Wednesday, November 6, 2024
No menu items!
Homeചിന്തകൾകരുണയില്‍ ആനന്ദം കണ്ടെത്തിയവര്‍

കരുണയില്‍ ആനന്ദം കണ്ടെത്തിയവര്‍


യേശുക്രിസ്തു ജനിച്ചില്ലായിരുന്നുവെങ്കില്‍… Part -2

ഹിസ്റ്ററി ഓഫ് ദി ക്രിസ്റ്റ്യന്‍ ചര്‍ച്ച് എന്ന് ഗ്രന്ഥത്തില്‍ ഡോ ഫിലിപ്പ് ഷാഫ് പറയുന്നു: “The old Roman world was a world without charity” പ്രാകൃത റോമന്‍ സമൂഹത്തില്‍ മനുഷ്യന് വിലയില്ലായിരുന്നു. അനുകമ്പയും സഹാനുഭൂതിയുമില്ലാത്ത ഒരു ലോകമായിരുന്നു പൗരാണിക ഗ്രീക്ക് – റോമൻ ലോകം. റോമിന്‍റെ സംസ്കാരികവികാസം കവിതയിലും സാഹിത്യത്തിലും തത്വചിന്തയിലും മാത്രം ഒതുങ്ങിനിന്നിരുന്നു. യാതനയിലൂടെ കടന്നുപോകുന്ന അടികമളും അവശരും ആലംബഹീനരുമായ അടിസ്ഥാനവർഗ്ഗം റോമന്‍ ദൈവങ്ങള്‍ക്കും സംസ്കാരിക നായകന്മാര്‍ക്കും വെറും നികൃഷ്ടജന്മങ്ങൾ മാത്രമായിരുന്നു. സാഹിത്യചിന്തയും കവിതയും തത്വചിന്തയും സൗന്ദര്യശാസ്ത്രവും ഉത്തരോത്തരം ഗ്രീക്ക് റോമൻ സംസ്കാരങ്ങളിൽ വളര്‍ന്നുവെങ്കിലും അനുകമ്പയും സഹജീവികളോടുള്ള സഹാനുഭൂതിയും അവര്‍ക്ക് കേട്ടുകേള്‍വിപോലും ഇല്ലായിരുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ദൈവം മനുഷ്യനായി വന്നില്ലായിരുന്നുവെങ്കില്‍ ഇന്നും ലോകം അനുകമ്പയും സഹാനുഭൂതിയുമില്ലാത്ത വരണ്ടുണങ്ങിയ മറ്റൊരു ഗോളമായി മാറുമായിരുന്നു. “യാഗത്തിലല്ല കരുണയിലാണ് ഞാന്‍ പ്രസാദിക്കുന്നത് ” എന്ന ക്രിസ്തുമൊഴികള്‍ മതങ്ങളുടെ ക്ലിഷ്ടതകളിലും ആചാരബന്ധനങ്ങളുടെ നുകത്തിന്‍കീഴിലും സംസ്കാരങ്ങളുടെ പുറമ്പോക്കിലും കഴിഞ്ഞിരുന്ന ജനകോടികള്‍ക്ക് ആശ്വാസവചനമായിരുന്നു.

റോമില്‍ പ്ലേഗ് പടന്നുപിടിച്ച കാലത്ത് റോമാപൗരന്മാര്‍ രോഗികളായവരെ റോഡില്‍ ഉപേക്ഷിച്ചുകളഞ്ഞു എന്നായിരുന്നു ചരിത്രകാരന്മാര്‍ പറയുന്നത്. ക്രിസ്തുശിഷ്യന്മാര്‍ വരുന്നതുവരെ റോമിനും ഗ്രീക്കിനും ഉൾപ്പെടെ പൗരാണികലോക സമൂഹങ്ങളിലെല്ലാം അനുകമ്പയും ആർദ്രതയും അന്യമായിരുന്നുവത്രെ!
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊടുക്കുന്നതും ദീനാനുകമ്പ പ്രകടിപ്പിക്കുന്നതും എല്ലാം അവർക്ക് അജ്ഞാതമായിരുന്നു എന്നത് റോമന്‍ -യവന സംസ്കാരത്തിന്റെ ഭാഗമായ കല, സാഹിത്യം, തത്വചിന്ത, സംസ്കാരം എന്നിവയെക്കുറിച്ച് വാചാലരാകുന്നവർ പോലും അത്ഭുതപ്പെടുന്ന കാര്യമാണ്.

റോമന്‍ സമൂഹത്തില്‍ ആകെ വിലയുള്ളത് കവികള്‍, തത്വചിന്തകര്‍, ധനികര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കായിരുന്നു. വാസ്തവത്തിൽ ഇതായിരുന്നു ലോകത്തിലെ എല്ലാ സമൂഹങ്ങളുടെയും അവസ്ഥ. ഈ അവസ്ഥയ്ക്ക് പ്രതിരോധമുയർത്തിയത് യേശുക്രിസ്തുവിന്‍റെ സന്ദേശങ്ങളായിരുന്നു. ഒരു മനുഷ്യന്‍റെ ജീവന് ഈ ലോകത്തേക്കാള്‍ മൂല്യം ദര്‍ശിച്ച യേശുവിന്‍റെ അനുയായികള്‍ ഈ സത്യമാണ് പീഡിതരോടും ആലംബഹീനരോടും പ്രകടിപ്പിച്ചത്.

രോഗികളായ അടിമകളെയും പാവപ്പെട്ടവരേയും പ്രായമായവരെയും മരിക്കുന്നതുവരെ ഉപേക്ഷിച്ചുകളയുക എന്നതായിരുന്നു റോമന്‍ സംസ്കാരം. ”റോമിലെ ഓരോ അടിമയും വിശന്നാണ് മരിച്ചത് ” എന്നാണ് ചരിത്രം പറയുന്നത്. വിഖ്യാത ഗ്രീക്ക് ചിന്തകനായിരുന്ന പ്ലേറ്റോ പറഞ്ഞിരുന്നത് “രോഗികളായ അടിമകളെ മരണത്തിന് വിട്ടുകൊടുക്കുക, അത്തരക്കാര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് അവര്‍ കൂടുതല്‍ കാലം ജീവിച്ച് കൂടുതല്‍ കഷ്ടപ്പെടുന്നതിന് ഇടയാക്കും” എന്നായിരുന്നു.

ഏതൊരു സമൂഹത്തിലും എത്തിച്ചേർന്ന ക്രൈസ്തവികത പകർന്നു നൽകിയ ക്രിസ്തുദര്‍ശനങ്ങളുടെ മർമ്മം “എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു ” (മത്തായി 25) എന്നതായിരുന്നു.

പൗരാണിക റോമിന്റെ ഈ കാടൻ സംസ്കാരത്തിന്‍റെ സ്വാധീനം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകസമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഇത് ആധുനുകലോകം ദര്‍ശിച്ചത് ഹിറ്റലറിലൂടെയും സ്റ്റാലിനിലൂടെയുമായിരുന്നു. ഹിറ്റ്ലര്‍ പറഞ്ഞത് “Individual is nothing, the group (Nazi Party) is everything ” ഒരാള്‍ക്ക് വിലയൊന്നുമില്ല. പക്ഷേ പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടിക്ക് അതീതനായി ആരുമില്ല എന്നായിരുന്നു. സോവ്യറ്റ് കമ്യൂണിസ്റ്റ് ലീഡറായിരുന്ന ജോസഫ് സ്റ്റാലിന്‍ പറഞ്ഞത് “ഒരാളുടെ മരണം ട്രാജഡിയാണ്, ഒരുകൂട്ടം ആളുകള്‍ മരിച്ചാല്‍ അത് സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയാണ്” എന്നാണ്. അങ്ങനെ മനുഷ്യന് വിലയില്ലാത്ത ലോകത്തില്‍ മനുഷ്യന് സര്‍വ്വലോകത്തെക്കാളും മൂല്യമുണ്ടെന്ന് പ്രഖ്യാപിച്ചത് യേശുക്രിസ്തുവായിരുന്നു. മനുഷ്യജീവന്‍റെ മഹത്വം ഇത്രമേല്‍ ആഴത്തില്‍ മനസ്സിലാക്കിയ ഒരു മഹത് വ്യക്തിത്വവും ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യഹൂദനെന്നോ യവനനെന്നോ അടിമയെന്നോ സ്വതന്ത്ര നെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായിക്കണ്ട ദൈവരാജ്യ വ്യവസ്ഥിതിയുടെ സന്ദേശമായിരുന്നു യേശുവിൽ കേട്ടത്.

ലോകത്തിലെ എല്ലാ മനുഷ്യാവകാശാ നിയമങ്ങളും മനുഷ്യജീവന്‍റെ മൂല്യം അന്വേഷിച്ചതിന്‍റെ ഫലമായി രൂപംകൊണ്ടതാണ്. ഓരോ മനുഷ്യനും തന്‍റെ ജീവിതം എപ്രകാരം സ്വതന്ത്രമായിരിക്കണമെന്ന് ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശമുണ്ടെന്നു ക്രൈസ്തവലോകം അഞ്ചാം നൂറ്റാണ്ടില്‍ തന്നെ ചിന്തിച്ചു തുടങ്ങി.


സെന്‍റ് അഗസ്റ്റിന്‍റെ കാലഘട്ടത്തില്‍ അദ്ദേഹം എടുത്ത നിലപാട് ഏറെ കര്‍ക്കശമായിരുന്നു. അദ്ദേഹം പറഞ്ഞത് “ഒരാള്‍ക്ക് ഒന്നുകില്‍ സുവിശേഷത്തില്‍ വിശ്വസിക്കാം; അല്ലെങ്കില്‍ സുവിശേഷത്തിനെതിരായി പറയുന്ന നുണകളേ വിശ്വസിക്കാം. അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. ആരെയും ഒരിക്കലും നിര്‍ബന്ധിച്ച് ക്രിസ്തുവിശ്വാസം അടിച്ചേല്‍പ്പിക്കരുത്”. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ മറ്റൊരു നാഴികക്കല്ലായിരുന്നു അഗസ്റ്റിനോസില്‍ രൂപപ്പെട്ടതും ക്രൈസ്തവലോകം എല്ലായിടത്തും പിന്‍പറ്റിയതുമായ ഈ ബോധ്യങ്ങള്‍. ഓരോ മനുഷ്യനും ദൈവം നല്‍കിയ സ്വതന്ത്ര ഇച്ഛാശക്തിയും സ്വാതന്ത്ര്യവും അംഗീകരിക്കുന്നതും ആദരിക്കുന്നതുമാണ് സംസ്കാരത്തിന്‍റെ മുഖമുദ്രയെന്ന് ലോകത്തിന് ബോധ്യമാക്കിക്കൊടുത്തത് ക്രിസ്തുദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ട വ്യക്തികളും സമൂഹങ്ങളുമായിരുന്നു.

അനുകമ്പയുടെ ഏറെ ദൃശ്യവേദ്യമായ രംഗമാണ് ആതുരസേവനരംഗം. പൗരാണികലോകത്തിന് രോഗീപരിപാലനത്തിന്‍റെ മഹത്വം
അറിയില്ലായിരുന്നു. ക്രിസ്തുവില്‍നിന്ന് സ്നേഹത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ ക്രിസ്തുശിഷ്യഗണം കാലാകാലങ്ങളില്‍ ക്രിസ്തുവിന്‍റെ അനുകമ്പയുടെ സാക്ഷികളായി. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ ആഴങ്ങളറിഞ്ഞ ഫാദര്‍ ഡാമിയന്‍ എന്ന ബെൽജിയംകാരൻ ചെയ്തത് എന്തെന്ന് നോക്കൂ. കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ മൊളോക്കോ ദ്വീപില്‍ പോയി ഒടുവില്‍ കുഷ്ഠരോഗിയായി അദ്ദേഹം മരിച്ചു. തെരുവുകളില്‍ ആരുപോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് അത്താണിയായ മദര്‍ തെരേസയെ ഇന്ത്യക്ക് മറക്കാനാവില്ല. മദര്‍ തെരേസയ്ക്ക് എതിരേ ഉറഞ്ഞുതുള്ളുന്നവര്‍ അനുകമ്പ നഷ്ടപ്പെട്ട പൗരാണിക റോമന്‍ സമൂഹത്തിന്‍റെ സംസ്കാരത്തില്‍നന്ന് പുറത്തുവരാന്‍ കഴിയാത്തവരാണ്. മനുഷ്യജീവനു വില നല്‍കുന്നവര്‍ ആ പുണ്യവതിയുടെ പാദങ്ങള്‍ ചുംബിക്കും.

കേരളത്തില്‍, കോളറ ബാധിച്ചപ്പോള്‍ വെറും 38 വയസുമാത്രം പ്രായമുള്ള ഒരു ഉപദേശി കോളറ ബാധിതരെ പരിചരിച്ച് ഒടുവില്‍ കോളറ ബാധിതനായിത്തന്നെ മരിച്ചു. അദ്ദേഹം കേരളക്രൈസ്തവ ചരിത്രത്തില്‍ നിരവധി ആത്മീയഗാനങ്ങളെഴുതി ഇന്നും ക്രൈസ്തവലോകം ആ ഗാനങ്ങള്‍ പാടി ദൈവത്തെ മഹത്വപ്പെടുത്തുന്നു. അദ്ദേഹമായിരുന്നു ഈ തലമുറയില്‍ അധികാരമാരും അറിയാത്ത തൊമ്മി ഉപദേശി.

സ്വന്തം ജീവന്‍ അപകടത്തിലാണെന്നറിഞ്ഞിട്ടും രോഗികളോടു കരുണ കാണിക്കുക എന്നത് ഒരു ക്രൈസ്തവ തത്വമാണ്. ഇത്തരം അനേകായിരങ്ങളെ ക്രൈസ്തവചരിത്രത്തില്‍ എല്ലാകാലത്തും കാണും. ക്രൈസ്തവചരിത്രത്തില്‍ മാത്രമല്ല, ലോകത്തിലെ പല മതങ്ങളിലും ഇന്ന് ഇത്തരം അനുകമ്പയുള്ള വ്യക്തികളെയും ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷനെയും കാണും. എന്നാല്‍ ലോകത്തിന് ഈ പ്രചോദനം കിട്ടിയത് ക്രിസ്തുദര്‍ശനങ്ങളില്‍ നിന്നായിരുന്നു എന്നു മാത്രമാണ് ഞാന്‍ പറയുന്നത്. മത്തായിയുടെ സുവിശേഷം 14:14 പറയുന്നു: രോഗികളോട് യേശുവിന് കരുണതോന്നി, അവരെ സുഖപ്പെടുത്തിയെന്ന്. യേശുവിലുള്ള ഈ അലിവ് സ്വന്തജീവിതത്തില്‍ പ്രകടിപ്പിച്ചവരായിരുന്നു ഈ മഹത്തുക്കള്‍.

ലോകത്തിന്‍റെ നിലവിലുള്ള പോക്കിന് അനുരൂപരാകാതെ ക്രിസ്തുസ്നേഹത്തില്‍ നിറഞ്ഞ് സ്വയം പരിവര്‍ത്തനവിധേയമാവുക, അതിലൂടെ ലോകത്ത് പരിവര്‍ത്തനം സാധ്യമാക്കുക ഇതായിരുന്നു ക്രിസ്തുസന്ദേശം. റോമന്‍സ് 12:2 ന് ദി ലിവിംഗ് ബൈബിൾ നൽകിയിരിക്കുന്നത് സവിശേഷമായ ഒരു പരിഭാഷയാണ് Don’t copy the behavior and customs of this world, but let God transform you into a new person by changing the way you think)
(തുടരും)
ചിത്രം: മദർ തെരേസ, ഫാദർ ഡാമിയൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments