Wednesday, November 6, 2024
No menu items!
Homeആനുകാലികംഹബ്ബ്ള്‍ ടെലിസ്കോപ്പും 21-ാം നൂറ്റാണ്ടിലെ ദൈവവിശ്വാസവും

ഹബ്ബ്ള്‍ ടെലിസ്കോപ്പും 21-ാം നൂറ്റാണ്ടിലെ ദൈവവിശ്വാസവും

നാസ ഹബ്ബ്ള്‍ ടെലിസ്കോപ്പ് ശൂന്യാകാശത്തേക്ക് അയച്ചിട്ട് 30 കൊല്ലം കഴിഞ്ഞിരിക്കുന്നു. 2020 ഏപ്രില്‍ 24ന് അതിന്‍റെ മുപ്പതാം വാര്‍ഷികമായിരുന്നു. എല്ലാ വര്‍ഷത്തിലും എന്നതുപോലെ അനന്തതയിലെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രം അയച്ചുതന്നുകൊണ്ടാണ് പ്രപഞ്ചവിസ്മയങ്ങളിലേക്കു തുറക്കുന്ന ആ കണ്ണുകള്‍ മനുഷ്യന്‍റെ ശാസ്ത്രബോധത്തിന്‍റെയും ബുദ്ധിശക്തിയുടെയും അന്വേഷണത്വരയുടെയും ആഴവും വ്യാപ്തിയും നമ്മെ വീണ്ടും ബോധ്യപ്പെടുത്തിയിരിക്കുന്നത

1,63,000 പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്, നമ്മുടെ ക്ഷീരപദം ഗാലക്സിയോടു ചേര്‍ന്ന്, നക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പ്രദേശത്തിന്‍റെ ചിത്രങ്ങളാണ് ഹബ്ബ്ള്‍ ഇക്കുറി ഭൂമിയിലേക്ക് അയച്ചു തന്നിരിക്കുന്നത്. വിക്ഷേപിച്ചിട്ട് മുപ്പതു കൊല്ലത്തിനുള്ളില്‍ പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യൻ്റെ അനുമാനങ്ങളെയെല്ലാം മാറ്റിമറിച്ച നിരവധി ചിത്രങ്ങളാണ് ഈ ടെലിസ്കോപ്പ് നാസയ്ക്ക് ഇതിനോടകം കൈമാറിയിരിക്കുന്നത്. 25-ാം വാര്‍ഷികത്തില്‍ ഒരു നക്ഷത്രസമുച്ചയത്തിന്‍റെ മനോഹരമായ ചിത്രമായിരുന്നു അയച്ചു തന്നത്. മനുഷ്യനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ കാണിച്ച് വിസ്മയിപ്പിച്ചുകൊണ്ട് ഇനിയും അനേകവര്‍ഷം ഹബ്ബ്ള്‍ ടെലിസ്കോപ്പ് ഭൂമിക്കുവെളിയിലുള്ള ദീർഘദൃഷ്ടികളുമായി അനന്തതയെ നോക്കി നിലകൊള്ളും എന്നാണ് ഇതിന്‍റെ ഉടമസ്ഥരായ നാസയും യൂറോപ്യന്‍ സ്പേസ് എജന്‍സിയും പറയുന്നത്. ഇനി എന്തൊക്കെ നാം കാണാനിരിക്കുന്നു?

ഹബ്ബ്ള്‍ ടെലിസ്കോപ്പിന്‍റെ പിന്‍ഗാമിയായി 2021ല്‍ വിക്ഷേപിക്കാന്‍ പോകുന്ന ജയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് (James Webb Space Telescope or JWST or Webb Telescope) ഇതുവരെ മനുഷ്യന്‍ നേടിയെടുത്ത എല്ലാ ശാസ്ത്രീയ അറിവുകളുടെയും പാരമ്യത്തിലുള്ള ടെലിസ്കോപ്പായിരിക്കും. ഭൂമിയില്‍നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെ നിലയുറപ്പിച്ചുകൊണ്ടാണ് മഹാപ്രപഞ്ചത്തിന്‍റെ നിഗൂഡതകളിലേക്ക് മിഴിതുറക്കാന്‍ “വെബ്ബ്” തയാറെടുക്കുന്നത്. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരും മറ്റ് നിരവധി സാങ്കേതികവിദഗ്ധരുമാണ് വെബ്ബ് ടെലിസ്കോപ്പിന്‍റെ കുതിപ്പിനും കണ്ടെത്തലുകള്‍ക്കും വേണ്ടി പിന്നണിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രപഞ്ചരൂപീകരണത്തിനുള്ള അടിസ്ഥാന ശക്തിയെക്കുറിച്ചുവരെയുള്ള കണ്ടെത്തലുകള്‍, ഏറ്റവുമാദ്യം രൂപംകൊണ്ട നക്ഷത്രത്തിന്‍റെയും ഗാലക്സിയുടെയും ആരംഭം, അതിനുള്ള കാരണങ്ങള്‍… തുടങ്ങി നൂറുകണക്കിന് കാര്യങ്ങളുടെ കണ്ടെത്തലുകളാണ് വെബ് ടെലിസ്കോപ്പിലൂടെ ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഈ മഹാപ്രപഞ്ചത്തിലെ കോടാനുകോടി ഗ്രഹങ്ങളില്‍ ഒട്ടും പ്രസക്തമല്ലാത്ത ഒരു കൊച്ചു ഗ്രഹത്തിലെ കേവലം ആറടി പൊക്കമുള്ള ഒരു ജീവിയായ മനുഷ്യനാണ് ഈ മഹത്തായ കണ്ടെത്തലുകളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കന്നത് എന്നതാണ് ഇതിലെല്ലാം ഏറെ അത്ഭുതകരമായ കാര്യം!

1600 കളില്‍ ഒരു കൊച്ച് ടെലിസ്കോപ്പ് ഉണ്ടാക്കി ആകാശത്തിലെ അത്ഭുതക്കാഴ്ചക്കളിലേക്ക് മിഴിപായിച്ച ഗലീലിയോയുടെ സ്ഥാനത്തുനിന്നും ഇന്ന് മനുഷ്യന്‍ ബഹിരാകാശ വിഷയങ്ങളില്‍ എത്രയോ പുരോഗമിച്ചിരിക്കുന്നു! ഇനി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന സാങ്കേതികവിദ്യകള്‍ എന്തൊക്കെ ആയിരിക്കും എന്നു ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ കാണാന്‍ കഴിയുന്നത് തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ്. മനുഷ്യന്‍റെ ആഗ്രഹങ്ങളും അന്വേഷണത്വരയും പ്രപഞ്ചം പോലെ പരിമിതിയില്ലാത്തതാണ്. തലമുറകള്‍ മാറിവരുന്തോറും ഈ താല്‍പര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കൊല്ലങ്ങളായി മനുഷ്യവംശം ആര്‍ജ്ജിച്ചെടുത്ത മുഴുവന്‍ അറിവുകളുടെയും സമ്പാദ്യത്തിന് അവകാശിയായിട്ടാണ് ഇന്ന് ഓരോ കുഞ്ഞും പിറന്നുവീഴുന്നത്. ലോകം ഇന്ന് കൂടുതല്‍ ശാസ്ത്രമയമായതിനാല്‍ ഈ അറിവിനെ ഉപജീവിച്ച് തന്‍റെ ചക്രവാളം വികസിപ്പിക്കുക മാത്രമേ അവന് ചെയ്യുവാനുള്ളൂ.

ശാസ്ത്രം വളരുന്തോറും പ്രപഞ്ചത്തേക്കുറിച്ചുള്ള നിഗൂഡതകള്‍ ഇല്ലാതെയാകുന്നു. എന്നാല്‍ പ്രപഞ്ചനിഗൂഢതകള്‍ ഓരോന്നും വെളിപ്പെടുന്തോറും ഇതിന്‍റെയെല്ലാം സൃഷ്ടാവിന്‍റെ ഭയങ്കരത്വവും അതോടൊപ്പം ഈ കണ്ടുപിടിത്തങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യനെക്കുറിച്ചുള്ള നിഗൂഢതകളും വര്‍ദ്ധിക്കുന്നു. മനുഷ്യന് എങ്ങനെ ഇതൊക്കെ സാധിക്കുന്നു? മനുഷ്യമസ്തിഷ്കം എത്രമേല്‍ ശക്തിമത്താണ്? അതിന് പരിമിതിയില്ലേ? പ്രപഞ്ചനിഗൂഢതകള്‍ അനാവൃതമാകുന്തോറും മനുഷ്യനെക്കുറിച്ചുള്ള വിസ്മയങ്ങളാണ് വാസ്തവത്തില്‍ ഇരട്ടിക്കുന്നത്.

ഗതാഗതം, ആരോഗ്യരംഗം, വാര്‍ത്താവിനിമയം, സാമ്പത്തികരംഗം തുടങ്ങി അറിവിന്‍റെ നാനാവഴികളിലേക്കും കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ വന്‍കുതിപ്പാണ് മനുഷ്യന്‍ ഉണ്ടാക്കിയത്. 1997ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ജര്‍മിനി സന്ദര്‍ശിക്കുന്ന സമയത്ത്, കാറിലിരുന്ന് മൊബൈല്‍ ഫോണിലൂടെ കേരളത്തിലായിരുന്ന തൻ്റെ ഭാര്യയോടു സംസാരിച്ചു എന്നത് വലിയ അത്ഭുതമയിട്ടാണ് അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ വിവരിച്ചത്! എന്നാല്‍, ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ എത്രമേല്‍ ആധുനികമായിരിക്കുന്നു! ഇപ്രകാരം ഓരോ സാങ്കേതികരംഗത്തും കുതിച്ചു മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി വന്ന “കോവിഡ് 19” എന്ന വൈറസ് എല്ലാവരേയും മുൾമുനയിൽ നിർത്തുന്നതും നാം കണ്ടു!

മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന വിധത്തിലാണ് കോവിഡ് ബാധ എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആദ്യസമയത്ത് പ്രചാരണം. 1937ല്‍ നീല്‍ ഗ്രാന്‍റ് എന്ന ബ്രിട്ടീഷുകാരന്‍ എഴുതിയ “ദി ലാസ്റ്റ് വാർ” എന്ന ഗ്രന്ഥത്തിലെ സംഭവങ്ങള്‍ക്ക് തുല്യമായി കോവിഡ് ബാധയെ കുറേപ്പേര്‍ പ്രചരിപ്പിച്ചു. ലോകരാജ്യങ്ങള്‍ തമ്മില്‍ ജൈവായുധം പ്രയോഗിച്ച് നടന്ന യുദ്ധത്തില്‍ മാരകവൈറസുകള്‍ മനുഷ്യവംശത്തെ പൂര്‍ണ്ണമായി ഇല്ലാതെയാക്കുന്നതാണ് ഈ നാടകത്തിലെ ഇതിവൃത്തം. മനുഷ്യന്‍ ഇല്ലാതായ ഭൂമിയില്‍ മൃഗങ്ങള്‍ സമ്മേളിക്കുന്നതും മനുഷ്യനെക്കുറിച്ചു മൃഗങ്ങള്‍ക്കള്ള “ഫീഡ് ബാക്ക്” അവര്‍ അവതരിപ്പിക്കുന്നതുമാണ് കഥ പുരോഗമിക്കുമ്പോള്‍ കാണുന്നത്.

ആണവശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇതിലും ഭയാനകമായിരിക്കും മനുഷ്യവംശത്തിന്‍റെ സ്ഥിതി. ഇന്ത്യയും പാക്കിസ്ഥാനം തമ്മില്‍ ഒരു ആണവയുദ്ധമുണ്ടായാല്‍ സംഭവിക്കുന്നത് എന്തായിരിക്കും എന്ന് ശാസ്ത്രലോകവും വിവിധ മാധ്യമങ്ങളും വിലയിരുത്തിയിരുന്നു. 2018ല്‍ കാഷ്മീരിലെ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ 40 പട്ടാളക്കാര്‍ മരിച്ചതിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനം തമ്മില്‍ വളരെ വലിയ സംഘര്‍ഷം ഉടലെടുത്തു. ഈ സമയത്ത് ഇന്ത്യാ -പാക്കിസ്ഥാന്‍ യുദ്ധമുണ്ടായേക്കുമെന്നും അത് ആണവയുദ്ധമായി മാറിയാല്‍ നാലു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ മനുഷ്യവംശവും ഇല്ലാതെയാകുമെന്നുമായിരുന്നു പഠനങ്ങള്‍. ഇരുരാജ്യങ്ങളിലുമായി 150 ഓളം ആണവായുധങ്ങളാണിരിക്കുന്നത്. ആണവയുദ്ധമുണ്ടായാല്‍ കോടിക്കണക്കിന് ടണ്‍ പുകപടലങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുകയും ഇത് ഭൂമിയിലേക്ക് സൂര്യപ്രകാശം കടന്നുവരുന്നതിനെ തടഞ്ഞ് ഭൂമിയില്‍ ഹിമയുഗം ആവിർഭവിക്കുകയും ചെയ്യുമത്രെ. കൃഷിയില്ലാതെ, ഭക്ഷണമില്ലാതെ മനുഷ്യനും ജീവജാലങ്ങളുമെല്ലാം അതോടെ പട്ടിണി കിടന്ന് നശിക്കും!

മനുഷ്യന്‍ മനുഷ്യനെതിരേ പ്രയോഗിക്കാന്‍ ഏതാണ്ട് 14,000 ആണവപോര്‍മുനകളുള്ള ആയുധങ്ങളാണ് 2019ലെ കണക്കുകള്‍ പ്രകാരം ഏതാനും രാജ്യങ്ങള്‍ മാത്രം കൈവശം വച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് ഈ ഭൂമിയെ കുറഞ്ഞത് നൂറില്‍ ഏറെ തവണ ചുട്ടെരിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ ആണവ ശക്തികള്‍ തമ്മില്‍ ഒരു മൂന്നാം ലോക യുദ്ധമുണ്ടായാല്‍ അറുപത് സെക്കന്‍ഡിനുള്ളില്‍ മുഴു മനുഷ്യവംശവും ഇല്ലാതെയാകും എന്നാണ് 2020 എപ്രില്‍ 25ന് “ഡെയ്ലി സ്റ്റാര്‍” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ 2020 ആയപ്പോഴേക്കും സംഗതി ആകെ തിരിഞ്ഞുമറിഞ്ഞു. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി അദൃശ്യനായ ശത്രു ‘കോവിഡ് 19’ എന്ന പേരില്‍ രംഗപ്രവേശം ചെയ്തു. അതോടെ ആയുധമത്സരങ്ങളോ വീമ്പുപറച്ചിലോ ഒന്നുമില്ല. ലോകത്തിലുള്ള എല്ലാ രാജ്യങ്ങളുടെയും പട്ടാളക്കാരും നാസയിലെ ശാസ്ത്രജ്ഞന്മാര്‍ പോലും ഈ വൈറസ് ബാധയെ ഭയപ്പെട്ടിരിക്കുന്നു. പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങള്‍ കണ്ടെത്തുവാനായി വെബ് ടെലിസ്കോപ്പ് നിര്‍മിച്ച് അതിന്‍റെ അവസാന പരീക്ഷണങ്ങളിലേക്ക് കടക്കുന്ന വേളയിലുള്ള കോവിഡ് വിളയാട്ടം നമ്മെ ഏറെ വിചിത്രമായ രീതിയില്‍ ആശങ്കാകുലരാക്കിയിരിക്കുന്നു. ഈ ഗ്രഹത്തില്‍ നാം എത്രമേല്‍ ദുര്‍ബലരാണെന്ന സത്യമാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്നത്. എത്രമേല്‍ പ്രബലനായ മനുഷ്യനും നിസ്സാഹായനാകുന്ന ഒരുവസ്ഥ ഉണ്ടെന്ന് കോവിഡ് ബാധ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു.

കോവിഡ് നിയന്ത്രണാതീതമായതോടെ നിരീശ്വരന്മാര്‍ സടകുടഞ്ഞെഴുന്നേറ്റു. ശാസ്ത്ര പരീക്ഷണങ്ങൾ ശക്തമാവുകയും വാക്സിൻ പരീക്ഷണം പല രാജ്യങ്ങളിലും ആരംഭിക്കുകയും ചെയ്തതോടെ “ശാസ്ത്രം ജയിക്കുന്നു; ദൈവം പരാജയപ്പെട്ടു” എന്ന പതിവ് മുദ്രാവാക്യവുമായി അവർ കളത്തിലിറങ്ങി. വാക്സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ശക്തിപ്പെടുകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയും ചെയ്തതോടെ യുക്തിവാദികൾക്കും നിരീശ്വരവാദികൾക്കും വീറും വാശിയും കൂടുന്നു.

യുക്തിവാദികളുടെ ഈ തോന്നലുകൾക്ക് യുക്തിയുണ്ടോ ? ദൈവവിശ്വാസി യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള സകലതും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. ആ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് അടുക്കും ചിട്ടയോടുംകൂടി മനുഷ്യന്‍ അന്വേഷിച്ചു മുന്നേറുന്നു. ഹബ്ബ്ള്‍ ടെലിസ്കോപ്പും വെബ് ടെലിസ്കോപ്പും നിര്‍മിക്കാനും കൊറോണ വാക്സിന്‍ കണ്ടുപിടിക്കാനും മനുഷ്യന്‍ അവലംബിക്കുന്ന അന്വേഷണരീതിയെ ആണല്ലോ “ശാസ്ത്രം” എന്നു വിളിക്കുന്നത്. വിദൂരതയിലുള്ള ഗാലക്സികളിലേക്ക് എത്തിച്ചേരുന്നതിനും വൈറസ് വെല്ലുവിളികളെ നേരിടുന്നതിനായി വിവിധ ഉപകരണങ്ങളും പ്രതിവിധികളും മനുഷ്യന്‍ കണ്ടെത്തുന്നു. ഈ കണ്ടെത്തലുകളുടെയെല്ലാം അടിസ്ഥാന ഘടകം ദൈവസൃഷ്ടിയായ മനുഷ്യമസ്തിഷ്കം തന്നെയാണ്. “ദൈവം അവരെ അനുഗ്രഹിച്ചു: ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ ” (ഉല്‍പ്പത്തി 1:28).

എല്ലാ കീഴടക്കിലിലും ആക്രമണവും ചെറുത്തുനില്‍പ്പും ഉണ്ടായിരിക്കുമല്ലോ. ഭൂമിയെയും അതിലുള്ള പ്രതികൂലങ്ങളെയും കീഴടക്കി അതിജീവനം സാധ്യമാക്കുന്നതിന് ദൈവം മനുഷ്യന് നല്‍കിയ വജ്രായുധമാണ് മനുഷ്യമസ്തിഷ്കം. ഇതിനോടകം നിരവധി പ്രതികൂലങ്ങളെ കീഴടക്കിത്തന്നെയാണ് മനുഷ്യവംശം ഇവിടെ വരെയെത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്ന് ദൈവം സൃഷ്ടിച്ചാക്കിയ മനുഷ്യന്‍ വെറും കല്ലിനെ ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് തുടങ്ങിയ ജീവിതമാണ് ഇന്ന് വെബ് ടെലിക്സോപ്പില്‍വരെ എത്തിനില്‍ക്കുന്നത്. മനുഷ്യമസ്തിഷ്കത്തിന്‍റെ ശക്തി എത്രമേല്‍ ഉണ്ടെന്ന് അറിയണമെങ്കില്‍ സങ്കീര്‍ത്തനം 8:3-5 വാക്യങ്ങള്‍ ശ്രദ്ധിക്കണം. “നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തേയും നീ ഉണ്ടാക്കിയ ചന്ദ്രനേയം നക്ഷത്രങ്ങളെയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം? നീ അവനെ ദൈവദൂത്മാരേക്കാള്‍ അല്‍പ്പം മാത്രം താഴ്ത്തി”.

മനുഷ്യനെ അത്ര നിസ്സാര ജീവിയായിട്ടല്ല ദൈവം സൃഷ്ടിച്ചത്. ഈ സൃഷ്ടി, നക്ഷത്രവ്യൂഹങ്ങളിലേക്കും പ്രപഞ്ചവിസ്മയങ്ങളിലേക്കും അതിൻ്റെ നിഗൂഢതകളിലേക്കും കടന്നുചെന്നില്ലെങ്കിലേ അത്ഭുതപ്പെടുവാനുള്ളൂ. അതിനു സാധിക്കാതെ വരുമ്പോഴേ ദൈവം പരാജയപ്പെടുകയുള്ളൂ. മനുഷ്യന്‍ അത്യത്ഭുതം നിറഞ്ഞ കണ്ടെത്തലുകള്‍ നടത്തുന്തോറും ദൈവത്തിന്‍റെ വിജയമാണ് പ്രഘോഷിക്കപ്പെടുന്നത്.

മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത എല്ലാ അറിവുകളുടെയും തുടക്കം ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നും ആയിരുന്നു. എല്ലാ ശാസ്ത്രശാഖയും ഈ അന്വേഷണത്തിന്‍റെ വിവിധങ്ങളായ മേഖലകളിലൂടെ ദൈവാന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, അറിയുന്തോറും കുറേ മനുഷ്യര്‍ ദൈവത്തില്‍നിന്ന് അകന്നുപോയി. അതില്‍ സാധാരണക്കാര്‍ മുതല്‍ പ്രഗത്ഭ ശാസ്ത്രജ്ഞര്‍ വരെയുണ്ട്. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവാനുള്ള വ്യഗ്രതയില്‍ മനുഷ്യന്‍ മനുഷ്യന്‍റെതന്നെ ശത്രുവായി. അറിവ് ദൈവത്തിലേക്ക് നയിച്ചില്ല. യഹൂദകൂട്ടക്കൊലയില്‍ ഹിറ്റ്ലറെ സഹായിച്ചത് ജർമിനിയിലെ യൂണിവേഴ്സിറ്റി പ്രഫസര്‍മാരും ഗവേഷകരുമായിരുന്നു എന്നറിയുമ്പോഴേ മനുഷ്യന്‍ തന്‍റെ അറിവിനെ ഉപയോഗിച്ച് കീഴടക്കാന്‍ ശ്രമിച്ചത് മനുഷ്യനേ തന്നെയായിരുന്നു എന്ന യാഥാര്‍ത്ഥ്യം കണ്ട് നാം ഞെട്ടിപ്പോകുന്നത്.

ലോകത്തിലെ ഓരോ പ്രതികൂലത്തെയും കീഴടക്കിക്കഴിയുമ്പോഴും ദൈവത്തോടു മത്സരിച്ചു ജയിക്കുന്നു എന്നാണ് പലരുടെയും ഭാവം. പ്രത്യേകിച്ച്, കൂപമണ്ഡൂകങ്ങളായ യുക്തിവാദികളുടെ ഭാവം. അറിവിന്‍റെ എല്ലാ ശാഖകളുടെയും അടിസ്ഥാനപരമായ കണ്ടെത്തലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നമേ നടത്തിയത് യഹൂദരും ക്രൈസ്തവരും ഉള്‍പ്പെടുന്ന ദൈവവിശ്വാസികള്‍ തന്നെയായിരുന്നു.

ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ എന്ന് ദൈവം മനുഷ്യനോട് ആണ് ആവശ്യപ്പെട്ടത്. ഇതില്‍ ക്രിസ്ത്യാനിയും യഹൂദനും ഇതരമതസ്ഥരും യുക്തിവാദികളും എല്ലാം ഉള്‍പ്പെടുന്നു. അതിനാല്‍ എല്ലാ ശാസ്ത്രീയ നേട്ടങ്ങളും കോവിഡിന് വാക്സിന്‍ കണ്ടെത്തുന്നതുപോലും മനുഷ്യന്‍റെ കണ്ടെത്തലാണ്. ഇവിടെ നിരീശ്വരന്‍റെ കണ്ടെത്തല്‍പോലും സകലത്തെയും കീഴടക്കുവാനുള്ള ദൈവകല്‍പ്പനയുടെ അടിസ്ഥാനത്തിൽ ആന്തരികമായി മഥിക്കുന്ന അന്വേഷണത്വരയുടെ ഫലമായിട്ടായിരിക്കും. അതിനാല്‍ ശാസ്ത്രവും വിശ്വാസവും പരസ്പരം പോരടിക്കുന്നില്ല, ഇവ രണ്ടും പരസ്പരപൂരകങ്ങളായ യാഥാര്‍ത്ഥ്യങ്ങളാണ്. ശാസ്ത്രത്തിന്‍റെ വിജയം മനുഷ്യന്‍റെ വിജയമാണ്, മനുഷ്യന്‍റെ വിജയം ദൈവത്തിന്‍റെ വിജയംതന്നെയാണ്.
………………………………………………..
ചിത്രം: 30 വാർഷികത്തോടനുബന്ധിച്ച് ഹബ്ബ്ൾ ടെലസ്കോപ്പ് അയച്ച ചിത്രം. ക്ഷീരപദത്തിനടുത്ത് നക്ഷത്രങ്ങൾ രൂപം കൊള്ളുന്നയിടം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments