ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി
ഹിന്ദുത്വവാദികൾ കലാപത്തിനു കളമൊരുക്കി … ജുഡീഷ്യറി വഴിമരുന്നിട്ടു… സർക്കാർ വംശഹത്യ നടപ്പാക്കി… അങ്ങനെ, കുക്കികൾ ഭീകരവാദികളായി… ഗുജറാത്തിനും കണ്ഡമാലിനും ശേഷം മണിപ്പൂരും ഹിന്ദുത്വശക്തികളുടെ പരീക്ഷണശാല…
2023 മെയ് 28 വരെ ഗോത്രവർഗ്ഗക്കാർ എന്ന് വിളിച്ചിരുന്ന കുക്കികളെ 2023 മെയ് 29 ലെ പത്രങ്ങൾ വിളിച്ചത് തീവ്രവാദികൾ എന്നാണ്. എത്ര പെട്ടെന്നാണ് ഒരു ജനസമൂഹം മുഖ്യധാരയിൽ നിന്ന് തീവ്രവാദികളായി ലേബൽ ചാർത്തപ്പെടുകയും നിർദയം തുടച്ചുനീക്കപ്പെടുന്ന കൂട്ടരായി മാറുകയും ചെയ്യുന്നത്. ഇഷ്ടമല്ലാത്ത ഒരു ജനതയെ ഇത്ര നിർദ്ദയം ഇല്ലാതാക്കാൻ എടുത്ത തീരുമാനങ്ങൾ ആരുടെ ബുദ്ധിയിൽ പിറന്നതാണ്. ആരു തന്നെയായാലും അവർക്ക് താമരപ്പൂക്കൾ കൊണ്ട് ഒരു മാല ചാർത്തി അണിയിക്കുകയാണ് നമ്മുടെ പത്രങ്ങൾ.
അല്പം സെൻസിബിൾ ആയ ഒരു എഡിറ്റോറിയൽ മലയാള പത്രങ്ങളിൽ കണ്ടത് മംഗളം പത്രത്തിലാണ്, മെയ് 30 ആം തീയതി. അതിലവർ മതപരമായ കാര്യങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. മെയ് 3നാണ് മണിപ്പൂരിൽ കലാപം ആരംഭിക്കുന്നത്. ഇതിനോടകം കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറംലോകം അറിയാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് ലഭ്യത മണിപ്പൂരിൽ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം അവിടെ സംഭവിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ആരും അറിയുന്നില്ല. 10000 ൽ അധികംപേരെ മാറ്റിപ്പാർപ്പിച്ചു എന്ന് പറയപ്പെടുന്നു.
മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മേയ്ത്തി വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകാനുള്ള നീക്കമാണ് പ്രതിഷേധത്തിനും വംശീയ കലാപത്തിനും കാരണമായി മാറിയത് എന്ന് പറയുന്നു. മേയ്ത്തി വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകണമെന്ന് ആവശ്യത്തിൽ സംസ്ഥാന സർക്കാർ നാലാഴ്ചക്കുള്ളിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എംപി മുരളീധരൻ ഉത്തരവിറക്കി. അതിനെതിരെ സംസ്ഥാനത്തെ 36 പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സംഘടനയായ സ്റ്റുഡന്റ് യൂണിയൻ നടത്തിയ സമരമാണ് മണിപ്പൂരിനെ അശാന്തം ആക്കിയ സംഘർഷങ്ങളുടെ തുടക്കം എന്ന് എഡിറ്റോറിയലിൽ പറയുന്നു. ഇൻഫാൽ താഴ്വരയിലാണ് രാജ്യത്തെ 53% ത്തോളം വരുന്ന വിഭാഗം തിങ്ങിപ്പാർക്കുന്നത്. കുക്കി നാഗാ തുടങ്ങിയ പ്രധാന ഗോത്രങ്ങൾ അടക്കം 36 ഗോത്രവർഗ്ഗങ്ങൾ മലനിരകളിലും കഴിയുന്നു. ഈ ഗോത്രവർഗ്ഗങ്ങൾക്ക് പട്ടികവർഗ്ഗ പദവിയുണ്ട് പട്ടികവർഗ്ഗ പദവി ആവശ്യപ്പെട്ട് 2012ലാണ് മേയ്ത്തെ വിഭാഗം കോടതിയെ സമീപിച്ചത്. പത്തുവർഷത്തിനുശേഷം 2023 മാർച്ചിൽ മേയ്ത്തെ വിഭാഗത്തെ പട്ടികവർഗ്ഗ സംവരണത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുന്നു. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. മണിപ്പൂരിലെ തീക്കളിക്ക് കാരണമായി മാറിയത് ഹൈക്കോടതി ഉത്തരവാണെന്ന് ഏറെ ദൗർഭാഗ്യകരമായി പലരും ചൂണ്ടിക്കാട്ടി.
ഇങ്ങനെയിരിക്കയാണ് പ്രതിഷേധിക്കുന്ന ഒരു വിഭാഗം പെട്ടെന്ന് തീവ്രവാദികളായി മാറുന്നത്. ഇനി തീവ്രവാദികളെ കൊല്ലുന്നത് രാജ്യസുരക്ഷയുടെ ഭാഗമാണ്. അതിനു വേണ്ടി കേന്ദ്രസേനയെ ആയുധങ്ങൾ നൽകി അയക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. പക്ഷേ കൊല്ലപ്പെടുന്നവരെല്ലാം ഒരു മതവിഭാഗത്തിന്റെ ഭാഗമായി നിലകൊള്ളുന്നവരാണ് എന്നതാണോ അവർ നേരിടുന്ന പ്രധാന പ്രശ്നം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെയും അവരുടെ കുടിലുകളും മാത്രമല്ല അവരുടെ ആരാധനാലയങ്ങളും തുടച്ചുനീക്കുന്നത് ഈ സംശയം ബലപ്പെടുത്തുന്നു.
പ്രതിമാസം പി ഓ സി നാടക അരങ്ങിൽ ഒരു നാടകം കണ്ടു. ‘ലേബർ കോഡ്’ .അതിൽ ഭരണാധികാരിക്ക് ചിരിക്കാൻ കഴിയുന്നില്ല . ചിരിപ്പിക്കാൻ ആളുകളെ, കലാകാരന്മാരെ ആവശ്യമാണ്. ആർക്കും അയാളെ ചിരിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയിരിക്കെ ഒരു കലാകാരിയുടെ പ്രകടനം. അതും ആത്മഹത്യ ചെയ്യുന്ന ഒരു അഭിനയ പ്രകടനം കാഴ്ചവെക്കുന്നത് കണ്ടു അയാൾ ആസ്വദിക്കുന്നു. ആദ്യമായി അയാൾ ചിരിക്കുന്നു. മുന്നിൽ ഒരാൾ മരണവേദനയാൽ പിടയുന്നത് കാണുമ്പോൾ മാത്രം അല്പം ചിരിക്കാൻ കഴിയുന്ന മുതലാളി ആരുടെ പ്രതികമാണെങ്കിലും അത് മനുഷ്യർ പാർക്കുന്ന ലോകത്തിനു ചേരില്ല.അധികാരത്തിന്റെ ചെങ്കോൽ പൂജിച്ച് ജനാധിപത്യ ശ്രീകോവിലിൽ നാട്ടി നിർത്തുന്ന ഭരണാധികാരിക്ക് ഇത്തരം മനുഷ്യക്കുരുതികൾ കൊണ്ടുമാത്രമാണ് പുഞ്ചിരിക്കാൻ കഴിയുന്നത് എന്ന് വരുന്നത് ജനാധിപത്യത്തിന്റെ സർവ്വനാശത്തിന്റെ തുടക്കമായി ആരെങ്കിലും ഭയപ്പെട്ടാൽ എന്താണ് മറുപടി പറയാൻ കഴിയുക.
നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ചർച്ചകളിലെ മുൻഗണനകൾ ഇവിടുത്തെ ദളിതന്റെയോ ആദിവാസിയുടെയോ ഗോത്ര വിഭാഗക്കാരന്റെയോ പട്ടിണിക്കാരന്റെയോ പ്രതിസന്ധികൾ അല്ല പകരം മതപരം മാത്രമാണ് എന്ന് നിരന്തരം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പത്രങ്ങൾ അവയുടെ ധർമ്മം മറന്നുപോകുന്നുണ്ട്. ആദിവാസികൾക്ക് വേണ്ടി നിലകൊണ്ട സ്റ്റാൻ സ്വാമി അർബൻ നക്സലുകളിൽ ഒരാളായി മാത്രം പരിഗണിക്കപ്പെട്ടു കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടു കൊല്ലപ്പെട്ടിട്ട് കാലമധികം കഴിഞ്ഞിട്ടില്ല. ഇന്ത്യ മഹാരാജ്യത്ത് ഇന്ന് പൗരന്മാർ അധികമില്ല ഉള്ളതൊക്കെ മതപരമായ ഐഡന്റിറ്റിയുടെ പേരിൽ വിഷമിക്കുന്നവരോ വിഷമിപ്പിക്കാൻ പരിശ്രമിക്കുന്നവരോ മാത്രമായി പരിമിതപ്പെടുന്നത് ഇന്ത്യ ജനാധിപത്യ രാജ്യത്തിൽ നിന്ന് മാറി മതാധിപത്യ രാജ്യത്തിലേക്ക് പരിണമിക്കുന്നതിന്റെ ചൂണ്ടുപലകയാണോ? ഈ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും നന്മയുള്ളവർ ആയതുകൊണ്ട് മാത്രമാണ് ഇവിടെ അരുതാത്തത് ഒന്നും നടക്കാത്തത്.
പക്ഷെ അധികാരം നിലനിർത്തണമെന്നും സ്ഥിരമായി അത് സ്വന്തം കൈകളിൽ ആവണം എന്നും ആഗ്രഹിക്കുന്ന മുതലാളിത്ത സർവാധിപത്യത്തിന്റെ കാലത്ത് മതമെന്നത് അധികാരം നിലനിർത്താനുള്ള ഒരു രാഷ്ട്രീയ ഉപാധി മാത്രമായി അധംപതിക്കുകയും അതിലെ ആത്മീയത പൂർണമായും ഒഴിവാക്കപ്പെടുകയും ചെയ്യുന്നത് ഭയപ്പെടുത്തുന്നതാണ്. അധികാരം നേടുന്ന ഇടങ്ങളിൽ എല്ലാം അന്നുവരെ നിലനിന്നിരുന്ന പാർലമെന്ററി ജനാധിപത്യ ബോധത്തെ തുടച്ചുനീക്കുന്നതും പകരം മതബോധം നിരന്തര ചർച്ചയ്ക്ക് വിഷയം ആവുകയും ചെയ്യുന്നത് സംശയത്തോടു കൂടി നോക്കിക്കാണേണ്ട കാര്യമാണ്. ഇന്നലെ കൊല്ലപ്പെട്ട 40 കുക്കികൾ വെറും തീവ്രവാദികളും ഭീകരരും മാത്രമാണ് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ എല്ലാ അർത്ഥത്തിലും ഈ രാജ്യത്തെ ഞെട്ടിപ്പിക്കണം.
മണിപ്പൂരിൽ സംഭവിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ നേർചിത്രം അറിയാൻ ഇന്ത്യയിലെ പൗരന്മാർക്ക് അവകാശമുണ്ട്. ഒരു വന്യ മൃഗത്തിന് നാട്ടിൽ ഇറങ്ങുമ്പോൾ കിട്ടുന്ന ശരാശരി പരിഗണന എങ്കിലും ഗോത്ര വിഭാഗക്കാർക്ക് ഇന്ത്യ മഹാരാജ്യത്തിലെ ഒരു സംസ്ഥാനത്ത് ലഭിക്കുന്നില്ല എന്നു വരുന്നത് എത്ര സങ്കടകരമാണ്.നമ്മുടെ നാട്ടിലെ സാംസ്കാരിക മത സാമൂഹിക മാധ്യമ രംഗത്തെ പ്രവർത്തകർക്ക് ഗോത്ര വർഗ്ഗക്കാരായ മണിപ്പൂരിലെ കുക്കികളുടെ ദുരന്തം പരിഗണന പട്ടികയിൽ വരാത്തത് അതിലേറെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
ഭരിക്കുന്നവന്റെ അപ്രീതിക്ക് പാത്രമാകുന്നവർ പെട്ടെന്ന് പൗരൻ എന്ന സ്ഥാനത്തു നിന്നും തീവ്രവാദി എന്ന പേരിൽ കൊല്ലപ്പെടേണ്ട ഒരുവനായി പരിണമിക്കുന്നത് ഇത്ര ലളിതമാണ് എന്ന് മനസ്സിലാക്കി തരാൻ ഇന്നലെ മണിപ്പൂർ മുഖ്യമന്ത്രിക്ക് കഴിഞ്ഞു.
നാസികൾ ജൂതന്മാരെ കൊല്ലാൻ ഉപയോഗിച്ച അതേ രാഷ്ട്രീയമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മതതീവ്രവാദികൾ പ്രയോഗിക്കുന്നതും ഇതേ ആയുധമാണ്. നിരന്തരമായി പറയുന്ന കള്ളം സത്യമാണെന്ന് വിശ്വസിക്കുന്ന ജനതയെ സൃഷ്ടിച്ചെടുക്കാൻ സകലമാധ്യമങ്ങളെയും വിലക്കെടുക്കാൻ അധികാരത്തിനു കഴിയുന്നു.
കൂറ്റൻ ലാഭം നേടാൻ ഉപയോഗിക്കാവുന്ന ഇടങ്ങളിൽ നിന്ന് മനുഷ്യരെ, പൗരന്മാരെ തുടച്ചുനീക്കുന്നതിന് ഏതുതരം തന്ത്രവും അധികാരശക്തികൾ ഉപയോഗിക്കും എന്നത് നിരന്തരമായി നമ്മുടെ മഹാരാജ്യം കണ്ടു ശീലിച്ചുവരുന്ന ചില കാഴ്ചകളിൽ ഏറ്റവും അവസാനത്തേതാണ് മണിപ്പൂർ കലാപവും അവിടെ നടക്കുന്ന വംശീയ വേട്ടയും.
വിസമ്മതങ്ങളുടെ ഇടങ്ങളെ പൂർണമായി ഒഴിവാക്കുന്ന ഒരു ജനാധിപത്യ പാർലമെന്റിന്റെ സൃഷ്ടിയാണ് അധികാരം സ്വപ്നം കാണുന്നതെങ്കിൽ; അവിടെനിന്ന് ആളുകളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒഴിപ്പിച്ച് എടുക്കുന്നതിലും എത്രയോ എളുപ്പമാണ് ഇഷ്ടക്കാർ മാത്രം വസിക്കുന്ന ഒരു കൂടാരം പണിയുന്നത്.
പുതിയകാലത്തെ ഇന്ത്യൻ ജനാധിപത്യത്തിന് ചില നിറങ്ങളോട് മാത്രമാണ് പ്രിയം. ചില നിറങ്ങൾ തുടച്ചു മാറ്റപ്പെടേണ്ടതാണ്. നിറങ്ങൾക്ക് ഇടയിലും വലിപ്പച്ചെറുപ്പങ്ങളുണ്ട്. അത്തരമൊരു പൂർവ്വകാലം ഈ മഹാരാജ്യത്ത് പലയിടങ്ങളിലും നിലനിന്നിരുന്നു എന്നത് ഒരു മഹാകാര്യമായി പരിഗണിക്കപ്പെടുന്ന ആളുകളുടെ അധികാര വിനിമയം നമ്മളെ എവിടെ കൊണ്ടെത്തിക്കും എന്ന് കാത്തിരുന്നു കാണാം. കാരണം 2000 രൂപയുടെ നോട്ടിന്റെ ആയുസ്സ് പോലും ഒരു പൗരന്റെ ഐഡന്റിറ്റിക്കു ഇല്ല എന്നത് പുതിയ ഇന്ത്യയിൽ വാർത്തയല്ല.
ഇന്നലെവരെ ഗോത്രവർഗ്ഗക്കാരന്റെ ആനുകൂല്യങ്ങളിൽ അവകാശങ്ങളിൽ സംരക്ഷിക്കപ്പെട്ടിരുന്ന ഒരു ജനത എത്ര പെട്ടെന്നാണ് ഇന്ന് തീവ്രവാദികളുടെ സംഘമായി കേന്ദ്രസേനയാൽ തുടച്ചുമാറ്റപ്പെടേണ്ട ഇരകളായി അധംപതിച്ചത്. നരബലി കൊണ്ട് കുരുതിയാടുന്ന ചെങ്കോൽ സ്ഥാപനത്തിന്റെ ഒന്നാം ദിനം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.