Thursday, May 30, 2024
No menu items!
Homeകുരിശിന്‍റെ വഴിവിശുദ്ധ ശനി: പാതാളത്തിൽ ഉയർന്ന സുവിശേഷനാദം

വിശുദ്ധ ശനി: പാതാളത്തിൽ ഉയർന്ന സുവിശേഷനാദം


ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തു മരണം ആസ്വദിച്ചു. ശിഷ്യന്മാർ ഒളിവിലായി. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ മഥിച്ചതിനാൽ ഒരിക്കൽ ഉപേക്ഷിച്ച വലയും വള്ളവും അന്വേഷിക്കാൻ പ്രേരിതരായി നിശ്ശബ്ദരായിരുന്നു. എന്നാൽ, ക്രൂശീകരണത്തിനു ശേഷമുള്ള സമയം പാതാളത്തിൽ മരണത്തിൻ്റെ തടവറയിൽ കഴിഞ്ഞിരുന്ന പഴയനിയമ നീതിമാന്മാർക്ക് ഉത്സവദിനമായിരുന്നു. അവർക്കു മേൽ ജീവൻ്റെ നാഥൻ ഉദിച്ചു. ആദിമസഭാകാലത്തെ വിശുദ്ധശനിയിലെ ഒരു പ്രബോധനം ഇപ്രകാരമാണ്:

“അതിനു ശേഷം വലിയൊരു നിശ്ശബ്ദത ഭൂമിയെ ഭരിക്കുന്നു. നിശ്ശബ്ദതയും പ്രശാന്തതയും! രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു. ദൈവം ശരീരത്തിൽ ഉറങ്ങുകയും ലോകാരംഭം മുതൽ ഉറങ്ങിയവരെ ഉണർത്തുകയും ചെയ്തു. നമ്മുടെ ആദിപിതാവിനെ, കാണാതെ പോയ ആടിനെ എന്ന പോലെ അവിടുന്ന് അന്വേഷിച്ചു പോയി. അന്ധകാരത്തിലും മരണത്തിൻ്റെ നിഴലിലും വസിക്കുന്നവരെ സന്ദർശിക്കാൻ അവൻ ആഗ്രഹിച്ചു. ബന്ധനത്തിൽ കഴിയുന്ന ആദത്തെയും സഹതടവുകാരിയായ ഹവ്വായേയും ദു:ഖത്തിൽ നിന്നു സ്വതന്ത്രരാക്കാൻ ദൈവപുത്രനായ അവിടുന്നു പോകുന്നു…. ഞാൻ നിൻ്റെ ദൈവമാണ്. നിനക്കു വേണ്ടി നിൻ്റെ പുത്രനായവൻ… ഉറങ്ങുന്നവനേ എഴുന്നേൽക്കൂ! പാതാളത്തിൽ തടവുകാരനായിരിക്കാനല്ല ഞാൻ നിന്നെ സൃഷ്ടിച്ചത്. മരിച്ചവരിൽ നിന്ന് എഴുന്നേൽക്കുക, മരണമടഞ്ഞവരുടെ ജീവനാണു ഞാൻ ” ( Ancient Homily for Holy Saturday).

ക്രിസ്തുവിൻ്റെ ഭൗതീക ശരീരം അരിമത്യാക്കാരൻ ജോസഫിൻ്റെ കല്ലറയിൽ വിശ്രമിക്കുമ്പോൾ “മെസയാനിക് ദൗത്യത്തിൻ്റെ” അന്തിമഘട്ടം എന്നോണം ആത്മാവ് പാതാളത്തില്‍ ഇറങ്ങി സുവിശേഷം അറിയിച്ചു എന്ന് 1 പത്രോസ് 3:19 ൽ വായിക്കുന്നു. കൂടാതെ, ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയവൻ ഉയരത്തിലേക്ക് ആരോഹണം ചെയ്തുവെന്ന് എഫേ 4: 9-10 ലും കാണാം.

നോഹയുടെ കാലത്തെ ജനങ്ങള്‍ മാത്രമായിരുന്നില്ല ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ആദം മുതൽ മൃതരായ പഴയ നിയമ വിശുദ്ധന്മാർ ഈ ഗണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കരുതാം. ഹെബ്രായർ 9:15 വാക്യം നോക്കുക:

“വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു”. യേശുക്രിസ്തുവിന്‍റെ കുരിശുമരണവും പുന:രുത്ഥാനവും പുതിയനിയമസഭയ്ക്കു മാത്രമല്ല ആഹ്ളാദം നൽകിയത്. പഴയനിയമകാലഘട്ടത്തില്‍ ജീവിച്ചിരുന്ന നിയമലംഘകരായ വിശുദ്ധന്മാരും ജീവന്‍റെ നാഥനില്‍നിന്ന് ജീവന്‍റെ സന്ദേശം കേട്ട് മരണത്തിന്‍റെ ബന്ധനത്തില്‍നിന്ന് വിമുക്തരായി.

ബന്ധനത്തിലുള്ള ആത്മാക്കളോട് സുവിശേഷം പറയാന്‍ യേശു പാതാളത്തിലിറങ്ങിയപ്പോള്‍ അവിടെ ഉണ്ടായ സംഭവങ്ങളെല്ലാം കാനോനിക അംഗീകാരം കിട്ടാത്ത “നിക്കോദേമോസിന്‍റെ സുവിശേഷം”
എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. വളരെ കൗതുകകരമായ ആ വിവരണം ഇപ്രകാരമാണ്.

“മരണത്തിന്‍റെ നിഴലില്‍ പിതാക്കന്മാരോടൊത്ത് ഉറങ്ങിയിരുന്നവര്‍ ഒരു സുവര്‍ണ്ണപ്രഭ കണ്ടുണര്‍ന്നു. ആദാമും പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും ആഹ്ലാദചിത്തരായി. ഇതാ വെളിച്ചം, വെളിച്ചത്തിന്‍റെ സൃഷ്ടാവ് വാഗ്ദാനം നിറവേറ്റി നമ്മുടെമേല്‍ ഇതാ പ്രകാശിച്ചിരിക്കുന്നു എന്ന് ആര്‍ത്തു. പഴയനിയമകാലത്തെ നീതിമാന്മാര്‍ സന്തോഷിച്ചപ്പോള്‍ സാത്താന്‍ ഭയചകിതനായി. ലാസറിനേയും കൊണ്ടു പറന്ന കഴുകന്‍ ഇവിടെയും എത്തിയോ? വാതിലുകളേ തല ഉയര്‍ത്തുവിന്‍ എന്ന ശബ്ദം കേള്‍ക്കാറായി വന്നു. ദാവീദും ഹബക്കൂക്കും ഉണര്‍ന്നു പാടി. മഹത്വത്തിന്‍റെ രാജാവ് സാത്താനെ കാല്‍ക്കീഴാക്കി. മീഖായേല്‍ മാലാഖ അവരെ പറുദീസായിലേക്ക് നയിച്ചു. ഹാനോക്കും ഏലിയാവും അവിടെ അവരെ സ്വീകരിച്ചു. ഇതിനെല്ലാം സാക്ഷ്യം വഹിക്കുവാന്‍ അവിടെ ആണിപ്പാടേറ്റ മറ്റൊരാളും ഉണ്ടായിരുന്നു: പശ്ചാത്തപിച്ച കള്ളന്‍!

മറിയവും ജോസഫും ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കാഴ്ചവച്ച സമയത്ത് ഉണ്ടായിരുന്ന വൃദ്ധനായ ശിമയോന്‍റെ മക്കളായ കരിനൂസും ലൂസിയസും ദുഃഖവെള്ളിയാഴ്ച യേശു കുരിശില്‍ മരിച്ചപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ആത്മാക്കളില്‍ ഉള്‍പ്പെടുമെന്നും അവര്‍ അരിമത്യായില്‍ വന്ന് താമസമാക്കിയെന്നും അവർ അരിമത്യാ ജോസഫിന് ഈ സംഭവങ്ങള്‍ പറഞ്ഞുകൊടുത്തെന്നുമാണ് പാരമ്പര്യവിശ്വാസം (വേദശബ്ദ രത്നാകരം, പേജ് 555)

മരണത്തിനപ്പുറത്തുള്ള ജീവിതത്തെക്കുറിച്ച് ഏറെ കേട്ടവരായിരുന്നു ക്രിസ്തുശിഷ്യന്മാര്‍. യൂദാ ആത്മഹത്യ ചെയ്തതിന് കാരണമായി സഭാപിതാവായിരുന്ന ഓറിഗണ്‍ ചൂണ്ടിക്കാണിക്കുന്നത് “തന്‍റെ ശരീരത്തില്‍നിന്ന് ആത്മാവിനെ വിമുക്തമാക്കി, യേശുവിന്‍റെ ആത്മാവിന്‍റെ സന്നിധിയില്‍ എത്രയും വേഗം ചെന്ന് ക്ഷമചോദിക്കാനും ദാക്ഷിണ്യം തേടാനുമുള്ള ധൃതിയിലായിരുന്നു യൂദാ ” എന്നായിരുന്നു. അത്രമേല്‍ ക്രിസ്തു ശിഷ്യന്മാരുടെ വിശ്വാസത്തിൻ്റെ സര്‍വ്വമണ്ഡലങ്ങളെയും മരണാനന്തര യാഥാര്‍ത്ഥ്യബോധ്യങ്ങള്‍ ഭരിച്ചിരുന്നുവത്രെ.

വാസ്തവത്തില്‍ പഴയനിയമഭക്തന്മാര്‍ ഒരു പുനഃരുത്ഥാനത്തിന്‍റെ സാധ്യതയെക്കുറിച്ച് ചിന്തിച്ചിരുന്നതായി തോന്നുന്നില്ല. അബ്രഹാം മുതല്‍ എല്ലാവരുടെയും മരണത്തിനൊടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നത് “…പ്രാണനെ വിട്ടു മരിച്ചു, തന്‍റെ ജനത്തോടു ചേര്‍ന്നു” (ഉല്‍പ്പത്തി 25:8) എന്നാണ്.

പഴയനിയമ പ്രവാചകന്മാര്‍ക്കോ നീതിമാന്മാരായ ഭക്തന്മാര്‍ക്കോ ഒന്നും മരണാന്തര അവസ്ഥയെക്കുറിച്ച് വ്യക്തമായ യാതൊരു ബോധ്യവും ഇല്ലായിരുന്നു. പലരും പലവിധമാണ് മരണാനന്തര അവസ്ഥയെ കണ്ടത്. ഭാഗംഭാഗമായി തങ്ങള്‍ക്ക് ലഭിച്ച വെളിപ്പാടുകളുടെ പുരോഗതി മാത്രമേ അവരുടെ എഴുത്തുകളില്‍ കാണാൻ കഴിയുന്നുള്ളൂ. “ധൂളി അതിന്‍െറ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്‍െറ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചുപോവുകയും ചെയ്യും” (സഭാപ്രസംഗി 12:7).

മരണാന്തര ജീവിതത്തെക്കുറിച്ച് സാധാരണ മനുഷ്യനുള്ള അറിവു മാത്രമാണ് പൊതുവില്‍ പഴയനിയമം പങ്കുവച്ചത്. ശലോമോന്‍റെ അറിവുകേടാണ് ഇതെന്നു പറഞ്ഞു തള്ളിക്കളയാം. എന്നാല്‍ പ്രത്യാശ നഷ്ടപ്പെട്ടവരുടെ നിരവധി വിലാപങ്ങള്‍ നമുക്ക് സങ്കീര്‍ത്തനങ്ങളിലും കേള്‍ക്കാം. “മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുന്നു” (സങ്കീര്‍ത്തനം 88:5). നിരാശയുടെ വചനങ്ങളാണ് സങ്കീര്‍ത്തനം 89:47ല്‍ വായിക്കുന്നത്! “എന്ത് മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെ സൃഷ്ടിച്ചു?” ഈ ചോദ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് പ്രത്യാശയോടെ കടന്നുകയറാന്‍മാത്രം വെളിപ്പാടു ലഭിച്ച പഴയനിയമഭക്തന്മാരെ ആരെയും നാം കാണുന്നില്ല.

മരണാനന്തര വെളിപ്പാടുകളുടെ അപര്യാപ്തതയാല്‍ അവര്‍ മണ്ണിനെ മാത്രം നോക്കി, മണ്ണിലെ സാമ്രാജ്യങ്ങളെയും സമ്പത്തിനെയും കുതിരകളെയും ഒട്ടകങ്ങളെയും നോക്കി. പ്രതാപിയായി ഭൂമിയിൽ ജീവിച്ച് ഒടുവിൽ മരണത്തോടെ നിത്യവിസ്മൃതി മാത്രം ലക്ഷ്യമാക്കിയുള്ള ഒരുതരം നാസ്തികാവസ്ഥ. എന്നാൽ ഇതിന് ഒരു അപവാദം കാലമേറെ കഴിഞ്ഞുണ്ടായ ദാനിയേൽ പ്രവചനമിരുന്നു. കാലാന്ത്യത്തിൽ “ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്‌ക്കും നിത്യനിന്ദയ്‌ക്കുമായും”. (ദാനിയേല്‍ 12:2).

ഹാനോഖിനെപ്പോലെ, ഏലിയാവിനെപ്പോലെ ജീവിതാന്ത്യത്തില്‍ ഉടലോടെ എടുക്കപ്പെട്ട സംഭവങ്ങള്‍ തുടര്‍മാനമായി യഹൂദചരിത്രത്തില്‍ സംഭവിച്ചില്ല എന്നതും പഴയനിയമഭക്തര്‍ക്ക് ജീവിതാന്ത്യത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കിയില്ല. സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടാന്‍ സുവര്‍ണ്ണരഥം പ്രതീക്ഷിച്ചിരുന്നവര്‍ വേറെ ആരേയും നാം പഴയനിയമത്തില്‍ കാണുന്നില്ല. “ദുഷ്ടനും നീതിമാനും ഒരുപോലെ പുഴുവിനാല്‍ പൊതിയപ്പെട്ട് പൊടിയില്‍ കിടക്കുന്ന് ” (ഇയ്യോബ് 25:26). ഈ ശോച്യാവസ്ഥയ്ക്ക് അപ്പുറത്തേക്ക് പഴയനിയമവിശുദ്ധന്മാരുടെ മരണാനന്ത വെളിപ്പാടുകള്‍ കടന്നുപോയില്ല.
ഇവിടെല്ലാം രസകരമായ കാര്യം ഇവര്‍ക്കെല്ലാം “യഹോവ രക്ഷകനായിരുന്നു” എന്നതാണ്.

“യഹോവയുടെ രക്ഷ” എന്നത് അവർക്ക് ഇഹലോകജീവിതത്തില്‍ രാഷ്ട്രീയബന്ധനങ്ങളില്‍നിന്നുള്ള വിമോചനം മാത്രമായിരുന്നു. റോമാക്കാരില്‍നിന്നും ചുറ്റുമുള്ള വിജാതീയ രാജാക്കന്മാരില്‍നിന്നും ശല്യമില്ലാതെ ദാവീദിന്‍റെ സുവര്‍ണ്ണകാലത്തെ അനുസ്മരിച്ചുള്ള ജീവിതമായിരുന്നു പഴയ നിയമ കാലത്തെ “രക്ഷാഭദ്രതാ”. വെട്ടിക്കിളിയുടെ ശല്യമില്ലാത്ത വയലേലകളും, പേറിലും പിറപ്പിലും പിഴയില്ലാത്ത ആടുമാടുകളുമായി സമാധാനത്തോടെ ജീവിച്ച് നേര്‍ത്ത ഗോതമ്പുകൊണ്ടുള്ള അടകളും ഗുണമേറിയ വീഞ്ഞും നുകര്‍ന്ന് മക്കപേല ഗുഹയില്‍ മറയുന്നതുവരെയുള്ള താല്‍ക്കാലിക ആനന്ദം. ജീവിതത്തിനൊടുവില്‍ എന്ത് എന്നതിലുള്ള പ്രത്യാശ ഇല്ലെങ്കിലും ”എന്‍റെ രക്ഷയുടെ ദൈവമേ “എന്നുള്ള വിളി നിരവധിയിടങ്ങളില്‍ കേള്‍ക്കുന്നുണ്ട്.

രാഷ്ട്രീയമായ യഥാസ്ഥാപനത്തില്‍ ഒതുങ്ങിയതായിരുന്നു പഴയനിയമകാലത്തിന്‍റെ രക്ഷാ സങ്കല്‍പ്പം. എന്നാല്‍ പുതിയനിയമത്തിലേക്കു വരുമ്പോള്‍ ചിത്രം ആകെ മാറിമറിയുന്നു. രാഷ്ട്രീയമായ പരിരക്ഷ എന്നതിന് യാതൊരു പ്രസക്തിയുമില്ലാതെ പുതിയനിയമത്തില്‍ ‘രക്ഷ’ എന്നത് മരണത്തില്‍നിന്നുള്ള രക്ഷ ഉള്‍പ്പെടെ ആത്മാവിന്‍റെയും ദേഹിയുടെയും ദേഹത്തിന്‍റെയും സമ്പൂര്‍ണ്ണരക്ഷയായി മാറുന്നു. “മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്‍െറ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനുവേണ്ടി” (ഹെബ്രായര്‍ 2:14,15) യാണ് ദൈവം മനുഷ്യനായി ഭൂമുഖത്ത് വന്നതിന്‍റെ ലക്ഷ്യം തന്നെ. രക്ഷയുടെ സമഗ്രതയിലുള്ള ഈ പ്രത്യാശയില്‍ മരണം എന്നത് തിരികെ വരുന്നതിനുവേണ്ടിയുള്ള താല്‍ക്കാലിക മടക്കമാണെന്ന ബോധ്യമായിരുന്നു പരിശുദ്ധാത്മനിവേശിതരായ അപ്പൊസ്തൊലന്മാര്‍ പങ്കുവച്ചത്.

ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരത്തെ ഉയിര്‍പ്പിക്കും (റോമ 8:11). ക്രിസ്തു ഉയിര്‍ത്തതിനാല്‍ ക്രിസ്തുവില്‍ മരിച്ചവരെല്ലാം ഉയിര്‍ക്കും. ക്രിസ്തുവില്‍ ഈ പ്രതീക്ഷയില്ലാത്തവരെല്ലാം നിര്‍ഭാഗ്യവാന്മാരാണ് എന്നാണ് പൗലോസ് എഴുതിയത്. പഴയനിയമത്തിലെ ഭക്തന്മാര്‍ക്ക് ലഭ്യമാകാതിരുന്ന വലിയൊരു വെളിപ്പാടായിരുന്നു യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നന്‍ മരിച്ചാലും ജീവിക്കും എന്നത്. “ഞാന്‍ ജീവനും പുന:രുത്ഥാനവുമാ”ണെന്ന ക്രിസ്തുമൊഴികള്‍ (യോഹന്നാന്‍ 11:25) മനുഷ്യവംശത്തിന് ജീവിതത്തില്‍ അര്‍ത്ഥവും മരണത്തില്‍ ലക്ഷ്യവും പ്രദാനം ചെയ്തു. ക്രിസ്തുവില്‍ മരിക്കുന്നവരെ ഭാഗ്യവാന്മാരെന്ന് (വെളിപ്പാട് 21:4) ദൈവവചനം വിളിച്ചു.

ക്രിസ്തുവിശ്വാസിയുടെ സകലവിധ വിശ്വാസവും ദൃഷ്ടിവച്ചിരിക്കുന്നത് മരണത്തില്‍നിന്നുള്ള പുന:രുത്ഥാനത്തിലേക്കാണ്. ക്രിസ്തുവിശ്വാസത്തിലൂടെ മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം സാധ്യമാണെന്ന ബോധ്യം മനുഷ്യവംശത്തെ പ്രത്യാശയുടെ പരകോടിയില്‍ എത്തിച്ചു. എന്നാൽ ഈ പ്രത്യാശയില്ലാത്ത പഴയ നിയമ നഹിതന്മാർ നിത്യജീവൻ്റെ ആശ്വാസത്തിലേക്ക് മിഴിതുറക്കുന്നതിനും ഈശോ മശിഹായുടെ കുരിശുമരണം ഹേതുവായി! 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments