Saturday, July 27, 2024
No menu items!
Homeചിന്തകൾക്രിസ്തുവിനെ മനസ്സിലാക്കാത്ത വൈദികരുടെ ബലിയര്‍പ്പണങ്ങള്‍

ക്രിസ്തുവിനെ മനസ്സിലാക്കാത്ത വൈദികരുടെ ബലിയര്‍പ്പണങ്ങള്‍

ഈശോമശിഹായുടെ പൗരോഹിത്യം യഹൂദ -പാഗന്‍ പുരോഹിതന്മാരുടെ പൗരോഹിത്യത്തില്‍നിന്നും എപ്രകാരമാണ് വിഭിന്നമായിരിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. ഇതിന് ആധുനിക കാലത്ത് പുരോഹിതന്മാരുടെ റോൾ മോഡൽ എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ നല്‍കുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്. “യഹൂദ -പാഗന്‍ പുരോഹിതന്മാര്‍ തങ്ങളില്‍നിന്നും വിഭിന്നമായ, ആടുകളും കാളകളും പക്ഷികളും ധാന്യങ്ങളും ഉള്‍പ്പെട്ടിരുന്ന യാഗവസ്തുക്കളായിരുന്നു ബലിയര്‍പ്പിച്ചിരുന്നുതെങ്കില്‍ ക്രിസ്തു പുരോഹിതനും (priest) അതേസമയം യാഗവസ്തുവും (victim) ആയിരുന്നു” ക്രിസ്തുവിന്‍റെ നിത്യപൗരോഹിത്യത്തെക്കുറിച്ച് വളരെ സുദീര്‍ഘമായി പ്രതിപാദിക്കുന്ന “Those Mysterious Priests” എന്ന ബിഷപ് ഷീനിന്‍റെ ഗ്രന്ഥം കത്തോലിക്കാസഭയിലെ ശുശ്രൂഷാ പൗരോഹിത്യം എന്ന വിഷയത്തില്‍ ആഴമേറിയ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്.

പുരോഹിതര്‍ സഭയിൽ വിമതരായി പ്രത്യക്ഷപ്പെടുമ്പോള്‍, കലാപകാരികളാകുമ്പോള്‍, വിവാദനായകരാകുമ്പോള്‍ ബിഷപ് ഷീനിന്‍റെ ഉള്‍ക്കാഴ്ചകള്‍ കത്തോലിക്കാ പൗരോഹിത്യദര്‍ശനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷവെളിച്ചത്തില്‍ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

“ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തു” (ഹെബ്രാ 9:14) ഇതരമതദര്‍ശനങ്ങളിലെ പുരോഹിതനില്‍നിന്ന് വിഭിന്നനാണ്. “ക്രിസ്തുവില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനേ ദൈവം നമുക്കുവേണ്ടി പാപമാക്കി” (2 കൊരി 5:21). ഈ രണ്ട് വാക്യങ്ങളും ബിഷപ് ഷീൻ ഉദ്ധരിക്കുന്നുണ്ട്. മെല്‍ക്കീസദേക്കിന്‍റെ ക്രമപ്രകാരമുള്ള ക്രിസ്തുവിലെ പുരോഹിതനും (ഹെബ്രാ 7) നിത്യതമുതലേ യാഗത്തിനു സമർപ്പിതനായി നില്‍ക്കുന്ന ദൈവകുഞ്ഞാടിനേയും (വെളിപ്പാട് 13:8) നമുക്കു കാണുവാന്‍ സാധിക്കുന്നു. പുരോഹിതന്‍ സ്വയം യാഗമായിത്തീരുന്നു സവിശേഷതയാണ് ഈശോ മശിഹായുടെ പൗരോഹിത്യത്തെ ഇതര മതങ്ങളുടെ പൗരോഹിത്യ കാഴ്ചപ്പാടിൽ നിന്നും വിഭിന്നമാക്കുന്നത്.

ക്രിസ്തുവില്‍ പ്രധാനമായും ഒമ്പത് Priest – Victim താരതമ്യ പഠനങ്ങളാണ് ബിഷപ് ഷീന്‍ നടത്തുന്നത് (കമൻ്റ് ബോക്സിൽ വിവരണം കാണുക) ക്രിസ്തുവിലെ പുരോഹിതന്‍ പരിശുദ്ധനായിരുന്നുവെങ്കില്‍ കുഞ്ഞാടായ ക്രിസ്തു പാപമാക്കപ്പെട്ടവനായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ ഈ പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചുവെങ്കില്‍ കുഞ്ഞാടായവന്‍ ദൈവകോപത്തിന്‍റെ പാനപാത്രം മട്ടോളം കുടിച്ചു. പുരോഹിതനായ ക്രിസ്തു നിഷ്കളങ്കനായിരുന്നു, എന്നാല്‍ കുഞ്ഞാടായ ക്രിസ്തു കുറ്റക്കാരനായി പ്രഖ്യാപിക്കപ്പെട്ടവനായിരുന്നു. (personally sinless, officially guilty). ബിഷപ് ഷീനിന്‍റെ ഗ്രന്ഥത്തില്‍ മിഴിനട്ടിരുന്നാല്‍ ദൈവിക വെളിപ്പാടുകളുടെ ശാന്തമായ തിരകൾ നിരന്തരം അതിൽ ഉയരുന്നതു കാണാം.

”തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്നു (in persona Christi Capitis). യേശുക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയേയാണ് അവിടുത്തെ ശുശ്രൂഷകന്‍ സംവഹിക്കുന്നത്. ഈ ശുശ്രൂഷകന്‍ താന്‍ സ്വീകരിക്കുന്ന പൗരോഹിത്യ പ്രതിഷ്ഠമൂലം മഹാപുരോഹിതനെപ്പോലെ ആയിത്തീരുന്നു. ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടുംകൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. ക്രിസ്തുവാണ് പൗരോഹിത്യത്തിന്‍റെ മുഴുവന്‍ ഉറവിടം. പഴയനിമയത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന് പകരം നിന്നു പ്രവര്‍ത്തിക്കുന്നു” (മതബോധന ഗ്രന്ഥം 1548).

കത്തോലിക്കാ സഭ ശുശ്രൂഷാ പൗരോഹിത്യത്തെ എത്രമേല്‍ മഹത്തരമായി കാണുന്നു എന്നതിന്‍റെ തെളിവാണ് ഈ പ്രസ്താവന.

പാപം ചെയ്ത് ദൈവിക വ്യവസ്ഥിതിയോടു വിധേയപ്പെടാതെ അകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ തന്നോടു ചേര്‍ത്തുനിര്‍ത്തിയ ദൈവികപദ്ധതിയുടെ വര്‍ത്തമാനകാല ആവിഷ്കാരങ്ങളാണ് ഓരോ വിശുദ്ധകുര്‍ബാനയും. കുരിശില്‍ നമ്മുടെ കര്‍ത്താവ് ഏകനായിരുന്നു, എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ സഭയായ നമ്മളെല്ലാവരും അവനോട് ഒത്തുചേരുന്നു. അപ്പവും വീഞ്ഞുമാണ് ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ അടയാളമായി ഉയര്‍ത്തിക്കാണിക്കുന്നത്. അനേകം ഗോതമ്പുമണികള്‍ പൊടിഞ്ഞു ചേർന്ന അപ്പവും നിരവധി മുന്തിരികൾ പിഴിഞ്ഞെടുത്ത വീഞ്ഞും പുരോഹിതന്‍ തന്‍റെ കൈകളില്‍ ഉയര്‍ത്തുമ്പോള്‍ പന്തക്കുസ്താ മുതല്‍ പരൂസിയാ വരെയുള്ള കാലത്തിനിടയിലുള്ള മുഴുവന്‍ വിശ്വാസികളുടെയും ഐക്യമാണ് ആ കൈകളില്‍ ഉയരുന്നത്. ബിഷപ് ഷീനിന്‍റെ ചിന്തകളിൽ ഇതെല്ലാം നമുക്കു കാണാം. ഈ ഘട്ടത്തിലാണ് വൈദികരുടെ ഇടയില്‍ രൂപംകൊള്ളുന്ന വിമതപ്രവര്‍ത്തനങ്ങള്‍ ഗൗരവമുള്ള വിഷയമായി കാണേണ്ടി വരുന്നത്.

സഭയുടെ ഐക്യത്തിന്‍റെ പ്രവാചകനായ പുരോഹിതന് എങ്ങനെയാണ് റിബലിയസ് ആകാന്‍ കഴിയുക ? ക്രിസ്തുസംഭവങ്ങളിലെ തീക്ഷ്ണമായ പ്രമേയങ്ങളെ ദിനംതോറും പരികര്‍മ്മം ചെയ്യുന്ന പുരോഹിതന് എങ്ങനെയാണ് റിബല്‍ പ്രീസ്റ്റ് ആയിത്തീരാന്‍ കഴിയുക? ക്രൈസ്തവ പൗരോഹിത്യവും റിബലിസവും ഒരുവിധത്തിലും ചേര്‍ന്നുപോകില്ല. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളുടെ സംയുക്തമാണ് തങ്ങളെന്ന് ഒരുപറ്റം വൈദികര്‍ യാതൊരു മടിയുമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഇതേവരെ ക്രിസ്തുവിനെയും അവിടുത്തെ യാഗത്തെയും മനസ്സിലാക്കിയിട്ടില്ല എന്നൊരു ആശങ്കയാണ് പങ്കുവയ്ക്കാനുള്ളത്. യഹൂദ, പാഗന്‍ പുരോഹിതരേപ്പോലെ ക്രൈസ്തവ പൗരോഹിത്യത്തെയും തരംതാഴ്ത്തുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലേ വിമത വൈദികര്‍ ചെയ്യുന്നത് എന്ന് ദുഃഖത്തോടെ തുറന്നു പറയേണ്ടിവരുന്നു.

ആദിമസഭ വിശുദ്ധകുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ആരാധനാഗീതങ്ങൾ പലതും പൗലോസിന്‍റെ കാരാഗ്രഹ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഫിലിപ്പിയ, കൊളോസ്യ ലേഖനങ്ങളിലെ ചില വാക്യങ്ങള്‍ ആദിമസഭയുടെ ഗീതങ്ങളായിരുന്നുവെന്നോ, ഒരുപക്ഷേ ഈ ഗീതങ്ങള്‍ പൗലോസ് രചിച്ചവയായിരുന്നുവെന്നോ കരുതുന്നവരുണ്ട്. ആദിമസഭയുടെ ഗാനങ്ങളില്‍നിന്നും “ക്രിസ്തുവിന്‍റെ ഔന്നിത്യം” വിവരിച്ചുകൊണ്ടുള്ള എതാനും ഗീതങ്ങളായിരുന്നു കൊളോസ്യലേഖനം 1:15-21 ഉള്ളതെങ്കില്‍, “ക്രിസ്തുവിന്‍റെ മനോഭാവത്തെ ” വെളിപ്പെടുത്തുന്ന വരികളായിരുന്നു ഫിലിപ്പിയര്‍ 2:6-11ല്‍ ഉപയോഗിച്ചിരുന്നത്. ഈ രണ്ട് ലേഖനങ്ങളിലുമുള്ള ഗീതശകലങ്ങളില്‍ വളരെ സാമ്യമുള്ള ഒരു വിഷയമുണ്ട്. ക്രിസ്തു കുരിശില്‍ ചിന്തിയ രക്തംവഴി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതിനേയും അനുരഞ്ജിപ്പിച്ചതായി കൊളോസ്യര്‍ 1:20ല്‍ വായിക്കുമ്പോള്‍ അനുസരണമുള്ളവനായി കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തുവാന്‍ തയ്യാറായ ക്രിസ്തുവിന്‍റെ മനോഭാവമാണ് ഫിലിപ്പിയ ലേഖനത്തിലെ പ്രതിപാദ്യവിഷയം. ക്രിസ്തുവിന്‍റെ താഴ്മയും അനുസരണവും എടുത്തുപറയുന്ന ഈ ഭാഗത്തിനൊടുവില്‍ പറയുന്നു: “ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി”

അനുസരണത്തിന്‍റെ പരകോടിയില്‍ വിരാജിച്ച ദൈവപുത്രന്‍റെ പൗരോഹിത്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഒരു അനുസരണംകെട്ട വൈദികന് എങ്ങനെ കഴിയും? ട്രേഡ് യൂണിയന്‍ അംഗങ്ങളെപ്പോലെ സംഘടിതമായി നിന്നുകൊണ്ട് സഭയോട് അനുസരണക്കേടു കാണിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് എത്രമേല്‍ ജുഗുപ്സാവഹമാണ്! തങ്ങളുടെ സംഘടിതബോധത്തിനു മുന്നില്‍ ദൈവവചനസത്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഓരോ റിബല്‍ വൈദികനും ദിനംതോറും അള്‍ത്താരയേയും ബലിപീഠത്തേയും മലീമസമാക്കുകയാണ്.

വിശുദ്ധകുര്‍ബാന ഉള്‍പ്പെടെ എല്ലാ കൂദാശകളുടെയും ആത്യന്തികലക്ഷ്യം വിശ്വാസികളെ കൂടുതല്‍ കൂടുതല്‍ ക്രിസ്ത്വാനുകരണ തീക്ഷ്ണതയുള്ളവരാക്കി മാറ്റുക എന്നതാണ്. പ്രാര്‍ത്ഥനകളും കൂദാശകളും സുവിശേഷപ്രസംഗങ്ങളുമെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് ക്രിസ്തുവിന്‍റെ മനോഭാവത്തോടെ നടക്കാന്‍ (1 യോഹ 2:6) ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുവാനാണ്. എന്നാല്‍ അനുസരണംകെട്ട പുരോഹിതരുടെ ശുശ്രൂഷകൾ ആരിലും ക്രിസ്ത്വാനുകരണ തൃഷ്ണ ഉണ്ടാക്കുന്നില്ല. ശത്രുവിനെ കാണുമ്പോൾ ഓടിപ്പോകുന്ന കൂലിക്കാരന്‍റെ മനസ്സാണ് ഇത്തരക്കാരേ ഭരിക്കുന്നത്.

മാര്‍ നെസ്തോറിയസിന്‍റെ (എഡി 380-451) അനാഫറയിലെ ശ്രദ്ധേയമായ ഒരു പ്രാര്‍ത്ഥന ക്രൈസ്തവസഭയിലെ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നതാണ്. “പ്രവാചകന്മാര്‍ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതും ശ്ലീഹന്മാര്‍ പരസ്യമായി പ്രസംഗിച്ചതും രക്തസാക്ഷികള്‍ ജീവാര്‍പ്പണംകൊണ്ട് സ്വന്തമാക്കിയതും മല്‍പ്പാന്മാര്‍ ദൈവാലയങ്ങളില്‍ വ്യാഖ്യാനിച്ചതും പുരോഹിതന്മാര്‍ വിശുദ്ധ ബലിപീഠത്തിന്മേല്‍ അര്‍പ്പിച്ചതും മ്ശംശാനന്മാര്‍ തങ്ങളുടെ കരങ്ങളില്‍ വഹിച്ചതും ജനതകള്‍ പാപപ്പരിഹാരത്തിനായി സ്വീകരിച്ചതുമായ, മനുഷ്യവംശത്തിന്‍റെ ആദ്യഫലമായ മശിഹായുടെ സജീവവും മാനുഷികവും രക്തരഹിതവുമായ കുര്‍ബാന സര്‍വ്വസൃഷ്ടികള്‍ക്കുംവേണ്ടി സകലത്തിന്‍റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അര്‍പ്പിക്കപ്പെടുന്നു”. പവിത്രമായ ബലിവേദിയില്‍ നിന്നുകൊണ്ട് “ബലിയര്‍പ്പിക്കാന്‍ തന്നെ നിയോഗിച്ച കര്‍ത്താവിന് നന്ദി” പറഞ്ഞുകൊണ്ടാണ് ശ്രേഷ്ഠമായ പൗരോഹിത്യത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ മാര്‍ നൊസ്തോറിയസിന്‍റെ അനാഫറ ആരംഭിക്കുന്നത്.

പൗരോഹിത്യത്തെക്കുറിച്ച് മാര്‍ നൊസ്തോറിയസിനുണ്ടായ ഈ തിരിച്ചറിവാണ് മദ്ബഹായിലേക്ക് പ്രവേശിക്കുന്ന ഓരോ പുരോഹിതനും ഉണ്ടായിരിക്കേണ്ടത്. മദ്ബഹായിലും അതിനു വെളിയിലും താന്‍ പുരോഹിതനാണ് എന്ന ബോധ്യം കാത്തുസൂക്ഷിക്കുക എന്നതാണ് പരമപ്രധാനം. അപ്പവീഞ്ഞുകള്‍ കൈകളില്‍ ഉയര്‍ത്തുന്നതോ ലിറ്റര്‍ജിയിലുള്ള ആഴമേറിയ അറിവോ ആരേയും പുരോഹിതനാക്കില്ല, അനുസരണവും താഴ്മയുമുള്ള ജീവിതംകൊണ്ടാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യം തെളിയിക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments