Monday, December 2, 2024
No menu items!
Homeചിന്തകൾഇഷ്ടന്മാര്‍ പിരിയുന്നു; ഹാ! ഇവിടമാണാദ്ധ്യാത്മ വിദ്യാലയം!

ഇഷ്ടന്മാര്‍ പിരിയുന്നു; ഹാ! ഇവിടമാണാദ്ധ്യാത്മ വിദ്യാലയം!


നാസയുടെ സ്പേഷ് ഷിപ്പിനെ കാണാന്‍ വെളുപ്പാന്‍ കാലത്ത് ടെറസില്‍ കയറി ആകാശത്തേക്ക് നോക്കുനിന്നുകൊണ്ട് വേദാന്തം ചിന്തിക്കുന്ന ഒരുവനെ ”മീശ” നോവലില്‍ എസ് ഹരീഷ് വിവരിക്കുന്നുണ്ട്. “കട്ടപിടിച്ച ഇരുട്ടില്‍, സ്പേസിലെ അജ്ഞാതവാഹനത്തില്‍ ഒറ്റപ്പെട്ടുപോയ ഒരുമനുഷ്യനെപ്പോലെ അയാള്‍ ചിന്തിച്ചുകൂട്ടുന്നു. ഞാനീ നിമിഷം ഇവിടെനിന്ന് മാഞ്ഞുപോയാല്‍, അല്ലെങ്കില്‍ ബ്ലാക്ക് ബോര്‍ഡില്‍ വരച്ച ചിത്രമായി ദൈവം ഒരു നനഞ്ഞ തുണികൊണ്ട് തുടച്ചുമായ്ച്ചു കളഞ്ഞാല്‍ വിരലിലെണ്ണാവുന്ന കുറച്ചുപേരേ എന്‍റെ അസാന്നിധ്യം ഓര്‍മ്മിക്കൂ. അവരും മാഞ്ഞുപോയിക്കഴിഞ്ഞാല്‍ എന്നെ ആരും ഓര്‍മിക്കില്ല. ആയിരം വര്‍ഷം മുമ്പ്, അല്ലെങ്കില്‍ അതിനും പതിനായിരക്കണക്കിന് വര്‍ഷങ്ങളില്‍ ജീവിച്ച, സ്വന്തം പേരും വ്യക്തിത്വവുമില്ലാത്ത ഭൂരിഭാഗം മനുഷ്യരുണ്ട്. അവരെ ദൈവം നനഞ്ഞ തുണികൊണ്ട് ഭൂമിയില്‍നിന്നും നശ്വരരായ മനുഷ്യരുടെ ഒരു വിലയുമില്ലാത്ത ഓര്‍മ്മകളില്‍നിന്നും മായ്ച്ചുകളഞ്ഞു”.

ഭൂമിയില്‍നിന്നും നശ്വരനായ മനുഷ്യന്‍റെ ഒരുവിലയുമില്ലാത്ത ഓര്‍മ്മകളില്‍നിന്നും ജനലക്ഷങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ച് വിസ്മൃതരായിരിക്കുന്നു. അവരില്‍ ഏതാനും പേരേ മാത്രം നാം അറിയുന്നു. ഇതുവരെ കോവിഡ് അപഹരിച്ചത് 37 ലക്ഷം മനുഷ്യജീവനുകളെയാണ്. അടുത്ത ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ ഓര്‍മകളില്‍ മാത്രം ഇവരൊക്കെ അല്‍പ്പകാലം കൂടി തങ്ങിനിന്നേക്കാം.

സമയത്തില്‍നിന്ന് സമയമില്ലായ്മയിലേക്കുള്ള കടന്നുപോക്കായി മരണത്തെ ചിത്രീകരിക്കാറുണ്ട്. മരണമെന്ന ഇടനാഴിയുടെ ഒരറ്റത്ത് സമയവും മറ്റേയറ്റത്ത് സമയമില്ലായ്മയുമാണ്. മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഈ ഇടനാഴിക്കരികിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്നു. ഈശ്വരവിശ്വാസികളും നിരീശ്വരന്മാരും യുക്തിവാദികളും തീവ്രവാദികളും മതപുരോഹിതന്മാരും സ്ത്രീപുരുഷന്മാരും യുവതിയുവാക്കളും കുട്ടികളും എല്ലാം ഈ ഇടനാഴിയിലൂടെ മറുകര ലക്ഷ്യമാക്കി നീങ്ങുകയാണ്. പണ്ഡിതന്മാരും പാമരന്മാരും സമ്പന്നരും യാചകരുമെല്ലാം ഈ യാത്രയിലാണ്; ജാതിഭേദങ്ങളില്ലാതെ സകലരും ഒടുവില്‍ എരിഞ്ഞടങ്ങി ഒരുപിടി ചാരമായി മാറുന്നു!.. പട്ടടകളിലെ തീജ്വാലകള്‍ കമുകറയുടെ പാട്ടിനൊത്ത് താളംചവിട്ടുന്നു…

ഇല്ലാ ജാതികള്‍, വേദവിചാരം,
ഇവിടെ പുക്കവര്‍ ഒരുകൈ ചാരം..
മന്നവനാട്ടെ, യാചകനാട്ടെ,
വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍….
ആത്മവിദ്യാലയമേ…!
അവനിയില്‍ ആത്മവിദ്യാലയമേ…!

തന്‍റെ ആത്മസുഹൃത്തായ എ.ആര്‍. രാജരാജവര്‍മ്മ എന്ന മഹാപണ്ഡിതന്‍റെ വിയോഗത്തില്‍ ദുഃഖാര്‍ത്തനായ മഹാകവി കുമാരാനാശാന്‍ “പ്രരോദനം” എന്ന കവിതയെഴുതി. മഹാകവിയും തത്വജ്ഞാനിയുമായിരുന്ന കുമാരനാശാന്‍ ഇഹലോക മനുഷ്യജീവിതത്തെ നിരീക്ഷിച്ചത് ആത്മവിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിക്കുന്ന കളരിയായിട്ടാണ്.

കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ
ചെറുതുമിങ്ങോരില്ല ഘോരാനലന്‍
സ്പഷ്ടം മാനുഷ ഗര്‍വ്വൊക്കെയിവിടെ-
പ്പുക്കസ്തമിക്കുന്നിതിങ്ങിഷ്ടന്മാര്‍ പിരിയുന്നു!
ഹാ! ഇവിടമാണാദ്ധ്യാത്മ വിദ്യാലയം!
(പ്രരോദനം, കുമാരനാശാൻ)

സ്ഥാനവലിപ്പമോ കുലമഹിമയോ ജാതിയുടെയോ വംശത്തിന്‍റെയോ ഗുണഗണങ്ങളോ ഒന്നും ഗൗനിക്കാതെ മാനുഷഗര്‍വ്വിനെയെല്ലാം ഭസ്മീകരിച്ചുകൊണ്ട് സമയത്തും അസമയത്തുമായി പള്ളിക്കൂടം വിട്ടുപോകുന്ന പ്രിയപ്പെട്ടവര്‍… ഈ ഭൂമി ഒരു ആദ്ധ്യാത്മ വിദ്യാലയംതന്നെയാണ്!

ആത്മവിദ്യയെക്കാള്‍ പരമമായി യാതൊന്നുമില്ല എന്നാണ് ഹൈന്ദവവേദശാസ്ത്രം. ഈശ്വരനെ അറിയാനും അനുഭവിക്കാനുമുള്ള ഏതു വിദ്യയും ആത്മവിദ്യയാണത്രെ. ദൈവത്തെ അറിയുന്നതിനുള്ള പരിശ്രമങ്ങളാണ് ബൈബിള്‍ വീക്ഷണത്തില്‍ “നിത്യത” (യോഹ 17:3). ഭൗമികജീവിതത്തിലാണ് നിത്യത ആരംഭിക്കുന്നത്. ദൈവത്തെ ദിനംതോറും അറിഞ്ഞുകൊണ്ടേയിരിക്കുന്ന നിതാന്ത പ്രക്രിയയാണിത്. മരണാനന്തരം “നിത്യതയില്‍ പ്രവേശിച്ചു” എന്നു പരേതരേക്കുറിച്ചു പറയാറുണ്ട്. വാസ്തവത്തില്‍ ഭൗമിക ജീവിതത്തിലാണ് നാം നിത്യതയിൽ പ്രവേശിക്കുന്നത്. എല്ലാ ദൈവാന്വേഷണങ്ങളും നിത്യതയുടെ ഭാഗമാണ്. മരണത്തെക്കുറിച്ച് വിവരിച്ച് ഒടുവിൽ പൗലോസ് പറയുന്നു: “ചിലര്‍ക്കുദൈവത്തെപ്പറ്റി ഒരറിവുമില്ല” (1 കൊരി 15:34). മരണത്തെക്കുറിച്ച് അറിയുന്നതുപോലും ദൈവത്തെക്കുറിച്ച് അറിയുന്നതാണ്, അത് ആത്മവിദ്യയാണ്. ജീവിതത്തിന് ദൈര്‍ഘ്യം കൂടുന്തോറും ആത്മവിദ്യാലയത്തില്‍നിന്ന് ദൈവത്തെക്കുറിച്ച് സ്വായത്തമാക്കുന്ന അറിവുകളും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു.

ആധുനികലോകം മനുഷ്യന് മരണാനന്തര അസ്തിത്വം ഉണ്ടെന്നത് അംഗീകരിക്കുന്നില്ല. മരണത്തോടെ എല്ലാം നിശ്ശേഷം അവസാനിക്കുന്നു എന്നു കരുതാനാണ് പുരോഗമനവാദിക്ക് താല്‍പര്യം. പട്ടടയില്‍ കെട്ടടുങ്ങുന്നതോടെ പുനഃരുജ്ജീവനം അസാധ്യമായി മനുഷ്യന്‍ നിത്യമായി തീര്‍ന്നുപോകുന്നുവെന്നാണ് അവരുടെ വാദം. മൃതന്‍റെ ഓര്‍മകള്‍, അറിവുകള്‍, അനുഭവങ്ങള്‍ എല്ലാം കത്തിയമര്‍ന്ന ഒരു ലൈബ്രറിപോലെ വീണ്ടെടുക്കാനാവാത്തവിധം ചാരമായി മാറുന്നു. ജീവിച്ചിരിക്കുമ്പോള്‍ എല്ലാത്തിനും ലക്ഷ്യവും മൂല്യവും അര്‍ത്ഥവും അസ്തിത്വവും തേടിനടന്നവന്‍ മരണത്തോടെ അര്‍ത്ഥവും അസ്തിത്വവുമില്ലാത്തവനാകുന്നു -ഇതാണ് ആധുനികലോകത്തിന്‍റെ യുക്തിചിന്ത.

പീഡനപര്‍വ്വത്തിന്‍റെ മധ്യേ മരണംപ്രതീക്ഷിച്ചിരുന്ന ഇയ്യോബിന്‍റെ അടുക്കലെത്തിയ “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാരായ” (miserable comforters) തേമാന്യനായ എലിഫാസും ഷൂഹ്യനായ ബില്‍ദാദും നാമാത്യനായ സോഫാറും ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചപ്പോള്‍ ഭക്തനായ ഇയ്യോബും അസ്തിത്വബോധവും മരണാനന്തര പ്രത്യാശയും നഷ്ടപ്പെട്ട് പ്രലപിക്കുന്നതു കാണാം. “വൃക്ഷത്തിനു പ്രത്യാശയുണ്ട്, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും; അതിനു പുതിയ ശാഖകള്‍ ഉണ്ടാകാതിരിക്കയില്ല. അതിന്‍െറ വേരുകള്‍ മണ്ണിനടിയില്‍ പഴകിപ്പോയാലും അതിന്‍െറ കുറ്റി മണ്ണില്‍ കെട്ടുപോയാലും വെള്ളത്തിന്‍െറ ഗന്ധമേറ്റാല്‍ അതു തളിര്‍ക്കുകയും ഇളം ചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും. എന്നാല്‍, മനുഷ്യന്‍ മരിക്കുന്നു; അവനെ മണ്ണില്‍ സംസ്കരിക്കുന്നു. അന്ത്യശ്വാസം വലിച്ചാല്‍, പിന്നെ അവന്‍ എവിടെ?” ഇങ്ങനെ പോകുന്നു ഇയ്യോബിൻ്റെ പ്രരോദനങ്ങൾ.

മരണഭയത്തോടെ ജീവിതം കഴിച്ചുകൂട്ടിയവരായിരുന്നു പഴയനിയമ നീതിമാന്മാരില്‍ പലരും. ഇവര്‍ക്കുള്ള ഉത്തരത്തിന് മശിഹായുടെ ജനനംവരെ കാത്തിരിക്കേണ്ടിവന്നു. മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ അതില്‍നിന്ന് രക്ഷിക്കുക എന്നതായിരുന്നുവല്ലോ ദൈവം മനുഷ്യനായി ജനിച്ചതിലെ ഒരു ലക്ഷ്യം (ഹെബ്രായര്‍ 2:14)

“മരിച്ചവരുടെ ഉയിര്‍പ്പിലുള്ള വിശ്വാസം ക്രിസ്ത്യാനികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു, ശരീരത്തിന്‍റെ പുനഃരുത്ഥാനത്തില്‍ വിശ്വസിച്ചുകൊണ്ട് നമ്മള്‍ ജീവിക്കുന്നു” എന്നായിരുന്നു സഭാപിതാവായിരുന്ന തെര്‍ത്തുല്യന്‍ പറഞ്ഞത്.

മരണാനന്തര ജീവിതത്തിലെ പ്രത്യാശാനിര്‍ഭരമായ അവസ്ഥയെ സവിശേഷമായി അവതരിപ്പിച്ച ഒരു പഴയനിയമ ഗ്രന്ഥമാണ് മക്കാബിയര്‍. അന്തിയോക്കസ് എപ്പിഫാനസിന്‍റെ ഭീഷണികള്‍ക്ക് മുന്നില്‍ ശ്രേഷ്ഠമായ മരണം വരിക്കാന്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് അമ്മയും മക്കളും മരണാനന്തര ജീവിത പ്രത്യാശയോടെ വിളിച്ചു പറയുന്ന രംഗങ്ങള്‍ 2 മക്കാബിയര്‍ 7-ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. രണ്ടാമത്തെ മകന്‍ ക്രൂരമായ പീഡനത്തിനുശേഷം കൊല്ലപ്പെടുന്നതിന് മുമ്പ് കൊലയാളികളോടു അലറിപ്പറഞ്ഞു “ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍നിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാല്‍, പ്രപഞ്ചത്തിന്‍െറ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും; അവിടുത്തെ നിയമങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്”.
നാലാമത്തെ മകന്‍ പറഞ്ഞു “പുനഃരുത്ഥാനത്തെക്കുറിച്ചു ദൈവം നല്‍കുന്ന പ്രത്യാശ പുലര്‍ത്തിക്കൊണ്ടു മനുഷ്യകരങ്ങളില്‍നിന്ന് മരണം വരിക്കുന്നത് ഉത്തമമാണ്” പീഡനത്തിലൂടെ കടന്നുപോയ ആദിമസഭയും ഇപ്രകാരം മരണാനന്തര ജീവിതത്തെ സാക്ഷ്യപ്പെടുത്തിയ നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്.

ജീവിതകാലം മുഴുവന്‍ മനുഷ്യാത്മാവ് ദൈവത്തെ കണ്ടുമുട്ടാനായി പ്രത്യാശിച്ച് ഭൗതികശരീരത്തില്‍ വസിക്കുന്നു; മരണാനന്തരം, മഹത്വീകൃത ശരീരവുമായുള്ള പുനരൈക്യത്തില്‍ പ്രത്യാശിച്ചാണത്രെ മൃതരുടെ ആത്മാക്കള്‍ ദൈവസന്നിധിയില്‍ വസിക്കുന്നത്. പുനഃരുതഥാനം എങ്ങനെ സംഭവിക്കുന്നു എന്നതിന് “അത് നമ്മുടെ ഭാവനയ്ക്കും ഗ്രഹണത്തിനും ശക്തിക്കും അതീതമാണ്. അത് വിശ്വാസത്തിന് മാത്രം അഭിഗമ്യമാണ്” എന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. (സി.സി.സി 1000).

മരണത്തിനപ്പുറത്തേക്കും മനുഷ്യജീവിതം തുടരുന്നു എന്ന സന്ദേശമായിരുന്നു യേശുക്രിസ്തു നല്‍കിയത്. മരണത്തെ ഉറക്കമെന്നു ക്രിസ്തു വിളിച്ചു (യോഹ 11:11) അതിനെ ഉണര്‍ത്തുന്ന പുനഃരുത്ഥാനം യുഗാന്ത്യത്തില്‍ സംഭവിക്കുമെന്ന് അവിടുന്ന് പറഞ്ഞു. തന്‍റെ പുനഃരുത്ഥാനം അതിന് തെളിവായി അവിടുന്ന് പ്രഖ്യാപിച്ചു. “പുനഃരുത്ഥാനവും ജീവനും ഞാന്‍ ആകുന്നു, എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന പ്രഖ്യാപനം ക്രൈസ്തവ വിശ്വാസത്തിന്‍റെ അന്തഃസത്തയാണ്. ക്രിസ്തുവിലുള്ള സമ്പൂര്‍ണ്ണ വിശ്വാസമാണ് മരണാനന്തര ജീവിതത്തിന്‍റെയും പുനഃരുത്ഥാനത്തിന്‍റെയും അടിസ്ഥാനം. ”എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്നു ക്രിസ്തു പറഞ്ഞു എന്നതാണ് മരണാനന്തര ജീവിതം ഉണ്ട് എന്നതിന് ശക്തമായ തെളിവ്.

മരണത്തിലൂടെ, ക്രിസ്തുവിലുള്ള തന്‍റെ അസ്തിത്വത്തിന്‍റെ വേരുകള്‍ തേടിപ്പോകുന്ന സഞ്ചാരിയായി യാത്ര തുടരുകയാണ് മനുഷ്യന്‍. തന്നിലെ മുഴുവന്‍ സത്തയെയും ആത്മാവില്‍ സന്നിവേശിപ്പിച്ചുകൊണ്ട് കാഴ്ചയ്ക്ക് അപ്പുറത്തേക്ക്, വിശ്വാസത്തിനും അപ്പുറത്തേക്ക് നിത്യയാഥാര്‍ത്ഥ്യങ്ങളേ തിരഞ്ഞുള്ള യാത്ര. ഭൂമിയില്‍ അന്യരും പരദേശികളുമായി ജീവിച്ചുകൊണ്ടുള്ള മോക്ഷയാത്രയുടെ അടുത്തപടിയായി ആത്മമണ്ഡലത്തിലൂടെ യാത്ര തുടരുന്നു.

ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് മരണത്തെ നോക്കിക്കാണുന്ന ഒരു അധ്യായമാണ് 1 കൊരിന്ത്യ ലേഖനം 15. അവിടെ വായിക്കുന്നത് ക്രിസ്തീയ പ്രത്യാശയുടെ വചനങ്ങളാണ്. “ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനഃര്‍ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്‍റെയോ മറ്റു വല്ല ധാന്യത്തിന്‍റെയോ വെറുമൊരു മണിമാത്രം. എന്നാല്‍, ദൈവം തന്‍െറ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്‍റേതായ ശരീരം നല്‍കുന്നു. എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്. സ്വര്‍ഗീയ ശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്. സൂര്യന്‍െറ തേജസ്സൊന്ന്; ചന്ദ്രന്‍റേതു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിനു വ്യത്യാസമുണ്ട്. ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനഃരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്…. നമ്മള്‍ ഭൗമികന്‍െറ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്‍െറ സാദൃശ്യവും ധരിക്കും”

“ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട് ” എന്ന് വിശുദ്ധ തിരുവെഴുത്ത് അടിവരയിട്ട് പ്രഖ്യാപിക്കുന്നു എന്നതാണ് മരണാനന്തര ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാന്‍ ക്രൈസ്തവനെ പ്രേരിപ്പിക്കുന്നത്. മരണാനന്തരവും മനുഷ്യന്‍ തന്‍റെ ജീവിതം തുടരുന്നതിനാല്‍, ഈ ജീവിതത്തിലെ നേട്ടങ്ങള്‍ക്കു വേണ്ടി മാത്രമല്ല മരണാനന്തരജീവിതത്തിലും പ്രത്യാശയുള്ളവരായിരിക്കണം. “ഈ ലോകജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്”. (1 കൊരി 15:19)

ജീവിതത്തിന് അര്‍ത്ഥമുള്ളതിനാല്‍ മരണത്തിനും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥം തിരിച്ചറിഞ്ഞ ഒരു ഭക്തന്‍റെ ശവക്കല്ലറയില്‍ എഴുതിവച്ചത് പ്രത്യാശ തുടിക്കുന്ന വാക്കുകളായിരുന്നു. “ആത്മാവ് നക്ഷത്രഗോളങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്‍പ്പാന്‍ പോയിരിക്കുന്നു, എന്‍റെ കര്‍ത്താവിന്‍റെ വരവില്‍ ദിവ്യകൂടിക്കാഴ്ചയില്‍ എല്ലാവരുമായി കണ്ടുകൊള്ളാം” ഇടയാറന്മുള സെന്‍റ് തോമസ് മാര്‍തോമാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കല്ലറയില്‍ രേഖപ്പെടുത്തിയ വരികളാണിത്.

ക്രിസ്ത്യാനിക്ക് സ്വര്‍ഗ്ഗം എന്നത് ഒരു പ്രത്യേക സ്ഥലത്തോടും അവിടെയുള്ള സുഖസൗകര്യങ്ങളോടുമുള്ള താല്‍പര്യമല്ല. ക്രിസ്ത്യാനിയുടെ സ്വര്‍ഗ്ഗം ഒരു വ്യക്തിയാണ്, അത് ക്രിസ്തുവാണ്! ക്രിസ്തുഭക്തന്‍ മരണത്തിലൂടെ ക്രിസ്തുവില്‍ മറയുന്നു; ക്രിസ്തുവിലേക്ക് സംവഹിക്കപ്പെടുന്നു. “ജീവിക്കുന്നതും മരിക്കുന്നതും ക്രിസ്തു”.

“ഇപ്പോള്‍മുതല്‍ കര്‍ത്താവില്‍ മൃതിയടയുന്നവര്‍ അനുഗൃഹീതരാണ്. അതേ, തീര്‍ച്ചയായും. അവര്‍ തങ്ങളുടെ അധ്വാനങ്ങളില്‍നിന്നു വിരമിച്ചു സ്വസ്ഥരാകും; അവരുടെ പ്രവൃത്തികള്‍ അവരെ അനുഗമിക്കുന്നു” (വെളിപ്പാട് 14:13)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments