ന്യായവിസ്താരങ്ങളും പീഡാനുഭവങ്ങളും തുടർന്നുള്ള കുരിശുമരണവും ഒന്നും യേശുവിന് ഒരു ആകസ്മിക അനുഭവമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീർഘദർശികൾ പറഞ്ഞവയെല്ലാം കാലസമ്പൂർണ്ണതയിൽ സംഭവിക്കുകയായിരുന്നു. അവിടുത്തെ ജനനത്തിന് ഏതാണ്ട് അഞ്ഞൂറ്റമ്പതുകൊല്ലം മുമ്പ് സഖരിയാ പ്രവാചകന്‍ പ്രവചിച്ചതാണ് ഓശാന ദിനത്തിൽ നിറവേറിയ രാജകീയ പ്രവേശനം. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ ഏശയ്യായിലും സങ്കീര്‍ത്തനങ്ങളിലും സഖറിയായിലും ഇതര ഗ്രന്ഥങ്ങളിലുമായി ചിതറിക്കിടക്കുന്ന അസംഖ്യം പ്രവചനങ്ങളാണ് യേശുക്രിസ്തുവില്‍ നിറവേറിയത്.
ഉണ്ണിയേശുവിൻ്റെ ജനനം മുതൽ അവനെ നശിപ്പിക്കാൻ റോമൻ ഭരണാധികാരികളും യഹൂദ മതനേതൃത്വവും പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു; സാത്താൻ പല കെണികളും ഒരുക്കി. എന്നാൽ എല്ലാം നിഷ്ഫലമാകയും തിരുവെഴുത്തിൻ പ്രകാരം എല്ലാം സംഭവിക്കുകയും ചെയ്തു. “സൈന്യങ്ങളുടെ യഹോവയുടെ തീഷ്ണത” എല്ലാം നിവര്‍ത്തിച്ചു. (ഏശയ്യ 9:7). കഴുതയും കഴുതക്കുട്ടിയും തയാറായി നിന്നതു മുതല്‍, ആരും നേതൃത്വം നല്‍കാനില്ലാതെ ജനക്കൂട്ടങ്ങള്‍ ജെറുസലേം ദേവാലയത്തിലേക്ക് ഈശോ മശിഹായെ സ്വീകരിച്ചാനയിച്ചതും എല്ലാം കാണുമ്പോൾ ”ഇതു കര്‍ത്താവിന്റെ പ്രവൃത്തിയാണ്;ഇതു നമ്മുടെ ദൃഷ്‌ടിയില്‍ വിസ്‌മയാവഹമായിരിക്കുന്നു.” (സങ്കീര്‍ത്തനം 118:23) എന്ന വചനം വായിച്ച് വിസ്മയപ്പെടാനല്ലാതെ ഒന്നും കഴിയുന്നില്ല.
അര്‍ണോസ് പാതിരി എന്ന ജര്‍മന്‍ ജസ്യൂട്ട് മിഷനറി വൈദികൻ എഴുതിയ “പുത്തന്‍ പാന” എന്ന കവിത ദുഃഖവെള്ളി ഉച്ചയ്ക്കുശേഷവും ദു:ഖശനിയിലും മലയാളി ക്രൈസ്തവർ പാടുക പതിവാണ്. യേശുക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് പതിനാല് പാദങ്ങളിലായി എഴുതിയിരിക്കുന്ന ഈ കവിതകളില്‍ ഉണ്ണിയേശുവിന്‍റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളെയാണ് വിവരിച്ചിരിക്കുന്നത്. അതില്‍ പന്ത്രണ്ടാം പാദത്തില്‍, തന്‍റെ പുത്രന്‍റെ ക്രൂശുമരണത്തില്‍ അമ്മയുടെ (മറിയത്തിന്‍റെ) വിലാപങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. “നതോന്നത വൃത്തത്തില്‍” എഴുതിയിരിക്കുന്ന ഈ ഗാനങ്ങള്‍ വാസ്തവത്തില്‍ ക്രിസ്തുസംഭവങ്ങളെ തികച്ചും ആകസ്മികസംഭവങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. യൂദാ ഒറ്റിക്കൊടുത്ത സംഭവത്തെ “പുത്തന്‍പാന”യില്‍ വിവരിക്കുന്നത് നോക്കുക,
“ഒത്തപോലെ ഒറ്റി കള്ളന്‍
മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍
പിടിച്ചോ പുത്രാ….!!!
എത്രനാളായ് നീയവനെ,
വളര്‍ത്തുപാലിച്ച നീചന്‍
ശത്രുകൈയാല്‍ വിറ്റു നിന്നെ
കൊടുത്തോ പുത്രാ ….!!!
യൂദയ്ക്ക് പണത്തിന് ഇത്ര ആര്‍ത്തി ഉണ്ടായിരുന്നെങ്കില്‍ മറ്റുള്ളവരോട് യാചിച്ചെങ്കിലും അവന് ഞാന്‍ കാശുണ്ടാക്കി നല്‍കുമായിരുന്നല്ലോ എന്നാണ് പുത്തൻ പാനയിൽ അമ്മമറിയം വിലപിക്കുന്നത്.
“നീചനിത്ര കാശിനാശയ-
റിഞ്ഞങ്കിലിരന്നിട്ടും
കാശുനല്‍കായിരുന്നയ്യോ
ചതിച്ചോ പുത്രാ…”
യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ആകസ്മികമായി സംഭവിച്ചതായിരുന്നില്ല വലിയവാര സംഭവങ്ങള്‍. “ഈ ലോകം വിട്ട് പിതാവിൻ്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു” (യോഹന്നാന്‍ 13:2). തന്‍റെ പീഡാനുഭവം അവിടുന്ന് പ്രധാനായും മൂന്നു പ്രാവശ്യം പ്രവചിക്കുന്നത് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ തന്നെ കാണാം. (മര്‍ക്കോസ് 8:31-35, 9:31, 10:33). താൻ പിറക്കാൻ പോകുന്ന കാലഘട്ടം, ജന്മസ്ഥലം, മാതാപിതാക്കൾ, അവരുടെ ഗോത്രം, വംശാവലി, മരണവിധം… എല്ലാം നിത്യതയിലേ കുറിച്ചു വച്ച കാര്യങ്ങള്‍! സകലവും കാലത്തിൻ്റെ തികവിൽ യാഥാര്‍ത്ഥ്യമായി എന്നു മാത്രം.
മനുഷ്യോത്പത്തിയും ക്രിസ്തുസംഭവങ്ങളും യുഗാന്ത്യവും ദൈവരാജ്യ സംസ്ഥാപനവുമെല്ലാം ദൈവപിതാവിൻ്റെ തീഷ്ണതയാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ പടിപടിയായുള്ള പുരോഗതി മാത്രമാണ്. കാലത്തിന്റെ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള (എഫേസോസ് 1:10) ദൈവിക പദ്ധതിയുടെ മർമ്മപ്രധാന സംഭവങ്ങളാണ് കാൽവരിയിൽ ഉയർന്നത്. ആയതിനാല്‍ ഈ രക്ഷാകര സംഭവങ്ങളിലൂടെ പതിവായി കടന്നുപോകേണ്ടത് ക്രിസ്തുഭക്തനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്.
ആകസ്മിക സംഭവങ്ങളാണ് വലിയവാരത്തിൽ സംഭവിച്ചതെന്ന് കരുതുന്നവർ ക്രൈസ്തവരിലും അക്രൈസ്തവരിലും ധാരാളമുണ്ട്. എന്നാല്‍ ഹെബ്രായ ലേഖനം 12:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് “നമ്മുടെ വിശ്വാസത്തിന്‍െറ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്‍െറ വലത്തു ഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു”
ഓശാനയ്ക്കു ശേഷം, തിങ്കളിലും ചൊവ്വയിലും സംഭവിച്ചവ എന്തൊക്കെയെന്നു വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാൻ കഴിയില്ലെങ്കിലും അതിമഹത്തായ നിരവധി വിഷയങ്ങളാണ് ദിവ്യരക്ഷകന്‍ ഈ ദിവസങ്ങളില്‍ പഠിപ്പിച്ചത് എന്നു കാണാം. തിങ്കളും ചൊവ്വയിലും കുറഞ്ഞത് രണ്ട് ദിവസങ്ങളില്‍ യേശു ദേവാലയത്തില്‍ ഇരുന്ന് വിവിധ വിഷയങ്ങള്‍ പഠിപ്പിച്ചു. മത്തായി 21:17 മുതല്‍ 26-2 വരെയും മാര്‍ക്കോസ് 11:20 മുതല്‍ 14:11 വരെയും ലൂക്ക് 20:1 മുതല്‍ 22:6 വരെയും യോഹന്നാന്‍ 12-ാം അധ്യായം മുതലും ഈ പഠിപ്പിക്കലുകളാണുള്ളത്.
താന്‍ പിതാവിന്‍റെ അടുക്കലേക്ക് മടങ്ങിപ്പോകുവാന്‍ സമയം അടുത്തു എന്ന് മനസ്സിലാക്കിയതിനാൽ യേശുവിന്‍റെ അതിവേഗത്തിലുള്ള പഠിപ്പിക്കലുകള്‍കൊണ്ട് സമ്പന്നമാണ് ഓശാനയ്ക്ക് ശേഷമുള്ള രണ്ടു ദിവസങ്ങള്‍.