Saturday, July 27, 2024
No menu items!
Homeചിന്തകൾകരുണവറ്റിയ മതങ്ങള്‍

കരുണവറ്റിയ മതങ്ങള്‍

കുറെ സിംഹങ്ങള്‍ ചേര്‍ന്ന് ഒരു കാട്ടുമൃഗത്തെ ആക്രമിച്ച് കൊല്ലുന്നു, കൊന്നിട്ടിരിക്കുന്ന മൃഗത്തിന്‍റെ മാംസം സിംഹങ്ങള്‍ കൂടിയിരുന്ന് കടിച്ചുപറിച്ചു തിന്നുകൊണ്ടിരിക്കുമ്പോള്‍ അവയുടെ നേരേ യാതൊരു കൂസലുമില്ലാതെ ചവപ്പു മേലാപ്പും പുതച്ചുകൊണ്ട് നടന്നടുക്കുന്ന ഏതാനും മനുഷ്യര്‍. അവരുടെ വരവു കണ്ടപ്പോഴേ സിംഹങ്ങൾ വിരണ്ടോടി. സിംഹങ്ങൾ തിന്നുകൊണ്ടിരുന്ന കാട്ടുമൃഗത്തിൻ്റെ കാലുകളിൽ ഒന്ന് വെട്ടിയെടുത്ത് തോളിലിട്ട് അവർ ശാന്തതയോടെ മടങ്ങുന്നു. കാട്ടുപൊന്തകളില്‍ മറഞ്ഞിരുന്ന് സിംഹങ്ങള്‍ ഈ കാഴ്ചകള്‍ അക്ഷമരായി നോക്കിയിരിക്കുന്നു.

സിംഹങ്ങളെ വിരട്ടിയോടിച്ച് അവയുടെ ഇരയില്‍ നിന്നും പങ്കുപറ്റി ജീവിക്കുന്ന വിരുതന്മാരാണ് ആഫ്രിക്കയിൽ കെനിയയിലും ടാന്‍സാനിയയിലുമായി ചിതറിപ്പാര്‍ക്കുന്ന മസ്സായി ഗോത്രക്കാർ. ബി.ബി.സിയുടെ ”ഹ്യൂമന്‍ പ്ലാനറ്റ്” സീരീസിലൂടെയാണ് മസ്സായികളുടെ ധൈര്യം ലോകം മനസ്സിലാക്കിയത്. സ്നേഹത്തിന്‍റെ പ്രമാണത്തിന് വിലകല്‍പ്പിക്കാതെ ഗോത്രസംഘര്‍ഷങ്ങളും പ്രാക്തന ആചാരങ്ങളുമായി ക്രൂരമൃഗങ്ങളോടു പടവെട്ടിയാണ് മസ്സായികൾ ജീവിക്കുന്നത്.

മസ്സായികളെ നിത്യജീവൻ്റെ സുവിശേഷത്തിലേക്ക് ആകർഷിക്കാനും അവരെ സുവിശേഷീകരിക്കാനും ആര്‍ക്കെങ്കിലും കഴിയുമോ? ദൈവം ക്രിസ്തുവിലൂടെ മനുഷ്യനെ സ്നേഹിക്കുന്നു എന്ന സനാതന സത്യം ഇവരെ പഠിപ്പിച്ചുകൊടുക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കുമോ?

മസ്സായികളുടെ ഇടയില്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത് “കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ഹോളിസ്പിരിറ്റി”ലെ (Congregation of the Holy Spirit) വൈദികരാണ്. മസ്സായികളിലേക്ക് അവര്‍ സുവിശേഷസന്ദേശം പകര്‍ന്നു നല്‍കി. മസ്സായികൾക്കായി പ്രത്യേക വിശ്വാസപ്രമാണവും ഈ വൈദികര്‍ ചിട്ടപ്പെടുത്തി. “മസ്സായി ക്രീഡ്” എന്നാണ് ഈ വിശ്വാസപ്രമാണം അറിപ്പെടുന്നത്.. നിഖ്യാ വിശ്വാസപ്രമാണത്തിന്‍റെ അര്‍ത്ഥഗാംഭീര്യമില്ലെങ്കിലും മസ്സായികളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രസ്താവനകള്‍കൊണ്ട് സമ്പുഷ്ടമാണ് മസ്സായി ക്രീഡ്. മസ്സായി ക്രീഡില്‍ ക്രിസ്തുവിനെ പരാമര്‍ശിച്ചുകൊണ്ടു പറയുന്നത്, ”അവിടുന്ന് യഹൂദ ഗോത്രക്കാരനായിരുന്നു, ജനച്ചത് പാവപ്പെട്ട ഗ്രാമത്തിലായിരുന്നു, എപ്പോഴും നന്മചെയ്തുകൊണ്ട് സഫാരി (യാത്ര)യിലായിരുന്നു ക്രിസ്തു. തന്‍റെ ജനങ്ങള്‍ അവനെ തള്ളിക്കളഞ്ഞ്, കൈകളിലും കാലുകളിലും ആണിയടിച്ച് കൊന്നു. അവനെ ഒരു ശവക്കല്ലറയില്‍ അടക്കം ചെയ്തു, കഴുതപ്പുലികള്‍ (ഹയീന) അവന്‍റെ മൃതദേഹത്തെ ആക്രമിച്ചില്ല…”

ദൈവം മനുഷ്യനായി അവതരിപ്പിച്ച് മനുഷ്യനു മനസിലാകുന്ന വിധത്തിൽ തന്നെ വെളിപ്പെടുത്തിയതുപോലുള്ള ലാളിത്യമാണ് മസ്സായി ക്രീഡിൻ്റെ രൂപീകരണത്തിന് പിന്നിലും കാണാൻ കഴിയുന്നത്. മസ്സായികള്‍ക്ക് മനസ്സിലാകാന്‍ അവരുടെ ലോകത്തില്‍നിന്നും കടമെടുത്ത ബിംബങ്ങള്‍ കൊണ്ട് “ഹോളി സ്പിരിറ്റ് കോൺഗ്രിഗേഷ”നിലെ വൈദികര്‍ മസ്സായി ക്രീഡ് തയ്യാറാക്കി. മസ്സായി ക്രീഡിലെ മറ്റൊരു വാചകം ഏറെ സവിശേഷമായ പ്രസ്താവനയാണ്. “ക്രിസ്തു ദൈവത്തെയും മനുഷ്യനെയും കുറിച്ച് ലോകത്തെ പഠിപ്പിക്കുകയും മതത്തിന്‍റെ അര്‍ത്ഥം സ്നേഹമാണെന്നു കാണിച്ചുതരികയും ചെയ്തു”. (മസ്സായി ക്രീഡ് കമൻ്റു ബോക്സിൽ )

“മതത്തിന്‍റെ അര്‍ത്ഥം സ്നേഹമാണെന്ന” പ്രസ്താവന ഒരു വിശ്വാസ പ്രമാണത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത് മസ്സായി ക്രീഡില്‍ മാത്രമാണ്. ഇതിലൂടെ മസ്സായികള്‍ മതത്തെ മനസ്സിലാക്കിയത് സ്നേഹത്തിന്‍റെ രൂപത്തിലാണ്. സ്നേഹരാഹിത്യത്തിൻ്റെ ലോകത്തിൽ നിന്ന് ക്രിസ്തുവിലേക്കു വരുന്നത് സ്നേഹത്തിൻ്റെ പ്രവാചകരായിട്ടാണ് എന്ന തത്വം ഉൾക്കൊണ്ടാണ് മസ്സായികൾ ക്രിസ്ത്യാനികളാകുന്നത്.

ലോകം ഇന്ന് ഏറെ ഭയപ്പെടുന്നത് മതത്തെയാണ്. മതത്തിന്‍റെ പേരില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരുടെ ഒരു ലോകത്തില്‍ മസ്സായി ക്രീഡിനെ ഒരു പരിഹാസമായിട്ടേ പലരും കാണുകയുള്ളൂ. മതങ്ങളുടെ പേരില്‍ 21-ാം നൂറ്റാണ്ടില്‍ പോലും ക്രൂരമായ വിധത്തില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും സംഭവിക്കുന്നു. “ദി കഷ്മീര്‍ ഫയല്‍സ്” കാണുമ്പോൾ മതം ഇത്രമേൽ പൈശാചികമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പ്, ജമ്മു കഷ്മീറിലെ പാര്‍സി, ഹിന്ദു സമൂഹം നേരിട്ട ക്രൂരത ഇത്രമേല്‍ ഭയാനകമായിരുന്നുവെങ്കില്‍ ഇന്ത്യാവിഭജനത്തിലെ മതസംഘര്‍ഷം എത്രമേല്‍ ഭയാനകമായിരിക്കണം? അചിന്തനീയമായ കാര്യമാണിത്.

യാക്കോബിന്‍റെ ലേഖനത്തിലാണ് മതത്തിന് ഏറ്റവും നല്ല നിര്‍വ്വചനം നല്‍കിയിരിക്കുന്നത്. സംശുയദ്ധമായ മതം കരുണയില്‍ അധിഷ്ഠിതമായിരിക്കും (യാക്കോബ് 1:27) എന്നാണ് അനാഥരോടും വിധവകളോടും കരുണകാണിക്കുന്നതിനെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍നിന്നും മനസ്സിലാകുന്നത് . കരുണവറ്റിയ മതവും കരുണവറ്റിയവരുടെ മതബോധവും ലോകത്തിന് ആപത്താണ്. മതം കരുണവറ്റിയവരുടെ കൂട്ടമായി മാറിയാല്‍ എന്തു സംഭവിക്കാം എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കഷ്മീര്‍ പണ്ഡിറ്റുകളുടെയും പാക്കിസ്ഥാനിലെ ക്രൈസ്തവരുടെയും ജീവിതം വിളിച്ചു പറയുന്നത്.

ക്രൈസ്തവസഭ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന കരുണയില്‍ അധിഷ്ഠിതമായ ആത്മീയ സന്ദേശമായിരുന്നു. കരുണവറ്റിയ ക്രിസ്ത്യാനി മറ്റേതൊരു ഭീകരനെയും പോലെ ക്രൂരനാണ്. ക്രിസ്തുവിന്‍റെ കാലത്തെ പരീശന്മാര്‍ ഇപ്രകാരം കരുണവറ്റിയ സമൂഹമായിരുന്നു.

മതവിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ തിരിച്ചറിവ് കരുണയുടെ വക്താവാണ് താന്‍ എന്നതാണ്. ക്രിസ്തു ഇത് എടുത്തുപറയുന്നു: “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക”. (മത്തായി 9:13). ക്രിസ്തുവില്‍ നിറഞ്ഞിരുന്നതും ലോകം തന്നില്‍നിന്ന് എന്നെന്നും പഠിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ചതും കരുണയുടെ നാനാര്‍ത്ഥങ്ങളെക്കുറിച്ചായിരുന്നു. യാഗാര്‍പ്പണത്തിലെ ക്ലിഷ്ഠതയേക്കാള്‍ കരുണയിലധിഷ്ഠിതമായി ജീവിക്കുന്നവന്‍റെ യാഗരാഹിത്യം പോലും ഉള്‍ക്കൊള്ളുന്ന ദൈവത്തെയാണ് ബൈബിള്‍ ഉടനീളം കാണുന്നത് (ഹോശയ 6:6). ആര്‍ദ്രത നഷ്ടപ്പെട്ടവന്‍റെ ആത്മീയത കയീന്‍റെ യാഗാര്‍പ്പണംപോലെ പാഴ്_വേലയാണ്.

“ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച്” എന്ന് ഗ്രന്ഥത്തില്‍ ഡോ ഫിലിപ്പ് ഷാഫ് (Dr Philip Schaff) പറയുന്നത് The old Roman world was a world without charity എന്നാണ്. പഴയറോമന്‍ ലോകം അനുകമ്പയും സഹാനുഭൂതിയുമില്ലാത്ത ഒരു ലോകമായിരുന്നുവത്രെ! മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന സാഹിത്യവും കവിതയും തത്വചിന്തയും സൗന്ദര്യശാസ്ത്രവും റോമാക്കാരിൽ ഉത്തരോത്തരം വളര്‍ന്നുവെങ്കിലും അനുകമ്പയും സഹജീവികളോടുള്ള സഹാനുഭൂതിയും അവര്‍ക്ക് കേട്ടുകേള്‍വിപോലും ഇല്ലായിരുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. റോമില്‍ പ്ലേഗ് പടന്നുപിടിച്ച കാലത്ത് റോമാ പൗരന്മാര്‍ രോഗികളായവരെ റോഡില്‍ ഉപേക്ഷിച്ചുകളഞ്ഞു എന്നായിരുന്നു ചരിത്രകാരന്മാര്‍ പറയുന്നത്. ക്രിസ്തുശിഷ്യന്മാര്‍ റോമില്‍ വരുന്നതുവരെ റോമിനും ഗ്രീക്കിനും പൗരാണിക ലോകസമൂഹങ്ങളിലൊന്നും പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും അനുകമ്പയും ദീനദയാലുത്വംവും പ്രകടിപ്പിക്കുന്നതും അജ്ഞാതമായിരുന്നുവെന്നാണ് ഡോ. ഷാഫ് നിരീക്ഷിക്കുന്നത്.

ക്രിസ്തീയത ഒരു മതമല്ല. മതത്തിന്‍റെ പല ഘടകങ്ങളും ക്രിസ്തീയതയില്‍ കണ്ടെന്നു വരാം. എന്നാല്‍ യേശു എന്നൊരു മനുഷ്യനെ പിന്‍പറ്റുന്നവരുടെ കൂട്ടമാണിത്. സ്നേഹത്തിന്‍റെയും കരുണയുടെയും ആള്‍രൂപമായിരുന്നു യേശു ക്രിസ്തു. ക്രിസ്തുവില്‍ നിറഞ്ഞു പരിലസിച്ചിരുന്ന കരുണയും സ്നേഹവും വൃതനിഷ്ഠയോടെ പിന്‍പറ്റുമ്പോഴാണ് മതാനുസാരികള്‍ ക്രിസ്ത്വാനുകാരികൾ ആകുന്നത്. ആര്‍ദ്രതയുടെയും സഹാനുഭൂതിയുടെയും സ്നേഹത്തിന്‍റെയും ഉറവിടമായി മതങ്ങള്‍ രൂപാന്തരപ്പെടാത്തിടത്തോളം മതമെന്നത് പൈശാചികതയുടെ പര്യായമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments