യഹൂദ, ഇസ്ളാമിക് സെമറ്റിക് മതങ്ങളുടെ ഭക്ഷണപാനീയങ്ങളുടെ നിര്‍മാണവും പാചകവിധികളുമെല്ലാം രണ്ട് രീതികളിലാണ് അറിയപ്പെടുന്നത്. യഹൂദര്‍ “കോഷര്‍” (Kosher) എന്നു വിളിക്കുമ്പോള്‍ മുസ്ലിംകള്‍ ഇതിനെ “ഹലാല്‍” (Halal) എന്നു വിളിക്കുന്നു. മതപരമായും സാംസ്കാരികമായും എക്കാലത്തും വിയോജിച്ചുനില്‍ക്കുന്ന ഈ രണ്ട് മതസ്ഥരിലും ഇവരുടെ ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട് ചില സമാനതകൾ ഉണ്ടെന്നു പ്രത്യക്ഷത്തിൽ തോന്നിയേക്കാം. ഭക്ഷണോത്പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും പാചകം ചെയ്യുമ്പോഴും യഹൂദന്‍ കോഷര്‍ നിബന്ധനകളിലും മുസ്ലിംകള്‍ ഹലാല്‍ വ്യവസ്ഥകളിലും ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകാറില്ല എന്നതൊഴിച്ച് ഈ രണ്ട് ഭക്ഷണ രീതികളിലും യാതൊരു സമാനതയും ഇല്ല എന്നതാണ് വസ്തുത.
യഹൂദന്‍റെ കോഷര്‍ ഭക്ഷണത്തിന് ഹലാല്‍ രീതിയെക്കാള്‍ മതാത്മകതയും സാങ്കേതികമായി പ്രത്യേക ഒരുക്കങ്ങളുമുണ്ട്. ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളെയും മാംസത്തെയും അടിസ്ഥാനമാക്കിയാണ് തോറയില്‍ കോഷര്‍ വ്യവസ്ഥകൾ നിഷ്കര്‍ഷിച്ചിരിക്കുന്നത്. വെള്ളത്തിലും കരയിലും ആകാശത്തിലുമായി കഴിയുന്ന മത്സ്യ, മൃഗ, പക്ഷിജാലങ്ങളില്‍ മനുഷ്യന് ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ടവയുടെയും നിഷിദ്ധമായവയുടെയും നീണ്ട വിവരണങ്ങള്‍ പഴയനിയമത്തിലെ ലേവ്യര്‍, നിയമാവര്‍ത്തനം എന്നീ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. മൃഗങ്ങളെ ശുദ്ധിയുള്ളവയും ശുദ്ധിയില്ലാത്തവയും എന്നൊരു തരംതിരിവ് ഉല്‍പത്തി പുസ്തകം മുതലേ നിലനില്‍ക്കുന്നുണ്ട്. പെട്ടകത്തിലേക്ക് നോഹ മൃഗങ്ങളെ സ്വാഗതം ചെയ്തതുതന്നെ ശുദ്ധിയുള്ളവയില്‍നിന്നും ശുദ്ധി ഇല്ലാത്തവയില്‍ നിന്നുമായിരുന്നുവല്ലോ.
ശുദ്ധിയുള്ള മൃഗങ്ങളുടെ മാംസം മാത്രമേ യഹൂദന് ഭക്ഷിക്കാന്‍ അനുവാദമുള്ളൂ. നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ തന്നെ മൃഗത്തെ അറക്കുകയും നല്‍കപ്പെട്ട നിബന്ധനകളില്‍ തന്നെ മാംസം പാകം ചെയ്യുകയും വേണം; എങ്കില്‍ മാത്രമേ അത് കോഷര്‍ ഭക്ഷണം ആവുകയുള്ളൂ. യഹോവ മോശയോടു പറഞ്ഞതിന്‍ പ്രകാരം മൃഗങ്ങളെ അറുക്കുന്ന രീതിയെ ”ഷെഹിദ” (shehitah) എന്നു വിളിക്കുന്നു. ശുദ്ധിയുള്ള മൃഗത്തെ, നിര്‍വ്വചിക്കപ്പെട്ട ഷെഹിദ രീതിയില്‍ അറുത്തതിനാല്‍ അത് ഭക്ഷണത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നു; ഇതാണ് കോഷര്‍ മാംസം.
നിയമാവര്‍ത്തനം 12:21 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് കോഷര്‍ നിബന്ധനകളുടെ അടിസ്ഥാനമായി യഹൂദന്‍ കണക്കാക്കുന്നത്. “…ഞാന്‍ ആജ്ഞാപിച്ചിട്ടുള്ളതുപോലെ ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആടുമാടുകളെ കൊന്ന് നിങ്ങളുടെ പട്ടണത്തില്‍വച്ചുതന്നെ ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവിന്‍. കലമാനിനെയും പുള്ളിമാനിനെയും എന്നതുപോലെ ശുദ്ധനും അശുദ്ധനും അവ ഭക്ഷിക്കാം. ഒന്നു മാത്രം ശ്രദ്ധിക്കുക – രക്തം ഭക്ഷിക്കരുത്; രക്തം ജീവനാണ്; മാംസത്തോടൊപ്പം ജീവനെയും നിങ്ങള്‍ ഭക്ഷിക്കരുത്. നിങ്ങള്‍ അതു ഭക്ഷിക്കരുത്; ജലമെന്നതുപോലെ നിലത്തൊഴിച്ചു കളയണം. നിങ്ങള്‍ അതു ഭക്ഷിക്കരുത്. അങ്ങനെ കര്‍ത്തൃസന്നിധിയില്‍ ശരിയായതു പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകും”. ശുദ്ധിയുള്ള മൃഗത്തെ കൊന്ന്, അതിന്‍റെ രക്തം പൂര്‍ണ്ണമായും ഒഴുക്കിക്കളഞ്ഞ ശേഷമായിരിക്കണം മാംസം ഭക്ഷിക്കേണ്ടത് എന്നതാണ് കോഷർ നിബന്ധന.
യഹൂദന് കോഷര്‍ ഭക്ഷണം തയാറാക്കുന്നതിന് മറ്റ് ചില നിബന്ധനകള്‍കൂടി നിഷ്കര്‍ഷിച്ചിട്ടുണ്ട്. മാംസം പാചകം ചെയ്യുന്ന ഒരു വേളയിലും പാലോ പാല്‍ ഉത്പന്നങ്ങളായ വെണ്ണ, നെയ്യ്, ചീസ്, തൈര് എന്നിവ മാംസത്തോടൊപ്പം ഉപയോഗിക്കാൻ അനുവാദമില്ല. അതുപോലെ തന്നെ പാല്‍ ഉത്പന്നങ്ങള്‍ വേവിക്കുമ്പോള്‍ അതില്‍ മാംസോത്പന്നങ്ങളും പാടില്ല. പുറപ്പാട് 23:19, 34:26, നിയമാവര്‍ത്തനം 14:21 എന്നീ വാക്യങ്ങളില്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്ന ഒരു കാര്യമാണ് “ആട്ടിന്‍കുട്ടിയെ അതിന്‍െറ തള്ളയുടെ പാലില്‍ വേവിക്കരുത് ” എന്നത്. അതിനാല്‍ മാംസഭക്ഷണത്തോടൊപ്പം പാലിന്‍റെ ഏതെങ്കിലും വകഭേദം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു കോഷര്‍ അല്ല. ചുരുക്കത്തില്‍, അനുവദിക്കപ്പെട്ട മൃഗത്തെ അനുവദിക്കപ്പെട്ട രീതിയില്‍ അറുക്കുകയും പാകം ചെയ്യുമ്പോള്‍ പാല്‍ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പാകംചെയ്ത് ഭക്ഷിക്കുന്നതിനെയും എല്ലാം ഉള്‍പ്പെടുത്തിയാണ് കോഷര്‍ ഭക്ഷണം എന്ന് വിളിക്കുന്നത്.
യഹൂദ മതജീവിതത്തില്‍ കോഷര്‍ ഭക്ഷണങ്ങള്‍ അവരുടെ മതനിഷ്കര്‍ഷ ജീവിതത്തിന്‍റെ അടയാളംകൂടിയാണ്. മാംസം, പാല്‍ (Meat, Milk) എന്നീ രണ്ട് പേരുകളിലാണ് അടുക്കളയുടെ ഉള്‍ഭാഗം അറിയപ്പെടുക. സകലമാന ഭക്ഷണ സാധനങ്ങളും ഈ രണ്ട് ഗണത്തിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെട്ടിരിക്കും.
മാംസോത്പന്നങ്ങള്‍ എന്നും പാലുത്പന്നങ്ങള്‍ എന്നുമുള്ള വേര്‍തിരിവ് അടുക്കളയിലെ എല്ലാ സ്ഥലത്തിനും ഉപകരണങ്ങള്‍ക്കും ഉണ്ടായിരിക്കും. മാംസോത്പന്നങ്ങള്‍ പാകം ചെയ്യുന്നതിനുള്ള പ്രത്യേക അടുപ്പും പാത്രങ്ങളും പാല്‍ ഉത്പന്നങ്ങള്‍ പാകം ചെയ്യുന്നതിനുള്ള പ്രത്യേക അടുപ്പും പാത്രങ്ങളും യഹൂദൻ്റെ അടുക്കളയിൽ ഉണ്ടായിരിക്കും. പാത്രങ്ങള്‍ തമ്മില്‍ കൂടിക്കലരാതിരിക്കാന്‍ അവയെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് അവര്‍ സൂക്ഷിക്കുക. പാത്രങ്ങള്‍ കഴുകുന്നതും രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലായിരിക്കും. മാംസഭക്ഷണവുമായി ബന്ധപ്പെട്ട എല്ലായിടത്തും എല്ലാ ഉപകരണങ്ങളിന്മേലും പാത്രങ്ങളിന്മേലും ചുവന്ന നിറത്തില്‍ അടയാളം ഉണ്ടായിരിക്കും. പാല്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാറ്റിന്മേലും നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കും. മത്സ്യത്തെ പാല്‍ ഉത്പന്നങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാംസഭക്ഷണത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞിട്ടേ പാലൊഴിച്ച ചായോ കാപ്പിയോ യഹൂദര്‍ കുടിക്കുകയുള്ളൂ. മാംസഭക്ഷണത്തിനുശേഷം ഐസ്ക്രീം കഴിക്കാറില്ല.
യൂറോപ്പിലെയും അമേരിക്കയിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കോഷര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കോര്‍ണറുകളുണ്ട്. അവിടെ ലഭിക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണത്തിന്‍റെ ഒരു ഘട്ടത്തിലും പാല്‍ ഉത്പന്നങ്ങളോ മാംസ ഉത്പന്നങ്ങളോ തമ്മിൽ കലർന്നിട്ടില്ലെന്നും അവയുടെ നിര്‍മിതിയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ തമ്മില്‍ ഇടപഴകിയിട്ടില്ല എന്നുമുള്ള സാക്ഷ്യപ്പെടുത്തലാണ് കോഷര്‍ സര്‍ട്ടിഫിക്കേഷന്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോഷര്‍ ഭക്ഷണങ്ങളുടെ നിര്‍മാണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം, ഇവയുടെ നിര്‍മാണത്തിന്‍റെ ഒരു ഘട്ടത്തിലും ഏതെങ്കിലും പ്രത്യേക മന്ത്രോഛാരണങ്ങളോ പ്രാര്‍ത്ഥനകളോ ഇല്ല എന്നതാണ്.
“ഹലാല്‍” എന്ന അറബി വാക്കിന് അനുവദനീയം എന്ന അര്‍ത്ഥമാണുള്ളത്. ഒരു മുസ്ലീമിന് ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ട രീതിയില്‍ അറുത്ത മാംസത്തിനോ അതുകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണത്തിനോ ആണ് സാധാരണ ഹലാല്‍ എന്നു വിളിക്കുന്നത്. പ്രത്യേക മന്ത്രോച്ഛാരണത്തോടെ, മൃഗങ്ങളെ അറുക്കാന്‍ നിയുക്തനായ വ്യക്തി അറുത്ത് ചോര ഒഴുക്കിക്കളഞ്ഞുള്ള മാംസമാണ് ഹലാല്‍ മാംസം. പന്നിമാംസം അവര്‍ക്ക് നിഷ്ദ്ധമാകയാല്‍ അത് അനുവദിക്കപ്പെടാത്തത് എന്ന അര്‍ത്ഥത്തില്‍ “ഹറാം” എന്നു വിളിക്കുന്നു. യഹൂദനുള്ളതുപോലെ മാംസവും പാല്‍ ഉത്പന്നങ്ങളും തമ്മില്‍ കൂടുക്കലര്‍ന്നുള്ള ഭക്ഷണപാനീയങ്ങള്‍ ഒരു വിധത്തിലും ഇസ്ലാമില്‍ നിഷിദ്ധമല്ല. മൃഗത്തെ അറുക്കുന്നതില്‍ മാത്രമേ ഹലാല്‍ വ്യവസ്ഥ നിര്‍ബന്ധമുള്ളൂ. മറ്റൊരു ഉത്പന്നത്തിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഇസ്ളാമിക മതബോധനങ്ങളുടെ ഭാഗമായി ആവശ്യമില്ല. ഇംഗ്ലണ്ടില്‍, ശക്തമായ മതനിഷ്ഠയുള്ള പാക്കിസ്ഥാനികളുടെ കടകളില്‍പോലും മാംസം ഒഴികെ ഹലാല്‍ മുദ്രയുള്ള ഒരു ഉത്പന്നവും വില്‍പ്പനയ്ക്ക് വച്ചിട്ടില്ല. പലചരക്ക് കടകളിലെ ഉത്പന്നങ്ങളില്‍ ഇപ്രകാരമൊരു വേര്‍തിരിവ് ലോകത്ത് ഒരു ഇസ്ലാമിക സമൂഹത്തലും ഉണ്ടെന്നും തോന്നുന്നില്ല.
കേരളത്തില്‍ ഇപ്പോള്‍ ഹലാല്‍ ഉത്പന്നങ്ങളുടെ പേരില്‍ വലിയ വിവാദങ്ങളാണ് നടക്കുന്നത്. മാംസവും മത്സ്യവും ഉള്‍പ്പെടെ പപ്പടം പോലും ഹലാല്‍ മുദ്രയടിച്ച് വില്‍ക്കുന്ന ഒരുതരം കച്ചവടതന്ത്രത്തിന്‍റെ ഭാഗമായാമാണ് കേരളത്തില്‍ പുതിയ ഹലാല്‍ ഉത്പന്ന വിപണി രംഗപ്രവേശം ചെയ്തിരിക്കുന്നത്. മതവികാരത്തെ ചൂഷണം ചെയ്തുകൊണ്ട് കച്ചവടം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു തന്ത്രം മാത്രമാണിത്. ഈ തന്ത്രം സംസ്ഥാനത്തിന്‍റെ എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന നിഗൂഡ അജണ്ട കേരളത്തിലെ ബഹുസ്വര സമൂഹത്തിന്‍റെ സമാധാന ജീവിതത്തെയാണ് ഇന്ന് തകിടം മറിക്കുന്നത്. ഇത് ഗുരുതരമായ സംഗതിയാണ്. സമൂഹത്തില്‍ അന്തഃഛിദ്രം സൃഷ്ടിക്കാനുള്ള ഇത്തരം കുത്സിതശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. തമിഴന്‍ ഉണ്ടാക്കുന്ന പരിപ്പും ഉഴുന്നും എല്ലാം ഹലാല്‍ മുദ്രയുള്ള പായ്ക്കറ്റിലാകുന്നതോടെ ഹലാല്‍ ആകില്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളി മുസ്ലിംകള്‍ക്ക് ഉണ്ട്. എന്നാല്‍ ചില തല്‍പരകക്ഷികളുടെ തന്ത്രങ്ങളില്‍ ഇവരും വീണുപോകുന്നു എന്നതാണ് സ്ഥിതി.
മാംസഭക്ഷണത്തെ നിരോധിക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരേ പോത്തിനെ വെട്ടി “ബീഫ് ഫെസ്റ്റിവല്‍” സംഘടിപ്പിച്ച പുരോഗമനവാദികളും ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവിടെ നിശ്ശബ്ദമാകുന്നത് എന്തുകൊണ്ടാണ് എന്നത് നിഗൂഡമാണ്. മതവിഷയങ്ങളില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പക്ഷംപിടിച്ചു നടത്തുന്ന പ്രതികരണങ്ങളാണ് കേരളത്തില്‍ ഇന്ന് ഇത്തരം സാമൂഹികപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നത്. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള മലയാളിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരേ കവലകള്‍തോറും പ്രസംഗിച്ചവരെല്ലാം ഇപ്പോള്‍ നിശ്ശബ്ദരാണ്.
സകല ഉത്പന്നങ്ങളിന്മേലും ഹലാല്‍ മുദ്രയടിച്ച് വില്‍പ്പനയ്ക്കു വച്ച്, ഭക്ഷ്യോത്പന്നങ്ങളില്‍ മതം തള്ളിക്കയറ്റുകയും അതിലൂടെ ഇതരമതവിശ്വാസികളുടെ വിശ്വാസബോധ്യങ്ങളെ വൃണപ്പെടുത്തുകയും നൂറുകണക്കിന് അമുസ്ലീംകളായ കച്ചവടക്കാരുടെ ജീവിതമാര്‍ഗ്ഗം തടസപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രവണതകള്‍ കേരള സാമൂഹികജീവിതത്തെ ഏറെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നുണ്ട്. കേരള സര്‍ക്കാര്‍ ഇവിടെ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്.
ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏതുതരം ഭക്ഷണവും തെരഞ്ഞെടുക്കുന്നതിനും കഴിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ ബൈബിളിൽ വിവരിക്കുന്നത് നോക്കുക. “ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനഃശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും അതിലുള്ള സര്‍വ്വവും കര്‍ത്താവിന്‍റേതാണ്. അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്താല്‍ വിളമ്പിത്തരുന്നതെന്തും മനഃശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനഃസാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്‍െറ മനഃസാക്ഷിയല്ല അവന്‍േറതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്‍െറ സ്വാതന്ത്ര്യം മറ്റൊരുവന്‍െറ മനഃസാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം? കൃതജ്ഞതയോടൊയണ് ഞാന്‍ അതില്‍ ഭാഗഭാക്കാകുന്നതെങ്കില്‍, ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്ന ഒന്നിനുവേണ്ടി എന്തിന് എന്നെ കുറ്റപ്പെടുത്തണം? അതിനാല്‍, നിങ്ങള്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിൻ” (1 കൊറി 10:25-31)
ഈ വചനത്തിൽ പറയുന്ന ചില കാര്യങ്ങൾ നോക്കുക: ഒന്നാമതായി ഏതൊരു മാംസവും -ഹലാലോ കോഷറോ, ഇവ രണ്ടുമല്ലാത്തവയോ – മനഃശ്ചാഞ്ചല്യം കൂടാതെ വാങ്ങി ഭക്ഷിച്ചുകൊള്ളുക. രണ്ടാമത്, അക്രൈസ്തവര്‍ ഭക്ഷണത്തിന് വിളിച്ചാല്‍ അത് നിരസിക്കേണ്ട ആവശ്യമില്ല. മൂന്നാമത്, മറ്റ് ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിച്ചതാണ് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ഈ വിവരം അറിയിച്ച ആളെക്കരുതിയും അയാളുടെ മനഃസാക്ഷിയെക്കരുതിയും ഭക്ഷിക്കരുത്. ആരും ചൂണ്ടിക്കാണിക്കാനില്ലെങ്കില്‍ മനഃശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. നാലാമത്, ഭക്ഷിക്കുകയോ പാനംചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി നന്ദിയോടെ ചെയ്യുക.
ഹലാല്‍രഹിത ഭക്ഷണം ലഭ്യമല്ലാത്ത സ്ഥലങ്ങള്‍ നിരവധിയുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കു ഹലാല്‍ മാംസമല്ലാതെ മറ്റൊന്നും ലഭ്യമാകില്ല. അപ്പോഴെല്ലാം “മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഏതൊരു മാംസവും മനഃശ്ചാഞ്ചല്യം കൂടാതെ ഭക്ഷിക്കാം” എന്ന ദൈവവചനം ഓര്‍മിക്കുക. എന്നാല്‍, മൃഗത്തെ അറുക്കുമ്പോള്‍ ഹലാല്‍ ആക്കുന്നതിന് വേണ്ടി പ്രത്യേക മന്ത്രോഛാരണം ചൊല്ലുന്നു എന്നത് ആരുടെയെങ്കിലും മനഃസാക്ഷിയെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ ആ മാംസത്തോയോ ഭക്ഷണത്തെയോ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിച്ച് വിശുദ്ധീകരിച്ച് ഭക്ഷിക്കുക.
യേശുക്രിസ്തുവിന്‍റെ നാമത്തിനു മുന്നില്‍ മുട്ടുകൾ മടങ്ങാത്തതായ ഒരു സൃഷ്ടിയും ഈ മഹാപ്രപഞ്ചത്തില്‍ ഇല്ല എന്ന ബോധ്യമാണ് ഓരോ ക്രൈസ്തവനും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടത്. “യേശുക്രിസ്തുവിന്‍െറ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുകയും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍െറ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുകയും ചെയ്യും” ( ഫിലി. 2:10,11). ഇതാണ് ക്രിസ്തുവിശ്വാസത്തിന്‍റെ അടിസ്ഥാനം. അവിടുന്നുവഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും സകലവും സൃഷ്ടിക്കപ്പെടുകയും ചെയ്തു. മഹാപ്രപഞ്ചത്തെക്കാളും ശക്തിമത്തായ ഈ യാഥാര്‍ത്ഥ്യത്തെ തകര്‍ത്തുകളയാന്‍ ഒരു മന്ത്രോഛാരണത്തിനും കഴിയുകയില്ല എന്ന അടിയുറച്ച വിശ്വാസം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടാകണം. ഇതിന്‍റെ അടിസ്ഥാനത്തില്‍, ഭക്ഷണം എന്തുമാകട്ടെ, അതു കഴിക്കുന്നതിന് മുമ്പ് കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുക. ഒരു ബാധയും നിനക്ക് ഏല്‍ക്കുകയില്ല, ഒരു ആഭിചാരവും നിനക്ക് ഫലിക്കുകയുമില്ല. ഇപ്രകാരം പ്രാര്‍ത്ഥിക്കേണ്ടതിന് ഒരു മാതൃകാ പ്രാര്‍ത്ഥന ഇവിടെ രേഖപ്പെടുത്തുന്നു.
“പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകസത്യദൈവത്തിന്‍റെ അതിപരിശുദ്ധ നാമത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും നിത്യവും ഉണ്ടായിരിക്കട്ടെ. ദൈവത്തിന്‍റെ ഏകപുത്രനും സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നവനും എന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഈ ഭക്ഷണത്തിനായി ഞാന്‍ പ്രാർത്ഥിക്കുന്നു. ഈ ഭക്ഷണപാനീയത്തിന്മേല്‍ വ്യാപരിക്കുന്ന എല്ലാ ആഭിചാര മന്ത്രങ്ങളും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിര്‍വീര്യമായിപ്പോകട്ടെ എന്നു കല്‍പ്പിക്കുന്നു. ഈ ഭക്ഷണപാനീയത്തിലൂടെ ആരോഗ്യത്തോടെയിരിക്കുവാനും ദൈവമേ, അവിടുത്തെ മഹത്വത്തിനായി ജീവിക്കുവാനും എനിക്ക് (ഞങ്ങള്‍ക്ക്) ഇടയാകട്ടെ. ഈ സമയത്ത് എനിക്ക് (ഞങ്ങള്‍ക്ക്) ഭക്ഷിക്കുവാനും പാനം ചെയ്യുവാനുമായി ദൈവമേ അവിടുന്ന് നല്‍കിയിരിക്കുന്ന എല്ലാറ്റിനുമായി അങ്ങയോടു ഞാന്‍ (ഞങ്ങള്‍) നന്ദി പറയുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മവുമായ സര്‍വ്വേശ്വരാ, ആമേന്‍”
ക്രൈസ്തവ വിശ്വാസത്തിന് അടിസ്ഥാനമായി ദൈവികതയില്‍ നിലകൊള്ളുന്ന പരിശുദ്ധ ത്രീയേകത്വം, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നിസ്തുല്യത, അവിടുത്തെ നാമത്തിന്‍റെ ശക്തി, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വിശ്വസിക്കുന്ന ദൈവമക്കള്‍ക്ക് സംലഭ്യമായിരിക്കുന്ന ആത്മീയ അധികാരങ്ങള്‍ എല്ലാം ഉയര്‍ത്തിയുള്ള ഈ പ്രാര്‍ത്ഥനയിലൂടെ അന്യമത മന്ത്രോഛാരണങ്ങള്‍ നിഷ്ഫലമാവുകയും അവയുടെ സ്വാധീനശക്തി നിഷ്ക്രിയമാവുകയും ചെയ്യും.