Sunday, June 16, 2024
No menu items!
Homeചിന്തകൾഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുവിനെ ക്രൂശിക്കുമായിരുന്നോ?

ഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുവിനെ ക്രൂശിക്കുമായിരുന്നോ?

“ഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുക്രിസ്തുവിനെ ഒരിക്കലും കുരിശിലേറ്റില്ലായിരുന്നു” എന്ന അഭിപ്രായം പ്രകടിപ്പിച്ചത് ആര്‍.എസ്.എസ് നേതാവും സംഘടനയുടെ ജോയിന്‍റ് ജനറല്‍ സെക്രട്ടറിയുമായ മന്‍മോഹന്‍ വൈദ്യയാണ്. ജയ്പ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു (മാതൃഭൂമി ഓണ്‍ലൈന്‍, ഫെബ്ര 6, 2024).

നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്രസംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തില്‍ പരിചിന്തനം നടത്തുന്നവരും പൗരാണിക വിധിതീർപ്പുകളെ ആധുനിക നീതിബോധത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നവരുമുണ്ട്. ഇക്കൂട്ടത്തില്‍ ക്രിസ്തുസംഭവങ്ങള്‍ക്കു വര്‍ത്തമാനകാല ഭാഷ്യം ചമയ്ക്കുന്നവരെയും കാണാം. ക്രിസ്തുവിനെ ക്രൂശീകരണത്തിലേക്കു നയിച്ച വിചാരണയും വിധിയുമെല്ലാം പഠനവിധേയമാക്കി, റോമന്‍ കോടതിയുടെ ക്രൂശീകരണ വിധി തികച്ചും അന്യായമായിരുന്നു എന്ന നിഗമനത്തിലാണ് പല ആധുനിക നിയമവിദഗ്ധരും ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇക്കൂട്ടർക്കൊപ്പമാണ് “ഇന്ത്യയിലായിരുന്നുവെങ്കില്‍ യേശുക്രിസ്തുവിനെ ഒരിക്കലും കുരിശിലേറ്റില്ലായിരുന്നു” എന്ന ആര്‍.എസ്.എസ് നേതാവിന്‍റെ അഭിപ്രായത്തെയും കാണേണ്ടത്.

ക്രിസ്തുവിന്‍റെ മനുഷ്യാവതാരം ഏദെനിലെ ആദ്യപാപത്തിന്‍റെ പരിണിതഫലമായിരുന്നു എന്നു വാദിക്കുന്ന പടിഞ്ഞാറന്‍ സഭയും (ലാറ്റിന്‍) ചിന്തകരും ഒരുവശത്തു നില്‍ക്കുമ്പോള്‍ ഏദെനില്‍ വീഴ്ച സംഭവിച്ചില്ലെങ്കിലും രക്ഷകന്‍ വരുമായിരുന്നു എന്നു വിശ്വസിക്കുന്ന കിഴക്കന്‍ സഭകളെയും ദൈവശാസ്ത്രജ്ഞരെയും കാണാം. നീതിന്യായ വ്യവസ്ഥിതികളില്‍ കാലാകാലങ്ങളിൽ രൂപംകൊണ്ട നിയമനിര്‍മ്മാണങ്ങളുടെയും ദൈവശാസ്ത്ര വിചിന്തനങ്ങളിലെ നവീനബോധനങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിസ്തുസംഭവങ്ങളെ മനസ്സിലാക്കുന്ന വിവിധ സമീപനങ്ങൾ സഭയ്ക്കുള്ളിലും പുറത്തും ഉണ്ടായിട്ടുണ്ട്.

ക്രിസ്തുവിന്‍റെ വിചാരണയും വിധിയും ആധുനിക വീക്ഷണത്തില്‍

ഈശോ മശിഹായുടെ മനുഷ്യാവതാര കാലഘട്ടത്തില്‍ ലോകത്തില്‍ താരതമ്യേന നീതിപൂര്‍വ്വകമായി വിചാരണയും വിധിയും നടത്തിയിരുന്ന രണ്ടു നിയമസംവിധാനങ്ങളായിരുന്നു യഹൂദ മതകോടതിയും റോമന്‍ ട്രിബ്യൂണലിനു കീഴിലുള്ള നിയമ സംവിധാനവും. ഇന്നുള്ള ആധുനിക നിയമസംഹിതകളുടെയെല്ലാം അടിത്തറയായി നിലകൊള്ളുന്ന ഈ രണ്ട് പ്രബല നിയമ വ്യവസ്ഥിതികളുടെയും കീഴിലാണ് യേശുക്രിസ്തു വിചാരണ നേരിട്ടത്. പ്രമുഖമായ ഈ രണ്ട് നിയമസംവിധാനങ്ങളും ഒരുമിച്ചുനിന്നാണ് ക്രിസ്തുവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ വിചാരണയെയും വിധിയെയും പഠനവിധേയമാക്കി The Trial of Jesus എന്ന പ്രബന്ധം Charles A Hawley എന്ന നിയമജ്ഞൻ Kentucky Law Journal -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യേശുക്രിസ്തുവിന്‍റെ വിചാരണയുടെ വിവിധ ഘട്ടങ്ങളെ തലനാരിഴകീറി പരിശോധിക്കുന്ന ഈ പ്രബന്ധത്തിൽ യേശുവിനെ അറസ്റ്റു ചെയ്തതു മുതല്‍ ക്രൂശീകരണം വരെയുള്ള വിവിധ നടപടിക്രമങ്ങള്‍ എല്ലാം തീര്‍ത്തും അന്യായമായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. റോമന്‍ കോടതിയേക്കാള്‍ അധികമായി അന്യായം ചെയ്തത് യഹൂദ സുപ്രീം കോടതിയായ സെന്‍ഹെദ്രീനായിരുന്നു. സെന്‍ഹെദ്രിൻ നിലകൊള്ളുന്നത് “ജീവന്‍റെ സംരക്ഷണത്തിനാണ്, അതിനെ നശിപ്പിക്കാനല്ല” (The Sanhedrin was to save, not to destroy life) എന്ന ലോകോത്തര കാഴ്ചപ്പാടിന് ഇതിലൂടെ മങ്ങലേറ്റുവെന്ന് The Trial of Jesus വിശദമാക്കുന്നു.

ക്രിസ്തുവിനെ നിരപരാധിയായി കണ്ടെത്തുന്ന വിവരണങ്ങളുടെ ഒടുവില്‍ The Trial of Jesus-ൽ നല്‍കുന്ന വിവരണം വളരെ ശ്രദ്ധേയമാണ്. “ലോകത്തിന്‍റെ ആദരം മാറ്റിവച്ച്, അവന്‍ മനുഷ്യന്‍റെ കഷ്ടതകളിലേക്കു ധൈര്യപൂര്‍വ്വം നടന്നുകയറി, തന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിച്ചു, തന്‍റെ ജീവിതത്തില്‍ നേരിട്ട വളരെ അപമാനകരമായ സംഭവങ്ങളിലൂടെ വിജയത്തിലേക്കുള്ള വാതായനങ്ങളെ അവന്‍ തുറന്നു. അവന്‍റെ മരണം പരാജയമായിരുന്നില്ല, വിജയമായിരുന്നു…. നമ്മുടെ മഹത്വത്തിനായി അവന്‍ കൊല്ലപ്പെട്ടു” (പേജ് 33).

ക്രിസ്തുവിന്‍റെ വിചാരണ ഇന്ന് ഏതെങ്കിലും പാശ്ചാത്യ കോടതിയിലായിരുന്നു നടക്കുന്നതെങ്കില്‍ അവിടുന്നു കുറ്റവിമുക്തനാകുമായിരുന്നു എന്ന അഭിപ്രായമാണ് The Trial of Jesus മുന്നോട്ടുവയ്ക്കുന്നത്. കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു എന്ന തിരുവെഴുത്തിൻ്റെ നിറവേറലായിരുന്നു യഹൂദ, റോമന്‍ കോടതികളുടെ വിധി. അതിനാല്‍ അന്യായമായ ഈ വിധിപ്രസ്താവം സംഭവിക്കേതുതന്നെ ആയിരുന്നു.

രക്ഷകന്‍റെ ആഗമനത്തിന് ആദത്തിന്‍റെ പാപം അനിവാര്യമായിരുന്നു എന്ന ചിന്ത

ആദിമാതാപിതാക്കളുടെ ജീവിതത്തിന്‍റെ ആരംഭത്തില്‍ വലിയൊരു ആത്മീയധഃപതനം സംഭവിച്ചില്ലായിരുന്നെങ്കില്‍ ദൈവപുത്രന്‍ മനുഷ്യനായി ഭൂമുഖത്ത് വരേണ്ടതില്ലായിരുന്നു എന്നാണ് പടിഞ്ഞാറന്‍ സഭ (ലത്തീന്‍) കരുതുന്നത്.

ആദത്തില്‍ സംഭവിച്ചത് അനിവാര്യമായ ഒരു വീഴ്ചയായിരുന്നു, അതിനാൽ നമുക്കു രക്ഷകന്‍റെ സ്നേഹം മനസ്സിലാക്കാന്‍ അവസരം ലഭിച്ചു എന്നാണ് വേദപാരംഗതനായ വിശുദ്ധ തോമസ് അക്വിനാസ് വിശദമാക്കുന്നത്. “ഇത്രനല്ല, ഇത്രവലിയ ഒരു രക്ഷകനെ ലഭിക്കാന്‍ ആദത്തിന്‍റെ പാപം ആവശ്യമായിരുന്നു. അത് ഭാഗ്യപ്പെട്ടതായിരുന്നു (Felix Culpa), ആ പാപം ക്രിസ്തുവിന്‍റെ മരണത്താല്‍ പരിഹരിക്കപ്പെടുകയും ചെയ്തു” “രക്ഷകനാഗമിക്കാന്‍ ഹേതുവാം പാപമേ, ഭാഗ്യപൂര്‍ണ്ണം” എന്നതാണ് പടിഞ്ഞാറന്‍ സഭയുടെ ദൈവശാസ്ത്രം.

ആദത്തിന്‍റെ വീഴ്ചയെ സംബന്ധിച്ചു അപ്പൊസ്തൊലനായ പൗലോസ് റോമാ ലേഖനത്തില്‍ എഴുതി: പാപം വര്‍ദ്ധിച്ചിടത്ത് ദൈവകൃപ അത്യന്തം വര്‍ദ്ധിച്ചു (റോമ 6:). ഏദെനിലെ പാപം കൃപയും സത്യവും ദേഹരൂപമായി അവതരിക്കുന്നതിന് നിദാനമായി എന്ന പൗലോസിൻ്റെ ചിന്തകളും ലത്തീൻ ദൈവശാസ്ത്രത്തോടു ചേർന്നു പോകുന്നുണ്ട്. വിവിധ പ്രൊട്ടസ്റ്റൻ്റു ദൈവശാസ്ത്രജ്ഞരും ഈ വിധം വിശ്വസിക്കുന്നു.

മനുഷ്യാവതാരത്തിന് ഏദെനിലെ പരാജയം ഒരു ഘടകമേയല്ല എന്ന വാദം

ആറാം നൂറ്റാണ്ടിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ വിശുദ്ധ മാക്സിമൂസും (എഡി 580-662) പതിമൂന്നാം നൂറ്റാണ്ടിലെ ഡണ്‍സ് സ്കോട്സും (Duns Scotus) രക്ഷകന്‍റെ ആഗമനവും ആദാമ്യ വീഴ്ചയും സംബന്ധിച്ച് പടിഞ്ഞാറന്‍ ദൈവശാസ്ത്രത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ആദിമാതാപിതാക്കള്‍ പാപം ചെയ്തില്ലായിരുന്നുവെങ്കിലും രക്ഷകന്‍ ജനിക്കുമായിരുന്നു എന്നാണ് വിശുദ്ധ മാക്സിമൂസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈ ചിന്തയ്ക്ക് പടിഞ്ഞാറന്‍ ദൈവശാസ്ത്രലോകത്ത് ഏറെ പ്രചാരം നല്‍കിയത് സ്കോട്ടിഷ് പുരോഹിതനും കപ്പൂച്ചിന്‍ വൈദികനുമായിരുന്ന ഡണ്‍സ് സ്കോട്ട്സ് ആയിരുന്നു. വാസ്തവത്തില്‍ ഡണ്‍സ് സ്കോട്ടിന്‍റെ ദൈവശാസ്ത്ര നിരീക്ഷണമായിട്ടാണ് ഇത് അറിയപ്പെടുന്നതെങ്കിലും വിശുദ്ധ മാക്സിമൂസാണ് ഈശോമശിഹായുടെ മനുഷ്യാവതാരവുമായി ബന്ധപ്പെട്ട് ഇപ്രകാരമൊരു ചിന്ത ആദ്യമായി അവതരിപ്പിച്ചത് എന്നാണ് The Mystical Theology of the Eastern Church എന്ന ഗ്രന്ഥത്തിൽ വ്ളാഡ്മിര്‍ ലോസ്കി (Vladmir Lossky) ചൂണ്ടിക്കാണിക്കുന്നത്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകുവാനും (യോഹ 1:12) സ്വര്‍ഗ്ഗീയമായ ദിവ്യസ്വഭാവത്തിന് പങ്കാളികളാകുവാനും (partakers of the divine nature) വേണ്ടി ആദം പാപം ചെയ്താലും ഇല്ലെങ്കിലും ദൈവം മനുഷ്യനായി പിറവിയെടുക്കുമായിരുന്നു എന്നാണ് വിശുദ്ധ മാക്സിമൂസ് പഠിപ്പിച്ചത്.

വര്‍ത്തമാനകാല സാഹചര്യങ്ങളും ക്രൂശീകരണത്തിന്‍റെ അനിവാര്യതയും

മനുഷ്യവംശത്തിന് സൃഷ്ടാവുമായി നിത്യമായി നിലനില്‍ക്കേണ്ട പരിശുദ്ധ കൂട്ടായ്മ (sacred fellowship) ആദമിന്‍റെ വീഴ്ചയിലൂടെ നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്നു ദൈവ -മനുഷ്യ ബന്ധത്തില്‍ സംഭവിച്ച ഈ അകല്‍ച്ച ഇല്ലാതെയാക്കി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളത് (ദൈവവും മനുഷ്യനും) എല്ലാറ്റിനേയും ക്രിസ്തുവില്‍ വീണ്ടും ഒന്നിപ്പിക്കുക (എഫേ 1:10) എന്നതായിരുന്നു മനുഷ്യാവതാരത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം. അതിനാല്‍, യേശുക്രിസ്തു തിരുലിഖിതങ്ങളില്‍ പറയും പ്രകാരമാണ് ജനിച്ചതും ജീവിച്ചതും മരിച്ചതുമെന്നു ദൈവവചനം വ്യക്തമാക്കുന്നു (1 കൊരി 15:3). വീഴ്ചസംഭവിച്ച ആദാമ്യവംശത്തെ വീണ്ടും ഉന്നതമായ ദൈവികസ്വഭാവത്തില്‍ പങ്കാളികളാക്കുവാന്‍ (2 പത്രോസ് 1:4) വേണ്ടിയാണ് ക്രിസ്തു “ദുഃഖത്തിന്‍റെ മനുഷ്യനായി” (Man of Sorrow – ഏശയ്യ 53:1-12) സ്വയം ഏല്‍പ്പിച്ചുകൊടുത്തത്. വിശപ്പും ദാഹവും പരിഹാസവും ദുഃഖവും കഷ്ടതകളും ഒടുവില്‍ പീഡാസഹനവും ക്രൂരമായ വിധത്തിലുള്ള ക്രൂശീകരണവും നേരിടുകയെന്നത് മനുഷ്യാവതാരത്തിനു ശേഷം മാറ്റിയെഴുതിയ തിരക്കഥയുടെ ഭാഗമായിരുന്നില്ല; പഴയനിയമ പ്രവചനങ്ങള്‍ കഷ്ടതയുടെ മനുഷ്യനായും ലോക സ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടായി (The Lamb Slain from the foundation of the World, Rev 13:8) വെളിപാടു പുസ്തകവും ക്രിസ്തുവിനെ വരച്ചുകാണിക്കുന്നു.. അനാദി നിത്യത മുതല്‍ പരിശുദ്ധ ത്രിത്വം വിഭാവനം ചെയ്ത രക്ഷാകര സംഭവങ്ങളുടെ ഭാഗമായിരുന്നു കന്യകാജനനം മുതലുള്ള ക്രിസ്തുസംഭവങ്ങളെല്ലാം. The Economy of the Son എന്ന അധ്യായത്തില്‍ Vladimir Lossky കിഴക്കന്‍ സഭാ പിതാക്കന്മാരെ ഉദ്ധരിച്ചുകൊണ്ടു പറയുന്നത്, “ക്രിസ്തുവിന്‍റെ രക്ഷാകര പ്രവൃത്തനങ്ങളെല്ലാം പരിശുദ്ധ ത്രിത്വത്തിന്‍റെ പൊതുവായ പ്രവൃത്തികളായിരുന്നു” എന്നാണ് (പേജ് 145).

ക്രിസ്തുവിന്‍റെ ജീവിതത്തില്‍ മനുഷ്യരക്ഷാ സംബന്ധിയായി നിറവേറിയ എല്ലാ സംഭവങ്ങളുടെയും അടിസ്ഥാനം ക്രൂശീകരണമാണ്. വാസ്തവത്തില്‍ കുരിശിലേറി ദിവ്യബലിയായി തീരുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ ക്രിസ്തു കുരിശിനെ പരാമര്‍ശിക്കുന്നു്. “കുരിശ്” എന്ന പ്രതീകവും ക്രൂശികരണവും ശാപത്തിന്‍റെയും അപമാനത്തിൻ്റെയും മരണത്തിന്‍റെയും പ്രതീകമായിരുന്ന സാമൂഹിക പശ്ചാത്തലത്തില്‍ ക്രിസ്തു തന്‍റെ അനുയായികളോടു പറയുന്നത് “ദിനംതോറും നിങ്ങളുടെ കുരിശെടുത്ത് എന്നെ അനുഗമിക്കുക” (ലൂക്ക് 9:23) എന്നായിരുന്നു.

ക്രിസ്തുവിനെയും ക്രിസ്ത്യാനിയെയും സംബന്ധിച്ചിടത്തോളം വളരെ വിശാലമായ അര്‍ത്ഥമാണ് ക്രൂശീകരണത്തിനുള്ളത്. തനിക്കു സന്തോഷിക്കാന്‍ കഴിയുമായിരുന്ന എല്ലാറ്റിനെയും മാറ്റിവച്ച്, അപമാനം പോലും വകവയ്ക്കാതെ ക്ഷമയോടെയാണ് ക്രിസ്തു ക്രുരിശിനെ സമീപിച്ചത് (ഹെബ്രായര്‍ 12:2). ക്രിസ്തുവിന്‍റെ കുരിശ് മനുഷ്യവംശത്തിനു നിത്യമഹത്വത്തിലേക്കുള്ള വാതിലാണ് തുറന്നിട്ടത്. അതിനാല്‍ കുരിശിലും ക്രൂശീകരണത്തിലും പ്രത്യാശയുള്ളവരാണ് ക്രൈസ്തവര്‍. “യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മഭാവിക്കാന്‍ ഇടയാകാതിരിക്കട്ടെ” എന്ന് പൗലോസ് സ്ലീഹാ പറഞ്ഞതും ഈ അര്‍ത്ഥത്തിലാണ്.

ഇന്ത്യന്‍ മശിഹായിലൂടെ നിത്യരക്ഷ സാധ്യമാകുമോ?

“ഇന്ത്യന്‍ മശിഹായെക്കുറിച്ചു ചിന്തിക്കാം. ഇന്ത്യന്‍ വേഷഭൂഷാധിളോടെയുള്ള ഒരു ക്രിസ്തു. എന്നാല്‍ ഒരു പ്രശ്നം. ഇന്ത്യയില്‍ ഒരു കാലത്തും വധശിക്ഷ കുരിശുമരണത്തിലൂടെ നല്‍കിയിരുന്നില്ല. ഇന്ത്യയില്‍ കുരിശ് ഇല്ലായിരുന്നു. ക്രിസ്തീയസഭയും കുരിശും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതവര്‍ക്ക് രക്ഷയുടെ അടയാളമാണ്. കുരിശിനു പകരം വയ്ക്കാന്‍… നമുക്ക് എന്തു്? അതിന് എന്തു പകരംവെച്ചാലും കുരിശെന്ന സാര്‍വ്വത്രിക സഭയുടെ പ്രതീകത്തില്‍ നിന്നു വ്യതിചലിക്കുന്നു. അതിന് ഒരു സഭയ്ക്കും കഴിയുകയില്ല, സ്വാതന്ത്ര്യവുമില്ല” പ്രഫ പി.സി അനിയന്‍കുഞ്ഞ് “മാര്‍ത്തോമ്മാ നസ്രാണികളും അനുരൂപണവും” എന്ന ലേഖനത്തിലാണ് ഇപ്രകാരമൊരു ഇന്ത്യന്‍ മശിഹായെക്കുറിച്ചുള്ള ചിന്തകളും അതിന്‍റെ അപര്യാപ്തതകളും വിവരിക്കുന്നത്.

“ഇന്ത്യയിലായിരുന്നെങ്കില്‍ യേശുക്രിസ്തു ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല” എന്ന് ആര്‍.എസ്.എസ് നേതാവ് പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. ഇന്ത്യയില്‍ കുറ്റവാളിയെ ക്രൂശിക്കുന്ന രാഷ്ട്രീയ, നീതിന്യായ പശ്ചാത്തലം ഒരുകാലത്തും നിലനിന്നിട്ടില്ല. അതിനാലായിരിക്കാം ഈശോമശിഹാ ഇന്ത്യയില്‍ ജനിക്കാതെ പോയതും!

മരണത്തിന്‍റെ അധികാരിയായ പിശാചിനെ ക്രിസ്തു തോല്‍പ്പിച്ചത് കുരിശിലാണ്, സകല അന്ധകാര ആധിപത്യങ്ങളെയും അധികാരങ്ങളെയും നിരായുധമാക്കിയെന്നും കുരിശില്‍ അവയുടെമേല്‍ ക്രിസ്തു ഉത്സവം കൊണ്ടാടിയെന്നും തിരുവചനം സാക്ഷ്യപ്പെടുത്തുന്നു (കൊളോ 2:14,15). ക്രൂശീകരണം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മനുഷ്യരക്ഷ അസാധ്യമാകുമായിരുന്നു. രക്ഷാകരസംഭവങ്ങളുടെ പൂര്‍ണ്ണതയാണ് കുരിശ്. ക്രൂശിതന്‍ മനുഷ്യവംശത്തിന് നിത്യജീവന്‍റെ പ്രത്യാശ പകരുന്നു, ജീവിതത്തിന് അര്‍ത്ഥവും നല്‍കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments