സഭയിൽ നിർവ്വഹിക്കേണ്ട പുരോഹിത ശുശ്രൂഷാ സ്ഥാനങ്ങളില്‍നിന്നെല്ലാം പിന്മാറിയതായി പ്രഖ്യാപിച്ചുകൊണ്ടു താമരശ്ശേരി രൂപതയിലെ വൈദികനായ ഫാ അജി പുതിയാപറമ്പിലിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റു കണ്ടു. ഈ പോസ്റ്റു വായിച്ചപ്പോള്‍ മാര്‍ നെസ്തോറിയസിന്‍റെ അനാഫറയിലെ ഒരു പ്രാര്‍ത്ഥനയാണ് ഓര്‍മ്മവന്നത്.
“പുരോഹിതന്‍ കുനിഞ്ഞുനിന്ന് കരങ്ങള്‍കൂപ്പി ചൊല്ലുന്ന ഒന്നാം പ്രമാണജപം” എന്ന് ചവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു, അതിനു താഴെ ഇപ്രകാരമാണ് വായിക്കുന്നത്:
“നഷ്ടപ്പെട്ടുപോയവരേ കണ്ടെത്തുകയും ചിതറിപ്പോയവരെ ഒരുമിച്ചുകൂട്ടുകയും അകന്നുപോയവരെ അടുപ്പിക്കുകയും വഴിതെറ്റിയവരെ സത്യത്തിന്‍റെ അറിവിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന കര്‍ത്താവേ നിന്നെ ഞാന്‍ സ്തുതിക്കുന്നു. ബലഹീനനായ എന്നെ നിന്‍റെ കൃപയാല്‍ വിളിച്ച് കാരുണ്യത്താല്‍ നിന്‍റെ പക്കലേക്ക് ആനയിക്കുകയും നിന്‍റെ ശ്രേഷ്ഠശരീരമാകുന്ന പരിശുദ്ധ കത്തോലിക്കാ സഭയിലെ സവിശേഷ അംഗമായി നിയമിക്കുകയും ബലിയര്‍പ്പിക്കാന്‍ നിയോഗിക്കുകയും ചെയ്ത കര്‍ത്താവേ നിനക്കു ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ രക്ഷകനായ ഈശോമശിഹായാല്‍ സംപ്രീതനായി സകലമനുഷ്യരുടെയും പാപങ്ങള്‍ മോചിച്ച് അനുരഞ്ജിപ്പിക്കാന്‍ തിരുമനസ്സായ ദൈവമേ, അങ്ങയുടെ പ്രിയപുത്രന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓര്‍മ്മയാചരണമായ സജീവവും പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി അങ്ങയുടെ മുമ്പാകെ ഞാന്‍ അര്‍പ്പിക്കട്ടെ”
പരിശുദ്ധ കത്തോലിക്കാ സഭയിലെ ശുശ്രൂഷാ പൗരോഹിത്യത്തെ സംബന്ധിച്ച് അഞ്ചാം നൂറ്റാണ്ടിലെ താപസനും സഭാപിതാവും കോൺസ്റ്റാൻഡിനോപ്പിൾ പാത്രിയർക്കുമായിരുന്ന മാർ നൊസ്തോറിയസിന്‍റെയും അദ്ദേഹത്തിന്‍റെ സമകാലിക സഭയുടെയും തീഷ്ണ്തയാണ് ഈ അനാഫറയില്‍ പ്രകടമാകുന്നത്. എന്നാല്‍ ഇത്തരം അവബോധങ്ങളൊന്നുമില്ലാതെ, പൗരോഹിത്യത്തെ സംബന്ധിച്ചു കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകളെ പൂര്‍ണ്ണമായി മനസ്സിലാക്കാതെ പൗരോഹിത്യശുശ്രൂഷയില്‍ രണ്ടു പതിറ്റാണ്ടു നിലനിന്ന ഒരു വൈദികന്‍ വളരെ ലളിതമായി ഒരു പട്ടത്വനിഷേധക്കുറിപ്പ് ഫെയ്സ് ബുക്കിലെഴുതിയിട്ട് സ്വയം വിരമിച്ചിരിക്കുന്നു. ഇത് വളരെ ഞെട്ടലുളവാക്കിയ ഒരു വാർത്തയായിരുന്നു.
ബലഹീനനായ ഒരുവനെ വിളിച്ച്, ഈശോമശിഹായുടെ ശ്രേഷ്ഠശരീരമാകുന്ന പരിശുദ്ധ സഭയില്‍ നിയോഗിച്ചിരിക്കുന്നത് പിതാവായ ദൈവമാണെന്ന അവബോധമായിരിക്കണം പുരോഹിതരേ നയിക്കേണ്ടത്. എന്നാൽ ബലിയര്‍പ്പിക്കാന്‍ തന്നെ നിയോഗിച്ചിരിക്കുന്നത് രൂപതയോ മെത്രാനോ ആണെന്ന ധാരണ വച്ചുപുലര്‍ത്തുന്നതിനാല്‍ വേണമെങ്കില്‍ പട്ടത്വംപോലും വലിച്ചെറിഞ്ഞ് സഭാ നേതൃത്വത്തിനെതിരേ അതിരൂക്ഷമായ ആക്ഷേപങ്ങളും വിമര്‍ശനങ്ങളുമുന്നയിക്കാമെന്നും പ്രതികരിക്കാമെന്നുമുള്ള വികലമായ ധാരണ വച്ചുപുലര്‍ത്തുന്ന കുറെ വൈദികരെങ്കിലും ഇന്നുണ്ട്. ഇക്കൂട്ടരില്‍ ഉള്‍പ്പെട്ട ഒരു പട്ടക്കാരനാണ് ഫാദര്‍ അജിയും. സഭാതലവനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കാന്‍ പോലും മടിയില്ലാത്ത ഇത്തരക്കാരുടെ ഊറ്റന്‍ പിന്തുണ ഫാ അജിയുടെ പട്ടത്വനിഷേധക്കുറിനു പിന്നില്‍ ഉണ്ടെന്ന് ഉറപ്പാണ്.
ഫാ അജിയുടെ കുറിപ്പില്‍ പറയുന്ന വരട്ടുവാദങ്ങള്‍ അദ്ദേഹത്തിന്‍റെ മാത്രം കണ്ടെത്തലുകളല്ല, എറണാകുളത്തെ വിമതഗണത്തിലെ പുരോഹിതന്മാരെല്ലാം പൗരോഹിത്യത്തെ ഇപ്രകാരം വികലമായി മനസ്സിലാക്കിയിരിക്കുന്നവരാണ്. സഭാനേതൃത്വത്തെ ധിക്കരിക്കുന്നതിലൂടെ തങ്ങള്‍ മഹത്തായ ഒരു പ്രവാചകദൗത്യമാണ് നിര്‍വ്വഹിക്കുന്നത് എന്ന തെറ്റിദ്ധാരണയാണ് ഇവര്‍ക്കുള്ളത്. താമരശ്ശേരി രൂപതയില്‍നിന്നുള്ള ഫാ അജിക്ക് വിമതസംസര്‍ഗ്ഗം ഉണ്ടായതോടെ തന്‍റെ ഉത്തരവാദിത്വങ്ങള്‍ സഭാനേതൃത്വത്തോടും മെത്രാനോടും മാത്രമാണെന്ന് തോന്നലുണ്ടായി. അതിന്‍റെ ഫലമായി അദ്ദേഹം പട്ടത്വം ഉപേക്ഷിച്ചു, പക്ഷേ പട്ടത്വവസ്ത്രം തുടർന്നും അണിയുമത്രെ! എന്തിനുവേണ്ടി ?
വിമതവിഷബാധയേറ്റ് ദൈവവിളി വിസ്മരിച്ച ഫാ അജിയുടെ ജല്‍പ്പനങ്ങളെയോര്‍ത്ത് ദുഃഖം തോന്നുന്നു.
വഴിതെറ്റിയവരെ സത്യത്തിന്‍റെ അറിവിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കര്‍ത്താവാണ് സഭയുടെ നാഥൻ.
തന്നെ തള്ളിപ്പറഞ്ഞ് പിന്മാറ്റത്തിലേക്കു പോയ പത്രോസിനെ യഥാസ്ഥാനപ്പെടുത്തി തിരുസ്സഭയുടെ താക്കോൽ ഏൽപ്പിക്കാൻ തിരുമനസ്സായ ഈശോ മശിഹായുടെ മാർഗ്ഗമാണ് തിരുസ്സഭ പിന്തുടരുന്നത്. അതിനാൽ പൗരോഹിത്യത്തെക്കുറിച്ച് വികലമായ ധാരണകൾ വച്ചു പുലർത്തി വഴിതെറ്റിപ്പോയ ഈ വൈദികനെയും ശുശ്രൂഷാജീവിതത്തിലേക്കു തിരികെയെത്തിച്ച് യഥാസ്ഥാനപ്പെടുത്താൻ സഭാ നേതൃത്വം തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.