Wednesday, September 18, 2024
No menu items!
Homeകുരിശിന്‍റെ വഴിദൈവം കുരിശിൽ മരിക്കുമ്പോൾ... ?

ദൈവം കുരിശിൽ മരിക്കുമ്പോൾ… ?


യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന്‍ ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില്‍ മരിച്ചപ്പോള്‍, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്? ജനകോടികൾ ഈ വിശ്വാസബോധ്യത്തില്‍ എപ്രകാരം നീതീകരിക്കപ്പെടും? ഈ നിഷ്കളങ്കനും സാധുവുമായ ഒരു മനുഷ്യന്‍റെ ഭീകരമായ മരണത്തില്‍ വിശ്വസിക്കുന്ന ഏതൊരു ക്രൂരനും നിത്യനാശത്തില്‍നിന്ന് നിത്യജീവനിലേക്ക് കടക്കാന്‍ കഴിയുമെങ്കില്‍ അപ്രകാരമൊരു പാപിയെ നീതീകരിക്കുന്ന ദൈവം എങ്ങനെയാണ് നീതിമാനാകുന്നത്? പുത്രൻ്റെ കുരിശുമരണത്തിൽ പിതാവായ ദൈവത്തിന്‍റെ നീതി വെളിപ്പെടുന്നു എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? ഈ മനുഷ്യന്‍റെ രക്തത്തിന് സകല മനുഷ്യനെയും വിലയ്ക്കുവാങ്ങാനുള്ള മൂല്യം എങ്ങനെ ഉണ്ടായി? ക്ഷമിക്കാന്‍ കഴിയുന്ന ദൈവത്തിന് എന്തുകൊണ്ട് തന്‍റെ മകനെ പീഡനത്തിന് ഏല്‍പ്പിച്ചുകൊടുക്കാതെ മനുഷ്യവര്‍ഗ്ഗത്തോടു ക്ഷമിക്കാന്‍ കഴിഞ്ഞില്ല?… ക്രൂശിതൻ്റെ മുമ്പാകെ നിൽക്കുമ്പോൾ ചോദ്യങ്ങളുടെ ഘോഷയാത്രയുടെ മുൻ നിരയിലാണ് നാം നിൽക്കുന്നത്!

തികച്ചും ന്യായമായ ചോദ്യങ്ങള്‍ തന്നെയാണ് ഇവയെല്ലാം. ഇവയ്ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ ചരിത്രത്തിലെ ക്രിസ്തുവിനെയും ബൈബിളിലെ ക്രിസ്തുവിനെയും ആഴത്തില്‍ അറിയേണ്ടിയിരിക്കുന്നു. ആ അറിവ് നമ്മെ പരിശുദ്ധ ത്രീയേകത്വ വിശ്വാസത്തിലേക്ക് എത്തിച്ചുവെങ്കില്‍ ഇവിടെ ഉയര്‍ന്നിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും. പരിശുദ്ധ ത്രീയേകത്വത്തില്‍നിന്നും പുത്രനായ ദൈവം മനുഷ്യനായി ഈ ഭൂമിയില്‍ വന്നുവെന്നും അവിടുന്ന് മുപ്പത്തിമൂന്നര വയസുവരെ ഈ ഭൂമുഖത്ത് “ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് ഒരു കാര്യമായി” കരുതാതെ മനുഷ്യനായി ജീവിച്ചുവെന്നും പീഡകളേറ്റ് തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ച്, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു എന്നും ബൈബിള്‍ വചനങ്ങളുടെയും ചരിത്രത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഈ വിശ്വാസ അടിത്തറയില്‍ നിലകൊള്ളുമ്പോൾ മാത്രമേ മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന നിരവധിയായ ചോദ്യങ്ങള്‍ക്ക് യുക്തിഭദ്രമായ ഉത്തരം കണ്ടെത്താന്‍ കഴിയുകയുള്ളൂ. “പരിശുദ്ധ ത്രീയേകത്വ വിശ്വാസം ഒരു ആശയക്കുഴപ്പമല്ല, എല്ലാ ആശയക്കുഴപ്പങ്ങളെയും പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗ”മാണെന്ന് അപ്പോള്‍ നാം തിരിച്ചറിയും.

“യേശു ക്രിസ്തു” ദൈവത്തിന്‍റെ കോടാനുകോടി സൃഷ്ടികളിൽ വളരെ മെച്ചപ്പെട്ട ഒരു സൃഷ്ടി മാത്രമാണെന്ന് ധരിച്ചിരിക്കുന്ന യഹോവയുടെ സാക്ഷികളുണ്ട്. അപ്പോൾ, കേവലം ഒരു സൃഷ്ടിയെ അരുംകൊലയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് ദൈവത്തിന് സര്‍വ്വ മനുഷ്യൻ്റെയും നീതീകരണം സാധിക്കുന്നതിലെ യുക്തി എന്തെന്നു ചോദിച്ചാൽ യഹോവയുടെ സാക്ഷികൾ കാടിളക്കാൻ തുടങ്ങും. യഹോവയുടെ സാക്ഷികളെപ്പോലെ വിവിധ വിഭാഗങ്ങളുണ്ട്. ആരുടെയൊക്കെയോ ദൈവശാസ്ത്രത്തെ താങ്ങിനിര്‍ത്താന്‍വേണ്ടി സ്വന്തമായി ബൈബിള്‍ എഴുതിയുണ്ടാക്കിയും അന്യായമായ വ്യാഖ്യാനങ്ങള്‍ നല്‍കിയും വചനവിരുദ്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർ. ഇവരുടെ ഭാവനാവിലാസങ്ങളെയെല്ലാം മാറ്റിനിര്‍ത്തി, അപ്പൊസ്തൊലിക വിശ്വാസാധിഷ്ഠിതമായ ത്രീയേകത്വ വിശ്വാസത്തിലൂടെ മാത്രമേ യേശുക്രിസ്തുവിന്‍റെ കന്യകാജനനത്തെയും പാപപരിഹാരയാഗത്തെയും കുരിശുമരണത്തെയും പുനരുത്ഥാനത്തെയും സ്വര്‍ഗ്ഗാരോഹണത്തെയും അതിലൂടെ മനുഷ്യവംശത്തിന് ലഭിച്ച പാപമോചനത്തെയും നിത്യജീവനെയും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്, ആരായിരുന്നു യേശു ക്രിസ്തു?
ചരിത്രത്തിലും ബൈബിളിലും ക്രിസ്തുവിനെ കാണാം. ചരിത്രത്തിലെ ക്രിസ്തു വെറും മനുഷ്യനാണ്, വിപ്ലവകാരിയാണ്, കമ്യൂണിസ്റ്റാണ്, ഗുരുവാണ്, പ്രവാചകനാണ്, മതസ്ഥാപകനാണ്, നിരവധി ദൈവാവതാരങ്ങളില്‍ ഒന്നാണ്… പല വിശേഷണങ്ങള്‍ ചരിത്രത്തിലെ ക്രിസ്തുവിനു ലോകം നൽകിയിട്ടുണ്ട്. തൻ്റെ ഐഹികജീവിതകാലത്ത് ക്രിസ്തു മനുഷ്യനോട് ഇടപ്പെട്ടതിലുള്ള പ്രത്യേകതകളാണ് ചിലര്‍ക്ക് ക്രിസ്തുവില്‍ വിപ്ലവകാരിയെയും ഗുരുവിനെയും പ്രവാചകനേയും കമ്യൂണിസ്റ്റിനെയും എല്ലാം കാണാന്‍ കഴിയുന്നത്. എന്നാല്‍ ബൈബിളിലെ ക്രിസ്തു ഇതല്ല. അവിടുന്ന് മഹാദൈവവും മനുഷ്യവംശത്തിൻ്റെ രക്ഷകനുമാണ്! തന്‍റെ ശക്തിയുള്ള വചനത്താല്‍ സകലത്തിനെയും താങ്ങിനിർത്തുന്നവനാണ്. അവിടുന്ന് ആരാധനയ്ക്ക് യോഗ്യനാണ്. അവിടുന്ന് ദൈവമായതിനാല്‍ മാത്രമാണ് ആ വ്യക്തിത്വത്തിന്‍റെ കുരിശുമരണം ഇന്നും വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. നിരവധി മനുഷ്യരെ റോമന്‍ ഭരണകൂടം ക്രൂശിച്ചു കൊന്നുവെങ്കിലും യേശുക്രിസ്തുവിന്‍റെ ക്രൂശീകരണം അതില്‍നിന്നെല്ലാം വ്യത്യസ്തമാകുന്നത്, അവിടന്ന് ദൈവമായതിനാല്‍ മാത്രമായിരുന്നു. ദൈവം മനുഷ്യനായി ജനിച്ചു, അവൻ്റെ പേരായിരുന്നു”യേശുക്രിസ്തു” (ദൈവത്തിന് മനുഷ്യനായി ജനിക്കാന്‍ കഴിയുമോ ? വിശദീകരണ ലിങ്ക് കമൻറ് ബോക്സിൽ)

കാലത്തിന്‍റെ സമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ ഉന്നത മഹത്വത്തില്‍നിന്ന് അയച്ചു. “അവന്‍ സ്ത്രീയില്‍നിന്ന് ജാതനായി; നിയമത്തിന് അധീനനായി ജീവിച്ചു”. (ഗലാത്യര്‍ 4:4). രണ്ടാം മനുഷ്യന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ (1 കൊരി 15:47).

സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവനായ യേശു, ആദാമിന്‍റെ കുലത്തില്‍, ദാവീദിന്‍റെ സന്തതിപരമ്പരകളില്‍ മറിയത്തിന്‍റെ മകനായി മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയില്‍ കാലത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍ ജനിച്ചു. അവനാണ് വിശുദ്ധ ബൈബിള്‍ വെളിപ്പെടുത്തുന്ന കര്‍ത്താവീശോമശിഹാ. ഇപ്രകാരമൊരു വ്യക്തിയുടെ പ്രാശ്ചിത്ത മരണത്തിലൂടെ മാത്രമേ മനുഷ്യവംശത്തിന്‍റെ പാപത്തിന് പരിഹാരമാവുകയുള്ളൂ എന്ന് ന്യായമായും ചിന്തിക്കാം. ആയതിനാല്‍ യേശുക്രിസ്തു വെറുമൊരു മനുഷ്യനോ അവിടുത്തെ രക്തം ഒരു കേവലമനുഷ്യന്‍റെ രക്തമോ ആയിരുന്നില്ല. അത് അതിപരിശുദ്ധമായ, നിഷ്കളങ്ക രക്തമായിരുന്നു. ഹാബേലിന്‍റെ രക്തത്തേക്കാള്‍ ഗുണകരമായി സംസാരിക്കണമെങ്കില്‍ (ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന രക്തം) അത് കേവലമനുഷ്യരക്തം ആയിരിക്കില്ല. നീതിമാനായ ഒരു വ്യക്തിയുടെ മരണത്തില്‍ മനുഷ്യരക്ഷ സാധ്യമാകുമായിരുന്നെങ്കില്‍ അതിന് നീതിമാനായ ഹാബേലിന്‍റെ മരണവും ആ രക്തവും മാത്രം മതിയായിരുന്നു. എന്നാല്‍ യേശുവിന്‍റെ രക്തം മറുവിലയായി നല്‍കി മാനവവംശത്തെ മുഴുവന്‍ വിലയ്ക്കു വാങ്ങണമെങ്കില്‍ ആ രക്തം സവിശേഷമായ രക്തമായിരിക്കണം. അത് ദൈവത്തിന്‍റെ ശരീരത്തിലൂടെ ഒഴുകിയ രക്തമായിരിക്കണം. ആ രക്തം മൂല്യമുള്ളതായി മാറിയത് അത് ദൈവത്തിന്‍റെ തന്നെ രക്തമായിരുന്നു എന്നതിനാലാണ്.

ആദം സൃഷ്ടിക്കപ്പെട്ടത് യേശുക്രിസ്തുവിന് ഭൂമിയില്‍ വരുവാനായി പരിശുദ്ധ ത്രീയേകത്വം മുൻകൂട്ടി തയാറാക്കിയ ശരീരഘടനയില്‍ ആയിരുന്നു. “ആദം വരുവാനുള്ളവന്‍റെ പ്രതിരൂപം ആയിരുന്നു” (റോമാ 5:14). മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയില്‍ സൃഷ്ടിക്കപ്പെട്ട ആദം ദൈവകല്‍പ്പന ലംഘിച്ച് പാപം ചെയ്തപ്പോള്‍ തനിക്ക് നഷ്ടമായ പലതിന്‍റെയും കൂട്ടത്തില്‍ മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയും നഷ്ടമായി. എന്നാല്‍ ദൈവം മനുഷ്യനായപ്പോള്‍ അവിടുന്ന് ആദമിന് നഷ്ടമായ മനുഷ്യത്വത്തിന്‍റെ പരിപൂര്‍ണ്ണതയില്‍ ആയിരുന്നു ഭൂമുഖത്ത് വസിച്ചത്.

യേശുവിൻ്റെ ശരീരം സാധാരണ മനുഷ്യരെപ്പോലെ ദുര്‍ബലശരീരം ആയിരുന്നില്ല. ക്ഷീണിച്ച് ഉറങ്ങുമ്പോഴും ദാഹിച്ച് തളര്‍ന്നിരിക്കുമ്പോഴും ദുഃഖിച്ച് കരയുമ്പോഴും നാല്‍പത് ദിവസം ജലപാനങ്ങള്‍ ഉപേക്ഷിച്ച് ഉപവസിക്കാനും സാത്താന്‍റെ സര്‍വ്വ പ്രലോഭനങ്ങളെയും നേരിടാനും മനുഷ്യവംശത്തിന്‍റെ മുഴുവന്‍ പാപവും വഹിക്കാനും ആ ശരീരത്തിനു കരുത്തുണ്ടായിരുന്നു.

മാനുഷികതയില്‍ അവിടുന്ന് ചെയ്ത നിരവധി അത്ഭുതങ്ങളുണ്ട്. എന്നാല്‍, ദൈവം എന്ന സ്ഥാനത്തു നിന്നുകൊണ്ടായിരുന്നു നിരവധി സന്ദർഭങ്ങളിൽ അവിടുന്ന് പ്രവർത്തിച്ചത്. പാപങ്ങള്‍ ക്ഷമിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ. രക്തസ്രാവക്കാരിയായ ഒരു സ്ത്രീ തന്നെ സ്പര്‍ശിച്ചയുടന്‍ തന്നില്‍നിന്ന് ശക്തി പുറപ്പെട്ടുത് അവിടുന്ന് തിരിച്ചറിഞ്ഞതായി മത്തായി 9:20ല്‍ വായിക്കുന്നു. മനുഷ്യത്വത്തിന്‍റെ പൂര്‍ണതയില്‍ ജീവിക്കുമ്പോഴും ദൈവത്വം ഇല്ലാതെയാകുന്നില്ല എന്നതിന്‍റെ വ്യക്തമായ ഉദാഹരണമായി ഇതിനെ കാണുന്നു.

വെള്ളത്തിനു മീതെ നടന്നപ്പോള്‍ താൻ സര്‍വ്വ പ്രപഞ്ചനിയമങ്ങള്‍ക്കും അതീതനാണെന്നും വെള്ളം വീഞ്ഞാക്കിയപ്പോള്‍ ഏതൊരു സൃഷ്ടവസ്തുവിന്‍റെയും അടിസ്ഥാനഘടനയില്‍ തനിക്ക് മാറ്റംവരുത്താന്‍ അധികാരമുണ്ടെന്നുമുള്ള പ്രഖ്യാപനങ്ങളായിരുന്നു അവിടെ നടപ്പായത്. പാപിയായ മനുഷ്യനെ പുതിയൊരു സൃഷ്ടിയാക്കി അവന്‍റെ അടിസ്ഥാനഘടനയെ മാറ്റുവാന്‍ കഴിയുമെന്ന മര്‍മ്മംകൂടിയാണ് ഇവിടെ വെളിപ്പെട്ടത്. കാറ്റിനെ ശാസിക്കുമ്പോഴും ദുരാത്മാക്കളെ പുറത്താക്കുമ്പോഴും ഈ പ്രപഞ്ചത്തിലെ സകലത്തെയും തന്‍റെ ശക്തിയുള്ള വചനത്താല്‍ താങ്ങിനിര്‍ത്തുന്നവന്‍റെ മുന്നില്‍ മറ്റെല്ലാ ശക്തികളും നിര്‍വീര്യമാണെന്നും തെളിയിച്ചു. ഭൂമിയിലെ മണ്ണുകൊണ്ടു സൃഷ്ടിക്കപ്പെട്ട ആദാമിന്‍റെ വംശത്തില്‍ പിറന്നത് സാക്ഷാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ എന്നതിന്‍റെ മഹത്തായ ഉദാഹരണങ്ങളായിരുന്നു ക്രിസ്തു എന്ന മനുഷ്യന്‍റെ ജീവിതത്തില്‍ കാണുന്ന ഇത്തരം സംഭവങ്ങള്‍.

ദൈവം ആത്മാവാണ്. ദൈവം ആത്മാക്കളുടെ ഉടയവനുമാണ്. മനുഷ്യന്‍റെ ആത്മാവും ദൈവത്തില്‍നിന്നുള്ളതാണ്. മനുഷ്യനായി അവതരിച്ചപ്പോള്‍ യേശുവില്‍ ആത്മാവും ദേഹിയും ദേഹവും ഉണ്ടായിരുന്നു. യേശുവില്‍ ഉണ്ടായിരുന്ന ആത്മാവ് ദൈവികസമ്പൂര്‍ണ്ണതയുടെ ആത്മാവുതന്നെ ആയിരുന്നു. പ്രപഞ്ചത്തേക്കാള്‍ വലിപ്പവും സര്‍വ്വപ്രപഞ്ചത്തിന്‍റെയും ശക്തിസ്രോതസ്സുമായിരിക്കുമ്പോള്‍ തന്നെ സൂക്ഷ്മകോശമായി മറിയത്തിന്‍റെ ഗര്‍ഭപാത്രത്തില്‍ ഒരു ഭ്രൂണമായി ഒതുങ്ങുവാനും അവിടുത്തേക്ക് സാധിച്ചു. ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ (ഫിലി 2:6) ദാസരൂപം സ്വീകരിച്ച്, ഒരു സാധാരണ മനുഷ്യനില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആത്മാവിന്‍റെ അളവിലേക്ക് അവിടുന്ന് സ്വയം ഒതുങ്ങുകയായിരുന്നു. അറിവിന്‍റെ തലത്തിലും മനുഷ്യനോടു സമനായതിന്‍റെ ഫലമായി മാതാപിതാക്കള്‍ക്ക് കീഴടങ്ങിയിരിക്കേണ്ടതായും ജ്ഞാനത്തില്‍ വളരേണ്ടതായും വന്നു(ലൂക്ക് 2:51,52). മനുഷ്യത്വത്തിന്‍റെ പരിമിതിയിലേക്ക് സ്വയം സമര്‍പ്പിച്ചപ്പോള്‍ സമയത്തിന്‍റെ പരിമിതിക്കും അവിടുന്നു സ്വയം വിധേയനായി. മനുഷ്യത്വത്തിന്‍റെ സകലവിധ പരിമിതികള്‍ക്കും വിധേയനായ അവിടുന്ന് പീഡാസഹനങ്ങള്‍ക്കും ഒടുവില്‍ കുരിശുമരണത്തിനും സ്വയം സമര്‍പ്പിതനായി. ഈ അതിമഹത്തായ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഫിലിപ്പിയ ലേഖനം 2:5-8 വിരല്‍ചൂണ്ടുന്നത്.

യേശു കുരിശില്‍ മരിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്?

യേശുവിന്‍റെ ‘മരണം’ ഒരു കേവലമനുഷ്യന്‍റെ മരണത്തിന് തുല്യമായിരുന്നു. എന്നാല്‍ ദൈവമായിരുന്നവന്‍ കേവലമനുഷ്യനെപ്പോലെ മരണത്തിന് വിധേയനാവുകയായിരുന്നില്ല. അവിടുന്ന് “മരണത്തിനു സ്വയം സമര്‍പ്പിക്കുകയായിരുന്നു” . (ഗലാ 1:3, 2:20, എഫേ 5:2, 1 തിമോ 2:6, തീത്തോസ് 2:14, ഹെബ്രാ 7:27, 9:14).

മരണത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട്, ഭൗതികലോകത്തില്‍നിന്ന് ആത്മലോകത്തിലേക്ക് തന്‍റെ ദേഹമെന്ന തിരശീല (ഹെബ്രാ 10:20) മാറ്റി, മറുപുറത്തേക്ക് -നിത്യതയിലേക്ക് സ്വയം പ്രവേശിക്കുന്നതായിരുന്നു യേശുക്രിസ്തവിന്‍റെ മരണം. സമയത്തിനും സ്ഥലത്തിനുമുള്ള പരിമിതികളില്‍നിന്നും വേര്‍പെട്ടു അവിടുന്ന് നിത്യതയുടെ അപരിമേയത്വത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. എഴുതപ്പെട്ടതുപോലെ മൂന്നാം ദിവസം ആത്മരൂപിയായിത്തന്നെ ഭൗതികലോകത്തിലേക്ക് കടന്നുവരികയും ചെയ്തു. ഇതായിരുന്നു യേശുക്രിസ്തുവിൻ്റെ പുന:രുത്ഥാനത്തിൽ സംഭവിച്ചത്. ഇപ്രകാരം കടന്നുവരുവാനും മടങ്ങിപ്പോകുവാനുമുള്ള അധികാരം തനിക്കുണ്ട് എന്ന് യേശു നേരത്തെ വ്യക്തമാക്കിയിരുന്നു. “തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന്‍ അര്‍പ്പിക്കുന്നതിനാല്‍ പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു. ആരും എന്നില്‍നിന്ന്‌ അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്‌. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്‌…. യോഹ 10:17,18).

നിത്യതയില്‍ നിലനിന്നിരുന്നവന്‍ ഭൗതികലോകത്തില്‍ വന്ന് ജീവിക്കുകയും കുരിശുമരണത്തിലൂടെ വീണ്ടും നിത്യതയുടെ ഭാഗമായിത്തീരുകയും ചെയ്തു എന്ന തികച്ചും ലളിതമായ പ്രവൃത്തിയായിരുന്നു യേശുക്രിസ്തുവിന്‍റെ കുരിശുമരണം. നിത്യതയുടെ നായകന്‍ “മരിക്കുക” എന്നതിനര്‍ത്ഥം, അവിടുന്ന് താന്‍ ആയിരുന്ന പൂര്‍വ്വാവസ്ഥയിലേക്ക് മടങ്ങി എന്നു മാത്രമേയുള്ളൂ. മറിയത്തിന്‍റെ ഉദരത്തില്‍ ഉരുവാകുന്നതിന് മുമ്പ് അവിടുന്ന് ഏത് ആത്മീയാവസ്ഥയിലായിരുന്നോ അതേ അവസ്ഥയിലേക്ക് മടങ്ങുക മാത്രമാണ് കുരിശുമരണത്തില്‍ സംഭവിച്ചത്.

മനുഷ്യനോടുള്ള സ്നേഹം നിമിത്തം, പുത്രന്‍ കുരിശില്‍ മനുഷ്യവംശത്തിന്‍റെ പാപം സ്വയം ഏറ്റെടുത്തതിനാല്‍ പിതാവുമായുള്ള കൂട്ടായ്മാ ബന്ധം ഇല്ലാതെയായി. ഇതായിരുന്നു പരിശുദ്ധ ത്രീയേകത്വം മനുഷ്യവംശത്തെപ്രതി സഹിച്ച കഠിനവേദന. ഈ കഠിനവേദന പുത്രന്‍റെ മാത്രം വേദനയായിരുന്നില്ല. പരിശുദ്ധത്രീയേകത്വം സമ്പൂര്‍ണ്ണമായി ഈ വേദനയുടെ ഭാഗമായിരുന്നു. നിത്യതമുതല്‍ നിത്യതയോളം പരിശുദ്ധ ത്രീയേകത്വത്തില്‍ നിർവിഘ്നം നിലനില്‍ക്കുന്ന സമാനതകളില്ലാത്ത കൂട്ടായ്മ ബന്ധം മനുഷ്യനുവേണ്ടി തെല്ലിട നഷ്ടമായി. ഇതാണ് നിത്യം പിതാവും പുത്രനും ആത്മാവുമായ പരിശുദ്ധ ത്രീയേകത്വം മനുഷ്യവംശത്തിനു വേണ്ടി ഏറ്റെടുത്ത കഠിനവൃഥ. പുത്രൻ മനുഷ്യവംശത്തിന്‍റെ പാപഭാരം ഏറ്റെടുത്തപ്പോൾ പിതാവിന് ആ കാഴ്ചയിൽ നിന്നു മുഖംതിരിക്കേണ്ടതായി വന്നു. പാപത്തോടുള്ള ദൈവപ്രകൃതിയുടെ സ്വാഭാവികപ്രതികരണമായിരുന്നു ഇത്. പരിശുദ്ധ ത്രീയേകത്വത്തിനിടയില്‍ അൽപനേരത്തേക്കെങ്കിലും തങ്ങളുടെ കൂട്ടായ്മബന്ധം നഷ്ടമാകാൻ ഇത് കാരണമായി!

വേദനയുടെ തീവ്രത സ്നേഹത്തിന്‍റെ തീവ്രതയുമായിരുന്നു. നിത്യതയുടെ ഭാഗമായിരുന്നവര്‍ നിത്യതയിലാണ് ഈ വേദന സഹിച്ചത്. അതിനാല്‍ ഈ വേദനയ്ക്ക്, അതുയര്‍ത്തുന്ന സ്നേഹത്തന് നിത്യതയുടെ ഘനമുണ്ട്. അതിന്‍റെ നീളവും വീതിയും ഉയരവും ആഴവും അപരിമേയമാണ്. അത് അനുഭവിച്ച് അറിയാനാണ് എഫേസ്യര്‍ 3:18 നമ്മെ ആഹ്വാനം ചെയ്യുന്നത്. മനുഷ്യനോടു ക്ഷമിക്കാൻ കഴിയാഞ്ഞതുകൊണ്ടല്ല, സ്നേഹത്തിൻ്റെ മഹത്വം അവനെ ബോധ്യപ്പെടുത്തുവാനാണ് അവിടുന്ന് കുരിശുമരണത്തിനായി സ്വയം സമർപ്പിച്ചത്.

മരണത്തെക്കുറിച്ചുള്ള വിജാതീയ സങ്കല്‍പ്പങ്ങളെയും ഇതരമതങ്ങളുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കി ക്രിസ്തുവിൻ്റെ കുരിശു മരണത്തെ മനസിലാക്കാൻ ശ്രമിക്കമ്പോഴാണ് കാൽവരിയാഗം അനേകരേയും ആശയക്കുഴപ്പത്തിലേക്ക് തളളിയിടുന്നത്. ഈ സങ്കീര്‍ണ്ണ ബോധത്തിൻ്റെ തടവറയിലായിരിക്കുന്നവര്‍ ദൈവവചനത്തിൻ്റെ അടിസ്ഥാനത്തില്‍ ക്രിസ്തുവിൻ്റെ മരണത്തെ മനസ്സിലാക്കിയാല്‍ മാത്രമേ “ദൈവം കുരിശിൽ മരിച്ചു” എന്നു പറയുന്നതിലേ യുക്തി മനസ്സിലാവുകയുള്ളൂ..

അപ്പൊസ്തൊലിക വിശ്വാസം ആദിമസഭുതൽ ഈ സത്യമാണ് എക്കാലത്തും പ്രഖ്യാപിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍, കാലസമ്പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണ മനുഷ്യനായി കന്യകാ മറിയാമിന്‍റെ ഉദരത്തില്‍ ഉരുവാക്കപ്പെടുകയും അഗസ്റ്റസ് സീസര്‍ റോമാ ചക്രവർത്തിയും ക്വിരിനിയേസ് സിറിയന്‍ ദേശാധിപതിയും ആയിരിക്കുമ്പോള്‍ കാലിത്തൊഴുത്തില്‍ ജനിച്ചു. മുപ്പത്തിമൂന്നര വര്‍ഷം ഭൂമുഖത്ത് യേശു എന്ന പേരില്‍ മനുഷ്യത്വത്തിന്‍റെ സമ്പൂര്‍ണ്ണതയില്‍, ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ ജീവിച്ചു. തിബേരിയസ് സീസസറുടെ കാലത്ത് പൊന്തിയോസ് പീലാത്തോസ് യൂദാ ഗവര്‍ണറും ജോസഫ് ബെന്‍ കയ്യാഫാസ് യഹൂദ മഹാപുരോഹിതനുമായിരിക്കുമ്പോള്‍ റോമന്‍ സൈന്യവും യഹൂദ മതസംഘവും ചേര്‍ന്ന് യേശുവിനെ ക്രൂരമായി പീഡിപ്പിക്കുകയും ക്രൂശിക്കുകയും മരണപ്പെടുകയും ചെയ്തു. മരണത്തിലൂടെ അവിടുന്ന് സമയത്തിത്തില്‍നിന്ന് സമയമില്ലായ്മയിലേക്ക് -നിത്യതയിലേക്ക് – പ്രവേശിച്ചു. എഴുതപ്പെട്ടതുപോലെ മൂന്നാം ദിവസം സമയത്തിലേക്ക് ആത്മശരീരത്തോടെ തിരികെ വരികയും ഏതാനും ദിവസം തന്‍റെ ശിഷ്യന്മാരോടുകൂടെ പാര്‍ക്കുകയും ചെയ്തിട്ട് ഒലിവുമലയില്‍ തന്‍റെ ശിഷ്യന്മാര്‍ നോക്കി നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക്, പിതാവിന്‍റെ അടുക്കലേക്ക് മഹത്വത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയുത്.
മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടവൻ പോയതുപോലെ മടങ്ങി വരും എന്ന യാഥാർത്ഥ്യത്തിൻ്റെ വിളംബരവും കുരിശിൽ ഉയർന്നു കേൾക്കാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments