Saturday, July 27, 2024
No menu items!
Homeചിന്തകൾആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍...

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍…


നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ വിശ്വാസിയെയും ക്രൈസ്തവചൈതന്യത്തില്‍ ഒരുക്കിയെടുക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സഭകളെല്ലാം തയാറെടുക്കുന്നു. എന്നാല്‍ ഇവിടെ ഒരു ചോദ്യം ഉയരുന്നു – സഭകളുടെ മാനസാന്തരത്തേക്കുറിച്ച് ആര്‍ ബോധം വരുത്തും?

വാസ്തവത്തില്‍ സഭകള്‍ക്ക് ഒരു മാനസാന്തരം ആവശ്യമുണ്ടോ? വെളിപ്പാട് പുസ്തകത്തിലെ ഏഴ് സഭകളെക്കുറിച്ചുള്ള വായനയിലാണ് ”സഭകളുടെ മാനസാന്തരം” എന്ന വിഷയം ഏറെ ഗൗരവമുള്ളതാണെന്നും ഈശോമശിഹാ അത് ആവശ്യപ്പെടുന്നു എന്നതും വ്യക്തമാകുന്നത്.

ഏഷ്യാമൈനറിലെ ഓരോ സഭയുടെയും നേട്ടങ്ങളെടുത്തുകാട്ടി പ്രശംസിക്കുകയും വീഴ്ചകളും കോട്ടങ്ങളും ചൂണ്ടിക്കാട്ടി ശാസിക്കുകയും മാനസാന്തരത്തിന് ആഹ്വാനം ചെയ്യുകയും ഉറച്ചുനില്‍ക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ഏഴു സന്ദേശങ്ങൾ വെളിപാട് ഗ്രന്ഥത്തിൻ്റെ ആദ്യ അധ്യായങ്ങളിൽ കാണാം. വെളിപ്പാട് പുസ്തകത്തിൻ്റെ എഴുത്തുഭാഷ അഗ്രാഹ്യവും വ്യാഖ്യാനിച്ചു ഫലിപ്പിക്കാന്‍ പ്രയാസമുള്ള പ്രതീകങ്ങളും സംഭവങ്ങളുമെല്ലാം നിറഞ്ഞതുമാണെങ്കിലും വ്യാഖ്യാനിയില്ലാതെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പരാമർശം ശ്രദ്ധേയമാണ് – “ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” എന്നത്.

പരിശുദ്ധാത്മാവ് സഭകളോട് ഇടപെടുമ്പോള്‍ സഭാനേതൃത്വങ്ങളോടാണ് സംസാരിക്കുന്നത്. സഭാനേതൃത്വങ്ങളിലൂടെയാണ് പരിശുദ്ധാതമാവ് സഭയെ നയിക്കുന്നതും. പുണ്യകരങ്ങളും
സാമൂഹികനന്മകളും ലക്ഷ്യംവച്ചുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾ സഭയിലുണ്ടെങ്കിലും പരിഹരിക്കപ്പെടേണ്ട പല വിഷയങ്ങളും കുറവുകളും പരിശുദ്ധാതമാവ് ചൂണ്ടിക്കാണിക്കുന്നു. സഭകളിന്മേല്‍ നടപ്പാക്കാന്‍ പോകുന്ന ശിക്ഷയുടെ മുന്നറിയിപ്പും യുഗാന്ത്യോന്മുഖമായ വാഗ്ദാനങ്ങളും കൊണ്ട് പരിശുദ്ധാത്മശബ്ദം പെരുമ്പറമുഴക്കുന്ന അധ്യായങ്ങളാണ് വെളിപ്പാട് പുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങള്‍.

ഏഴു സഭകള്‍ക്കുള്ള ലേഖനങ്ങള്‍ ആരംഭിക്കുന്നത് ചില പ്രത്യേക സഭകളെ പരാമര്‍ശിച്ചുകൊണ്ടാണെങ്കിലും ഒടുവിലേക്ക് എത്തുമ്പോള്‍ അത് ആഗോളസഭയോടുള്ള ആഹ്വാനമായി മാറുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതേക്കുറിച്ച് ഫാ ഡോ മൈക്കിള്‍ കാരിമറ്റം എഴുതിയിരിക്കുന്നതു നോക്കുക “ഓരോ സഭയ്ക്കും എഴുതുന്ന ലേഖനത്തിന്‍റെ അവസാനം ഇപ്രകാരമൊരു ആഹ്വാനം നല്‍കുന്നതിനാല്‍ ഓരോന്നിലും പറയുന്ന കാര്യങ്ങള്‍ ആ സഭയെ മാത്രം ഉദ്ദേശിച്ചുള്ളതല്ല എന്നു വ്യക്തമാകുന്നു. ക്രിസ്തുവിന് നല്‍കുന്ന വിശേഷണങ്ങളും സഭകള്‍ക്ക് നല്‍കുന്ന ഉപദേശങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ഓരോ സഭയുടെയും പ്രത്യേക ചരിത്രപശ്ചാത്തലത്തിന്‍റെ സ്വാധീനം ഉണ്ട്. എന്നാല്‍ സഭകളോടാണ് ഉത്ഥിതനായ ക്രിസ്തു ഓരോ ലേഖനത്തിലും സംസാരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന ക്രിസ്തുവിശ്വാസികളുടെ സമൂഹങ്ങള്‍ മാത്രമല്ല, എല്ലാ കാലത്തും ലോകത്തെല്ലായിടത്തും ജീവിക്കുന്ന ക്രിസ്തീയസമൂഹങ്ങള്‍ മുഴുവന്‍ ഇവിടെ വിവക്ഷിക്കപ്പെടുന്നു. ചില സഭകള്‍ക്ക് ശകാരം മാത്രം കിട്ടുന്നതിനാല്‍ അവ മറ്റ് സഭകളേക്കാള്‍ മോശമായിരുന്നു എന്ന ചരിത്രപരമായ നിഗമനത്തില്‍ എത്തുകയല്ല, വിമര്‍ശനങ്ങളും ശാസനകളും എപ്രകാരം ഇന്നത്തെ സഭാസമൂഹങ്ങള്‍ക്ക് ബാധകമാകുന്നു എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. പ്രശംസയും പ്രോത്സാഹനവും വാഗ്ദാനങ്ങളും എല്ലാം ഇതേ രീതിയില്‍തന്നെ പരിഗണിക്കണം…. ഭൗതികനേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാനുള്ള പ്രലോഭനം എന്നും നിലനില്‍ക്കുന്നു. ഉത്ഥിനായ നാഥന്‍റെ താക്കീതുകള്‍ ഗൗരവമായിത്തന്നെ ഇന്നും സ്വീകരിക്കാന്‍ പ്രാദേശിക സമൂഹങ്ങളും ആഗോളസഭയും കടപ്പെട്ടിരിക്കുന്നു” (വെളിപ്പാട് പുസ്തകം ഒരു വ്യാഖ്യാനം, ഡോ മൈക്കിള്‍ കാരിമറ്റം, പേജ് 110-111)

പതിനഞ്ചാം നൂറ്റാണ്ടു മുതൽ ഭാരതത്തിലെ ക്രൈസ്തവസഭ ഏറെ സംഘര്‍ഷഭരിതമായിരുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ സംഘര്‍ഷാവസ്ഥയ്ക്ക് യാതൊരു അയവും വന്നിട്ടില്ല. കാലംകഴിയുന്തോറും ശമനമില്ലാതെ എരിഞ്ഞുകത്തുന്ന വിവിധ വിഷയങ്ങളിലൂടെ സഭ കടന്നുപോകുന്നതാണ് കാണുന്നത്. പള്ളികളുടെ പേരില്‍, ബാവയുടെയും മെത്രാന്‍റെയും പേരില്‍, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും പേരില്‍, സുറിയാനിയുടെയും ലാറ്റിന്‍ സംസ്കാരങ്ങളുടെയും പേരില്‍, സഭയുടെ സ്വത്തിന്‍റെ പേരില്‍, ആരാധനക്രമത്തിന്‍റെ പേരില്‍, ദൈവശാസ്ത്ര ചിന്താധാരകളുടെ പേരില്‍, സ്ഥാനമാനങ്ങളുടെ പേരില്‍ എല്ലാം ഈ കലാപം കത്തി നില്‍ക്കുന്നു. ഇതിനെ ആളിക്കത്തിക്കാന്‍ തിരുമേനി – അൽമേനി വ്യത്യാസമില്ലാതെ എണ്ണപകരുന്നവരും നിരവധിയാണ്. ഇതിന്‍റെയെല്ലാം ഫലമായി കൂനന്‍കുരിശില്‍ വളഞ്ഞുതുടങ്ങിയ ക്രിസ്തുവിന്‍റെ കുരിശ് ഇന്നു ഭൂമിയോളം താഴ്ന്ന് നിലംപറ്റി വളഞ്ഞാണ് കേരളസമൂഹത്തില്‍ നിലകൊള്ളുന്നത്! പള്ളിമിനാരങ്ങളില്‍ സ്വര്‍ണ്ണക്കുരിശ് നാട്ടിയാൽ ഈ വിഷയം പരിഹരിക്കപ്പെടുകയില്ല, സഭയില്‍ രൂപപ്പെട്ട അന്തഃഛിദ്രത്തിന്‍റെ ഫലമായി കൂനന്‍കുരിശില്‍ കുനിഞ്ഞ കുരിശിനെത്തന്നെയാണ് ഭാരതക്രിസ്ത്യാനികള്‍ ഉയര്‍ത്തി നിർത്തേണ്ടത്.

ലെവോദീക്യന്‍ സഭയെപ്പോലെയാണ് ഭാരതസഭകളും ചിന്തിക്കുന്നത് “ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല” (വെളി 3:17). ഭൗതികമായി, ചരിത്രപരമായി, സാംസ്കാരികമായി, ആള്‍ബലത്തില്‍, സമൂഹത്തിന്മേലുള്ള സ്വാധീനത്തില്‍… എല്ലാം ഇതു ശരിയുമായിരിക്കാം. എന്നാല്‍ ലെവോദീക്യന്‍ സഭാനേതൃത്വത്തിന് നല്‍കിയതുപോലെ ക്രിസ്തുവിന്‍റെ ആത്മാവ് ഭാരത ക്രൈസ്തവസഭകള്‍ക്കും നല്‍കുന്ന ഒരു താക്കീതുണ്ട്; “നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനു”മാണ് നീ എന്നുള്ളത്. ലെവോദീക്യന്‍ അഹങ്കാരം ബാധിച്ചവര്‍ക്കുനേരേ ഉയര്‍ന്നുനില്‍ക്കുന്ന ന്യായവിധിയുടെ വാളാണ് ഈ വചനം. ഇവിടെ അനുതാപം മാത്രമേ പ്രതിവിധിയുള്ളൂ. ”ഭൗതീകസമ്പത്തിന്‍റെയും പ്രൗഡിപ്രഭാവങ്ങളുടെയും മായാവലയത്തില്‍ ആത്മീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നത്. മനുഷ്യന്‍റെ മുന്നില്‍ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ദൈവതിരുമുമ്പില്‍ എങ്ങനെ ആയിരിക്കുന്നു എന്നതാണ് പ്രധാനം” റവറൻ്റ് കാരിമറ്റത്തിലൂടെ ദൈവാത്മാവിൻ്റെ ശബ്ദം ഇവിടെ വാചാലമാകുന്നതു കേൾക്കാം!

എഡി 61ലെ ഭൂകമ്പത്തില്‍ ലെവോദീക്യാ പട്ടണം തകര്‍ന്നപ്പോള്‍ അതിന്‍റെ പുനഃര്‍നിര്‍മിതിക്ക് റോമാ ചക്രവര്‍ത്തി വച്ചുനീട്ടിയ സഹായം ലെവോദീക്യന്‍ ജനത പുച്ഛിച്ചുതള്ളി എന്നാണ് ചരിത്രം. അത്രമേല്‍ അവര്‍ സമ്പന്നരായിരുന്നു. ഇത്രമേല്‍ ഭൗതികസമ്പത്തില്‍ മദിച്ചുപുളച്ച ലെവോദീക്യന്‍ സഭയോടു ഈശോമശീഹായുടെ ആത്മാവു പറയുന്നു “യഥാര്‍ത്ഥ ധനികനാകാന്‍ അഗ്നിശുദ്ധി വരുത്തിയ സ്വര്‍ണ്ണവും ലജ്ജ മറയ്ക്കാനുള്ള ശുഭ്രവസ്ത്രങ്ങളും കാഴ്ചലഭിക്കുന്നതിനുള്ള അഞ്ജനവും” തന്നില്‍നിന്ന് വാങ്ങുക! ക്രൈസ്തവ സഭ ലക്ഷ്യം വയ്ക്കേണ്ട യഥാർത്ഥ സമ്പത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ നമുക്ക് അജ്ഞാതമായോ എന്ന ആത്മപരിശോധന ഈ നോമ്പുകാലത്ത് നാം നടത്തേണ്ടതുണ്ട് എന്നു പറയട്ടെ!

സഭാനേതൃത്വങ്ങള്‍ ഉയര്‍ത്തുന്ന വിവാദങ്ങളില്‍ ഉള്‍പ്പെടാതെ, സര്‍ദീസ് സഭയെപ്പോലെ ”വസ്ത്രങ്ങള്‍ മലിനമാക്കിയിട്ടില്ലാത്ത കുറേപ്പേര്‍” ഭാരതത്തിലെ എല്ലാ സഭകളിലുമുണ്ട്. സഭകളില്‍ കലക്കങ്ങളുണ്ടാക്കി നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന എല്ലാവരും ഈ യാഥാര്‍ത്ഥ്യം ഓര്‍മിക്കണം. തന്നേ വാസ്തവമായി പിൻപറ്റുന്ന ശിഷ്യസമൂഹത്തിനുവേണ്ടി ക്രിസ്തു മടങ്ങിവരുമ്പോള്‍ അവരുടെ മുന്നില്‍ ലജ്ജിതരാകാന്‍ സഭാനേതൃത്വങ്ങള്‍ക്ക് ഇടയാകാതിരിക്കട്ടെ. “വിനയാന്വിതമായ ഹൃദയപരിവര്‍ത്തനത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളൂ. സഹോദരസ്നേഹത്തിലൂടെ പ്രകടമാകുന്ന ദൈവസ്നേഹമാണ് മനുഷ്യനെ യഥാര്‍ത്ഥത്തില്‍ സമ്പന്നനാക്കുന്നത്” (ഡോ കാരിമറ്റം).

ക്രിസ്തുസംഭവങ്ങളുടെ അതിമഹത്തായ ആചരണത്തിലേക്ക് ആഗോളക്രൈസ്തവസമൂഹം നീങ്ങുന്ന ഈ സമയത്ത്, വിശ്വാസികള്‍ മാത്രമല്ല, സഭാനേതൃത്വങ്ങളെല്ലാം ചാക്കുടുത്ത് ചാരംപൂശി ഉപവസിക്കേണ്ട ദിനങ്ങളാണ് ആഗതമായിരിക്കുന്നത്. ഭാരതത്തിലെ ഓരോ സഭയുടെയും നേതൃത്വങ്ങള്‍ക്കുവേണ്ടി ഓരോ വിശ്വാസിയും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യേണ്ട സമയമാണിത്. ഭാരതക്രൈസ്തവസഭകള്‍ ഇന്ന് കടന്നുപോകുന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയാണ്. ഇവിടെ സഭാനേതൃത്വങ്ങള്‍ വ്യക്തമായ പരിശുദ്ധാത്മാശബ്ദം കേള്‍ക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ഈശോമശിഹാ രക്തം നല്‍കി സമ്പാദിച്ച തന്‍റെ സഭയെ വെറുക്കുവാൻ ക്രിസ്തുവിനെ സ്നേഹിക്കുന്ന ആർക്കും കഴിയില്ല, അതിനാൽ നമുക്കു പ്രാർത്ഥിക്കാം ആത്മാവ് സഭകളോട് സംസാരിക്കുന്നത് സഭാ നേതൃത്വങ്ങൾ കേൾക്കട്ടെ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments