Wednesday, November 6, 2024
No menu items!
Homeകുരിശിന്‍റെ വഴിവലിയവാര ദിനവൃത്താന്തം -3 ദൈവരാജ്യം

വലിയവാര ദിനവൃത്താന്തം -3 ദൈവരാജ്യം

ഓശാന ഞായറിനു പിറ്റേന്നുള്ള ദിനങ്ങളിൽ യേശു തന്‍റെ ശിഷ്യന്മാരേയും ജനക്കൂട്ടത്തെയും നിരവധി വിഷയങ്ങളാണ് പഠിപ്പിച്ചത്. മത്തായിയുടെ സുവിശേഷമാണ് ഈ വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. മത്തായി 21:17 മുതല്‍ 26-ാം അധ്യായം 2-ാം വാക്യം വരെയുള്ള ഭാഗങ്ങള്‍ തിങ്കളാഴ്ച ഒരു ദിവസത്തെ പഠിപ്പിക്കലുകളാണ് എന്ന് കാണാൻ കഴിയും. “രണ്ടു ദിവസം കഴിഞ്ഞ്‌ പെസഹായാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാനായി ഏല്‍പിക്കപ്പെടും”

(മത്തായി 26:2) എന്നു പറഞ്ഞാണ് ആദ്യ ദിനം അവസാനിക്കുന്നത്. അതിനാൽ തിങ്കളാഴ്ച ഒരു ദിവസം തൻ്റെ പരസ്യജീവിതകാലത്തെ ഏറെ ദീർഘിച്ച പഠിപ്പിക്കലുകളുടെ ദിവസം ആയിരുന്നു.

“ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്ന” സമയത്തും (മര്‍ക്കോസ് 14:34) നീണ്ട മണിക്കൂറുകള്‍ ദൈവരാജ്യം സംബന്ധിച്ച് ഉത്തരവാദിത്വബോധമുള്ളവനായി അവിടുന്നു പഠിപ്പിച്ചത് ആരേയും വിസ്മയിപ്പിക്കുന്നതാണ്. ഈശോയുടെ ആഗമനോദ്ദേശ്യങ്ങളില്‍ ഒന്ന് ”ദൈവരാജ്യത്തിന്‍റെ സന്ദേശം അറിയിക്കുവാന്‍” വേണ്ടിയായിരുന്നു (ലൂക്ക് 4:43). അതിനാൽ ദൈവരാജ്യത്തെക്കുറിച്ചുള്ള നിരവധി പ്രബോധനങ്ങളാൽ സമ്പന്നാണ് ഈ ദിനം.

യേശുവിന്‍റെ പഠിപ്പിക്കലുകളില്‍ കടന്നുവരാറുള്ള ഉപമകള്‍ ധാരാളമായി ഈ ദിവസങ്ങളിലും കാണുന്നു. (രണ്ട് പുത്രന്മാരുടെ ഉപമ, ദുഷ്ടനായ മുന്തിരിത്തോട്ടക്കാരന്‍റെ ഉപമ, കല്യാണവിരുന്നിന്‍റെ ഉപമ, അത്തിയുടെ ഉപമ, അവിശ്വസ്തനായ ദാസന്‍റെ ഉപമ, പത്ത് കന്യകമാരുടെ ഉപമ, താലന്തുകളുടെ ഉപമ…). യേശുവിനെ വാക്കില്‍ കുടുക്കാന്‍ പതിവുപോലെ പരീശന്മാർ ചുറ്റിലുമുണ്ട്. ഇവര്‍ പ്രധാനമായും നാലു വിഷയങ്ങളില്‍ സംശയം ചോദിച്ചാണ് യേശുവിനെ കുടുക്കാന്‍ നോക്കിയത് (എന്ത് അധികാരത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത് 21:23, സീസര്‍ക്ക് നികുതി കൊടുക്കണമോ 22:15, പുനരുത്ഥാനം സംബന്ധിച്ച് 22:23, ഏറ്റവും വലിയ കല്‍പ്പന ഏത് 22;36).

ഈ ദിവസം യേശു പരീശരോട് തിരിച്ചൊരു ചോദ്യം ചോദിച്ച് അവരെ ഉത്തരം മുട്ടിക്കുന്ന കൗതുകകരമായ കാഴ്ചയും കാണാം. “ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? ദാവീദിന്‍െറ, എന്ന് അവര്‍ പറഞ്ഞു. അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവിനാല്‍ പ്രചോദിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു: കര്‍ത്താവ് എന്‍െറ കര്‍ത്താവിനോടരുളിച്ചെയ്തു: ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍െറ വലത്തു ഭാഗത്ത് ഉപവിഷ്ടനാവുക. ദാവീദ് അവനെ കര്‍ത്താവേ എന്നു വിളിക്കുന്നുവെങ്കില്‍ അവന്‍ അവന്‍െറ പുത്രനാകുന്നതെങ്ങനെ? അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നുമുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല”. (മത്തായി 22:41-46)

ഫരിസേയരോടു ചോദിച്ച ഇതേ കാര്യം മത്തായി 16:16ല്‍ യേശു തൻ്റെ ശിഷ്യന്മാരോട് ചോദിക്കുന്നുണ്ട് “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്ന് പറയുന്നു?” അവര്‍ കുറേ ഉത്തരങ്ങള്‍ പറഞ്ഞു. ഒടുവില്‍ അവരോടും ഈ ചോദ്യം ആവര്‍ത്തിച്ചു. “നിങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു? ശീമോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു”.

വാസ്തവത്തില്‍ ഫരിസേയന്മാര്‍ക്ക് ഇല്ലാതെ പോയതും പത്രോസിന് ഉണ്ടായിരുന്നതും ഈശോ മശിഹായേക്കുറിച്ചുള്ള ഈ അത്യുന്നത വെളിപ്പാടായിരുന്നു. സ്വര്‍ഗ്ഗസ്ഥനായ പിതാവിനാല്‍ നല്‍കപ്പെട്ട ഈ വെളിപ്പാടാകുന്ന ഉറപ്പുള്ള അടിത്തറമേല്‍ ആയിരിക്കും ഞാന്‍ എന്‍റെ “വിളിക്കപ്പെട്ടവരെ” (ecclesia) ഒരുമിച്ചു ചേര്‍ക്കുക. “എന്‍റെ എക്ലേസ്യയ്ക്കെതിരേ പാതാളശക്തികള്‍ വിജയിക്കില്ല” എന്ന് യേശു അസന്നിഗ്ധമായി പ്രസ്താവിച്ചതും തിങ്കളാഴ്ച പ്രബോധനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

സര്‍വ്വര്‍ക്കും മുന്നമേ ചുങ്കക്കാരും വേശ്യകളും “ദൈവരാജ്യത്തില്‍” കടക്കുമെന്ന യേശുവിൻ്റെ പ്രസ്താവന (മത്തായി 21:31) യാണ് തിങ്കളാഴ്ച പ്രബോധനത്തില്‍ നമ്മുടെ ശ്രദ്ധ ഏറെ ആകര്‍ഷിക്കന്ന ഒരു കാര്യം. വാസ്തവത്തിൽ ദൈവരാജ്യസ്ഥാപനത്തിൻ്റെ വിശാലമായ ആവിഷ്കാരമായിരുന്നു വലിയവാര സംഭവങ്ങൾ മുഴുവൻ്റെയും അടിസ്ഥാനം. സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലാതെ, ജനിച്ചുപോയതുകൊണ്ടു മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു വിഭാഗമുൾപ്പെടെയുള്ള മനുഷ്യവംശത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനം തന്‍റെ അന്തിമദര്‍ശനമാണെന്നതാണ് ഈ അന്തിമവിനാഴികയില്‍പോലും അവിടുന്ന് പ്രഖ്യാപിക്കുന്നത്. യേശുവിന്‍റെ പരസ്യശുശ്രൂഷയുടെ പ്രധാനദൗത്യവും ഇതായിരുന്നു. ”കര്‍ത്താവിന്‍െറ ആത്മാവ് എന്‍െറ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു”. (ലൂക്ക് 4:18,19). വാസ്തവത്തിൽ, മൂന്നര വർഷം നീണ്ട തൻ്റെ മഹാദൗത്യത്തിന്‍റെ അന്തിമവിശകലനങ്ങളാണ് ഈശോയുടെ തിങ്കളാഴ്ച പ്രബോധനത്തെ ശ്രദ്ധേയമാക്കുന്നത്.

തൻ്റെ എതിരാളി ആയുധധാരിയും ബലവാനുമാണെന്ന് അവിടുത്തേക്ക് അറിയാം. പരസ്യ ശുശ്രൂഷകളെ അവൻ പല നിലയിലും തടയാൻ ശ്രമിച്ചു; എന്നാൽ അവനെ പിടിച്ചുകെട്ടി, അവന്‍ തടവിലാക്കി വച്ചിരിക്കുന്നവരെ വിടുവിക്കണം (ലൂക്ക് 11:22), ഇതായിരുന്നു ദൈവരാജ്യ സംസ്ഥാപനത്തിലെ ആത്യന്തിക ദൗത്യം. ഈ ബന്ധനം ഏറെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നത് സാധാരണക്കാരിലാണ്. അത്താഴപട്ടിണിക്കാർ, ചുങ്കക്കാർ, വേശ്യകൾ, മദ്യപാനികൾ…. ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർ. ദൈവരാജ്യത്തിന് അടിത്തറയിടേണ്ടത് അവരിൽ ആയിരിക്കണം; അതിനായി സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു യേശു ദൈവരാജ്യത്തിൻ്റെ സദ്വാര്‍ത്ത പ്രഘോഷിച്ചത്. ബലവാനിൽ നിന്നും ആദ്യമായി വിട്ടുവിക്കപ്പെട്ട ഏതാനും പേരേ അവിടുന്ന് ശിഷ്യന്മാരാക്കി, അവരിലൂടെ ദൈവരാജ്യത്തിന് അടിസ്ഥാനമിട്ടു. അവരെല്ലാം ഗലീലിയൻ സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിൽ നിന്നുള്ള മുക്കുവർ ആയിരുന്നു. തന്‍റെ പരസ്യജീവിതകാലം മുഴുവന്‍ അവിടുന്ന് ചെലവഴിച്ചതും അവർക്കൊപ്പമായിരുന്നു. സമൂഹം ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരും പരിത്യജിക്കപ്പെട്ടവരുടേതുമാണ് ക്രിസ്തു സഭ എന്ന പ്രബോധനം ഇതിലൂടെ സുവിശേഷത്തിൻ്റെ അന്ത:സത്തയായി മാറി. വാസ്തവത്തിൽ ഈ യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് “ദൈവരാജ്യ ദർശനങ്ങളിലേക്ക്” മടങ്ങാനുള്ള ആഹ്വാനമാണ് വലിയവാരം നമുക്കു നൽകുന്ന ഒരു പ്രധാന ചിന്ത.

യേശുക്രിസ്തുവിന്‍റെ പ്രവര്‍ത്തനമേഖലയെക്കുറിച്ച് ഫാദര്‍ എസ് കാപ്പന്‍റെ ചില നിരീക്ഷണങ്ങൾ വളരെ താൽപര്യം ജനിപ്പിക്കുന്നതാണ്. “പലസ്തീനായിലെ അധഃകൃതവര്‍ഗ്ഗങ്ങളായിരുന്നു യേശുവിന്‍റെ പ്രവര്‍ത്തനമേഖല. ദരിദ്രരേയും വേലചെയ്ത് വലയുന്നവരേയും അധികാരഹീനരേയും അക്ഷരജ്ഞാനമില്ലാത്തവരേയും പാപികളേയുമാണ് ആദ്യം ആഹ്വനം ചെയ്തത്. ചുരുക്കത്തില്‍ കുലീനവര്‍ഗ്ഗം അവജ്ഞയോടെ വീക്ഷിച്ച സാധാരണരെ. അവരുടെ ഇടയില്‍നിന്നുമാണ് പിന്‍ഗാമികളെ കണ്ടെടുത്തതും”.

”അടിമകള്‍, അടിമത്വത്തില്‍നിന്ന് വിടുതല്‍ നേടിയവര്‍, അവകാശങ്ങളേതുമില്ലാത്ത ദരിദ്രര്‍, റോമാക്കാര്‍ കീഴടക്കിയവരും ചിതറിച്ചവരും -ഇവരുടെയൊക്കെ മതമായിരുന്നു ആദ്യകാല ക്രിസ്തീയത” (John G Gager, Early Church History).

”മൂന്നാം ശതകത്തിന്‍റെ തുടക്കത്തോടെ സഭയ്ക്കുള്ളില്‍ പ്രതിലോമശക്തികള്‍ തലപൊക്കാന്‍ തുടങ്ങി. യുഗാന്ത്യാവബോധം നാമാവശേഷമാവുകയും വിശ്വാസികള്‍ യവന-റൊമാന സംസ്കൃതിയോടു പൊരുത്തപ്പെട്ട് പോവുക എന്ന നയം അനുവര്‍ത്തിക്കുകയും ചെയ്തതിന്‍റെ ഫലമായി ക്രിസ്തുമതം റോമിലെ അഭിജാതവര്‍ഗ്ഗത്തിന് സ്വീകാര്യമാവുകയും ചെയ്തു.

സമൂഹത്തെ അടിമുടി പൊളിച്ചു പണിയാന്‍ പോന്നതായിരുന്നു യൈശവസന്ദേശം” ഫാദര്‍ കാപ്പന്‍ നിരീക്ഷിക്കുന്നു. (ഫാ. കാപ്പന്‍, പ്രവചനം പ്രതിസംസ്കൃതി)

പുതിയൊരു സൃഷ്ടിയായി, ദൈവരാജ്യമെന്ന പുതിയൊരു ലോകക്രമത്തിലേക്ക് ഏതൊരു മനുഷ്യനെയും സ്വാഗതം ചെയ്യുന്ന അത്യുത്കൃഷ്ട മാനവികതയായിരുന്നു യേശുക്രിസ്തുവില്‍ ഉയര്‍ന്നുകേട്ട വിമോചനത്തിന്‍റെ സദ്വാര്‍ത്ത. വിമോചിതര്‍ ദൈവരാജ്യത്തിന്‍റെ നീതിബോധത്തില്‍ ജീവിതാന്ത്യംവരെ പരിശീലിപ്പിക്കപ്പെടുവാൻ (മത്തായി 28:19) യേശു തൻ്റെ പന്തിരുവരെ മൂന്നര വർഷക്കാലം ഒരുക്കുകയും സഹായകനായ പരിശുദ്ധാത്മാവ് അതിന് അവരെ കൂടെയിരുന്ന് സഹായിക്കുകയും ചെയ്തു. നിലവിലുള്ള മതങ്ങള്‍ക്കും ലോകക്രമത്തിനും അതിലെ ദുഷിച്ച പ്രവണതകള്‍ക്കും പുറംതിരിഞ്ഞു കൊണ്ട്, ഉച്ചനീചത്വങ്ങളില്ലാത്ത കൊച്ചുകൊച്ച് സമൂഹം ലോകത്തെല്ലായിടത്തുമായി രൂപപ്പെടുക. ഈ സമൂഹത്തെ ‘വിളിക്കപ്പെട്ടവര്‍’ എന്ന അര്‍ത്ഥത്തില്‍ എക്ലേസ്യ (സഭ) എന്ന് അവിടുന്നു വിളിച്ച്, എക്ലേസ്യകള്‍ പ്രകാശഗോപുരങ്ങളായി ഈയുഗം മുഴുവന്‍ ലോകത്തെ പ്രകാശിപ്പിക്കുക… യേശുക്രിസ്തു വിഭാവനം ചെയ്ത എക്ളേസിയ ഇതായിരുന്നു.

ലോകത്തിനു പ്രകാശമാകാൻ വിളിക്കപ്പെട്ടവരുടെ സമൂഹമാണെന്ന ഉത്കൃഷ്ടമായ ആഭിജാത്യ ബോധമാണ് ക്രൈസ്തവന് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടത്. വാസ്തവത്തിൽ യഹൂദൻ ഇതിനായി വിളിക്കപ്പെട്ടവനായിരുന്നു. (ഏശയ്യ 42:7). യഹൂദൻ ഇതിൽ പരാജയപ്പെട്ടപ്പോൾ ഈ ചുമതല തൻ്റെ ”വിളിക്കപ്പെട്ടവരെ “യാണ് അവിടുന്ന് ഏൽപ്പിച്ചത്. “വിശ്വാസത്തില്‍നിന്ന് ഒടിഞ്ഞുപോയ യഹൂദന്‍റെ സ്ഥാനത്തേക്ക് ഒട്ടിച്ചുചേര്‍ത്ത കൊമ്പുകളാണ് തങ്ങളെന്ന്” പരിശുദ്ധാത്മാവ് സഭയെ ഓർമിപ്പിക്കുന്നു. (റോമ 11:17). യഹൂദൻ്റെ സ്ഥാനത്ത് ഇന്ന് എക്ളേസ്യകളാണ് പ്രകാശം പരത്തേണ്ടത് (മത്തായി 5:14). ഈ തിരിച്ചറിവ് നൽകുന്ന എളിമയാണ് മതപരമായ മതിൽ കെട്ടുകളെ ഭേദിച്ച് സമൂഹത്തിലേക്ക് ഇറങ്ങാൻ സഭയ്ക്ക് ശക്തി നൽകുക. സമൂഹത്തിലെ സകലരെയും ഉൾക്കൊള്ളുന്ന “എക്ളേസ്യ”കളുടെ പുന:സൃഷ്ടിയാണ് ഇന്ന് ഉണ്ടാകേണ്ടത്. പീഡാനുഭവ ദിനങ്ങളുടെ വൈകാരിക തലങ്ങൾക്കപ്പുറം വിളിച്ചവൻ നൽകിയ ചുമതലകളുടെ ശക്തമായ ഓർമ്മപ്പെടുത്തലുകളുമാണ് വലിയവാര ദിനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments