Saturday, July 27, 2024
No menu items!
Homeചിന്തകൾഏദെനിൽ ആരംഭിച്ച ക്രിസ്തുജയന്തി ആഘോഷങ്ങള്‍

ഏദെനിൽ ആരംഭിച്ച ക്രിസ്തുജയന്തി ആഘോഷങ്ങള്‍


ദൈവം മനുഷ്യവംശത്തിനുമേല്‍ സ്ഥാപിച്ച സമയരഥത്തിന്‍റെ ചക്രങ്ങള്‍ തന്‍റെ ഹിതപ്രകാരമുള്ള ദശാസന്ധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടുന്ന് കന്യകയില്‍ ഭൂജാതനായി. പരിശുദ്ധ ദൈവിക ത്രിത്വം പൂര്‍ണ്ണമായും മുന്‍കൈയെടുത്ത പ്രവൃത്തിയായിരുന്നു വചനം മാംസമായി കന്യകയില്‍ പിറന്ന അത്യത്ഭുത സംഭവം.

ദൈവത്വസമ്പൂര്‍ണ്ണത മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട്, സമ്പൂര്‍ണ്ണ മനുഷ്യനായവനെയാണ് മറിയം കാലിത്തൊഴുത്തില്‍ പ്രസവിച്ചത്. മനുഷ്യവംശത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതും മേലാല്‍ സംഭവിക്കാത്തതുമായ അത്ഭുതജനനത്തെയാണ് ക്രിസ്തുജയന്തി പ്രഘോഷിക്കുന്നത്. അനിതരസാധാരണമായ ഈ ജന്മത്തിലൂടെ, “തനിക്കു മുമ്പും (BC) തനിക്കു ശേഷവും (AD)” എന്ന രണ്ട് കാലഘട്ടങ്ങളാക്കി മനുഷ്യവംശത്തെ അവിടുന്ന് പകുത്തു. “മനുഷ്യാവതാരം എന്നത്, വചനമാകുന്ന ഏകവ്യക്തിയില്‍, ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മില്‍ നടന്ന അത്ഭുതകരമായ സംയോജനത്തിന്‍റെ രഹസ്യമാണ് ” എന്നാണ് കത്തോലിക്കാ മതബോധനം (483) നല്‍കുന്ന വ്യാഖ്യാനം.

ബൈസന്‍റൈന്‍ ആരാധനാക്രമത്തില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്റ്റത്തിന്‍റെ ലിറ്റര്‍ജിയിലെ പ്രഖ്യാപനം “അവിടുന്ന് എന്തായിരുന്നുവോ അത് നിലനിര്‍ത്തി, അവിടുന്ന് എന്ത് അല്ലായിരുന്നുവോ അത് അവിടുന്നു സ്വീകരിച്ചു” എന്നാണ് (Liturgy of St John Chrysostom, Troparion “O Monogenes” ).

യേശുക്രിസ്തുവിന്‍റെ ജീവിതത്തെ വീക്ഷിച്ചാല്‍ വിസ്മയിക്കാന്‍ കഴിയാത്തതായി യാതൊന്നും കാണില്ല. അവിടുന്ന് ജനിച്ച ദിവസം മുതലല്ല, മറിയത്തിന്‍റെ ഉദരത്തില്‍ ഒരു ഭ്രൂണാവസ്ഥയില്‍ ഉരുവാക്കപ്പെട്ട നിമിഷത്തിലും മനുഷ്യനായി ജീവിച്ചപ്പോഴും മരിച്ചപ്പോഴും ഉത്ഥിതനായപ്പോഴുമെല്ലാം അവിടുന്ന് മനുഷ്യബുദ്ധിക്ക് അതീതനായിരുന്നു. “അവിടുന്ന് ദൈവത്തിന്‍റെ മര്‍മ്മമാണ്” (രഹസ്യം) എന്ന യഥാർത്ഥ്യമാണ് അവിടുത്തെ അറിയുന്തോറും അപ്പൊസ്തൊലനായ പൗലോസിന് ഗ്രഹിക്കാൻ കഴിഞ്ഞത്. (കൊളോ 2:2).

ദൈവപുത്രന്‍റെ മനുഷ്യാവതാര രഹസ്യങ്ങളെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വിശദമാക്കുന്നത് ഇപ്രകാരമാണ്: “ദൈവപുത്രന്‍റെ അതുല്യവും അദ്വതീയവുമായ മനുഷ്യാവതാരത്തിന്‍റെ അര്‍ത്ഥം, യേശുക്രിസ്തു പകുതി ദൈവവും പകുതി മനുഷ്യനുമാകുന്നു എന്നല്ല. ദൈവപ്രകൃതിയും മനുഷ്യപ്രകൃതിയും കൂടിക്കുഴഞ്ഞ ഒരു മിശ്രപ്രകൃതിയാണ് അവിടുത്തേക്കുള്ളത് എന്നും അര്‍ത്ഥമില്ല. യഥാര്‍ത്ഥ ദൈവമായിരിക്കെത്തന്നെ അവിടുന്ന് യഥാര്‍ത്ഥ മനുഷ്യനായി, യേശുക്രിസ്തു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു” (464)

നിഖ്യാ- കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണം ദൈവപുത്രന്‍റെ മനുഷ്യാവതാരത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു “മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടുന്ന് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി, പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍നിന്ന് ശരീരം സ്വീകരിച്ച് മനുഷ്യനായിത്തീര്‍ന്നു”

വിശുദ്ധ ഗ്രിഗറി നൈസിയാന്‍സന്‍ ദൈവം മനുഷ്യനായി പിറന്നതിനെക്കുറിച്ച് പറയുന്നത് വളരെ ശ്രദ്ധേയമാണ് “രോഗഗ്രസ്തമായ നമ്മുടെ പ്രകൃതിക്ക് വൈദ്യനെ ആവശ്യമായിരുന്നു, അധഃപതിച്ച മനുഷ്യന് സമുദ്ധാരകനെ വേണമായിരുന്നു. മൃതനായവനു ജീവദായകനെ ആവശ്യമായിരുന്നു. നന്മയുടെ ഭാഗഭാഗിത്വം നഷ്ടപ്പെട്ടവന് അത് തിരികെക്കൊടുക്കുന്നവനെ ആവശ്യമായിരുന്നു. ഇരുട്ടില്‍ അടയ്ക്കപ്പെട്ടിരുന്നവന് വെളിച്ചത്തിന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ബന്ധനസ്ഥന്‍ രക്ഷകനെ അന്വേഷിക്കുന്നു. കാരാഗൃഹവാസി സഹായകനെ തേടുന്നു; അടിമത്തത്തിന്‍റെ നുകം വഹിക്കുന്നവരായ നമ്മള്‍ വിമോചകനെ കാത്തിരിക്കുന്നു. ഇവയൊക്കെ ചെറിയ കാര്യങ്ങളോ നിസ്സാരങ്ങളോ ആയിരുന്നോ? മനുഷ്യവര്‍ഗ്ഗം അത്യന്തം ദുരിതപൂര്‍ണ്ണവും അസ്വസ്ഥമായ അവസ്ഥയിലായിരുന്നതിനാല്‍ മനുഷ്യരുടെ പക്കലേക്ക് ഇറങ്ങിവരുവാനും അവനെ സന്ദര്‍ശിക്കാനും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ദൈവത്തെ പ്രേരിപ്പിച്ചില്ലേ?”

വചനമാകുന്ന ദൈവം മനുഷ്യനായി (incarnation) വെളിപ്പെടുന്നതിനു മുമ്പുള്ള നിത്യതയില്‍ അവിടുന്ന് ആയിരുന്ന ദൈവാവസ്ഥയെക്കുറിച്ച് (Pre Existence of Christ) നിരവധി പരാമര്‍ശങ്ങള്‍ പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം. ആയതിനാല്‍, വചനം മനുഷ്യനായി ജനിക്കുന്നതിനു മുമ്പും ഭ്രൂണമായി കന്യകയില്‍ ജനിച്ച നിമിഷവും അവളുടെ ഉദരത്തില്‍ വളര്‍ന്ന കാലഘട്ടവും കാലിത്തൊഴുത്തില്‍ പിറവികൊണ്ട സമയവും ഈജിപ്റ്റിലും നസറത്തിലും വളര്‍ന്ന ബാല്യവും യൗവ്വനത്തിലെ പരസ്യജീവിതവും തുടര്‍ന്ന് പീഡാനുഭവവും മരണവും എല്ലാം സംഭവിക്കുമ്പോഴും അവിടുന്ന് ദൈവത്വത്തില്‍ തന്നെ ആയിരുന്നു എന്ന മാര്‍മ്മിക യാഥാര്‍ത്ഥ്യമാണ് ബൈബിള്‍ അധിഷ്ഠിത ക്രൈസ്തവ വിശ്വാസത്തിന് ആധാരം. ദൈവത്തിന് ദൈവമല്ലാതെ ആയിരിക്കാന്‍ കഴിയില്ല. യേശുക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണ ദൈവാസ്തിത്വത്തെ തള്ളിക്കളയുകയോ കുറച്ചുകാണുകയോ നിഷേധിക്കുകയോ ചെയ്യുന്ന എല്ലാ പഠിപ്പിക്കലുകളും വിഷലിപ്തമായ ദുരുപദേശങ്ങള്‍ എന്ന പേരില്‍ ആദിമസഭയും തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിലനിന്ന അപ്പൊസ്തൊലിക സഭകളും തള്ളിക്കളഞ്ഞിട്ടുണ്ട്. ബൈബിള്‍ അംഗീകരിക്കുന്ന എല്ലാ ക്രൈസ്തവരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണിത്.

പരിശുദ്ധനായ ദൈവത്തിന് പാപിയായ മനുഷ്യനുമായി കൂടിക്കലരാന്‍ കഴിയുമോ? സ്ഥലകാലങ്ങള്‍ക്ക് അതീതനായ ദൈവം മനുഷ്യത്വത്തിന്‍റെയും കാലത്തിന്‍റെയും സ്ഥലത്തിന്‍റെയും പരിമിതികള്‍ക്ക് ഉള്ളില്‍ ജീവിക്കുന്നതെങ്ങനെ? “ദൈവത്വം മാറ്റിവച്ചു” എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്? ദൈവമായിരുന്നവൻ കുരിശിൽ മരിച്ചു എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്? യേശുക്രിസ്തു ശരീരത്തോടെ ഉത്ഥാനം ചെയ്തു എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്?…. ചോദ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയര്‍ന്നുകൊണ്ടേയിരിക്കും. ഇവിടെ നാം വിചിന്തനം ചെയ്യുന്നത് വചനമാകുന്ന ദൈവത്തിന്‍റെ മനുഷ്യാവതാര രഹസ്യങ്ങളെക്കുറിച്ചാണ്.

ഒന്നുമില്ലായ്മയില്‍ നിന്ന് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച വിവരണത്തിനു ശേഷം കാണുന്നത് ദൈവം തന്‍റെ “ഛായയിലും സാദൃശ്യത്തിലും ” മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് (ഉല്‍പ്പത്ത 1:26, 27). ദൈവം മനുഷ്യനെ മണ്ണില്‍നിന്ന് മെനഞ്ഞ്, അവന്‍റെ നാസാരന്ദ്രങ്ങളില്‍ ജീവശ്വാസം ഊതിയപ്പോള്‍ ആ മണ്‍ശില്‍പം ജീവനുള്ള ദേഹിയായി. ഈ പ്രസ്താവന അല്‍പ്പംകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ ഏദെനില്‍ ആദ്യമനുഷ്യനായ ആദാമിന്‍റെ സൃഷ്ടിയെക്കുറിച്ച് റോമാ ലേഖനം 5:14ലെ ഒരു പരാമര്‍ശം ഉപകരിക്കും. “ആദം വരാനിരുന്നവന്‍െറ പ്രതിരൂപമാണ്” (Adam, who is a type of Him who was to come.)

ആദം മനുഷ്യവംശത്തിൻ്റെ പ്രതിനിധിയാണ്. ആദം മുതൽ നാമെല്ലാം ഉൾപ്പെടെയുള്ള സകല മനുഷ്യനും കാലസമ്പൂര്‍ണ്ണതയില്‍ മനുഷ്യനായി ജനിച്ച ദൈവപുത്രന്‍റെ ആന്തരികവും ബാഹ്യവുമായ പ്രതിരൂപങ്ങളെയാണ് വഹിക്കുന്നത്. ആദം “പ്രതിരൂപ”മായിരുന്നുവെങ്കില്‍, കന്യകയില്‍ പിറന്ന ദൈവപുത്രന്‍ ആയിരുന്നു ”വരുവാനിരുന്നവനും തനത് രൂപവും”.

മനുഷ്യസൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം മനുഷ്യനില്‍ സന്നിവേശിപ്പിച്ച തന്‍റെ ഛായയും സാദൃശ്യവും കാലസമ്പൂര്‍ണ്ണതയില്‍ പിറക്കാന്‍ പോകന്ന ദൈവപുത്രന്‍റെ ഛായയും സാദൃശ്യവുമായിരന്നു. മനുഷ്യവംശം മുഴുവനും “തന്‍െറ മുമ്പാകെ സ്നേഹത്തില്‍ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുത്തു” എന്ന് എഫേസ്യലേഖനം 1:4ല്‍ വായിക്കുന്നു.

മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്നു പറയുമ്പോള്‍, കാലസമ്പൂർണതയിൽ ദൈവപുത്രൻ മനുഷ്യനായി അവതരിക്കാൻ പോകുന്ന ബാഹ്യശരീരഘടനയിലും (physical body) ആന്തരികമായി (inner being) ദൈവികസമ്പൂര്‍ണ്ണതയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നന്മഭാവങ്ങളിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവിക നന്മയുടെ ശ്രേഷ്ഠഗുണങ്ങളാണ് നീതിബോധം, പരിജ്ഞാനം, വിശുദ്ധി, തേജസ്, താഴ്മ, കരുണ, സ്നേഹം, ദാസ്യഭാവം, ക്ഷമാശീലം, സഹനം എന്നിവ. ഈ സവിശേഷ ദൈവികഗുണങ്ങളിലാണ് ദൈവം ആദ്യമനുഷ്യനായി ആദമിനെ സൃഷ്ടിച്ചത്. മനുഷ്യനും മൃഗവും തമ്മില്‍ വഴിപിരിയുന്നത് ഈ ഘട്ടത്തിലാണ്.

മൃഗത്തെ സൃഷടിച്ച അതേ ദിവസമാണ് ദൈവം മനുഷ്യനെയും സൃഷ്ടിച്ചത് എങ്കിലും ദൈവത്തിന്‍റെ ഛായയില്‍ ദൈവത്തില്‍നിന്ന് സൃഷ്ടിക്കപ്പെടാത്തതിനാല്‍ ദൈവികഗുണങ്ങളുടെ യാതൊരു വിദൂരസാന്നിധ്യംപോലും മൃഗത്തിനില്ല. മൃഗത്തില്‍നിന്നാണ് മനുഷ്യന്‍ പരിണമിച്ച് ഉണ്ടായത് എന്ന പരിണാമവാദത്തിന്‍റെ എല്ലാ വാദങ്ങളും തകര്‍ന്നടിയുന്നത് ഇവിടെയാണ്. ശരിയും തെറ്റും തിരിച്ചറിയാനോ നീതിബോധമോ ക്ഷമാശീലമോ വിശുദ്ധിയെക്കുറിച്ചുള്ള നേരിയ ബോധമോ മൃഗത്തിനില്ല. പരിജ്ഞാനത്തിന്‍റെ യാതൊരു ലാഞ്ചനപോലും മൃഗത്തിലില്ല. എന്നാല്‍, എത്രമേല്‍ പ്രാകൃത മനുഷ്യസമൂഹങ്ങളിലും ദൈവിക നന്മയുടെ ശ്രേഷ്ഠഗുണങ്ങളുടെ അംശങ്ങളെ കണ്ടെത്താന്‍ കഴിയും.

വരാനിരുന്നവന്‍െറ പ്രതിരൂപത്തില്‍ ആദമിനെ ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ ഭൂമുഖത്ത് ശ്രേഷ്ഠമായ ദൈവികഗുണങ്ങളുടെ ഉറവിടമായിട്ടായിരുന്നു ആദം സൃഷ്ടിക്കപ്പെട്ടത് എന്ന് മനസിലാക്കാം. ‘ആദം “ജീവനുള്ള ദേഹിയായ” നിമിഷം മുതല്‍ പരിജ്ഞാനവും നീതിബോധവും തേജസും വിശുദ്ധിയെക്കുറിച്ചുള്ള ബോധ്യവും സ്നേഹിക്കാനും ക്ഷമിക്കാനും സഹിക്കാനും കഴിയുന്നവനും സ്വര്‍ഗ്ഗീയഗുണമായ ദാസ്യബോധവും ഉള്ളവനായിട്ടായിരുന്നു സൃഷ്ടിക്കപ്പെട്ടത്. സൃഷ്ടിക്കപ്പെട്ട നിമിഷം മുതലേ ഈ ദൈവികഗുണങ്ങളിലെല്ലാം പക്വതപ്രാപിച്ചവനുമായിരുന്നു ആദം. ദൈവം മനുഷ്യനായി ഭൂപ്പരപ്പില്‍ പദമൂന്നി നടന്ന “ഈശോമശിഹാ” എന്ന അതുല്യവ്യക്തിത്വത്തില്‍ നാം ദര്‍ശിക്കുന്നത് ആദമില്‍ നല്‍കപ്പെട്ട ദൈവികശ്രേഷ്ഠഗുണങ്ങളുടെയെല്ലാം പരിപൂര്‍ണ്ണതയാണ്.

അറിവിന്‍റെ വൃക്ഷത്തില്‍നിന്ന് കഴിച്ചതിനു ശേഷമാണ് ആദം അറിവുള്ളവനായത് എന്നു ചിന്തിക്കുന്നവര്‍ ഏറെയാണ്. “മനുഷ്യന് അറിവുണ്ടാകാന്‍ ദൈവം ആഗ്രഹിച്ചില്ല” എന്നൊക്കെ ഇത് വ്യാഖ്യാനിക്കുന്നവരും ഉണ്ട്. എന്നാല്‍ ദൈവകല്‍പ്പന ലംഘിച്ച് അറിവിന്‍റെ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചപ്പോള്‍ വാസ്തവവത്തിൽ ആദത്തിൽ സംഭവിച്ചത് മറ്റൊന്നാണ്; ”തിന്മയെ ഒഴിഞ്ഞിരിക്കാനും നന്മ ചെയ്യാനുമുള്ള” ശേഷി ആദമിൽ നഷ്ടമാവുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യം റോമാ ലേഖനത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. “നന്‍മ ആഗ്രഹിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത് ” (റോമ 7:17-19). തിന്മയെ ഒഴിഞ്ഞിരിക്കാനും നന്മ ചെയ്യാനുമുള്ള പ്രാപ്തിയില്ലാത്തവനായി ആദവും തുടർന്നുള്ള തൻ്റെ സന്തതി പരമ്പരകളും മാറി എന്നതാണ് ആദിമനുഷ്യനായ ആദമിന്‍റെ ലംഘനത്തെ തുടര്‍ന്നു മനുഷ്യവംശത്തിനു ആന്തരികമായി സംഭവിച്ച അപചയം.

ദൈവത്തില്‍ നിറഞ്ഞുനില്‍ക്കുന്നതും ദൈവത്തില്‍നിന്ന് മനുഷ്യന് പകര്‍ന്നു നല്‍കിയതുമായ അനന്യവും പരിശുദ്ധവുമായ ഗുണമായിരുന്നു “മനുഷ്യത്വം”. ആയതിനാല്‍ ദൈവത്തിന് മനുഷ്യനായി വരിക എന്നത് ഒട്ടും അപ്രായോഗികമോ അസാധ്യമോ ആയ കാര്യമല്ല എന്നര്‍ത്ഥം.

ദൈവത്വവും മനുഷ്യത്വവും തമ്മില്‍ സംയോജിക്കില്ല എന്നാണ് പലരുടെയും ചിന്ത. ആദിമസഭയുടെ കാലം മുതലേ ചില പാഷണ്ഡവാദികള്‍ ഇത് പ്രചരിപ്പിച്ചിരുന്നു. ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ലത്രേ. എന്നാല്‍, ഈ പ്രപഞ്ചത്തില്‍ ദൈവത്തിന് ഏറ്റവും എളുപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന സൃഷ്ടിയാണ് മനുഷ്യൻ. ദൈവം തന്നില്‍നിന്നു തന്നേ സൃഷ്ടിച്ചത് മനുഷ്യനെ മാത്രമായിരുന്നുവല്ലോ. അതിനാല്‍തന്നെ, മറ്റേതൊരു സൃഷ്ടിയെക്കാളും ദൈവത്തെ എറ്റവുമധികം അറിയാന്‍ ശ്രമിക്കുന്നത് എക്കാലഘട്ടത്തിലും മനുഷ്യൻ മാതമാണ്.

ദൈവം മനുഷ്യനായി കാലിത്തൊഴുത്തില്‍ പിറന്നപ്പോള്‍, ദൈവത്വത്തില്‍ ശാശ്വതമായി നിലനില്‍ക്കുന്നതും മനുഷ്യനുമായി പങ്കുവച്ചതുമായ ദൈവികഗുണങ്ങളുടെ പരിപൂര്‍ണ്ണതയില്‍ അവിടുന്ന് മനുഷ്യനായി ജഡത്തില്‍ വെളിപ്പെടുകയായിരുന്നു (ഫിലി 2:7). ദൈവം മനുഷ്യനായി ഭൂമുഖത്ത് മുപ്പത്തിമൂന്നര വര്‍ഷക്കാലം ജീവിച്ചപ്പോള്‍ വിശുദ്ധി, തേജസ്, പരിജ്ഞാനം, സ്നേഹം, താഴ്മ, കരുണ, ദാസ്യഭാവം, ക്ഷമാശീലം, സഹനം എന്നിങ്ങനെ ദൈവികഗുണങ്ങളുടെ സമ്പൂര്‍ണ്ണതയിലാണ് വിരാജിച്ചത്. മറുരൂപമലയില്‍ വച്ച് അവിടുന്ന് ദൈവത്വത്തിലെ തേജോമയത്വം വെളിപ്പെടുത്തിയ സന്ദര്‍ഭവും ഉണ്ടായി. എന്നാല്‍ ദൈവികതയിലെ അത്യുദാത്ത സവിശേഷതകളായ ആത്മരൂപി, മഹാവിശുദ്ധി, നിരന്തരം പ്രകാശത്തെ ധരിച്ചിരിക്കുന്ന തേജോമയത്വം, സര്‍വ്വവ്യാപിത്വം, സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, മാറ്റമില്ലാത്തവന്‍ എന്നിങ്ങനെയുള്ള അതിശ്രേഷ്ഠവും ശാശ്വതവുമായ ദൈവിക ഗുണങ്ങളെ അവിടുന്ന് മുറുകെപ്പിടിച്ചുമില്ല (ഫിലി 2:6).

ദൈവം മനുഷ്യനായതിലെ ഈ മര്‍മ്മം ഉള്‍ക്കൊള്ളാനാവാത്ത ലക്ഷോപലക്ഷം മനുഷ്യരുണ്ട്. ക്രൈസ്തവര്‍ എന്ന പേരില്‍ തന്നെ എത്രയോ ആളുകൾ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ തങ്ങളുടെ യുക്തിക്ക് ഭദ്രമെന്ന് തോന്നുന്ന വിധത്തില്‍ യേശുക്രിസ്തുവിനെ മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍, “ദൈവം (വചനം) മനുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു” (യോഹ 1:14) എന്ന മര്‍മ്മം ഉള്‍ക്കൊള്ളാതെ, അവിടുത്തെ ജനനത്തെയെ മരണത്തെയോ ഉയര്‍പ്പിനെയോ ഉള്‍ക്കൊള്ളാനാവില്ല. ആഗമനകാല ദിവ്യരഹസ്യങ്ങളെ അനുസ്മരിക്കുമ്പോൾ ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടുവേണം, ക്രിസ്തുജയന്തിയെ വരവേല്‍ക്കാന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments