Saturday, July 27, 2024
No menu items!
Homeകുരിശിന്‍റെ വഴിവലിയവാര ദിനവൃത്താന്തം: 1 ഓശാന

വലിയവാര ദിനവൃത്താന്തം: 1 ഓശാന

ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം വളരെ വിശേഷപ്പെട്ട ദിവസങ്ങളാണ് ഓശാന ഞായര്‍ മുതൽ അങ്ങോട്ടുള്ള ഏഴു ദിവസങ്ങള്‍. “കഷ്ടാനുഭവവാരം” എന്നറിയപ്പെടുന്ന ഈ ആഴ്ച “വലിയവാരം” എന്നും അറിയപ്പെടുന്നു. മാനവ ചരിത്രത്തിൽ സമാനതകളില്ലാത്ത, മഹത്തായ പലതും സംഭവിച്ചതിൻ്റെ ഓർമ്മയാണ് ഈ ആഴ്ചയെ വലിയവാരമാക്കുന്നത്. ക്രിസ്തീയവിശ്വാസം വാസ്തവത്തില്‍ ഈ ഏഴു ദിവസങ്ങളെയാണ് പ്രദക്ഷിണം വച്ചുകൊണ്ടിരിക്കുന്നത്. മാനവ രക്ഷകനായ യേശുക്രിസ്തുവിന്‍റെ ഭൗമിക ജീവിതകാലത്തെ മഹത്തായ നിരവധി സംഭവങ്ങളുടെ ക്രമാനുഗതമായ വിവരണങ്ങളെയാണ് ഓശാന ഞായര്‍മുതല്‍ ഉയിര്‍പ്പു തിരുന്നാള്‍ വരെയുള്ള ദിനങ്ങളിൽ ക്രൈസ്തവ സമൂഹം സ്മരിക്കുന്നത്.

ക്രിസ്തുസംഭവങ്ങളുടെ മര്‍മ്മത്തിലേക്കാണ് ഓശാന ഞായര്‍ മുതല്‍ ക്രൈസ്തവലോകം പ്രവേശിക്കുന്നത്. “ദാവീദ് പുത്രന് ഓശാന” എന്ന് ഉദ്ഘോഷിച്ചുകൊണ്ട് ഒലിവിന്‍ കൊമ്പുകൾ ഉയര്‍ത്തിവീശി, ജനക്കൂട്ടം ആര്‍പ്പുവിളിച്ച് അവനെ രാജകീയമായി എതിരേറ്റ ദിനത്തിന്‍റെ അനുസ്മരണമാണ് ഈ ദിവസം. മനുഷ്യനായി ഭൂമുഖത്ത് മുപ്പത്തിമൂന്നര വര്‍ഷം ജീവിച്ച ദൈവപുത്രന്‍റെ ജീവിതത്തിലെ അവസാനത്തെ അവിസ്മരണീയമായ ആഴ്ചയുടെ ആരംഭദിനമായിരുന്നു ഓശാന ഞായര്‍.

വാസ്തവത്തില്‍ എന്തായിരുന്നു ഓശാനയുടെ സന്ദേശം? ദാവീദിന്‍റെ പുത്രനെ ജയ് വിളികളോടെ ജനങ്ങള്‍ നഗത്തിലേക്ക് സ്വീകരിച്ചതു മാത്രമാണോ ഈ ദിനത്തെ പ്രസക്തമാക്കുന്നത്? ഇപ്രകാരമൊരു ചിത്രമാണ് ജനകോടികളുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലേറെ ശ്രദ്ധേയമായ ഒരു ദിവസമായിരുന്നു ഓശാന ഞായര്‍. എല്ലാക്കാലത്തും എന്നപോലെ ഈ കാലത്തും ഏറെ പ്രസക്തമായ ഒരു വിഷയത്തിലേക്കാണ് ഓശാന ഞായര്‍ സംഭവങ്ങളെ വിശകലനം ചെയ്താല്‍ നാം എത്തിച്ചേരുന്നത്. ആ വിഷയം നമുക്ക് പിന്നാലെ ചിന്തിക്കാം. ആദ്യമായി, ഓശാനയുടെയും ഈസ്റ്ററിന്‍റെയും അല്‍പ്പം ചരിത്രം പരിശോധിക്കാം.

“ഓശാന” എന്ന പദത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതുവരെയും വിവര്‍ത്തനത്തിന് വിധേയമാകാത്ത അപൂര്‍വ്വം ചില വാക്കുകളില്‍ ഒന്നാണ് ഓശാന. ഓശാനയെ ചിലപ്പോള്‍ ‘ഊസാന’ എന്നും ‘ഹോശാന’ എന്നൊക്കെ പറയുമെങ്കിലും ഓശാനയ്ക്ക് പകരം ഒരു വാക്ക് ഇന്നുവരെ ഭാഷാപണ്ഡിതന്മാര്‍ ഒരു ഭാഷയിലും നിര്‍ദേശിച്ചിട്ടില്ല. ഇത്തരമൊരു വാക്കുകൂടി ഹെബ്രായ ഭാഷയിലുണ്ട്. അത് ‘ഹല്ലേലൂയ്യ’ എന്ന വാക്കാണ്. ‘ദൈവത്തിന് സ്തുതി’ എന്നാണ് ഹല്ലേലൂയ്യ എന്ന വാക്കിൻ്റെ അര്‍ത്ഥം. നൂറ്റാണ്ടുകളായി മാറ്റമില്ലാതെ ഈ വാക്കും നിലകൊള്ളുന്നു.

ഓശാന ഞായര്‍ മുതല്‍ ഉയിര്‍പ്പുവരെയുള്ള ക്രിസ്തുസംഭവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആഴ്ചയെ, വലിയവാരം, കഷ്ടാനുഭവവാരം എന്നൊക്കെ വിളിക്കുന്നു. ഈ സംഭവങ്ങള്‍ ചരിത്രത്തില്‍ ആദ്യം നടന്നത് യഹൂദ കലണ്ടറിലെ നീസാന്‍ മാസത്തിലെ 14-ാം ദിവസം വൈകുന്നേരത്തെ സൂര്യാസ്തമനത്തോടെ ആയിരുന്നു. നീസാന്‍ പതിനാലിന് രാത്രി തുടങ്ങുന്ന ആഘോഷങ്ങള്‍ 22ന് അവസാനിക്കുന്നു. ചില വര്‍ഷങ്ങളില്‍ വലിയവാരവും യഹൂദ പെസഹായും തമ്മില്‍ ഒരു മാസത്തെ അന്തരം വരെ ഉണ്ടാകാറുണ്ട്. അതിനു കാരണം, എഡി 318ല്‍ ചേര്‍ന്ന നിഖ്യാ സൂഹന്നഹദോസില്‍ സഭാപിതാക്കന്മാര്‍ എടുത്ത തീരുമാനമായിരുന്നു. പൊതുവെ യഹൂദവിരോധികളായിരുന്ന രണ്ടാം നൂറ്റാണ്ടു മുതലുള്ള ആദിമസഭാ പിതാക്കന്മാരുടെ നിര്‍ബന്ധബുദ്ധിയാണ് പിന്നീട് യഹൂദ പെസഹായും ക്രിസ്റ്റ്യന്‍ ഈസ്റ്ററും തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകാന്‍ കാരണമായി പറയപ്പെടുന്നത്.

നീസാന്‍ മാസം 14, അത് ഏതു ദിവസം ആയിരുന്നുവെങ്കിലും ആ ആഴ്ച വലിവാരമായി ആചരിച്ച്, നീസാന്‍ 22ന് ഉയിര്‍പ്പ് തിരുന്നാള്‍ ആചരിക്കണം എന്നതായിരുന്നു പൊതുവെ ഒന്നാം നൂറ്റാണ്ടു മുതല്‍ അപ്പൊസ്തൊലിക താല്‍പര്യം എന്ന് സ്വാഭാവികമായും അനുമാനിക്കാം. കാരണം, ക്രിസ്തുശിഷ്യന്മാരുടെ യഹൂദബന്ധവും ക്രിസ്തുസംഭവങ്ങളുടെ പശ്ചാത്തലമായി നിലനിന്ന പെസഹായും എല്ലാം ആ തീരുമാനത്തെ സാധൂകരിച്ചിരിക്കാം.

ആദിമസഭ ഓശാനയുടെയും തുടര്‍ന്നുള്ള സംഭവങ്ങളുടെയും തീയതി ഉറപ്പിച്ചിരുന്നത് യഹൂദപുരോഹിതന്മാരുടെ സഹായത്തോടെ ആയിരുന്നു എന്നാണ് ചരിത്രം. യഹൂദന്‍ പിന്തുടരുന്ന ലൂണാര്‍ കലണ്ടറിനെ അനുസരിച്ച് ഒരു വിഭാഗം ഉയിര്‍പ്പ് തിരുന്നാള്‍ ആചരിച്ചപ്പോള്‍ പല രാജ്യങ്ങളിലും പല തീയതികള്‍ പ്രാദേശികമായി ആചരിക്കാന്‍ തുടങ്ങി.

വാസ്തവത്തില്‍ ഉയിര്‍പ്പ് ആചരണം ഒരു ഞായറാഴ്ച ആയിരിക്കണം എന്നു വാദിക്കുന്ന ഒരു വിഭാഗം ക്രൈസ്തവരും നീസാന്‍ കലണ്ടര്‍ പ്രകാരം ആഴ്ചയിലെ ഏതു ദിവസവും ഉയിര്‍പ്പ് ആചരിക്കാം എന്ന് വാദിക്കുന്ന മറ്റൊരു വിഭാഗവും ഉണ്ടായത് ആദിമസഭയില്‍ ഏറെ തലവേദന സൃഷ്ടിച്ചു. സ്മിര്‍ണയിലെ മെത്രാനായിരുന്ന പോളീകാര്‍പ്പ് (എഡി 155) റോമിലെ മെത്രാനായിരുന്ന അനിച്ചേത്തൂസുമായി ഉയിര്‍പ്പ് ദിന ഏകീകരണത്തിന് (Pope Anicetus) ചര്‍ച്ച നടത്തിയതായി ചരിത്രരേഖകളുണ്ട്. എന്നാല്‍ ഇതോടൊപ്പം കിഴക്കന്‍ സഭകളുടെ (പ്രത്യേകിച്ച് എഫേസൂസ് മെത്രാപ്പോലീത്തയായിരുന്ന പോളിക്രാത്തൂസ്) കടുംപിടിത്തവും ഉയിര്‍പ്പ്ദിനത്തിൻ്റെ ഏകീകരണത്തിന് തടസമായി.

എഡി 325ല്‍ ചേര്‍ന്ന നിഖ്യാ സൂന്നഹദോസിലാണ് വാസ്തവമായി ഈസ്റ്റര്‍ ദിനം ഏതു ദിവസം വേണം എന്നതിന്‍റെ തീരുമാനം ഉണ്ടായത്. അത് പ്രകാരം “വസന്തകാലത്ത് സൂര്യന്‍ ഭൂമധ്യരേഖ കടക്കുന്ന ദിവസം (സമരാത്രി Spring Equinox) കഴിഞ്ഞുള്ള പൗര്‍ണ്ണമിക്കും ശേഷമുള്ള ആദ്യത്തെ ഞായറാഴ്ച ഈസ്റ്റര്‍ ആചരിക്കണമെന്ന്” തീരുമാനമായി. വീണ്ടും ഏതാനും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഈ തീരുമാനം ആകമാന ക്രൈസ്തവസഭകളില്‍ പ്രാബല്യത്തില്‍ വന്നത്.

വലിയവാരത്തിലെ ആദ്യദിനമായ ഓശാന ഞായറിന് യേശുക്രിസ്തുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രത്യേകതകൾ ഇനി നോക്കാം. ഓശാന ഞായറിനെ യേശുവിന്‍റെ ജീവിതത്തില്‍ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം എന്നാണ് മിക്ക ബൈബിള്‍ കമന്‍ററികളും വിവരിക്കുന്നത്. സഖറിയാ പ്രവാചകന്‍ 9:9ല്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം “സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്‍െറ രാജാവ് നിന്‍െറ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു”. ഈ പ്രവചനത്തിന്‍റെ പൂര്‍ത്തീകരണമാണ് ഓശാന ഞായറാഴ്ച നടന്നത്.

ഓശാന ദിനത്തിലേക്ക് യേശു കടന്നുവരുന്നത് ബഥാന്യയില്‍ നിന്നായിരുന്നു എന്ന് യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. (യോഹ 12:1) യേശു ജെറുസലേമിലേക്ക് വരുമ്പോള്‍ ജനങ്ങള്‍ ഒലിവിന്‍ കമ്പുകളെടുത്ത് അവിടുത്തേക്ക് “കീ ജെയ്” വിളിച്ചു. അതിന് അവര്‍ അവര്‍ ഉപയോഗിച്ച വാക്കാണ് “ഓശാന” എന്നത്.

മശിഹായില്‍ രാഷ്ട്രീയസ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്ന യഹൂദന്മാരാണ് ഓശാനവിളിയോടെ അവിടുത്തെ സ്വീകരിച്ചത്. എന്നാല്‍ യഹൂദമത നേതൃത്വം ഇതൊരു വെല്ലുവിളിയായിട്ടാണ് കണ്ടത്. ജനങ്ങള്‍ ആര്‍പ്പുവിളിച്ച്, തങ്ങള്‍ക്ക് അനഭിമതനായ വ്യക്തി രാജാവായി മാറുന്നതിലെ അപകടം മണത്തറിഞ്ഞ യഹൂദമത നേതാക്കളും ഫരിസേയരും യേശു തന്‍റെ ശിഷ്യന്മാരേയും ജനക്കൂട്ടത്തെയും ശാസിക്കണമെന്ന് ആവശ്യപ്പെടുന്നു (ലൂക്ക് 19:39, മത്തായി 21:16). അപ്പോള്‍ “മനുഷ്യന്‍ നിശ്ശബ്ദനായാല്‍ കല്ലുകള്‍ ആര്‍പ്പുവിളിക്കുമെന്ന് ” മറുപടി ഉണ്ടായി. തുടര്‍ന്ന് യേശു ജെറുസലേമിനെ നോക്കി നെടുവീര്‍പ്പെടുന്നു. “നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ, നോക്കൂ, ലോകം അവന്‍റെ പിന്നാലെ പോയി എന്ന് പറഞ്ഞ് യഹൂദര്‍ നിരാശപ്പെടുന്നു” (യോഹന്നാന്‍ 12:19) കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ജെറുസലേം തകര്‍ക്കപ്പെടുന്നത് യേശു പ്രവചിക്കുന്നതും ഈ യാത്രയിലാണ്.

ഓശാന ഞായറില്‍ വാസ്തവത്തില്‍ രണ്ട് മഹാസംഭവങ്ങളാണ് യേശുക്രിസ്തുവിന്‍റെ ജീവിതത്തില്‍ ഉണ്ടായത്. അതില്‍ ഒന്നാണ് ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനം. എന്നാല്‍ പൊതുവില്‍ ആരും സംസാരിക്കാത്തതോ ചര്‍ച്ചാവിഷയമാക്കാത്തതോ ആയ മറ്റൊരു സംഭവം ഇതേദിവസം ഉണ്ടായി. അത് “ദേവാലയ ശുദ്ധീകരണം” എന്ന പേരില്‍ ലൂക്കോസ് 19:45ലും മത്തായി 21:12ലും രേഖപ്പെടുത്തിയിരിക്കുന്നു. രാജകീയ പ്രവേശനം കഴിഞ്ഞ് തൊട്ടടുത്ത നിമിഷം സംഭവിച്ചതാണത്.

പ്രാര്‍ത്ഥനാലയം എന്ന് അറിയപ്പെടുന്ന തന്‍റെ പിതാവിന്‍റെ ആലയം കവര്‍ച്ചക്കാരുടെ ഗുഹയാക്കി മാറ്റി എന്ന് തിരിച്ചറിഞ്ഞ യേശു ദേവാലയ ശുദ്ധീകരണത്തിനായി ചാട്ടവാറെടുത്ത സംഭവമായിരുന്നു ഓശാനദിനത്തിലെ മഹത്തായ കാര്യം. യോഹന്നാന്‍ 2:13ലും ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനാല്‍ യേശു രണ്ടു പ്രാവശ്യം ദേവാലയം ശുദ്ധീകരിച്ചു എന്നു കരുതുന്നു. തൻ്റെ ശുശ്രൂഷയുടെ ആരംഭത്തിലും അവസാനത്തിലും ദേവാലയ ശുദ്ധീകരണം നടത്തി. യേശു ചമ്മട്ടിയുണ്ടാക്കി ദേവാലയത്തിലെ കച്ചവടക്കാരെ അടിച്ചോടിച്ചു.

ദൈവപുത്രനെ ജനങ്ങള്‍ രാജാവായി അംഗീകരിച്ച് ജെറുസലേമിലേക്ക് ആനയിച്ചതാണ് പൊതുവെയുള്ള ഓശാന ഞായറിന്‍റെ അനുസ്മരണ വിഷയം.. എന്നാല്‍, ദൈവപുത്രന്‍റെ സ്ഥാനത്തുനിന്നു നോക്കുമ്പോള്‍ ഈ രാജകീയസ്ഥാനത്തിന് യാതൊരു വിലയും അവിടുന്ന് കല്‍പ്പിച്ചു കാണില്ല. മഹാപ്രപഞ്ചത്തിന്‍റെ സൃഷ്ടാവും മഹാദൈവവുമായവൻ, കേവലം ഒരുപറ്റം ആളുകള്‍ വൈകാരികമായി നല്‍കിയ സ്വീകരണം അത്രവലിയ കാര്യമായി കണ്ടുകാണില്ല. ഓശാന ഞായറിൽ ജെയ് വിളിച്ചവര്‍ക്ക് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ ദുഃഖവെള്ളിയില്‍ അവര്‍ ഓടിയൊളിക്കില്ലായിരുന്നല്ലോ. എന്നാല്‍ ദൈവവിശ്വാസത്തെ കച്ചവടച്ചരക്കാക്കുന്നതും അതിലൂടെ നേട്ടം കൊയ്യുന്നവരുമായ മതനേതൃത്വത്തോടു ഉയര്‍ന്ന രോഷമാണ് യേശുവിനെ ഈ ദിനം ഏറെ അസ്വസ്ഥനാക്കിയത്. വിശ്വാസത്തെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന യഹൂമതനേതാക്കളോടും വിശ്വാസസമൂഹത്തെ ചൂഷണം ചെയ്യുന്ന യഹൂദ മതവ്യവസ്ഥിതികളോടുമുള്ള ഉഗ്രകോപമായിരുന്നു ഓശാന ഞായറില്‍ ക്രിസ്തുവില്‍ ഉയര്‍ന്ന ശക്തമായ വികാരം.

ഓശാന ഞായറില്‍ കുരുത്തോലകളെ ഉയർത്തിപ്പിടിക്കുമ്പോൾ ചാട്ടവാറിനെ നാം വിസ്മരിച്ചുകൂട. ദൈവപുത്രന്‍റെ കൈയിലുയര്‍ന്നതും ക്രൈസ്തവര്‍ കാണാതെപോകുന്നതുമായ ചാട്ടവാറിനു മാത്രമേ വാസ്തവത്തിൽ ഈ ദിനത്തെയും തുടർന്നുള്ള ദിനങ്ങളെയും വിശുദ്ധീകരിക്കാൻ കഴിയുകയുള്ളൂ. സഭയുടെ, വിശ്വാസികളുടെ ആന്തരിക വിശുദ്ധീകരണത്തിനുള്ള ആഹ്വാനമാണ് ഓശാന ഘോഷയാത്രകളെക്കാളും ആർപ്പുവിളികളെക്കാളും ഓശാന ഞായറിനെ വ്യത്യസ്തമാക്കുന്നത് !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments