Saturday, July 27, 2024
No menu items!
Homeആനുകാലികംപന്നികളോടു മല്ലടിക്കരുത് !!

പന്നികളോടു മല്ലടിക്കരുത് !!


സോഷ്യല്‍ മീഡിയയുടെ ആവീര്‍ഭാവത്തോടെ മുളച്ചുപൊന്തിയ നൂറുകണക്കിന് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കുകയും അതിലൂടെ ധനസമ്പാദനവുമാണ് ഇവരുടെ ഒരേയൊരു ലക്ഷ്യം. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക, വാര്‍ത്തകള്‍ വളച്ചൊടിച്ച് വസ്തുതാവിരുദ്ധമായി അവതരിപ്പിക്കുക… പത്രപ്രവർത്തനം ലക്ഷ്യം വയ്ക്കാത്ത ഒരു സംസ്കാരമാണ് കേരളത്തിലെ കുറെ മാധ്യമങ്ങൾ പിന്തുടരുന്നത്.

ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ നിന്നും തനിക്കും മറ്റുചിലർക്കും ഉണ്ടായ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ “കളക്ടര്‍ ബ്രോ” എന്ന എന്‍. പ്രശാന്ത് lAS ഇത്തരം നികൃഷ്ടമാധ്യമങ്ങളെക്കുറിച്ച് ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു “സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ അടിച്ചിറക്കിയ ശേഷം മുതലാളിമാരില്‍നിന്ന് വേണ്ട പ്രതിഫലം പറ്റുന്ന ജീര്‍ണലിസ്റ്റുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരേ പേടിച്ചു ജീവിക്കുന്ന ഉദ്യോഗസ്ഥരേയും…. ശക്തികുറഞ്ഞ മൃഗങ്ങളെ ആക്രമിക്കുന്ന ശവംതീനി”കളോടാണ് അദ്ദേഹം ഈ മാമാപ്പണി ചെയ്യുന്ന മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒടുവില്‍ അദ്ദേഹം കുറിക്കുന്നു “പന്നികളുമായി പോരടിക്കരുത്, കാരണം നിങ്ങളുടെ ദേഹവും ചെളിയില്‍ മലീമസമാകും, എന്നാല്‍ ഏറ്റവും വൃത്തികെട്ട പന്നികളെപ്പോലും കൈകാര്യം ചെയ്യാന്‍ ചില വഴികളുണ്ട്….”

മാന്യമായ വാര്‍ത്തകളും സംഭവങ്ങളും കാണുമ്പോള്‍ അതിനെ വളച്ചൊടിച്ച് വൃത്തികേടാക്കി അതില്‍നിന്നും എന്തുനേടാം എന്ന് ചിന്തിച്ചിരിക്കുന്ന കുറെ പന്നിമാധ്യമങ്ങളാണ് കേരളത്തിന്‍റെ ശാപം. ഇവര്‍ സമൂഹത്തിന്‍റെ സ്വൈര്യജീവിതം നശിപ്പിക്കുന്നു. എന്തിനെയും വിവാദമാക്കുക എന്നൊരു അജണ്ട മാത്രം കൊണ്ടുനടക്കുന്ന ഇവര്‍ക്കെതിരേ നിയമസഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കളക്ടര്‍ ബ്രോ പദ്ധതി തയാറാക്കുന്നത്. “പന്നികളോടു മല്ലടിച്ചിട്ട് കാര്യമില്ല, നിങ്ങളുടെ മേല്‍ ചെളി പറ്റുകയേയുള്ളൂ, പന്നി ഇത് ആസ്വദിക്കും” എന്നാണല്ലോ ബര്‍ണാര്‍ഡ് ഷാ പറഞ്ഞിട്ടുള്ളത്. (Never wrestle with a pig. You just get dirty and the pig enjoys it)

കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും പഠനത്തിന് സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന പാലാ രൂപതയുടെ സര്‍ക്കുലര്‍ ഇവര്‍ വളച്ചൊടിച്ച് വികൃതമാക്കിയിരിക്കുന്നു. “എല്ലാ പാലാക്കാരി പെണ്ണുങ്ങളോടും അഞ്ചു പെറണമെന്ന് രൂപത ആവശ്യപ്പെടുന്നു” എന്ന വിധത്തിലാണ് ഇവര്‍ വാര്‍ത്തയെ വളച്ചൊടിച്ചിരിക്കുന്നത്. 2000 -നു ശേഷം വിവാഹിതരായ ദമ്പതികളില്‍, അഞ്ച് കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1,500 രൂപ പ്രതിമാസം സാമ്പത്തിക സഹായം നല്‍കും എന്ന വാര്‍ത്ത ഇന്ന് എപ്രകാരമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നു നോക്കുക. ഇത്രയും വൃത്തികെട്ട പത്രപ്രവര്‍ത്തനം ലോകത്ത് മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന് അറിയില്ല.

കേരളത്തിലെ ചില “ജീര്‍ണലിസ്റ്റുകള്‍” നടത്തുന്ന ശവംതീനി പത്രപ്രവര്‍ത്തനം കാണുമ്പോള്‍ സോറന്‍ കീര്‍ക്കഗര്‍ എന്ന ഡാനിഷ് ചിന്തകന്‍റെ വാക്കുകളാണ് ഓര്‍മവരുന്നത്. തന്‍റെ ജീവിതകാലത്ത പത്രമാധ്യമങ്ങളുമായി നിരന്തരം പോരടിച്ച അദ്ദേഹം ഒരിക്കല്‍ എഴുതി “ഞാനൊരു പിതാവായിരിക്കുകയും എന്‍റെ മകള്‍ വഴിപിഴയ്ക്കുകയും ചെയ്താല്‍ ഞാന്‍ അതില്‍ നിരാശനാകില്ല, ഞാന്‍ അവളുടെ രക്ഷയില്‍ പ്രതീക്ഷയര്‍പ്പിക്കും. എന്നാല്‍ എന്‍റെ മകന്‍ പത്രപ്രവര്‍ത്തകനാകുകയും അതില്‍ തുടരുകുയും ചെയ്താല്‍ ഞാന്‍ അവനെ ഉപേക്ഷിക്കും” കീര്‍ക്കഗര്‍ എത്രയോ ശരിയാണെന്നതിന് മലയാളത്തിലെ ചില മാമാ മാധ്യമങ്ങൾ നല്ല ഉദാഹരണമാണ്. കപ്പിയും കയറും കരയ്ക്കിരിക്കുമ്പോള്‍ കിണറ്റിലിറങ്ങി വെള്ളം കുടിക്കുന്ന ഒരു പൊങ്ങപ്പോഴനാണല്ലോ ഈ ശവംതീനികളുടെ നേതാവ്. ഇതില്‍പരം എന്താണ് ഇവരിൽ നിന്നും പ്രതീക്ഷിക്കുക?

ജനാധിപത്യത്തിന്‍റെ കാവല്‍ നായ്ക്കളാകേണ്ട മാധ്യമങ്ങള്‍ കടിച്ചുകീറുന്ന പട്ടികളാകുന്നു. വ്യക്തിവിരോധം തീര്‍ക്കാന്‍ ഒരു ഓണ്‍ലൈന്‍ തുടങ്ങിയാല്‍ മതി, ആര്‍ക്കും എന്തും ആകാം എന്ന സ്ഥിതി! ചോദിക്കാനും പറയാനും പിന്നെ ആരുമില്ല, ആരെയും പേടിക്കേണ്ട എന്നാണ് ഇവനൊക്കെ ചിന്തിക്കുന്നത്. ക്രൈസ്തവസഭകള്‍ എന്തു പറയുന്നു എന്നറിയാന്‍ കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കുകയാണ് ഇക്കൂട്ടര്‍. സഭാവിരോധികളെന്ന് പരസ്യമായി അറിയപ്പെടുന്നവരോടു മാത്രമേ ഇവര്‍ സഭയെക്കുറിച്ച് അഭിപ്രായം ചോദിക്കുകയുള്ളൂ. ചര്‍ച്ച കൊഴുപ്പിക്കുക, കൂടുതല്‍ ക്ലിക്കുകള്‍ ഉണ്ടാക്കുക, വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു ലക്ഷ്യവുമില്ലാത്ത ഈ ശവംതീനികളെ ക്രൈസ്തവസഭകള്‍ അവഗണിക്കുക.

പട്ടികള്‍ കുരച്ചുകൊണ്ടേയിരിക്കട്ടെ, പന്നികള്‍ മൂക്രയിട്ട് ചെളിയില്‍ ഉരുണ്ടു മറിയട്ടെ, യാത്രക്കാരേ മുന്നോട്ട്, സമയം വിലപ്പെട്ടതാണ്, യാത്രചെയ്യാന്‍ നമുക്കിനിയും ഏറെ ദൂരമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments