Thursday, May 30, 2024
No menu items!
Homeകുരിശിന്‍റെ വഴിദൈവത്വം മുറുകെപ്പിടിച്ചില്ല; അവിടുന്ന് ദാസരൂപം സ്വീകരിച്ചു

ദൈവത്വം മുറുകെപ്പിടിച്ചില്ല; അവിടുന്ന് ദാസരൂപം സ്വീകരിച്ചു

യേശുക്രിസ്തുവിന്‍റെ ജീവിതത്തെ വീക്ഷിച്ചാല്‍ വിസ്മയകരമല്ലാത്ത ഒരു നിമിഷം പോലും ആ ജീവിതത്തില്‍ കാണില്ല. അവിടുന്ന് ജനിച്ച ദിവസം മുതലല്ല, കന്യകാ മറിയത്തിന്‍റെ ഉദരത്തില്‍ ഒരു ഭ്രൂണാവസ്ഥയില്‍ ഉരുവാക്കപ്പെട്ട നിമിഷവും അതിനു മുമ്പ് ചരിത്രാതീതനായി നിലനിന്ന കാലവുമെല്ലാം ആ അതുല്യവ്യക്തിത്വം മനുഷ്യബുദ്ധിക്ക് അതീതനായിരുന്നു. അവിടുന്ന് ദൈവത്തിന്‍റെ മര്‍മ്മമാണ് (രഹസ്യമാണ്) എന്ന സത്യമാണ് അവിടുത്തെ അറിയുന്തോറും അപ്പൊസ്തൊലനായ പൗലോസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. (കൊളോ 2:2)

വചനമാകുന്ന ദൈവം (യേശുക്രിസ്തു) മനുഷ്യശരീരം എടുത്ത് മനുഷ്യനായി (incarnation) വെളിപ്പെടുന്നതിനു മുമ്പ്, (പൂര്‍വ്വകാല) നിത്യതയില്‍ ആയിരുന്ന ദൈവാവസ്ഥയെക്കുറിച്ച് (Pre existence of Christ) നിരവധി വചനങ്ങള്‍ പഴയനിയമത്തിലും പുതിയനിയമത്തിലും കാണാം. ആയതിനാല്‍, ദൈവം മനുഷ്യനായി ജനിക്കുന്നതിനു മുമ്പും ഭ്രൂണമായി കന്യകയില്‍ ജനിച്ച നിമിഷവും അവളുടെ ഉദരത്തില്‍ വളര്‍ന്ന കാലഘട്ടവും കാലിത്തൊഴുത്തില്‍ പിറവികൊണ്ട സമയവും ഈജിപ്റ്റിലും നസറത്തിലും വളര്‍ന്ന ബാല്യവും യൗവ്വനത്തിലെ പരസ്യജീവിതവും തുടര്‍ന്ന് പീഡാനുഭവവും മരണവും എല്ലാം ദൈവത്വത്തില്‍ തന്നെ ആയിരുന്നു എന്ന മാര്‍മ്മിക യാഥാര്‍ത്ഥ്യമാണ് ബൈബിള്‍ അധിഷ്ഠിത ക്രൈസ്തവ വിശ്വാസത്തിന് ആധാരം. ദൈവത്തിന് ദൈവമല്ലാതെ ആയിരിക്കാന്‍ കഴിയില്ല.

യേശുക്രിസ്തുവിന്‍റെ സമ്പൂര്‍ണ്ണ ദൈവാസ്തിത്വത്തെ തള്ളിക്കളയുകയോ കുറച്ചുകാണുകയോ നിഷേധിക്കുകയോ ചെയ്യുന്ന എല്ലാ പഠിപ്പിക്കലുകളും വിഷലിപ്തമായ ദുരുപദേശങ്ങള്‍ എന്ന പേരില്‍ ആദിമസഭയും തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ നിലനിന്ന അപ്പൊസ്തൊലിക സഭകളെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത് ബൈബിള്‍ അംഗീകരിക്കുന്ന എല്ലാ ക്രൈസ്തവരും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവങ്ങള്‍ അനുസ്മരിക്കാന്‍ പോകുന്ന ആഴ്ചകള്‍ക്ക് മുന്നോടിയായി ഈ ലേഖനത്തില്‍ നാം ചിന്തിക്കുന്നത് ദൈവത്തിന് മനുഷ്യനാകാന്‍ കഴിയുമോ എന്ന വിഷയമാണ്.

സ്ഥലകാലങ്ങള്‍ക്ക് അതീതനായവന്‍ കാലത്തിന്‍റെയും സ്ഥലത്തിന്‍റെയും പരിമിതികള്‍ക്ക് ഉള്ളില്‍ ജീവിക്കുന്നതെങ്ങനെ? ദൈവത്വം മാറ്റിവച്ചു എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്? ദൈവം കുരിശിൽ മരിച്ചു എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്? യേശുക്രിസ്തു ശരീരത്തോടെ ഉത്ഥാനം ചെയ്തു എന്നു പറയുമ്പോള്‍ എന്താണ് സംഭവിച്ചത്? ചോദ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്നുകൊണ്ടേയിരിക്കും. ഈ ലേഖനത്തില്‍ ദൈവം മനുഷ്യനായതിലെ മര്‍മ്മം എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്.

ദൈവം മനുഷ്യനായി ഭൂമിയില്‍ ജനിച്ചു, ജീവിച്ചു, മരിച്ചു, ഉയിര്‍ത്തു എന്നു പറയുമ്പോള്‍, ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെങ്കില്‍ മനുഷ്യന്‍ എവിടെനിന്ന് ഉണ്ടായി എന്ന് മനസ്സിലാക്കണം. മനുഷ്യന്‍റെ അസ്തിത്വം അറിയാതെ ദൈവം മനുഷ്യനായതിലെ മര്‍മ്മം ഗ്രഹിക്കാന്‍ കഴിയില്ല.

ഒന്നുമില്ലായ്മയില്‍ നിന്ന് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച വിവരണത്തിനു ശേഷം കാണുന്നത് ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നാണ് (ഉല്‍പ്പത്ത 1:26). ദൈവം മനുഷ്യനെ മണ്ണില്‍നിന്ന് മെനഞ്ഞ്, അവന്‍റെ നാസാരന്ദ്രങ്ങളില്‍ ജീവശ്വാസം ഊതിയപ്പോള്‍ ആ മണ്‍ശില്‍പം ജീവനുള്ള ദേഹിയായി. ഈ പ്രസ്താവന അല്‍പ്പംകൂടി ആഴത്തില്‍ മനസ്സിലാക്കണമെങ്കില്‍ ദൈവം മനുഷ്യനില്‍ നിവേശിപ്പിച്ച, തന്‍റെ തന്നെയായ ഛായയും സാദൃശ്യവും എന്തായിരുന്നു എന്നതും അറിയണം. റോമ ലേഖനം 11:36ല്‍ പറയുന്നു: “സകലവും അവനില്‍നിന്നും അവനാലും അവനിലേക്കും ആകുന്നു” എന്ന്.

“സകലവും അവനില്‍നിന്ന് ” എന്നു പറയുമ്പോള്‍, മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തില്‍നിന്നു തന്നെയാണ് എന്ന് വ്യക്തമാകുന്നു. ദൈവത്തില്‍നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ ദൈവത്വത്തിലെ ഏതെല്ലാം സവിശേഷതകളിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്.

മനുഷ്യന്‍ ദൈവത്തില്‍നിന്ന് സൃഷ്ടിക്കപ്പെട്ടു എന്നു പറയുമ്പോള്‍ ദൈവികസമ്പൂര്‍ണ്ണതയിലെ നന്മഭാവങ്ങളിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ദൈവികതയിലെ നന്മയുടെ സമ്പൂര്‍ണ്ണതകളായ നീതിബോധം, പരിജ്ഞാനം, വിശുദ്ധി, തേജസ്, താഴ്മ, സ്നേഹം, ദാസ്യഭാവം, ക്ഷമാശീലം, സഹനം എന്നീ ഗുണങ്ങളുടെ സമ്പൂര്‍ണ്ണതയിലാണ് ദൈവം ആദിമനുഷ്യനായ ആദമിനെ സൃഷ്ടിച്ചത്.

മനുഷ്യനും മൃഗവും തമ്മില്‍ വഴിപിരിയുന്നത് ഈ ഘട്ടത്തിലാണ്. മൃഗത്തെ സൃഷടിച്ച അതേ ദിവസമാണ് ദൈവം മനുഷ്യനെയും സൃഷ്ടിച്ചത് എങ്കിലും ദൈവത്തിന്‍റെ ഛായയില്‍ ദൈവത്തില്‍നിന്ന് സൃഷ്ടിക്കപ്പെടാത്തതിനാല്‍ ദൈവികഗുണങ്ങളുടെ യാതൊരു വിദൂരസാന്നിധ്യംപോലും മൃഗത്തിനില്ല. മൃഗത്തില്‍നിന്നാണ് മനുഷ്യന്‍ പരിണമിച്ച് ഉണ്ടായത് എന്ന പരിണാമവാദം തകര്‍ന്നടിയുന്നത് ഇവിടെയാണ്. ശരിയും തെറ്റും തിരിച്ചറിയാനോ നീതിബോധമോ ക്ഷമാശീലമോ വിശുദ്ധിയെക്കുറിച്ചുള്ള നേരിയ ബോധമോ മൃഗത്തിനില്ല. പരിജ്ഞാനത്തിന്‍റെ യാതൊരു ലാഞ്ചനപോലും മൃഗത്തിലില്ല. എന്നാല്‍, ദൈവത്തിൻ്റെ ശ്രേഷ്ഠഗുണങ്ങള്‍ എത്രമേൽ പ്രാകൃത സമൂഹങ്ങളിലെ മനുഷ്യരിലും കാണാന്‍ കഴിയും.

ആദമിനെ ദൈവം സൃഷ്ടിച്ചു എന്നു പറയുമ്പോള്‍ ദൈവികഗുണങ്ങളുടെ ശ്രേഷ്ഠതയില്‍ സൃഷ്ടിച്ചു എന്ന് അര്‍ത്ഥമാക്കാം. ആദം ജീവനുള്ള ദേഹിയായ നിമിഷം മുതല്‍ പരിജ്ഞാനമുള്ളവനായി, നീതിബോധമുള്ളവനായി, തേജസുള്ളവനായി, വിശുദ്ധിയെക്കുറിച്ച് അറിവുള്ളവനായി, സ്നേഹിക്കാനും ക്ഷമിക്കാനും സഹിക്കാനും ദാസ്യഭാവമുള്ളവനായും ആയിരുന്നു സൃഷ്ടിക്കപ്പെട്ടത്. അറിവിന്‍റെ വൃക്ഷത്തില്‍നിന്ന് കഴിച്ചപ്പോഴല്ല ആദം അറിവുള്ളവനായത് (പരിജ്ഞാനം). തിന്മ ഒഴിഞ്ഞിരിക്കാനും നന്മ ചെയ്യാനുമുള്ള ശേഷിയാണ് വാസ്തവത്തില്‍ ആദമിന് നഷ്ടമായത്.

മനുഷ്യത്വം എന്നത് ദൈവത്തില്‍ നിറഞ്ഞുനില്‍ക്കുന്നതും ദൈവത്തില്‍നിന്ന് മനുഷ്യന് നല്‍കിയതുമായ അനുഗ്രഹിക്കപ്പെട്ടതും അനന്യവുമായ ഗുണമാണ്. അതായത്, ദൈവത്തിന് മനുഷ്യനായി വരിക എന്നു പറഞ്ഞാല്‍ അത് ഒട്ടും അപ്രായോഗികമായ കാര്യമല്ല എന്ന് അര്‍ത്ഥം.

ദൈവത്വവും മനുഷ്യത്വവും ചേരില്ല എന്നാണ് പലരുടെയും ചിന്ത. ആദിമസഭയുടെ കാലം മുതലേ ചില പാഷണ്ഡവാദികള്‍ ഇത് പ്രചരിപ്പിച്ചിരുന്നു. ദൈവത്തിന് മനുഷ്യനാകാന്‍ കഴിയില്ലത്രേ. എന്നാല്‍, ഈ പ്രപഞ്ചത്തില്‍ ദൈവത്തിന് ഏറ്റവും എളുപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നത് മനുഷ്യവംശത്തോടാണ് എന്നതാണ് പരമാര്‍ത്ഥം. ദൈവം തന്നില്‍നിന്നു തന്നേ സൃഷ്ടിക്കപ്പെട്ടത് മനുഷ്യനെ മാത്രം ആയിരുന്നുവല്ലോ. അതിനാല്‍തന്നെ, മറ്റേതൊരു സൃഷ്ടിയെക്കാളും ദൈവത്തെ എറ്റവുമധികം അറിയാന്‍ ശ്രമിക്കുന്നതും മനുഷ്യനാണ്.

ദൈവം മനുഷ്യനായപ്പോള്‍, ദൈവത്വത്തില്‍ ശാശ്വതമായി നിലനില്‍ക്കുന്നതും മനുഷ്യനുമായി പങ്കുവച്ചതുമായ ദൈവികഗുണങ്ങളുടെ പരിപൂര്‍ണ്ണതയില്‍ അവിടുന്ന് മനുഷ്യനായി ജഡത്തില്‍ വെളിപ്പെടുകയായിരുന്നു (ഫിലി 2:7). ദൈവം മനുഷ്യനായി ഭൂമുഖത്ത് മുപ്പത്തിമൂന്നര വര്‍ഷക്കാലം ജീവിച്ചപ്പോള്‍ വിശുദ്ധി, തേജസ്, പരിജ്ഞാനം, സ്നേഹം, ദാസ്യഭാവം, ക്ഷമാശീലം, സഹനം എന്നിങ്ങനെ ദൈവികഗുണങ്ങളുടെ സമ്പൂര്‍ണ്ണതയിലാണ് വിരാജിച്ചത്. മറുരൂപമലയില്‍ വച്ച് അവിടുന്ന് ദൈവത്വത്തിലെ തേജോമയത്വം വെളിപ്പെടുത്തിയ സന്ദര്‍ഭവും ഉണ്ടായി. എന്നാല്‍ ദൈവികതയിലെ അത്യുദാത്ത സവിശേഷതകളായ ആത്മരൂപി, മഹാവിശുദ്ധി, പ്രകാശത്തെ ധരിച്ച തേജോമയന്‍, സര്‍വ്വവ്യാപി, സര്‍വ്വശക്തി, സര്‍വ്വജ്ഞാനം, മാറ്റമില്ലാത്തവന്‍ എന്നിങ്ങനെയുള്ള ദൈവിക ശാശ്വത ഗുണങ്ങളെ അവിടുന്ന് മുറുകെപ്പിടിച്ചുമില്ല (ഫിലി 2:6).

ദൈവം മനുഷ്യനായതിലെ ഈ മര്‍മ്മം ഉള്‍ക്കൊള്ളാനാവാത്ത ലക്ഷോപലക്ഷം മനുഷ്യരുണ്ട്. ക്രൈസ്തവര്‍ എന്ന പേരില്‍ തന്നെ എത്രയോ ആയിരങ്ങള്‍, വലിയ പണ്ഡിതന്മാര്‍ ഉള്‍പ്പെടെ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ തങ്ങളുടെ യുക്തിക്ക് ഭദ്രമെന്ന് തോന്നുന്ന വിധത്തില്‍ യേശുക്രിസ്തുവിനെ മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍, “ദൈവം (വചനം) മനുഷ്യനായി നമ്മുടെ ഇടയില്‍ പാര്‍ത്തു” (യോഹ 1:14) എന്ന മര്‍മ്മം ഉള്‍ക്കൊള്ളാതെ, അവിടുത്തെ മരണത്തെയോ ഉയര്‍പ്പിനെയോ ഉള്‍ക്കൊള്ളാനാവില്ല. പീഡാനുഭവകാലത്തെ അനുസ്മരിക്കാന്‍ തയാറെടുക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട്, ക്രിസ്തുസംഭവങ്ങളുടെ മര്‍മ്മങ്ങളിലേക്ക് തീര്‍ത്ഥയാത്ര ചെയ്താല്‍, കേവലം ആചാരങ്ങളെ സമീപിക്കുന്ന വിരസത മാറിക്കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments