Wednesday, November 6, 2024
No menu items!
Homeകെ.സി.ബി.സി. ജാഗ്രത കമ്മീഷൻബൈബിളിൽ ഏകദൈവത്തില്‍നിന്ന്സ്നേ ഹദൈവത്തിലേക്കുള്ള വെളിപ്പാടുകള്‍: ഫാ. ആൻറണി തറേക്കടവിൽ

ബൈബിളിൽ ഏകദൈവത്തില്‍നിന്ന്സ്നേ ഹദൈവത്തിലേക്കുള്ള വെളിപ്പാടുകള്‍: ഫാ. ആൻറണി തറേക്കടവിൽ

(KCBC ജാഗ്രതാ കമ്മീഷൻ വെബിനാർ)

വിശുദ്ധ ബൈബിള്‍ ദൈവികയാഥാര്‍ത്ഥ്യത്തെ വിവരിച്ചിരിക്കുന്നതും ഖുറാന്‍റെ ദൈവസങ്കല്‍പ്പവും രണ്ടും രണ്ടാണെന്ന് ചരിത്രത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും അടിസ്ഥാനത്തില്‍ ഫാദര്‍ ഡോ. ആന്‍റണി തറേക്കടവില്‍ വ്യക്തമാക്കി. കെസിബിസി ജാഗ്രതാ കമ്മീഷന്‍ “ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും ” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.ഒ.സി ബൈബിള്‍ ട്രാന്‍സിലേഷന്‍ കോര്‍ഡിനേറ്റര്‍ ഫാ ഡോ ജോഷി മയ്യാറ്റില്‍, കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഡോ ജോണ്‍സണ്‍ പുതുശേരി സിഎസ്ടി, സിസ്റ്റര്‍ സവിത എസ്കെഡി, ഫാ ബിബിന്‍ മഠത്തില്‍ എന്നിവര്‍ സംവാദത്തിൽ പ്രതികരണങ്ങള്‍ നടത്തി. ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ സാജു സി.എസ്.ടി വെബിനാറിന് നേതൃത്വം നല്‍കി.

ഇസ്ലാമിലെ ദൈവസങ്കല്‍പ്പം ഈജിപ്റ്റ്, മെസപ്പൊട്ടോമിയ, പേര്‍ഷ്യ എന്നീ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന ദൈവസങ്കല്‍പ്പങ്ങളുടെ സങ്കലനമാണെന്ന് ഡോ. ആന്‍റണി തറേക്കടവില്‍ ബൈബിള്‍ ദൈവശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞു. മുഹമ്മദ് ഇസ്ലാമതം രൂപപ്പെടുത്തുന്നതിന് ഏകദേശം 1300 വര്‍ഷം മുമ്പ് ഏശയ്യാ പ്രവാചകന്‍ എഴുതി “കര്‍ത്താവ് അരുളിച്ചെയ്യുന്നു നിങ്ങള്‍ എന്‍െറ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുമ്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല” (43:10). ഇത് യഹോവയുടെ ഏറ്റവും പരിപൂര്‍ണ്ണവും മാറ്റമില്ലാത്തതുമായ ഒരു പ്രഖ്യാപനമാണ്. ഇതേകാര്യം തന്നെ പുതിയനിയമത്തലും പറഞ്ഞിട്ടുണ്ട് – ഡോ. തറേക്കടവില്‍ ബൈബിളിലെ യഹോവയുടെ നിസ്തുല്യത തെളിയിച്ചു പറഞ്ഞു.

മനുഷ്യനിലൂടെ, പ്രവാചകന്മാരിലൂടെ, ഭൗമികസാമ്രാജ്യത്തിലൂടെ എല്ലാം “രക്ഷിക്കുന്ന ദൈവത്തെ”ക്കുറിച്ചുള്ള ഒരു അവ്യക്തമായ വെളിപ്പാടായിരുന്നു പഴയനിയമത്തിൻ്റെ ആരംഭത്തില്‍. ഇതിനാല്‍ “രക്ഷിക്കുന്ന ദൈവം” എന്ന ചിന്തയാണ് പഴയനിയമത്തില്‍ ശക്തമായി നിലനില്‍ക്കുന്നത്. അതോടൊപ്പം മനസിലാക്കേണ്ടത്, ദൈവത്തെക്കുറിച്ചുള്ള പഴയനിയമകാല മനുഷ്യന്‍റെ ചിന്തകളില്‍ പ്രധാനഭാഗവും ഗോത്രജീവിതവുമായി ബന്ധപ്പെട്ടുമാണ് നിലകൊള്ളുന്നത് എന്നതുമാണ്. ഗോത്രങ്ങളായി ജീവിച്ച മനുഷ്യന് വിവിധ കാലഘട്ടങ്ങളില്‍ ദൈവികപ്രമാണങ്ങളും കല്‍പ്പനകളും നല്‍കിയത് സമൂഹത്തില്‍ ശാന്തമായി ജീവിക്കുവാനായിരുന്നു. എന്നാല്‍ അതോടൊപ്പം പടിപടിയായി ദൈവം തന്നേക്കുറിച്ചുള്ള വെളിപ്പാടുകള്‍ നല്‍കിക്കൊണ്ട് ഏകദൈവത്തില്‍നിന്നും സ്നേഹദൈവത്തിലേക്കുള്ള വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത് – അദ്ദേഹം പറഞ്ഞു.

ആരാണ് ഏകദൈവം? ഏകദൈവത്തെ സൃഷ്ടാവായും രക്ഷകനായും നാം കാണുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും അതിന്‍റെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവം മനുഷ്യനെ തന്‍റെ ഛായയിലാണ് സൃഷ്ടിച്ചത്. സൃഷ്ടാവായ ദൈവം മനുഷ്യനോടൊത്തുള്ള കൂട്ടായ്മ ആഗ്രഹിച്ചുകൊണ്ട് അവരിലേക്ക് ഇറങ്ങിവരുവാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ഉത്പത്തി പുസ്തകം മുതലേ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഖുറാനില്‍ കാണുന്നത് വിദൂരസ്ഥനായി മനുഷ്യനില്‍നിന്ന് അകലം പാലിക്കുന്ന സൃഷ്ടാവിനെയാണ്. ബൈബിള്‍ പ്രഖ്യാപിക്കുന്നതോ, മനുഷ്യനോടൊത്തുള്ള കൂട്ടായ്മയ്ക്കുവേണ്ടിയും മനുഷ്യനോടുള്ള ബന്ധം സ്ഥാപിക്കുവാനും വേണ്ടി വിവിധ ഉടമ്പടികളുമായി മനുഷ്യനെ സമീപിക്കുന്ന ദൈവത്തെയാണ്. ഒടുവില്‍ ഒരു പുതിയ ഉടമ്പടിയിലൂടെ ദൈവം മനുഷ്യനുമായി ഒന്നാകുന്നു. മനുഷ്യനുമായി കൂട്ടായ്മാബന്ധം സ്ഥാപിക്കാന്‍ വാഞ്ജിക്കുന്ന ദൈവമാണ് ബൈബിളിന്‍റെ അനന്യത.

ഇസ്രായേൽ ചരിത്രത്തിന്‍റെ ആരംഭത്തില്‍ ദൈവം തന്നേ വെളിപ്പെടുത്തിയെങ്കിലും ജനങ്ങളില്‍ അവ്യക്തമായ ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത് എന്നു നാം കണ്ടു. അത് പിന്നീട് കടുത്ത ഒരു ഏകദൈവവിശ്വാസമായി രൂപപ്പെടുന്ന “നിയമാവര്‍ത്തന ചിന്ത”യിലേക്ക് എത്തിച്ചേരുന്നു. ഈ ഏകദൈവ വിശ്വാസ അടിത്തറയില്‍നിന്ന് ദൈവത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതത്തിലേക്കും സ്വഭാവത്തിലേക്കുമുള്ള വളര്‍ച്ചയാണ് പിന്നീട് ബൈബിളില്‍ ഉടനീളം വിവരിച്ചിരിക്കുന്നത്.

പഴയനിയമത്തില്‍ മാനുഷിക യുക്തിക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്ന കടുത്ത ഏകദൈവവിശ്വാസമാണെങ്കില്‍ ഇവിടെനിന്നും സാവധാനം ദൈവിക സ്വഭാവത്തിന്‍റെ സമ്പൂര്‍ണ്ണതയിലേക്ക് വളരുന്നതിന്‍റെ സാക്ഷ്യമാണ് പുതിയനിയമത്തിലേക്ക് എത്തുമ്പോള്‍ കാണുന്നത്. ദൈവം തന്നേ വെളിപ്പെടുത്തുന്നതിന്‍റെ വിവിധ കാലഘട്ടങ്ങളെയാണ് പഴയനിയമത്തില്‍ ആരംഭിച്ച് പുതിയനിയമത്തിലെത്തുമ്പോള്‍ വ്യക്തമാകുന്നത്. ഈ വളര്‍ച്ചയുടെ പാരമ്യത്തില്‍ “ദൈവം സ്നേഹമാകുന്നു” എന്ന മഹത്തായ വെളിപ്പാടിലേക്കു ബൈബിള്‍ എത്തിച്ചേരുന്നു. ദൈവശാസ്ത്രചിന്തകളും മാനുഷികയുക്തിയും പ്രബലമായതോടെ ദൈവികതയും മനുഷ്യത്വവും സംയോജിച്ചുള്ള ഏകദൈവവിശ്വാസമായി ബൈബിളിലെ ദൈവദര്‍ശനം വളര്‍ച്ചപ്രാപിക്കുന്നതും നാം കാണുന്നു.

ലോക ചരിത്രത്തില്‍ പല സ്ഥലങ്ങളിലും ഏകദൈവ ആരാധന ഉണ്ടായിരുന്നതായി കാണാം. എന്നാല്‍ കടുത്ത ഏകദൈവ ആരാധനയെക്കുറിച്ച് ജാന്‍ ആസ്മാന്‍ എന്ന ജര്‍മന്‍ എഴുത്തുകാരന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ”യേശു ക്രിസ്തുവിന്‍റേതുപോലെ സ്നേഹത്തില്‍ രൂപപ്പെടുന്ന ഏകദൈവവിശ്വാസം അല്ലെങ്കിൽ അത് ലോകത്തില്‍ മനുഷ്യവംശത്തിന് ഏറ്റവും അപകടകാരിയായ ഏകദൈവവിശ്വാസമായിരിക്കും”

എന്നാണ്. കടുത്ത ഏകദൈവവിശ്വാസ പരമാര്‍ശങ്ങള്‍ പഴയനിയമത്തില്‍ പോലുമുണ്ട്. എന്നാല്‍ അവിടെനിന്നും പുതിയനിയമത്തിലേക്ക് വരുമ്പോള്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ സ്നേഹപ്രകൃതിയാണ് വെളിപ്പെടുന്നത്. ദൈവത്തെക്കുറിച്ച് ബൈബിള്‍ ദൈവശാസ്ത്രം വ്യക്തത നല്‍കുന്ന ഈ സ്നേഹപ്രകൃതിയുടെ പ്രത്യേകത നാം മനസ്സിലാക്കണം.

“സകലജനത്തിനും വേണ്ടിയുള്ള സദ്വാര്‍ത്ത”യായിട്ടാണ് ദാവീദിന്‍റെ പട്ടണത്തില്‍ രക്ഷകന്‍ ജനിച്ചത്. കടുത്ത ഏകദൈവവിശ്വാസത്തില്‍നിന്ന് ആരംഭിച്ച് ദൈവത്തില്‍ മറ്റൊരു വ്യക്തിയും ഉണ്ടെന്നതും ആ വ്യക്തി മനുഷ്യനായി അവതരിച്ചതുമാണ് നാം ഇവിടെ കാണുന്നത്. ദൈവത്തിന്‍റെ ഏകത്വം എന്നത് ഒരു ഗണിതശാസ്ത്രപരമായ ഐക്യതയേയല്ല വെളിവാക്കുന്നത് (Oneness of God is not mathematical unity). അതിനാല്‍ ഗണിതശാസ്ത്രപരവും മാനുഷികയുക്തിക്ക് ഉള്‍ക്കൊള്ളാന്‍ പര്യാപ്തവുമായ ഒരു ചിന്തയുടെ അടിസ്ഥാനത്തില്‍ ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ശുദ്ധഭോഷത്തമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായിരിക്കുന്ന ദൈവികത്രീത്വത്തെക്കുറിച്ച്, ബൈബിള്‍ വെളിപ്പെടുത്തുന്ന ഈ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും വളരെ അകലെയാണ് ഖുറാനിലെ ദൈവസങ്കല്‍പ്പം.

ദൈവത്തിന്‍റെ അപരിമേയമായ സ്നേഹവും ദൈവത്തിന്‍റെ ഹൃദയവും കണ്ടറിഞ്ഞ പരിഷ്കൃതമായ ഒരു ദൈവവിശ്വാസമാണ് പുതിയനിയമം വ്യക്തമാക്കുന്ന ഏകദൈവവിശ്വാസം. ഖുറാന്‍ മുന്നോട്ടുവയ്ക്കുന്ന ഏകദൈവവിശ്വാസം എന്നത് ബൈബിളിലെ ഏകദൈവവിശ്വാസത്തിന് വിരുദ്ധമാണ്. ബൈബിള്‍ വെളിപ്പെടുത്തുന്ന യാഹവേയ്ക്ക് അള്ളാഹുവുമയി ചരിത്രപരമോ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലോ ഭാഷയുടെയും കല്‍പ്പനകളുടെയും അടിസ്ഥാനത്തിലോ യാതൊരു ബന്ധവുമില്ല, ഖുറാനിലെ ഈസ ബൈബിളിലെ ദൈവപുത്രനോ രക്ഷകനോ അല്ല – ഡോ ആന്‍റണി തറേക്കടവില്‍ വ്യക്തമാക്കി.

ബൈബിളിലെ വെളിപ്പാടിന്‍റെ അടുത്ത പടിയില്‍ നാം കാണുന്നത്, പൗരാണിക ഗോത്രത്തില്‍നിന്നും യഹൂദ രാഷ്ട്രമായി രൂപപ്പെട്ട് ഒടുവില്‍ എന്‍റെ രാജ്യം ഐഹികമല്ല എന്ന മറ്റൊരു വെളിപ്പാടാണ്. ഇവിടെ ദൈവ-മനുഷ്യബന്ധം ആത്മീയരാജ്യത്തിലേക്ക് നീങ്ങുന്നതും ബൈബിള്‍ പൂര്‍ണ്ണമായും ആത്മീയദര്‍ശനത്തിലേക്ക് വഴിമാറുന്നതും ഈ വേളയിലാണ് – ഫാ ഡോ ആൻ്റണി തറേക്കടവിൽ വ്യക്തമാക്കി

*** **** **** *** **** *** *** **** ***

ട്രിനിറ്റേറിയന്‍ വിശ്വാസം ആഴപ്പെടുന്നതനുസരിച്ച് ഭൂമി

സമാധാനപരമായിരിക്കും:

ഫാ ഡോ ജോഷി മയ്യാറ്റില്‍

ത്രിത്വത്തില്‍ അധിഷ്ഠിതമായ ഏകദൈവവിശ്വാസമാണ് ഭൂമുഖത്ത് മനുഷ്യനു സമാധാനത്തോടെ ജീവിക്കാന്‍ വഴിയൊരുക്കുന്നത് എന്നും വിവിധ മതങ്ങളിലുള്ള ഏകദൈവവിശ്വാസം, ബൈബിള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ഈ യാഥാര്‍ത്ഥ്യം വളരെ വ്യക്തതയോടെ സംസാരിക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നും ഡോ ജോഷി മയ്യാറ്റില്‍ പറഞ്ഞു.

ദൈവത്തെ ഒരു സമ്പൂര്‍ണ്ണ ഏകത്വം (absolute singularity) എന്ന നിലപാട് എടുക്കുന്നിടത്ത് എപ്പോഴും Only എന്ന വാക്കായിരിക്കും മുഖ്യമായി ഉയര്‍ന്നു നില്‍ക്കുക. ഈ വാക്ക് വളരെ അപകടം പിടിച്ചതാണ്. ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ഏകത്വം എന്ന കടുത്ത നിലപാടെടുക്കുന്നവർ Only എന്ന ഈ വാക്കിനെ സകലയിടത്തേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമവും അതിന്‍റെ പിന്നാലെ രൂപപ്പെടുത്തുന്നു. അള്ളാഹു മാത്രം, അറബി ഭാഷ മാത്രം, അറബി സംസ്കാരം മാത്രം, പുരുഷന്‍ മാത്രം, ശരിയത്ത് നിയമം മാത്രം ഇങ്ങനെ Only എന്ന വാക്കിന്‍റെ വ്യാപനം വാളിലേക്കും തീവ്രവാദത്തിലേക്കും വിവിധ രീതികളിലുള്ള ജിഹാദുകളിലേക്കും മുന്നേറുന്നു.

നിന്‍റെ ദൈവസങ്കല്‍പ്പം എന്താണോ അതാണ് നിന്‍റെ പ്രവൃത്തികളെ നിര്‍ണ്ണയിക്കുന്ന്ത. ട്രിനിറ്റേറിയന്‍ ബൈബിള്‍ വിവരിക്കുന്ന ത്രിത്വാധിഷ്ഠിത ഏകദൈവവിശ്വാസം സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേതുമാണ്. അതിനാല്‍ ക്രിസ്തീയവിശ്വാസം എവിടെയെല്ലാം ആഴപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും മതസ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും സ്ത്രീ-പുരുഷ സമത്വത്തിനും , തൊഴില്‍ മഹാത്മ്യത്തിനും വേരോട്ടമുള്ളതുമായ സമൂഹങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ട്രിനിറ്റേറിയന്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സാമൂഹിക വികസനമാണ്.

ദൈവത്തെ പിതാവായും യേശുക്രിസ്തുവിനെ സകലരുടെയും രക്ഷകനായും സഭ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായും രൂപപ്പെട്ടത് ത്രിത്വവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. ട്രിനിറ്റേറിയന്‍ വിശ്വാസം എത്രമേല്‍ ആഴപ്പെടുന്നുവോ അത്രമേല്‍ മനുഷ്യവംശത്തിന് ഭൂമിയില്‍ സമാധാനപരമായി ജീവിക്കാന്‍ സാധിക്കും. “എല്ലാ ഏകദൈവവിശ്വാസങ്ങളും ഒന്നാണ്” എന്ന് സഭ പഠിപ്പിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്; ഇത് തികച്ചും തെറ്റായ ധാരണയാണ് – ഫാ ഡോ ജോഷി മയ്യാറ്റില്‍ പറഞ്ഞു.

*** **** **** *** **** *** *** **** ***

ദൈവത്തെ പടിപടിയായി മനുഷ്യന്‍

മനസ്സിലാക്കുകയായിരുന്നു:

ഡോ ജോണ്‍സണ്‍ പുതുശേരി സിഎസ്ടി

ദൈവം ഏകനായതുകൊണ്ട് ദൈവത്തെ മറ്റൊരു ദൈവവുമായി താരതമ്യം ചെയ്യാന്‍ മനുഷ്യന് കഴിയില്ല, അതിനാല്‍ ദൈവത്തെക്കുറിച്ചു മനുഷ്യന്‍ ധരിച്ചുവച്ചിരിക്കുന്ന ചിന്തകളാണ് (ദര്‍ശനം) ചര്‍ച്ച ചെയ്യപ്പെടേണ്ടത് എന്ന് കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ ഡോ ജോണ്‍സണ്‍ പുതുശേരി സിഎസ്ടി വ്യക്തമാക്കി.

മനുഷ്യന്‍ കാലാകാലങ്ങളില്‍ നടത്തിയ ദൈവാന്വേഷണത്തിന്‍റെ സമഗ്രതയാണ് നാം തേടുന്നത്. ദൈവം എന്ന യാഥാര്‍ത്ഥ്യത്തെ എത്രമേല്‍ സ്വീകാര്യതയോടെയും കൃത്യതയോടെയുമാണ് ബൈബിൾ വ്യക്തമാക്കുന്നത് എന്നതാണ് നാം അന്വേഷിക്കുന്നത്. ദൈവത്തെക്കുറിച്ചു ക്രമാനുഗതമായി ദൈവം വെളിപ്പെടുത്തുന്നു എന്നു പറയുന്നതിനേക്കാള്‍ ദൈവത്തെ പടിപടിയായി നാം മനസ്സിലാക്കി വരുന്നതിന്‍റെ ചരിത്രമാണ് ഉത്പത്തി പുസ്തകം മുതല്‍ വായിക്കുന്നത്. ആരംഭം മുതല്‍ ഒടുക്കം വരെയും നാം കാണുന്ന ദൈവികസ്വഭാവത്തിന്‍റെ പ്രത്യേകത കരുണയാണ് എന്ന യാഥാർത്ഥ്യമാണ് അവിടെയെല്ലാം കാണുന്നത്. ദൈവത്വത്തില്‍ നിറഞ്ഞിരിക്കുന്ന ഈ കരുണയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ കാതല്‍. ഈ കരുണയുടെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞത് പടിപടിയായിട്ടായിരുന്നു എന്നു മാത്രം. ഈ കരുണയുടെ പൂര്‍ണ്ണതയാണ് ക്രിസ്തുവില്‍ ദേഹരൂപമായി വെളിപ്പെട്ടത്. ക്രിസ്തുവിന്‍റെ സ്നേഹത്തിനാണ് ക്രൈസ്തവന്‍ സാക്ഷ്യം നല്‍കുന്നത്.

എന്‍റെ കൂടെ നില്‍ക്കാത്തവനെയെല്ലാം നശിപ്പിച്ച് എന്‍റെ മാത്രമൊരു ലോകം സൃഷ്ടിക്കുക എന്നതല്ല ബൈബിളില്‍ വികാസം പ്രാപിക്കുന്ന ദൈവദര്‍ശനം. അപ്രകാരമുള്ള ദൈവദര്‍ശനങ്ങള്‍ ബൈബിളുമായി ചേര്‍ന്നുപോകുന്നവയല്ല -ഡോ ജോണ്‍സണ്‍ പുതുശേരി പറഞ്ഞു.

തയാറാക്കിയത്:

മാത്യൂ ചെമ്പുകണ്ടത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments