Thursday, May 30, 2024
No menu items!
Homeകുരിശിന്‍റെ വഴിനസറത്തിൻ്റെ നിശ്ശബ്ദതയിൽ നിന്ന് നീതിസൂര്യൻ ഉദിച്ചുയരുന്നു

നസറത്തിൻ്റെ നിശ്ശബ്ദതയിൽ നിന്ന് നീതിസൂര്യൻ ഉദിച്ചുയരുന്നു

ഈശോമശിഹ മനുഷ്യനായി ഭൂമിയിൽ ജനിച്ചപ്പോൾ ഇസ്രായേല്‍ കാത്തിരുന്ന മശിഹ, ദൈവം വാഗ്ദാനം ചെയ്ത പുത്രന്‍, മനുഷ്യവംശത്തിന്‍റെ രക്ഷകന്‍ എന്നിങ്ങനെയുള്ള പ്രവചനങ്ങളെല്ലാം പൂര്‍ത്തിയാവുകയായിരുന്നു. മറിയത്തിൻ്റെ പുത്രനായി ജനിച്ചവൻ പ്രവചനങ്ങളുടെയെല്ലാം പൂർത്തീകരണമാണെന്ന വസ്തുത ലോകം തിരിച്ചറിഞ്ഞത് പിന്നെയും മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞായിരുന്നു.

ഈശോമശിഹായുടെ മനുഷ്യാവതാരകാലം രണ്ട് ഘട്ടങ്ങളായി നിലകൊള്ളുന്നു. ജനനം മുതല്‍ യോര്‍ദ്ദാനില്‍ യോഹന്നാനില്‍ നിന്നു ജ്ഞാനസ്നാനം സ്വീകരിക്കുന്നതു വരെയുള്ള രഹസ്യജീവിതകാലവും സ്നാനത്തിനുശേഷം പീഡാനുഭവവും മരണവും പുനഃരുത്ഥാനവും എല്ലാം ഉള്‍ക്കൊള്ളുന്ന പരസ്യജീവിതകാലവും.

പന്ത്രണ്ട് വയസുമുതല്‍ മുപ്പതു വയസു വരെയുള്ള 18 വര്‍ഷക്കാലം അവിടുന്നു തന്‍റെ മാതാപിതാക്കളോടുകൂടെ അനുസരണവും ഭക്തിയുമുള്ള യഹൂദബാലനായി വളർന്നു. മുപ്പതു വയസ്സുവരെ ഈശോ മരപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്ന് മര്‍ക്കോസ് 6:3ലും “തച്ചന്‍റെ മകന്‍” എന്ന് മത്തായി 13:55ലും വായിക്കുന്നു. തന്‍റെ മനുഷ്യാവതാര ജീവിതത്തിന്‍റെ തൊണ്ണൂറു ശതമാനം കാലഘട്ടവും അവിടുന്ന് മറ്റാരാലും അറിയപ്പെടാത്തവനായി, നിശ്ശബ്ദനായി ജീവിച്ചു.

ഭൗമികജീവിതത്തിന്‍റെ ഏറിയഭാഗവും യേശു ചെലവഴിച്ചത് സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥയില്‍ പങ്കുചേര്‍ന്നുകൊണ്ടായിരുന്നു. പ്രകടമായ മാഹാത്മ്യമൊന്നും കൂടാതെ കരവേലചെയ്താണ് അവിടുന്ന് അനുദിനം ജീവിച്ചത്. ദൈവികനിയമത്തിന് വിധേയമായി, യഹൂദമതപ്രകാരമാണ് (ഗലാത്യര്‍ 4:4) അവിടുന്ന് സമൂഹത്തില്‍ ജീവിച്ചുത്. അനുദിനജീവിതത്തിലെ വളരെ സാധാരണമായ ജീവിതവൃത്തികളില്‍ ഏർപ്പെട്ടിരിക്കുന്നവർക്ക് യേശുവുമായി സ്നേഹൈക്യത്തില്‍ ആകുവാന്‍ നസറത്തിലെ യേശുവിന്‍റെ രഹസ്യജീവിതം അവസരം നല്‍കുന്നുവെന്നാണ് കത്തോലിക്കാ സഭ മതബോധനത്തിൽ പഠിപ്പിക്കുന്നത് (സി.സി.സി 533).

ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ അവിടുന്നു വളര്‍ന്നു. തന്‍റെ മാതാവിനും നൈയാമിക പിതാവിനും വിധേയനായി ജീവിച്ചുകൊണ്ട് യേശു നാലാം പ്രമാണം പൂര്‍ണ്ണമായി അനുസരിച്ചു (സി.സി.സി 531,532).

1964 ജനുവരി അഞ്ചിന് നസറത്ത് സന്ദര്‍ശിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ ഇപ്രകാരം പറയുന്നു: “ഒന്നാമതായി, പഠനത്തിന്‍റെയും ഒരുക്കങ്ങളുടെയും ധ്യാനാത്മകവും വ്യക്തിപരവുമായ ആത്മീയ ജീവിതക്രമത്തിന്‍റെയും ദൈവം മാത്രം അറിയുന്ന നിശ്ശബ്ദ പ്രാര്‍ത്ഥനകളുടെയുമെല്ലാം മൂല്യങ്ങൾ നസറത്ത് നമ്മെ പഠിപ്പിക്കുന്നു. (Nazareth can teach us the value of study and preparation, of meditation, of a well-ordered personal spiritual life, and of a silent prayer that is known only to God)

“ക്രിസ്തുവിന്‍റെ ജീവിതത്തെപ്പറ്റി നാം പഠിക്കുവാന്‍ തുടങ്ങുന്ന വിദ്യാലയമാണ് നസ്രത്തിലെ ഭവനം. സുവിശേഷത്തിന്‍റെ വിദ്യാലയമാണത്. ഒന്നാമതായി അത് നിശ്ശബ്ദത പഠിപ്പിക്കുന്നു. മനസ്സിന് സ്വസ്ഥത നല്‍കുന്ന ആശ്ചര്യകരവും അനുപേക്ഷണീയവുമായ ഈ നിശ്ശബ്ദതയെക്കുറിച്ചുള്ള മതിപ്പ് നമ്മില്‍ സജീവമാകേണ്ടതുണ്ട്. കുടുംബജീവിതത്തെ സംബന്ധിക്കുന്ന ഒരു പാഠമാണത്. കുടുംബജീവിതം എന്താണെന്നും അതിലെ സ്നേഹവും ഐക്യവും ആര്‍ഭാടങ്ങളില്ലാത്ത, ലളിതജീവിതത്തിന്‍റെ സൗന്ദര്യവും പവിത്രതയും അലംഘനീയതയുമെല്ലാം നസ്രത്ത് നമ്മെ പഠിപ്പിക്കുന്നു… “

“ജോലിയുടെ ശിക്ഷണം ഇവിടെ ലഭിക്കുന്നു. ലോകത്തിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ മഹനീയമാതൃകയായി, ദിവ്യസഹോദരനെ കാണിച്ചുകൊടുത്തുകൊണ്ട് അവരെ അഭിവാദനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” – നസറത്തിൻ്റെ നിശ്ശബ്ദതയിൽ, തൊഴിലിൻ്റെ മഹനീയത ഉയർത്തിപ്പിടിച്ചു കൊണ്ട് മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച ഈശോ മശിഹായെ പോൾ ആറാമൻ പാപ്പാ അനുസ്മരിച്ചു.

മുപ്പതുവര്‍ഷം നീണ്ട രഹസ്യജീവിതത്തിന്‍റെ ഒടുവില്‍, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി യോർദ്ദാൻ നദിയിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേൽക്കാൻ വരുന്ന ഈശോ മശിഹായെ “ദനഹാ”ത്തിരുന്നാളിൽ സഭ പ്രത്യേകം അനുസ്മരിക്കുന്നു. കിഴക്കുനിന്നുള്ള ജ്ഞാനികള്‍ നല്‍കിയ ആരാധനയും യോര്‍ദ്ദാനിലെ മാമ്മോദീസായും അടയാളങ്ങളുടെ ആരംഭമായി കാനായിലെ കല്യാണത്തില്‍ ചെയ്ത അത്ഭുതവുമല്ലാം ദനഹാത്തിരുന്നാളിന്‍റെ ഓര്‍മ്മയില്‍ കടന്നുവരുന്നു സംഭവങ്ങളാണ്.

ഇസ്രായേലിന്‍റെ മശിഹായും ദൈവപുത്രനുമായി ഈശോമശിഹാ ലോകത്തിന് വെളിപ്പെടുന്ന സന്ദര്‍ഭത്തോടൊപ്പം പഴയ നിയമഗ്രന്ഥത്തിൻ്റെ ആരംഭത്തിൽ വെളിപ്പെട്ട പരിശുദ്ധത്രിത്വം പുതിയ നിയമഗ്രന്ഥത്തിൻ്റെ പ്രാരംഭ ഭാഗത്തും വെളിപ്പെടുന്നതു കാണാം.

സഹനത്തിൻ്റെ ദാസന്‍ (suffering servant) എന്ന നിലയ്ക്കുള്ള യേശുവിൻ്റെ രക്ഷാകര ദൗത്യത്തിന്‍റെ ആരംഭവും ഉദ്ഘാടനവുമാണ് യോര്‍ദ്ദാനില്‍ നടന്നത്. പാപികളുടെ കൂടെ എണ്ണപ്പെടുവാന്‍ അവിടുന്നു സ്വയം സമർപ്പിക്കുന്നു. ഇതിനെല്ലാം ഉപരിയായി ഈശോമശിഹായുടെ മനുഷ്യാവതാര ലക്ഷ്യം, അവിടുത്തെ വാക്കുകളില്‍ തന്നെ വെളിപ്പെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ തിരുവചനത്തില്‍ കാണാന്‍ കഴിയും.

മനുഷ്യവംശത്തിന് സമ്പൂര്‍ണ്ണമായ വിടുതലും രക്ഷയും കരഗതമാകുവാന്‍ അവിടുന്ന് നിരവധി ദൗത്യങ്ങളുമായിട്ടായിരുന്നു ഭൂമുഖം സന്ദര്‍ശിച്ചത്. എന്തൊക്കെ ദൗത്യങ്ങളുടെ പൂർത്തീകരണത്തിനാണ് താൻ മനുഷ്യനായി ജനിച്ചത് എന്ന് ഈശോ മശിഹാ വെളിപ്പെടുത്തിയ നിരവധി സന്ദർഭങ്ങൾ തിരുവചനത്തിലുണ്ട്:

* സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം -യോഹന്നാന്‍ 6:51

*ദൈവരാജ്യം സുവിശേഷീകരിക്കാൻ അയയ്ക്കപ്പെട്ടു – ലൂക്കോസ് 4:43

*പാപികളെ രക്ഷിക്കുവാന്‍ ലോകത്തില്‍ വന്നു മത്തായി 1:21, 1 തിമോത്തി 1:15

* അയച്ചവന്‍റെ ഇഷ്ടം ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്നിരിക്കുന്നു – യോഹന്നാന്‍ 6:38

*പാപികളെ വിളിക്കാന്‍ വന്നു -മത്തായി 9:13

*പിതാവിന്‍റെ നാമത്തില്‍ വന്നു -യോഹന്നാന്‍ 5:43

*വെളിച്ചമായി വന്നിരിക്കുന്നു -യോഹന്നാന്‍ 12:46

* നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാന്‍ വന്നിരിക്കുന്നു -ലൂക്ക് 19:10

*അവര്‍ക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും വന്നിരിക്കുന്നു -യോഹന്നാന്‍ 10:10

* ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നൽകാനും വന്നിരിക്കുന്നു – മര്‍ക്കോസ് 10:45

*നഷ്ടപ്പെട്ടതിനെ കണ്ടെത്തി രക്ഷിക്കാന്‍ വന്നു – ലൂക്ക് 19:10

*നീതിമാന്മാരേയല്ല പാപികളെ വിളിക്കുവാൻ വന്നു -മര്‍ക്കോസ് 2:17

*ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാന്‍ വന്നു -ലൂക്ക് 4:18

ദൈവപുത്രൻ്റെ ഭൂമിയിലേക്കുള്ള ആഗമനം മനുഷ്യ ചരിത്രത്തിൽ അതിപ്രധാനമായ സംഭവമായിരുന്നു. അതിനായി നൂറ്റാണ്ടുകൾ ഒരുക്കത്തിൻ്റെ കാലമായിരുന്നു. പ്രവാചകന്മാർ നിരവധിപേർ കടന്നു വന്ന് അവനെക്കുറിച്ചു പറഞ്ഞു, അനുഷ്ഠാനങ്ങളും ബലികളും കാഴ്ചകളും പ്രതീകങ്ങളും പ്രതിരൂപങ്ങളും ഇസ്രായേൽ സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ടു. ഇവയെല്ലാം അവനിലൂടെ പൂർത്തിയാക്കാൻ പോകുന്ന കർമ്മങ്ങളുടെ നിഴലുകളായിരുന്നു. ഒടുവിൽ വഴിയൊരുക്കാൻ അവസാനത്തെ പ്രവാചകനായി ഏലിയാവിൻ്റെ ശക്തിയോടും മോശെയുടെ ധൈര്യത്തോടും സ്നാപക യോഹന്നാനും രംഗപ്രവേശം ചെയ്തു.

സമയത്തിൻ്റെ പൂർണതയിൽ അവൻ യോർദ്ദാനിൽ വെളിപ്പെട്ടു. ദൈവാത്മാവ് സ്വർഗ്ഗം തുറന്ന് പ്രാവെന്ന പോലെ പറന്നിറങ്ങിയ സന്ദർഭത്തിൽ പിതാവ് പുത്രനെ സാക്ഷ്യപ്പെടുത്തി “നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (ലൂക്കാ 3 : 22)

എല്ലാ സുഹൃത്തുക്കൾക്കും ദനഹാ തിരുനാളിൻ്റെ ആശംസകൾ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments