍പ്പത്തിപ്പുസ്തകത്തിന്‍റെ ആരംഭത്തില്‍ പ്രപഞ്ചോത്പത്തി വിവരിക്കുന്നതുമുതല്‍ ദൈവാത്മാവിന്‍റെ സജീവസാന്നിധ്യവും വ്യത്യസ്ത നിലകളിലുള്ള ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങളും പഴയനിയമ ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലും വിവരിക്കുന്നുണ്ട്. പുതിയനിയമ ഗ്രന്ഥവും ആരംഭിക്കുന്നതു ദൈവാത്മാവിന്‍റെ ഇടപെടല്‍ വിവരിച്ചുകൊണ്ടാണ്. ഈശോമശിഹായുടെ മനുഷ്യാവതാരത്തിനു മുന്നോടിയായി മംഗളവാര്‍ത്തയുടെ സമയത്തു പരിശുദ്ധ മറിയത്തിനുമേല്‍ ദൈവാത്മാവിന്‍റെ ആവാസമുണ്ടായതും (മത്തായി 1:18, ലൂക്ക 1:35) ഈശോമശിഹായുടെ സ്നാനസമയത്തു പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ മശിഹായുടെമേല്‍ ആവസിച്ചതും വായിക്കുന്നു (ലൂക്ക 3:22). കൂടാതെ ഈശോമശിഹായുടെ രഹസ്യവും പരസ്യവുമായ ജീവിതവും ശുശ്രൂഷകളുമെല്ലാം പരിശുദ്ധാത്മാവിനാല്‍ ആയിരുന്നു നിറവേറിയത്. രക്ഷാകരസംഭവങ്ങളുടെ ഓരോനിമിഷത്തിലും ദൈവാത്മാവിന്‍റെ സാന്നിധ്യം ദര്‍ശിക്കാന്‍ കഴിയും. ഈശോയുടെ പുനഃരുത്ഥാനവും പരിശുദ്ധാത്മാവിലായിരുന്നു സംഭവിച്ചതെന്ന് റോമാ ലേഖനം 8:11ല്‍ പൗലോസ് സ്ലീഹാ വ്യക്തമാക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ സജീവസാന്നിധ്യം സുവിശേഷങ്ങളിലെല്ലാം കാണപ്പെടുമ്പോഴും “ഈശോമശിഹാ മഹത്വീകരിക്കപ്പെടുന്നതുവരെ ആത്മാവിനെ നല്‍കിയിരുന്നില്ല” എന്നാണ് യോഹന്നാന്‍ 7:39ല്‍ വായിക്കുന്നത്. പ്രപഞ്ചോത്പ്പത്തി മുതല്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം വ്യക്തമായി കാണപ്പെടുമ്പോഴും മാളികമുറിയില്‍ ശിഷ്യവൃന്ദം സമ്മേളിച്ചിരുന്ന യഹൂദ പന്തക്കൊസ്താ പെരുന്നാള്‍ ദിനത്തിലാണ് ആദ്യമായി പരിശുദ്ധാത്മാവിനെ നൽകിയത് എന്ന പ്രസ്താവന പലര്‍ക്കും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. പന്തക്കുസ്തായ്ക്കു മുമ്പുള്ള ദൈവാത്മാവിന്‍റെ പ്രവര്‍ത്തനവും പന്തക്കുസ്താദിനത്തിലുള്ള ദൈവാത്മാവിന്‍റെ ആഗമനവും സംബന്ധിച്ചു സഭാപിതാക്കന്മാരുടെ പഠിപ്പിക്കലുകള്‍ ഈ വിഷയത്തിലെ ആശയക്കുഴപ്പം നീക്കുന്നു.

വചനമായ ദൈവം ലോകസൃഷ്ടിമുതലെ ലോകത്തിലുണ്ട് (യോഹ 1:10, 1 കൊരി 8:6). എന്നാല്‍ മനുഷ്യാവതാരത്തിലൂടെയാണ് അവിടുന്ന് മനുഷ്യചരിത്രത്തില്‍ ഒരു “വ്യക്തി”യായി നേരിട്ട് രംഗപ്രവേശം ചെയ്യുന്നത്. ഇപ്രകാരമാണ് പന്തക്കുസ്തായ്ക്ക് മുമ്പും അതിനു ശേഷവുമുള്ള പരിശുദ്ധാത്മാവിന്‍റെ ആഗമനത്തെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കേണ്ടത്. പ്രപഞ്ചോത്പത്തിമുതല്‍ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം ദൃശ്യവേദ്യമാണെങ്കിലും പന്തക്കുസ്തായിലാണ് ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവ് ഒരു “വ്യക്തി”യായി മനുഷ്യചരിത്രത്തിലേക്ക് ഇറങ്ങിവന്നത്. കാറ്റായും വായുവായും വിശേഷിപ്പിക്കപ്പെടുമ്പോഴും ഒരു വ്യക്തിയായിട്ടാണ് പരിശുദ്ധാത്മാവിനെ ഈശോമശിഹാ ശിഷ്യര്‍ക്കു പരിചയപ്പെടുത്തിയത് (യോഹ 14:17). അതിനാല്‍ പിതാക്കന്മാര്‍ വചനമായ ദൈവത്തിന്‍റെ മനുഷ്യാവതരത്തോടു (incarnation) തുല്യമായി പരിശുദ്ധാത്മാവായ ദൈവത്തിന്‍റെ ആഗമനമായ പന്തക്കുസ്തായെയും കാണുന്നു. (The Economy of the Holy Spirit, Vladimir Lossky). പുത്രന്‍ തന്‍റെ ശുശ്രൂഷയുടെ പ്രത്യേകതകൊണ്ടു മനുഷ്യശരീരം സ്വീകരിച്ചുവെങ്കില്‍ പരിശുദ്ധാത്മാവ് തന്‍റെ ശുശ്രൂഷയുടെ പ്രത്യേകതയാല്‍ ശരീരരഹിതനായി സഭയില്‍ വസിക്കുന്നു.

ദൈവം മനുഷ്യനായിത്തീര്‍ന്ന മഹാത്ഭുതത്തിനു ശേഷം മനുഷ്യചരിത്രത്തില്‍ സംഭവിച്ച മറ്റൊരത്ഭുതമായിരുന്നു പരിശുദ്ധാത്മാവിന്‍റെ ആഗമനം. ഈശോമശിഹായുടെ ജനനത്തിനു മുന്നോടിയായി പരിശുദ്ധാത്മാവ് കന്യകയിൽ ആവസിച്ചപ്പോള്‍ വചനമായ ദൈവം ഭൗതീകശരീരത്തിൽ വെളിപ്പെട്ടുവെങ്കിൽ പന്തക്കുസ്തായില്‍ പരിശുദ്ധാത്മാവ് ആഗമിച്ചപ്പോള്‍ ഈശോയുടെ ആത്മീയശരീരമാണ് അവിടെ ജനിച്ചത്; അതായിരുന്നു പരിശുദ്ധ സഭ. സഭയെ ഈശോമശിഹായുടെ ശരീരമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെയാണ് പൗലോസ് സ്ലീഹാ വിവരിച്ചത് (എഫേ 1:23). “എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്നവൻ്റെ പൂര്‍ണതയാണ് സഭ”. ഈ ശരീരത്തിന്‍റെ നിരന്തരമായ പരിചരണത്തിനും അതിന്‍റെ വളര്‍ച്ചയ്ക്കും ശുശ്രൂഷകനായിട്ടാണ് പരിശുദ്ധാത്മാവ് പന്തക്കുസ്തായില്‍ ആഗതനായത്.

മനുഷ്യാവതാരത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം പന്തക്കുസ്താ ആയിരുന്നു എന്നാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പൗരസ്ത്യ ദൈവശാസത്രജ്ഞരിൽ ഒരാളായ വ്ളാദ്മിര്‍ ലൂസ്കി (Vladimir Lossky) അഭിപ്രായപ്പെടുന്നത്. മനുഷ്യാവതാരത്തിന്‍റെ തുടര്‍ച്ചയും അതിന്‍റെ അനുബന്ധവും അനന്തരഫലവുമായിരുന്നു പന്തക്കുസ്താ. വാസ്തവത്തില്‍ ഈശോയുടെ മനുഷ്യാവതാരംപോലും പന്തക്കുസ്തായ്ക്കു വേണ്ടിയുള്ള കളമൊരുക്കലായിരുന്നു എന്നൊരു ചിന്തയാണ് പൗരസ്ത്യ സഭാപിതാക്കന്മാരുടെ ചിന്തകളെ ആസ്പദമാക്കി ലൂസ്കി പങ്കുവയ്ക്കുന്നത്. പരസ്യശുശ്രൂഷാ കാലത്ത് ഈശോമശിഹാ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു നോക്കുക: “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും”. പരിശുദ്ധാത്മാവിന്‍റെ ആഗമനത്തോടെ തിരുസ്സഭ ജനിക്കുകയും “സഭയിലൂടെ ക്രിസ്തു മനുഷ്യവംശത്തെ തന്നിലേക്ക് സ്വാംശീകരിക്കുകയും ചെയ്തു” എന്നാണ് സഭാപിതാവായ ഐറേനിയസ് വിശദമാക്കുന്നത്. അതിനാല്‍ സഭയെ ഐറേനിയസ് പിതാവു വിളിക്കുന്നത് “ദൈവപുത്രന്‍” (Son of God) എന്നാണ്. മാമോദീസായിലൂടെ ക്രിസ്തുവിനെ ധരിച്ച പുതിയമനുഷ്യരുടെ കൂട്ടമായ സഭയെ ഇതിലും നല്ലൊരു പേരിട്ടു വിളിക്കാനില്ല.

രക്ഷാകരസംഭവങ്ങളിലൂടെ ഈശോമശിഹാ വീണ്ടെടുത്തതും തന്‍റെ രക്തത്താല്‍ കഴുകി വിശുദ്ധീകരിച്ചതുമായ ക്രിസ്തുശിഷ്യന്മാരുടെ കൂട്ടത്തിലേക്കാണ് പരിശുദ്ധാത്മാവ് ആദ്യമായി കടന്നുവരുന്നത്. വാസ്തവത്തില്‍ മനുഷ്യവംശം പരിശുദ്ധാത്മാവിനെ പ്രാപിക്കാന്‍ പ്രാപ്തരായ കാലത്തിന്‍റെ തികവിലായിരുന്നു പന്തക്കുസ്താ സംഭവിച്ചത്. “കാലത്തിന്‍റെ തികവില്‍ ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” (ഗലാത്യ 4:4) എന്ന വചനത്തെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു കാലസമ്പൂര്‍ണ്ണതയിലുള്ള ദൈവാത്മാവിന്‍റെ ആഗമനവും. ദൈവമാതാവിനെപ്പോലെ മനുഷ്യാവതാരത്തിന്‍റെ ഓരോ ഘട്ടത്തെയും നേരിട്ടനുഭവിച്ചവളും ക്രിസ്തുസംഭവങ്ങള്‍ക്ക് ആദ്യന്തം സാക്ഷികളായവരുമായ

ഒരുപറ്റം മനുഷ്യര്‍ക്കാണ് കാലത്തികവില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാനുള്ള യോഗ്യത വാസ്തവമായി കൈവന്നത്. “ഇനിയും വളരെ കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്, എന്നാല്‍ അവയെല്ലാം ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയില്ലെന്നു” പീഡാനുഭവത്തിനു മുമ്പ് ഈശോമശിഹാ വ്യക്തമാക്കുന്നുണ്ട് (യോഹ 16:12). പരിശുദ്ധാത്മാവു പറയുന്നതെല്ലാം ഉള്‍ക്കൊള്ളാന്‍ പ്രാപ്തരായ ഒരു സമൂഹമായി ശിഷ്യഗണം മാറിയവേളയിലാണ് പരിശുദ്ധാത്മാവ് കടന്നുവരുന്നത്. “ദൈവത്തിന്‍റെ ബഹുമുഖജ്ഞാനം” വെളിപ്പെടുന്ന ഇടമാണല്ലോ തിരുസ്സഭ (എഫേ 3:10). സ്വര്‍ഗ്ഗീയ ജ്ഞാനവും ദര്‍ശനങ്ങളും വെളിപാടുകളും സ്വീകരിക്കുവാന്‍ പരിപക്വമായ ഒരുസമൂഹമായി അപ്പൊസ്തൊലന്മാര്‍ മാറിയെന്നതിന്‍റെ തെളിവുകൂടിയായിരുന്നു പന്തക്കുസ്താ. പരിശുദ്ധാത്മാവിന്‍റെ ബഹുവിധമായ ശുശ്രൂഷയുടെ ഭാഗമായി സഭ അവിടുത്തേക്കു നല്‍കിയിരിക്കുന്നത് വിവിധ പേരുകളാണ്. ഈ പേരുകളെല്ലാം തിരുവചനത്തില്‍നിന്നു കണ്ട് “താന്‍ ഞെട്ടിപ്പോയി” എന്നാണ് വിശുദ്ധ ഗ്രിഗറി നസിയാന്‍സന്‍ പറഞ്ഞിരിക്കുന്നത്. (1* ഈ പേരുകളെല്ലാം കമന്‍റ് ബോക്സില്‍)

കിഴക്കന്‍ സഭകളുടെ ദൈവശാസ്ത്രത്തില്‍ പരിശുദ്ധാത്മാവ് എന്ന വ്യക്തിയെയും ആത്മാവിന്‍റെ ദാനങ്ങളെയും രണ്ടായിട്ടാണ് പിതാക്കന്മാര്‍ പഠിപ്പിക്കുന്നത്. ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് ഈശോമശിഹായുടെ വാക്കുകള്‍ തന്നെയാണ്. “അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്”. (യോഹ 16, 14-15). പിതാവിനും പുത്രനും “പൊതുവായിട്ടുള്ളതില്‍നിന്ന് എടുത്ത് പരിശുദ്ധാത്മാവ് മനുഷ്യര്‍ക്കു നല്‍കും” എന്നാണ് ഈശോ പറയുന്നത്. അപ്പോള്‍ പിതാവിനും പുത്രനും പൊതുവായിട്ടുള്ളത് എന്താണെന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അതിന് പിതാക്കന്മാര്‍ നല്‍കുന്ന ഉത്തരം അത് Divinity (ദൈവികത)യാണ് എന്നാണ്. പരിശുദ്ധ ത്രിത്വത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവികജീവനാണ് പരിശുദ്ധാതമാവ് മനുഷ്യനിലേക്ക് പകര്‍ന്നുകൊടുക്കുന്നത്. ദൈവികതയിലേയ്ക്കും “ദൈവിക സ്വഭാവത്തില്‍ പങ്കാളികളാകുന്നതിനുമായി” (2 പത്രോസ് 1:4) ജനകോടികളെ ഒരുക്കിയെടുക്കുന്ന ശുശ്രൂഷയാണ് പരിശുദ്ധാത്മാവ് സഭയില്‍ നിര്‍വ്വഹിക്കുന്നത്. “സ്വർല്ലോകത്തിൻ മഹിമയ്ക്കായ് ദൈവം നമ്മെ വിളിച്ചല്ലോ” എന്ന സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ സമാപനഗാനം ദൈവീകതയിലേക്കുള്ള ആഹ്വാനമാണ് നൽകുന്നത്. ഈശോമശിഹായില്‍ വിശ്വസിച്ച് അവനെ സ്വീകരിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകുവാന്‍ (യോഹ 1:12) അവസരമുണ്ടെന്ന പ്രഖ്യാപനത്തിന്‍റെ മാറ്റൊലിയാണ് പന്തക്കുസ്തായില്‍ ഉയർന്നു കേൾക്കുന്നത്.

സഭയെ രണ്ടായിരം കൊല്ലമായി നയിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ സംബന്ധിച്ച് വിശുദ്ധ ജോണ്‍ ഓഫ് ഡമാസ്കസിന്‍റെ (John of Damascus) ഒരു നിരീക്ഷണം ഇവിടെ എടുത്തുപറയേണ്ടതാണ്. പിതാവിന്‍റെ പ്രതിരൂപ(image)മായിട്ടാണ് പുത്രന്‍ വെളിപ്പെട്ടത്, പുത്രന്‍ തമ്പുരാന്‍റെ പ്രതിരൂപമായിട്ടാണ് പരിശുദ്ധാത്മാവ് വെളിപ്പെട്ടിരിക്കുന്നത്. ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവ് മാത്രമാണ് ദൈവികകൂട്ടായ്മയില്‍ ആരാലും പ്രതിരൂപമായി വെളിപ്പെടാതിരിക്കുന്നത്. അതിനാല്‍ പരിശുദ്ധാത്മാവ് എന്ന വ്യക്തി നിഗൂഡസ്ഥിതിതനായും മറഞ്ഞിരിക്കുന്നവനായിട്ടുമാണ് സഭയില്‍ വസിക്കുന്നത്. സഭയില്‍ ഒരു ദാസനെപ്പോലെ ശുശ്രൂഷിക്കാന്‍ കടന്നുവന്ന ത്രിത്വത്തില്‍ ഒരുവനായ പരിശുദ്ധാത്മാവ് ആരാലും വെളിപ്പെടാതെ തന്‍റെ ശുശ്രൂഷ ചെയ്യുന്നുവെങ്കിലും കഴിഞ്ഞ രണ്ടായിരം കൊല്ലത്തെ ചരിത്രത്തില്‍ കോടാനുകോടി സഭാമക്കളിലൂടെ പരിശുദ്ധാതമാവിന്‍റെ പ്രതിരൂപം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് വ്ളാദ്മിര്‍ ലൂസ്കി എഴുതിയത്. ഈശോമശിഹായുടെ മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ അവിടുന്നു ആഗ്രഹിച്ചതുപോലെ “അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനു വേണ്ടി” (യോഹ 17:21), സഭയില്‍ അംഗമായിരിക്കുന്ന ഓരോ വ്യക്തിയെയും നിത്യമായ ത്രിത്വകൂട്ടായ്മയില്‍ (Perichoresis) പങ്കാളികളാക്കുവാനുള്ള ദൗത്യത്തിലാണ് പരിശുദ്ധാത്മാവ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഇംഗ്ലീഷ് കവിയായിരുന്ന ജോണ്‍ ബെറ്റ്ജെമാന്‍ (John Betjeman) ഗ്രീസിലെ ഉള്‍ഗ്രാമത്തിലുള്ള ഒരു ദേവാലയം ഒരിക്കൽ സന്ദര്‍ശിച്ചു. 1453ല്‍ ഓട്ടോമാന്‍ ഇസ്ലാമിക സാമ്രാജ്യം അഴിച്ചുവിട്ട അക്രമങ്ങളുടെയും 1917ല്‍ കമ്യൂണിസ്റ്റുകളുടെ തേര്‍വാഴ്ചയുടെയും ഭീകരതകളെ അതിജീവിച്ചുകൊണ്ട് നിലനില്‍ക്കുന്ന ആ ദേവാലയം അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. ദേവാലയത്തിനുള്ളിലെ ഇരുണ്ട പശ്ചാത്തലത്തില്‍ നില്‍ക്കുന്ന മെഴുകുതിരിക്കാലുകളുടെയും ധൂപക്കുറ്റികളുടെയും മദ്ബഹായിലെ വിശുദ്ധവസ്തുക്കളുടെയും മങ്ങിയ പ്രകാശബിന്ദുക്കളെ പ്രതിഫലിപ്പിക്കുന്ന ഐക്കണുകളുടെയും മനോഹരമായ കാഴ്ചയില്‍ സ്വര്‍ഗ്ഗീയാനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. മാനവസംസ്കാരത്തില്‍ വേരുകളാഴ്ത്തിനില്‍ക്കുന്ന ഒരു മഹാവൃക്ഷമായി അദ്ദേഹം സഭയെ ദര്‍ശിച്ചു. ഈ പശ്ചാത്തലത്തില്‍ അദ്ദേഹമെഴുതിയ ഒരു കവിതയുടെ ഒടുവിലത്തെ വരികള്‍ ഇപ്രകാരമാണ്:

“It needs no bureaucratical protection,

It is it’s own perpetual resurrection”

ഈ വൃക്ഷത്തിന്‍റെ അതിജീവനം ആരുടെയും ഔദാര്യമല്ല. അത് നിത്യമായ പുനഃരുത്ഥാനത്തിലൂടെയാണ് ദിവസേന കടന്നുപോകുന്നത്. ഇലകളായി, പൂക്കളായി, കായ്ഫലങ്ങളായി ഈ മഹാവൃക്ഷം ലോകചരിത്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെ ഇല്ലായ്മചെയ്യാന്‍ ഹെറോദോസ് ശ്രമിച്ചെങ്കില്‍ അയാളില്‍ വ്യാപരിച്ച അതേ ദുഷ്ടാത്മാവ് പന്തക്കുസ്താമുതല്‍ സഭയെ ഇല്ലായ്മചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. രാഷ്ട്രങ്ങളും പ്രത്യയശാസ്ത്രങ്ങളും രാജാക്കന്മാരും മതഭ്രാന്തന്മാരും വിവിധ പ്രതിലോമശക്തികളുമെല്ലാം ആയുധങ്ങളും കുതന്ത്രങ്ങളും പീഡനങ്ങളുമായി സഭയെ നേരിട്ടെങ്കിലും നിത്യമായ അതിജീവനത്തിന്‍റെ മുഖമാണ് തിരുസ്സഭ. സഭയെ നിത്യതയിലേക്കു കൈപിടിച്ചു നയിക്കുന്ന ദൗത്യമാണ് പരിശുദ്ധാത്മാവ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments